Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

Sunday, 5 May 2024

1792. Manjummel Boys (Malayalam, 2024)

 1792. Manjummel Boys (Malayalam, 2024)

         Streaming on Hotstar



ഇത്ര ക്രിഞ്ച് ഫെസ്റ്റ് ആയ, ക്ളീഷേ ആയ കഥയാണോ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയത്? കോടികളുടെ കണക്കൊക്കെ വായുവിൽ എഴുതി കൂട്ടിയത് ആയിരിക്കും. 


  ഇങ്ങനെ ഒക്കെ പറയാൻ ഒരു ചാൻസ് പോലും ആർക്കും കൊടുക്കും എന്ന് തോന്നുന്നില്ല മഞ്ഞുമൽ ബോയ്സ്. എന്ത് കിടിലൻ ആയിട്ടാണ് സിനിമ എടുത്തു വച്ചിരിക്കുന്നത്? സുഷിന്റെ സംഗീതം കൂടി ആകുമ്പോൾ മികച്ച ഒരു അനുഭവം ആയിരുന്നു 65 ഇഞ്ചിന്റെ സ്‌ക്രീനിൽ കണ്ടപ്പോൾ പോലും. തിയറ്ററിൽ കാണുമ്പോൾ ഉള്ള എക്സ്പീരിയൻസ് നല്ലത് പോലെ മിസ്സ്‌ ആയി പോയി എന്ന് തോന്നിപ്പിച്ചു മഞ്ഞുമലിലെ കൂട്ടുകാർ.


 സിനിമ നടക്കുന്ന കാലഘട്ടം പരിചിതം ആയതു കൊണ്ട് തന്നെ പല കാര്യങ്ങളും കണക്റ്റ് ചെയ്യാൻ പറ്റി. പ്രത്യേകിച്ചും 2006 ൽ കൊടൈക്കനാലിൽ കോളേജിൽ നിന്നും ട്രിപ്പ്‌ പോയത് കൊണ്ടൊക്കെ പല കാര്യങ്ങളും ആ മനസ്സോടെ തന്നെ ഇരുന്നു കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു ഒരു രക്ഷയും ഇല്ലായിരുന്നു. മരത്തിൽ കയറി ഗ്രൂപ്പ് ആയുള്ള ഫോട്ടോയും ബൈക്കിങ്ങും ബോട്ടും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർമ ആയി വന്നൂ. പഴയ സൗഹൃദങ്ങളും ടാസമാക് ദിവസങ്ങളും എല്ലാം സിനിമയിൽ ആ ഫ്ലോയിൽ പോകുമ്പോൾ നൊസ്റ്റാൾജിയ നന്നായി അടിച്ചു.


  സിനിമയുടെ പ്രധാന ഭാഗം തുടങ്ങിയപ്പോൾ ഉണ്ടായ ചെറിയ ഒരു ഞെട്ടലിൽ നിന്നും പിന്നെ ഇമോഷണൽ റോളർകോസ്റ്റർ ആയിരുന്നു സിനിമ മൊത്തവും. സൗഹൃദത്തിന്റെ ഒക്കെ ഒരു ശക്തിയെ. എല്ലാവരുടെയും ജീവിതത്തിൽ ഇതേ രീതിയിൽ ഇതേ ഫീലിംഗ്സ് ഉള്ള കൂട്ടുകാർ ഉണ്ടാവുക എന്നതായിരിക്കും ഏറ്റവും വലിയ കാര്യം. ആ ഭാഗങ്ങൾ ഒക്കെ എത്ര മനോഹരമായി ആണ് ചിദംബരവും കൂട്ടുകാരും വരച്ചു കാട്ടിയിരിക്കുന്നത്? സ്‌ക്രീനിൽ ഉള്ള കഥാപാത്രങ്ങൾക്ക് ഉപരി ഇവരെല്ലാം നമ്മുടെ കൂടെ എപ്പോഴോ ഉള്ള മുഖങ്ങൾ ആണെന്ന് ഓർമ വരുന്ന സാഹചര്യങ്ങൾ.


