Showing posts with label POLISH. Show all posts
Showing posts with label POLISH. Show all posts

Sunday, 3 May 2020

1214.The Plagues of Breslau (Polish, 2018)



1214.The Plagues of Breslau (Polish, 2018)
          Mystery, Thriller.

  പശുവിന്റെ തോൽ കൊണ്ടു മൂടിയിട്ടു മറവു ചെയ്ത മൃതദേഹം, ക്രൂരമായ നിലയിൽ ശരീരം മുറിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം, പ്രത്യേക രീതിയിൽ തീ കൊണ്ടു കൊലപ്പെടുത്തിയതു വേറെ.അങ്ങനെ പല തരത്തിൽ ആണ് പോളണ്ടിലെ Wroclaw യിൽ നടന്ന കുറെയേറെ കൊലപാതകങ്ങളിൽ ചിലതിന്റെ രീതി.കേസ് അന്വേഷണം നടത്തുന്ന ഹെലെന എന്നാൽ കേസിനു തുമ്പൊന്നും കിടാതെ വലയുകയാണ്.

   അപ്പോഴാണ് കേന്ദ്രത്തിൽ നിന്നും ഒരു പ്രൊഫൈലർ കേസിൽ സഹായത്തിനായി വരുന്നത്.ഇവോണ എന്ന പേരുള്ള ആ സ്ത്രീ കേസിൽ നിർണായകമായ പല തെളിവുകളും കണ്ടെത്താൻ സഹായിക്കുന്നു.അതിലൊന്നാണ് ചരിത്രത്തിൽ ഉള്ള Breslau യിലെ പഴയ ആ സംഭവവും ആയി കേസിനെ ബന്ധിപ്പിക്കുന്നത്.കൊലയാളി വൈകുന്നേരം 6 മണിക്ക് തന്റെ ഇരകളെ പബ്ലിക് ആയി തന്നെ കൊലപ്പെടുത്തും എന്ന കാര്യം അങ്ങനെ ആണ് അവർ മനസ്സിലാക്കുന്നത്.എന്താണ് കൊലയാളിയുടെ ലക്ഷ്യം?ആരാണ് അതു?

   പോളീഷ് സിനിമയിൽ പൊതുവായി കാണുന്ന ഒരു കാര്യമാണ് യുദ്ധത്തിന് മുന്നേ ഉള്ള അവരുടെ രാഷ്ട്രീയ-സാമൂഹിക സാഹചര്യവും ആയി ബന്ധിപ്പിച്ചു കൊണ്ടുള്ള തീമുകൾ.ഇവിടെ Breslau എന്ന പട്ടണം അതിന്റെ പ്രതാപക്കാലത്തിലേക്ക് ഉള്ള ഓർമകൾ അയവിറക്കുന്നു ഈ സിനിമയിൽ.

  Marek Krajewski യുടെ കഥകളിൽ നിന്നും ആണ് സിനിമയുടെ പ്രമേയം എടുത്തിരിക്കുന്നത്.സിനിമ തുടക്കം വലിയ രീതിയിൽ തന്നെ അമ്പരപ്പിച്ചു.പ്രത്യേകിച്ചും കൊലപാതക രീതികൾ ഒക്കെ.എന്നാൽ, സിനിമയുടെ കഥയിലെ ട്വിസ്റ്റ് വെളിവാകുന്നതോടെ പല ലോജിക്കൽ പ്രശ്നങ്ങളും ഉള്ളതായി തോന്നി.ഒരു spine chilling effect ക്ളൈമാക്സിലേക്കു അടുക്കുമ്പോൾ ലഭിച്ചില്ല.പ്രത്യേകിച്ചും സിനിമയുടെ തുടക്കം അത്തരം ഒന്നു demand ചെയ്തിരുന്നു.

  എന്നാൽക്കൂടിയും ഒന്നര മണിക്കൂർ ഉള്ള ഈ ക്രൈം ത്രില്ലർ അധികം മുഷിപ്പിച്ചില്ല.വലിയ സംഭവം ആകാതെ അവസാനിച്ചെങ്കിലും സീരിയൽ കില്ലർ സിനിമകൾ ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് കണ്ടു നോക്കാൻ ഉള്ളത് ഉണ്ട്.

  സിനിമ Netflix ൽ ലഭ്യമാണ്.

 MH Views Rating 3/5


ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ  ലഭ്യമാണ്.

Tuesday, 28 April 2020

1208.Spoor (Polish, 2018)



1208.Spoor (Polish, 2018)
          Crime, Thriller

   കുറെയേറെ കൊലപാതകങ്ങൾ.ക്രൂരമായ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ എല്ലാം ആ ഗ്രാമത്തിലെ പ്രമുഖരുടേത് ആണ്.ആകെ ഉള്ള തെളിവ് മൃതദേഹത്തിന്റെ അടുക്കൽ നിന്നും കിട്ടുന്ന മൃഗങ്ങളുടെ കാൽപ്പാടുകൾ മാത്രം.പോലീസ് പലരെയും സംശയിക്കുന്നുണ്ടെങ്കിലും തെളിവുകൾ ഇല്ലാത്തത് കൊണ്ട് ഇരുട്ടിൽ തപ്പുന്നു.

   ഒരു കുറ്റാന്വേഷണ കഥയായി തോന്നുമെങ്കിലും The Spoor പറയുന്നത് ഗൗരവപൂര്ണമായ മറ്റൊരു കഥയാണ്.മനുഷ്യൻ മൃഗങ്ങളോട് ചെയ്യുന്ന ക്രൂരത.മിയ്ക്ക യൂറോപ്യൻ- അമേരിക്കൻ രാജ്യങ്ങളിലും വേട്ടയാടുന്നതിനു അനുവാദം ഉണ്ട് ഓരോ സീസണ് അനുസരിച്ചു.കഥ പറഞ്ഞു പോകുന്നതും ആ സീസണുകൾ ടൈംലൈൻ ആക്കിയാണ്.

  ടെസസ്ക്കോ എന്ന സ്ത്രീയ്ക്ക് ഈ കൊലപാതകങ്ങളെ കുറിച്ചു ഒരു തിയറി പറയാനുണ്ട്.എന്നാൽ പോലീസ് അവരെ മുഖവിലയ്ക്കു എടുക്കുന്നും ഇല്ല.മൃഗങ്ങൾ തങ്ങളുടെ പ്രതികാരം ചെയ്ത കഥകൾ വരെ അവർ പറയുന്നുണ്ട്.ഈ കൊലപാതകങ്ങൾക്കു പിന്നിൽ ആരാണ് എന്നുള്ളത് ആണ് ചിത്രത്തിന്റെ കഥ.

