Wednesday, 26 January 2022

1423. King Richard (English, 2021)

 

1423. King Richard (English, 2021)

           Streaming on HBO Max

    

     Wow!Wow!Wow! സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഇങ്ങനെ ഒരു വികാരം ആണ് തോന്നിയത്. ടെന്നീസിലെ വിപ്ലവം ആയിരുന്നു വീനസ്- സെറീന വില്യംസ് സഹോദരിമാരുടെ പ്രതാപക്കാലം. വെള്ളക്കാരുടെ മാത്രം കളികളിൽ ഒന്നായിരുന്ന ടെന്നീസ് ലോകത്തിലേക്ക്‌ അവരുടെ കടന്നു വരവും അതിനു ശേഷം അവർ ടെന്നീസ് കളിക്കളത്തിൽ പുലർത്തിയ മേധാവിത്തം. ടെന്നീസ് ചരിത്രത്തിലെ ഇതിഹാസങ്ങൾ ആണ് വില്യംസ് സഹോദരിമാർ.ലോകത്തിലെ മികച്ച ടെന്നീസ് കളിക്കാരികൾ ആയി അവർ മാറാൻ കാരണക്കാരനായ ഒരാൾ ഉണ്ടായിരുന്നു.


  തന്റെ മക്കളുടെ കഴിവിൽ വിശ്വസിക്കുകയും,അവരുടെ ജീവിതം ഗെ5റ്റോയിലെ സാധാരണ പെണ്കുട്ടികളെ പോലെ മയക്കുമരുന്നിലും മറ്റും തീരുകയും ചെയ്യരുത് എന്നുള്ള വാശിയോടെ പൊരുതിയ ഒരു പിതാവ്. വർണ വിവേചനത്തിന്റെ ക്രൂരതകൾ ഏറ്റു വാങ്ങിയ ബാല്യം ഉള്ള ഒരു സാധാരണ ആഫ്രിക്കൻ- അമേരിക്കൻ. എന്നാൽ അയാളുടെ ഉള്ളിൽ ഒരു തീ ഉണ്ടായിരുന്നു, അയാളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു കാര്യങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള തീ. അയാളുടെ പേരാണ് റിച്ചാർഡ് വില്യംസ്.വില്യംസ് സഹോദരിമാരുടെ തുടക്ക കാലത്തു ധാരാളം വിമർശനങ്ങൾ ഏറ്റു വാങ്ങിയ ആളായിരുന്നു. പൊതുവായി ടെന്നീസ് ലോകത്തിൽ അനുവർത്തിച്ചു വരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായി അയാൾക്ക്‌ ഒരു പ്ലാൻ ഉണ്ടായിരുന്നു.ഒരു പക്ഷെ അതിലെ ഭൂരിഭാഗം അല്ലെങ്കിൽ മുഴുവൻ കാര്യങ്ങളും അയാൾ യാഥാർഥ്യമാക്കി മാറ്റുകയും ചെയ്തു.


 ഒരു സ്പോർട്സ് സിനിമ എന്ന നിലയിൽ ഉള്ള ക്ളീഷേ എല്ലാം തന്നെ ഉണ്ട്.പക്ഷെ യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി, മുൻപ് വീഡിയോയിൽ പകർത്തിയത് എല്ലാം സിനിമയിൽ അതേ പോലെ ഷൂട്ട് ചെയ്തു അവതരിപ്പിച്ചിട്ടും ഉണ്ട്. സ്പോർട്സ് സിനിമയിലെ ക്ളീഷേ ആണ് കഥയിലെ മുഖ്യ ടീം/ കളിക്കാരൻ (രി) സിനിമയുടെ അവസാനം വിജയി ആകുന്നത്. ഇവിടെ റിച്ചാർഡ് വില്യമിന്റെ വിജയത്തിന്റെ കഥ ആണ്.അയാൾ നേരിട്ട ആത്മസംഘര്ഷങ്ങൾ, തന്റെ ലക്ഷ്യത്തിനു വേണ്ടി ഉള്ള കാത്തിരുപ്പുകൾ, അതിനു ശേഷമുള്ള ഉചിതമായ തീരുമാനങ്ങൾ, അങ്ങനെ പല ഘടകങ്ങൾ ഉണ്ട് അയാൾ അയാൾ തന്റെ രണ്ട് മക്കളുടെഒപ്പം നടത്തിയ യാത്രയ്ക്ക്.


  സിനിമ വില്യംസ് സഹോദരിമാരുടെ വിജയഗാഥയിലേക്കു അധികം പോകാതെ റിച്ചാർഡ് വില്യംസിലേക്കു പോയത് കൊണ്ടു തന്നെ വില സ്മിത്തിന് മികച്ച ഒരു വേഷം തന്നെ ലഭിച്ചു. ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ പറയാം, ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ പ്രകടനം എന്നു.ഒരു പക്ഷെ എല്ലാവർക്കും പരിചിതമായ കഥ ആയിരുന്നിട് കൂടി, മികച്ച രീതിയിൽ അവതരിപ്പിക്കുക വഴി സിനിമ കൂടുതൽ ആസ്വാദ്യകരമാക്കി മാറ്റുകയും ചെയ്തു.


  ഒരു പ്രേക്ഷകന് എന്ന നിലയിൽ വളരെ സംതൃപ്തി നൽകിയ ചിത്രമാണ് King Richard.  സിനിമയിൽ അദ്ദേഹത്തിനെ കുറിച്ചുള്ള ആരോപണങ്ങൾക്ക് മറ്റൊരു മുഖം നൽകി എന്നാണ് വിമർശകർ പറയുന്നത്.പ്രത്യേകിച്ചും അയൽക്കാരും അയാളുടെ ഗെറ്റോയിലെ ഗ്യാങ്ങുകളും തുടക്ക കാലത്ത് അയാളോടുള്ള എതിർപ്പുകളെ അതി ജീവിക്കുന്ന സീനുകൾ ഒക്കെ അത്തരം ഒരു തോന്നൽ ഉണ്ടാക്കിയേക്കാം. എന്നാൽ അതിന്റെ എല്ലാ അവസാന ഫലം ഒരു വലിയ പ്രതീക്ഷ ആയി മാറി, അതു  പിന്നീട് ചരിത്രമായി മാറി എന്നതാണ് സത്യം.


 മികച്ച ഒരു ബയോ പിക് ആണ് King Richard എന്നാണ് അഭിപ്രായം. തീർച്ചയായും കാണുക. മികച്ച പശ്ചാത്തല സംഗീതം, അഭിനയം, സംഭാഷങ്ങൾ എനിവയെല്ലാം സിനിമയുടെ മികച്ച അഭിപ്രായങ്ങൾക്ക് പിന്നിൽ .


mhviews rating : 4/4

No comments:

Post a Comment