  ക്ലൈമാക്സ് ഭാഗം തന്ന സംതൃപ്തി ഒന്ന് മതി എന്നും ഓർത്തു വയ്ക്കാവുന്ന സിനിമ ആയി മഞ്ഞുമൽ ബോയ്സിനെ മാറ്റാൻ.ഇതൊക്കെ ഒരു ഭാഗത്തു നിൽക്കുമ്പോൾ തന്നെ സിനിമ തന്ന ത്രില്ലർ ഫീലിംഗ് ഉണ്ട്. അത് ഭാഷയ്ക്ക് അതീതമായ ഒന്നാണ്. മലയാളം ഒരു മിനിമം ലെവലിൽ മനസ്സിലാകുന്ന എന്റെ പത്തു വയസ്സുകാരൻ മകൻ പോലും സബ്ടൈറ്റിൽസ് വച്ച് കണ്ട് തുടങ്ങി പിന്നെ ഓരോ ഭാഗത്തും സീനുകൾക്ക് അനുസരിച്ചു excited ആകുന്നതു കണ്ടൂ. എല്ലാവർക്കും മനസ്സിലാകുന്ന സിനിമ ഭാഷ ആണ് ഇവിടെ ഹൈലൈറ്റ്.അതാണ്‌ സിനിമ മറ്റ് സംസ്ഥാനങ്ങളിലും ഹിറ്റ് ആകാൻ കാരണം എന്ന് തോന്നുന്നു.


 പെട്ടെന്ന് ഓർമയിൽ വരുന്ന മാളൂട്ടി, Thirteen Lives, Mission Raniganj തുടങ്ങിയ സിനിമകളിൽ ഒക്കെ ഇത്തരം റെസ്ക്യൂ സീനുകൾ കാണുമ്പോൾ ഉള്ള ഒരു excitement ഉണ്ട്. പക്ഷെ ഇതിലെ കഥയുടെ പ്രത്യേകത കൊണ്ട് അത് വേറെ ഒരു ലെവലിൽ ആണ് എത്തിയത്.


       " ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ

        കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ"


  കുതന്ത്രം സോങ്ങിലെ ഈ വരികളിൽ ഉണ്ട് സിനിമയുടെ മൊത്തം ഫീലും. സിനിമയെക്കുറിച്ച് പെട്ടെന്ന് എന്തെങ്കിലും പറയാൻ പറഞ്ഞാൽ ഈ വരികളിൽ ഉണ്ട് എല്ലാം.


  മൊത്തത്തിൽ ഏറെ satisfaction തന്ന സിനിമ. ഇനി OTT വന്നത് കൊണ്ട് ആരെങ്കിലും ഒക്കെ കുറ്റങ്ങളും ആയി വന്നാൽ പോലും അതൊന്നും കണക്കിലെടുക്കാൻ പോലും തോന്നാത്ത അത്ര മികച്ച സിനിമാനുഭവം ആണ് മഞ്ഞുമൽ ബോയ്സ് തന്നത്. നന്ദി ചിദംബരം ആൻഡ് ടീം.


⭐⭐⭐⭐⭐/5




Saturday, 6 April 2024

1776. Ozler (Malayalam, 2024)

 

1776. Ozler (Malayalam, 2024)



⭐⭐½ /5

        സിനിമയുടെ പേരിനൊക്കെ ഒരു ഗുമ്മുണ്ട്. ക്ളീഷേ ആയ പോലീസുകാരന്റെ ഭൂതക്കാലവും, പിന്നീട് അതിൽ നിന്നും ഒരു കേസ് അന്വേഷണത്തിന് പോകുന്നത് ഒക്കെയാണ് കഥ. അതൊക്കെ ആവറേജ് ആണെന്ന് പറയാം. കാരണം അത് പോലെ തന്നെ അല്ലെങ്കിലും ഇതേ വൈബ് തന്ന 'ഈ തണുത്ത വെളുപ്പാൻകാലത്തു' ഒക്കെ ഇടയ്ക്ക് ഓർമിപ്പിച്ചത് കൊണ്ടും കുറ്റാന്വേഷണ കഥ എന്ന നിലയിൽ ഒരു ഐഡിന്റി കാത്തു സൂക്ഷിക്കാൻ സിനിമയ്ക്ക് കഴിഞ്ഞില്ല എന്ന് തോന്നി.


 സാധാരണ ആക്ഷൻ എന്ന് എഴുതി കാണിക്കുമ്പോഴേ തോൾ പൊക്കി നെഞ്ചത്തു കാറ്റ് പമ്പ് ചെയ്തു വരുന്ന ജയറാമേട്ടൻ ആരോ പറഞ്ഞ് കൊടുത്തിട്ടാകും മന:പ്പൂർവം എന്ന പോലെ തോൾ ഒക്കെ റിലാക്സ് ചെയ്തു കൂൾ ആകാൻ നോക്കിയിട്ടുണ്ട്. സത്യം പറഞ്ഞാൽ നല്ല ബോർ ആയി തോന്നി. കാറ്റടിച്ചു പിടിച്ച നെഞ്ചും കല്ലിട്ട് പൊക്കിയ തോളും തന്നെ ആയിരുന്നു ജേട്ടന് നല്ലത്.


മറ്റൊരു സിനിമ ആയി സാദൃശ്യം കഥയിൽ തോന്നിയെങ്കിലും തരക്കേടില്ലാത്ത ഒരു സിനിമ അവതരണം മാത്രം ആയിട്ടാണ് തോന്നിയത്. പ്രത്യേകിച്ചും സിനിമയുടെ തുടക്കത്തിൽ ഉള്ള ബിൽഡപ്പൊക്കെ കണ്ടപ്പോൾ കൂടുതൽ പ്രതീക്ഷിച്ചു എന്നതാണ് സത്യം. പക്ഷെ തീരെ ആത്മാർത്ഥത ഇല്ലാത്തത് പോലെ തോന്നി പല കഥാപാത്രങ്ങൾക്കും. ഇത്തരം ഒരു ചിത്രത്തിൽ ഉണ്ടാക്കേണ്ട സീരിയസ്നസ് ഒന്നും കഥാപാത്രങ്ങളിലോ സന്ദർഭങ്ങളിലൊ ഒന്നും അനുഭവപ്പെട്ടില്ല.


തികച്ചും ശരാശരി ആയ ഒരു മലയാളം മിസ്റ്ററി ത്രില്ലർ അനുഭവം ആയിരുന്നു എനിക്ക് എന്ന് പറയാം Ozler.




Wednesday, 31 January 2024

1763. Philip's (Malayalam, 2023)

1763. Philip's (Malayalam, 2023)



⭐⭐⭐½ /5


  ഒരു മോട്ടിവേഷണൽ പുസ്തകത്തിൽ ഉള്ള കഥ പോലെ ഒരു സിനിമ. അതാണ്‌  Philip's. ഫിലിപ് ഭാര്യ മരിച്ചതിനു ശേഷം അയാളുടെ മൂന്നു മക്കളുടെ ഒപ്പം ഉള്ള സന്തോഷപൂർവം ആയ ലോകത്തിൽ ആണ് ജീവിക്കുന്നത്. അവരുടെ ആ ജീവിതത്തിൽ ചെറിയ രസകരമായ പിണക്കങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവിചാരിതമായി ഒരു സംഭവം അവരുടെ ജീവിതത്തെ മാറ്റുന്നു. ആ സംഭവം അവരുടെ എല്ലാം ഇടയിൽ ഉള്ള സ്നേഹത്തിന്റെയും കരുതലിന്റെയും എല്ലാം പരീക്ഷണം ആയി മാറുകയാണ്. ആ പരീക്ഷണം അവരുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ ആയിരിക്കും കൊണ്ട് വന്നിരിക്കുന്ന?


 മുകേഷ് ആണ് ഫിലിപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്ഥിരം മുകേഷ് മാനറിസങ്ങൾ ഉള്ള ആളാണ്‌ ഫിലിപ്. ഇത്തരത്തിൽ ഒരു കഥാപാത്രത്തെ മടുപ്പിക്കാതെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട് മുകേഷ്. ഇന്നസെന്റിന്റെ കഥാപാത്രം ഒരു പക്ഷെ അദ്ദേഹത്തെ സ്‌ക്രീനിൽ കാണാൻ ഉള്ള അവസാന അവസരം ആയിരുന്നിരിക്കണം. ബാംഗ്ലൂരിൽ ഉള്ള പുതിയ കാലത്തെ ഒരു കുടുംബം. അവർ പ്രശ്നങ്ങളെ എങ്ങനെ നേരിടുന്നു എന്നത് ഒരു ഫീൽ ഗുഡ് രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തിൽ.


എനിക്ക് സിനിമ ഇഷ്ടമായി. ഒന്ന് കണ്ടു നോക്കുന്നതിൽ കുഴപ്പം ഇല്ലാത്ത സിനിമ.



