Showing posts with label KANNADA. Show all posts
Showing posts with label KANNADA. Show all posts

Wednesday, 19 June 2024

1811. Tatsama Tadbhava (Kannada, 2024)

 

1811. Tatsama Tadbhava (Kannada, 2024)

         Mystery, Crime



കുറേ ട്വിസ്റ്റും സസ്പെൻസും ഉള്ള ചിത്രമാണ് Tatsama Tadbhava എന്ന കന്നഡ ചിത്രം.തന്റെ ഭർത്താവിനെ കാണ്മാനില്ല എന്ന് പറഞ്ഞാണ് ആരിക എന്ന യുവതി പോലീസ് സ്റ്റേഷനിൽ എത്തുന്നത്. എന്നാൽ പോലീസ് അന്വേഷണം നടക്കുമ്പോൾ അവൾ ആ കേസിൽ മുഖ്യ പ്രതി ആണെന്ന് പോലീസ് സംശയിക്കുന്നു. എന്നാൽ പോലീസിന്റെ നിഗമനം ശരിയാണോ അതോ തെറ്റാണോ  എന്നതാണ് സിനിമയുടെ ബാക്കി കഥ.


 ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണോ അതോ മർഡർ മിസ്റ്ററി ആണോ എന്ന് മനസ്സിലാകാത്ത വിധം ആണ് സിനിമയുടെ മൊത്തത്തിൽ ഉള്ള അവതരണം. അത് പോലെ ആണ് പലപ്പോഴായി പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുന്ന ട്വിസ്റ്റുകൾ. ക്ലൈമാക്സ് ആകുമ്പോൾ ഇതിൽ ഒരു ജോണർ ആണെന്ന് കരുതി ഇരിക്കുമ്പോൾ ആണ് tail end ൽ വീണ്ടും ട്വിസ്റ്റ് കൊണ്ട് വരുന്നത്.


 ഒരു പക്ഷെ ട്വിസ്റ്റുകൾ കണ്ട് എന്താണ് ശരിക്കും സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെ ഇരിക്കുമെങ്കിലും മിസ്റ്ററി, പ്ലോട്ട് ട്വിസ്റ്റ് സിനിമ ആരാധകർക്കു കണ്ട് നോക്കാവുന്ന ഒന്നാണ്. മേഘന രാജ് നാല് വർഷങ്ങൾക്കു ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.


⭐⭐⭐/5




Wednesday, 22 May 2024

1804. Blink (Kannada, 2024)

1804. Blink (Kannada, 2024)

          Sci-Fi, Mystery



⭐⭐⭐⭐/5


 തന്റെ മരിച്ചു പോയി എന്ന് വിശ്വസിക്കുന്ന പിതാവ് ജീവിച്ചിരിപ്പുണ്ട് എന്ന് ഒരു അജ്ഞാതൻ അപൂർവയോട് പറയുന്നതോടു കൂടി അവന്റെ ജീവിതം മാറുകയാണ്. തന്റെ പരീക്ഷകൾ എഴുതി എടുക്കാൻ നടക്കുന്ന ഒരു യുവാവ്. അതിന്റെ ഒപ്പം ചെറിയ ജോലികളും ചെയ്യുന്നു. ഇതാണ് അപൂർവ. എന്നാൽ ഇത്രയും വർഷത്തെ തന്റെ ജീവിതം തന്നെ ഒരു മിഥ്യ ആണെന്ന് അവൻ പതിയെ മനസ്സിലാക്കുന്നു ആ അജ്ഞാതൻ വന്നതോടു കൂടി.അതിനു കാരണം ആയത്, ആ അജ്ഞാതൻ അവനു നൽകിയ ടൈം ട്രാവൽ ചെയ്യാൻ കഴിയുന്ന ഒരു ദ്രാവകം വഴിയും. അതിനായി അവനെ തിരഞ്ഞെടുത്തതിന് കാരണം ഏറെ സമയം കണ്ണ് അടയ്ക്കാതെ വയ്ക്കാൻ ഉള്ള അപൂർവയുടെ കഴിവ് കാരണവും. എന്നാൽ അത് മാത്രം ആയിരുന്നോ അതിനു കാരണം?ആരാണ് അപൂർവ്വയോട് സംസാരിച്ച ആ അജ്ഞാതൻ?


 കന്നഡ സിനിമയിലെ മികച്ച ഒരു ടൈം ട്രാവൽ, മിസ്റ്ററി ചിത്രം ആയിട്ടാണ് Blink അനുഭവപ്പെട്ടത്. അതിനു ഒരു പ്രധാന കാരണം, ഇതിലെ ട്വിസ്റ്റുകൾ കാരണം ആയിരുന്നു. ഒരു ഘട്ടം കഴിയുമ്പോൾ പെട്ടെന്ന് ചിന്തിക്കാൻ കഴിയാത്ത അത്ര കാര്യങ്ങൾ ആണ് നടക്കുക. പ്രശസ്തമായ ഒരു ഇംഗ്ലീഷ് സിനിമ ക്ലൈമാക്സ് ആയപ്പോൾ ഓർമ വരുമെങ്കിലും അപൂർവയെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളും അവനും ആയുള്ള ബന്ധവും എല്ലാം തന്നെ ഉൾപ്പെടുത്തി അത്തരം ഒരു ക്ലൈമാക്സ് തുടക്കത്തിൽ പ്രതീക്ഷിച്ചല്ലായിരുന്നു. അത് വഴി സിനിമ കൂടുതൽ ത്രില്ലിംഗ് ആയി മാറ്റുന്നുണ്ട്.


 ഞാൻ വെറുതെ സിനൊപ്സിസ് മാത്രം വായിച്ചു കണ്ട ചിത്രം ആയിരുന്നു Blink. അത് കൊണ്ട് തന്നെ കഥ തുടക്കത്തിൽ എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാൻ കുറച്ചു സമയം എടുത്തു എന്നതാണ് സത്യം. അതിനു കാരണം സമാന്തരമായി പറഞ്ഞ് പോകുന്ന കുറച്ചു അധികം കഥകൾ ഈ സിനിമയിൽ ഉണ്ടായിരുന്നു എന്നതാണ് . ആ കഥകൾ അവിടെ പ്ളേസ് ചെയ്തത് എന്തിനാണ് എന്നൊക്കെ സംശയിച്ചിരുന്നു. എന്നാൽ എന്റെ പ്രതീക്ഷകൾ എല്ലാം തകർത്തു കൊണ്ട് ആ കണ്ണികൾ എല്ലാം ബന്ധിപ്പിക്കുമ്പോൾ നല്ല ഒരു ടൈം ട്രാവൽ ചിത്രം കണ്ടതിന്റെ സന്തോഷം ആയിരുന്നു.


ടൈം ട്രാവൽ സിനിമകളുടെ ആരാധകർക്കു ഇഷ്ടമാകും.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


Monday, 5 December 2022

1602. Kantara ( Kannada, 2022)

 1602. Kantara ( Kannada, 2022)

          Streaming on Amazon Prime.



കാന്താരാ റിലീസ് ആയ സമയത്തു തിയറ്ററിൽ കണ്ടവർ വരാഹാരൂപം സിനിമയ്ക്ക് മൊത്തത്തിൽ നൽകിയ മാസ്മരികമായ അനുഭവത്തിനെ കുറിച്ച് അറിവ് ഉള്ളത് കൊണ്ട് തന്നെ പുതിയ വരാഹാരൂപം ഉള്ള സിനിമ കാണേണ്ട എന്ന് തന്നെ തീരുമാനിച്ചത് ആണ്‌ പ്രൈം വീഡിയോയിൽ വന്നപ്പോൾ. അത് കൊണ്ട് തന്നെ എല്ലാ ദിവസവും പ്രൈം തുറന്നു ക്ലൈമാക്സ്‌ ഭാഗം നോക്കുമായിരുന്നു, ഒറിജിനൽ വന്നോ എന്ന് അറിയാൻ. എന്തായാലും ഇന്ന് നോക്കിയപ്പോൾ ഒറിജിനൽ വരാഹരൂപം തന്നെ കിടക്കുന്നതു കണ്ടു. അത് കൊണ്ട് സിനിമ പ്രൈമിൽ കണ്ടു.


  സിനിമയെക്കുറിച്ച് പറയുക ആണെങ്കിൽ, ഒരു മിത്തിൽ നിന്നും തുടങ്ങി ഫിക്ഷനൽ ആയ ഒരു ഗ്രാമവും, ആ ഗ്രാമത്തിന്റെ രക്ഷകനായ ദൈവ പ്രതിഷ്ഠയും അതിൽ നിന്നും കാലങ്ങൾക്ക് അപ്പുറം നടക്കുന്ന സംഭവങ്ങൾ എല്ലാം ആണ്‌ സിനിമയുടെ കഥ. മണ്ണിനോട് മനുഷ്യനുള്ള ആർത്തിയും, അതേ സമയം കാലുറച്ചു നിൽക്കാൻ മണ്ണ് വേണമെന്നുള്ള മനുഷ്യന്റെ ആവശ്യവും തമ്മിലുള്ള സംഘർഷം ആണ്‌ സിനിമയിൽ ഉള്ളത്. പതിവ് ഇന്ത്യൻ സിനിമകളിൽ കണ്ടു പഴകിയ ഒരു കഥ. അതിലേക്കു വരുന്ന ജീവിതം ചുമ്മാതെ എങ്ങനെയൊക്കെ ആഘോഷിക്കാൻ കഴിയുമോ എന്ന് അന്വേഷിച്ചു നടക്കുന്ന നായകൻ.


 എന്നാൽ കാന്താരാ അതിന്റെ ഉഗ്ര രൂപം എടുക്കുന്നത് അവസാന ഒരു അര മണിക്കൂർ ആണ്‌. ടി വിയിൽ കുഴപ്പമില്ലാത്ത ഒരു സൗണ്ട് സിസ്റ്റത്തിൽ കണ്ട എനിക്ക് പോലും ആ ഭാഗങ്ങൾ നൽകിയ സിനിമ അനുഭവത്തെ കുറിച്ച് ഓർക്കുമ്പോൾ ആണ്‌ സിനിമ തിയറ്ററിൽ കണ്ടവരുടെ അനുഭവത്തെ കുറിച്ചുനോർത്തു പോകുന്നത്. അത്രയ്ക്കും ഇഷ്ടപ്പെട്ടൂ എന്ന് തന്നെ പറയാം. പ്രത്യേകിച്ചും ക്ലൈമാക്‌സിലെ വരാഹാരൂപം ഒരു സാധാരണ കഥ പറഞ്ഞ് പോയ സിനിമയെ  മറ്റൊരു തലത്തിലേക്കു എത്തിച്ചു എന്ന് തന്നെ പറയാം.


 പ്രദേശികമായ മിത്തും, ഫോക്ലോറിന്റെ സാധ്യതകൾ മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നതിനോടൊപ്പം ഒരു സിനിമ കണ്ടു തീരുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ എന്താണോ സിനിമ കഴിയുമ്പോൾ തങ്ങി നിൽക്കുക എന്നത് അറിഞ്ഞു തന്നെ ആണ് റിഷഭ് ഷെട്ടിയും കൂട്ടരും സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ട്രോളുകളിൽ കണ്ട അലർച്ച രംഗങ്ങൾ സിനിമ കാണുമ്പോൾ അത് കഥയുടെ ആത്മാവും ആയി എത്ര മാത്രം യോജിച്ചു നിൽക്കുന്നു എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു.


 എന്ത് മാത്രം മിത്തുകൾ ആണ്‌ നമ്മുടെ ചുറ്റും ഫാന്റസിയുടെ വലിയ സാധ്യതകൾ ഉപയോഗിക്കാൻ പാകത്തിൽ ഉള്ളത് എന്ന് ചിന്തിച്ചു പോയി. ഈ ഒരു സിനിമ ഴോൻറെയിൽ തുമ്പാട് നൽകിയ അനുഭവം മറക്കാൻ സാധ്യതയില്ല എന്ന് വിശ്വസിക്കുന്നു. ആ സിനിമയുമായി കാന്താരയെ താരതമ്യം ചെയ്യുകയും അല്ല. പകരം നല്ല രീതിയിൽ കഥ അവതരിപ്പിക്കാൻ കഴിവ് ഉള്ളവർക്ക് ഓരോ ചെറിയ ഗ്രാമത്തിനും പറയാൻ ഇതു പോലെ കഥകൾ എത്രയോ കാണും.


