Showing posts with label TURKISH. Show all posts
Showing posts with label TURKISH. Show all posts

Monday, 25 April 2022

1474. Ölümlü Dünya/Mortal World (Turkish, 2018)

 1474. Ölümlü Dünya/Mortal World (Turkish, 2018)

        Action, കോമഡി



മികച്ച ഒരു ഡാർക് - കോമഡി/ ആക്ഷൻ ചിത്രം എന്ന് പറയാം ടർക്കിഷ് ഭാഷയിൽ നിന്നുള്ള Olumlu Dunya എന്ന ചിത്രത്തെ കുറിച്ച്. Mermer കുടുംബം വർഷങ്ങളായി ലോക്കൽ റെസ്റ്റോറൻ്റ് നടത്തുകയാണ്. എന്നാലവർക്ക് പിന്നിൽ ഒരു വലിയ രഹസ്യം ഉണ്ട്. റെസ്റ്റോറൻ്റ്  അവരുടെ രഹസ്യം മറയ്ക്കാൻ ഉള്ള വഴി ആണ് അവർക്ക്.


പതിറ്റാണ്ടുകളായി കാരണവന്മാർ മുതൽ ഒളിപ്പിച്ച വച്ച ഒരു രഹസ്യം.ഒരു ദിവസം അവരുടെ രഹസ്യം പുറം ലോകം അറിയുന്നു. അതോടെ അവരുടെ നില നിൽപ്പ് തന്നെ ഭീഷണിയിൽ ആയി മാറുന്നു.

അതിനു ശേഷം ഉള്ള സംഭവ വികാസങ്ങൾ ആണ് സിനിമ പറയുന്ന കഥ.


  മേൽപ്പറഞ്ഞ രഹസ്യം സിനിമ തുടങ്ങി പത്ത് മിനിറ്റിൽ പ്രേക്ഷകന് മനസ്സിലാകും എന്നത് കൊണ്ട് തന്നെ വലിയ ഒരു സസ്പെൻസ് ആ കാര്യത്തിൽ ചിത്രത്തിൽ ഇല്ല. എന്നാലത് കഴിഞ്ഞതിനു ശേഷം ഇല്ല സംഭവങ്ങൾ ഇടയ്ക്ക് ചിരിപ്പിക്കും, കഥാപാത്രങ്ങളുടെ നുറുങ്ങു തമാശകൾ ഒക്കെയായി ചിത്രം നല്ല രസമായി അവതരിപ്പിച്ചിട്ടുണ്ട്.


 ഒരു കുടുംബവും അതിലെ അംഗങ്ങളും ആണ് കഥാപാത്രങ്ങൾ ആയി വരുന്നത് കൊണ്ട് തന്നെ അവർ തമ്മിൽ ഉള്ള ബന്ധം എല്ലാം രസകരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് ചിത്രത്തിൽ. നല്ല സ്റ്റൈലിഷ് അവതരണം കൂടി ആകുമ്പോൾ ഒരു fast-paced സിനിമ എന്ന നിലയിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന ചിത്രമാണ് Olumlu Dunya. മികച്ച അഭിപ്രായങ്ങൾ ആണ് പ്രേക്ഷകരുടെ ഇടയിൽ സിനിമ റിലീസ് സമയം ഉണ്ടായത്.


 End credits സമയം വന്ന Rasputin പാട്ടും സീനുകളും നല്ല sync ആയിരുന്നു.ചിത്രത്തിൻ്റെ മൂഡിന് പറ്റിയ പാട്ട്. നല്ല രീതിയിൽ തൃപ്തി നൽകി ചിത്രം അവസാനിക്കുമ്പോൾ. മൊത്തത്തിൽ നല്ലൊരു  ആക്ഷൻ/കോമഡി ത്രില്ലർ ചിത്രമാണ്  Olumlu Dunya. കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക.



@mhviews rating: 3.5/4


Download Link: t.me/mhviews1


കൂടുതൽ സിനിമ സജഷനുകൾ, download link എന്നിവയ്ക്ക് www.movieholicviews.blogspot.com സന്ദർശിക്കുക.