  ചിത്രത്തിന്റെ പോളിഷ് പേരായ Pokot ന്റെ അർത്ഥം വേട്ടയാടലിൽ മരിച്ച മൃഗങ്ങളുടെ എണ്ണം എന്നാണ്.ഇംഗ്ലീഷ് പേരായ The Spoor ന്റെ അർത്ഥം വേട്ടയാടലിൽ അവശേഷിച്ച അടയാളങ്ങൾ എന്നും (കട: വിക്കിപീഡിയ).എങ്ങനെ ആയാലും ചിത്രത്തിന്റെ പേരിനോട് നീതി പുലർത്തുന്നു കഥ.

 ഓൾഗയുടെ Drive Your Plow Over the Bones of the Dead എന്ന നോവലിനെ ആസ്പദം ആക്കിയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ കഥയിൽ സ്ഥിരമായി കാണുന്ന corruption, പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾ എല്ലാം ചിത്രത്തിൽ കാണാം.ഓരോ സീസണിനും അനുസൃതമായ പ്രകൃതി ഭംഗി സിനിമയിൽ ഉടനീളം ഉണ്ട്.

  ഒരു കുറ്റാന്വേഷണ ത്രില്ലർ എന്ന തോന്നലുകൾക്കിടയിലും ചിത്രം പറയുന്ന ബിഗ് പിക്ച്ചർ കാണാൻ ശ്രമിക്കുക.പലതരം അഭിപ്രായങ്ങൾ മനസ്സിൽ ഉണ്ടാകും.

MH Views Rating: 3/5

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിൽ ലഭിയ്ക്കും

Sunday, 19 April 2020

1199. Amok (Polish, 2017)




1199. Amok (Polish, 2017)
          Crime, Thriller.

    "Amok" എന്നത് ഒരു നോവലിന്റെ പേരാണ്.ആ ബുക്ക് ഇപ്പോൾ മോശമായ കാരണങ്ങൾ കൊണ്ടുള്ള കുപ്രസിദ്ധിയിൽ ആണ്.കാരണം, അതിൽ ഉള്ള പല വിവരണങ്ങളും വിരൽ ചൂണ്ടുന്നത് വർഷങ്ങൾക്കു മുൻപ് പോലീസ് തെളിവുകൾ ഇല്ലാതെ അന്വേഷണം നിർത്തിയ ഒരു കേസിലേക്കു ആണ്.

 ജസേക് സോകോൾസ്കി എന്ന മധ്യവയസ്ക്കാനായ പോലീസ് ഇൻസ്‌പെക്‌ടർ വാർസോയിൽ നിന്നും സ്ഥലം മാറി വന്നതാണ്.അയാൾക്ക്‌ സംശയം തോന്നി അന്വേഷണം പുനരാരംഭിച്ച കേസിൽ അയാളുടെ മുന്നിൽ ഉള്ള തെളിവ് എന്നത്‌ ആ നോവൽ എഴുതി ഒപ്പിട്ട രചയിതാവിന്റെ വിശദമായ കൊലപാതക രീതി ആണ്.ക്രൂരമായ കൊലപാതകങ്ങളുടെ വിശദീകരണവും സ്ത്രീകളെ മോശക്കാരികൾ ആയി സൃഷ്ടിച്ച ആ നോവൽ എന്നാൽ തുടക്കത്തിൽ ആരും ശ്രദ്ധിച്ചില്ല.എന്നാൽ ഇന്ന് നോവലും രചയിതാവായ ക്രിസ്ത്യൻ ബാലയും പ്രശസ്തിയിൽ മുൻപന്തിയിൽ ആണ്.

  പണവും പ്രശസ്തിയും ആണ് ജീവിതത്തിൽ ഏറ്റവും പ്രധാനം എന്നു വിശ്വസിക്കുന്ന ഒരു എഴുത്തുകാരനും തന്റെ തോന്നലുകൾ അല്ല ആ പുസ്തകത്തിൽ ഉള്ള വിവരണങ്ങളും എന്നു വിശ്വസിക്കുന്ന പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ ഉള്ള പോരാട്ടം ആണ് ചിത്രം.ആമോക് നിഗൂഡത കഥയിൽ ഒളിപ്പിച്ച ചിത്രമല്ല.പകരം, നിഗൂഢമായ മനുഷ്യ മനസ്സിന്റെ ഒരു നേർക്കാഴ്ച ആണ്.

  ആമോക് എന്ന നോവലിനെ കുറിച്ചു ക്രിസ്ത്യൻ ബാല പറഞ്ഞതു പോലെ, ഏറെ ഇതളുകൾ ഉള്ള, ഇവിടെ നിന്നും വായിച്ചാലും കഥയിലേക്ക് എത്തുന്ന അത്ര നിഗൂഢത.അതു മനുഷ്യ മനസ്സിനാണ്.

  കൂടുതൽ ഞെട്ടിക്കാൻ ആയി, ഇതു യഥാർത്ഥത്തിൽ നടന്ന ഒരു സംഭവം ആണ്. ബി ബി സി ഉൾപ്പടെ പല അന്താരാഷ്ട്ര മാധ്യമങ്ങളും  ചർച്ച ചെയ്ത ഒരു കൊലപാതക കേസ്.മനുഷ്യ മനസിന്റെ പല തട്ടിലേക്കും പോയ ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്നു വേണം വിളിക്കാൻ.

  താൽപ്പര്യം ഉള്ളവർക്ക് കാണാൻ ശ്രമിക്കാം.ചിത്രം എനിക്കു ഇഷ്ടമായി.

  MH Views Rating 3.5/5

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിൽ ലഭ്യമാണ്.

Friday, 17 April 2020

1197. A Grain of Truth(Polish, 2015)


1197. A Grain of Truth(Polish, 2015)
          Mystery, Crime

  ശരീരത്തിൽ നിന്നും രക്തം മൊത്തം ഊറ്റി കളഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം, ഒരു ഹുക്കിൽ തല കോർത്ത നിലയിൽ കാണപ്പെട്ട പുരുഷൻ.പോളണ്ടിലെ സൻഡോമിയേൽ ആണ് ആ രണ്ടു കൊലപാതകങ്ങൾ അരങ്ങേറിയത്.

  ക്രിസ്ത്യൻ-ജൂത വിശ്വാസങ്ങൾ കാരണം ധാരാളം മരണങ്ങൾ അന്ധവിശ്വാസങ്ങളുടെ പേരിൽ നടന്ന ഒരു പ്രൊവിൻസ്.മരണങ്ങളുടെ പിന്നിൽ ഉള്ള രഹസ്യം അന്വേഷിച്ചു പ്രോസിക്യൂട്ടർ ടിയോ കേസ് ആരംഭിക്കുമ്പോൾ കൂടുതലും ആ വിശ്വാസങ്ങളെ കേന്ദ്രീകരിച്ചു ആയിരുന്നു അന്വേഷണം.(ഒരു കുറ്റാന്വേഷകന് പകരം പോസിക്യൂട്ടർ കേസ് അന്വേഷണം നടത്തുന്ന നിയമം ആണ് പോളണ്ടിൽ ഉള്ളത്.)

  കേസ് അന്വേഷണത്തിൽ ധാരാളം പേർ സംശയത്തിന്റെ നിഴലിൽ വന്നൂ.ഭൂതകാലത്തിന്റെ അടിത്തറയിൽ നിന്നു കൊണ്ടുള്ള അന്വേഷണത്തിന് പക്ഷെ ഒരു വഴിത്തിരിവ് ഉണ്ടാകുന്നു.ചിത്രത്തിന്റെ ട്വിസ്റ്റ് എന്നു പറയുന്ന ഭാഗം.സ്ഥിരം മതപരമായ ചിഹ്നങ്ങൾ നിറഞ്ഞു നിൽക്കുന്ന സിനിമകളുടെ രീതിയിൽ ആണ് ഈ ചിത്രവും ഒരു പരിധി വരെ പോകുന്നത്.വിശ്വാസങ്ങളുടെ കാരണം പറഞ്ഞു നടന്ന ക്രൂരതയുടെ കഥകളിലൂടെ.

പോളിഷ് എഴുത്തുകാരൻ സിഗ്മണ്ട് മിലോസ്‌വിക്കിയുടെ ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദം ആക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

  കേസ് അന്വേഷണത്തിൽ അവസാനം എന്തു സംഭവിക്കുന്നു?ഇനിയും മരണങ്ങൾ ഉണ്ടാകുമോ?ചിത്രം കാണുക.

  MH Views Rating 3.5/4

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്  t.me/mhviews or @mhviews ൽ ലഭിക്കുന്നത് ആണ്.



 

Sunday, 10 February 2019

1015.Jeziorak(Polish,2014)



1015.Jeziorak(Polish,2014)
          Mystery,Crime

  മൂന്നു കേസുകൾ ആണ് പൊലീസിന് മുന്നിൽ ഉള്ളത്.

 1. ഒരു തെളിവും ഇല്ലാതെ അപ്രത്യക്ഷരായ 2 പോലീസുകാർ.
 2. ജെസിയോരാക് നദിയിൽ നിന്നും കണ്ടെടുത്ത യുവതിയുടെ മൃതദേഹം.
 3. പോലീസിനെ വെടി വച്ച അജ്ഞാതൻ.

    പോളണ്ടിലെ ഒരു ചെറിയ പട്ടണത്തിൽ നടന്ന ഈ മൂന്നു സംഭവങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നത് 'ജെസിയോരാക് നദിയാണ്.പോളണ്ടിലെ ഏറ്റവും നീളം കൂടിയ നദി. കേസന്വേഷണം ഏറ്റെടുത്തത് 'ഇസ ഡറേൻ' എന്ന പൊലീസ് ഉദ്യോഗസ്ഥയും.ഗർഭിണിയായ അവരുടെ പ്രിയപ്പെട്ടവൻ കാണാതായ പോലീസുകാരിൽ ഒരാളാണ്.അന്വേഷണം ഏറ്റെടുത്തത് മുതൽ നിഗൂഢമായ പല രഹസ്യങ്ങൾക്കും ഈ സംഭവങ്ങളുമായി ഉള്ള ബന്ധം മനസ്സിലാകുന്നു.അതിലൊന്നായിരുന്നു ഏറെ വർഷങ്ങൾക്കു മുൻപ് അവിടെ നടന്ന ഒരു തീ പിടുത്തം.

  രഹസ്യങ്ങൾ ഏറെയുണ്ട് ജെസിയോരക്കിന്റെ അടുക്കൽ ജീവിക്കുന്ന പലർക്കും.പലരുടെയും ജീവിതം മാറ്റി മറിക്കുന്നവ.എന്തൊക്കെ ആണ് ആ രഹസ്യങ്ങൾ?സിനിമ കാണുക!!

    യൂറോപ്യൻ സിനിമയുടെ സൗന്ദര്യം,പാതി മയക്കത്തിൽ കിടക്കുന്ന ഒരു ചെറിയ പട്ടണം.നിഗൂഢതയുടെ ഇരുട്ടു നിറഞ്ഞ അന്തരീക്ഷം.ഒരു ഡാർക് ക്രൈം ത്രില്ലറിന് ഉള്ള എല്ലാ സാധ്യതയും ആദ്യ ഫ്രയമിൽ തന്നെ പ്രേക്ഷകന് ലഭിക്കുന്നുണ്ട്.അവിടെ നിന്നും ചിത്രം കൂടുതലായി പ്രേക്ഷകനെ ആകർഷിക്കും.അതിനൊപ്പം ഭൂതക്കാലവും ആയി അന്വേഷണം നടത്തുന്ന കഥാപാത്രങ്ങൾ കൂടി ആകുമ്പോൾ Perfect Blend എന്നു പറയാം ചിത്രത്തിന്റെ പശ്ചാത്തലത്തെ കുറിച്ചു.

  യോവിറ്റ ബട്ണിക് എന്ന നടിയുടെ പ്രകടനം ആണ് എടുത്തു പറയേണ്ടത്.അന്വേഷണം നടത്തുന്നതിനോടൊപ്പം അവരുടെ ജീവിതവും,ഭാവിയും എല്ലാം പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാറുന്ന കഥാപാത്രമായി മികച്ച പ്രകടനം ആയിരുന്നു.ക്ളൈമാക്സിലേക്കു പോകുന്നതിനു മുന്നേ പല കണ്ണികളും യോജിച്ചു വരുന്നത് ഒരു ജിഗ്‌സോ പസിൽ പോലെ തോന്നാം.ഇത്തരത്തിൽ ഉള്ള ചിത്രങ്ങളിൽ പലപ്പോഴും നിർബന്ധപൂർവം ചേർക്കപ്പെടുന്ന കൂട്ടിയിണക്കൽ ആയി തോന്നില്ല പലതും.