പ്രദേശികമായ ദൈവ വിശ്വാസവും മിത്തും എല്ലാം കൂടി ചേർന്നു വലിയ ഒരു ലോകം ആണ്‌ കാന്താരാ നമ്മുടെ മുന്നിൽ അവതരിപ്പിച്ചത്. സിനിമയുടെ വലിയ വിജയം, അത്തരം ഒരു സമീപനത്തിന്റെ ഫലവും ആണ്‌. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു സിനിമ. പ്രത്യേകിച്ചും ക്ലൈമാക്സ്‌ തന്ന അനുഭൂതി. അത് അത്ര ഗംഭീരവും ആയിരുന്നു. കാത്തിരുന്നത് വെറുതെ ആയില്ല തന്നെ ഉറപ്പായി സിനിമ കഴിഞ്ഞപ്പോൾ.


ചെറിയ ഒരു റേറ്റിങ് കൊടുക്കുന്നു : 4/5


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?

Wednesday, 26 January 2022

1042.Aa Karaala Ratri(Kannada,2018)

 

​​1042.Aa Karaala Ratri(Kannada,2018)
         Mystery,Suspense



       ആ രാത്രി ആ വീട്ടിൽ എന്ത് സംഭവിച്ചു?

അപരിചിതൻ ആയ യുവാവ് ആ വീട്ടിൽ വന്നു രാത്രി താമസിക്കാൻ ശ്രമിക്കുന്നു.ആരാണ്? എന്താണ്? എന്ന് ഒന്നും അറിയാത്ത അത്ര അപരിചിതൻ ആയ അയാളെ കുറിച്ചു സംശയങ്ങൾ ഉണ്ടാവുക സാധാരണം.എന്നാൽ തങ്ങളുടെ മുന്നിൽ വന്നെത്തിയ അയാളിൽ ഉള്ള ദുരൂഹത വളരെയാധികം കൂടുന്നു.ശേഷം എന്തു സംഭവിക്കും?

  "ആ കരാള രാത്രി" എന്ന കന്നഡ സിനിമയുടെ കഥ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.'The Return of the Soldier' എന്ന റഷ്യൻ കഥയെ ആസ്പദം ആക്കി മോഹൻ ഹബ്ബ് രചിച്ച നാടകത്തെ മുൻ നിർത്തി ആണ് സിനിമ ഒരുക്കിയിരിക്കുന്നത്.പൽ സിനിമകളിലും കണ്ടിട്ടുണ്ട് ഇരുട്ടിൽ ഉള്ള അല്ലെങ്കിൽ ഒറ്റപ്പെട്ടു കിടക്കുന്ന മനുഷ്യ വാസ യോഗ്യമായ സ്ഥലങ്ങളിൽ അപരിചിതന് ആയ ആളുകൾ വരുകയും അതിനു ശേഷം അവർ തമ്മിൽ ഉള്ള സംഘർഷങ്ങളുടെ കഥ ഒക്കെ രക്ത വർണം ചൂടുമ്പോൾ ഉള്ള കഥകൾ നമുക്കും നേരിട്ടു പരിചയം ഉണ്ടാകും.

  എന്നാൽ,സാധാരണ രീതിയിൽ പോയിക്കൊണ്ടിരുന്ന കഥയുടെ അവസാനം ഇതു വരെ കണ്ടിരുന്ന കഥയും കഥാപാത്രങ്ങളും അല്ല അവർക്ക് യഥാർത്ഥത്തിൽ എടുത്തു അണിയാൻ ഉണ്ടാക്കിയിരുന്നത് എന്നു മനസ്സിലാക്കുമ്പോൾ പ്രേക്ഷകന് കഥ നൽകുന്ന ഒരു മരവിപ്പ് ഉണ്ട്.അതിനെ തരണം ചെയ്യണം.സത്യത്തിനും മിഥ്യയ്ക്കും ഇടയിൽ ഉള്ള നേർത്ത വര.അതിന്റെ അവതരണം ആണ് ചിത്രം.

    ചെറിയ ഒരു കഥ.അതിലെ മുഖ്യ സംഭവങ്ങളിലേക്കു എന്നാൽ എത്തി ചേരാൻ കുറച്ചു സമയം എടുക്കും.അതാണ് ചിത്രത്തിലും ചെയ്തിരിക്കുന്നത്.ഒറ്റ വരിയിൽ ഒരു പക്ഷെ തീരേണ്ട സംഭവങ്ങൾ പക്ഷെ അതിനു വിപരീതമായി വിധി അനുസരിച്ചു മുന്നോട്ടു പോകുമ്പോൾ ആണ് ആഗ്രഹങ്ങളുടെ തട്ടിനു ഭാരം ഏറുക.കുറച്ചു കതപത്രങ്ങളും അവരുടെ മികച്ച അഭിനയവും സിനിമയുടെ നല്ല വശമാണ്.കന്നഡ സിനിമ എന്ന തോന്നൽ ഇല്ലാതെ സാധാരണ ആർക്കും മനസ്സിലാകുന്ന ഒരു കഥയുമായി ഒരു കൊച്ചു ചിത്രം ആണ് "ആ കരാള രാത്രി".സമയം കിട്ടുമ്പോൾ കാണാൻ ശ്രമിക്കണം.

More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

NB:

(സബ്‌സ് ഒരു -1.8 ആയി synchronisation ചെയ്യേണ്ടി വരുന്നുണ്ട്)

1040.Kavaludaari(Kannada,2019)

 

​​1040.Kavaludaari(Kannada,2019)
          Mystery,Thriller



      ദുരൂഹ സാഹചര്യത്തിൽ ലഭിച്ച 3 മനുഷ്യരുടെ അസ്ഥികൾക്കു 40 വർഷത്തോളം പഴക്കം ഉണ്ടായിരുന്നു. അതിന്റെ കാലപ്പഴക്കം കൊണ്ടു തന്നെ പോലീസ് അധികം ശ്രദ്ധ കൊടുക്കുന്നില്ല.എഴുതി തള്ളാവുന്ന കേസുകളിൽ ഒന്നായി മാറുമ്പോൾ ആണ് ട്രാഫിക് പോലീസിൽ ഉള്ള ശ്യാം അതിൽ താൽപ്പര്യം കാണിക്കുന്നത്.വർഷങ്ങൾക്കു മുൻപ് ദുരൂഹമായ സാഹചര്യത്തിൽ നടന്ന കൊലപാതകങ്ങൾ.അതിനെ ചുറ്റി പറ്റി സംഭവിച്ച കഥകൾ.അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നത് കൊണ്ടു തന്നെ ശിഥിലമായ നിയമ വ്യവസ്ഥിതിയിൽ ഉണ്ടായ സാഹചര്യങ്ങൾ എല്ലാം ആ സംഭവങ്ങളിലേക്കു ഉള്ള ദുരൂഹത കൂട്ടിയതെ ഉള്ളൂ.എന്നാൽ,കണ്ടതും കേട്ടതും ആണോ യഥാർത്ഥ കഥ??

  ശ്യാം,തന്റെ ഇപ്പോഴത്തെ ജോലിയിൽ താല്പര്യം ഇല്ലാത്ത ആളാണ്.ക്രൈം ബ്രാഞ്ചിൽ കയറിപ്പറ്റാൻ ആണ് അയാൾ ശ്രമിക്കുന്നത്.എന്നാൽ അതിനു അവസരം കിട്ടാത്തത് കൊണ്ടും അന്വേഷണ കുതുകിയായത് കൊണ്ടും അയാൾ മേലുദ്യോഗസ്ഥന്മാരുടെ അനുവാദം ഇല്ലാതെ സ്വന്തമായി കേസ് അന്വേഷിച്ചു തുടങ്ങുന്നു.തന്റെ അന്വേഷണത്തിൽ ശ്യാം ധാരളം കഥാപാത്രങ്ങളെ പരിചയപ്പെടുന്നു.അന്ന് കേസ് അന്വേഷിച്ച മുത്തണ്ണ മുതൽ ഈ കേസുമായി നേരിട്ടു ബന്ധം ഉള്ളവർ പലരെയും.

  എന്നാൽ ചതിയുടെയും ദുരാഗ്രഹത്തിന്റെയും മേൽ പടുത്തുയർത്തിയ സാങ്കൽപ്പിക കഥകളിൽ നിന്നും സത്യത്തെ വേർതിരിച്ചു കൊണ്ടു വരുമ്പോൾ കണ്ണടയ്ക്കേണ്ടത് അതിനു ചുറ്റും കെട്ടിയ കള്ളങ്ങളുടെ വേലിക്കെട്ടുകളെ ആയിരുന്നു.അതിനു ശ്യാമിനു സാധിച്ചോ എന്നതാണ് സിനിമ മൊത്തനം പറയുന്നത്.ഒപ്പം അന്ന് ആ രാത്രി നടന്ന സംഭവങ്ങളുടെ സത്യാവസ്ഥയും."കാവലുധാരി" എന്ന കന്നഡ ചിത്രം കാണുക കൂടുതൽ അറിയുവാൻ.

   മികച്ച ഒരു കുട്ടന്വേഷണ സിനിമ ആണ് കാവലുധാരി.ഒരു ഇന്ത്യൻ മെയിൻ സ്‌ട്രീം സിനിമയിൽ അവിഭാജ്യ ഘടകം ആയ പ്രണയം,പാട്ടുകൾ എന്നിവയ്ക്ക് ഒന്നും ശ്രദ്ധ കൊടുക്കാതെ പ്രേക്ഷകനെ ഒരു കുറ്റാന്വേഷണ സിനിമയുടെ സ്ഥായിയായ ഭാവത്തിൽ പ്രേക്ഷകനെ കഥകളിലൂടെ വിശ്വാസിപ്പിച്ചും,പിന്നീട് അതിന്റെ സത്യാവസ്ഥ എന്നതായിരുന്നു എന്നും ഒക്കെ കാണിച്ചു കൊണ്ടു തന്നെ പോകുന്നു.ഒരു പക്ഷെ കൊറിയൻ സിനിമകളുടെ ഒരു അവതരണ രീതി ഒക്കെ പോലീസ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള ഭാഗങ്ങളിൽ ഒക്കെ തോന്നാം.മൊത്തത്തിൽ ഡാർക് മൂഡിൽ തന്നെ പോകുന്നത് കൊണ്ടു തന്നെ കുറ്റാന്വേഷണവും ആയി പ്രേക്ഷകനെ മുന്നോട്ട് കൊണ്ടു പോകുന്നും ഉണ്ട്.കണ്ണട സിനിമയിൽ എന്നല്ല,കുറ്റാന്വേഷണ സിനിമകളിൽ തന്നെ മൊത്തത്തിൽ നല്ല രീതിയിൽ ആസ്വാദനം നൽകുന്നു "കാവലുധാരി".

ചിത്രം ആമസോണ് പ്രൈമിൽ ലഭ്യമാണ്.

More movie suggestions @movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്.

Friday, 7 May 2021

1352. Arishadvarga (Kannada, 2019)

 1352. Arishadvarga (Kannada, 2019)

          Mystery.

          OTT: Amazon Prime.



   ജിഗോളോ ആയ ഒരു യുവാവ് തന്റെ ക്ളൈന്റിന്റെ വീട്ടിൽ എത്തിയിരിക്കുന്നു.എന്നാൽ അവനെ അവിടെ കാത്തിരുന്നത് തീരെ വിചാരിക്കാത്ത സംഭവങ്ങൾ ആയിരുന്നു.അവനു കൂട്ടായി അഭിനയ മോഹി ആയ ഒരു യുവതി കൂടി എത്തുന്നു.അവരുടെ ജീവിതം ആ വലിയ വീട്ടിൽ മാറുകയായിരുന്നു.തെറ്റായ സ്ഥലത്തു തെറ്റായ സമയത്തു ആണ് അവർ എത്തിയിരിക്കുന്നത്.അത് കാരണം അവർ ഒരു മരണത്തിനു ഉത്തരം പറയേണ്ടി വരുന്ന അവസ്ഥയാണ്.


  ഒരു മരണത്തിലെ ദുരൂഹത ആണ് 'അരിശദ് വർഗ' അവതരിപ്പിക്കുന്നത്.സങ്കീർണമായ പല വഴികളിലൂടെയും ആണ് കഥ തുടക്കത്തിൽ മുന്നോട്ട് പോകുന്നത്.എന്നാൽ പിന്നീട് കൊലയാളിയെ കുറിച്ചുള്ള ഒരു ഏകദേശ രൂപം ഉണ്ടാകും.എന്നാലും പ്രേക്ഷകൻ പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു tail- end വരുന്നുണ്ട്.പ്രധാന കഥയുമായി ബന്ധമില്ല എന്നു തോന്നുമെങ്കിലും അതിൽ നിന്നും മറ്റൊരു ദുരൂഹതയിൽ ആണ് സിനിമ അവസാനിക്കുന്നത്.


  തരക്കേടില്ലാത്ത ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് 'അരിശദ് വർഗ'.ചിത്രം Amazon Prime ൽ ലഭ്യമാണ്.


@mhviews rating: 3/4.


    

Thursday, 29 April 2021

1348. Act 1978 (Kannada, 2020)

 1348. Act 1978 (Kannada, 2020)

          Social Thriller.

         OTT: Amazon Prime.



അന്നത്തെ ദിവസം വ്യത്യസ്തമായിരുന്നു.ഒരു സർക്കാർ ആഫീസിൽ ജീവനക്കാർ ബന്ധികൾ ആകുന്നു.പൂർണ ഗർഭിണിയായ സ്ത്രീ അവരുടെ നിറ വയറിൽ ബോംബ് കെട്ടി വച്ചിട്ടുണ്ട്.അവരുടെ ഒപ്പം സാധാരണ വരാറുള്ള വൃദ്ധൻ ഒരു കൈ തോക്കുമായി അവരുടെ കൂടെ ഉണ്ട്.


   പൂർണ ഗർഭിണി ആയ സ്ത്രീയും ആ വൃദ്ധനും പതിവായി ആ സർക്കാർ ആഫീസിൽ വരുന്നതാണ്.എന്നാൽ എന്ത് കൊണ്ടാണ് ആ ദിവസം അങ്ങനെ ആയി മാറിയത് എന്നതാണ് Act 1978 എന്ന കന്നഡ ചിത്രം അവതരിപ്പിക്കുന്നത്. Act 1978 ഉം ചിത്രത്തിന് ഒരു ബന്ധം ഉണ്ട്.


 നിയമം അതിന്റെ ജോലി ചെയ്യുന്ന ഒരു സമൂഹത്തിൽ ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണ് അവിടെ നടക്കുന്നത് എന്നു പറയാം.എന്നാൽ.ചിലപ്പോഴെങ്കിലും സിസ്റ്റം കാണിക്കുന്ന വേർതിരിവുകൾക്ക് എതിരെ ഇങ്ങനെ ഒക്കെ പ്രതികരിക്കണം എന്നു ചിലരെങ്കിലും മനസ്സിൽ കരുതുന്നുണ്ടാകും.


 വ്യക്തികൾക്കോ രാഷ്ട്രീയത്തിനോ എല്ലാം അതീതരാണ് പൊതു ജനം എന്ന കാഴ്ചപ്പാട് ഇല്ലാത്തിടത്തോളം ഇതു പോലെ ഉള്ള സംഭവങ്ങൾ ഉണ്ടാകുവാൻ ഉള്ള സാധ്യതകൾ കൂടുതൽ ആണ്.ദിവസേന അതു നടക്കും എന്നല്ല പറയുന്നത്.പകരം ഇത്തരം ചിന്തകൾ ഉണ്ടാകും, പിന്നെ സിനിമകളിൽ കൂടി എങ്കിലും ഇത്തരം പ്രമേയങ്ങൾ വന്നു കൊണ്ടു ഇരിക്കും.Vigilante സിനിമകൾക്ക് ജനപ്രീതി ബോധ്യം ഉള്ളതല്ലേ?


 ഒരു സോഷ്യൽ ത്രില്ലർ എന്ന നിലയിൽ പറഞ്ഞു വയ്ക്കുന്ന കാര്യങ്ങൾ ഒക്കെ സമൂഹത്തിൽ നില നിൽക്കുന്ന കാര്യങ്ങൾ തന്നെയാണ്.വഴികളോട് വിയോജിപ്പ് ഉണ്ടെങ്കിലും  പറഞ്ഞു വയ്ക്കുന്ന കാര്യങ്ങളോട് പൂർണമായും യോജിക്കുന്നു.ഒരു സോഷ്യൽ ത്രില്ലർ ആയതു കൊണ്ട് അത്തരം ഒരു genre കാണാൻ താൽപ്പര്യം ഉണ്ടെങ്കിൽ കാണുക.

Saturday, 8 August 2020

1259. Bell Bottom (Kannada, 2019)

 


1259. Bell Bottom (Kannada, 2019)
          Mystery,Thriller

  സിനിമ ഇറങ്ങിയ സമയം മുതൽ ഉണ്ടായ നല്ല അഭിപ്രായങ്ങൾ കാരണം കാത്തിരുന്നു കണ്ട സിനിമ ആണ് Bell Bottom.പോസ്റ്ററിൽ നിന്നും 80 കളിലെ കഥയാണ് എന്നു ഒരു ഐഡിയ മാത്രം ആണ് ഉണ്ടായിരുന്നതും.

  സിനിമ കാണാൻ തുടങ്ങി.അതേ.80 കളിലെ കഥ തന്നെ.ദൂരദർശൻ, ഓഡിയോ കാസറ്റ്,സ്‌കൂട്ടർ,ജാവ ബൈക്, ബെൽ ബോട്ടം പാന്റ് അങ്ങനെ എല്ലാം ആ കാലഘട്ടം തന്നെ.ഇതൊക്കെ കാണുമ്പോൾ കഥ പഴയത്‌ ആണോ എന്നൊരു തോന്നൽ ഉണ്ടാകുമോ?കഥ ഒക്കെ അൽപ്പം പഴയതാണ്.രാജ്കുമാറിന്റെ ഡിറ്റക്ട്ടീവ് സിനിമകളും കുറ്റാന്വേഷണ നോവലുകളും ഇഷ്ടമുള്ള പോലീസുകാരന്റെ മകൻ ദിവാകരന് വലുതാകുമ്പോൾ ഒരു ഡിറ്റക്ട്ടീവ് ആകണം എന്നാണ് ആഗ്രഹം.പക്ഷെ ജോലിക്കൊന്നും പോകാതെ സ്വപ്നം മാത്രം കാണുന്ന മകന് 'അമ്മ സെന്റിമെന്റ്‌സ് ഉപയോഗിച്ചു സ്വപിതാവ് പോലീസിൽ ജോലി നേടി കൊടുത്തു.അതും പാറാവുകാരൻ ആയി. ദിവാകരന് തന്റെ ഇപ്പോഴത്തെ ജോലിയിൽ നിന്നും സ്വന്തം സ്വപ്നങ്ങൾ തേടി പോകാൻ കഴിയുമോ?അതിനുള്ള അവസരം എങ്ങനെ വരും?അതാണ് ബാക്കി ഉള്ള സിനിമയുടെ കഥ.

   സൂക്ഷ്മമായി ഒരു കേസ് അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സീരിയസ് അന്തരീക്ഷം അല്ല ചിത്രത്തിനുള്ളത്.തമാശകളും ഒക്കെ ആയി കുറെ ഏറെ കഥാപാത്രങ്ങൾ.എല്ലാവരും മികവ് പുലർത്തി എന്നു തന്നെ പറയാം.ഒട്ടും മുഷിപ്പിക്കാതെ, കഥയിൽ പലപ്പോഴും പ്രേക്ഷകന് ചിന്തിക്കാൻ ഉള്ളതും ട്വിസ്റ്റുകളും എല്ലാം നല്ല രീതിയിൽ നൽകി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

  ഋഷഭ് ഷെട്ടിയുടെ മുഖ്യ കഥാപാത്രം നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.അവസരം കിട്ടിയാൽ കണ്ടു നോക്കണം.ഇഷ്ടമാകും.പലരും കണ്ടതാണ് എന്നറിയാം.ഹൈപ് അത്ര മാത്രം ഉണ്ടായിരുന്നല്ലോ?അതിനോട് എന്തായാലും നീതി പുലർത്തി ഒപ്പം എനിക്ക് ചിത്രം ഇഷ്ടമായി.

MH Views Rating : 4/5

ചിത്രത്തിന്റെ ലിങ്ക് t.me/mhviews ൽ ലഭ്യമാണ്.


Sunday, 10 May 2020

1217. Alidu Ulidavaru (Kannada, 2019)



1217. Alidu Ulidavaru (Kannada, 2019)
          Mystery, Horror.


    പ്രേതം, ഭൂതം, പിശാച് ഒക്കെ പലരുടെയും വിശ്വാസങ്ങളുടെ ഭാഗം ആയിരിക്കും.എന്നാൽ വ്യക്തമായി തെളിവുകൾ ഇല്ലാതെ അത്തരം ഒന്നിനെ വിശ്വസിക്കാൻ വിമുഖത ഉള്ള, ഇത്തരം വിശ്വാസങ്ങളുടെ പിന്നിൽ ഉള്ള കള്ളത്തരങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുന്ന ടി വി ചാനൽ ജീവനക്കാരൻ ആണ് ശീലൻ.തന്റെ 99 എപ്പിസോഡ് കഴിഞ്ഞ ഷോയിൽ ആകസ്മികമായി ആണ് ശീലൻ തന്റെ നൂറാമത്തെ എപ്പിസോഡ് ആയി ആ വിഷയം തിരഞ്ഞെടുത്തത്.

  പിന്നീട് നടക്കുന്നത് വിശ്വാസങ്ങളെ എല്ലാം തകിടം മറിക്കുന്ന കാര്യങ്ങൾ ആയിരുന്നു.തുടക്കത്തിൽ പ്രേക്ഷകന് ഒരു ക്ളീഷേ കഥയുടെ മണം അടിക്കുന്നുണ്ട് ചിത്രത്തിൽ.എന്നാൽ ഇന്റർവലിന് ശേഷം ആണ് കഥ മാറുന്നത്.പിന്നീട് സംഭവിച്ചത് ഒക്കെ അത്ര പ്രതീക്ഷിക്കാത്ത കാര്യം തന്നെ ആയിരുന്നു.ക്ളൈമാക്‌സ് പോലും ആശയക്കുഴപ്പം ഉണ്ടാക്കി.

  കഥയുടെ രീതി മാറുന്നതാണ് ഹൈലൈറ്റ്.ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയി ചിത്രം മാറുന്നുണ്ട്.കന്നഡ സിനിമയുടെ മാറ്റം ഓരോ ഘട്ടം ആയി നടക്കുകയാണ്, പ്രമേയത്തിലും അവതരണത്തിലും.VFX കുറച്ചു നേരം ഉണ്ടായിരുന്നത് നിലവാരം തീരെ ഇല്ലായിരുന്നു എന്നു തോന്നി.പക്ഷെ കഥയുടെ അവതരണ രീതി കാരണം അത് ക്ഷമിക്കാവുന്നത് ആണ്.

വലിയ സംഭവം ആണെന്ന് പറയുന്നില്ല.തരക്കേടില്ലാത്ത ചിത്രം.താൽപ്പര്യം ഉള്ളവർ കാണാൻ ശ്രമിക്കുക.

Amazon Prime ൽ ചിത്രം ലഭ്യമാണ്.

MH Views Rating 3/5

ചിത്രത്തിന്റെ ലിങ്ക് t.me/mhviews or @mhviews യിൽ ലഭ്യമാണ്.

