Tuesday, 5 January 2016

577.ONE FLEW OVER THE CUCKOO's NEST(ENGLISH,1975)

577.ONE FLEW OVER THE CUCKOO's NEST(ENGLISH,1975),|Drama|,Dir:-Milos Forman,*ing:-Jack Nicholson, Louise Fletcher, Michael Berryman.

   "താളവട്ടം" എന്ന സിനിമ  മലയാളികള്‍ക്ക് അത്ര  എളുപ്പം മറക്കാന്‍ സാധിക്കുന്ന ഒന്നല്ല.പ്രത്യേകിച്ചും മോഹന്‍ലാല്‍ എന്ന നടന്‍റെ മികച്ച അഭിനയം.പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഒരുക്കാലത്ത്‌ ഇംഗ്ലീഷ് സിനിമകളുടെ മലയാളം പതിപ്പ് സ്വന്തമായ ഒരു ടീമിനെ കൊണ്ട് മലയാളത്തില്‍ അവതരിപ്പിച്ചപ്പോള്‍ "കോപ്പി" എന്ന വാക്ക് ഉപയോഗിച്ച് തള്ളിക്കളയാന്‍ കഴിയാത്ത രീതിയില്‍ മലയാള സിനിമയുടെ അവിസ്മരണീയ സിനിമകളുടെ കൂട്ടത്തില്‍ ഇടം പിടിച്ചിരുന്നു.താളവട്ടം പ്രചോദനം കൊണ്ടത്‌ "One Flew Over The Cuckoo's Nest"ല്‍ നിന്നുമായിരുന്നു.ഹോളിവുഡ് സിനിമകള്‍ ഭൂരിപക്ഷം  മലയാളികള്‍ക്ക് അപ്രാപ്യം ആയിരുന്ന കാലത്ത് ഇറങ്ങിയത്‌ കൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ അധികം നേരിടേണ്ടിയും വന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

   ഇനി ജാക്ക് നിക്കോല്‍സന്റെ ഒറിജിനലിലേക്ക്.താളവട്ടത്തില്‍ കണ്ട അതെ സാഹചര്യം തന്നെ ആണ് ഈ ചിത്രത്തിലും.ഒരു മാനസികാരോഗ്യ കേന്ദ്രവും അവിടത്തെ അന്തേവാസികളും.മക് മര്‍ഫി അവിടെ പ്രവേശിക്കപ്പെടുന്നത് അയാള്‍  ചെയ്ത കുറ്റകൃത്യങ്ങളുടെ പേരില്‍ ആയിരുന്നു.കുറ്റവാളി ആയിരുന്നെങ്കിലും അയാളുടെ മാനസിക നില തൃപ്തികരം ആണോ എന്നറിയാന്‍ ഉള്ള അന്വേഷണം ആണ് അധികൃതര്‍  അയാളെ അവിടെ പ്രവേശിപ്പിക്കുന്നത്.മരുന്നുകളും പട്ടാള ചിട്ടയും ആയി പ്രവര്‍ത്തിക്കുന്ന  മാനസികാരോഗ്യ കേന്ദ്രത്തില്‍ പല തരത്തില്‍ ഉള്ള രോഗികളെ കാണാന്‍ സാധിക്കും.ചിലരെങ്കിലും സ്വന്തം താല്‍പ്പര്യപ്രകാരം ആണ് അവിടെ എത്തുന്നത്‌.മക്  മര്‍ഫി എന്നാല്‍ അവിടത്തെ വ്യവസ്ഥിതിയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു.ഒരു പക്ഷെ അയാളുടെ രീതികള്‍ ആയിരുന്നു അവിടത്തെ ഹെഡ് നഴ്സ് ആയ രാച്ചടിന്റെ മരുന്നുകളെക്കാളും  രോഹികള്‍ക്ക് ആശ്വാസം ആയതു മക്  മര്‍ഫി കുറ്റവാളി ആകാം,മാനസിക രോഗി ആകാം.എന്നാല്‍ അയാള്‍ അവിടെ ഒരു പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നു.ജീവിതത്തിലെ ആഗ്രഹങ്ങള്‍ എല്ലാം അവസനിച്ചവര്‍ക്ക് അയാള്‍ പുതിയ പ്രതീക്ഷ ആകുന്നു.മക്  മര്‍ഫി എന്ന കഥാപാത്രം തന്നെ തികച്ചും ദുരൂഹം ആയിരുന്നു.അയാള്‍ക്ക്‌ ശരിക്കും മാനസികമായ പ്രശ്നം ഉണ്ടോ എന്ന് ഇടയ്ക്കിടെ സംശയിക്കും.പ്രത്യേകിച്ചും അയാള്‍ ചീഫിനും,ബില്ലിക്കും ഒക്കെ ജീവിതത്തില്‍ നല്‍കിയ പ്രതീക്ഷകള്‍.എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം ആണ് ചീഫ്.വലിയ ശരീരവും നല്ലൊരു മനസ്സും ഉള്ള അയാള്‍ സ്വാതന്ത്ര്യ ജീവിതം ആഗ്രഹിച്ചിരുന്നില്ല എന്ന് പോലും തോന്നും.

   എന്നാല്‍ വിധി അവര്‍ക്കായി കരുതി വച്ചിരുന്നത് വേറെ ആയിരുന്നു.ചിത്രത്തിന്‍റെ ക്ലൈമാക്സ് ഒക്കെ പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും മക്  മര്ഫിക്ക്  സംഭവിച്ചത് അയാള്‍ അര്‍ഹിച്ചിരുന്നത് അല്ല എന്ന് തോന്നി പോകുന്നത് സ്വാഭാവികം.അത്രയ്ക്കും അയാള്‍ മനസ്സില്‍ തങ്ങി നില്‍ക്കും.ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളുടെ  ചരിത്രത്തില്‍ "It Happened One Night" (1934) നു ശേഷം മുഖ്യ അഞ്ചു വിഭാഗത്തില്‍ പുരസ്ക്കാരം നേടുന്ന ചിത്രമായി മാറി. Best Picture, Actor in Lead Role, Actress in Lead Role, Director, Screenplay  എന്നീ  വിഭാഗങ്ങള്‍ ആണ് ഒമ്പത് വിഭാഗങ്ങളില്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം നേടിയത്."കെന്‍ കേസ്സെ"  എഴുതിയ നോവലിനെ ആസ്പദം  ആക്കിയാണ് ചിത്രം നിര്‍മ്മിച്ചത്‌.അമേരിക്കന്‍ സിനിമ ചരിത്രത്തിലെ തന്നെ മികച്ച സിനിമകളുടെ കൂട്ടത്തില്‍ ആണ് ഈ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment