Showing posts with label MANDARIN. Show all posts
Showing posts with label MANDARIN. Show all posts

Friday, 17 May 2024

1802. Lost In The Stars(Mandarin, 2022)







 1802. Lost In The Stars(Mandarin, 2022)

         Mystery, Crime.

⭐⭐⭐½ /5

നല്ല ട്വിസ്റ്റുകൾ ഉള്ള ഒരു ചൈനീസ് ചിത്രമാണ് Lost In The Stars. ഒരു പക്ഷെ ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ ചിലപ്പോൾ എങ്കിലും കണ്ടിട്ടുണ്ടെങ്കിലും ഈ ഒരു സിനിമയിൽ ഞാൻ ഇത്തരം ട്വിസ്റ്റുകൾ പ്രതീക്ഷിച്ചില്ലായിരുന്നു എന്നതാണ് സത്യം.


തങ്ങളുടെ ആദ്യ വിവാഹ വാർഷികം ആഘോഷിക്കാൻ ആയി ബർലാൻഡിയ എന്ന ദ്വീപിൽ എത്തിയതാണ് ഹേ ഫെയും അയാളുടെ ഭാര്യ ലി മൂസിയും. ഒരു ദിവസം പെട്ടെന്ന് ലീ മൂസിയെ കാണാതായി. ചൈനീസ് വംശജൻ ആയ ഹേ ഫേ തായ്, മലയ് ഭാഷ മാത്രം സംസാരിക്കുന്ന സ്ഥലത്തു അയാളുടെ പ്രശ്നങ്ങൾ പറയാൻ ബുദ്ധിമുട്ടുന്നു. മാത്രമല്ല, അയാളെ ആരും വിശ്വസിക്കുന്നുമില്ല. ഭാര്യ ആരുടെയെങ്കിലും ഒപ്പം ഒളിച്ചോടി പോയതാകും എന്ന് വരെ അവിടെ പലരും പറയുന്നു.


 ഒരു ദിവസം പോലീസ് സ്റ്റേഷനിൽ വച്ച് ആക്രമസക്തൻ ആകുന്ന അയാളുടെ മുന്നിലേക്ക്‌ ചൈനീസ് അറിയാവുന്ന ഷെങ് എന്ന ഓഫീസർ വരുന്നു. അയാൾ ലെ ഫെയേ സഹായിക്കാൻ തയ്യാറാകുന്നു. അതിന്റെ ഭാഗമായി ലെ ഫെയുടെ ഹോട്ടലിൽ എത്തിയ അവർ കാണുന്നത്, അവിടെ ലീ മുസിയെ ആണ്. എന്നാൽ അത് ലീ മൂസി അല്ല എന്ന് ലെ ഫേ ആണയിട്ട് പറയുമെങ്കിലും അവർ ലീ മൂസി ആണെന്നുള്ള തെളിവുകൾ അവർ കാണിക്കുന്നു. സംഭവം ആകെ മൊത്തം സങ്കീർണം ആവുകയാണ്. ലീ മൂസി അവിടെ ഉള്ളത് കൊണ്ട് തന്നെ പോലീസിന്റെ അന്വേഷണം അവിടെ അപ്രസക്തം ആവുകയാണ്.അവിടെ ഉണ്ടായിരുന്നത് യഥാർത്ഥത്തിൽ ലീ മൂസി തന്നെയാണോ? അതോ?


കാണാതായ ഭാര്യയെ അന്വേഷിച്ചിറങ്ങുന്ന ഭർത്താവ്. അതും അയാൾക്ക്‌ പരിചിതം അല്ലാത്ത സ്ഥലം. ഒരു ടൂറിസ്റ്റ് destination ആയത് കൊണ്ട് തന്നെ അപകടങ്ങളിൽ ചെന്ന് ചാടാൻ ഉള്ള അവസരവും കൂടുതൽ അണ്. ഇവിടെ ആണ് കഥയിൽ ഉള്ള ട്വിസ്റ്റുകൾ സിനിമയെ മികച്ചതാക്കുന്നത്. ഒരു ഘട്ടം കഴിയുമ്പോൾ ട്വിസ്റ്റുകൾ ഓരോന്നായി വരുമ്പോൾ ഇത്തരം ചിത്രങ്ങളുടെ ആരാധകർക്കു നല്ലൊരു അനുഭവം ആയി മാറുന്നുണ്ട്. കണ്ട് നോക്കുക.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




Monday, 5 February 2024

1769. The Abandoned (Mandarin, 2022)

1769. The Abandoned (Mandarin, 2022)

          Streaming on Netflix



⭐⭐⭐½ /5


ഒരു പുഴയിൽ നിന്നും ആണ് ഒരു സ്ത്രീയുടെ മൃതദേഹം കിട്ടുന്നത്. അത് ആദ്യം കാണുന്നത് ഡിറ്റക്റ്റീവ് വുങ് ചീയും. അവൾ അവിടെ അന്ന് എത്താൻ ആയി ഒരു കാരണം ഉണ്ടായിരുന്നു. ജീവിതത്തിൽ സംഭവിച്ച ചില സംഭവങ്ങൾ കാരണം ആത്മഹത്യ ചെയ്യാൻ ആയിരുന്നു അവൾ അന്നവിടെ എത്തിയത്. എന്നാൽ മരണത്തെ പുൽകുന്നതിനു മുന്നേ ഉള്ള ഒരു സമയത്തിൽ അവൾ ഈ മൃതദേഹം കണ്ടെത്തുന്നു. ഒരു വിരൽ നഷ്ടപ്പെട്ട, കൈ രേഖകൾ മായ്ച്ചു കളഞ്ഞു, ശരീരത്തിലെ രക്തം ഒഴുക്കി കളഞ്ഞതിനു ശേഷം ഹൃദയം എടുത്തു മാറ്റപ്പെട്ട നിലയിൽ കണ്ട മൃതദേഹം. ഇവിടെ തീർച്ചയായും സംശയങ്ങൾ ഉണ്ടാകുമല്ലോ?


 ഇതിനു ശേഷം നടന്ന അന്വേഷണത്തിൽ കേസ് മറ്റൊരു തലത്തിലേക്കു ആണ് പോയത്. അതിനു ശേഷം ചില കൊലപാതകങ്ങൾ കൂടി നടക്കുമ്പോൾ ഒരു സീരിയൽ കില്ലറിന്റെ പങ്കും സംശയിച്ചു തുടങ്ങുന്നു. കൊല്ലപ്പെട്ടവർ തമ്മിൽ എന്താണ് ബന്ധം? എന്താണ് ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഉള്ള കാരണം?ആരാണ് കൊലപാതകി?ഇതിനുള്ള ഉത്തരങ്ങൾ ആണ് The Abandoned എന്ന തയ്‌വാൻ ചിത്രം അവതരിപ്പിക്കുന്നത്.


 ഓൾഡ് സ്കൂൾ കുറ്റാന്വേഷണ ചിത്രമാണ് The Abandoned. സ്വകാര്യ പ്രശ്നങ്ങളാൽ വിഷമത അനുഭവിക്കുന്ന നായിക തുടങ്ങി പലതും ഇതിലുണ്ട്. എന്നാലും ഒരു തയ്‌വാൻ ചിത്രം എന്ന നീലയിൽ ക്ലാസിക് കൊറിയൻ മിസ്റ്ററി ത്രില്ലർ രീതിയിൽ ഉള്ള ഒരു മെയ്ക്കിങ് ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.അതിന്റേതായ മികവ് മൊത്തത്തിൽ ഉള്ള മെയ്‌ക്കിങ്ങിൽ കാണുന്നുണ്ട്.അതിനൊപ്പം തയ്‌വാൻ പോലുള്ള രാജ്യങ്ങൾ നേരിടുന്ന സാമൂഹികപരമായ ഒരു പ്രശ്നം കൂടി ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.


തരക്കേടില്ലാത്ത ചിത്രം തന്നെയാണ് The Abandoned. താൽപ്പര്യം ഉണ്ടെങ്കിൽ കണ്ടു നോക്കുക. ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




Tuesday, 6 December 2022

1605. The Sadness (Mandarin, 2012)

 

1605. The Sadness (Mandarin, 2012)
          Horror: Streaming on AMC+ (Shudder)



     നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ ഏകദേശം രണ്ടു വർഷം മരണ ഭയത്തോടെ കഴിഞ്ഞ കോവിഡ് കാലഘട്ടം ഇപ്പോഴും ഓർമ കാണുമല്ലോ?ഇവിടെ കോവിഡിന് പകരം ആൽവിൻ വൈറസ് ആണ് വന്നിരുന്നതെങ്കിലോ?ആൽവിൻ വൈറസ് ഒരു ഫ്ലൂ വൈറസ് ആണ്. എന്നാൽ അത് ബാധിച്ചവരുടെ മൊത്തത്തിൽ ഉള്ള തലച്ചോറിന്റെ പ്രവർത്തനം തന്നെ മാറ്റും . ദു:ഖമാണ് പിന്നെ അവരുടെ മുഖമുദ്ര . അത് അവരെ അപകടകാരികൾ ആക്കി മാറ്റും. ആക്രമണവും മനുഷ്യ ശരീരത്തിനോട് ഉള്ള അർത്തിയും ആകും അവർക്ക് ഉണ്ടാവുക.

  ഇത്തരത്തിൽ ആൽവിൻ വൈറസ് പ്രവർത്തിക്കുമ്പോൾ സർക്കാറും ജനങ്ങളും ഇതിനെ തുടക്കത്തിൽ കാര്യമായി എടുക്കുന്നില്ല. അതിനു ശേഷം നടക്കുന്ന ഭീതിദത്തമായ കാര്യങ്ങൾ ആണ് സിനിമയിൽ പിന്നീട് കാണിക്കുന്നത്.ഇതു തുടങ്ങിയ ദിവസം ദമ്പതികൾ ആയവരിൽ ഒരാൾ അപകടകരമായ അവസ്ഥയിൽ ആണ്‌. അതിൽ മറ്റേ ആൾക്ക് എന്താണ് ചെയ്യാൻ കഴിയുക?

പല സോംബി ചിത്രങ്ങളിലും ഇത്തരത്തിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുന്ന വൈറസുകളെ കുറിച്ച് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും The Sadness എന്ന തായ്‌വാൻ ചിത്രം ക്രൂരമായ മനസ്ഥിതിയിലേക്ക് മനുഷ്യനെ മാറ്റി അവർ മറ്റുള്ളവർക്ക് അപകടകാരി ആയി മാറുന്നത് മികച്ച ഹൊറർ രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഏഷ്യൻ സിനിമകൾ ഹോളിവുഡ് സിനിമകളുടെ മുന്നിൽ പോകുന്നത് നന്നായി കാണാൻ സാധിക്കും ഇത്തരം ചിത്രങ്ങളിൽ.

അതിൽ നല്ലവരും മോശക്കാരായ മനുഷ്യരും ഉണ്ട്. അവരുടെ എല്ലാം മനോവിചാരങ്ങൾ ഒരു വൈറസ് എങ്ങനെ മാറ്റി എല്ലാവരും ഒരേ പോലെ ആകുന്നു എന്നും കാണാം. സിനിമയുടെ അവസാനം ആകുമ്പോഴേക്കും ചില കഥാപാത്രങ്ങളോട് അനുകമ്പ തോന്നുമെങ്കിലും അത് വരെ സിനിമ കണ്ട പ്രേക്ഷകന് അത് എങ്ങനെ ആകും ബാധിക്കുക എന്നതും ചിന്തനീയം ആണ്.

ബോഡി ഹൊറർ സിനിമകളിൽ മികച്ചതെന്ന് പറയാൻ കഴിയുന്ന ചിത്രമാണ് The Sadness . ഹൊറർ സിനിമകളുടെ ആരാധകർ കണ്ടു നോക്കൂ.

ഒരു ചെറിയ റേറ്റിംഗ് ഇടാം 3.5/5

സിനിമ കണ്ടവരുടെ അഭിപ്രായം കൂടി രേഖപ്പെടുത്തുമല്ലോ?

സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

Thursday, 3 June 2021

1364. The Soul (Chinese Mandarin, 2021)

 1364. The Soul (Chinese Mandarin, 2021)

         Mystery, Sci-Fi



   "സസ്പെൻസുകൾ നിറഞ്ഞ The Soul"


   വാങ് ഷി കോംഗ് എന്ന ബിസിനസ്സുകാരന്റെ ദാരുണമായ മരണം തുടക്കത്തിൽ തന്നെ അയാളുടെ മകൻ പ്രതികാരം ആയി ചെയ്തു എന്ന ചിന്ത ആയിരുന്നു പൊലീസിന്.ഈ കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിന്റെ പ്രാധാന്യം കാരണം, പ്രത്യേകിച്ചും മരിച്ച ആൾ വലിയ ഒരു ബിസിനസുകാരൻ ആയതു കൊണ്ട് തന്നെ സമൂഹത്തിൽ വളരെയധികം ശ്രദ്ധേയവും ആയിരുന്നു.ഈ അവസരത്തിൽ ആണ് കാൻസർ ബാധിതനായ പ്രോസിക്യൂട്ടർ ലിയാങ് കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്.


  എന്നാൽ അന്വേഷണം മുന്നോട്ട് പോകുന്തോറും കൂടുതൽ സങ്കീര്ണതകളിലേക്ക് ആണ് കാര്യങ്ങൾ പോകുന്നത്.ആദ്യ നിഗമനത്തിൽ നിന്നും മുന്നോട്ടുള്ള കാര്യങ്ങൾ ഒരു ഫാന്റസി കഥ പോലെ ആണ് പോകുന്നത്.സയൻസ് ഫിക്ഷന്റെ സാധ്യതകൾ കൂടി ഉൾപ്പെടുത്തിയ ചിത്രം ക്ളൈമാക്‌സ് വരെയും പ്രേക്ഷകന് പിന്നീട് ഓരോ ട്വിസ്റ്റുകളും സസ്പെന്സും നൽകുന്നു.


 Netflix ചിത്രമായ The Soul എന്ന ചൈനീസ്-തായ്വാനീസ് ചിത്രത്തിന്റെ ട്രെയിലർ ആദ്യം കണ്ടപ്പോൾ ഒരു ഹൊറർ ചിത്രം ആയിരിക്കും എന്ന് ഫീൽ ആണ് ഉണ്ടായത്.കുറ്റം പറയാൻ പറ്റില്ല.ചിത്രത്തിന്റെ കഥയുടെ തുടക്കവും അങ്ങനെ ആയിരുന്നു.എന്നാൽ, ഏകദേശം 2030 കൾക്കു ശേഷം നടക്കുന്ന കഥ എന്ന നിലയിൽ ചിത്രം പോകുമ്പോൾ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സാങ്കേതിക കുതിപ്പും, ഫാന്റസി ആയി ഇപ്പോൾ കരുതുന്ന ചില കാര്യങ്ങൾ എങ്കിലും യാഥാർഥ്യത്തിൽ വരുത്താൻ ഉള്ള സാധ്യതകളും കണക്കിലെടുക്കുമ്പോൾ മികച്ച ഒരു ചിത്രമായി ആണ് The Soul നെ കാണാൻ കഴിയുക.


  ഒരു പരിധി വരെ ചിത്രം പ്രേക്ഷകന് ഊഹിക്കാവുന്ന രീതിയിൽ പോവുകയും, പിന്നീട് ചെറിയ ഒരു ട്വിസ്റ്റിലൂടെ കഥ മാറുകയും ചെയ്യുമ്പോൾ പ്രതീക്ഷിക്കാൻ ആകാത്ത പലതും ചിത്രം നൽകുന്നുണ്ട്.ഈ ഒരു ഘടകം മുൻ നിർത്തി സിനിമ 2 മണിക്കൂറിൽ അധികം ഉണ്ടാകുന്നെങ്കിലും പ്രേക്ഷകനെ അധികം ബോർ അടുപ്പിക്കില്ല.കാരണം ഈ സിനിമ ഇത്തരം ഒരു സമയ ദൈർഘ്യം ആവശ്യപ്പെടുന്നുണ്ട്.


  കഥയുടെ തുടക്കം മാത്രം ആണ് നൽകിയിരിക്കുന്നത്.സിനിമ കാണുക.യാതൊരു മുൻവിധിയും ഇല്ലാതെ.തീർച്ചയായും ഇഷ്ടപ്പെടും.ഇടയ്ക്കു അൽപ്പം സങ്കീർണമായി കഥ തോന്നുമെങ്കിലും അവസാനത്തോട് അടുക്കുമ്പോൾ കുരുക്കുകൾ എല്ലാം അഴിയുകയും ചെയ്യും.


 ജിയംഗ്- ബോയുടെ Transfer Souls എന്ന സയൻസ് ഫിക്ഷൻ നോവൽ ആണ് ഈ സിനിമയ്ക്ക് പ്രമേയം ആയിരിക്കുന്നത്.


 ധാരാളം sub-genre കൾ ഒന്നിപ്പിച്ച നല്ല ഒരു സിനിമയാണ് The Soul.


@mhviews rating: 3.5/4


സിനിമ Netflix ൽ ലഭ്യമാണ്.

Telegram link: t.me/mhviews 

More movie suggestions and link @www.movieholicviews.blogspot.ca

Tuesday, 8 October 2019

1107.Remain Silent(Mandarin,2019)


1107.Remain Silent(Mandarin,2019)
         Mystery

  അടച്ചിട്ട മുറിയിൽ ആണ് ആ സ്ത്രീ കുത്തേറ്റ് കിടക്കുന്നത് കണ്ടത്.ആ മുറിയിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പക്ഷെ അവിടെ ദുരൂഹതകൾ ഏറെ ഉണ്ടായിരുന്നു.പ്രത്യേകിച്ചും ആ യുവാവിന് കുത്തേറ്റു കിടക്കുന്ന സ്ത്രീയും ആയുള്ള ബന്ധം.അവൻ പറയുന്ന ആ വലിയ രഹസ്യം ആർക്കും പെട്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

  വെങ്വാൻ ഫാൻ എന്ന ഗായികയ്ക്ക് കുത്തേറ്റ് കോമയിൽ ആയതിനു ശേഷം ആണ് കേസ് അന്വേഷണം നടക്കുന്നത്.കോടതിയിൽ കേസ് വാദിക്കാൻ എത്തിയത് ലാനും വൂവും ആണ്.പ്രതിയായി മറു ഭാഗത്ത് ഉള്ളത് അമേരിക്കൻ പൗരൻ ആണ്.ജിമ്മി തോമസ്.ചൈനീസ് വംശജനായ ജിമ്മിയെ കേസിൽ നിന്നും രക്ഷപെടുത്താൻ അമെരിക്കൻ എംബസ്സി നിയോഗിച്ച വൂ എന്ന വക്കീലിനോട് അവൻ അവരെ ഒന്നും ചെയ്തിട്ടില്ല എന്നാണ് പറയുന്നത്.പക്ഷെ മറ്റാരും അവിടെ ഉള്ളതായി ക്യാമറയിൽ ഇല്ല.ആ മുറിയിൽ മൂന്നാമത് ഒരാളുടെ സാനിധ്യം ഉണ്ടോ?

    തരക്കേടില്ലാത്ത ഒരു കുറ്റാന്വേഷണ ചിത്രമാണ് ചൈനീസ് ചിത്രമായ Remain Silent.

More movie suggestions @www.movieholicviews.blogsot.ca

ചിത്രത്തിന്റെ ലിങ്ക് : t.me/mhviews

Friday, 28 December 2018

997.Animal World(Mandarin,2018)



997.Animal World(Mandarin,2018)
       Thriller

       സെന്ഗ് കേയ്സി അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക്‌ എടുക്കുക ആണ്.എട്ടാം വയസ്സില്‍ അവനുണ്ടായ മാനസികമായ പ്രശ്നങ്ങള്‍ ജീവിതത്തിലും ബാധിച്ചു.അതിനു ശേഷം വിശ്വസ്തനായ സുഹൃത്ത്‌ അവനെ ഇപ്പോഴത്തെ അവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു.അവന്‍ യാത്രയാവുകയാണ്.ഒരു കളി കളിക്കുവാന്‍.അവന്റെ ജീവിതത്തിന്റെ വിലയുള്ള കളി.

   "Kaiji" എന്ന മാംഗയെ ആസ്പദമാക്കിയാണ് "Animal World" അവതരിപ്പിച്ചിരിക്കുന്നത്.മികച്ച VFX ആണ് ചിത്രത്തിന്‍റെ മുതല്‍ക്കൂട്ട്."Rock Paper Scissors hand gam"e ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന കളി.പക്ഷെ വെറും ഒരു ഗെയിം എന്നതിനും അപ്പുറം ധാരാളം കാര്യങ്ങള്‍ ഈ കളിയില്‍ ഉണ്ട്.അതിലൊന്ന് ഈ കളിയിലെ വിജയ പരാജയങ്ങള്‍ അവരില്‍ ഓരോരുത്തരുടെയും ജീവന്‍റെ വിള തീരുമാനിക്കും എന്നതാണ്.ഇത്തരത്തില്‍ പ്രമേയം വരുന്ന ചിത്രങ്ങളില്‍ ഉള്ള ട്വിസ്റ്റ് എന്ന ഘടകം ആവോളം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.ബുദ്ധിപരമായി കളിയെ അവലോകനം ചെയ്യുന്ന നായകന്‍,അതിനൊപ്പം പലപ്പോഴും വരുന്ന ട്വിസ്റ്റുകള്‍ ചിത്രത്തെ കൂടുതല്‍ രസകരമാക്കും.അത് പോലെ നായകന്‍റെ സ്വഭാവത്തിലെ മറ്റൊരു ഘടകം ആയ 'Clown' എന്ന കഥാപാത്രവും ചിത്രത്തിന് മറ്റൊരു dimension ആണ് നല്‍കുക.

    വിസ്തരിച്ചു എഴുതാനായി ഒരു ഒറ്റവരി കഥ ഉണ്ടാക്കിയാല്‍ അതില്‍ കൌതുകകരമായി ഒന്നുമുണ്ടാകില്ല.കാരണം ഈ ചിത്രത്തില്‍ സന്ദര്‍ഭങ്ങള്‍ക്ക്‌ അനുസരിച്ച് കഥാപാത്രങ്ങള്‍ കടന്നു പോകുന്ന അവസ്ഥ മനസ്സിലാക്കിയാല്‍ മാത്രമേ നേരത്തെ പറഞ്ഞ ട്വിസ്റ്റുകള്‍ ആസ്വാദ്യകരം ആകൂ.അത് കൊണ്ട് ചിത്രം കണ്ടു തന്നെ ആസ്വദിക്കണം.വളരെ നല്ല വേഗതയില്‍ പോകുന്ന ചിത്രം ,നല്ലൊരു ത്രില്ലര്‍ കൂടിയാണ്.രണ്ടാം ഭാഗത്തിനായി ഉള്ളത് നിര്‍ത്തിയാണ് ചിത്രം അവസാനിക്കുന്നത്‌.മൈക്കല്‍ ഡഗ്ലസ് പ്രധാനപ്പെട്ട ഒരു കഥാപാത്രമായി വരുന്നുണ്ട് ഈ ചൈനീസ് ചിത്രത്തില്‍!!

ചിത്രം നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്!!

More movie suggestions @www.movieholicviews.blogspot.ca

   ചിത്രത്തിന്‍റെ ലിങ്ക് ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

ടെലിഗ്രാം ചാനല്‍ ലിങ്ക്: t.me/mhviews

Monday, 17 December 2018

992.The Looming Storm(Mandarin,2017)



992.The Looming Storm(Mandarin,2017)
      Mystery,Crime

     ഏറെ ക്രൂരമായാണ് ആ സ്ത്രീകള്‍ എല്ലാം കൊല്ലപ്പെട്ടത്.ഒരു തെളിവ് പോലും കൊലപാതകത്തില്‍ പ്രതിയെ സൂചിപ്പിച്ചു ഉണ്ടായിരുന്നില്ല.അത്           'യൂ ഗുവേയ്"യെക്കൊണ്ട്    കൊണ്ട് പലതും ചെയ്യിപ്പിച്ചു.അയാള്‍ക്ക്‌ അവിടെ അവസരങ്ങളും ഉണ്ടായിരുന്നു.എന്നാല്‍,കേസ് അന്വേഷണ സമയത്ത്   ഏതാനും നിമിഷങ്ങള്‍ കൊണ്ടാണ് അയാള്‍ക്ക്‌ തന്‍റെ ലക്‌ഷ്യം നിറവേറ്റാന്‍ കഴിയാതെ പോയത്. ദുരൂഹമയിരുന്നു  അയാള്‍ ഒരു പക്ഷെ .തെറ്റിദ്ധാരണയുടെ പുറത്തു ചെയ്ത കുറ്റം.അതിലേക്കു നയിച്ച സംഭവങ്ങള്‍ ഏറെ ഉണ്ടായിരുന്നു.ഒരു സീരിയല്‍ കില്ലറുടെ സാമീപ്യം.അതില്‍ നിന്നും മുതലെടുക്കാന്‍ ഉള്ള അയാളുടെ ശ്രമം.അവസാനം?അയാള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല ഈ വിധി.തന്‍റെ അന്വേഷണത്തിന്റെ ഉത്തരം?

   'The Looming Storm".ദുരൂഹതകള്‍ ആണ് ചിത്രത്തിന്‍റെ ആദ്യം മുതല്‍.2007  കാലഘട്ടത്തിലേക്ക് തുടക്കം ചില സീനുകള്‍ക്ക് അപ്പുറം പോകുന്ന ചിത്രം പറയുന്നത് ചൈനയിലെ ഒരു ഫാക്റ്ററിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗ്രാമത്തെ കുറിച്ചാണ്.ഇത് 2007 കാലഘട്ടം.അടുത്തായി നടന്ന സ്ത്രീകളുടെ കൊലപാതകങ്ങള്‍ക്ക് പോതവായ രീതികള്‍ ഉണ്ടായിരുന്നു.പോലീസ് ഒരു സീരിയല്‍ കില്ലര്‍ ആയിരിക്കം ഇതിന്റെ എല്ലാം പിന്നില്‍ എന്ന് കരുതുന്നു.ഫാക്റ്ററിയില്‍ സെക്യൂരിട്ടു ജോലി നോക്കുന്ന "യോ ഗുവേയ്" പോലീസിന്റെ ഒപ്പം സ്വയം കേസ് അന്വേഷിച്ച് തുടങ്ങുന്നു.ഫാക്ട്ടറിയും ആയി ബന്ധമുള്ള ആരോ ആണ് ഇതിനു പിന്നില്‍ എന്ന് അയാള്‍ സംശയിക്കുന്നു.വളരെ raw ആയ ,തീരെ professionalism ഇല്ലാത്ത രീതിയില്‍ ആയിരുന്നു അയാളുടെ അന്വേഷണം.അയാള്‍ പല രീതിയും പയറ്റി നോക്കി.അയാള്‍ക്ക്‌ അതിനു പിന്നില്‍ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.അതിനു മാത്രമല്ല.അയാള്‍ക്ക്‌ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു.എന്നാല്‍ ഇതെല്ലം കൂടി ചേര്‍ന്ന് അയാളുടെ ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു.എന്തൊക്കെ ആണത്?നേരത്തെ പറഞ്ഞ കൊലപാതകങ്ങള്‍ ചെയ്തത് ആരാണ്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

    ഒരു പക്ഷെ കുറച്ചും കൂടി ദുരൂഹതകള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആയിരുന്നെങ്കില്‍ ഒരു ചൈനീസ്  'Memories of Murder" നോട് ഒപ്പം നില്‍ക്കാമായിരുന്ന ചിത്രം ആയേനെ എന്ന് തോന്നി,പ്രമേയം കൊണ്ട്.മഴ പോലുള്ള ചില ഘടകങ്ങള്‍ രണ്ടിലും വരുന്നുണ്ടെങ്കിലും ഒന്ന് മറ്റൊന്നിന്റെ കോപ്പി ആകാതെ തന്നെ ഈ ചിത്രത്തിന് ഒരു ക്ലാസിക് പദവി കൈവന്നെനെ.എന്നാല്‍ ക്ലൈമാക്സിലേക്ക് കാണിച്ച അനാവശ്യ ധൃതി സിനിമയുടെ അവസാനം ഉള്ള മൊത്തം മൂഡും കളഞ്ഞതായി തോന്നി.അത് പോലെ അവസാന രംഗങ്ങളിലേക്കും കാത്തു വയ്ക്കാന്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവസാന രംഗത്തോട് അടുക്കുമ്പോള്‍ "Memories of Murder" കണ്ടത് പോലെ ഉള്ള അനുഭവം ആയി മാറിയേനെ.

  എങ്കില്‍ക്കൂടിയും,നിലവാരമുള്ള മികച്ച ചൈനീസ് മാണ്ടാരിന്‍ ചിത്രങ്ങളില്‍ ഒന്നാണ് 'The Looming Storm' മികച്ച അഭിനയത്തിനോടൊപ്പം,പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ ഒരു പരിധി വരെ ചിത്രം നിലവാരം കാത്തു സൂക്ഷിക്കുകയും ചെയ്തു.സീരിയല്‍ കില്ലര്‍ ചിത്രങ്ങളില്‍ സാധാരണയായുള്ള ത്രില്ലര്‍ ഗ്രിപ്പ് ഒന്നും ഇതിനു ഇല്ലാതെ പോയി.എന്നാല്‍ ദുരൂഹത ഏറെയുണ്ട് ചിത്രത്തില്‍.Whodunnit!! എന്ന ചോദ്യത്തിനു ഉത്തരം നല്‍കാന്‍ നല്‍കാന്‍ ഏറെ അവസരങ്ങളും.എന്നാല്‍ വിധിയെ തകര്‍ക്കാന്‍ കഴിയുമോ?താല്‍പ്പര്യമുള്ളവര്‍ ചിത്രം കാണാന്‍ ശ്രമിക്കുക.നിങ്ങളെ കാത്തിരിക്കുന്നത് വലിയ ട്വിസ്റ്റ് എന്നൊന്നും പറയാന്‍ ആകാത്തത് ആണെങ്കിലും ഒരു നല്ല സിനിമാക്കാഴ്ച തന്നെയാണ്.


More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്
            t.me/mhviews

Sunday, 16 September 2018

934.Mystery(Mandarin,2012)


934.Mystery(Mandarin,2012)
      Crime,Drama,Mystery.

   നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അന്ന്.യുവാക്കളുടെ ഒരു സംഘം   രണ്ടു കാറിലായി വരുമ്പോള്‍,അവരുടെ ചില കുസൃതികള്‍ കാരണം ആകാം,അവര്‍ അവളെ കണ്ടില്ല.ക്ഷണ നേരത്തില്‍ ആ പെണ്‍ക്കുട്ടി ചോരയൊലിപ്പിച്ചു റോഡില്‍ കിടന്നൂ.മദ്യ ലഹരിയോ മറ്റോ ആകാം.കാര്‍ ഓടിച്ചിരുന്ന ഒരു യുവാവ് അവളെ തൊഴിക്കുകയും ചെയ്തു.അപ്പോഴേക്കും അവള്‍ മരിച്ചിരുന്നു.പ്രാഥമിക അന്വേഷണത്തില്‍ അവള്‍ കാര്‍ ഇടിച്ചു മരിക്കുന്നതിനു മുന്‍പ് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തുന്നു.ആ അപകടത്തിനു മുന്‍പ് എന്താണ് സംഭവിച്ചത്?


   ആ ചോദ്യത്തില്‍ നിര്‍ത്തുമ്പോള്‍ ചിത്രത്തിന്റെ പേര് പോലെ വലിയ ഒരു രഹസ്യം ഉണ്ടാകും എന്ന് കരുതും.പ്രത്യേകിച്ചും പ്രതികള്‍ ഉന്നതര്‍ ആകുമ്പോള്‍ പോലീസിനു മേല്‍ അതിനുള്ള സംമാര്ധവും ഉണ്ടാകും.അവിടെ പ്രേക്ഷകന്‍ മനസ്സിനെ ഒരു ത്രില്ലര്‍ സിനിമ കാണാന്‍ പാകപ്പെടുത്തുന്നു..എന്നാല്‍ അല്‍പ്പം യാതാര്‍ത്ഥ്യം കൂടി കൂട്ടുമ്പോള്‍ അത്തരത്തില്‍ ഉള്ള ഒരു സിനിമയുടെ രീതിയില്‍ അല്ല ചിത്രം മുന്നോട്ടു പോകുന്നത്.'Lou Yei' ,തന്‍റെ രണ്ടാമത്തെ ചിത്രമായി ചൈനയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ കഥ അല്‍പ്പം വിചിത്രമായി തോന്നാം.തങ്ങളുടെ കുട്ടികള്‍ ഒരുമിച്ചു പഠിക്കുന്ന സമയം രണ്ടു സ്ത്രീകള്‍ പരിചയപ്പെടുകയും അവരില്‍ ഒരാള്‍ മറ്റൊരാളോട് തന്‍റെ ഭര്‍ത്താവിനെ സംബന്ധിച്ച ഒരു രഹസ്യം പറയുമ്പോള്‍ അവള്‍ ആ നിമിഷത്തില്‍ കാണുന്നത് മറ്റൊന്നാണ്.

അതിന്റെ അനന്തരഫലങ്ങള്‍ ആണ് ചിത്രത്തിന്റെ കഥ.അതിന്റെ ഇടയ്ക്ക് ഈ മരണം?അതും വിഷയം ആണ് ചിത്രത്തില്‍.എന്നാല്‍ അതിലും സങ്കീര്‍ണം ആയ ചിലതുണ്ട്.മനുഷ്യ ജീവിതം.അതില്‍ വിശ്വാസത്തിന്റെയും വഞ്ചനയുടെയും ഇടയിലുള്ള നൂല്‍പ്പാലം തകര്‍ന്നാല്‍ എന്താകും ഉണ്ടാവുക?ട്വിസ്റ്റുകള്‍ പോലുള്ള ഗിമിക്കുകളില്‍ അധികം ശ്രദ്ധിക്കാതെ,സാധാരണ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ചിത്രം ആയിരുന്നെങ്കിലും,ചില ഗൌരവമേറിയ വിഷയങ്ങള്‍ ആണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ആ ഒരു കാരണം കൊണ്ട് തന്നെ നല്ല ഒരു സിനിമ ആയി മരുന്നും ഉണ്ട്.

ചിത്രം എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്!!

t.me/mhviews

Tuesday, 28 August 2018

922.THE LIQUIDATOR(MANDARIN,2017)



922.The Liquidator(Mandarin,2017)
Mystery,Thriller.

തുടരെ ഉള്ള കൊലപാതകങ്ങൾ.ആദ്യം വന്നത് വിവാദമായ ഒരു സ്ക്കൂൾ വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഉള്ളതായിരുന്നു.അദ്ധ്യാപകന്റെ ക്രൂരത നഷ്ടപ്പെടുത്തിയ ജീവന് പകരം ചോദിക്കാൻ ആയി "The Light of the City" എന്ന പേരിൽ ഓണ്ലൈനില് നിന്നും ഒരാൾ പ്രത്യക്ഷപ്പെടുന്നു.ക്രൂരമായ രീതിയിൽ അധ്യാപകൻ കൊല്ലപ്പെടുന്നു.അർഹമായ വിധി എന്നു ഓണ്ലൈന് ജീവികൾ പ്രഖ്യാപിക്കുന്നു.അപ്പോഴാണ് അതിനെ ചുവടു പിടിച്ച് ഒരു അഭിഭാഷകൻ കൊല്ലപ്പെടുന്നത്.അകാരണമായി ഒരു പെണ്കുട്ടിയുടെ ജീവിതത്തിൽ കഷ്ടപ്പാടുകൾ സമ്മാനിച്ച അയാളുടെ മരണവും സോഷ്യൽ മീഡിയയിൽ ആഘോഷം ആകുന്നു.

ജനങ്ങൾക്കായി നീതിന്യായ വ്യവസ്ഥയുടെ അപ്പുറത്തും നിന്നു ഒരു രക്ഷകൻ.സോഷ്യൽ മീഡിയയിൽ വരുന്ന സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ,ജനങ്ങൾ ഒരാളുടെ മരണം ആഗ്രഹിക്കുന്നു എന്നു മനസ്സിലാക്കുമ്പോൾ "The Light of the City" അവതരിക്കുന്നു.ജനങ്ങളുടെ നീതി നടപ്പിലാക്കുന്നു.പൊലീസിന് മറഞ്ഞിരുന്നു ജനങ്ങൾക്ക് വേണ്ടി നീതി നിർവഹണം നടത്തുന്ന ആൾ ആരാണെന്നു കണ്ടെത്താൻ ആകാതെ നിൽക്കുമ്പോൾ ആണ് സർവീസിൽ നിന്നും മാറി നിന്നിരുന്ന "ഫാങ്-മൂ" വിന്റെ സഹായം തേടുന്നത്.വീണ്ടും സർവീസിൽ കയറിയ ഫാങ് മൂ ,കൊലയാളിയെ കുറിച്ചുള്ള പ്രൊഫൈലിങ് നടത്തുന്നു തുടക്കത്തിൽ തന്നെ,ലഭ്യമായ തെളിവുകൾ വച്ചു.

എന്നാൽ അയാൾ ആരാണ് എന്നുള്ള ദുരൂഹത നിലനിൽക്കുമ്പോൾ ആണ് കൊലയാളിക്ക് ഫാങ് മൂവിനെ ഈ കേസിൽ കൊണ്ടു വരാൻ ഉള്ള തെളിവുകൾ അവശേഷിപ്പിച്ചിട്ടുണ്ട് എന്നു മനസ്സിലാകുന്നത്.എന്തിനായിരിക്കും അതു?ആരാണ് കൊലയാളി?ഈ ചോദ്യങ്ങൾ കണ്ടെത്തുമ്പോഴും വീണ്ടും കൊലപാതകങ്ങൾ നടന്നു കൊണ്ടിരിക്കുന്നു,സോഷ്യൽ മീഡിയയിൽ നിന്നുമുള്ള ജനങ്ങളുടെ പ്രതികരണങ്ങൾക്കു അനുസൃതമായി.

'Lei Mi ' രചിച്ച അതേ പേരിൽ ഉള്ള ചൈനീസ് നോവലിന്റെ ദൃശ്യവിഷ്‌ക്കാരം ആണ് 'The Liquidator'.'Guilty of the Mind' എന്ന കഥയിലൂടെ വന്ന ഫാങ് മൂവിനെ ഈ ചിത്രത്തിന്റെ റിലീസിനു ഒരു വർഷം മുൻപ് തന്നെ സ്‌ക്രീനിൽ വന്നിരുന്നു.സോഷ്യൽ മീഡിയ Mob Justice നടത്താനുള്ള സ്ഥലമായി പരിണമിച്ചാൽ,അവിടെ ഒരു Vigilante പ്രത്യക്ഷപെട്ടാൽ എന്താകും ഉണ്ടാവുക?നിലവിൽ ഉള്ള നീതി വ്യവസ്ഥകൾ പോരാ എന്നുള്ള ചിന്ത collective ആയി ജനങ്ങൾക്ക് ഉണ്ടാകുമ്പോൾ ആ സമൂഹം അപകടകാരികൾ ആയി മാറും." The Liquidator" ആ ചിന്തകൾക്ക് പ്രാമുഖ്യം നല്കുന്നതിനോടൊപ്പം തന്നെ നല്ല ഒരു മിസ്റ്ററി ചിത്രം ആകുന്നു ഉണ്ട്.

ഒരു പരിധിക്കു അപ്പുറം ചിത്രം സൈക്കോളജിക്കൽ ത്രില്ലർ ആയി മാറുന്നു.മനുഷ്യ മനസ്സുകൾ തമ്മിൽ ഉള്ള കളികളിലൂടെ പോകുമ്പോൾ അവിചാരിതം ആയ പലതും സംഭവിക്കുന്നു.CGI യുടെ നിലവാരക്കുറവ് എടുത്തു കാണിക്കുന്ന ചില സീനുകളുടെ അപ്പുറം തരക്കേടില്ലാത്ത ഒരു മിസ്റ്ററി/ത്രില്ലർ ആണ് 'The Liquidator'.

കാണാൻ ശ്രമിക്കുക...!!

Friday, 3 August 2018

916.SECRET(MANDARIN,2007)


916.Secret(Mandarin,2007)
       Mystery,Romance

  രണ്ടു സ്ക്കൂൾ വിദ്യാർഥികൾ പരിചയപ്പെടുന്നു.ആദ്യ ദിവസം തന്നെ അവർ പരസ്പ്പരം അവരുടെ സംഗീത അഭിരുചിയിലെ സാമർഥ്യം തിരിച്ചറിഞ്ഞു. സംഗീതത്തിൽ ആയിരുന്നു അവരുടെ താൽപ്പര്യം.അവർ തങ്ങളുടെ സമയം കൂടുതലും പിയാനോയിൽ മനോഹരമായ സംഗീതം വായിച്ചു കൊണ്ടിരുന്നു.അവന്റെ പേര് 'യെ'.പെണ്ക്കുട്ടിയുടെ പേര് 'ലു'.സംഗീതത്തിന് പ്രസിദ്ധമായ ആ സ്ക്കൂളിൽ പിയാനോ വായനയിൽ മിടുക്കൻ ആയ ലു വളരെ വേഗം താരം ആയി.ആ സമയം മറ്റൊരു പെണ്കുട്ടി 'യി' ,ലുവിന് അവളോട്‌ പ്രണയം ആണെന്ന് കരുതുന്നു.

  കഥ വായിക്കുമ്പോൾ ആകെ പൈങ്കിളി ആണെന്നു തോന്നുന്നുണ്ടല്ലേ?അതേ.ചിത്രത്തിന്റെ മൂല കഥ നല്ല പൈങ്കിളി ആണ്.പ്രണയം എത്ര ഒക്കെ ശ്രമിച്ചാലും പൈങ്കിളി ആയി മാത്രമേ എല്ലാവർക്കും അനുഭവപ്പെടൂ.ഒരു സിനിമയെ സംബന്ധിച്ചു ആണെങ്കിൽ ക്ളീഷേ കഥാഗതി.എന്നാൽ ഈ ബന്ധങ്ങൾക്ക് പിന്നിൽ ഒരു രഹസ്യം ഉണ്ടെങ്കിലോ?അതും ഇത്തരം ഒരു പ്രമേയത്തിൽ അധികം ലോജിക് ആലോചിച്ചാൽ സാധാരണ ഗതിയിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകുന്ന ഒരു രഹസ്യം?തായ് വാനിലെ  ഗായകൻ ആയ 'ജയ് ചോ' സിനിമകളിൽ കൂടിയും പ്രശസ്തൻ ആണ്.അദ്ദേഹത്തിന്റെ ആദ്യ സംവിധായക സംരംഭം ആണ് 'Secret'.

  ജയ് ചിത്രങ്ങളിലെ സ്ഥിരം ചേരുവകൾ ആയ പ്രണയം,സംഗീതം എല്ലാം ഇവിടെയും ഉണ്ട്.എന്നാൽ പ്രധാന കഥയിലേക്ക് ഒരു രഹസ്യം കൂടി ചേർത്തിരിക്കുന്നു.യെയെ സംബന്ധിച്ചു ,അവൾ പിയാനോ വായനയിൽ സമർത്ഥ ആയിരുന്നു.ലുവിന്റെ പിതാവ് ആ സ്ക്കൂളിലെ അധ്യാപകരിൽ ഒരാളും.ഒരു ത്രികോണ പ്രണയ കഥ ആണെന്നുള്ള മുൻ വിധിയിൽ കാണാതെ ഇരിക്കേണ്ട ഒന്നല്ല ഈ ചിത്രം..പ്രണയം ഒഴിച്ചുകൂടാൻ ആകാത്ത പ്രമേയം ആണെങ്കിലും അതിൽ ഈ പറഞ്ഞ 'രഹസ്യം' ഉൾപ്പെടുത്തിയപ്പോൾ,അതിന്റെ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ചെലുത്തിയില്ല എന്നത് ഒരു പോരായ്മ ആയി തോന്നി.

വളരെയധികം നിരൂപക പ്രശംസ ലഭിച്ച ചിത്രത്തിന് ,ജയ് ചോ ചെയ്ത കഥാപാത്രം ആയിരുന്നു നിരൂപകരുടെ മുന്നിൽ കല്ലു കടി ആയി തീർന്നത്.പലരും ആ കഥാപാത്രം മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്നു പറഞ്ഞെങ്കിലും ജയ്യുടെ പ്രഥമ സംവിധായക സംരംഭത്തെ പുകഴ്ത്തിയിരുന്നു.കൊറിയൻ റീമേക് അടുത്ത വർഷം പ്രൊഡക്ഷൻ തുടങ്ങും എന്നാണ് വാർത്തകൾ.മികച്ച ഒരു കൊറിയൻ അനുഭവം ആകും ആ ചിത്രം എന്നു കരുതാം.കഥാപാത്രങ്ങളിൽ നല്ലതു പോലെ മാറ്റങ്ങൾ വരുത്തി കൊറിയൻ രീതിയിൽ ആകുമ്പോൾ കൂടുതൽ മികച്ചത് ആകും എന്ന പ്രതീക്ഷയും ഉണ്ട്.

Tuesday, 29 May 2018

881.SILENT WITNESS(MANDARIN,2013)

881.Silent Witness(Mandarin,2013)
Mystery,Thriller

മേയ് 28 ലെ കോടതിയും ദുരൂഹത നിറഞ്ഞ ഒരു കൊലപാതക കേസും - Silent Witness.

  മേയ് 28 കുറച്ചു പേരെ സംബന്ധിച്ചു ഒരു പ്രധാന ദിവസമാണ്.അന്നാണ് കോടീശ്വരനായ ലിൻ-ടെ യുടെ മകൾ പ്രതിയെന്ന് സംശയിക്കുന്ന കേസിന്റെ വിചാരണ ആരംഭിക്കുന്നത്.ലിൻ ടേ യ്ക്ക് ബന്ധമുണ്ടായിരുന്ന പ്രശസ്ത ഗായികയെ,മകൾ കാർ കൊണ്ടു ഇടിച്ചു വീഴ്ത്തി വധിച്ചു എന്നതായിരുന്നു കേസ്.അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിൽ നടന്ന സംഭവങ്ങൾക്കുള്ള പ്രാഥമിക തെളിവ് ലിൻ ടേ യുടെ ഡ്രൈവർ അപകടം നടന്ന ഉടനെ പോലീസിനെ വിളിക്കുകയും കാറിനെ കുറിച്ചു നൽകിയ സൂചനയും ആയിരുന്നു.

   കേസിൽ രണ്ടു ഭാഗവും വാദിക്കുന്നത് പ്രഗത്ഭരായ വക്കീലന്മാരും.ടോങ് ടാവോ 10 വർഷത്തോളമായി ലിൻ ടേ യുടെ നാശം കാണാനായി ആഗ്രഹിക്കുന്ന ആളാണ്.അയാൾക്ക്‌ അതിനു വ്യക്തമായ കാരണവും ഉണ്ട്.ലിൻ ടേ യ്ക്ക് വേണ്ടി വാദിക്കുന്നത് ഏറ്റവും വിലപിടിപ്പുള്ള വക്കീൽ ആയ സോ-ലീ യും.2 പേർക്കും ജയിച്ചേ തീരൂ.ടോങ് വോയെ സംബന്ധിച്ചു തെളിവുകൾ എല്ലാം ലിൻ ടേ യുടെ മകൾക്ക് എതിരായത് കൊണ്ടു അത്ര ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് ആദ്യം കരുതിയത്.

എന്നാൽ കോടതി മുറിയിൽ നിശബ്ദ ആയി തുടക്കത്തിൽ കാണപ്പെട്ട സോ-ലീ തനിക്കു കേസ് ജയിക്കാൻ അവസരം കിട്ടി എന്ന നിലയിൽ കേസിനു നിർണായകമായ ഒരു വഴിത്തിരിവ് ഉണ്ടാക്കുന്നു.ആ കേസിന്റെ മൊത്തത്തിൽ ഉള്ള സ്വഭാവം തന്നെ മാറ്റി മറിച്ച ഒന്നു.എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു.കേസിൽ പലതരം തെളിവുകളും ഇടപെടലുകളും ഉണ്ടാകുന്നു.എന്താണ് സത്യം?എന്താണ് മിഥ്യ എന്നുള്ള ചോദ്യം ഉയരുന്നു.ഒപ്പം കേസിലെ നിർണായകമായ പല സംഭവങ്ങളും വെളിപ്പെടുന്നു.കൂടുതൽ അറിയാൻ Silent Witness കാണുക.

  മൂകനായ സാക്ഷി എല്ല കേസിലും ഉണ്ടാകും.തെളിവ്!!അവിചാരിതമായി അവശേഷിപ്പിക്കുന്ന ഒന്നാകാം അല്ലെങ്കിൽ മനപ്പൂർവം ഉള്ള ഒന്നു.ആ തെളിവുകൾ തങ്ങളുടെ കാഴ്ചപ്പാടിൽ,തങ്ങളുടെ ജോലിയുടെ മാന്യത നില നിർത്തി തന്നെ സത്യം കണ്ടെത്താൻ ശ്രമിക്കുകയാണ് 2 വക്കീലുമാരും.എന്നാൽ വെറും തെളിവുകൾക്കും അപ്പുറം അവർക്ക് നേരിടേണ്ടത് സ്നേഹത്തിന്റെയും ,ത്യാഗത്തിന്റെയും ലോകത്തിലെ ആളുകളോട് ആണെന്ന് മാത്രം.ഇത്തരം ഒരു അവസ്ഥയിൽ തെറ്റുകൾ ഉണ്ടാവുക സ്വാഭാവികമായും മനുഷ്യ സഹജമാണ്.അതിന്റെ കുരുക്കിൽ ആണ് ഇവരിൽ പലരും അകപ്പെട്ടിരിക്കുന്നതും.വളരെ സങ്കീർണമായും ഇടയ്ക്കു പ്രേക്ഷകനെ കുഴപ്പിക്കുന്ന കഥാഗതിയും ആണ് ചിത്രത്തിന് ഉള്ളത്.ഒരു മിസ്റ്ററി/സസ്പെൻസ് ചിത്രം എന്ന നിലയിൽ മികവ് പുലർത്തിയിട്ടുണ്ട് ചൈനീസ് ചിത്രമായ Silent Witness.

ഇതിന്റെ കൊറിയൻ പതിപ്പായിരുന്നു ചോയ്-മിൻ-സിക് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച Heart Blackened!!

Director: Xing Fei
Writer: Xing Fei
Stars: Sicheng Chen, Jiajia Deng, Dawei Gao

Wednesday, 1 November 2017

792.WHO KILLED COCK ROBIN(MANDARIN,,2017)

792.WHO KILLED COCK ROBIN(MANDARIN,,2017),|Crime|Mystery|Thriller|,Dir:-Wei-Hao Cheng,*ing:-Wei-Ning Hsu, Kaiser Chuang, Chia-Yen Ko.


   നാടോടി പാട്ടുകളിലൂടെ  പ്രസിദ്ധിയാര്‍ജിച്ച കഥയുടെ  Nursery Rhyme വളരെയധികം പ്രസിടി നേടിയതാണ്.മരണത്തിനെ കുറിച്ചുള്ള സൂചനകളിലൂടെ അവതരിപ്പിക്കപ്പെടുന്ന Who Killed Cock Robin.Cock Robin എന്ന പക്ഷിയെ കൊന്നത് ആരാണെന്നും,പിന്നെയുള്ള കാര്യങ്ങളും ആണ് ആ പാട്ടില്‍ അവതരിപ്പിക്കപ്പെടുന്നത്.വ്യക്തമായ ഒരു Folk Culture പല രാജ്യങ്ങളിലും അവരുടെ പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടു അവതരിപ്പിച്ചിരിക്കുന്നു.അത് മാത്രമല്ല,ഈ പാട്ടിലെ സംഭവങ്ങള്‍ക്ക് ഇരട്ട ക്ലൈമാക്സ്‌ പോലുമുണ്ട്.

     Who Killed Cock Robin  എന്ന തായ്‌വാന്‍ ചിത്രം മേല്‍പ്പറഞ്ഞ കവിത പോലെ ആണ്.അസാധാരണമായ രീതികളിലൂടെ ,ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു അപകടം ,അതില്‍ ഉള്‍പ്പെട്ടിരുന്ന പലരുടെയും മാറിയ ജീവിത സാഹചര്യത്തില്‍ അവരെ എങ്ങനെ ഒക്കെ ബാധിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനോടൊപ്പം ദുരൂഹതകള്‍ ഏറെ ഉള്ള ഒന്നായി മാറുന്നു.

   വാംഗ് ഒരു പത്രപ്രവര്‍ത്തകനാണ്.വാര്‍ത്തകള്‍ കണ്ടെത്താന്‍ വേണ്ടി സാഹസികതകള്‍ക്ക് മടിക്കാത്ത യുവാവ്.ഒരു ദിവസം അപകടത്തില്‍പ്പെടുന്ന വാങ്ങിന്റെ Second-hand കാര്‍ മെക്കാനിക് പരിശോധിച്ചപ്പോള്‍ ആണ് അയാള്‍ ആ സത്യം മനസ്സിലാക്കുന്നത്.പണ്ട് അപകടത്തില്‍ ഉള്‍പ്പെട്ട വണ്ടിയുടെ എഞ്ചിനും ആ വണ്ടിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് വാങ്ങിന്റെ കയ്യില്‍ ഉള്ള ഇപ്പോഴത്തെ കാര്‍.അന്നത്തെ അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമ്പോള്‍ ആണ് പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് വാംഗ് ദൃക്സാക്ഷി ആകേണ്ടി വന്ന ഒരു അപകടവും ആ കാറുമായി ബന്ധം ഉണ്ടെന്നു മനസ്സിലാകുന്നത്‌.

   അതെ സമയത്ത് വാംഗിന്റെ ഒരു പിഴവ് മൂലം ജോലി നഷ്ടപ്പെടുന്നു.അയാള്‍ അന്ന്  അപകടം നടന്ന സമയത്ത് എടുത്ത അവ്യക്തമായ ഫോട്ടോ ഉപയോഗിച്ച്  സംഭവങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തുന്നു.എന്നാല്‍ സംഭവം വിചാരിക്കുന്ന പോലെ അല്ലായിരുന്നു.സാധാരണ ഒരു അപകടം ആയി എല്ലാവരും കരുതിയിരുന്ന ആ സംഭവത്തിന്‌ ദുരൂഹതകള്‍ ഏറെ ഉണ്ടായിരുന്നു.അപ്രതീക്ഷിതമായ സംഭവങ്ങള്‍,വ്യക്തികള്‍ എല്ലാം ഈ അപകടത്തില്‍ പങ്കുണ്ടായിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം സമൂഹത്തില്‍ സുരക്ഷിതരായി കഴിഞ്ഞിരുന്ന പലരും അവരുടെ മറ നീക്കി പുറത്തു വരുന്നു.അന്ന് രാത്രി യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?വാംഗ് കണ്ടെത്തുന്ന സത്യങ്ങള്‍ ആരെയെല്ലാം ബാധിക്കുന്നു?വാംഗിന് ഈ സംഭവങ്ങളില്‍ പ്രത്യേക താല്‍പ്പര്യങ്ങള്‍ വല്ലതും ഉണ്ടോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.


  പലപ്പോഴും സത്യവും മിഥ്യയും ആയി ധാരാളം വേര്‍ഷനുകള്‍ അന്നത്തെ രാത്രിയില്‍ നടന്ന സംഭവങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട്.വളരെ എളുപ്പം മനസ്സിലാകും എന്ന് ചിന്തിക്കുന്ന കഥാഗതി ആണ് ചിത്രത്തിന് ഉള്ളത്.എന്നാല്‍ ഓരോ കഥാപാത്രവും ഈ സംഭവവും ആയുള്ള ബന്ധം അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകന്‍ അല്‍പ്പമെങ്കിലും കുഴപ്പത്തില്‍ ആകും.അന്ന് നടന്ന യഥാര്‍ത്ഥ സംഭവം എന്താണ് എന്നുള്ളത് എന്ന്.സിനിമയുടെ അവസാന ഭാഗങ്ങളില്‍ ചിത്രം വ്യക്തമാകുമ്പോള്‍ അവിടെയും അപ്രതീക്ഷിതമായ നഷ്ടങ്ങളും ലാഭങ്ങളും മാത്രം.Realistic ആയി ചിത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി Handheld Camera ഉപയോഗിച്ചായിരുന്നു ഈ ചിത്രത്തിന്റെ ഭൂരിഭാഗം സീനുകളും ഷൂട്ട്‌ ചെയ്തത്.അതിനു സംവിധായകന്‍ നല്‍കിയ വിശദീകരണം,പ്രേക്ഷകന്‍ അന്ന് നടന്ന അപകടം അവര്‍ നേരിട്ട് കണ്ട feel ഉണ്ടാകാന്‍ വേണ്ടി ആയിരുന്നു എന്നതാണ്.

  അവസാനം Who Killed Cock Robin എന്ന നേഴ്സറി ഗാനം പോലെ ആര്?എന്തിനു?എങ്ങനെ? തുടങ്ങി ധാരാളം ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും,അത് പോലെ ഒരു സംഭവത്തിന്‌ വ്യത്യസ്തമായ കാഴ്ചയിലൂടെ സിനിമ അവസാനിക്കുന്നു.

Thursday, 29 June 2017

753.VILLAGE OF NO RETURN(MANDARIN,2017)




753.VILLAGE OF NO RETURN(MANDARIN,2017),|Fantasy|Mystery|,Dir:-Yu-Hsun Chen,*ing:-Qi Shu, Qianyuan Wang, Hsiao-chuan Chang


 ഫാന്റസി ചിത്രങ്ങൾ മികച്ചതാകുന്നത് അതു സൃഷ്ടിക്കുന്ന മായിക ലോകത്തിൽ യാഥാർഥ്യങ്ങൾക്കു അപ്പുറം ഉള്ള  കാഴ്ചകൾ പ്രേക്ഷകനിൽ ആസ്വാദ്യകരമായ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ ആണ്.മുത്തശി കഥകൾക്ക് ഇത്തരം ലോകങ്ങൾ സൃഷ്ടിക്കാൻ ഉള്ള കഴിവുകൾ ഉണ്ടായിരുന്നു.ഏഷ്യൻ രാജ്യങ്ങളിൽ ഒട്ടും ക്ഷാമം ഇല്ലാത്തതായിരുന്നു ഇത്തരം കഥകൾ.പ്രത്യേകിച്ചും ഇതിഹാസ പുരാണങ്ങൾ സംസ്ക്കാരവും ആയി ബന്ധിക്കപ്പെട്ട ജനങ്ങളുടെ ഇടയിൽ കേട്ടറിഞ്ഞ് പഴകിയ കഥകൾ പിന്നീട് വെറും കഥകൾക്കും അപ്പുറം ആചാരങ്ങൾ പോലും ആയി മാറിയിട്ടും ഉണ്ട്.ഇത്തരം കഥകളുടെ പ്രത്യേകതയും അതാണ്.അവ ജനങ്ങളിൽ നിർമിക്കുന്ന നന്മ-തിന്മകളുടെ വിവേചന ബുദ്ധി.

    "Village Of No Return" എന്ന തായ്‌വാൻ ചിത്രം മേൽപ്പറഞ്ഞ രീതിയിൽ നിർമിച്ച ഒന്നാണ്.യാഥാർഥ്യങ്ങൾക്കും അപ്പുറം ഉള്ള ഒരു മായിക ലോകവും അവിടെ നടക്കുന്ന ചില സംഭവങ്ങളും ബ്ളാക് ഹ്യൂമറിലൂടെ അവതരിപ്പിച്ചിരിക്കുന്നു.ആഗ്രഹങ്ങളുടെയും പ്രതീക്ഷയുടെയും ആ ഗ്രാമത്തിൽ പുതുതായി വരാൻ പോകുന്ന ട്രെയിനുകൾ പ്രതീക്ഷിച്ചു ഇരിക്കുന്ന ഗ്രാമ തലവൻ.ആദ്യമായി ആ ഗ്രാമത്തിൽ എത്തിപ്പെട്ടത് കൊണ്ടു മാത്രം ആണ് അയാൾ ആ പദവിയിൽ എത്തിയത്.

  ക്വീങ് സാമ്രാജ്യത്തിന്റെ അവസാനം ചൈനീസ് റിപബ്ലിക് സ്ഥാപിതം ആകുന്ന കാലഘട്ടം.സ്വപ്നങ്ങളുടെ ആ ഗ്രാമത്തിൽ നിധി ശേഖരം ഉണ്ടെന്ന ധാരണയിൽ ഒരു പൗര മുഖ്യൻ അവിടം തന്റെ നിയന്ത്രണത്തിൽ ആക്കാൻ ശ്രമിക്കുന്നു.അതിനായി അയാൾ കണ്ടെത്തിയത് ആ ഗ്രാമത്തിലെ ബിഗ് പൈ എന്ന ഒറ്റുകാരനെ ആയിരുന്നു.തന്റെ കൃത്യ നിർവഹണത്തിനു ശേഷം നഗരത്തിൽ ജീവിക്കാൻ ഉള്ള അവസരം ആയിരുന്നു അതിനു അയാളെ പ്രേരിപ്പിച്ചത്.


     തിരികെ ഗ്രാമത്തിൽ അയാൾ എത്തി ചേരുമ്പോൾ ട്രെയിൻ അങ്ങോട്ടു വരുന്നു എന്ന് ഉള്ള വാർത്തയും ആയി പോകുന്ന സന്ദേശ വാഹകൻ ആണ് അയാളെ വരവേറ്റത്.ഗ്രാമം ആഘോഷ തിമിർപ്പിൽ ആകുന്നു.എന്നാൽ അന്ന് രാത്രി ബിഗ് പൈ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു.ആകെ ആശയകുഴപ്പത്തില്‍ ആയ ഗ്രാമവാസികള്‍ അയാളുടെ ഭാര്യയെ സംശയിക്കുന്നു.ആ  സമയം  ആണ് തന്‍റെ കയ്യില്‍ മനുഷ്യന്റെ ദുഃഖങ്ങള്‍ മാറ്റാന്‍ കഴിവുള്ള ഒരു യന്ത്രം ഉണ്ടെന്നു പറഞ്ഞു കൊണ്ട് ഒരാള്‍ വരുന്നത്.