    പതിഞ്ഞ താളത്തിൽ ആണെങ്കിലും ആ സംഭവങ്ങൾ ആവശ്യപ്പെടുന്ന വേഗതയിൽ അവതരിപ്പിച്ച മികച്ച ഒരു പോളിഷ് സിനിമ ആണ് ജെസിയോരാക്.ക്രൈം/മിസ്റ്ററി ചിത്രങ്ങളുടെ ആരാധകർക്ക് ഇഷ്ടപ്പെടും ഈ ചിത്രം.


More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

  t.me/mhviews

Thursday, 9 November 2017

798.I'M A KILLER(POLISH,2016)

798.I'M A KILLER(POLISH,2016),|Crime|Mystery|Drama|,Dir:- Maciej Pieprzyca,*ing:-Miroslaw Haniszewski, Arkadiusz Jakubik, Agata Kulesza.


   പോളണ്ടില്‍ 1979 കളില്‍ കുപ്രസിദ്ധിയാര്‍ജിച്ച കേസ് ആണ് "The Silesian Vampire" എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊലയാളി നടത്തിയ പന്ത്രണ്ടോളം സ്ത്രീകളുടെ കൊലപാതകങ്ങള്‍.കൊലപാതകങ്ങള്‍ നടത്തിയ രീതി കാരണം ആണ് അയാള്‍ക്ക്‌ "The Silesian Vampire" എന്ന പേര് വരുന്നത്.അതി ക്രൂരമായി തല തകര്‍ത്തു കൊലപാതകം നടത്തുന്ന ആള്‍ സ്ത്രീകളെ ആരെയും ബലാല്‍സംഘം ചെയ്തിരുന്നും ഇല്ല.ആകെ കേസിന്‍റെ പ്രാരംഭ ദിശയില്‍ ലഭിക്കുന്നത് 42 സൈസില്‍ ഉള്ള ഒരു ഷൂവിന്റെ അടയാളം മാത്രമാണ്.

  പോലീസിന്റെ വിവിധ യൂണിറ്റുകള്‍ ശ്രമിച്ചിട്ടും കൊലപാതകി അജ്ഞാതന്‍ ആയി തുടരുമ്പോള്‍ പോലീസ് അധികാരികളില്‍ സമ്മര്‍ദം ഏറുന്നു.പ്രത്യേകിച്ചും അയാളുടെ ഇരകളില്‍ ഒരാള്‍ പോളീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ First Secretary യുടെ ബന്ധു കൂടി ആയിരുന്നു.കേസ് അന്വേഷണം ജനുസ്കി എന്ന അധികം സീനിയര്‍ അല്ലാത്ത പോലീസ് ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുന്നു.പരിചയക്കുറവ് ഉണ്ടായിരുന്നുവെങ്കിലും ജനുസ്കി മികച്ച  നയ ചാതുര്യ വിദഗ്ധന്‍ ആയിരുന്നു.ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഉള്ളവര്‍ തന്‍റെ ആവശ്യങ്ങളോട് ചേര്‍ന്ന് പോകുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനും അയാള്‍ക്ക്‌ സാധിക്കുന്നുണ്ടായിരുന്നു.

  പോളീഷ് കമ്യൂണിസ്റ്റ് രാഷ്ട്രീയ  നിലപാടുകള്‍ക്ക് വിരുദ്ധം ആയിരുന്നിട്ടു പോലും അന്നത്തെ കാലത്തെ ആദ്യ കമ്പ്യൂട്ടറുകളില്‍ ഒന്ന് ഈ കേസന്വേഷണത്തില്‍ ഭാഗമാകാന്‍ അയാളുടെ ഇടപ്പെടലുകള്‍ മൂലം സാധിച്ചു.അന്വേഷണ വൈദഗ്ധ്യം കുറഞ്ഞത്‌ കൊണ്ടാണ് അതോ അന്നത്തെ കാലത്തെ സൌകര്യമില്ലായ്മ കാരണമോ ആകാം കേസ് നീണ്ടു പോയത്.എന്നാല്‍ കുറച്ചു സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജനുസ്ക്കി ,വീസ്ലോ എന്നയാളെ അറസ്റ്റ് ചെയ്യുന്നു.എന്നാല്‍ അയാള്‍ കുറ്റം സമ്മതിക്കുന്നില്ല.എന്നാല്‍ ജനുസ്കി അയാളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു.

  സ്ഥിരം പരമ്പര കൊലയാളിയെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും ചിത്രം ഇവിടെ വഴി മാറുന്നു.ചിത്രം മുഖ്യമായും ശ്രദ്ധിച്ചിരിക്കുന്നത്‌ ജനുസ്ക്കി ആ കേസില്‍ നടത്തിയ ഇടപ്പെടലുകള്‍ ആണ്.പ്രത്യേകിച്ചും മറ്റൊരാളെ സംശയത്തിന്‍റെ ആനുകൂല്യത്തില്‍ കിട്ടിയെങ്കിലും അയാളുടെ അശ്രദ്ധയും തന്‍റെ നിലപാട് തെറ്റാണ് എന്നും മറ്റുള്ളവര്‍ പറയാതെ ഇരിക്കാനും വേണ്ടി അയാള്‍ നടത്തിയ നീക്കങ്ങള്‍ കേസ് കൂടുതല്‍ സങ്കീര്‍ണമാക്കി.കേസന്വേഷണം മുന്നോട്ടു പോകാന്‍ ഉള്ള സാഹചര്യം മറ്റുള്ളവര്‍ അയാള്‍ക്കായി ഉണ്ടാക്കി കൊടുത്തെങ്കിലും തന്‍റെ ഈഗോ ജനുസ്ക്കിയ്ക്ക് വില്ലനായി മാറുന്നു.