  

Wednesday, 27 September 2017

773.SARMASIK(TURKISH,2015)

773.SARMASIK(TURKISH,2015),|Fantasy|Thriller|,Dir:-Tolga Karaçelik,*ing:-Nadir Saribacak, Hakan Karsak, Kadir Çermik

ഭയം-ഏകാന്തത...പരസ്പര പൂരകമായ രണ്ടു വാക്കുകൾ.ഏകാന്തതയിൽ നിന്നും ഉടലെടുക്കുന്ന ഭയം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് അവന്റെ ഉള്ളിലെ ഭയാനകമായ ഒരു വശം തുറന്ന് കൊണ്ടായിരിക്കും.സിനിമ എന്ന മാധ്യമത്തിൽ വളരെയധികം ഉപയോഗിച്ചിട്ടുള്ള ഒരു പ്രമേയം ആകുമിത്.പ്രേക്ഷകൻ ഒരു പക്ഷെ സ്‌ക്രീനിൽ കാണുന്ന കഥാപാത്രങ്ങളെ തനിക്കു പകരം സങ്കല്പിക്കുന്ന ഭാഗം ഓർത്തു നോക്കുമ്പോൾ അവനും ആ സിനിമയുടെ ഭാഗം ആയി തീരുന്നു.പലപ്പോഴും തീക്ഷണമായ കഥാഗതിയിൽ പ്രേക്ഷകന്റെ കൂടി പങ്കാളിത്തം ചിത്രത്തിന് നൽകുന്നത് അതിന്റെ പരിപൂർണത ആണ്.

   അപസർപ്പക കഥകൾ,സിനിമകൾ എന്നിവയെല്ലാം കാഴ്ചയിലൂടെയും വാക്കുകളിലൂടെയും അനുവാചക ഹൃദയത്തിലേക്ക് എത്തി ചേരാൻ ആ സാഹചര്യങ്ങളിലേക്കു പ്രേക്ഷകന് സ്വയം എത്തിച്ചേരേണ്ടത് ആണ്.അത്തരത്തിൽ ഒരു ചിത്രമാണ് ടർക്കിഷ് ഭാഷ സംസാരിക്കുന്ന Sarmasik.
ഒരു ചരക്കു കപ്പലിൽ അകപ്പെട്ടു പോകുന്ന ക്യാപ്റ്റൻ ഉൾപ്പടെ ഉള്ള 6 പേരുടെ മാനസിക സംഘര്ഷങ്ങളിലൂടെ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.സാധാരണ രീതിയിൽ യാത്ര  ചെയ്തിരുന്ന  ആ കപ്പലിന്റെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നതായിരുന്നു അവരോടു ഉടൻ തന്നെ നങ്കൂരം ഇടാൻ ഉള്ള നിര്‍ദേശം ലഭിക്കുന്നു. കപ്പലിന്‍റെ ഉടമസ്ഥൻ അടച്ചു തീർക്കാൻ ഉള്ള കുടിശ്ശികയ്ക്ക് പകരമായി കപ്പൽ ഏറ്റെടുക്കാൻ ഉള്ള തീരുമാനം ഉണ്ടാകുന്നു.എത്ര ദിവസം അവർ അങ്ങനെ ജീവിക്കേണ്ടി വരും എന്നുള്ള വിവരവും ഇല്ല.ഏതാനും മാസങ്ങളായി മുടങ്ങിയ ശമ്പള കുടിശിക പലരുടെയും കുടുംബത്തിന്റെ താളം തെറ്റിച്ചിരുന്നു.

     ഇത്തരം അവസ്ഥകളിൽ കപ്പലിൽ ഉണ്ടായിരിക്കേണ്ട ആവശ്യമുള്ള 6 ആളുകളെ തിരഞ്ഞെടുക്കുന്നു.ചിലർക്ക് സ്വന്തം നാട്ടിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യം ഉള്ളവർ ആയിരുന്നു.മറ്റുള്ളവർ എന്നെങ്കിലും ശമ്പളം മൊത്തമായി കിട്ടും എന്ന് പ്രതീക്ഷ ഉള്ളവരും.എന്നാല്‍  തുടക്കം തന്നെ ക്യാപ്റ്റൻ മറ്റുള്ളവരിൽ അനാവശ്യമായ സംശയം അധികാരത്തിന്റെയും വിശ്വസ്തതയുടെയും മുഖമൂടി അണിയിച്ചു നൽകിയിരുന്നു.കാരണം മറ്റൊന്നുമല്ല.അധികാരം,നിയന്ത്രണം എന്നിവയുടെ കടിഞ്ഞാണ്‍ സ്വന്തം കയ്യില്‍ നിന്നും പോകാത്ഹിരിക്കാന്‍ ഉള്ള പഴയക്കാല തന്ത്രം.