Saturday, 6 January 2024

1758. Udal (Malayalam, 2022)

1758. Udal (Malayalam, 2022)

        Streaming on Saina Play



⭐⭐⭐/5


ഇന്റർവ്യൂ സ്റ്റാറിന്റെ തുണ്ട് പടം എന്ന് ആദ്യം പറഞ്ഞ് കേട്ട സിനിമ മലയാള സിനിമയിലെ ഏറ്റവും വലിയ വയലൻസ് സിനിമകളിൽ ഒന്നായി മാറുന്നതാണ് ഉടൽ എന്ന സിനിമയിൽ കണ്ടത്. ധ്യാനിന്റെ കഥാപാത്രം ശരിക്കും ഊള ആണോ എന്ന് കരുതിയ സ്ഥലത്തു നിന്ന് പോലും കിരൺ എന്ന കഥാപാത്രം പോലും തരക്കേടില്ലാതെ പ്രകടനം നടത്തി അവസാനം  ദുർഗയുടെയും ഇന്ദ്രൻസിന്റെയും മികച്ച കഥാപാത്രങ്ങളിലൂടെ ഉടൽ വേറിട്ട ഒരു അനുഭവം ആയി മാറി.


 അവിഹിതം, അതിൽ നിന്നും ഉരിത്തിരിയുന്ന കഥ എന്നതിൽ ഉപരി ഇതിൽ ആത്മാർത്ഥമായ ഒരു പ്രണയം ഉണ്ട്. കിടന്ന കിടപ്പിൽ ആയി പോയ ഭാര്യയെ നോക്കുന്ന ഒരു മനുഷ്യൻ. അയാൾക്ക്‌ എന്നാൽ അതിനായി മറ്റൊരാളുടെ സഹായവും ആവശ്യം ആയിരുന്നു. എന്നാൽ മരുമകൾ ആയ അവൾക്കു അവളുടെ പല ആവശ്യങ്ങൾക്കും മറ്റുള്ളവരുടെ സഹായം വേണമായിരുന്നു. ഒരു പക്ഷെ അന്ന് രാത്രി ഇതെല്ലാം കൂടി ഒരുമിച്ചു വരുകയും അതിന്റെ പരിണിത ഫലവും ആണ് ഉടൽ.


ഉടൽ ഒരു ടിപ്പിക്കൽ മലയാള സിനിമ അല്ല. വിദേശ ഭാഷ ചിത്രങ്ങളിൽ കാണുന്നത് പോലെ അത്ര എക്സ്ട്രീം അല്ലെങ്കിലും സിനിമയുടെ മൊത്തത്തിൽ ഉള്ള മൂഡിൽ പെർഫെക്റ്റ് വയലൻസ് ചിത്രമാണ്.




Thursday, 4 January 2024

1756. Tholvi F. C. (Malayalam, 2023)

1756. Tholvi F. C. (Malayalam, 2023)

          Streaming on Amazon Prime.





⭐⭐½ /5


  തോൽവി ഫാമിലി ക്ലബ് എന്ന് പേരിടേണ്ട ഒരു കുടുംബം. ആ വീട്ടിലെ ആര് എന്ത് ചെയ്താലും എല്ലാം തോൽവികൾ മാത്രം. അങ്ങനങ്ങനെ അവർ തോൽ‌വിയിൽ നിന്നും തിരിച്ചു വരുന്നത് എങ്ങനെ ആണെന്ന് കാണിക്കുന്ന ഒരു സിനിമ ആണ് തോൽവി എഫ്. സി.


  സിനിമ മോശം ആണെന്ന് അല്ല. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല സിനിമ കണ്ട് കൊണ്ടിരുന്നപ്പോൾ. കുറെ കഥാപാത്രങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വരുന്നു പോകുന്നു എന്നല്ലാതെ പ്രേക്ഷകൻ എന്ന നിലയിൽ വലിയ കാര്യമായി ഒന്നും തോന്നിയില്ല.ഒരു ചെറിയ വെബ് സീരീസ് പോലെ തോന്നി. പ്രധാനമായും കഥാപാത്രങ്ങൾ പലരും കണക്റ്റ് ആകുന്നില്ലായിരുന്നു.


ചിലപ്പോഴൊക്കെ സ്കിറ്റ് ലെവലിൽ കുറച്ചു തമാശകൾ ഉണ്ട്.വെറുതെ കണ്ടു കൊണ്ടിരിക്കാം എന്നുള്ള ചിത്രം. ഫീൽ ഗുഡ് ടൈപ് അവസാനം ആണെങ്കിലും അതും വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കിയില്ല.പിന്നെ ഷറഫുദീൻ ഒരു ഫാമിലി ഹീറോ എന്ന നിലയിലേക്ക് മാറാൻ ഉള്ള ശ്രമങ്ങൾ തുടരുക ആണെന്ന് തോന്നി. ശരിക്കും അങ്ങനെ ഒരു സ്‌പേസ് ഇപ്പോൾ മലയാള സിനിമയിൽ ഉണ്ട്.


