Showing posts with label NORWEGIAN. Show all posts
Showing posts with label NORWEGIAN. Show all posts

Wednesday, 26 January 2022

1424. The Trip (Norwegian, 2021)

 

1424. The Trip (Norwegian, 2021)

          Streaming on Netflix


    ഒരു ഭാര്യയും ഭർത്താവും ഒഴിവ് കാലം ആഘോഷിക്കാൻ പോവുകയാണ്. അവർ ഇങ്ങനെ സന്തോഷമായി പോകുമ്പോൾ..Wait..പ്രേക്ഷകൻ സാധാരണ ഗതിയിൽ അങ്ങനെ തുടക്കത്തിൽ ചിന്തിച്ചേക്കാം.പ്രത്യേകിച്ചും തമ്മിൽ അൽപ്പം അസ്വാരസ്യങ്ങൾ ഉള്ള ദമ്പതികൾ ആകുമ്പോൾ ഒന്ന് സമാധാനമായി കുടുംബ പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർക്കും എന്ന് പ്രതീക്ഷിക്കാം.aa രീതിയിൽ ആണ് സംവിധായകൻ ആയ ലാർസും അയാളുടെ ഭാര്യയും നടി ആക്കാൻ ആഗ്രഹിക്കുന്ന ലിസയുടെയും പെരുമാറ്റം കണ്ടാൽ തോന്നുക.

    

  എന്നാൽ അങ്ങനെയേ അല്ല The Trip എന്ന നോർവീജിയൻ സിനിമയുടെ കഥ പോകുന്നത്.അവർ, ലിസ- ലാർസ് ദമ്പതികൾക്ക് വ്യക്തമായ പദ്ധതികൾ ഉണ്ട് ഈ യാത്രയ്ക്ക്.ഒരുമിച്ചുള്ള പദ്ധതികൾ അല്ല എന്ന് മാത്രം. അവരവരുടെ പദ്ധതികൾ നടപ്പിലാക്കാൻ നോക്കുമ്പോൾ കുറച്ചു അപരിചിതരായ ആളുകൾ കൂടി വന്നാലോ?

  

  ലാർസിൻ്റെ പിതാവിൻ്റെ കാബിനിൽ എല്ലാവരും കൂടി പഴയ പ്രിയദർശൻ സിനിമയിലെ പോലെ ക്യാറ്റ് ആൻഡ് മൗസ് കളി ആയി പോകാനും സാധ്യതയുണ്ട്. ആകെ തമാശ ഒക്കെ ആയി അല്ലേ?തമാശ ഒക്കെ ഉണ്ട് ഈ സിനിമയിലും, മരിക്കുമ്പോൾ പോലും തമാശ.

  

  അതെ മരണം തന്നെ, ഇതെവിടെന്ന് വന്നെന്നു ചോദിച്ചാൽ, ഉത്തരമായി സിനിമ കാണാൻ പറയും. സത്യം പറഞാൽ The Trip അടുത്ത് കണ്ടതിൽ ഏറ്റവും interesting ആയ ചിത്രമായി മാറുന്നത് ഈ ഒരു ഘടകം കാരണം ആണ്.കുറെയേറെ ട്വിസ്റ്റുകൾ പ്രേക്ഷകൻ പ്രതീക്ഷിക്കുന്നത് ആണെങ്കിലും, ഓരോ കഥാപാത്രവും കഥയിലേക്ക് സംഭാവന ചെയ്യുന്ന സംഭവങ്ങൾ പ്രതീക്ഷയ്ക്ക് അപ്പുറം ആയി തോന്നി.

  

  ഹെവി ആയിരുന്നു ഓരോ കഥാപാത്രവും. ചോരക്കളിയിലൂടെ ചിന്തിപ്പിക്കുന്ന കുറെയേറെ മനുഷ്യർ ആണ് അവരെല്ലാം.അത് കൊണ്ട് തന്നെ പ്രേക്ഷകനും കഥാപാത്രങ്ങളോട് അനുകമ്പയും പക്ഷവും എല്ലാം പിടിക്കാൻ സാധിക്കും.എന്നാലും ഈ ചോരക്കളിയിലൂടെ ഇങ്ങനെ ഒരു സിനിമ അവതരിപ്പിച്ച ടോമി വിർകോലയ്ക്കും പ്രത്യേകം അഭിനന്ദനങ്ങൾ പറയണം.ഈ സിനിമയുടെ കഥ പ്രൊഡ്യൂസറോട് എങ്ങനെ ആയിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്ന് കേൾക്കാൻ സാധിച്ചാൽ രസകരം ആയിരിക്കും.

  

  കഥയിൽ പ്രത്യേകിച്ച് പുതുമ ഇല്ലാ എങ്കിലും, സ്ഥിരം ഒരു ഹോം ഇൻവേഷൻ സിനിമ എന്നതിൽ നിന്ന് പോലും ഇത്രയും വ്യത്യസ്തമായ അവതരണ രീതിയിലൂടെ പ്രേക്ഷകൻ എന്ന നിലയിൽ ഈ ചിത്രം നല്ലത് എന്നെ പോലെ രസിപ്പിച്ചു. 

  

   സമയം ഉണ്ടെങ്കിൽ തീർച്ചയായും കണ്ടോളൂ. പലർക്കും ഇഷ്ടമാകും. ചോരക്കളി ഉള്ളത് കൊണ്ട് കുട്ടികളുടെ ഒപ്പം ഇരുന്നു കാണുന്നത് ശ്രദ്ധിക്കുക.


Genre: Action, Comedy, Thriller


 @mhviews rating: 3.5/4


 For link, visit @mhviews1 from Telegram search.


Tuesday, 11 May 2021

1355. Wisting (Norwegian, 2019)

 1355. Wisting (Norwegian, 2019)

           Mystery/Investigation.

           


   കുറ്റാന്വേഷണ സിനിമകൾ/സീരീസുകൾക്കു ഒക്കെ പൊതുവായ ഒരു ഫോർമാറ്റ് ഉണ്ടാകാറുണ്ട്.അതു ആവർത്തിച്ചു ഭാഷ-ദേശ വ്യത്യാസം ഇല്ലാതെ ഒരു യൂണിവേഴ്സൽ ഫോർമാറ്റ് ആടി മാറിയിട്ടും ഉണ്ട്.അത്തരത്തിൽ ഒരു ക്രൈമിനെ സമീപിക്കുന്ന കഥകൾ ഇഷ്ടം ഉള്ള ആളാണെങ്കിൽ ഇതാ ഒരു നോർവീജിയൻ സീരീസ്- Wisting


 Wisting എന്ന സീനിയർ കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ നോർവേയിലെ തീരെ കുറ്റ കൃത്യങ്ങൾ കുറഞ്ഞ ലാർവിക് എന്ന ചെറിയ ടൗണിൽ ആണ് ജോലി ചെയ്യുന്നത്.ആ വർഷത്തെ മഞ്ഞിൽ കണ്ടെത്തിയ ഒരു മൃതദേഹം ആണ് വർഷങ്ങൾക്കു ശേഷം അവിടേക്ക് ഒരു കൊലപാതക കേസ് ആയി വരുന്നത്.


 ഒരു സാധാരണ മരണം എന്നതിൽ നിന്നും അമേരിക്കയിലെ എഫ് ബി ഐ യ്ക്ക് താൽപ്പര്യം ഉള്ള കേസിൽ നിന്നും കൂടുതൽ രാജ്യങ്ങളിൽ സ്വാധീനം ചെലുത്തിയ ഒരു കൊലപാതക പരമ്പരയിലേക്ക് ആണ് കേസിന്റെ അന്വേഷണം നീളുന്നതു.അതിനോട് അനുബന്ധിച്ചു നടക്കുന്ന പല സംഭവങ്ങളും കേസിനെ കൂടുതൽ സങ്കീർണവും വയ്ക്കുന്നുണ്ട്.


 കുറെയേറെ മൃതദേഹങ്ങൾ പൊന്തി വരുന്നു.കാലത്തിന്റെ പിടിയിൽ ഭൂമിയുടെ ഉള്ളിലേക്ക് പോയവ.പ്രിയപ്പെട്ടവർ കാത്തിരുന്ന പെണ്ക്കുട്ടികളുടെ മൃതദേഹങ്ങൾ പല രാജ്യങ്ങളിലുമായി കണ്ടെത്തുന്നു.പല രാജ്യങ്ങളിലും ആയി ഈ കൊലപാതകങ്ങൾ നടത്തിയത് ആരാണ്?


 Wisting എന്നാൽ ഈ ഒരു ചോദ്യത്തിന് ഉത്തരം നൽകി തീരില്ല .ഇതു Wisting എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ്.അയാളുടെ വർത്തമാനക്കാലത്തിൽ അയാളുടെ തന്നെ ഭൂതകാലം ഇടപ്പെടുന്നുണ്ട്.ഒരു പക്ഷെ അയാളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കാൻ സാധ്യത ഉള്ള അവസ്ഥ.


 മികച്ച യൂറോപ്യൻ പരമ്പരകളിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ് Wisting.പ്രകൃതി നൽകിയ വശ്യമായ സൗന്ദര്യത്തിനു മരണത്തിന്റെ ഗന്ധം നൽകിയ ഫ്രെയിമുകൾ തന്നെ ആരെയും ഭ്രമം പിടിപ്പിക്കും.നോർഡിക് സിനിമ/സീരീസ് ക്ളീഷേ ആണതെങ്കിലും, ഓരോ തവണയും ഭ്രമിപ്പിക്കുന്ന പുതുമ അതിലുണ്ടാകും.ഇത്തരത്തിൽ ഉള്ള കഥകൾക്ക് ഒക്കെ പെര്ഫെക്റ്റ് ആയ അന്തരീക്ഷം ആണത്.

  

 നോർവീജിയൻ പരമ്പരകളിലെ ഏറ്റവും ചെലവ് കൂടിയ പരമ്പര ആണിത്. Jørn Lier Horst ന്റെ നോവലുകൾ ആയ  The Caveman, The Hunting Dogs എന്നിവയെ ആധാരമാക്കിയാണ് 10 എപ്പിസോഡ് ഉള്ള ഈ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്.


എന്തായാലും അവസരവും സമയവും കിട്ടുകയാണെങ്കിൽ കാണാൻ മറക്കരുത്, പ്രത്യേകിച്ചും കുറ്റാന്വേഷണ പരമ്പരകൾ താൽപ്പര്യം ഉള്ള ആളാണെങ്കിൽ.


@mhviews rating: 4/4

Perfect OK!!


           OTT- CBC Gem

           No. of Episodes: 10

           Duration:45 mins (Avg).

Telegram download link available @mhviews Telegram channel

For download link and more suggestions, go to www.movieholicviews.blogspot.ca.

Monday, 27 July 2020

​​1023.Late Summer(Norwegian,2016)



​​1023.Late Summer(Norwegian,2016)
          Mystery,Drama.

    തീരെ തിരക്കില്ലാത്ത ഒരു സ്ഥലത്തു വലിയ ഒരു ബംഗ്ളാവ് വാങ്ങി ആണ് ആ വൃദ്ധ താമസിക്കുന്നത്.ആരും സ്വന്തം ആയി ഇല്ലാത്ത അവർ തന്റെ മരണാന്തര ക്രിയകൾക്കു വേണ്ടി ഒരു ഏജൻസിയെ സമീപിച്ചിട്ടുണ്ട്.ഏകാന്തതയിൽ ജീവിക്കുന്ന അവരുടെ അടുക്കലേക്കു ആണ് ആ രണ്ടു പേർ വരുന്നത്.ഗർഭിണിയായ ഇസബെൽ,അവളുടെ കാമുകനായ മർക്കസ്.

  ആരെയും തന്റെ വീട്ടിലേക്കും ജീവിതത്തിലേക്കും അടുപ്പിക്കാതെ ഇരുന്ന വിവിയൻ എന്നാൽ ഇന്ധനം തീർന്ന മൂലം വഴിയിൽ കുടുങ്ങി പോയ അവരെ ആ വലിയ ബംഗ്ലാവിൽ താമസിക്കാൻ അനുവദിക്കുന്നു.അൽപ്പം ഭയത്തോടെ തന്നെ.അപരിചിതർ ആയ രണ്ടു പേർ.ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ.എന്നാൽ അടുത്ത ദിവസങ്ങളിൽ അവർ ആ സത്യം മനസ്സിലാക്കുന്നു.താൻ അപകടത്തിൽ ആണെന്ന് അവർ മനസ്സിലാക്കിയെങ്കിലും അൽപ്പം വൈകിയിരുന്നോ?അവരെ അപായപ്പെടുത്തുവാൻ അവർ ശ്രമിക്കുമോ?അവർ യഥാർത്ഥത്തിൽ ആരാണ്?അവർ പറഞ്ഞ കാര്യങ്ങൾ സത്യമാണോ?

   ചുരുക്കത്തിൽ മുകളിൽ പറഞ്ഞ കഥാസാരം വായിച്ചാൽ ഇടയ്ക്കു താമസിക്കുന്ന ആളുകളെ ശല്യപ്പെടുത്താൻ വന്ന അപരിചിതരുടെ ചിത്രം ആണെന്ന് ആകും തോന്നുക.അതിൽ തെറ്റു പറയാനും ഇല്ല.എന്നാൽ ചിത്രം ഈ രീതിയിൽ ആണ് അവതരിപ്പിക്കപ്പെട്ടതെങ്കിലും ചർച്ച ചെയ്യുന്ന വിഷയം വേറെയാണ് എന്നു മാത്രം.സിനിമയിൽ സസ്പെൻസ് ആയി അതിന്റെ രസച്ചരട് പൊട്ടിക്കുന്നുണ്ട്.എങ്കിലും Mystery,Thriller എന്ന ഴോൻറെയോട് എന്തു മാത്രം നീതി പുലർത്താൻ കഴിഞ്ഞു എന്നത് സംശയമാണ്.ത്രില്ലർ എന്നത് ഒരു പരിധി വരെ തെറ്റിദ്ധരിപ്പിക്കൽ പോലും ആയി തോന്നി.മിസ്റ്ററി ഘടകം ഏറെ കുറെ ഉണ്ടായിരുന്നെങ്കിലും അതിനു വലിയ impact ഉണ്ടാക്കാൻ സാധിച്ചും ഇല്ല.

