Thursday 15 February 2018

845.LIMITLESS(ENGLISH,2011)



"Limitless' ബുദ്ധിയുടെ അതിരുകള്‍ ഭേദിച്ച എഡിയുടെ കഥ.

  IQ (Intelligence Quotient)-മനുഷ്യ ബുദ്ധിയുടെ അളവ് പരിശോധിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം.മനുഷ്യരില്‍ അത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വ്യത്യസ്തപ്പെട്ടിരിക്കും.പല പ്രവൃത്തികളിലും ഉള്ള മികവിന്റെ വ്യതിയാനത്തിന് കാരണ ഹേതു ഇത്തരം ഒരു കഴിവിന്റെ വ്യത്യാസം ആയിരുന്നിരിക്കണം.എന്തായാലും പല പരീക്ഷകളിലും IQ പരീക്ഷിക്കാന്‍ ഉള്ള മാര്‍ഗത്തില്‍ രൂപപ്പെടുത്തിയ ചോദ്യങ്ങള്‍ കാണാന്‍ സാധിക്കും.ഒരു കാര്യത്തെ കുറിച്ച് തന്നെ വ്യത്യസ്ത രീതിയില്‍ ഉള്ള അവലോകനം നടത്താന്‍ കഴിയുന്നതും ഇത്തരം ഒന്നിന്റെ ഏറ്റ കുറച്ചിലുകള്‍ കാരണം ആയിരിക്കും.

4 അക്കങ്ങളില്‍ ഉള്ള IQ ഏതൊരാളെയും മോഹിപ്പിക്കുന്ന ഒന്നാണ്.സാധാരണ രീതിയില്‍ എത്തി ചേരാന്‍ ബുദ്ധിമുട്ടുള്ള അസാമാന്യ ബുദ്ധിപാടവം നേടാന്‍ ഒരു മരുന്നിനു കഴിഞ്ഞാലോ?എഡി മൊറ (Bradley Cooper) നു പഴയ ഒരു പരിചയക്കാരനില്‍ നിന്നും FDA അപ്രൂവ് ചെയ്ത ഗുളിക ആണെന്നും പറഞ്ഞു NZT-48 ലഭിക്കുന്നു.തന്റെ പുസ്തകത്തിന്റെ പണിപ്പുരയില്‍ ആയിരുന്ന എഡി ,എന്നാല്‍ തനിക്കു നേരിടേണ്ടി വന്ന Writer's Block കാരണം ആകെ നിരാശന്‍ ആയിരുന്നു.എന്നാല്‍ NZT-48 കഴിക്കുന്നതോടെ അയാള്‍ക്ക്‌ ലഭ്യം ആകുന്നതു സ്വപ്നതുല്യം ആയ ഒരു ജീവിതം ആയിരുന്നു.



   പണ്ട് വെറുതെ വായിച്ചും അറിഞ്ഞും പോയത് പോലും അയാള്‍ക്ക്‌ മുഴുവന്‍ രൂപത്തില്‍ തന്നെ ജീവിതത്തില്‍ പ്രയോഗിക്കാന്‍ സാധിച്ചു.പുസ്തകം വളരെ പെട്ടെന്ന് തന്നെ എഴുതി തീര്‍ത്ത എഡി പിന്നീട് പണം ഒഴുകുന്ന വലിയ ബിസിനസുകളിലെക്കും തന്റെ പുതിയ കഴിവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നു.ഏതൊരു കാര്യത്തിനും മോശം വശം ഉണ്ടെന്നത് പോലെ ആ മരുന്നിനും ഉണ്ടായിരുന്നു മോശം വശം.ആരോഗ്യപരമായും,എന്തിനു സ്വന്തം ജീവന്‍ പോലും അപായപ്പെടുത്താന്‍ കഴിയുന്ന ഇരുതല മൂര്‍ച്ച ഉള്ള വാളായിരുന്നു NZT-48 എന്ന് എഡി മനസ്സിലാക്കിയപ്പോഴേക്കും സമയം വൈകിയിരുന്നു.താന്‍ അകപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും അയാള്‍ക്ക്‌ രക്ഷപ്പെടാന്‍ സാധിക്കുമോ?എഡിയുടെ ജീവിതം ഇനി എന്തായി തീരും?ആ കഥയാണ് 'Limitless' അവതരിപ്പിക്കുന്നത്‌.

ബ്രാഡ് കൂപ്പരിനോപ്പം റോബര്‍ട്ട് ഡി നീറോയും ശ്രദ്ധേയമായ ഒരു വേഷം ചെയ്ത Limitless ആക്ഷന്‍/സയന്‍സ് ഫിക്ഷന്‍ എന്ന രീതിയില്‍ വളരെയധികം മികവു പുലര്‍ത്തുന്നു.ജീവിതത്തിലെ ഏറ്റവും നിരശജനകാമായ അവസ്ഥയില്‍ നിന്നും പുതിയ ജീവിതം ലഭിച്ച എഡി എന്ന കഥാപാത്രം മികച്ചതായിരുന്നു.ഒരു മനുഷ്യന്റെ എല്ലാ ദൌര്‍ബല്യങ്ങളും,പ്രത്യേകിച്ച് ഇത്തരം ഒരു കഴിവ് കിട്ടുമ്പോള്‍ ചിത്രത്തില്‍ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.അലന്‍ ഗ്ലിന്‍ രചിച്ച 'Dark Fields' എന്ന നോവലാണ്‌ ചിത്രത്തിനാധാരം.

Finalizando:-സമാനമായ പ്രമേയവുമായി വന്ന ചിത്രങ്ങളില്‍ മികച്ചവയില്‍ ഒന്നാണ് Limitless.ഒരു സിനിമ എന്ന നിലയില്‍ വളരെ വേഗതയേറിയ ആഖ്യാന രീതി സിനിമയെ ഏതൊരു പ്രേക്ഷകനും കൂടുതല്‍ താല്‍പ്പര്യം ഉള്ളതാക്കി മാറ്റും.കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്ന്!!


845.Limitless
Action,Sci-Fi,Mystery

MHV Rating:✪✪✪½

Director: Neil Burger
Writers: Leslie Dixon (screenplay), Alan Glynn (novel)
Stars: Bradley Cooper, Anna Friel, Abbie Cornish



No comments:

Post a Comment

1835. Oddity (English, 2024)