  ചിത്രത്തിന്റെ ഫാന്റസി എന്ന ഭാഗം ഇവിടെ ആരംഭിക്കും.മനുഷ്യന്റെ സ്വഭാവത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ള യന്ത്രങ്ങള്‍,ഒരു പക്ഷേ കൂടുതല്‍ ഉപയോഗം വരുക രാഷ്ട്രീയത്തില്‍ ആയിരിക്കും.മറവികള്‍ ആണ് പലപ്പോഴും അനുഗ്രഹം ആയി തീരുകയും ചെയ്യുന്നത്."Brain Washing" ഒരു ചെറിയ കൂട്ടം ജനങ്ങളില്‍ വരുത്തുന്ന മാറ്റം ഒരു പക്ഷെ അവരുടെ സ്വത്വ ബോധത്തെ പോലും ചോദ്യം ചെയ്യാം.അതിനൊപ്പം വീര സാഹസിക നായകന്‍ ആയി സ്വയം അവരോധിക്കുന്ന ഭരണാധികാരി കൂടി ആകുമ്പോള്‍ ?ഈ ചിത്രത്തിലും സമാനമായ സന്ദര്‍ഭങ്ങള്‍ ഒരു മുത്തശി കഥ പോലെ അവതരിപ്പിച്ചിരിക്കുന്നു.ഇനി ചിത്രം അവശേഷിപ്പിക്കുന്നത് കുറച്ചു ചോദ്യങ്ങള്‍ ആണ്. അന്ന് രാത്രി വന്ന ആള്‍ ആയിരുന്നു?എന്തായിരുന്നു അയാളുടെ ലക്‌ഷ്യം?അവിടെ എന്താണ് സംഭവിക്കുന്നത്‌? ഈഈ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരം ആണ് ബാക്കി ചിത്രം.

  സ്വപ്നം കണ്ടു ജീവിക്കുന്ന കുറെ മനുഷ്യര്‍,സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നവര്‍ .ഒരു ശരാശരി സമൂഹത്തിലെ എല്ലാ സാമ്പിളും ഈ മണ്ടാരിന്‍ ഭാഷയില്‍ ഉള്ള ചിത്രത്തില്‍ കാണാന്‍ സാധിക്കും.ചിത്രം അവതരിപ്പിച്ചിരിക്കുന്ന രീതി അഭിനന്ദനീയം ആണ്.പ്രത്യേകിച്ചും ബ്ലാക്ക് ഹ്യൂമര്‍ ഉപയോഗിച്ചിരിക്കുന്ന വിധം.ഉദാഹരണം പറഞ്ഞാല്‍,ചിത്രത്തിലെ രണ്ടു ആത്മഹത്യ ശ്രമങ്ങള്‍.ശരിക്കും മറ്റൊരു ചിത്രത്തില്‍ ആയിരുന്നെങ്കില്‍ ആ മൂഡ്‌ തന്നെ വേറെ ആയേനെ.എന്നാല്‍ അത് ഉപയോഗിച്ച വിധം രസകരം ആയിരുന്നു.എടുത്തു പറയേണ്ടത് സിനിമയുടെ ഫ്രെയിമുകള്‍ ആണ്.ദൃശ്യ ഭംഗി അതി വിദഗ്ധമായി ഒപ്പിയെടുത്തിരിക്കുന്നു.ഗ്രാമത്തിന്റെ സൗന്ദര്യം,ഒരു പക്ഷെ ആ രംഗങ്ങള്‍ കാണുമ്പോള്‍ മനസ്സിന് വല്ലാത്തൊരു കുളിര്‍മ ആയിരുന്നു.

   ഏഷ്യന്‍ സിനിമകളിലെ ചില സ്ഥിരം കാഴ്ചകള്‍ പലപ്പോഴും കണ്ടിരുന്നെങ്കിലും ഫാന്ടസിയില്‍ തീര്‍ത്ത നിഗൂഡതകള്‍ ഏറെ ഉള്ള ചിത്രം ആണ് Village of No Return.തീരെ മുഷിപ്പിക്കാത്ത നല്ലൊരു ചിത്രം.

More movie suggestions @www.movieholicviews.blogspot.ca

Tuesday, 19 January 2016

587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000)

587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000),|Action|Drama|,Dir:-Ang Lee,*ing:-Yun-Fat Chow, Michelle Yeoh, Ziyi Zhang .

    ഹോളിവുഡ്  സിനിമകളുടെ  ഇടയില്‍ ഒരു  അത്ഭുതം ആയി  മാറിയ  ഏഷ്യന്‍  ചിത്രം  ആയിരുന്നു  ആംഗ് ലീയുടെ "Crouching Tiger,Hidden Dragon".മാര്‍ഷ്യല്‍ ആര്‍ട്സ് പ്രാവീണ്യം ഉള്ള നായക  കഥാപാത്രങ്ങള്‍  ആയി  വരുന്ന  ചിത്രങ്ങളെ  ചൈനീസ് ഫിക്ഷന്‍ വിഭാഗമായ  Wuxia യില്‍  ഉള്‍പ്പെടുന്ന  Crane Iron Pentalogy എന്ന Pentalogy യിലെ  നാലാം  പുസ്തകം ആണ്  ഈ ചിത്രത്തിന്  ആധാരം.Wang Dulu ആണ്  ഈ പുസ്തകത്തിന്റെ  രചയിതാവ്.അമേരിക്കന്‍  സിനിമ  ചരിത്രത്തിലെ  തന്നെ  ഏറ്റവും  വലിയ  ഹിറ്റ്‌  ആയ   ഏഷ്യന്‍  ചിത്രം  കൂടിയാണ്  ഇത്.

   ചൈനീസ് ചരിത്രത്തിലെ  Qing രാജവംശത്തിന്റെ  കാലത്ത് നടക്കുന്ന കഥയില്‍ ,Wudang എന്ന  ആയോധന കലയില്‍ അഗ്രഗണ്യന്‍ ആയ ലി മു ബായി  തന്‍റെ ആയോധനകല  ജീവിത്തിനു വിരാമം  ഇട്ടു  മടങ്ങി  വരുമ്പോള്‍ അഭിമാന  ചിഹ്നം  പോലെ  ഉപയോഗിച്ചിരുന്ന വാള്‍ ബെയ്ജീങ്ങില്‍  ഉള്ള  സര്‍  ടായിക്ക്  നല്‍കാന്‍  തീരുമാനിക്കുന്നു.എന്നാല്‍   ആ   വാല്‍  മോഷണം  പോകുന്നു.അതിനെ  ചുറ്റിപ്പറ്റി   ഉള്ള  കഥയാണ്  "Crouching Tiger,Hidden Dragon".

  ചിത്രത്തില്‍  ഉപയോഗിച്ചിരുന്ന മാര്‍ഷ്യല്‍ ആര്‍ട്സ്   രംഗങ്ങള്‍  വളരെയധികം  ശ്രദ്ധിക്കപ്പെട്ടിരുന്നു.ഗുരുത്വാകര്‍ഷണത്തെ അതി ജീവിക്കുന്ന  രീതിയില്‍ ചിട്ടപ്പെടുത്തിയ സംഘട്ടന രംഗങ്ങള്‍ നൃത്തം പോലെ തോന്നി.സംഘട്ടനങ്ങളുടെ  കോറിയോഗ്രാഫി  മികച്ച  നിലവാരം  പുലര്‍ത്തി.വ്യത്യസ്തവും  ആയിരുന്നു.മാര്‍ഷ്യല്‍ ആര്‍ട്സ്  സിനിമകളുടെ സ്ഥിരം  ഫോര്‍മാറ്റില്‍ എടുത്ത ചിത്രം  ആയിരുന്നെങ്കിലും ചടുലമായ  സംഹട്ട്ന  രംഗങ്ങളും   ആംഗ് ലീയുടെ  സംവിധാനവും  എല്ലാം കൂടി  ചിത്രത്തെ  മികവിലേക്ക്  ഉയര്‍ത്തി.പത്തു  വിഭാഗങ്ങളില്‍  ഓസ്ക്കാര്‍  പുരസ്ക്കാര വേദിയില്‍  നാമനിര്‍ദേശം  ലഭിച്ച ചിത്രം മികച്ച വിദേശ സിനിമ ഉള്‍പ്പടെ നാല്  പുരസ്ക്കാരങ്ങള്‍  ലഭിച്ചു.Best Cinematography,Music,Art Direction-Set Decoration എന്നീ വിഭാഗങ്ങളില്‍  ആണ്  മറ്റു  പുരസ്ക്കാരങ്ങള്‍.


More movie suggestions @www.movieholicviews.blogspot.com

  

Saturday, 7 March 2015

312.CONFESSION OF PAIN(MANDARIN,2006)

312.CONFESSION OF PAIN(MANDARIN,2006),|Crime|Drama|Thriller|,Dir:-Wai-Keung Lau, Alan Mak,*ing:-Tony Chiu Wai Leung, Takeshi Kaneshiro, Qi Shu.

  രണ്ടു പോലീസുകാരുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രം ആണ് Confession of Pain എന്ന Hongkong ചിത്രം.ചീഫ് എന്ന് അറിയപ്പെടുന്ന ലാവ് ചിന്നും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ആയ യാവു കിന്നും സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു കൊല ചെയ്യുന്ന കുറ്റവാളിയെ അന്വേഷിച്ചാണ് ആ ക്രിസ്ത്മസ് രാത്രി ഇറങ്ങുന്നത്.തന്ത്രപരമായ രീതിയില്‍ ആ കുറ്റവാളിയെ കീഴ്പ്പെടുത്തിയ അവര്‍ എന്നാല്‍ യാവു കണ്ട കാഴ്ച്ചയുടെ ബാക്കിയെന്നോണം ലാവൂ കണ്ടപ്പോള്‍ ദേഷ്യം വന്ന അയാള്‍ ആ കുറ്റവാളിയുടെ തലയ്ക്കു അടിച്ച്  കൊല്ലുന്നു.അന്നത്തെ രാത്രി എന്നാല്‍ യാവുവിന്റെ ജീവിതത്തില്‍ നിര്‍ണായകം ആയിരുന്നു.തന്നോട് അടുപ്പക്കുറവ് കാണിക്കാന്‍ തുടങ്ങിയിരുന്ന ഭാര്യയുടെ അടുക്കല്‍ അയാള്‍ എത്തിയപ്പോള്‍ അവര്‍ കൈയിലെ ഞരമ്പ്‌ മുറിച്ച് ആത്മഹത്യ ചെയ്തതായി കാണപ്പെട്ടു.