  എന്നാൽക്കൂടിയും കൊടുത്ത ഴോൻറെ തെറ്റായി മാറി എന്ന അഭിപ്രായം ആണെങ്കിലും വേറെ ഒരു തരം ചിത്രം എന്നു പറയാം.ഒരു സൈക്കോളജിക്കൽ ,മിസ്റ്ററി,ഡ്രാമ ചിത്രം എന്നു പറയാം.അതു എന്നാൽ സ്ഥിരം കാണുന്ന സിനിമകളിലെ പോലെ അല്ല എന്ന് മാത്രം.എല്ലാവർക്കും suggest ചെയ്യുന്നും ഇല്ല.എങ്കിലും 80 മിനിറ്റുകൾ മാത്രം ഉള്ളത് കൊണ്ട് വലിയ നഷ്ടം ആകും എന്നും പറയാൻ കഴിയില്ല.സിനിമയുടെ ട്രീറ്റ്‌മെന്റ് വില്ലൻ ആയി മാറിയത് പോലെ ആണ് തോന്നിയത് മൊത്തത്തിൽ.ഒപ്പം തെറ്റിദ്ധരിക്കപ്പെട്ടതും!!

MH Views Rating:2/4

More movie suggestions @www.movieholicviews.blogspot.ca

ചിത്രം കാണാൻ ആഗ്രഹം ഉള്ളവർക്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭിക്കും.

t.me/mhviews

Thursday, 9 July 2020

1247. Rovdyr aka Manhunt (Norwegian,2008)



1247. Rovdyr aka Manhunt (Norwegian,2008)
         Horror.

  ആദ്യം തന്നെ പറയാൻ പോകുന്നത് Rovdyr അത്ര മികച്ച സിനിമ അല്ല എന്നാണ്.സിനിമ സജഷൻ എന്ന നിലയിൽ പോസ്റ്റ് ഇടണം എങ്കിൽ എന്തെങ്കിലും നല്ലത് വേണ്ടേ?അങ്ങനെ നോക്കുക ആണെങ്കിൽ മാത്രം ഒരു നല്ല വശം ഉണ്ട് .സിനിമയുടെ genre നോട് നീതി പുലർത്തി എന്ന നിലയിൽ മാത്രം.അതു കൊണ്ടാണ് ഈ പോസ്റ്റും.

  സാധാരണ നോർവീജിയൻ സിനിമകളുടെ ഭംഗി ഒന്നും Rovdyr നു ഇല്ല.Rovdyr raw ആണ്.ആദ്യ സീൻ മുതൽ അത് വ്യക്തമായി കാണാം.കഥ ക്ളീഷേ ആണ്.പക്ഷെ ഹൊറർ എന്ന നിലയിൽ മൊത്തം രക്തമാണ്.കൊല്ലും കൊലയും മാത്രം.ഒരു ട്രിപ്പിനായി ഇറങ്ങുന്ന നാലംഗ സംഘം ഒരു പെട്രോൾ പമ്പിൽ വച്ചു പരിചയപ്പെടുന്ന സ്ത്രീയെ കൂടെ കൂട്ടി.അവിടുന്നു തുടങ്ങുന്നു സിനിമയിലെ സംഭവങ്ങൾ.

  അതങ്ങനെ പോവുകയാണ്.ക്രൂരമായി കൊല ചെയ്യപ്പെടുന്ന ആളുകൾ ഒക്കെ ആയി.തീർച്ചയായും കാണണം എന്നൊന്നും പറയില്ല.ഇത്തരം സിനിമകൾ താൽപ്പര്യം ഉള്ളവർക്ക് കണ്ടു നോക്കാവുന്നത് ആണ്.നേരത്തെ പറഞ്ഞത് പോലെ genre നോട് നീതി പുലർത്തി എന്നതാണ് ഒരേ ഒരു പ്ലസ് പോയിന്റും.ബാക്കി കാണുക ആണെങ്കിൽ വിലയിരുത്തുക.

MH Views Rating 2.5/5

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews  എന്ന telegram search ൽ ലഭ്യമാണ്.

Sunday, 16 August 2015

472.COLD PREY III(NORWEGIAN,2010)

472.COLD PREY III(NORWEGIAN,2010),|Thriller|Mystery|,Dir:-Mikkel Brænne Sandemose,*ing:-Ida Marie Bakkerud, Julie Rusti, Kim S. Falck-Jørgensen.

  രണ്ടാം ഭാഗം ആദ്യ ഭാഗം നല്‍കിയ പ്രതീക്ഷയുടെ ഒപ്പം നടന്നപ്പോള്‍ Cold Prey II ഹിറ്റ്‌ ആയി.എന്നാല്‍ മൂന്നാം ഭാഗം ആയി എത്തിയ ചിത്രം പ്രതീക്ഷകള്‍ക്ക് ഒത്തുയരാന്‍ ബോക്സോഫീസില്‍ സാധിച്ചില്ല.ആദ്യ രണ്ടു ഭാഗങ്ങളുടെ കഥയില്‍ നിന്നും കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് മൂന്നാം ഭാഗം ഒരുക്കിയത്.യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ആദ്യ രണ്ടു ഭാഗങ്ങളുടെ Prequel ആയാണ് അവതരിപ്പിക്കുന്നത്‌.മഞ്ഞു മലകള്‍ക്കിടയില്‍ ഉള്ള അജ്ഞാതന്‍ ആയ ആ കൊലയാളി ആരാണെന്നും അയാള്‍ എങ്ങനെ ഇത്ര ക്രൂരന്‍ ആയി മാറി എന്നും ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.

  ഒരാളുടെ ജീവിത സാഹചര്യങ്ങള്‍ അയാളെ എന്ത് മാത്രം മാറും?ജീവിത ദുരിതങ്ങള്‍ക്കിടെ ആണ് പതിനൊന്ന് വയസ്സുകാരനെ കാണാതെ ആകുന്നത്.വര്‍ഷങ്ങള്‍ക്കു ശേഷം എണ്‍പതുകളില്‍ വിനോദ സഞ്ചാരികള്‍ ആയി ആണ് ആ സംഘം വനത്തില്‍ എത്തുന്നത്‌.മഴയും തണുപ്പും ഉള്ള ആ സമയത്താണ് അവര്‍ ആറു പേര്‍ അവിടെ എത്തുന്നത്‌.പോലീസിന്‍റെ സഹായത്തോടെ ആ വനത്തില്‍ എത്തിയ അവര്‍ അന്ന് താമസിക്കാന്‍ ആയി ആണ് ആരുമില്ലാതെ കിടന്ന ആ ഹോട്ടലില്‍ താമസിക്കാന്‍ ആയി പോകുന്നത്.എന്നാല്‍ അവിടത്തെ ശോചനീയ അവസ്ഥ കാരണം അവര്‍ ഉറക്കം വനത്തില്‍ ആക്കി.