Thursday, 23 April 2020

1203. Birbal (Kannada,2019)


1203. Birbal (Kannada,2019)
           Mystery, Thriller

  കന്നഡ സിനിമയിൽ നിന്നും മികച്ച ഒരു കുറ്റാന്വേഷണ ചിത്രം : Birbal

  നല്ല മഴ ഉള്ള ഒരു രാത്രി.ജോലി കഴിഞ്ഞു ബൈക്കിൽ തന്റെ അമ്മയോട് സംസാരിച്ചു വരുക ആയിരുന്നു ആ യുവാവ്.പെട്ടെന്ന് മുന്നിലൂടെ കടന്നു പോയ ബൈക്കിനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചു അവന്റെ ബാലൻസ് പോയി.റോഡിൽ നിന്നും എഴുന്നേറ്റ അവൻ കണ്ടത് തൊട്ടു മുന്നിൽ ഉള്ള ടാക്സിയിലൂടെ മഴയത്ത് ഒഴുകി വരുന്ന രക്തം ആണ്.പക്ഷെ അവനായി കേസിലെ പ്രതി.

  എട്ടു വർഷങ്ങൾക്കു ശേഷം ആ കേസിൽ വീണ്ടും അനക്കം ഉണ്ടാകുന്നു.അന്വേഷണം വേറൊരു ദിശയിലേക്കു പോകാൻ ഉള്ള ഒരുക്കമാണോ?അന്ന് പിടിയിലായ യുവാവ് ഇപ്പോഴും താൻ കുറ്റം ഒന്നും ചെയ്തില്ല എന്നു പറയുന്നു.കേസ് അന്വേഷണം ഇത്തവണ തുടങ്ങി വച്ചതു മഹേഷ് ദാസ് എന്ന വക്കീൽ ആണ്.കേസിൽ എന്താണ് ഇനി സംഭവിക്കുക?അന്ന് മഴയുള്ള ആ രാത്രി യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?അന്ന് പിടിയിലായ യുവാവാണോ യഥാർത്ഥ പ്രതി?അതാണ് കന്നഡ ചിത്രം ബിർബൽ അവതരിപ്പിക്കുന്നത്.കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെ സംഭവങ്ങൾ പരിശോധിക്കുന്നുണ്ട്.അവിടെ നിന്നും കിട്ടുന്ന പ്രധാന വിവരണങ്ങൾ ആണ് കേസ് കൂടുതൽ മികച്ചതാക്കുന്നതും.

   ശ്രീനി സംവിധാനവും നായക കഥാപാത്രവും അവതരിപ്പിക്കുന്ന ബിർബൽ മികച്ച ഒരു കുറ്റാന്വേഷണ ത്രില്ലർ ആണ്.അൽപ്പം സങ്കീർണമായ കേസിൽ തെളിവുകൾ കണ്ടെത്തുന്നത് മുതൽ ഉള്ള എല്ലാം മികവോടെ അവതരിപ്പിച്ചിട്ടുണ്ട്.സിനിമയുടെ അവസാനം ഉള്ള ക്ളൈമാക്‌സ് ട്വിസ്റ്റ് ഉൾപ്പടെ ചിത്രം തൃപ്തി നൽകി.മഹേഷ് ദാസിനെ അവതരിരിപ്പിച്ച ശ്രീനി നല്ല പ്രകടനം ആണ് കാഴ്ച വച്ചത്.

   ബിർബൽ Trilogy യിലെ ആദ്യ ചിത്രമാണിത്.ബാക്കി ഭാഗങ്ങളും മികവ് പുലർത്തുക ആണെങ്കിൽ നല്ലൊരു കുറ്റാന്വേഷണ പരമ്പര ആയിരിക്കും പ്രേക്ഷകന് ലഭിക്കുക.കഴിയുമെങ്കിൽ കാണുക.

 നായകനും സംവിധായകനും ആയ ശ്രീനി ഷാരുഖ് ഖാൻ ഫാൻ ആണെന്ന് തോന്നി.

  MH Views Rating :4/5

  ചിത്രം Amazon Prime ൽ ലഭ്യമാണ്.

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്  t.me/mhviews or @mhviews ൽ ലഭ്യമാണ്.

Saturday, 11 April 2020

1189. Mayabazar 2016 (Kannada,2020)

1189. Mayabazar 2016 (Kannada,2020)
          Thriller.

     'ജോസഫിനെ മാറ്റി ചിന്തിപ്പിച്ച നോട്ട് നിരോധനത്തിന്റെ കഥയുമായി ഒരു ത്രില്ലർ ചിത്രം: മായാബസാർ 2016'

    2016 നവംബർ 8 നു പ്രധാനമന്ത്രി ഇൻഡ്യയിൽ നോട്ടുകൾ നിരോധിക്കുന്നിടത്താണ് ആണ് പോലീസ് ഉദ്യോഗസ്ഥൻ ആയ ജോസഫിന് ഒരു ഐഡിയ തോന്നുന്നത്.ജീവിതത്തിൽ ഉടനീളം സത്യസന്ധനായ അയാൾക്ക്‌ അങ്ങനെ മാറി ചിന്തിക്കേണ്ടി വന്നൂ എന്നതാണ് കാരണം.തന്റെ ലക്ഷ്യത്തോട് അടുക്കാൻ അയാൾക്ക്‌ സഹായം വേണ്ടി വന്നു.അങ്ങനെ അവർ കൂടി ജോസഫിന്റെ കൂടെ ചേർന്നൂ.ഇവർ മൂന്നു പേരും എങ്ങനെ ആണ് ഒരുമിച്ചു കൂടിയത്?എന്താണ് അവരുടെ ലക്ഷ്യം?ആ ലക്ഷ്യങ്ങളുടെ അവസാനം എന്തായിരുന്നു?

   മായാബസാർ 2016 ഒരു ത്രില്ലർ എന്ന നിലയിലും അവതരണത്തിലെ സിംപ്ലിസിറ്റി കൊണ്ടും  പ്രേക്ഷകനെ താല്പര്യപ്പെടുത്തുന്ന ഒന്നാണ്.സിനിമയിലെ പല ട്വിസ്റ്റുകളും സസ്പെന്സും എല്ലാം തന്നെ രസകരം ആയിരുന്നു.ഒരു സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന്റെ മനോവേദനകൾ പോലും എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു അയാളുടെ ലക്ഷ്യത്തോടൊപ്പം പ്രേക്ഷകനെയും കൊണ്ടു പോയി ചിത്രം.

പ്രകാശ് രാജിന്റെ കഥാപാത്രം രസകരം ആയിരുന്നു.കേന്ദ്ര കഥാപാത്രമായ ജോസഫിനെ അവതരിപ്പിച്ച അച്യുത് കുമാർ, ഒരു മോട്ടയ കഥയിലൂടെ രസിപ്പിച്ചു രാജ് തുടങ്ങി പലരും നല്ല പ്രകടനം ആയിരുന്നു.

   കന്നഡ സിനിമയിലെ മികച്ച ത്രില്ലറുകളിൽ ഒന്നാണ് ചിത്രം.ഡാർക് മൂഡിൽ ഉള്ള ത്രില്ലർ അല്ല എന്ന് പ്രത്യേകം പറയുന്നു.പകരം, ആർക്കും കണക്ട് ചെയ്യാവുന്ന കഥയും കഥാപാത്രങ്ങളും ആണ് ചിത്രത്തിന് ഉള്ളത്.കണ്ടു നോക്കൂ.നഷ്ടം ആകില്ല.ഇഷ്ടമാകും!!

  ചിത്രം Amazon Prime ൽ ലഭ്യമാണ്.

  MH Views Rating : 3.5/4

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews

Thursday, 26 March 2020

1173. Babru (Kannada, 2019)



1173. Babru (Kannada, 2019)
           Mystery, Thriller.

    ഉറങ്ങി എഴുന്നേൽക്കാൻ വൈകിയത് കൊണ്ടാണ് അർജുൻ എന്ന അമേരിക്കൻ-കണ്ണഡ യുവാവിന് അന്നത്തെ പ്ലാൻ മൊത്തം തെറ്റിയത്.അവൻ അമേരിക്കയിൽ നിന്നും കാനഡയിലെ വാൻകൂവർ വരെ ഒരുങ്കാർ ഡെലിവറി ചെയ്യാൻ ഉണ്ടായിരുന്നു.എന്നാൽ അവൻ വൈകി വന്നത് കൊണ്ടു മറ്റൊരു സ്ത്രീയ്ക്ക് ആ ജോലി കിട്ടി.പക്ഷെ അവർ അവനെ കൂടെ കൂട്ടി.കാരണം, അവന്റെ ആവശ്യം.

  ഒരു റോഡ് ട്രിപ്പ് സിനിമ പോലെ തോന്നിയ കഥ.എന്നാൽ സിനിമ പതിയെ ആണ് ഒരു ട്രാക്കിലേക്ക് അടുക്കുന്നത്.ക്ളൈമാക്സിൽ 5 മിനിറ്റ് ആണ് കഥ മൊത്തം പ്രേക്ഷകന്റെ മുന്നിൽ മാറി മറിയുന്നത്.ഇടയ്ക്കു ഫീൽ ഗുഡ് മൂവി ആണോ ഉദ്ദേശിച്ചത് എന്നു സംശയിച്ചു.സിനിമയുടെ genre യ്ക്ക് അനുസരിച്ച മൂന്നോട്ട് പോകാത്ത കഥ ഇടയ്ക്കു ബോർ അടിപ്പിക്കുന്നും ഉണ്ട്. No Country for Old Man ലെ അന്റോണിനെ ഓര്മിപ്പിക്കുന്നുണ്ട് ഈ സിനിമയിലെ ഫെഡറിക്കോ എന്ന കഥാപാത്രത്തെ.

   MH Views

 സിനിമയുടെ പൊസിറ്റിവ് ഘടകങ്ങൾ?
    ക്ളൈമാക്‌സ് ആണെന്ന് നിസംശയം പറയാം.പിന്നെ സന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുമൻ നാഗർക്കാരും.പിന്നെ അമേരിക്കൻ ഹൈവേകയുടെ സൗന്ദര്യം അവതരിപ്പിച്ച രീതിയും.

 മോശം വശങ്ങൾ എന്തൊക്കെ ആണ്?

    സിനിമയുടെ തുടക്കത്തിലേ സ്പീഡ് കുറവും എന്താണ് അറിയാൻ ശ്രമിക്കുന്നത് എന്നു പ്രേക്ഷകന് ഒരു ക്ലൂവും ഇല്ലാത്ത അവതരണ രീതിയും.

  സിനിമ Must Watch ആണോ?
    അങ്ങനെ ഒരു അഭിപ്രായം ചിത്രത്തെ കുറിച്ചു ഇല്ല.ക്ളൈമാക്സിനു വേണ്ടി കാണാവുന്ന സിനിമ.ശരാശരി എന്നാണ് അഭിപ്രായം.മൊത്തത്തിൽ ആ ത്രില്ലർ അനുഭവം തോന്നിയില്ല.

   MH Views Rating?
 2.5/4.

 പ്രധാനമായും സിനിമ കഴിഞ്ഞു എന്ന് കരുതി ഇരിക്കുമ്പോൾ വന്ന ക്ളൈമാക്‌സ് , അതിനു ശേഷം സിനിമയുടെ മൊത്തം ദുരൂഹതയും പ്രേക്ഷകന് മുന്നിൽ മൊത്തത്തിൽ അവതരിപ്പിച്ചപ്പോൾ ഉള്ള താൽപ്പര്യം.

  സിനിമ മറ്റുള്ളവർക്കു suggest ചെയ്യുമോ?

    തീർച്ചയായും.ക്ളൈമാക്‌സ് രംഗങ്ങൾ ആണ് സിനിമയ്ക്ക് ജീവൻ നൽകിയത്.ആ ഒറ്റ കാരണം കൊണ്ട് മാത്രം.അപ്രതീക്ഷിതം ആയിരുന്നു അതിലെ പലതും.പ്രത്യേകിച്ചും സിനിമ തീർന്നൂ.ഇതെന്തൊന്നു സിനിമ എന്നു വിചാരിച്ചിരുന്ന സമയം.

  സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews (telegtlram search) ൽ ലഭിയ്ക്കും.

Tuesday, 24 March 2020

1170. Nanna Prakara (Kannada, 2019)


1170. Nanna Prakara (Kannada, 2019)

കണ്ടെത്തിയ മൃതദേഹത്തിൽ ഉള്ള ദുരൂഹതകളുടെ കഥ 'നന്ന പ്രകാര'.