  ആളുകള്‍ എന്തിനാണ് മദ്യം കുടിക്കുന്നത് എന്ന് ചോദിച്ചിരുന്ന യാവൂ ആ സംഭവത്തോടെ തികഞ്ഞ മദ്യപാനി ആയി മാറി.മുഴുവന്‍ നേരവും മദ്യത്തിനു അടിമയായ അയാള്‍ പോലീസില്‍ നിന്നും വിരമിച്ചതിനു ശേഷം സ്വന്തമായി കേസുകള്‍ ഏറ്റെടുത്തു അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു സ്വകാര്യമായി.യാവൂ ,ലാവുവിന്‍റെ കുടുംബവും ആയി അടുക്കുന്നു.ലാവുവിന്‍റെ ഭാര്യയായ സൂസന്‍ യാവുവിന്റെ സുഹൃത്തായി മാറുന്നു.ഈ സമയം എല്ലാം തന്നെ യാവുവിന്റെ ഭാര്യയുടെ മരണത്തിന്‍റെ കാരണം കണ്ടെത്താനും അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.അവള്‍ മരിക്കുന്നതിനു മുന്‍പ് ആരെയോ കാത്തിരുന്ന ബാറില്‍ യാവൂ നിത്യ സന്ദര്‍ശകന്‍ ആയി മാറുന്നു.അയാള്‍ക്ക്‌ അവിടെ നിന്നും ലഭിക്കുന്ന പരിചയം ആണ് ഹംഗ്.സൂസന്റെ അച്ഛനെ ലാവൂ കാണുന്നു.ലാവുവിനെ സൂസന്റെ അച്ഛന് ഇഷ്ടമാകുന്നു.എന്നാല്‍ ഒരു രാത്രി സൂസന്റെ അച്ഛനും കൂടെ അയാളുടെ സന്തത സഹചാരിയും കൊല്ലപ്പെടുന്നു.കൊലപാതകം ചെയ്തു എന്ന് കരുതുന്നവര്‍ പരസ്പ്പരം കൊല്ലപ്പെടുത്തിയ നിലയില്‍ ഒരു ഒറ്റപ്പെട്ട വീട്ടില്‍ കാണപ്പെടുന്നു.

 പോലീസിന്‍റെ ഭാഷ്യത്തില്‍ സൂസന്റെ അച്ഛനെയും സുഹൃത്തിനെയും കൊല്ലപ്പെടുത്തി പണം മോഷ്ടിച്ചവര്‍ അത് വീതം വയ്ക്കുന്ന തര്‍ക്കത്തില്‍  മരിച്ചു എന്നാണു.എന്നാല്‍ സൂസന്‍ അത് വിശ്വസിക്കുന്നില്ല.അവര്‍ യാവുവിന്റെ സഹായം തേടുന്നു,തന്റെ അച്ഛന്റെ കൊലപാതകികളെ കണ്ടെത്താന്‍.കഥയുടെ ചുരുക്കം ഇതാണ്.ഈ ചിത്രം ത്രില്ലര്‍ എന്നതില്‍ ഉപരി ക്രൈം/ഡ്രാമ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഒന്നാണ്.കൊലപാതകി ആരാണെന്നുള്ള യാവുവിന്റെ അന്വേഷണത്തിന്റെ ഒപ്പം അയാള്‍ അന്വേഷിച്ചതും കണ്ടെത്താന്‍ ശ്രമിക്കുന്നു.ബന്ധങ്ങളുടെ വ്യാപ്തിയെ കുറിച്ച് വ്യക്തമായ ഒരു വിവരണം നല്‍കാന്‍ ചിത്രം ശ്രമിക്കുന്നുണ്ട്.

More movie suggestions @www.movieholicviews.blogspot.com

Monday, 13 October 2014

192.BLACK COAL,THIN ICE(MANDARIN,2014)

192.BLACK COAL,THIN ICE(MANDARIN,2014),|Mystery|Crime|,Dir:-Yi'nan Dio,*ing:-Fan Lio,Lun Mei Gwei.

"കല്‍ക്കരിപ്പാടത്തിലെ ശരീരഭാഗവും ഐസ്ക്കട്ടിയിലെ വരയും"

 64 മത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ "ഗോള്‍ഡന്‍ ബെയര്‍" പുരസ്ക്കാരം നേടിയ ചിത്രമാണ്" Daylight Fireworks "എന്നും കൂടി പേരുള്ള ഈ ചിത്രം.ശരിക്കും ചിത്രത്തിന്റെ കഥ ഈ പേരുകളുടെ ശരി പകര്‍പ്പുകള്‍ ആവുകയാണ് അവസാനം എന്ന് തോന്നി പോകും.കൊറിയന്‍ ത്രില്ലര്‍ സിനിമകളുടെ ആഴം ഇല്ലെങ്കിലും ചൈനീസ് ചിത്രങ്ങള്‍ പലപ്പോഴും മികച്ച ക്ലാസ് ചിത്രങ്ങള്‍ ആയാണ് തോന്നിയിട്ടുള്ളത്,പ്രത്യേകിച്ചും ത്രില്ലര്‍ സിനിമകളുടെ കാര്യത്തില്‍.അത് കൊണ്ട് തന്നെ ഒരു ചൈനീസ് ത്രില്ലറിന്റെ രീതി വ്യത്യസ്തം ആണ്.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിലെ ഒരു ദിവസത്തില്‍ കല്‍ക്കരി പാടത്തില്‍ കണ്ടെത്തിയ ശരീര ഭാഗം ആണ് ഈ കേസിന്റെ ആരംഭം.രാജ്യം മുഴുവന്‍ വിതറിയ രീതിയില്‍ കാണപ്പെട്ട ശരീര ഭാഗങ്ങള്‍ കേസ് കൂടുതല്‍ ദുഷ്ക്കരം ആക്കി.പ്രത്യേകിച്ചും ഡി എന്‍ ഏ ടെസ്റ്റ്‌ പോലുള്ള മാര്‍ഗങ്ങള്‍ ഒന്നും അത്ര പരിചിതം അല്ലാതെ ഇരുന്ന ഒരു സമയത്ത്.എന്നാല്‍ ഒരു കല്‍ക്കരി പാടത്തില്‍ കണ്ടെത്തിയ വസ്ത്രവും ഐ ഡി കാര്‍ഡും ശവശരീരം ആരുടെ ആണെന്നുള്ള തെളിവുകള്‍ നല്‍കി.

  ആ കല്‍ക്കരി പാടത്തില്‍ ജോലി ചെയ്തിരുന്ന "ലിയാന്ഗ്" എന്നയാളുടെ ശരീരം ആയിരുന്നു അത്.കേസ് അന്വേഷിച്ച "സാംഗും" കൂട്ടരും ലിയാങ്ങിന്റെ ബന്ധുക്കളെ അന്വേഷിച്ചു ചെല്ലുന്നു.ദുഖിതയായ ഭാര്യയെ അവര്‍ കാണുന്നു.ലിയാങ്ങിനു ഒരു സഹോദരന്‍ ഉണ്ടെന്നു മനസ്സിലാക്കിയ സാംഗും കൂട്ടരും അയാളെ വേറെ ഒരു സ്ഥലത്ത് നിന്നും കണ്ടെത്തുന്നു.എന്നാല്‍ അവിടെ അപകടകരമായ സാഹചര്യങ്ങള്‍ ഉണ്ടാവുകയും സാംഗിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ മരണപ്പെടുകയും ചെയ്യുന്നു.സാംഗിനും മുറിവേല്‍ക്കുന്നു.എന്നാല്‍ ആശുപത്രിയില്‍ നിന്നും  തിരികെ എത്തിയ സാംഗ് അന്വേഷണങ്ങളില്‍ നിന്നും മാറ്റപ്പെട്ടു.അയാള്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ആയി ജോലി.അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2004 ല്‍  അന്ന് നടന്നത് പോലെ ഉള്ള രീതിയില്‍ ശവശരീരങ്ങള്‍ കാണപ്പെടുന്നു.മരിച്ച രണ്ടു പേരെയും തിരിച്ചു അറിയുന്നു.ആദ്യം കൊല്ലപ്പെട്ട ലിയാങ്ങിന്റെ ഭാര്യയും ആയി ബന്ധം ഉണ്ടായിരുന്ന രണ്ടു പേര്‍ ആയിരുന്നു കൊല്ലപ്പെട്ടത്.ആകസ്മികം ആയി പോലീസ് ചീഫിനെ കാണാന്‍ എത്തിയ സാംഗ് കേസ് അന്വേഷണത്തില്‍ പങ്കെടുക്കുന്നു.തന്‍റെ നഷ്ടപ്പെട്ട വില തിരികെ പിടിക്കാന്‍ അയാള്‍ക്ക്‌ ലഭിച്ച ഒരു അവസരം ആയിരുന്നു അത്.

  ഒരു പരമ്പര കൊലയാളിയുടെ സാമീപ്യം ഈ കേസിലും തെളിയുന്നു.സാംഗ് കേസ്  അന്വേഷണവും ആയി മുന്നോട്ടു പോകുന്നു.എന്നാല്‍ ഇത്തവണ വ്യക്തമായ ഒരാള്‍ ഈ കേസിന്റെ മുന്നില്‍ ഉണ്ട് അവര്‍ക്ക് അന്വേഷണത്തിനായി.കേസിന്റെ മുന്നോട്ടുള്ള ഗതി അറിയാന്‍ ബാക്കി ചിത്രം കാണുക.ഒരു പരിധി കഴിയുമ്പോള്‍ കേസിനെ കുറിച്ചുള്ള നമ്മുടെ അഭിപ്രായം മാറ്റുന്ന രീതിയില്‍ ഉള്ള ട്വിസ്റ്റ് ഈ ചിത്രത്തില്‍ ഉണ്ട്.പിന്നെ മനുഷ്യര്‍ പലരും പകല്‍ വെളിച്ചത്തില്‍ തിളക്കം ഉള്ളവര്‍ ആയി തോന്നുമല്ലോ.ഒരു ക്ലാസിക് പരിവേഷം ഉള്ള ക്രൈം ത്രില്ലര്‍ ആണ് ഈ ചിത്രം.

More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)