മോശം ആണെന്നുള്ള അഭിപ്രായം നേരത്തെ പറഞ്ഞത് പോലെ ഇല്ല. ഒരു ആവറേജ് പടം. കണ്ടാലും കണ്ടില്ലേലും കുഴപ്പമില്ല എന്ന് പറയാവുന്ന ഒന്ന്. ചുമ്മാ കുറച്ചു സമയം ഉണ്ടേൽ ഇരുന്നു കാണാം.


പിന്നെ കാനഡയിൽ ആമസോൺ പ്രൈമിൽ സിനിമ കിട്ടുന്നില്ല. സ്ട്രീമിങ് പ്രൈമിൽ ആണെന്ന് കണ്ടൂ എന്ന് മാത്രം.





Tuesday, 26 December 2023

1752. Adi (Malayalam, 2023)


1752. Adi (Malayalam, 2023)

         Streaming on Zee5

⭐⭐½ /5





   കല്യാണം കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴിയിൽ വച്ച് സജീവൻ നായർക്കു അടി കിട്ടുകയാണ്. അയാൾക്ക്‌ അന്ന് കിട്ടുന്ന അടി പ്രവാസി ആയ അയാളുടെ ജീവിതത്തെ നല്ലത് പോലെ ബാധിച്ചു. പ്രത്യേകിച്ചും നവ വധുവിനെ മുന്നിൽ വച്ച് അടി കിട്ടിയതിന്റെ നാണക്കേട് ആയിരുന്നു അയാളുടെ ഈഗോയെ ഏറ്റവും അധികം വേദനിപ്പിച്ചത്. എന്നാൽ തിരികെ ഒന്നും ചെയ്യാൻ കഴിവില്ലാത്ത സജീവൻ ഈ സാഹചര്യത്തെ എങ്ങനെ നേരിട്ടൂ എന്നതാണ് അടി എന്ന സിനിമയുടെ ബാക്കി കഥ.


ആഹാനയുടെ ഗീതിക എന്ന കഥാപാത്രം നല്ല ഇറിറ്റേറ്റിങ് ആയി പലപ്പോഴും തോന്നി. സജീവന്റെ ജീവിതം ഗീതിക കൂടി കൂടുതൽ കോംപ്ലക്സ് ആക്കുന്നുണ്ടായിരുന്നു. ഇങ്ങനത്തെ ഒരു കഥയിൽ പ്രതീക്ഷിക്കുന്ന ക്ളീഷേ ക്ലൈമാക്സ്‌ അല്ല ഇവിടെ ഉള്ളത്.പക്ഷെ എന്നേ സംബന്ധിച്ച് ക്ലൈമാക്സ്‌ തൃപ്തികരം ആയി തോന്നിയില്ല. ക്ളീഷേ ക്ലൈമാക്സ്‌ ആയി വന്നില്ല എന്ന് സമ്മതിക്കുന്നുവെങ്കിലും അത് പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് ഇഷ്ടപ്പെട്ടില്ല.


പിന്നെ ഇത്തരം ഒരു കഥക്കു കുറച്ചു കൂടി ത്രിൽ അടിപ്പിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കാമായിരുന്നിട്ടു കൂടി അതിനു ശ്രമിച്ചതായി തോന്നിയില്ല. തരക്കേടില്ലാത്ത അവറേജ് സിനിമ എന്ന് പറയാം 'അടി' യെക്കുറിച്ച്.




Friday, 22 December 2023

1747. Curry & Cyanide: The Jolly Joseph Case (English/Malayalam, 2023)

1747. Curry & Cyanide: The Jolly Joseph Case (English/Malayalam, 2023)

        Streaming on Netflix.



⭐⭐⭐⭐/5


കേരളത്തെ പിടിച്ചു കുലുക്കിയ ഒരു വെൽ പ്ലാൻഡ് കൊലപാതക പരമ്പര ആണെന്ന് പറയാം കൂടത്തായി കേസ്. ഈ കൊലപാതക പരമ്പരയെ കുറിച്ച് വാർത്തകളിൽ വന്ന പല കാര്യങ്ങളും ഊഹാപോഹങ്ങൾ ആയിരുന്നു. കുറെ കൂട്ടിയും കുറച്ചൊക്കെ എഴുതി ഒരു അടുക്കും ചിട്ടയും ഇല്ലാത്തതു പോലെ ആണ് തോന്നിയത്. എന്നാൽ ഇതിന്റെ മൊത്തത്തിൽ ഉള്ള നാൾ വഴികൾ ഭംഗിയായി എടുത്തു വച്ച് അവതരിപ്പിച്ചിട്ടുണ്ട് Curry & Cyanide: The Jolly Joseph Case ൽ.