  ഈഗോ,കോമ്പ്ലക്സ് എന്നിവ ഒരാളെ എത്ര മാത്രം ജീവിതത്തില്‍ ബാധിക്കും?ജനുസ്ക്കിയുടെ ഭാഗത്തുള്ള ശരികള്‍ എന്തൊക്കെയാണ്?വീസ്ലോ യഥാര്‍ത്ഥത്തില്‍ കുറ്റവാളി ആണോ?പ്രേക്ഷകന്റെ മുന്നില്‍ ചോദ്യചിഹ്നം ആയി പല കാര്യങ്ങളും അവശേഷിക്കും.സ്ഥിരം സീരിയല്‍ കില്ലര്‍ ഫോര്‍മാറ്റില്‍ ഉള്ള ചിത്രം അല്ല I'm A Killer.പകരം,അന്വേഷണത്തിന്റെ ഒപ്പം പോലീസ് ഉദ്യോഗസ്ഥരുടെ ശരികളും,തെറ്റുകളും അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളും എല്ലാം പല രീതിയില്‍ കേസിന്‍റെ മുന്നോട്ടുള്ള നിലപാടുകളെ നിര്‍ണയിക്കും.അന്വേഷണ ഉദ്യോഗസ്ഥന്‍റെ കാഴ്ചപ്പാടുകള്‍ ശരിയായ ദശയില്‍ ആണെങ്കില്‍ കൊലപാതകി പിടിയിലാകും.തിരിച്ചു ആയാലോ?ഇത്തരത്തില്‍ ഉള്ള ചിത്രത്തില്‍ മികച്ച ഒന്നായി തോന്നി I'm A Killer.പ്രത്യേകിച്ചും പഴയ സോവിയറ്റ്,പോളീഷ് സിനിമകളിലെ പശ്ചാത്തല സംഗീതം ,സീനുകളെ വേഗത്തിലാക്കാന്‍ നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുമുണ്ട്.


  

Saturday, 30 May 2015

374.BLIND CHANCE(POLISH,1987)

374.BLIND CHANCE(POLISH,1987),|Drama|Fantasy|,Dir:-Krzysztof Kieslowski,*ing:-Boguslaw Linda, Tadeusz Lomnicki, Zbigniew Zapasiewicz .

    ട്രെയിന്‍ യാത്ര പോലെ നിസാരമായ സംഭവം ഒരു സംഭവം ഒരാളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നു എന്ന് മൂന്നു വ്യത്യസ്ത സാഹചര്യങ്ങളില്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് "ബ്ലൈന്‍ഡ് ചാന്‍സ്" എന്ന പോളീഷ് ചിത്രത്തിലൂടെ.കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ ഉള്ള പോളണ്ടില്‍ ജനങ്ങളുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്ന കാലഘട്ടം ആണ് സിനിമയില്‍ ഉള്ളത്.തികച്ചും പ്രക്ഷുബ്ധമായ സാഹചര്യം നിലനിന്നിരുന്ന പോളണ്ടില്‍ വാര്‍സോയിലേക്കുള്ള ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്ന വിറ്റക്കിന്റെ ജീവിതം ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

   പിതാവിന്റെ മരണ വാര്‍ത്ത അറിഞ്ഞു വാര്‍സോയിലേക്കുള്ള  ട്രെയിനില്‍ കയറാന്‍ പോകുന്ന വിറ്റക് ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങി  എന്നറിഞ്ഞ് അതില്‍ എത്തിപ്പെടാന്‍ ആയി ഓടുന്നു.വഴിയില്‍ ഒരു സ്ത്രീയുമായി കൂട്ടിയിടിക്കുന്ന വിറ്റക് നിലത്തു കിടന്നു ലഭിച്ച കാശിനു ബിയര്‍ വാങ്ങുന്ന ഒരാളെയും കണ്ടു മുട്ടുന്നു,അയാളുമായുള്ള കണ്ടുമുട്ടല്‍ എങ്ങനെ ആണെന്നതിനെ ആശ്രയിച്ചാണ് വിറ്റക്കിന്റെ പിന്നീടുള്ള ജീവിത.അതിനെ ഓരോ സാഹചര്യം ആക്കി നോക്കാം,.

1)വിറ്റക് അയാളും ആയുള്ള കൂട്ടിയിടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുന്നു.വിറ്റക്കിനു  ട്രെയിന്‍ ലഭിക്കുന്നു.ട്രെയിനിലെ സഹയാത്രികന്‍ ആയ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനെ പരിചയപ്പെടുന്നു,വിറ്റക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നു.പിന്നീടുള്ള അയാളുടെ ജീവിതം ആണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്.

2)വിറ്റക് ബിയര്‍ കുടിക്കാന്‍ നില്‍ക്കുന്ന ആളുമായി കൂട്ടിയിടിക്കുന്നു.വിറ്റക് അയാളോട് ക്ഷമ ചോദിക്കാന്‍ ഒന്നും നില്‍ക്കാതെ ഓടുന്നു.ഗ്ലാസ് പൊട്ടുന്നു.ഇത്തവണ എന്നാല്‍ വിറ്റക്കിനു ട്രെയിന്‍ കിട്ടുന്നില്ല.പോരാത്തതിന് അവിടെ സ്റ്റേഷന്‍ ഗാര്‍ഡും ആയി കൂട്ടിയിടിക്കുന്നു.പോലീസ് വിറ്റക്കിനെ അറസ്റ്റ് ചെയ്യുന്നു.കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞ വിറ്റക്കിനെ ശിക്ഷിക്കുന്നു.ആ സമയത്താണ് ഡാനിയല്‍ എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന യുവാവിനെ  പരിചയപ്പെടുന്നത്.വിറ്റക് അവരോടൊപ്പം  ചേരുന്നു.

3)വിറ്റക് ഇത്തവണയും അയാളുമായി കൂട്ടിയിടിക്കുന്നു.എന്നാല്‍ ഇത്തവണ അയാളോട്  ക്ഷമ പറയുന്നുണ്ട്.എന്നാലും ഇത്തവണയും ട്രെയിന്‍  കിട്ടുന്നില്ല വിറ്റക്കിനു.എന്നാല്‍ അവിടെ വച്ച് വിറ്റക്കിന്റെ ആദ്യ പ്രണയിനിയെ കാണുന്നു.അവര്‍ ഒരുമിക്കുന്നു.