   ആദ്യ ദിവസങ്ങൾ വലിയ കുഴപ്പമില്ലാതെ,അധികം ജോലികൾ ഇല്ലാതെ പോയെങ്കിലും കടലിൽ 6 പേരും മാത്രമായുള്ള വലിയ ഒരു കപ്പലിലെ ജീവിതം പലതും മാറ്റി മറിച്ചു.പരസ്പരം ഉള്ള ശത്രുത,വിശ്വാസമില്ലായ്മ,അധികാരം പ്രാവർത്തികം ആക്കാൻ ഉള്ള ശ്രമങ്ങളിൽ നിന്നും ഉടലെടുക്കുന്ന സംഘർഷങ്ങൾ എന്നിവ അവരുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുന്നു.ഒരു സന്ദര്‍ഭത്തില്‍ തങ്ങളുടെ കാത്തിരുപ്പ് തന്നെ നഷ്ടക്കണക്കു ആണോ എന്ന് വരെ അവര്‍ ആലോചിച്ചു തുടങ്ങി.കപ്പലിലെ ഭക്ഷണം ഏകദേശം തീരാറായി.

  പുറം ലോകവുമായി ഉള്ള ആശയവിനിമയത്തിൽ നിന്നും ഉടലെടുക്കുന്ന സംശയങ്ങൾ കപ്പലിലെ ജീവിതം കൂടുതൽ ദുർഘടമാക്കി.അനാഥമായി മാറിയ  ആ കപ്പലിൽ എന്തു സംഭവിച്ചൂ എന്നതാണ് ബാക്കി ഉള്ള ചിത്രം അവതരിപ്പിക്കുന്നത്.നേരത്തെ പരമാർശിച്ച ഭയം തന്നെയാണ് ഇവിടെയും പ്രമേയം.അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയം ആയ ഈ ടർക്കിഷ് ചിത്രം വളരെ വിശാലമായ ലോകത്തു നിന്നുള്ള മനുഷ്യരുടെ സങ്കുചിതമായ മാനസികാവസ്ഥ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

  ചിത്രം അവതരിപ്പിക്കുന്ന രാഷ്ട്രീയം പ്രസക്തമാണ്.തുർക്കിയിലെ രാഷ്ട്രീയം,കുര്ദുകളെ കുറിച്ചുള്ള പരാമർശം എന്നിവ ഉദാഹരണങ്ങൾ.ചിത്രത്തിന്റെ അവസാനം പ്രേക്ഷകനിൽ ഉളവാക്കുന്ന ഭയം ,രക്തത്തിൽ നിന്നും പിറവിയെടുക്കുന്ന പുതുനാമ്പുകൾ പ്രതീക്ഷയുടെ അല്ലാത്തത്  ആണെങ്കിള്‍ പോലും ആ സമയത്തെ ആളുകളുടെ മാനസികാവസ്ഥയിൽ ഉള്ള ഫാന്റസി കലർന്ന ചിന്തകൾ മാത്രമായും മാറാം.എന്നാലും ആ കാഴ്ചകൾ നമ്മെ ഭയപ്പെടുത്തും.

More movie suggestions @www.movieholicviews.blogspot.ca

Wednesday, 2 September 2015

487.ITIRAZIM VAR(TURKISH,2014)

487.ITIRAZIM VAR(TURKISH,2014),|Mystery|Thriller|Crime|,Dir:-Onur Ünlü,*ing:-Serkan Keskin, Hazal Kaya, Öner Erkan .