        അപകടത്തിൽപ്പെട്ടു മരണമടഞ്ഞ യുവതി.കാർ കത്തി കരിഞ്ഞു അവളുടെ മുഖം പോലും വ്യക്തമാകാത്ത രീതിയിൽ.പോലീസ് അന്വേഷണത്തിൽ കിട്ടിയ തെളിവുകൾ വച്ചു അവളുടെ പേര് വിസ്മയ ആണെന്ന് തെളിഞ്ഞു
പിന്നീട് നടന്ന അന്വേഷണങ്ങളിൽ അവളും ആയി ബന്ധം ഉള്ള ആളെയും കണ്ടെത്തി.എന്നാൽ പോലീസിനെ ഞെട്ടിച്ചു കൊണ്ടു ആണ് ആ വഴിത്തിരിവ് കേസിൽ ഉണ്ടായത്.മരിച്ച ആളെ കുറിച്ചുള്ള സംശയം.എന്തായിരുന്നു അതു?ദുരൂഹതകൾ ഏറെ നിറഞ്ഞ ഒരു മരണ ആയിരുന്നു അതു.കാരണം ??

  കേസിന്റെ അന്വേഷണം നടത്തുന്നത് അശോക് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആണ്.ആകസ്മികമായി ആണ് അയാൾ അന്വേഷിക്കുന്ന കേസിലെ വൻ നിഗൂഢത ബോധ്യപ്പെട്ടത്.കണ്ടതും കേട്ടതും മനസ്സിലാക്കിയതും എല്ലാം വ്യത്യസ്തം ആണെന്ന് അറിഞ്ഞ സമയം.കേസ് അന്വേഷണത്തിൽ ഇതു വരെ ഉണ്ടായ എല്ലാ വിവരങ്ങളും മറ്റൊരു രീതിയിൽ ആക്കി.തന്റെ അശ്രദ്ധ കൂടി കാരണം ആണെന്ന് അയാൾ മനസ്സിലാക്കി.

  ഒരു വളഞ്ഞ വഴിയും ഇല്ലാതെ പെട്ടെന്ന് കണ്ടു പിടിച്ച ഒരു കേസിന്റെ കഥയും അതിനു ശേഷം ആ കേസിൽ വന്ന മാറ്റങ്ങളും ആണ് ഈ കന്നഡ സിനിമ പറയുന്നത്.കിഷോർ ആണ് പോലീസ് ഉദ്യോഗസ്ഥൻ ആയ അശോകിനെ അവതരിപ്പിക്കുന്നത്.പ്രിയാമണിയും ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നു.ട്വിസ്റ്റുകളും സസ്‌പൻസുകളും കൊണ്ടു സമ്പന്നം ആണ് ചിത്രം.

  ഒരു കുറ്റാന്വേഷണ കഥയുടെ ഗൗരവം നല്ലതു പോലെ കാത്തു സൂക്ഷിക്കുകയും, ഷെർലോക് ഹോംസ് രീതിയിൽ അല്ലാതെ തന്നെ കേസ് അന്വേഷണം നടത്തുന്ന സാധാരണ പോലീസ് ഉദ്യോഗസ്ഥൻ ആണ് മുഖ്യ കഥാപാത്രം.അങ്ങനെ ഒരു മുഖം അന്വേഷണത്തിന് കൊടുത്തിരുന്നെങ്കിൽ ഈ കഥ പോലും ഉണ്ടാകില്ലയിരുന്നു എന്നതാണ് സത്യം.

  നല്ല ഒരു കുറ്റാന്വേഷണ സിനിമ ആയി തോന്നി നന്ന പ്രകാര.കണ്ടു നോക്കുക..

MH Views Rating 3/4

സിനിമ Amazon Prime ൽ ലഭ്യമാണ്.

 സിനിമയുടെ ടെലിഗ്രാം ലിങ്ക് : t.me/mhviews or @mhviews

Thursday, 20 June 2019

1056.Ondu Motteya Kathe(Kannada,2017)


1056.Ondu Motteya Kathe(Kannada,2017)
         Comedy,Drama


  "നിന്റെ തലയിൽ ഉണ്ടായിരുന്ന മുടി ഒക്കെ എന്തിയെ?","വയറു പിന്നെയും ചാടി.നല്ല പോളിംഗ് ആയിരിക്കും","ആകെ കറുത്തു ഇരുട്ടു പോലെ ആയി"....ഹോ!!എന്തൊക്കെ കേൾക്കേണ്ടി വരും ഓരോ ദിവസം ഈ രീതിയിൽ പല സാമ്പിൾ ആയി??മറ്റുള്ളവരുടെ കാര്യത്തിൽ ഇത്ര ശ്രദ്ധ ഉള്ള ജനത വേറെ ഉണ്ടാകില്ല.പലതും സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും പേരിൽ ചോദിക്കുന്നതും ആകാം.ഒന്നു ഹെയർ സ്റ്റൈൽ മാറ്റിയാലോ,താടിയും മീശയും വടിച്ചാലോ വളർത്തിയാലോ പോലും ഈ ചോദ്യങ്ങൾ ഒക്കെ പ്രതീക്ഷിക്കാം."Ondu Motteya Kathe" ഇങ്ങനത്തെ ഒരു കഥയാണ്.ഒരു മൊട്ടയുടെ കഥ!!

  ഒരു വർഷത്തിനുള്ളിൽ കല്യാണം കഴിച്ചില്ലെങ്കിൽ സന്യാസി ആയി പോകാൻ സാധ്യത ഉള്ള ജനാർദ്ധന എന്ന കന്നഡ ലെക്ച്ചററുടെ കഥയാണ് ഈ സിനിമ.ഈ പ്രവചനം നടത്തിയത് ആകട്ടെ വലിയ ഒരു ജ്യോൽസ്യനും.ആരോടും അധികം സംസാരിക്കാത്ത,സുഹൃത്തുക്കൾ ഇല്ലാത്ത,കന്നഡ ഭാഷയെ അതിരറ്റു സ്നേഹിക്കുന്ന,രാജ്‌കുമാറിന്റെ ആരാധകനായ ഒരാൾ.പെണ്ണ് കാണൽ ഭംഗിയായി നടക്കുന്നുണ്ടെങ്കിലും അയാളുടെ കഷണ്ടി തല കാരണം പെണ്ണുങ്ങൾക്ക് ആർക്കും അയാളെ പിടിക്കുന്നില്ല.ഫോറെവർ ബാച്ചിലർ ആക്കാൻ പെണ്കകുട്ടികൾ  അയാളെ നിര്ബന്ധിക്കുമ്പോൾ,കല്യാണം എന്നുള്ളത് അയാളുടെ ഏറ്റവും ലക്ഷ്യമായി മാറുന്നു.കന്നഡ ഇതിഹാസം രാജ്കുമാറിന് സമർപ്പിച്ച ഈ ചിത്രം ആ രീതിയിൽ മികവിട്ടു നിന്നു.ഒരു കഥാപാത്രമായി ഫോട്ടോയിലൂടെയും.ഗാനങ്ങളിലൂടെയും എല്ലാം അദ്ദേഹം ഈ ചിത്രത്തിൽ ഉണ്ടായിരുന്നു.'ഫാൻ ബോയ്' എന്നു സിനിമയുടെ അമരക്കാരനെ വിശേഷിപ്പിച്ചാലും മതിയാകില്ല!!


   ഇനി ജനാർധനയെ കുറിച്ചു.രസകരമാണ് അയാളുടെ ബന്ധങ്ങൾ.സ്ത്രീകളുടെ മനസ്സു വായിക്കുവാൻ ഉള്ള കഴിവ് ഒട്ടും ഇല്ലാത്ത അയാൾ ഇടയ്ക്കൊക്കെ ഓരോന്നും ആഗ്രഹിക്കുകയും ചെയ്യും.സ്വന്തം അനുജൻ ഈ കലയിൽ വിദഗ്ധൻ ആയതിന്റെ അസൂയ വേറെയും.ഒരു ശ്രീനിവാസൻ ലെവലിൽ പോകുന്ന കഥ.ഇവിടെ ആ പേര് ഉപയോഗിക്കാം.കാരണം സിനിമയുടെ സംവിധാനവും,കഥ എഴുതിയതും മുഖ്യ കഥാപാത്രം ആയ ജനാർധനയെ അവതരിപ്പിച്ചതും ഒരാളാണ്.രാജ്.ബി.ഷെട്ടി.

  കന്നഡ സിനിമയിലെ അത്ഭുതം ആയിരുന്നു 2017 ലെ ആ സിനിമ.ഒരു പ്രത്യേകതയും തോന്നില്ലെങ്കിലും സാധാരണക്കാർക്ക് പോലും relate ചെയ്യാൻ കഴിയാവുന്ന കാര്യം.വിരൂപൻ എന്നു നാട്ടുകാർ വിളിക്കുന്ന ആൾക്ക് പോലും മനസ്സിൽ ഒരു സൗന്ദര്യ ബോധം ഉണ്ടാവുകയും അതിന്റെ പേരിൽ മറ്റൊരാളെ അയാളുടെ സ്ഥാനത്തേക്ക് അയാൾ കൊണ്ടു വരുകയും പോലുള്ള കാര്യങ്ങളൊക്കെ സ്വയം ചോദിച്ചാൽ മനസിൽ എപ്പോഴെങ്കിലും അത്തരം ഒരു പാതകത്തിൽ പങ്കാളി ആയിരുന്നതായി കാണാനും സാധിക്കും.മനുഷ്യ മനസ്സിന്റെ ഇത്തരം ചില ചിന്തകളെ സമർഥമായി,തീരെ സാധാരണം എന്നു തോന്നിപ്പിക്കുന്ന ഈ കഥയിൽ പ്രേക്ഷന് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ ഉപയോഗിച്ചിട്ടുണ്ട്.

  ചിത്രത്തിന്റെ മലയാളം റീമേക് ആയിരുന്നു "തമാശ".കന്നഡ പതിപ്പ്  നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

  കഴിയുമെങ്കിൽ കാണുക..നല്ല ഒരു ചെറിയ ചിത്രമാണ്...ഈ കഥ ജീവിതത്തിന്റെ തുടക്കം ആണോ,മധ്യ ഭാഗം ആണോ അതോ അവസാനം ആണോ എന്ന് സംശയിക്കുന്ന ഒരാളുടെ കഥ..


  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് :


t.me/mhviews

Sunday, 10 February 2019

​​1012.K.G.F:Chpter 1(Kannada,2018)


​​1012.K.G.F:Chpter 1(Kannada,2018)
            Action,Thriller


ഇന്ത്യൻ ചരിത്രത്തിൽ ഒരിക്കലും രേഖപ്പെടുത്താത്ത ഒരു കഥാപാത്രം.അയാളുടെ കഥ ആയി വന്ന പുസ്തകം സർക്കാർ നിരോധിക്കുക.ആ പുസ്തകം വർഷങ്ങൾക്കു ശേഷം ലഭിക്കുക.എന്നാൽ ചരിത്രത്തിൽ രേഖപ്പെടുത്തായിട്ടില്ലാത്ത കഥാപാത്രത്തിന്റെ കഥ വെറും കെട്ടു കഥ ആയി കരുതപ്പെടുന്നു.എന്നാൽ ആ കഥയുടെ സത്യാവസ്ഥ തെളിയിക്കാൻ ഒരാൾ ബാധ്യസ്ഥൻ ആയിരുന്നു.