കൂടത്തായി കൊലപാതക കേസ് Curry & Cyanide: The Jolly Joseph Case എന്ന പേരിൽ നെറ്റ്‌ഫ്ലിക്സ് ഡോക്യുമെന്ററി ആയി വരുന്നു എന്ന് അറിഞ്ഞത് മുതൽ തന്നെ കാത്തിരുന്നതാണ് കാണാൻ. ഒരു മിസ്റ്ററി /ക്രൈം ചിത്രം കാണുന്നത് പോലെ കേസിന്റെ ഒരു ടൈം ലൈനിൽ പല സംഭവങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് ഇത്തരം ഒരു കേസിനെ പ്രേക്ഷകന്റെ മുന്നിൽ ചടുലതയോടെ അവതരിപ്പിച്ചതായി തോന്നി. ഒരു ഡോക്യുമെന്ററി കാണുന്ന ഫീൽ അല്ല Curry & Cyanide: The Jolly Joseph Case തന്നത്.


  എന്നാൽ ഇത് നടന്ന ഒരു സംഭവം ആണെന്നും അതിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കവും അതിന്റെ പിന്നിലെ ക്രൂരതയും ഒരു സ്ത്രീയുടെ മനസ്സിലെ ചിന്തകളും ആയിരുന്നു എന്ന് പതിയെ പ്രേക്ഷകന്റെ മുന്നിൽ വരുമ്പോൾ വായിച്ചറിഞ്ഞ കേസ് ആണെങ്കിലും അതിൽ ഒരു ക്രൈം ത്രില്ലർ സിനിമയുടെ പ്ലോട്ട് പോലെ ഉണ്ടായിരുന്നു.


 പ്രത്യേകിച്ചും 'അങ്ങനെ ഒക്കെ പറ്റി പോയി ' എന്ന ലാഘവത്തോടെ ഇത്തരം ഒരു സംഭവത്തെ കാണുന്ന സ്ത്രീയെ കുറിച്ചുള്ള ഡോക്യുമെന്ററിയിൽ കാണപ്പെടേണ്ട ഒരു ആമ്പിയൻസ് ഉണ്ട്. അത് ഇതിലെ ഒന്നര മണിക്കൂർ മുഴുവനും ഉണ്ടായിരുന്നു. കേസിന്റെ നാൾവഴികളും ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കുമ്പോഴും ആളൂർ വക്കീലും ഒക്കെ ഉള്ളത് കൊണ്ട് ആ സ്ത്രീക്ക് അനുകൂലമായ വിധി ആകാനേ സാധ്യത ഉള്ളൂ എന്ന് തോന്നുന്നു.


എന്തായാലും കണ്ടു നോക്കൂ. മിസ് ആക്കരുത്. നല്ല ഒരു crime/ മിസ്റ്ററി ഡോക്യുമെന്ററി ആണ്

Curry & Cyanide: The Jolly Joseph Case.




Thursday, 21 December 2023

1746. Unda (Malayalam, 2019)


1746. Unda (Malayalam, 2019)

         Streaming on Prime Video

⭐⭐⭐⭐/5




 കണ്ണൂർ സ്‌ക്വാഡ് കണ്ടിട്ട് ഒരു കുറിപ്പ് ഇട്ടപ്പോൾ ചില കമന്റുകളിൽ ഉണ്ട എന്ന സിനിമയുടെ പരാമർശം കണ്ടിരുന്നു. സിനിമ റിലീസ് ആയ സമയം എന്തോ കാണാൻ തോന്നാത്തത് കൊണ്ട് കാണാതെ വച്ച സിനിമ ആയിരുന്നു ഉണ്ട.ഒരു പക്ഷെ മാവോയിസ്റ്റ് സിംപതി ഉള്ള സിനിമ ആണെന്ന എന്റെ മുൻ ധാരണയും ആകാം കാരണം. എന്തായാലും സിനിമ കണ്ടപ്പോൾ ആ കാഴ്ചപ്പാട് തന്നെ മാറി.