  അന്ന് രാത്രി ആണ് ഈ സംഘത്തിന്റെ ദുരിതങ്ങള്‍ ആരംഭിക്കുന്നത്.യുവാവായ മല മുകളിലെ കൊലപാതകി ആദ്യ കാലങ്ങളില്‍ കൊല്ലപ്പെടുത്തുന്ന രീതി ആദ്യ രണ്ടു ഭാഗങ്ങളില്‍ ഉള്ളതിനേക്കാളും ഭീകരം ആയിരുന്നു.മൃഗങ്ങളില്‍ തന്റെ വന്യമായ കൊലപാത ആസക്തി കാണിച്ചിരുന്ന ആ മനുഷ്യന്‍റെ ശ്രദ്ധ മനുഷ്യരിലേക്ക് തിരിപ്പിച്ച സംഭവം ആയിരുന്നു ഈ കഥയില്‍ ഉള്ളത്.പ്രവചിക്കാന്‍ കഴിയുന്നത്‌  ആയിരുന്നു ഈ Prequel.പ്രത്യേകിച്ചും ആദ്യ രണ്ടു ഭാഗങ്ങളിലും ഉള്ള കൊലപാതകിക്ക് Prequel ല്‍ എന്ത് സംഭവിക്കും എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണ്.പിന്നെ മഞ്ഞു മലകളിലെ കൊലപാതകി ആരായിരുന്നു എന്നുള്ളത് Prequel ല്‍ അവതരിപ്പിച്ചപ്പോള്‍ അത് കാണാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് ഈ സിനിമ കൂടുതല്‍ മുഷിപ്പായി തോന്നില്ല എന്ന് കരുതുന്നു.

More movie suggestions @www.movieholicviews.blogspot.com

471.COLD PREY II(NORWEGIAN,2008)

471.COLD PREY II(NORWEGIAN,2008),|Thriller|Mystery|,Dir:-Mats Stenberg,*ing:-Ingrid Bolsø Berdal, Marthe Snorresdotter Rovik

  ആദ്യ ഭാഗം നല്‍കിയ പ്രശസ്തി മുതലാക്കി ആദ്യ ആഴ്ചയില്‍ ഒരു നോര്‍വീജിയന്‍ സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് Cold Prey പരമ്പരയിലെ രണ്ടാം ചിത്രം ആയ Cold Prey II നേടിയത്.അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം ആണ് വിജയിച്ച  ആദ്യ ഭാഗം ഉള്ള രണ്ടാം ഭാഗങ്ങളുടെ വിജയം.പലപ്പോഴും ആദ്യ ഭാഗത്തിന്റെ അത്രയും പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ കഴിയാത്ത രണ്ടാം ഭാഗങ്ങള്‍ ദുരന്തം ആയി മാറാറുണ്ട്.എന്നാല്‍ Cold Prey II അതിനൊരു അപവാദം ആയി മാറി,ബോക്സോഫീസ് കണക്കെടുപ്പില്‍.

  ആദ്യ ഭാഗത്തിന്‍റെ പരിപൂര്‍ണമായ പിന്തുടര്‍ച്ച ആണ് രണ്ടാം ഭാഗത്തിന് ഉള്ളത്.ആദ്യ ഭാഗത്തില്‍ അജ്ഞാതനായ കൊലയാളിയില്‍ നിന്നും രക്ഷപ്പെട്ട അഞ്ചംഗ സംഘത്തില്‍ ഉണ്ടായിരുന്ന  ആളിനെ ഉടമസ്ഥന്‍ ഇല്ലാതെ കണ്ടത്തിയ കാര്‍ അന്വേഷിച്ച് പോകുന്ന ഒലെ എന്ന പോലീസുകാരന്‍ കണ്ടെത്തുന്നു.തന്റെ കാമുകിയായ കാമില ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തിക്കുന്നു.തനിക്കും സുഹൃത്തുക്കള്‍ക്കും സംഭവിച്ചതെല്ലാം  രക്ഷപ്പെട്ട  വ്യക്തി പോലീസിനെ അറിയിക്കുന്നു.എന്നാല്‍ ആദ്യം അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന പോലീസ് സംഘം സംഭവം നടന്ന സ്ഥലത്തേക്ക് യാത്ര ആകുന്നു.

   പോലീസ് അന്വേഷണത്തില്‍ അവര്‍ക്ക് കിട്ടിയ വിവരങ്ങളുടെ നിജസ്ഥിതി അറിയുന്നു.അപ്രതീക്ഷിതമായ സംഭവങ്ങള്‍ ആണ് ഇതിനു ശേഷം ആശുപത്രിയില്‍ നടക്കുന്നത്.അസംഭവ്യം എന്ന് കരുതിയത്‌ പോലും  ഇവിടെ സംഭവിക്കുന്നു.മരണത്തിന്റെ കാലൊച്ചകള്‍ ആ ആശുപത്രിയെ ഗ്രസിക്കുന്നു.അവിടെ എന്താണ് സംഭവിച്ചത് എന്നറിയാന്‍ ബാക്കി ചിത്രം കാണുക.

More movie suggestions @www.movieholicviews.blogspot.com

  

470.COLD PREY(NORWEGIAN,2006)

470.COLD PREY(NORWEGIAN,2006),|Thriller|Mystery|,Dir:-Roar Uthaug,*ing:-Ingrid Bolsø Berdal, Rolf Kristian Larsen, Tomas Alf .


   നോര്‍വീജിയന്‍ സ്ലാഷര്‍ സിനിമകളിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 2006 ല്‍ റിലീസ് ആയ Cold Prey.Wrong Turn,Texas Chainsaw Massacre തുടങ്ങി അസംഖ്യം അത്തരം ജോനറില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളുടെ അതേ രീതിയില്‍ ആണ് ഈ ചിത്രവും അവതരിപ്പിച്ചിരിക്കുന്നത്.Jotunheimen ലെ അതിശൈത്യ കാലത്ത് മഞ്ഞില്‍ മൂടി നില്‍ക്കുന്ന മലനിരകളില്‍ സാഹസിക വിനോദങ്ങള്‍ക്കായി യുവാക്കളുടെ ഗ്രൂപ്പുകള്‍ ധാരാളമായി ആ ഭാഗങ്ങളില്‍ എത്തുമായിരുന്നു.