  ഈ മൂന്നു സാധ്യതകളിലും ഓരോ ക്ലൈമാക്സ് ഉണ്ട്.വിറ്റക്ക് ജീവിച്ച ആ സമൂഹത്തില്‍ ആളുകള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മൂന്നു സാധ്യതകള്‍.അതാണ്‌ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.രാഷ്ട്രീയ പരമായി ജനങ്ങളുടെ  ചോയിസിനെ അവരുടെ ജീവിതത്തില്‍ നടക്കുന്ന   കൊച്ചു  സംഭവങ്ങള്‍ പോലും  എങ്ങനെ ഒക്കെ സ്വാധീനിക്കുന്നു എന്നും വിറ്റക്കിന്റെ ജീവിതത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com


Monday, 27 April 2015

356.A SHORT FILM ABOUT KILLING(POLISH,1988)

356.A SHORT FILM ABOUT KILLING(POLISH,1988),|Crime|Drama|,Dir:-Krzysztof Kieslowski,*ing:-Miroslaw Baka, Krzysztof Globisz, Jan Tesarz

  "Socially Misfit" എന്ന്  വിളിക്കാവുന്ന രണ്ടു പേരുടെ സ്വഭാവങ്ങള്‍ അവതരിപ്പിച്ചു തുടങ്ങുന്ന കഥയില്‍ വധ ശിക്ഷയെ കുറിച്ച് വ്യത്യസ്തം ആയ അഭിപ്രായം ഉള്ള അഭിഭാഷകന്‍ അവരുടെ കര്‍മത്തിന്റെ പരിണിത ഫലം മൂലം ജീവിതത്തില്‍ നേരിടേണ്ടി വരുന്നതാണ് ഈ പോളീഷ് സിനിമയുടെ പ്രമേയം.കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അവസാന നാളുകളില്‍ പുറത്തു ഇറങ്ങിയ ഈ ചിത്രം പ്രത്യക്ഷത്തില്‍ തന്നെ നിയമം അനുശാസിക്കുന്ന വധ ശിക്ഷയെ കുറിച്ച് ആഴത്തില്‍ ഉള്ള ഒരു വിശകലനം നല്‍കുന്നുണ്ട്.സമൂഹത്തില്‍ ജീവിക്കാന്‍ അറിയാത്തവരെ വധ ശിക്ഷയ്ക്ക് വിധേയം ആക്കുമ്പോള്‍ വധ ശിക്ഷ വിധിച്ച ആളുകള്‍ എത്ര മാത്രം സ്വഭാവ പരിശുദ്ധി ഉള്ളവരാകും എന്ന ചോദ്യം അന്ന് പോളീഷ് സമൂഹത്തില്‍ നിന്ന നിയമ വ്യവസ്ഥിതിക്കെതിരെ ഉള്ള അന്വേഷണം ആയി കീസ്ലോവസ്ക്കി തന്‍റെ നിയമജ്ഞനായ പിയോട്ടറിലൂടെ അവതരിപ്പിക്കുന്നുണ്ട്.

   മധ്യ വയസ്ക്കന്‍ ആയ രേകൊവ്സ്കി എന്ന ഡ്രൈവര്‍ അയാളുടെ ആനന്ദം കണ്ടെത്തുന്നത് ആളുകള്‍ക്ക് ഉണ്ടാകുന്ന വീഴ്ചയിലാണ്.പ്രത്യേകിച്ചും രേക്കൊവ്സ്ക്കി ഒരാളെ പറ്റിച്ചു എന്ന് തോന്നിയാല്‍ അതില്‍ ആനന്ദിക്കുന്നു.അയാളുടെ ഈ സ്വഭാവ വൈചിത്ര്യം പലപ്പോഴും പ്രേക്ഷകന്റെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.സമാനമായ മനസ്സുള്ള ഇരുപതിലേക്ക് കടന്ന ജസേക്.അവനും ഇത്തരത്തില്‍ ഉള്ള പ്രവൃത്തികളില്‍ ആനന്ദം കണ്ടെത്തുന്നു.ജസേക് എന്നാല്‍ ഡിപ്രഷന് അടിമയാണ്.അയാളെ അലട്ടുന്ന ഒരു പ്രശ്നം ഉണ്ട്.താഴെ തട്ടില്‍ ഉള്ള സമൂഹത്തെ പ്രതിധാനം ചെയ്യുന്ന ഈ രണ്ടു കഥാപാത്രങ്ങളും ഒരു പക്ഷേ അന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതി കാരണം മനം മടുത്തു സ്വന്തമായ ലോകം കെട്ടിപ്പൊക്കിയത് ആകാം.ഇത്തരത്തില്‍ സമാനമായ ഇഷ്ടങ്ങള്‍ ഉള്ള ഇവര്‍ രണ്ടു പേരും കണ്ടു മുട്ടുന്നു ഒരു ദിവസം.അന്നാണ് നിയമജ്ഞന്‍ ആയ പിയോട്ടര്‍ തന്‍റെ പഠനം കഴിഞ്ഞു അഭിഭാഷകന്‍ ആകുന്നത്.അവര്‍ എങ്ങനെ പരസ്പരം കണ്ടു മുട്ടുന്നു എന്നത് വലിയൊരു സസ്പന്‍സ് അല്ലെങ്കിലും ചിത്രത്തില്‍ നിര്‍ണായകം ആണ് ആ സംഭവം.

  ചിത്രം എന്താണ് പറയാന്‍ ഉദ്ദേശിച്ചത് എന്ന് ആ സംഭവത്തിന്റെ അനന്തരഫലം ആയാണ് അവതരിപ്പിക്കപ്പെടുന്നത്.നിരൂപക പ്രശംസ വളരെയധികം നേടിയ ഈ പോളീഷ് ചിത്രം ചര്‍ച്ച ചെയ്യുന്ന പ്രമേയം ആധുനിക ലോകത്ത് പോലും എത്ര മാത്രം ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് എന്നതാണ് ചിത്രത്തിന്‍റെ പ്രാധാന്യം.സമ്മിശ്രമായ പ്രതികരണം ഓരോ ജനസമൂഹത്തിനും ഈ വിഷയത്തെ കുറിച്ച് ഉണ്ടാകാം.അത്തരം ഒരു ചര്‍ച്ച തുറന്നു വയ്ക്കുന്നു A Short Film  About Killing.

More movie suggestions @www.movieholicviews.blogspot.com

Thursday, 22 January 2015

283.IDA(POLISH,2013)

283.IDA(POLISH,2013),|Drama|,Dir:-Pawel Pawlikowski,*ing:-Agata Kulesza, Agata Trzebuchowska, Dawid Ogrodnik.