പ്രത്യേകിച്ചും ഈ ഒരു വിഷയത്തിൽ വ്യക്തമായ ഒരു സ്റ്റാന്റ് സിനിമയ്ക്ക് ഉണ്ട് എന്നാണ് തോന്നിയത്. മാവോ വാദികൾ ഉണ്ട്. അത് പോലെ അവർ എതിർക്കുന്നവരും. പക്ഷെ ഇതിന്റെ ഇടയിൽ കിടന്നു ജീവിതം ഹോമിക്കുന്ന കുറെ മനുഷ്യരും ഉണ്ടെന്നുള്ള വസ്തുത ആണ് സിനിമ പറഞ്ഞ് വച്ചതു എന്നാണ് മനസ്സിലായത്. ഇതല്ലാതെ വേറെ ഒരു രാഷ്ട്രീയം സിനിമക്ക് ഉണ്ടോ എന്ന് അറിയില്ല.


എന്തായാലും കണ്ണൂർ സ്‌ക്വാഡിലെ പോലെ തന്നെ പോലീസിലെ ഒരു വിഭാഗം നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും അവരുടെ ജീവിതവും ജോലിയും എല്ലാം ഈ സിനിമയിലും കാണാം. ഒരു പക്ഷെ സിനിമയുടെ തുടക്കം കാണിച്ച മെഗാസ്റ്റാർ എന്നതിന് അപ്പുറം സിനിമയ്ക്കുള്ളിൽ അത്തരം ഒരു താരപ്രഭ ഇല്ലാത്ത കഥാപാത്രം ആയിരുന്നു മമ്മൂട്ടിയുടെ എസ് ഐ മണി.


ഇടയ്ക്കൊക്കെ നിസ്സഹായനായി പോകുന്ന ഒരു സാധാരണ പോലീസുകാരൻ മാത്രം ആയിരുന്നു അദ്ദേഹത്തിന്റെ മണി എന്ന കഥാപാത്രം. ചെറിയ തമാശകളും അതിനൊപ്പം സാമൂഹികപരമായ ചില വിഷയങ്ങളും തൊട്ട് കൊണ്ടാണ് സിനിമ മുന്നോട്ടു പോകുന്നത്. മൊത്തത്തിൽ നല്ലൊരു സിനിമ കാഴ്ചയാണ് ഉണ്ട.


അത് പോലെ സിനിമയ്ക്ക് ഈ പേര് എങ്ങനെ ചേരും എന്നുള്ളത് അവസാന സീനിൽ പോലും വ്യക്തമായി കാണിക്കുന്നുണ്ട്.




Tuesday, 19 December 2023

1745. Falimy ( Malayalam, 2023)

1745. Falimy ( Malayalam, 2023)

         Streaming on Hotstar



⭐⭐⭐⭐/5


നമ്മളിൽ ചിലരുടെയെങ്കിലും ജീവിതവുമായി കണക്റ്റ് ചെയ്യാൻ കഴിയുന്ന ഒരു കുടുംബമാണ് ഫലിമിയിൽ ഉള്ളത്. ഒരു സാധാരണ കുടുംബം. കടങ്ങൾ ഏറെയുള്ള, ഒട്ടേറെ കുഞ്ഞു കുഞ്ഞു പ്രശ്നങ്ങൾ ഉള്ള ഒരു കുടുംബം. ഇതിലെ ചില സീനുകൾ എടുത്തു പറയേണ്ടത് ആണ്. പ്രത്യേകിച്ചും റെയിൽവേ സ്റ്റേഷനിൽ ഉള്ള സീൻ, പിന്നെ ബേസിലും ജഗദീഷും മാത്രമായി സംസാരിക്കുന്ന ഒരു സീൻ. ഇതൊക്കെ ചെറിയ രീതിയിൽ എങ്കിലും ജീവിതത്തിൽ സംഭവിച്ചത് ആണല്ലോ എന്ന് ഓർത്തു പോയി.


  വൈകാരികമായ കണക്ഷൻ അല്ലാതെ കോമഡി രംഗങ്ങൾ പലതും സാഹചര്യങ്ങളിൽ നിന്നും തന്നെ വന്നത് കൊണ്ട് ഫോഴ്സ്ഡ് ആയി തോന്നിയില്ല. ഒരു കുടുംബത്തിലേക്ക് ക്യാമറ തിരിച്ചു വച്ചതു പോലെ ആയിരുന്നു പല സീനുകളും എന്ന് തോന്നി.ഇത്തരത്തിൽ ഉള്ള ഒരു കുടുംബം നടത്തുന്ന ട്രെയിൻ യാത്ര ഒരു റോഡ് യാത്ര ആയി മാറുന്നതും അതിനോട് സംബന്ധിച്ചുള്ള ചില സാഹചര്യങ്ങളും ആണ് സിനിമയുടെ കഥയുടെ പ്രമേയം.