   എന്നാല്‍ ആ സമയത്ത് ധാരാളം വിനോദ സഞ്ചാരികളെ കാണാതായി എന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.അവരെ കുറിച്ചൊന്നും ഒരു വിവരവും ഇല്ലാതെ പോലീസ് ഇരുട്ടില്‍ തപ്പുകയായിരുന്നു.ഈ അവസരത്തില്‍ ആണ് അഞ്ചു പേര്‍ മഞ്ഞു മലകളില്‍ സര്‍ഫിംഗിനായി എത്തുന്നത്‌ .എയ്റിക് ,അയാളുടെ കാമുകി യാനിക്കെ,മിക്കാല്‍,അയാളുടെ കാമുകി ഇംഗുന്‍,മോര്‍ട്ടന്‍ തോബിയാസ് എന്നിവര്‍ ആയിരുന്നു അവിടെ എത്തിയത്.സന്തോഷകരമായി ആരംഭിച്ച സര്‍ഫിംഗിനിടയില്‍ ആണ് മോര്‍ട്ടന്‍ തോബിയാസിന്റെ കാല്‍ ഒടിയുന്നത്‌.

   തോബിയാസിന്റെ ആരോഗ്യ സ്ഥിതി മോശം ആകാതെ ഇരിക്കാന്‍ വേണ്ടി അവര്‍ അടുത്ത് കണ്ട ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉള്ള ഹോട്ടലില്‍ താമസിക്കാന്‍ ആയി കയറുന്നു.അവിടെ ആരും ഉണ്ടായിരുന്നില്ല.രാത്രി ആയതു കൊണ്ട് പിറ്റേ ദിവസം തിരിച്ചു പോകാന്‍ ആയി അവിടെ താമസിക്കുന്ന അവര്‍ അവരുടെ ജീവിതത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ക്ക് ആണ് പിന്നീട് സാക്ഷി ആകുന്നതു.അജ്ഞാതനായ ഒരു കൊലയാളി.അയാളാണ് അവരുടെ ജീവനായി വരുന്നത്.ക്രൂരമായ രീതിയില്‍ ആളുകളെ കൊല്ലപ്പെടുത്തുന്ന അയാള്‍ ആരാണ്?മനസ്സിന്റെ ധൈര്യം ഒന്ന് മാത്രം ആണ് ഇനി ജീവിക്കാന്‍ വേണ്ടിയ കൈ മുതല്‍.Survival of the Fittest എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നു.ആ അവസ്ഥയെ അവര്‍ എങ്ങനെ നേരിടുന്നു എന്നും അതില്‍ ആരാണ് വിജയിച്ചത് എന്നും ആണ് ചിത്രത്തിന്‍റെ ആദ്യ ഭാഗം അവതരിപ്പിക്കുന്നത്‌.

More movie suggestions @www.movieholicviews.blogspot.com

Thursday, 25 June 2015

398.HEADHUNTERS(NORWEGIAN,2011)

398.HEADHUNTERS(NORWEGIAN,2011),|Thriller|Crime|,Dir:-Morten Tyldum,*ing:-Aksel Hennie, Synnøve Macody Lund, Nikolaj Coster-Waldau .

  Jo Nesbø എഴുതിയ നോവലിനെ അവലംബം ആക്കി അവതരിപ്പിച്ചിരിക്കുന്ന ചിത്രം ആണ് Headhunters.കോര്‍പ്പറേറ്റ് രംഗത്തെ മത്സരങ്ങള്‍ പണത്തിനും സുഖത്തിനും വേണ്ടി ആകുമ്പോള്‍ അവസരങ്ങള്‍ ഉണ്ടാക്കി കൊടുന്നവര്‍ക്കും അതിന്റെ പങ്കു ലഭിക്കാറുണ്ട്.അത്തരത്തില്‍ കോര്‍പ്പറേറ്റ് ലോകത്തില്‍ ആവശ്യം അനുസരിച്ച് മാനെജ്മെന്റ് തലത്തില്‍ മികവു ഉള്ളവരെ കണ്ടെത്താന്‍ വൈദഗ്ധ്യം ഉള്ള ആളായിരുന്നു റോജര്‍ ബ്രൌണ്‍.എന്നാല്‍ അയാള്‍ക്ക്‌ വേറെ ഒരു മുഖം കൂടി ഉണ്ടായിരുന്നു.അതി സമര്‍ത്ഥന്‍ ആയ Art Thief ആയിരുന്നു അയാള്‍.സ്വന്തമായി ഇത്തരം ഓപ്പറേഷന്‍ നടത്തുകയും അതിനായി ഉപയോഗിക്കുന്ന നിയമാവലിയും ഉള്ള ആള്‍.

  തന്‍റെ ഭാര്യയായ ഡയാന ആഡംബരത്തില്‍ ഭ്രമം ഉള്ളവള്‍ ആണെന്നുള്ള തോന്നല്‍ ആണ് അയാളെ കൊണ്ട് വീണ്ടും വീണ്ടും വിലയേറിയ ചിത്രങ്ങള്‍ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചത്.എന്നാല്‍ അയാളുടെ ഭാര്യ ഒരിക്കല്‍ പരിചയപ്പെടുത്തിയ ക്ലാസ് എന്നയാള്‍ രോജരിന്റെ ജീവിതത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്‌.ആദ്യം ക്ലാസിനെ പരിചയപ്പെട്ടപ്പോള്‍ ആളുകളെ ട്രാക്ക് ചെയ്യുന്നതില്‍ വൈദഗ്ധ്യം ഉള്ള കമ്പനിയില്‍ നിന്നും വിരമിച്ച ക്ലാസിനു റോജര്‍ അതേ വഴിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയുടെ ഉന്നത  പദവി വാഗ്ദാനം ചെയ്യുന്നു.എന്നാല്‍ ആദ്യം ആ ഓഫര്‍ നിരസിച്ച ക്ലാസ് പിന്നീട് രോജരിനോട് താന്‍ നോര്‍വയില്‍ വരാന്‍ കാരണം ആയ പാരമ്പര്യ വസ്തുവിന്റെ നടത്തിപ്പിനായി പണം ആവശ്യം ഉള്ളത് കൊണ്ട് ആ ജോലി ചെയ്യാന്‍ തയ്യാറാണ് എന്ന് അറിയിക്കുന്നു.

എന്നാല്‍ റോജര്‍ അടുത്ത ദിവസം ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കുന്നു.തെളിവുകളുടെ പിന്‍ബലം മാത്രം ഉള്ള ഒരു  സത്യം.ആ സത്യം അയാളെ ആകെ ആശങ്കാകുലന്‍ ആക്കുന്നു.അയാള്‍ ക്ലാസും ആയുള്ള യുദ്ധം അവിടെ ആരംഭിച്ചു..എനാല്‍ അത് സംഭവിച്ചത് രോജരിന്റെ മനസ്സിലും.എന്നാല്‍ റോജര്‍ അറിയാത്ത സത്യങ്ങള്‍ കുറെ ഉണ്ടായിരുന്നു.അപകടകരമായ ആ രഹസ്യങ്ങള്‍ ആണ് ബാക്കി ചിത്രം.ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ചിത്രം ആണ് Headhunters.