മികച്ച വിദേശ ഭാഷ സിനിമയ്ക്കും,ക്യാമറയ്ക്കും ഈ വര്‍ഷത്തെ  ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച പോളീഷ് ചിത്രം ആണ് ഐഡ.പോളീഷ്,യൂറോപിയന്‍ ഫിലിം അക്കാദമി പുരസ്ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

 ചില സിനിമകള്‍ സംസാരിക്കുന്നത് ആ ദേശത്തിന്‍റെ കഥയായിരിക്കും.പ്രത്യേകിച്ചും ചില ചരിത്ര സംഭവങ്ങള്‍,അത് ആ ഒരു രാജ്യത്തിന് മാത്രം ബാധകം ആയിരിക്കും.ഒരു പക്ഷേ അതിന്‍റെ ഒരു സിനോപ്സിസ് എടുത്തു വേറെ ഒരു ഭാഷയിലേക്ക് മാറ്റിയാല്‍ ആ ഒരു അനുഭവം കിട്ടുകില്ല.അത്തരത്തില്‍ ഒരു പ്രമേയം ആണ് ഐഡ എന്ന സിനിമയിലും ഉള്ളത്.അന്ന എന്ന യുവതി കന്യാസ്ത്രീ ആകാന്‍ ഉള്ള ഒരുക്കത്തില്‍ ആണ്.അവള്‍ ജനിച്ചു വളര്‍ന്നത്‌ ഒരു കന്യാസ്ത്രീ മഠത്തില്‍ ആണ്.

  കര്‍ത്താവിന്റെ മണവാട്ടി ആകാന്‍ ഒരാഴ്ച കൂടി ഉള്ളപ്പോള്‍ ആണ് അവിടത്തെ മേലധികാരി അവളോട്‌ കന്യാസ്ത്രീ ആകുന്നതിനു മുന്‍പ് അവളുടെ കുടുംബത്തെ കാണുവാന്‍ ആവശ്യപ്പെടുന്നത്.അന്ന തന്‍റെ ജീവിച്ചിരിക്കുന്ന ഒരേ ഒരു ബന്ധുവിനെ കാണുവാന്‍ യാത്രയാകുന്നു.അന്ന കണ്ടെത്തിയ അവളുടെ ബന്ധു ഒരു സ്ത്രീ ആയിരുന്നു.അവര്‍ അന്നയെ തന്‍റെ വീട്ടിലേക്കു കൊണ്ട് പോകുന്നു.ആ സ്ത്രീ അന്നയില്‍ നിന്നും വ്യത്യസ്ത ആയിരുന്നു എല്ലാം കൊണ്ടും.ശിരോവസ്ത്രം ധരിച്ച്,എതിര്‍ ലിംഗത്തില്‍ ഉള്ളവരും ആയി ബന്ധം ഇല്ലാതിരുന്ന,മദ്യപിക്കാത്ത ,പുകവലിക്കാത്ത അന്നയ്ക്കു ആ സ്ത്രീയെ വ്യത്യസ്തയായി തോന്നിയതില്‍ അതിശയം ഇല്ല.എന്നാല്‍ ആ സ്ത്രീ അന്നയെ കാണുവാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ ഒരു കാരണം ഉണ്ടായിരുന്നു.അന്ന അറിയാത്ത അവളുടെ ജീവിതത്തെ കുറിച്ചുള്ള രഹസ്യം.എന്തായിരുന്നു ആ സ്ത്രീയ്ക്ക് അന്നയെ അറിയിക്കാന്‍ ഉണ്ടായിരുന്നത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

 ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി ചിത്രീകരിച്ച ഈ ചിത്രത്തില്‍ വിശ്വാസവും അവിശ്വാസവും തമ്മില്‍ ഉള്ള വൈരുധ്യം അവതരിപ്പിക്കുന്നുണ്ട്.ഒരാള്‍ ജനിച്ച സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമായി പറിച്ചു നട്ടപ്പെട്ട ജീവിതത്തിലേക്ക് പോകുമ്പോള്‍ അവര്‍ അറിയാതെ തന്നെ അവരുടെ ഉള്ളില്‍ ആ വിശ്വാസങ്ങളെ കുറിച്ച് മാറി ചിന്തിക്കുവാന്‍ ഉള്ള അവസരവും വരും,പ്രത്യേകിച്ചും ആ സംഭവങ്ങള്‍ അറിയുമ്പോള്‍.കുറച്ചു കഥാപാത്രങ്ങള്‍ മാത്രം.അധികം സംഭവങ്ങള്‍ പുറമേ കാണിക്കുന്നില്ലെങ്കിലും അവയ്ക്ക് പറയാന്‍ കുറെ കാര്യങ്ങള്‍ ഉള്ളത് പോലെ തോന്നി.പ്രത്യേകിച്ചും ക്ലൈമാക്സില്‍ എത്തുമ്പോള്‍ ഉള്ള അന്ന.

More reviews @www.movieholicviews.blogspot.com

Tuesday, 10 June 2014

120.INTERROGATION(1989,POLISH)

120.INTERROGATION aka PRZESLUCHANIE(POLISH,1989)|Drama|Crime|Thriller|,Dir:-Ryszarda Bugajskiego,*ing:-Krystyna Janda,Janusz Gajos,Adam Ferency.

1982 ല്‍ നിര്‍മിക്കപ്പെടുകയും സ്പഷ്ടമായ കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള എതിര്‍പ്പ് മൂലം പോളണ്ടിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്ത ചിത്രമാണ് Przesluchanie.പിന്നീട് ഭരണ സംവിധാനം സുപ്രധാനമായ തീരുമാനങ്ങളിലൂടെ പോളണ്ടില്‍ മാറിയപ്പോള്‍ ആണ് ഈ സിനിമ റിലീസ് ചെയ്യപ്പെട്ടത്.അതും നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം 1989 ല്‍.ടോണിയ എന്ന കാബറെ നര്‍ത്തകിയുടെ ജീവിതം ആണ് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്ന കമ്മ്യൂണിസ്റ്റ് ഭരണം ജര്‍മനിയും ആയുള്ള പോരാട്ടത്തിനു ശേഷം അതിശക്തരായി മാറി.ആ കാലയളവിലും തന്‍റെ ജീവിതക്കാലം മൊത്തം സ്റ്റാലിന്‍ അനുവര്‍ത്തിച്ച സോഷിയലിസതിന്റെ ദുരിത ഫലങ്ങള്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.രാജ്യം മൊത്തം സോഷ്യലിസം നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി ജനങ്ങളുടെ സ്വത്തുക്കള്‍ എല്ലാം സര്‍ക്കാരിന്റെ ആണെന്നുള്ള നയപ്രഖ്യാപനവും അതിനു എതിര്‍ത്തവരെ ഉന്മൂലനം ചെയ്യുകയും ചെയ്ത കിരാത ഭരണം ആയിരുന്നു അന്നുണ്ടായിരുന്നത്‌.അതിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വന്ന ടോണിയുയടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്‌.