  ഈ ചിത്രത്തിന്‍റെ Synopsis ആദ്യമായി വായിച്ചപ്പോള്‍ കണ്ടത് "പള്ളിയിലെ ഇമാം കേസ് അന്വേഷിക്കുന്ന കഥ എന്നതായിരുന്നു".ടര്‍ക്കിയില്‍ പോലീസിനു സമാനമായ സ്ഥാനം കേസ് അന്വേഷണത്തില്‍ പള്ളിയിലെ ഇമാമിന് ഉണ്ടോ എന്ന് ആദ്യം ഇത് വായിച്ചപ്പോള്‍ ചിന്തിച്ചു.എന്നാല്‍ പള്ളിയിലെ ഇമാം ഒരു കേസിന്‍റെ ഭാഗമായി മാറുന്നത് എങ്ങനെയാണ് എന്നത് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന് പിന്നീട് മനസ്സിലായി.ടര്‍ക്കിഷ് സിനിമകള്‍ കൂടുതലും ഡ്രാമ.കോമഡി ചിത്രങ്ങള്‍ ആണ്.എന്നാല്‍ ഇടയ്ക്ക് വിരളമായി റിലീസ് ആകുന്ന ക്രൈം.മിസ്റ്ററി ചിത്രങ്ങള്‍ക്ക് അവരുടേതായ ഒരു വ്യക്തിത്വവും നിലവാരവും സൂക്ഷിക്കുന്നും ഉണ്ട്.Av Mevsimi പോലെ ഉള്ള ചിത്രങ്ങളൊക്കെ ടര്‍ക്കിഷ് രീതിയില്‍ അവതരിപ്പിച്ച ക്രൈം ത്രില്ലറുകള്‍ ആയിരുന്നു.(http://movieholicviews.blogspot.in/2015/01/270av-mevsimiturkish2010.html)

   ഈ ചിത്രം ആരംഭിക്കുന്നത് ഒരു കൊലപാതകത്തിലൂടെ ആണ്. മാര്‍ക്കറ്റിന്റെ അടുത്തുള്ള ഒരു ചെറിയ പള്ളി.നിസ്ക്കാരം നടക്കുമ്പോള്‍ ആണ് അവര്‍ ആ വെടി ശബ്ദം കേള്‍ക്കുന്നത്.തിരിഞ്ഞു നോക്കിയാ ഇമാം സല്‍മാന്‍ ബുലുറ്റ്‌ കണ്ടത് അയാളുടെ പുറകില്‍ നിന്ന സാലിഹ് എന്നയാള്‍ ആണ് വെടിയേറ്റ്‌ വീണത്‌.രണ്ടു പ്രാവശ്യം വെടിയേറ്റ അയാള്‍ അവിടെ തന്നെ വീണു മരിക്കുന്നു.പോലീസ് അന്വേഷണം തുടങ്ങുന്നു.മരിച്ച സാലിഹ് അവിടെ അടുത്തുള്ള ഒരു ഹാര്‍ഡ്‌വെയര്‍ കട നടത്തുന്നു എന്ന അറിവ് മാത്രമേ ഇമാമിന് തുടക്കത്തില്‍  ഉണ്ടായിരുന്നുള്ളൂ.പോലീസ് അന്വേഷണം ആരംഭിക്കുന്നു.