Tuesday, 25 November 2014

236.TROLLHUNTER(NORWEGIAN,2010)

236.TROLLHUNTER(NORWEGIAN,2010),|Fantasy|,Dir:-André Øvredal,*ing:-Otto Jespersen, Robert Stoltenberg, Knut Nærum.

"13 ഒക്ടോബര്‍ 2008,Filmkameratene AS ല്‍ ഒരു അജ്ഞാതന്‍ 283 മിനുട്ടുകള്‍ ഉള്ള ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ രണ്ടു ഹാര്‍ഡ് ഡിസ്ക്കുകള്‍ എത്തിക്കുന്നു.അതില്‍ ഉള്ള ഭാഗങ്ങള്‍ എഡിറ്റ്‌ ചെയ്തു അവതരിപ്പിക്കുന്നു.മറ്റൊരു മാറ്റവും വരുത്തിയിട്ടില്ല".ഇങ്ങനെയാണ് Trollhunter ആരംഭിക്കുന്നത്.ഒരു പക്ഷേ കാണാന്‍ പോകുന്ന സിനിമ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം ആണെന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒന്ന് ആയിരുന്നു ഈ തുടക്കം..

ഭീമാകാര ജീവികള്‍ നമ്മുടെ മിത്തുകളിലും അന്ധവിശ്വാസങ്ങളിലും നാടോടി കഥകളിലും എല്ലാമായി മനുഷ്യന്‍റെ ഭയങ്ങളുടെ കൂട്ടത്തില്‍ ഇടം നേടിയിട്ടുണ്ട്. അത്തരത്തില്‍ നോര്‍വയില്‍ കഥകള്‍  പ്രചാരത്തില്‍ ഉള്ള ഭീകര ജീവികളെ കുറിച്ചാണ് ഈ ചിത്രം.ഇന്ത്യയില്‍ യതി പോലെ ഉള്ള ജീവികള്‍ ഹിമാലയത്തില്‍ പ്രാന്തപരിസരങ്ങളിലും ഉള്ളതായുള്ള കഥകള്‍ പലപ്പോഴും കേട്ടിട്ടുണ്ട്.അത്തരം ഒരു കൂട്ടം ജീവികളെ കുറിച്ചുള്ള ഒരു found footage/mockumentary ചിത്രം ആയിട്ടാണ് നോര്‍വീജിയന്‍ ചിത്രമായ  Trollhunter അവതരിപ്പിച്ചിരിക്കുന്നത്.എന്നാല്‍ ഗോട്സില്ല ,ജുറാസിക് പാര്‍ക്ക്‌ പോലെ ഉള്ള സിനിമകളില്‍ അവതരിപ്പിക്കുന്ന അമിതമായ  ഗ്രാഫിക്സ് രംഗങ്ങള്‍ ഈ ചിത്രത്തില്‍  ഉപയോഗിച്ചിട്ടില്ല.എങ്കിലും നല്ല perfection അനുഭവപ്പെട്ടു.

   ഹാന്‍സ് എന്ന അനധികൃത കരടി പിടുത്തക്കാരനെ തേടി ഇറങ്ങിയതാണ് മൂന്നു കോളേജ് വിദ്യാര്‍ഥികള്‍.അവരുടെ ഓരോ നീക്കവും അവര്‍ ക്യാമറയില്‍ ആക്കുന്നുണ്ടായിരുന്നു.എന്നാല്‍ കരടികള്‍ കൂടുതലായി നാട്ടില്‍ ഇറങ്ങുകയും മറ്റു ജീവികളെ കൊല്ലുന്നതും ആയി കാണപ്പെടുന്നു.അത് പോലെ തന്നെ ആയിരുന്നു കരടികളുടെ കാര്യവും.ചത്ത കരടികളെ പല സ്ഥലങ്ങളിലായി കാണുന്നു.അജ്ഞാതനായ ആ കരടി വേട്ടക്കാരനെ എല്ലാവരും അന്വേഷിക്കുന്നു.എന്നാല്‍ ഈ വിദ്യാര്‍ഥികള്‍ക്ക് ഹാന്‍സ് എന്ന് പേരുള്ള ആ കരടി പിടുതക്കാരനെ നേരില്‍ കണ്ടപ്പോള്‍ തങ്ങള്‍ കരുതിയതല്ല സത്യം എന്ന് മനസ്സിലാക്കുന്നു.സര്‍ക്കാര്‍ മനപ്പൂര്‍വം ജനങ്ങള്‍ അറിയരുത് എന്ന് കരുതിയ ഒരു സത്യം ഉണ്ട്.ആ സത്യത്തിന്‍റെ കാവല്‍ക്കാരന്‍ ആണ് ഹാന്‍സ്.ആ മൂന്നു പേരും അറിഞ്ഞ സത്യങ്ങള്‍ അമ്പരപ്പിക്കുന്നതും  അവിശ്വസനീയവും ആയ കാര്യങ്ങള്‍ ആയിരുന്നു.അവര്‍ അതെല്ലാം തങ്ങളുടെ ക്യാമറയില്‍ ആക്കുന്നു.എന്തായിരുന്നു സര്‍ക്കാര്‍ ഒളിക്കാന്‍ ശ്രമിക്കുന്ന  സത്യങ്ങള്‍?എന്ത് കൊണ്ടാണ് കരടികള്‍ കൊല്ലപ്പെട്ടതായി കാണപ്പെടുന്നത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  പരിഹാസമാണ് ഈ ചിത്രത്തിന്‍റെ മുഖ്യ ശ്രമം എങ്കിലും അവസാന ഭാഗത്ത്‌ "ഓയില്‍ ഫീല്‍ഡ്" എന്ന് നോര്‍വീജിയന്‍ പ്രധാനമന്ത്രി ആയിരുന്ന ജെന്‍സ് സ്റ്റൊല്ട്ടന്ബെര്ഗ് പറഞ്ഞതിനെ "ട്രോള്‍ ഫീല്‍ഡ്" എന്നാക്കിയ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ കഴിവിനെ സമ്മതിക്കണം.ഒരു ഒറിജിനല്‍ found footage ആണെന്ന് പലപ്പോഴും ഈ സിനിമ കാണുമ്പോള്‍ തോന്നി പോകും.ഈ ചിത്രം നോര്‍വയില്‍ മികച്ച അഭിപ്രായം നേടിയ ഒന്നായിരുന്നു.