  ടോണിയ തന്‍റെ നൃത്ത പരിപാടിയുടെ ഇടയ്ക്ക് സ്വന്തം ഭര്‍ത്താവിനോട് കൂടുതല്‍ അടുക്കുന്ന തന്‍റെ സുഹൃത്തിനെ കാണുന്നു.അതിന്‍റെ പിണക്കവും പരിഭവവും ആയി അവള്‍ ഭര്‍ത്താവിന്‍റെ കൂടെ പോകാതെ രണ്ട് അപരിചിതരോടൊപ്പം മദ്യപിക്കാന്‍ പോകുന്നു.മദ്യപിച്ചു ഉന്മാദാവസ്ഥയില്‍ ആയ ടോണിയ പിറ്റേ ദിവസം ഉണര്‍ന്ന് എണീക്കുമ്പോള്‍ താന്‍ പോലീസിന്‍റെ പിടിയില്‍ ആണെന്ന് മനസ്സിലാക്കുന്നു.മറ്റു സ്ത്രീകളോടൊപ്പം സെല്ലില്‍ അടയ്ക്കപ്പെട്ട അവളെ ചോദ്യം ചെയ്യുവാനായി പോലീസുകാര്‍ കൂട്ടിക്കൊണ്ടു പോകുന്നു.അങ്ങനെ ഒരു രാത്രി കൊണ്ട് അവളുടെ ജീവിതം മാറി മറിയുന്നു.പോലീസുകാര്‍ തങ്ങളുടെ ആവശ്യത്തിനനുസരിച്ച് മൊഴി നല്‍കുവാന്‍ അവളോട്‌ ആവശ്യപ്പെടുന്നു.ടോണിയുടെ ജീവിതം പലപ്പോഴും ചികയുന്ന പോലീസ് അവളുടെ ആദ്യ ചുംബനം മുതല്‍ ഉള്ള കഥ പറയുവാന്‍ ആവശ്യപ്പെടുന്നു.എന്നാല്‍ അവര്‍ അവളുടെ ഓരോ വാക്കുകളും അവള്‍ക്കെതിരെ ഉള്ള തെളിവുകള്‍ ആക്കി മാറ്റുകയായിരുന്നു എന്ന് അവള്‍ ആദ്യം അറിയുന്നില്ല.സെല്ലിലുള്ള സഹതടവുകാരെ ചിരിപ്പിക്കാനായി അവള്‍ പറഞ്ഞ കഥ പോലും അവള്‍ക്കെതിരെ ഉള്ള തെളിവുകള്‍ ആകുന്നു.കൂടുതല്‍ തടവുകാരും കുറ്റവാളികള്‍ ആക്കി ആരെയെങ്കിലും മുദ്ര കുത്താന്‍ ഉള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ ചെയ്യാത്ത കുറ്റങ്ങള്‍ പോലും തന്‍റെ തെറ്റാക്കി മാറ്റിയവര്‍ ആയിരുന്നു.പൂര്‍വികമായി ലഭിച്ച സ്വത്തുക്കള്‍ അപഹരിക്കാന്‍ വന്ന കമ്മ്യൂണിസ്റ്റ് ഭടന്മാരെ ആക്രമിച്ച് ജയിലില്‍ ആയവരും ഉണ്ടായിരുന്നു തടവുക്കാരില്‍.ഒരാളോടുള്ള വിശ്വസ്തത സത്യത്തോടുള്ള വിമുഖത ആണെന്ന രീതിയില്‍ "പിതൃദേശ" ശത്രുക്കള്‍ ആയി അവര്‍ കണ്ടു. ആ ജയില്‍ ജീവിതം ടോണിയുടെ ജിവിതം അപ്പാടെ മാറ്റി.നര്‍ത്തകിയായ അവര്‍ സഹനശക്തി കാണിച്ചു തുടങ്ങി.തനിക്കറിയാത്ത കാര്യം മറ്റൊരാള്‍ ചെയ്തു എന്നുള്ളത് അവള്‍ എഴുതി കൊടുക്കില്ല എന്ന് അവള്‍ തീരുമാനിക്കുന്നു.പോലീസും ടോണിയയും തമ്മില്‍ ഉള്ള സംഘര്‍ഷം അതിശക്തമായി.അവളുടെ ജീവിതം അവള്‍ക്കു അന്യമാകുന്നു.അവര്‍ അനുനയിപ്പിച്ചു നോക്കി,ഭയപ്പെടുത്തി പിന്നെ ക്രൂരമായ രീതിയില്‍ അവളെ കൊണ്ട് തെളിവ് കൊടുപ്പിക്കാന്‍ നോക്കി.അവളുടെ ജീവിതം ഒരു വേശ്യയുടെ ജീവിതത്തിനു തുല്യമാക്കി.അങ്ങനെ മരണവും ജീവിതവും മുഖാമുഖം കണ്ട ടോണിയ ജീവിതത്തിലെ പ്രകാശം എന്നെങ്കിലും കാണുമോ എന്നതാണ് ബാക്കി ചിത്രം.അവള്‍ ചെയ്ത കുറ്റം എന്തായിരുന്നു?ടോണിയ ഒരു ദു:സ്വപ്നം കാണുകയായിരുന്നോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  സ്വാതന്ത്രത്തിന്റെ ഇളം ശ്വാസം ലഭിക്കാതെ വീര്‍പ്പു മുട്ടുന്ന ഒരു സമൂഹം അനുഭവിച്ച യാതനകള്‍  ,അതിലേക്കു നയിച്ച പ്രത്യയശാസ്ത്രം എന്നിവയെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് ഈ ചിത്രത്തില്‍.ടോണിയ എന്ന സ്ത്രീ തന്‍റെ ദുരനുഭവങ്ങളിലും തമാശ കണ്ടെതുനത് അവരുടെ മനോബലത്തിനു ഉദാഹരണമാണ്.കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അവസാനം വെളിച്ചം കണ്ട ഈ ചിത്രം അതിനു മുനപ് തന്നെ സംവിധായകന്റെ നേത്രത്വത്തില്‍ ഹോം വീഡിയോ ആയി ഇറങ്ങുകയും ഒരു കള്‍ട്ട് പദവി നേടുകയും ചെയ്തിരുന്നു.1989 ല്‍ ഇറങ്ങിയപ്പോള്‍ കാന്‍സ്‌ ഉള്‍പ്പടെ ഉള്ള ലോകോത്തര ചലച്ചിത്ര മേളകളില്‍ സംസാര വിഷയം ആകാന്‍ ഈ ചിത്രത്തിന് സാധിച്ചു.ഒരു ത്രില്ലര്‍/ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 8/10!!

 More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)