  പോലീസ് സല്‍മാനെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ക്ക്‌ അറിയാവുന്ന കാര്യങ്ങളുടെ കൂട്ടത്തില്‍ സാലിഹ് നല്ല മനുഷ്യന്‍ ആണെന്ന് പറയുമ്പോള്‍ ആണ് പോലീസ് അയാളോട് ആദ്യമായാണ്‌ കൊല്ലപ്പെട്ട ആള്‍ നല്ലവന്‍ ആണെന്ന് ഒരാള്‍ പറയുന്നതെന്ന് പറയുന്നു.സല്‍മാന്‍ പിന്നീട് അറിഞ്ഞ സാലിഹ് എന്ന മനുഷ്യനെ കുറിച്ചുള്ള കഥകള്‍ എല്ലാം അയാളുടെ വിശ്വാസത്തിനും അപ്പുറം ആയിരുന്നു.ഇതിന്‍റെ ഇടയ്ക്ക് ആണ് അപ്രതീക്ഷിതം ആയ വഴി തിരിവ് ഉണ്ടാകുന്നത്.ഇമാം കൊലപാതകത്തിലെ മുഖ്യ പ്രതികളില്‍ ഒരാളാണെന്ന് പോലീസിനു കരുതാനുള്ള തെളിവുകള്‍ ലഭിക്കുന്നത്.ചെറുപ്പത്തില്‍ ബോക്സര്‍ ആയും പിന്നീട് പട്ടാളക്കാരനും ആയി മാറിയ വൈവിധ്യമേറിയ കരിയര്‍ ഉള്ള ആ ഇമാം പിന്നീട് നല്ലതും ചീത്തയും തമ്മില്‍ വേര്‍തിരിച്ചു എടുക്കാന്‍ ഉള്ള ശ്രമം ആണ് ഷെര്‍ലോക്ക് ഹോംസിന്റെ അന്വേഷണ രീതിയില്‍ നടത്തുന്നത്.കേസില്‍ നിന്നും സ്വയം രക്ഷപ്പെടുകയും അതിനോടൊപ്പം ശരിക്കും ഉള്ള കുറ്റവാളിയെ കണ്ടെത്താന്‍ ബുദ്ധിമാനായ  സല്‍മാന്‍ ശ്രമിക്കുന്നു.ആരാണ് സാലിഹ് എന്ന കച്ചവടക്കാരനെ കൊല്ലപ്പെടുത്തിയത്?എന്തായിരുന്നു അതിന്‍റെ കാരണം?ഇതാണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.ഇത്തരം ഒരു കുറ്റാന്വേഷണ ത്രില്ലറില്‍ വേണ്ട എല്ലാ ചേരുവകകളും ഉള്‍പ്പെടുത്തിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടം ആകും ഈ ടര്‍ക്കിഷ് ചിത്രവും.


More movie suggestions @www.movieholicvies.blogspot.com

Saturday, 1 August 2015

445.VAVIEN(TURKISH,2009)

445.VAVIEN(TURKISH,2009),|Comedy|Drama|,Dir:-Durul Taylan, Yagmur Taylan,*ing:-Engin Günaydin, Binnur Kaya, Settar Tanriögen .

  ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടില്‍  ഒരു  സ്വിച്ചിന്റെ അതേ പ്രവൃത്തി ചെയ്യുന്ന മറ്റൊരു  സ്ഥലത്ത് ഘടിപ്പിച്ച  സ്വിച്ചിനാണ് ടര്‍ക്കിഷ് ഭാഷയില്‍ വാവിയെന്‍ എന്ന് പറയുന്നത്.ഈ ചിത്രത്തില്‍ ഈ പേരിനു നല്ല പ്രാധാന്യം  ഉണ്ട്.വിവാഹം കഴിഞ്ഞു ഭാര്യയും കുട്ടിയും ആയി കഴിയുന്ന ഒരാള്‍ മറ്റൊരു  സ്ത്രീയില്‍  അനുരക്തന്‍ ആകുമ്പോള്‍ അയാളുടെ സ്നേഹം എന്ന വികാരം ഏറ്റു വാങ്ങാന്‍ തയ്യാറായ  ഒരു സ്ത്രീ ഉണ്ടെങ്കിലും അത് കാണാതെ പോകുന്ന ജലാല്‍ എന്ന മധ്യ വയസ്ക്കന്‍ ആണ് സിനിമയിലെ മുഖ്യ കഥാപാത്രം.അങ്ങനെ  ഒരു  സെക്കണ്ടറി  സ്വിച്ച് ആകാന്‍ വിധിക്കപ്പെട്ടവള്‍ ആയിരുന്നു സെവിലേ.