More reviews @ www.movieholicviews.blogspot.com

Download link:- http://thepiratebay.website/torrent/6644013/TrollHunter.2010.LiMiTED.BDRip.XviD-NODLABS


Tuesday, 8 April 2014

107.JUNK MAIL(NORWEGIAN,1997)

JUNK MAIL(NORWEGIAN,1997),|Thriller|Comedy|,Dir:-Pål Sletaune,*ing:- Robert SkjærstadAndrine SætherPer Egil Aske

 Junk Mail-അനാവശ്യമായി ഇന്‍ബോക്സില്‍ വരുന്ന മെയിലുകളെ സൂചിപ്പിക്കുന്ന വാക്ക്.അത് പോലെ തന്നെയാണ് പലരുടെയും ജീവിതത്തില്‍ അനാവശ്യമായി കടന്നു വരുന്ന ചില കഥാപാത്രങ്ങളും.അവര്‍ ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കുകയും അവരുടെ ജീവിതത്തില്‍ സ്ഥാനം ഉണ്ടാക്കി എടുക്കാനും ശ്രമിക്കുന്നു.നമ്മുടെയെല്ലാം മെയിലുകളില്‍ വരുന്ന സ്പാം അഥവാ ജങ്ക് മെയില്‍ ചെയ്യുന്നതും ഇതാണ്.ഇവിടെ ജങ്ക് മെയില്‍ എന്ന് പറയാവുന്ന ഇതിലെ പ്രധാന കഥാപാത്രമായ പോസ്റ്റ്മാനെ ആണ്.രസകരമല്ലാത്ത മുഷിഞ്ഞ തന്‍റെ ബാഗ് പോലെ തന്നെയാണ് അയാളുടെ ജീവിതവും.ആകെമൊത്തം മുഷിപ്പ്.അയാളെ ഇഷ്ടപ്പെടുന്ന വിരൂപയായ സഹപ്രവര്‍ത്തക,ജീവിതത്തില്‍ വിനോദത്തിന് തീരെ  പ്രാധാന്യം കൊടുക്കാത്ത സുഹൃത്തുക്കളും തൊഴിലും എല്ലാം കൂടി റോയ് എന്ന പോസ്റ്റ്മാന്റെ ജീവിതത്തിനെ സ്വാധീനിക്കുന്നു.ഒരു പക്ഷേ അയാളുടെ സ്വഭാവത്തിന് ചേര്‍ന്ന സ്ഥലത്തായിരിക്കും അയാള്‍ എത്തപ്പെട്ടത്.

  റോയ് ദുര്‍ബലനാണ്.ശാരീരികമായും മാനസികമായും.പോസ്റ്റ്‌ ചെയ്യാന്‍ ഉള്ള എഴുത്തുകള്‍ ആവശ്യക്കാരില്‍ എത്തിച്ചേരുന്നത് അയാളുടെ താല്‍പ്പര്യം അനുസരിച്ച് മാത്രമാണ്.അയാളുടെ പ്രധാന വിനോദം എന്ന് പറയാവുന്നതും അതാണ്‌.മറ്റുള്ളവരുടെ കത്തുകള്‍ തുറന്നു നോക്കി വായിക്കുന്നതില്‍ അയാള്‍ സന്തോഷം കണ്ടെത്തിയിരുന്നു.അയാള്‍ വല്ലപ്പോഴും ചിരിക്കുന്നത് അവ വായിക്കുമ്പോഴും വായിച്ചതിനു ശേഷം അത് ആവശ്യക്കാരില്‍ എത്തുമ്പോഴും ആയിരുന്നു.ഒരു ദിവസം റോയ് ഒരു ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ലിനെ എന്ന സ്ത്രീയെ കണ്ടുമുട്ടുന്നു.ഒരു പുസ്തക കടയില്‍ അവരുടെ പ്രവര്‍ത്തി കണ്ട അയാള്‍ അവരെ നിരീക്ഷിക്കുന്നു.ഒരു ദിവസം എഴുത്തുകള്‍ കൊടുക്കാന്‍ നേരം അയാള്‍ അബദ്ധത്തില്‍ ലിനെ പോസ്റ്റ്ബോക്സില്‍ വച്ചിട്ട് പോകുന്ന അവരുടെ അപ്പാര്‍ട്ട്മെന്റിന്റെ താക്കോല്‍ കൈക്കലാക്കുന്നു.അയാള്‍ അവരുടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്ത് കയറി ചെല്ലുന്നു.ആ അപ്പാര്‍ട്ട്മെന്റിന്റെ താക്കോലിന്റെ മറ്റൊരു പതിപ്പുണ്ടാക്കി ഉപയോഗിക്കുന്നു.എന്നാല്‍ മറ്റൊരാളുടെ ജീവിതത്തില്‍ അവരറിയാതെ നോക്കുന്ന അയാളുടെ പ്രവര്‍ത്തികള്‍ അയാളെ കൂടുതല്‍ കുഴപ്പങ്ങളില്‍ കൊണ്ടെത്തിക്കുന്നു.ഒരു ജങ്ക് മെയില്‍ എന്ന് വിളിക്കാവുന്ന റോയുടെ ജീവിതം പല കാരണം കൊണ്ടും അവിടെ നിന്നും മാറുന്നു.റോയുടെ കണ്ടെത്തലുകള്‍ ലിനെയുടെ ജീവിതതിനെയും സ്വാധീനിക്കുന്നു.റോയ് തുറക്കാന്‍ നോക്കിയത് ലിനയുടെ ജീവിതത്തിലെ ചില രഹസ്യങ്ങളായിരുന്നു.എന്താണ് ആ രഹസ്യങ്ങള്‍?അവിടെ മുതല്‍ ആണ് ഈ ചിത്രം ഒരു ത്രില്ലര്‍ ആയി മാറുന്നത്.

  അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പുരസ്ക്കാരങ്ങള്‍ വാരി കൂട്ടിയ ഈ ചിത്രം കഥയ്ക്ക്‌ ആവശ്യമായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് പോകുന്ന മിതത്വം പാലിക്കുന്നു.ലിനെ ആയി അഭിനയിച്ച അന്നെ ലിനെസ്ടാദ്,റോയ് ആയി അഭിനയിച്ച റോബര്‍ട്ട് എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.ചുരുങ്ങിയ സമയം കൊണ്ട് സിനിമ അവതരിപ്പിച്ചു എന്നത് ഈ ചിത്രത്തിന് അവകാശപ്പെടാവുന്ന വിജയം ആണ്.അധികം എച്ചുക്കെട്ടലുകള്‍ ഇല്ലാതെ പാകമാക്കിയ ഒരു നോര്‍വീജിയന്‍ ബ്ലാക്ക് കോമഡി ത്രില്ലര്‍ എന്ന് പറയാം ജങ്ക് മെയിലിനെ.വ്യത്യസ്തമായ അവതരണ ശൈലിയില്‍ ഉള്ള ഒരു ത്രില്ലര്‍ ആണ് ഈ ചിത്രം,പ്രമേയവും വ്യത്യസ്ഥം.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7/10.