K.G.F ന്റെ കഥ ഇവിടെ തുടങ്ങുന്നു.ഫിക്ഷണൽ ആയ ഒരു കഥാപാത്രത്തെ 1950 കളിൽ തുടങ്ങി '80 കളിലെ രാഷ്ട്രീയ,സാമൂഹിക സാഹചര്യങ്ങളിലേക്ക് ഇറക്കി കൊണ്ടു ആണ്. സ്റ്റൈലിഷ്‌ ആയ,ഇന്ത്യൻ സിനിമയിലെ മാച്ചോ ഹീറോയിസം നന്നായി അവതരിപ്പിച്ചിട്ടുണ്ട് ആ കഥാപാത്രത്തിന്റേതായി ചിത്രത്തിൽ.ഏറ്റവും ഇഷ്ടപ്പെട്ടത് നായകൻ യാഷിനെ തന്നെ ആണ്.നല്ല സ്‌ക്രീൻ പ്രസൻസ്.ഇപ്പൊ തല്ലി തീർക്കാം എന്നുള്ള റഫ് ഭാവം."റോക്കി" എന്ന കഥാപാത്രം ഇഷ്ടമായി.പുതുമയുള്ള കഥ ഒന്നും അല്ലെങ്കിൽ പോലും സിനിമ അവതരിപ്പിച്ച രീതിയും അതിനായി തിരഞ്ഞെടുത്ത പശ്ചാത്തലം ഒക്കെ ഒരു 'പൊളിറ്റിക്കൽ -ഇതിഹാസ' സിനിമയുടെ രൂപത്തിൽ വന്നൂ എന്നു നിസംശയം പറയാം.ബാഹുബലിയുടെ 'പ്രേതം' ഇടയ്ക്കു വന്നെങ്കിലും അതൊക്കെ ക്ഷമിക്കാവുന്നതാണ്.

   കന്നഡ സിനിമയുടെ പുതുയുഗ മുഖമായി മാറിയ K.G.F അവിടെ ഇനി വരുന്ന ചിത്രങ്ങൾക്ക് ബെഞ്ച്മാർക്ക് തന്നെയാണ്.ഏതു ഭാഷയിലും സ്ക്കോപ് ഉള്ള സിനിമ കഥ ആണെന്ന് പറയാമെങ്കിലും 'കോലാർ സ്വർണ ഖനികളുടെ' കഥ കർണാടക പശ്ചാത്തലത്തിൽ തന്നെയാണ് മികച്ചു നിൽക്കുക.എണ്പതുകളുടെ പശ്ചാത്തലത്തിൽ വരുന്ന കഥയ്ക്ക് നല്ല ശക്തിയുണ്ട് സിനിമയിൽ.കാര്യമായ ശ്രദ്ധയില്ലെങ്കിൽ പാളി പോകാവുന്നതും മറ്റൊരു സാധാരണ ചിത്രവും ആയി മാറാനുള്ള അവസരം ഉണ്ടാകാതെ നല്ല തിരക്കഥയുടെ സഹായത്തോടെ ആ ഭാഗം ഭംഗിയാക്കി.സ്ഥിരം തെലുങ്ക് സിനിമ വില്ലന്മാരെയും അവരുടെ ആയുധങ്ങളെയും ഒക്കെ ഓർമ വന്നെങ്കിലും  'മാഡ് മാക്‌സ്' സിനിമയെ കൂടുതൽ ഓർമിപ്പിച്ചു.എന്നാൽ ഇതെല്ലാം സിനിമയുടെ മോശം വശം ആയി തോന്നിപ്പിച്ചും ഇല്ല.പ്രേക്ഷകനെ പിടിച്ചിരുത്തും .ക്ളൈമാക്‌സ് കിടിലം ആയിരുന്നു.പശ്ചാത്തല സംഗീതം കൂടി ചേരുമ്പോൾ നല്ല എഫെക്റ്റ് ഉണ്ടായിരുന്നു.തീർച്ചയായും രണ്ടാം ഭാഗത്തിനായി കാത്തിരിക്കും.

  മോശം കാര്യങ്ങൾ തേടി പോകാൻ അധികം മെനക്കെട്ടില്ല.എന്നാലും എത്ര ഷാർപ് ഷൂട്ടർ വില്ലന്മാർ ഉണ്ടെങ്കിലും വെടി കൊള്ളാത്ത നായകനും,നായകന്റെ ഇടി വാങ്ങിച്ചു പോകാൻ നിൽക്കുന്ന വില്ലന്മാർ ഒക്കെ എന്നത്തേയും പോലെ ആക്ഷൻ സിനിമകൾക്ക് വേണ്ടി സ്വയം ക്ഷമിക്കുന്നത് പതിവാക്കിയത് കൊണ്ടു പ്രശ്നമില്ല.അല്ലെങ്കിൽ intro സീനിൽ തന്നെ വില്ലന്മാർ കൂടി ചേർന്നു ചന്നം പിന്നം അടിച്ചാൽ നായകൻ ദിവംഗതൻ ആയി സിനിമ തീരുമല്ലോ.നായിക ഒക്കെ പേരിന് മാത്രമാണ്.തെറ്റുകൾ,കുറവുകൾ ഒക്കെ വേറെയും കിട്ടുമായിരിക്കും.എന്നാൽക്കൂടിയും മൊത്തത്തിൽ തൃപ്തി നൽകി K.G.F എനിക്ക്.

  "If you are bad,am your Dad" മാരി 2 വിലും ഉണ്ടായിരുന്ന ഡയലോഗ് അല്ല?അതു ഇതിലും ഉണ്ടായിരുന്നു.സന്ദർഭവും സാഹചര്യവും നോക്കുമ്പോൾ റോക്കി എന്ന കഥാപാത്രത്തിന് ചേരുന്ന ഡയലോഗ് ആണിത്.ആക്ഷൻ,മാസ് സിനിമ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന എല്ലാം മിക്സ് ചെയ്തിട്ടുണ്ട് ചിത്രത്തിൽ.

സിനിമ Amazon Prime ൽ റിലീസ് ചെയ്തിട്ടുണ്ട്.

More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ link എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ് :t.me/mhviews

Thursday, 12 May 2016

656.KENDASAMPIGE (KANNADA,2015)

656.KENDASAMPIGE (KANNADA,2015),|Thriller|Crime|,Dir:-Duniya Soori,*ing:-Vikky,Manvitha Harish



   Sandalwood എന്നറിയപ്പെടുന്ന  കന്നഡ  സിനിമകള്‍   ഇന്ത്യയിലെ  മിക്ക  ഭാഷകളിലും  മുഖ്യധാര  സിനിമ ലോകത്ത് മാറ്റങ്ങള്‍   വന്നപ്പോഴും  പഴയക്കാല  കോപ്രായ-കൊമേര്‍ഷ്യല്‍  സിനിമകളില്‍  ഒതുങ്ങി.ഒരു  കാലത്ത്  ഇന്ത്യയിലെ  മികച്ച  സിനിമകള്‍  വന്നു  കൊണ്ടിരുന്ന സിനിമ വ്യവസായം നിലവാര   തകര്‍ച്ച  നേരിട്ടത്  പോലെ  തോന്നി.കന്നഡ  സിനിമ  കാണുന്ന  കന്നടക്കാര്‍  പോലും  കുറഞ്ഞൂ  എന്ന്  തോന്നുന്നു.ഉപേന്ദ്രയില്‍  മാത്രം  ഒതുങ്ങി  പോയത്  പോലെ  തോന്നി കന്നഡ  സിനിമയിലെ  വ്യത്യസ്തത.എന്നാല്‍  ലൂസിയയിലൂടെ വന്ന  മാറ്റം  ശ്രദ്ധേയം  ആയിരുന്നു.കന്നഡ  സിനിമയുടെ  സ്ഥിതി  കണ്ടിട്ടാകാം  അവിടത്തെ  ആളുകള്‍  അധികം  കണ്ടില്ലെങ്കിലും  മറ്റു  മിക്ക  ഭാഷകളിലും  ശ്രദ്ധേയം  ആയി  ചിത്രം.Uli Davaru Kandanthe പോലെ   ഉള്ള   ചില  ചിത്രങ്ങള്‍  ഒക്കെ  നിലവാരം  പുലര്‍ത്തിയിരുന്നു.

  Kendasampige എന്ന  ചിത്രവും  മാറി  വന്ന കന്നഡ  സിനിമകളുടെ  രീതിയില്‍  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.ചിലപ്പോള്‍  ഇതിലെന്ത്  പുതുമ  ആണെന്ന്  ചോദിക്കുമ്പോള്‍ രണ്ടു  ഭാഗം  ഉള്ള  സിനിമയുടെ  രണ്ടാം  ഭാഗം  ആദ്യം  അവതരിപ്പിച്ച്  ക്ലൈമാക്സും  കാണിച്ചു  തന്നിട്ട്  ആദ്യ  ഭാഗം  prequel ആയി  വരുന്നു  എന്നതാണ്. Kaage Bangara എന്ന  ആദ്യ  ഭാഗം  ഈ വര്‍ഷം  ഇറങ്ങും.പോലീസുകാരുടെ  ഇടയിലെ കുഴപ്പക്കാര്‍ നടത്തുന്ന   നിയമലംഘനങ്ങളും  അത്  കൊണ്ട്  ബാധിക്കപ്പെടുന്ന  ഒരു  യുവാവിന്റെയും  അവന്റെ  കാമുകിയുടെയും  കഥയാണ്  ചിത്രത്തില്‍  അവതരിപ്പിക്കുന്നത്‌.ഒട്ടും  പ്രതീക്ഷിക്കാതെ  വരുന്ന  സംഭവങ്ങള്‍  ചില  മുന്‍  ധാരണകളെ  മാറ്റും.അതാണ്‌  ഈ  ചിത്രത്തിലും  ഉള്ളത്.

  ക്ലൈമാക്സിലും  ഇടവേളയിലും  അവതരിപ്പിക്കുന്ന  കഥാപാത്രം  ഈ  ഭാഗത്ത്‌  കഥ  സംബന്ധിച്ച്  വലിയ  പ്രാധാന്യം  ഇല്ലെങ്കിലും  ആദ്യ  ഭാഗം  വരുമ്പോള്‍  പ്രാധാന്യം  ഉള്ള  കഥാപാത്രം  ആകും  എന്ന്  ഉറപ്പാണ്.മയക്കു  മരുന്നിന്റെ  ഇടപാടില്‍  ഉള്‍പ്പെടുന്ന  പോലീസുകാര്‍,ധനികന്‍  ആയ  കാമുകിയും ദരിദ്രന്‍  ആയ  കാമുകനും  നല്ലവനായ  പോലീസും  ഒക്കെ  സ്ഥിരം  സിനിമ  വേഷങ്ങള്‍  ആണെങ്കിലും  അവതരണ  രീതി  പലപ്പോഴും ഈ  ചിത്രത്തില്‍  ഒരു  കൌതുകം  ഉണ്ടാക്കും.A=B,A യും  B യും  സാധാരണ  രീതിയില്‍  സംഭവിക്കാന്‍  സാധ്യത  കുറവാണെങ്കിലും  A സംഭവിക്കുന്നത്‌  കൊണ്ട്  B യും  സംഭവിക്കാന്‍  ഉള്ള  സാധ്യത  ഉണ്ട്.  ഈ  ഭാഗത്തിലെ  പ്രധാന   സംഭവങ്ങള്‍  രണ്ടെണ്ണം ആണ്  A,B  എന്നിവ  കൊണ്ട്  ഉദ്ദേശിച്ചിരിക്കുന്നത്‌.സിനിമയുടെ  പോരായ്മ  ആയി  തോന്നിയത്  പ്രാധാന്യത്തോടെ   പറയേണ്ടിയിരുന്ന  പല  ട്വിസ്ട്ടുകളും  വെറുതെ  പറഞ്ഞു  പോയത്  പോലെ  തോന്നി.ഒപ്പം  ആദ്യ  ഭാഗത്തിലേക്ക്  പോകാന്‍  ഉള്ള  ധൃതിയും.ഒരു  സാധാരണ കന്നഡ  സിനിമയുടെ    നിലവാരം  വച്ച്  നോക്കുമ്പോള്‍  മോശം  അല്ലാത്ത  ചിത്രം  ആണ് Kendasampige.


More movie suggestions @www.movieholicviews.blogspot.com

Sunday, 13 September 2015

496.ULIDAVARU KANDANTHE(KANNADA,2014)

496.ULIDAVARU KANDANTHE(KANNADA,2014),|Crime|Mystery|,Dir:-Rakshit Shetty,*ing:-Kishore, Rakshit Shetty, Tara .