  സെവിലെയുടെ വേരുകള്‍ ജര്‍മനിയില്‍ ആയിരുന്നു.അവരുടെ പിതാവ് മാസം യൂറോ അയച്ചു കൊടുക്കുമായിരുന്നു ജലാല്‍ അറിയാതെ.ജലാലിന്റെ ആഡംബര  ജീവിതം അയാളെ കടക്കാരന്‍ ആക്കുന്നു.പട്ടണത്തില്‍ ഇലക്ട്രിക്കല്‍ നടത്തുന്ന ജലാലിനും പാര്ട്ട്നര്‍ക്കും എന്നാല്‍ നഷ്ടം ആയിരുന്നു കച്ചവടം.ഒരു സ്ക്കൂളിലെ വലിയ ഇലക്ട്രിക്കല്‍ പ്രോജക്റ്റ് കിട്ടിയിട്ടുണ്ടെന്ന് എല്ലാരേയും പറഞ്ഞു വിശ്വസിപ്പിച്ച  അവര്‍ ജോലിയില്‍ തങ്ങള്‍ പ്രഗല്‍ഭര്‍ ആണെന്ന് നാട്ടുകാരുടെ മുന്നില്‍ കാണിക്കാനും വാരാന്ത്യത്തില്‍ ജീവിതം ആഘോഷിക്കാനും ഒക്കെ പോകുന്നു.

  ജലാലിനു സേവിലയുടെ പണത്തെ കുറിച്ച് അറിവുണ്ടായിരുന്നു.അയാള്‍ ഭാര്യ അറിയാതെ അവര്‍ അത് ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്ഥലത്ത് നിന്നും ചെറുതായി മോഷണം നടത്താറും ഉണ്ട്.എന്നാല്‍ ഒരു ദിവസം അയാള്‍ക്ക്‌  പണത്തിന്റെ ആവശ്യം കൂടി വന്നു.അയാള്‍ ഭാര്യയുടെ പണം മൊത്തം സ്വന്തം ആക്കാന്‍ തീരുമാനിച്ചു.അതിനായി അയാള്‍ തന്ത്രങ്ങള്‍ മെനയുന്നു.ആദ്യ കുറച്ചു രംഗങ്ങള്‍ സാധാരണ കുടുംബ ചിത്രം പോലെ പോയെങ്കിലും "ചിലരുടെ ഭാഗ്യം ചില ദിവസങ്ങളില്‍ കൂടുതലായിരിക്കും എന്നും തെറ്റ് തിരുത്താന്‍  ഒരു അവസരം കിട്ടിയാല്‍ എന്ത് ചെയ്യണം " എന്നും  ഉള്ള ചിന്തകള്‍ അവശേഷിപ്പിച്ചും അവസാനിക്കുന്നു.ഒരു കൊച്ചു നല്ല ചിത്രം ആണ് Vavien.

 More movie suggestions @www.movieholicviews.blogspot.com

Friday, 9 January 2015

270.Av MEVSIMI(TURKISH,2010)

270.Av MEVSIMI(TURKISH,2010),|Mystery|Thriller|Crime|,Dir:-Yavuz Turgul,*ing:-Sener Sen, Cem Yilmaz, Çetin Tekindor.

  നദിക്കരയില്‍ നിന്നും കിട്ടിയ ഒരു കൈ കാരണം ഇത് വരെയുള്ള ജീവിതത്തില്‍ നിന്നും  മാറ്റങ്ങള്‍ സംഭവിച്ച  ഹോമിസൈഡ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മൂന്നു അന്വേഷണ  ഉദ്യോഗസ്ഥന്മാരുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ശരീരത്തില്‍ നിന്നും കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റപ്പെട്ട രീതിയില്‍ കാണപ്പെട്ട ആ കൈക്ക് പറയാന്‍ കഥ ഏറെ ഉണ്ടായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കുറവ് കാരണം പുതുതായി ജോലിക്ക് ചേര്‍ന്ന ഹസനെയും കൂട്ടിയാണ് ഫെര്‍മാന്‍,ഇദ്രീസ് എന്നീ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ അന്വേഷണം ആരംഭിച്ചത്.