 More reviews @ www.movieholicviews.blogspot.in

Monday, 24 March 2014

104.INSOMNIA (NORWEGIAN,1997)

104.INSOMNIA(NORWEGIAN,1997),|Mystery|Drama|Thriller|,Dir:- Erik Skjoldbjærg,*ing:-Stellan SkarsgårdMaria MathiesenSverre Anker Ousdal

   "ഇന്‍സോമനിയ" ശരിയായ അളവില്‍ ഉറക്കം കിട്ടാത്ത ആളുകളില്‍ കാണപ്പെടുന്ന മാനസികാവസ്ഥയെ ഇങ്ങനെ വിളിക്കാം.ഇത്തരത്തില്‍ ഉള്ള പ്രമേയങ്ങള്‍ക്ക്സിനിമ പലപ്പോഴും പ്രധാന തീമും ആയിട്ടുണ്ട്‌.Fight Club,Machinsit,Insomnia(2002) എന്നീ ചിത്രങ്ങള്‍ ഇവയില്‍ ചിലത് മാത്രം.നോളന്റെ 2002 ല്‍ ഇറങ്ങിയ ഇതേ പേരില്‍ ഉള്ള ചിത്രം ഈ നോര്‍വീജിയന്‍ ചിത്രത്തെ ആസ്പദമാക്കി ആയിരുന്നു."ഇന്‍സോമനിയ " എന്ന ഈ ചിത്രം പറയുന്നത് നോര്‍വയില്‍ ഒരു പെണ്‍ക്കുട്ടിയുടെ കൊലപാതകം അന്വേഷിക്കാന്‍ വന്ന ജോനാസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണവും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയും ആണ്.അതീവ ശ്രദ്ധയോടെ നടത്തിയ ഒരു കൊലപാതകം ആയിരുന്നു ടാന്യ എന്ന പെണ്ക്കുട്ടിയുടെത്.തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ നടത്തിയ ആ കൊലപാതകത്തില്‍  പെണ്‍ക്കുട്ടിയുടെ മുടി പോലും കഴുകിയിരുന്നു തെളിവുകള്‍ നശിപ്പിക്കുവാന്‍ വേണ്ടി.തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാത്ത ബുദ്ധിപൂര്‍വമായ കൊലപാതകം എന്ന് വിളിക്കാവുന്ന ഒന്നായിരുന്നു അത്.

    അന്വേഷണം ആരംഭിച്ചത് ടാന്യയുടെ കാമുകനായ എയ്ലേര്‍ട്ട്‌ എന്ന ചെറുപ്പക്കാരനില്‍ ആയിരുന്നു.ജോനാസിന്‍റെ സഹ പ്രവര്‍ത്തകനായ വിക് ആയിരുന്നു അന്വേഷണത്തില്‍ പങ്കാളി.കൊലപാതകിയെ കുടുക്കുവാനായി നടത്തിയ ശ്രമത്തില്‍ വിക് വെടിയേറ്റ് കൊല്ലപ്പെടുന്നു.പാതിരാത്രിക്കും സൂര്യന്‍ ഉദിക്കുന്ന ആര്‍ട്ടിക് പ്രദേശത്ത് താമസിച്ചിരുന്ന ജോനാസിനു ശരിയായ രീതിയില്‍ ഉറക്കം ലഭിക്കുന്നില്ല.അതയാളെ അസ്വസ്ഥനാക്കുന്നു.അതിനൊപ്പം വിക്കിന്‍റെ കൊലപാതകം അയാളെ കൂടുതല്‍ തളര്‍ത്തുന്നു.വിക്കിന്‍റെ കൊലപാതകം നടത്തിയത് ടാന്യയുടെ കൊലപാതകി തന്നെ ആണെന്നുള്ള നിഗമനത്തില്‍ ആ കേസ് അന്വേഷിക്കാനായി ഹില്‍ടെ എന്ന അന്വേഷണ ഉദ്യോഗസ്ഥ വരുന്നു.സമാന്തരമായ രണ്ടു കേസുകളുടെ അന്വേഷണവും  നടക്കുന്നതിന്റെ ഇടയില്‍ ടാന്യയുടെ കൊലയാളിയെ കുറിച്ച് പ്രധാനമായ വിവരങ്ങള്‍ ലഭിക്കുന്നു.ആ കൊലയാളിയെ പിന്തുടര്‍ന്ന് പോയ ജോനാസ് അയാളെ പിടിക്കുമ്പോള്‍ അയാള്‍ ഒരു രഹസ്യം ജോനാസിനോട് വെളിപ്പെടുത്തുന്നു.ജോനാസിനെ കുറിച്ചുള്ള ഒരു രഹസ്യം അയാള്‍ക്കറിയാം.താന്‍ പോലീസ് പിടിയില്‍ ആയാല്‍ അത് വെളിപ്പെടുത്തും എന്ന് അയാള്‍ ജോനാസിനെ അറിയിക്കുന്നു.തന്റെ നിലനില്‍പ്പും  ദൌത്യ നിര്‍വഹണവും തമ്മില്‍ ഉണ്ടാകുന്ന പൊരുത്തക്കേട് അയാളുടെ മാനസിക നില അപ്പാടെ മാറ്റുന്നു.ജോനാസ് ആ അവസ്ഥയെ എങ്ങനെ മറികടക്കും?ആരാണ് ടാന്യയുടെ കൊലപാതകി?ജോനാസിനു ആയ കൊലയാളിയെ കുരുക്കാന്‍ കഴിയുമോ?ഇതാണ് ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.

   ഇംഗ്ലീഷില്‍ ഇറങ്ങിയ റീമേക്കുമായി ഇതിനെ താരതമ്യപ്പെടുതേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല ഈ ചിത്രത്തിന്.ഹോളിവുഡ് എന്ന ഭീമാകാരന്റെ ഭാഗമായി ഇറങ്ങിയപ്പോള്‍ കൂടുതല്‍ ആളുകളില്‍ ഈ സിനിമ എത്തിയിരുന്നു എന്നുള്ളത് സത്യമാണ്.എങ്കില്‍ പോലും ഉറക്കമില്ലാത്ത പാതിരാത്രിയില്‍ പോലും സൂര്യന്‍ ഉദിച്ചു നില്‍ക്കുന്ന നോര്‍വയുടെ പശ്ചാത്തലത്തില്‍ ഈ ചിത്രം കൂടുതല്‍ വിശ്വസനീയം ആകുന്നുണ്ട്.പ്രധാന കഥാപാത്രങ്ങള്‍ എല്ലാം തന്നെ സിനിമയുടെ മൊത്തത്തില്‍ ഒരു ഫീല്‍ പ്രേക്ഷകന് നല്‍കുന്നുമുണ്ട്.ഒരു പക്ഷെ എനിക്ക് നോളന്റെ സിനിമയേക്കാളും ഈ സിനിമ ഇപ്പോള്‍ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത് പോലെ തോന്നുന്നു.അഭിപ്രായങ്ങള്‍ മാറിയേക്കാം.എന്നാലും അന്വേഷണ-ത്രില്ലര്‍ സിനിമകള്‍ ഇഷ്ട്പ്പെടുന്നവര്‍ ഈ ചിത്രം കാണുവാന്‍ ശ്രമിക്കുക.ഒന്നുമ്മില്ലാതെ നോളന്‍ ഈ ചിത്രം റീമേക്ക് ചെയ്യുവാനായി എടുക്കില്ലല്ലോ.ഈ  ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക്  7.5/10!!

More movie reviews @ www.movieholicviews.blogspot.com


1995. Drop ( English, 2025)