   ഒരു കാലത്ത് മികച്ച സിനിമകളുടെ വാര്‍ഷിക കണക്കെടുപ്പില്‍ ഇന്ത്യയില്‍ തന്നെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന സിനിമ ഭാഷ ആയിരുന്നു കന്നഡ.എന്നാല്‍ പിന്നീട് നിലവാര തകര്‍ച്ചയും ചില മോശം പ്രവണതകളും അവര്‍ക്ക് ഭീഷണി ആയി മാറി.സിനിമയില്‍ മസാല ചേര്‍ക്കാന്‍ ഉള്ള ശ്രമം തെലുങ്ക്‌ സിനിമയെ രക്ഷിച്ചു എങ്കിലും തെലുങ്ക്‌,തമിഴ് സിനിമകളുടെ ഒപ്പം നില്‍ക്കാന്‍ നടത്തിയ ഓട്ടം അവരെ ദോഷമായി ബാധിച്ചു.കര്‍ണാടകയില്‍ ഉള്ളവര്‍ തന്നെ കന്നഡ സിനിമകള്‍ കാണാത്ത അവസ്ഥയിലേക്ക് മാറി.ഹിന്ദി സിനിമകളിലേക്കും ഹിന്ദിയുടെ സ്വാധീനം ജനങ്ങളിലേക്ക് പടര്‍ന്നതും ഒരു കാരണമായി.എന്നാല്‍ ഇടയ്ക്കിടെ നല്ല സിനിമകള്‍ക്കായുള്ള അവരുടെ ശ്രമങ്ങള്‍ നിശബ്ദം ആയി നടന്നിരുന്നു."ലൂസിയ" എന്ന സിനിമ കര്‍ണാടകയില്‍ ഉള്ള ആളുകള്‍ക്ക് എത്ര മാത്രം പരിചിതം ആണെന്ന് അറിയില്ലെങ്കിലും മറ്റു ഭാഷകളില്‍ ഒക്കെ സിനിമ ശ്രദ്ധേയം ആയി മാറി.Found Footage ചിത്രം ആയ "6-5=2" ഒക്കെ കന്നഡ സിനിമയുടെ അടുത്തുള്ള നിലവാര തകര്‍ച്ചയുടെ ഇടയില്‍ വ്യത്യസ്തത പരീക്ഷിച്ച ചിത്രം ആയിരുന്നു.ഉപേന്ദ്രയെ പോലെ ഉള്ളവര്‍ ഒക്കെ ഈ പുത്തന്‍ ഉണര്‍വിന്റെ സമയത്ത് അല്‍പ്പം Eccentric എന്ന് തോന്നാവുന്ന തീമുകളും ആയി തിരിച്ചു വരവ് നടത്താനും ശ്രമിക്കുന്നുണ്ട് .

  "Cannes Film Festival" ല്‍ പ്രദര്‍ശിപ്പിക്കുകയും നല്ല അഭിപ്രായങ്ങളും നേടിയ ചിത്രം ആയിരുന്നു "Ulidavaru Kandanthe"."As Seen By The Rest" എന്ന അര്‍ത്ഥം ഉള്ള സിനിമയുടെ പേര് പോലെ തന്നെയാണ് ഈ ചിത്രത്തിന്‍റെ കഥയും.നോണ്‍-ലീനിയര്‍  ആഖ്യാന ശൈലിയില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം  ജന്മാഷ്ടമി ദിവസം " മാല്‍പ്പേ " എന്ന കടലോര ഗ്രാമത്തില്‍ നടന്ന സംഭവങ്ങള്‍ ആണ് കാണിക്കുന്നത്.റെജിന എന്ന പത്രപ്രവര്‍ത്തക തന്റെ പുതിയ ഫീച്ചര്‍ ആയി തിരഞ്ഞെടുത്തത് അന്ന് നടന്ന സംഭവങ്ങളുടെ സത്യം അറിഞ്ഞുള്ള ഒരു യാത്ര ആയിരുന്നു.ആറു ഭാഗങ്ങളായി അവള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന കഥ ഒരു പത്ര പ്രവര്‍ത്തക എന്ന നിലയില്‍ റെജിനയുടെ കാഴ്ചപ്പാടില്‍ നിന്നും അവതരിപ്പിക്കുന്നതിനു പകരം അന്നത്തെ ആ സംഭവങ്ങളില്‍ എന്തെങ്കിലും രീതിയില്‍ ബന്ധം ഉള്ള ആളുകളുടെ കാഴ്ചപ്പാടില്‍ നിന്നും ആണ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.

   അതിനായി  മാല്‍പ്പയില്‍ എത്തിയ റെജീന ,റിച്ചി എന്ന അവിടത്തെ കുപ്രസിദ്ധ ഗുണ്ടയുടെ ജീവിതവും അയാളുമായി ബന്ധം ഉള്ളവരെയും എല്ലാം കണ്ടെത്തുന്നു.റിച്ചിയുടെ ഭൂത കാലം റെജിനയ്ക്ക് പരിചിതം ആയിരുന്നു ഒരു പരിധി വരെ.എന്നാല്‍ റിച്ചി എന്ന ആരോടും പ്രത്യേക അനുകമ്പ ഇല്ലാത്ത ആളുടെ ജീവിതത്തില്‍ അയാള്‍ കാരണം വിഷമിക്കുകയും അയാളെ മുതലെടുക്കുകയും ചെയ്ത പല കഥാപാത്രങ്ങളെയും ആണ് പിന്നീട് കാണാന്‍ ശ്രമിക്കുന്നത്,അന്ന് ആ ഗ്രാമത്തില്‍ എന്താണ് സംഭവിച്ചത്?പലരുടെയും വീക്ഷണ കോണിലൂടെ അന്ന് നടന്ന സംഭവങ്ങളുടെ രഹസ്യം റെജിന കണ്ടെത്തുമോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.  സംവിധായകന്‍  ആയ രക്ഷിത് ഷെട്ടി ആണ് റിച്ചിയെ അവതരിപ്പിച്ചിരിക്കുന്നത്.Rashomon മായി സാദൃശ്യം ഈ സിനിമയ്ക്ക് അതിന്‍റെ അവതരണ രീതിയില്‍ കാണാന്‍ സാധിക്കും.പ്രത്യേകിച്ചും പലരുടെയും കണ്ണിലൂടെ അവതരിപ്പിക്കുന്ന രംഗങ്ങള്‍ ഒക്കെ.എങ്കില്‍ കൂടിയും കന്നഡ സിനിമയിലെ തന്നെ വ്യത്യസ്തമായ രീതിയില്‍ ഉള്ള ചിത്രങ്ങളുടെ ഇടയില്‍ തന്നെ ആകും  ഈ ചിത്രത്തിന്‍റെ സ്ഥാനവും.

  More movie suggestions @www.movieholicviews.blogspot.com

Sunday, 9 November 2014

218.6-5=2(KANNADA,2013)

218.6-5=2(KANNADA,2013),|Horror|,Dir:-KS Ashoka,*ing:-Darshan Apoorva,Krishna Prakash,Vijay Chendoor,Pallavi,Tanuja,Mruthyunjaya

6-5=2 കന്നടയില്‍ നിന്നും ഒരു  The Blair Witch Project.

     ചെറുപ്പത്തില്‍  വളരെയധികം പേടിപ്പിച്ച ഒരു ചിത്രം ആയിരുന്നു The Blair Witch Project.യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം ആണെന്ന് അന്നാരോ പറഞ്ഞത് വിശ്വസിച്ചു ഉണ്ടായ ഭയം ആയിരുന്നു അത്.ഏകദേശം അതേ പ്ലോട്ടിലൂടെ ആണ് കന്നടയുടെ ആദ്യ Found Footage സിനിമയും ചലിക്കുന്നത്‌.വെറും 30 ലക്ഷം രൂപ ബട്ജട്ടില്‍ ഒരുക്കിയ ഈ ചിത്രം ഒരു വന്‍ വിജയം ആയിരുന്നു കന്നടയില്‍.അതും ടി വി,ന്യൂസ്‌പേപ്പര്‍ എന്നിവയിലൂടെ ഉള്ള പ്രൊമോഷന്‍ ഇല്ലാതെ.അവര്‍ ആശ്രയിച്ചത് സോഷ്യല്‍ മീഡിയയെ ആയിരുന്നു പരസ്യങ്ങള്‍ക്ക് വേണ്ടി.രണ്ടര കോടിയോളം ഈ ചിത്രം തിരിച്ചു പിടിക്കുകയും ചെയ്തു.ചുരുക്കത്തില്‍ കന്നഡ സിനിമയില്‍ ലൂസിയ പോലെ ഒരു നവ പരീക്ഷണം ആയിരുന്നു ഈ വിജയ ചിത്രവും.

  ചിത്രം ആരംഭിക്കുന്നത് ഒരു ട്രെക്കിംഗ് ദുരന്തത്തില്‍ അകപ്പെട്ട സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഒരാള്‍ ആയ പ്രകാശ് ഒരു ടി വി ചാനലിനു നല്‍കുന്ന അഭിമുഖത്തില്‍ നിന്നും ആണ്.അന്നത്തെ ആ യാത്രയുടെ വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള അനുമതി അവര്‍ പ്രകാശില്‍ നിന്നും നേടുന്നു.സ്ഥലം ഏതാണെന്ന് വ്യക്തമാക്കാത്ത ആ കാട്ടിലേക്കുള്ള യാത്ര ആണ് പിന്നെ പ്രേക്ഷകന്‍ മുന്നില്‍ കാണുന്നത്. രമേശ്‌ സിനിമയില്‍ ക്യാമറമാന്‍ ആകാന്‍ വേണ്ടി ഉള്ള പരിശ്രമത്തില്‍ ആണ്.രമേശ്‌ തന്‍റെ ഡിജിറ്റല്‍ HD ക്യാമറയുമായി സുഹൃത്തുക്കള്‍ ആയ പ്രകാശ്,നവീന്‍,സൌമ്യ,ദീപ,കുമാര്‍ എന്നിവരും ആയി ഒരു ട്രെക്കിങ്ങിനു പ്ലാന്‍ ചെയ്യുന്നു.ഒരു വ്യത്യസ്ത അനുഭവം ആകും ആ യാത്ര എന്ന് കരുതി സുഹൃത്തുക്കള്‍ അതിനു സമ്മതിക്കുന്നു.അവര്‍ ആദ്യം താമസിച്ച ഹോം സ്റ്റെയില്‍ അവര്‍ രാത്രി ചിലവഴിച്ചതിനു ശേഷം സന്തോഷകരമായി ആ ട്രക്കിംഗ് തുടങ്ങുന്നു.അപ്പുറത്തെ വശത്തുള്ള കുന്നില്‍ എത്തി ചേരുക ആണ് അവരുടെ ലക്‌ഷ്യം.അതിനായി അവര്‍ക്ക് ഒരു കൊടും കാട് കടന്നു പോകേണ്ടതുണ്ട്.രസകരം ആയിരുന്നു അവരുടെ യാത്രയുടെ തുടക്കം.യാത്രയിലെ സംഭവങ്ങള്‍ എല്ലാം രമേശന്‍ തന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.എന്നാല്‍ അഞ്ചു ദിവസത്തെ യാത്രയുടെ അവസാനം അവര്‍ക്ക് സംഭവിച്ച ഭയപ്പെടുത്തുന്ന അനുഭവം ആണ് ബാക്കി ചിത്രം.

  ഇരുണ്ട ഒരു രാത്രി.ഹെഡ് ഫോണും  വച്ച് ഒരു വിധം കേട്ടാല്‍ മനസ്സിലാകുന്ന കന്നഡ ഭാഷയില്‍ ഉള്ള സിനിമ കണ്ടു കൊണ്ടിരുന്ന ഞാന്‍ അപ്രതീക്ഷിതം ആയി വന്ന പല സീനുകളിലും ശരിക്കും ഞെട്ടിയിരുന്നു.പേടിക്കുക ഇല്ല  ഒരിക്കലും എന്ന് കരുതി ഇരുന്നാല്‍ ഈ ചിത്രം കണ്ടാലും പേടിക്കില്ല എന്ന് തോന്നുന്നു.എന്നാല്‍ രക്തപങ്കിലമായ ദൃശ്യങ്ങള്‍ തരുന്ന ഭയാനകതതയില്‍ കൂടുതല്‍  "രമേശാ" എന്നുള്ള അനന്തതയില്‍ നിന്നുള്ള ആ വിളിയില്‍ ഉണ്ടായിരുന്നു.എന്തായാലും കുറച്ചു വര്‍ഷങ്ങള്‍ ആയി മോശം ആയിക്കൊണ്ടിരുന്ന കന്നഡ സിനിമയ്ക്ക് ലൂസിയ എങ്ങനെ ഉണര്‍വ് നല്‍കിയോ ആ പാതയില്‍ തന്നെ ആണ് ഈ ഹൊറര്‍ ചിത്രവും.