  ആദ്യ കാഴ്ചയില്‍ തന്നെ കൊലപാതകം ആണെന്ന് മനസ്സിലായ കേസില്‍ പ്രത്യേകിച്ച് തുമ്പ് ഒന്നും അവര്‍ക്ക് ലഭിക്കുന്നില്ല.വിരലുകള്‍ക്കിടയില്‍ കാണപ്പെട്ട ആരുടെയോ തൊലി മാത്രം ആണ് അവര്‍ക്ക് നേര്‍ വഴി കാണിക്കാന്‍ ആകെ മൊത്തം ഉണ്ടായിരുന്നത്.എന്നാല്‍ കേസ് അന്വേഷണത്തില്‍ അതൊരു മുഖ്യ ഘടകം ആയി വരുന്നും ഇല്ല.മുന്നോട്ടുള്ള പരിശോധനയില്‍  മരിച്ച ആള്‍ പതിനാറു വയസു പ്രായം ഉള്ള ഒരു പെണ്‍ക്കുട്ടി ആണെന്ന് മനസിലാക്കുന്നു.അവസാനം അവര്‍ അവളെ കണ്ടെത്തി.മയക്കു മരുന്ന് കേസില്‍ കുറച്ചു ദിവസം മുന്‍പ് അറസ്റ്റില്‍ ആകുകയും പിന്നീട് തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തിരുന്നു അവളെ.അന്വേഷണം നേരെ എത്തി നില്‍ക്കുന്നത് അവളുടെ കാമുകന്‍ ആണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന യുവാവില്‍ ആണ്.എന്നാല്‍ കണ്മുന്നില്‍ ഉള്ള കാഴ്ചകള്‍ പോലും ചതിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് എ കാഴ്ചകളെ മറ്റൊരു രീതിയില്‍ കാണണം എന്ന് പുതുതായി ജോലിക്ക് ചേരുന്നവരെ പഠിപ്പിക്കുന്ന ഫെര്‍മാനും അദ്ദേഹത്തിന്റെ ആശയങ്ങളെ ബഹുമാനിക്കുന്ന ചൂടനായ ഇദ്രിസും ശാസ്ത്രീയമായി മൌന്ശ്യരെ കുറിച്ച് പഠിക്കുന്ന Anthropology യില്‍ ഗവേഷണം നടത്തുന്ന ഹസനും കൂടുതല്‍ അന്വേഷനതിലേക്ക് പോകുന്നു.പരമ്പര കൊലയാളികള്‍ എന്ത് കൊണ്ട് ടര്‍ക്കിയില്‍ ഇല്ല എന്നതായിരുന്നു ഹസന്‍റെ പഠനവിഷയം.അതിനുള്ള ഉത്തരം തേടി ഹസനും തങ്ങളെ കുഴപ്പിക്കുന്ന കേസുമായി ഫെര്‍മാന്‍ ,ഇദ്രീസ് എന്നിവരും മുന്നോട്ടു പോകുന്നു.

  നദിക്കരയില്‍ കാണപ്പെട്ടത് ആരുടെ കൈ ആയിരുന്നു?എന്തിനാണവള്‍ കൊല്ലപ്പെട്ടത്?കൂടുതല്‍ അറിയാന്‍ ഈ ചിത്രം കാണുക.നേര്‍ക്കാഴ്ച്ചകളെ പിന്തള്ളി തെളിവുകള്‍ക്കായി അലയുമ്പോള്‍ ജീവിതത്തില്‍ പലതും സംഭവിക്കാം.അത്തരം ഒരു അവസ്ഥയും മികച്ച രീതിയില്‍ ഉള്ള കുറ്റാന്വേഷണവും കേസിനെ നേരിടുന്ന കാഴ്ചപ്പാടും ഒക്കെ ഈ ചിത്രത്തെ ഒരു മികച്ച ക്രൈം ത്രില്ലര്‍ ആക്കുന്നു.തീര്‍ച്ചയായും ത്രില്ലര്‍ സിനിമ പ്രേമികള്‍ കണ്ടിരിക്കേണ്ട ചിത്രം ആണ് Av Mevsimi എന്ന ഈ ടര്‍ക്കിഷ് ചിത്രം.ടര്‍ക്കിഷ് ബോക്സോഫീസില്‍ മികച്ച വിജയം നേടിയതാണ് ഈ ചിത്രം.

More reviews @www.movieholicviews.blogspot.com

1995. Drop ( English, 2025)