More reviews @ www.movieholicviews.blogspot.com

Tuesday, 10 December 2013

71.LUCIA (KANNADA,2013)

71.LUCIA (KANNADA,2013),|Sci-fi|Drama|Thriller|,Dir:-Pawan Kumar,*ing:- Sathish Neenasam, Sruthi Hariharan


"ഇന്ത്യയുടെ ഇന്‍സെപ്ഷന്‍ -കന്നഡയില്‍ നിന്നും ലൂസിയ"
നോളന്‍ എന്ന ഒറ്റ പേര് മാത്രം മതി സിനിമ കാണികളില്‍ എത്തിക്കാന്‍ .ഏതെങ്കിലും പുതുമ ;പലപ്പോഴും തലച്ചോറിനെ ചൂടാക്കാന്‍ മാത്രം ആവശ്യമുള്ളത്ര പുതുമകളുമായി വരുന്ന നോളന്‍ ചിത്രങ്ങള്‍ എന്നും കാത്തിരിക്കാന്‍ സിനിമയെ ഗൌരവമായി കാണുന്ന പലരും ഉണ്ട് .ആ ശ്രേണിയിലേക്ക് നിലവാരം കുറഞ്ഞ സിനിമകള്‍ സ്ഥിരമായി വന്നു കൊണ്ടിരിക്കുന്ന കന്നഡയില്‍ നിന്നും ഒരു അത്ഭുതമായി വന്നിരിക്കുന്ന സംവിധായകന്‍ ആണ് പവന്‍ കുമാര്‍ .ഈ സിനിമയുടെ ആരംഭം തന്നെ വ്യത്യസ്തമായിരുന്നു .ഒരു നിര്‍മാതാവിനെ തേടി പോകുന്നതിനു പകരം പൊതു സമൂഹത്തില്‍ നിന്നും സ്വരൂപിച്ച തുക കൊണ്ടാണ് ഈ ചിത്രം നിര്‍മ്മിച്ചത്‌ (സിനിമയുടെ തുടക്കം എഴുതി കാണിക്കുന്ന നിര്‍മാതാക്കളുടെ എണ്ണം സാക്ഷി ).കൂടുതല്‍ ആളുകളില്‍ സിനിമ എത്തിക്കണം എന്ന ഉദ്ദേശം ഉള്ളത് കൊണ്ട് ഇംഗ്ലീഷ് സബ് ടൈറ്റില്‍ എഴുതി കാണിച്ചു പ്രദര്‍ശിപ്പിച്ച സിനിമ .ഇവിടെ കൊണ്ട് മാത്രം തീരുന്നില്ല ഈ സിനിമയുടെ പുതുമകള്‍ .സിനിമ കാണുന്നവരെയും കാത്തിരിക്കുന്നത് അല്‍പ്പം കുഴയ്ക്കുന്ന ഒരു കഥയാണ് .ഒന്നും മനസ്സിലാകുന്നില്ല എന്ന് പറഞ്ഞ് നിര്‍ത്തിയിട്ടു പോകാന്‍ അത് തന്നെ ധാരാളം.എങ്കില്‍ പോലും പിഴവുകള്‍ അധികം ഇല്ലാതെ ചിത്രം തയ്യാറാക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചിരിക്കുന്നു .എങ്കിലും ഇന്‍സെപ്ഷന്‍,മഷീനിസ്റ്റ് ,ഫൈറ്റ് ക്ലബ് പോലുള്ള സിനിമകള്‍ ഇഷ്ടപ്പെട്ടവര്‍ക്ക് ഇത് മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒരു സിനിമയാണ് .



നോണ്‍ -ലീനിയര്‍ സിനിമാ രീതിയില്‍ നിര്‍മിച്ച ചിത്രമാണ് ലൂസിയ .ഈ സിനിമ സഞ്ചരിക്കുന്നത് സമാന്തരമായി പോകുന്ന മൂന്നു സംഭവ വികാസങ്ങളിലൂടെ ആണ് .തിയറ്ററില്‍ വെളിച്ചം അടിച്ച് ആളുകളെ ഇരിപ്പിടത്തില്‍ കൊണ്ടെത്തിക്കുന്ന നിക്കി .ആള്‍ക്കൂട്ടത്തിലെ അദൃശ്യനായ മനുഷ്യന്‍ ആണ് നിക്കി എന്ന ആ കഥാപാത്രം .പിന്നെ സൂപ്പര്‍ സ്റ്റാര്‍ ആയ നിക്കി എന്ന നടന്‍.ആള്‍ക്കൂട്ടത്തില്‍ എല്ലായ്പ്പോഴും ശ്രദ്ധാകേന്ദ്രം .മറ്റൊന്ന് സത്യാവസ്ഥ കണ്ടു പിടിക്കാന്‍ വന്നിരിക്കുന്ന സഞ്ജയ്‌ എന്ന ക്രൈം ബ്രാഞ്ച് ഓഫീസര്‍ എന്നിവരിലൂടെ ഈ സിനിമ സഞ്ചരിക്കുന്നു .ഈ സിനിമയുടെ പേര് ലൂസിയ എന്നാണു .എന്താണ് ലൂസിയ ?ലൂസിയ ഒരു സ്വപ്നം ആണ് .നിറങ്ങള്‍ ചാലിച്ച സുന്ദരമായ ഒരു സ്വപ്നം .ആ സ്വപ്നത്തിനു തിരക്കഥ എഴുതുന്ന ചിലര്‍ .ആ തിരക്കഥയില്‍ അവര്‍ ജീവിക്കുന്നു .സ്വന്തമായി നിര്‍മ്മിച്ച ലോകത്ത് ജീവിക്കുന്നവര്‍ എന്നാല്‍ യാതാര്‍ത്യങ്ങളുടെ അടിമകളും ആണ് .ഈ സിനിമ കൂടുതല്‍ മനസ്സിലാകണമെങ്കില്‍ ലൂസിയ എന്താണെന്ന് അറിയണം .നേരിട്ട് അനുഭവിച്ചല്ലെങ്കിലും കഥാപാത്രങ്ങളിലൂടെ .എങ്കില്‍ മാത്രമേ ഈ സിനിമയെ ഇഷ്ടപ്പെടാന്‍ ആരംഭിക്കുകയുള്ളൂ .ഒരു അടക്കും ചിട്ടയും ഇല്ലാതെ പോകുന്ന സംഭവങ്ങള്‍ പിന്നീട് ലിങ്ക് ചെയ്തു വരുമ്പോള്‍ ആണ് അതാണല്ലേ ഇത് എന്നൊരു തോന്നല്‍ ഉണ്ടാവുക .ലൂസിയയുടെ സ്വപ്നങ്ങളിലും യാഥാര്‍ത്യങ്ങള്‍ ഉണ്ട്.എന്നാല്‍ അത് മനസ്സിലാക്കണമെങ്കില്‍ ഈ സിനിമയുടെ അവസാനം വരെ കാത്തിരിക്കണം എന്ന് മാത്രം .ഇനി ഈ ലൂസിയ എന്താണ് സംഭവം എന്നറിയണം എങ്കില്‍ സിനിമ കാണുക ...


നിരൂപക പ്രശംസ ധാരാളം പിടിച്ചു പറ്റിയ ചിത്രം ആണ് ലൂസിയ.കന്നഡ പോലെ ഒരു ഭാഷയില്‍ നിന്നും ഇക്കാലത്ത് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത സിനിമ ,എന്നാല്‍ അതില്‍ നിന്നും ഒരു പടി കൂടി കയറി നല്ല നിലവാരം ഉള്ള ഒരു സിനിമയിലേക്ക് ഈ കഥയെ അടുപ്പിച്ച പവന്‍ കുമാര്‍ എന്ന സംവിധായകന്‍ അഭിനന്ദനം തീര്‍ച്ചയായും അര്‍ഹിക്കുന്നു .തന്‍റെ രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ ,ഇന്ത്യയുടെ മികച്ച സംവിധായകരില്‍ ഒരാളായ അനുരാഗ് കശ്യപ് ഒക്കെ ധാരാളം പ്രശംസിച്ച ഒരു സിനിമ ആണ് ലൂസിയ .പ്രോജക്റ്റ് ലൂസിയ എന്നൊരു സംരംഭത്തിലൂടെ ഏകദേശം 110 പേരില്‍ നിന്നും സംഭരിച്ച തുക കൊണ്ട് ആദ്യം നിര്‍മാതാക്കളെ ഒന്നും കിട്ടാതിരുന്ന ഒരു സംവിധായകന്‍ ചെയ്ത ചിത്രമാണ് ലൂസിയ എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും ?ഇപ്പോള്‍ ഇതിന്‍റെ റീമേക്ക് അവകാശങ്ങള്‍ ഒക്കെ വന്‍കിട ഗ്രൂപ്പുകള്‍ വാങ്ങുമ്പോള്‍ തന്‍റെ ഉദ്യമം ഫലം കണ്ടു എന്ന് പവന്‍ കുമാറിന് സധൈര്യം പറയാം.കൂടുതലും പുതു മുഖങ്ങളും അധികം പ്രശസ്തരല്ലാത്ത അഭിനേതാക്കളും കൂടെ സങ്കീര്‍ണമായ കഥയും .സംവിധായകന്‍റെ ധൈര്യം സമ്മതിച്ചേ പറ്റൂ .എപ്പോള്‍ വേണമെങ്കിലും പാളി പോകാവുന്ന ഒരു കഥ.എന്നാല്‍ തികഞ്ഞ കയ്യടക്കത്തോടെ അത് ചെയ്തിരിക്കുന്നു .


ഒരു ത്രില്ലര്‍ പോലെ പോയ സിനിമയുടെ ആദ്യ പകുതി എന്നാല്‍ രണ്ടാം പകുതിയില്‍ അല്‍പ്പം പതുക്കെ ആയതു പോലെ തോന്നി .എന്നാല്‍ അവസാനം ചിത്രം പറയാന്‍ ഉദ്ദേശിച്ചത് പറഞ്ഞു തന്നെ മടങ്ങി .പ്രതീക്ഷയുണര്‍ത്തുന്ന അഭിനേതാക്കള്‍ .സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന സതീഷിനെ നായകനാക്കി ചെയ്ത ഈ സിനിമയില്‍ എന്നാല്‍ നായകന്‍ മോശം ആക്കിയില്ല എന്ന് തോന്നി.അത്  പോലെ തന്നെ സംഗീതവും ,ക്യാമറയും എല്ലാം സിനിമയുടെ സ്വഭാവത്തോട് ഇണങ്ങി നിന്നു .ഇന്‍സെപ്ഷന്‍ പോലെ ഒരു ഹൈ-ഫൈ ത്രില്ലര്‍ ഒന്നും പ്രതീക്ഷിച്ചു ഈ സിനിമ കാണരുത് ..ഈ സിനിമയുടെ പാത പ്രണയത്തിന്‍റെ ആണ് നഷ്ട സ്വപ്നങ്ങളുടെ ആണ്.എന്നാല്‍ ഈ ചിത്രം നമുക്ക് ആകാംക്ഷയും പ്രതീക്ഷയും നല്‍കുന്നുണ്ട് അവസാനം എങ്ങോട്ടയിരിക്കും എന്നുള്ളതിന് . .ഞാന്‍ ഈ ചിത്രത്തിന് കൊടുക്കുന്ന റേറ്റിംഗ് 8/10!! ഇത് എനിക്കിഷ്ടപ്പെട്ട ഒരു സിനിമ എന്ന നിലയില്‍ കൊടുക്കുന്നതാണ് .എല്ലാവര്‍ക്കും ഇത് തന്നെ ആകണം എന്നില്ല .

More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)