 ബേസിലും ജഗദീഷും മഞ്ജുവും അനിയനായി വന്ന നടനും എല്ലാം നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട്. ജനലിലൂടെ ഉള്ള അവരുടെ അപ്പൂപ്പന്റെ സൗഹൃദം കാണിക്കുന്ന സീനിനൊക്കെ ഒരു ആത്മാർഥത ഉള്ളതായി തോന്നി പോകും.മൊത്തത്തിൽ നല്ലത് മാത്രമേ സിനിമയെ കുറിച്ച് പറയാൻ ഉള്ളൂ. നന്നായി ഇഷ്ടപ്പെട്ടൂ ഫലിമി




Sunday, 17 December 2023

1744. Kannur Squad (Malayalam, 2023)


1744. Kannur Squad (Malayalam, 2023)

         Streaming on Hotstar.

⭐⭐⭐⭐/5



  കണ്ണൂർ സ്‌ക്വാഡ് നല്ല സിനിമ ആണോ അല്ലയോ എന്നത് ഇന്നലെ സിനിമ കാണുന്നതിന് മുന്നേ സോഷ്യൽ മീഡിയ റിവ്യൂസ് വഴി ഒരു മുൻധാരണ ഉണ്ടായിരുന്നു. എന്തായാലും ആ  പ്രതീക്ഷ തെറ്റിയില്ല നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിട്ടാണ് കണ്ണൂർ സ്‌ക്വാഡ് എനിക്ക് അനുഭവപ്പെട്ടത്.


 കുറച്ചു സിനിമകളിൽ സമാനമായ ചില സീനുകൾ വന്നിട്ടുണ്ടെങ്കിൽ പോലും ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ എന്ന നിലയിൽ മികവ് പുലർത്തിയിട്ടുണ്ട് കണ്ണൂർ സ്‌ക്വാഡ്. മമ്മൂക്കയെ പ്രായം അലട്ടുന്നുണ്ടെങ്കിലും അതിനെ അതി ജീവിക്കാൻ ഇതിലെ ജോർജിന് ആയിട്ടുണ്ട്‌ പ്രത്യേകിച്ചും സിനിമയുടെ മൊത്തത്തിൽ ഉള്ള ഒരു ക്രൈം ഇൻവെസ്റ്റിഗേഷന്റെ ആമ്പിയൻസ് നിലനിർത്തുന്നതിൽ കണ്ണൂർ സ്‌ക്വാഡിന് അവസാനം വരെ കഴിഞ്ഞിട്ടുണ്ട്.


2023 ലെ മലയാള സിനിമകളിൽ എനിക്ക് ഇഷ്ടമായ ചിത്രങ്ങളിൽ ഒന്നാണ് കണ്ണൂർ സ്‌ക്വാഡ്.



Saturday, 16 December 2023

1741. Pendulum (Malayalam, 2023)


1741. Pendulum (Malayalam, 2023)

        Streaming on Saina Play



⭐⭐⭐⭐/4


ലൂസിഡ് ഡ്രീമിംഗ് പ്രമേയം ആയി വന്ന സിനിമകൾ മലയാളത്തിൽ ഏതെങ്കിലും ഉണ്ടോ എന്ന് അറിയില്ല. ട്രോൾ ആയി നോക്കുക ആണെങ്കിൽ പഞ്ചാബി ഹൗസിലെ ഒരു രംഗത്തിൽ തമാശയായി പറഞ്ഞ് പോകുന്ന രംഗത്തിൽ അതിന്റെ റെഫെറൻസ് ഉണ്ടെന്നു മാത്രം. പല ഭാഷകളിലും ലൂസിഡ് ഡ്രീം പ്രമേയം ആയി സിനിമകൾ ധാരാളം വന്നിട്ടും ഉണ്ട്. ഈ ഒരു പ്രമേയത്തെ ആസ്പദമാക്കി മലയാളത്തിൽ വന്ന ഒരു ചെറിയ സിനിമ ആണ് പെന്റുലം.


  ഡോക്റ്റർ ആയ മഹേഷിന് ഉണ്ടാകുന്ന ചില അനുഭവങ്ങളും അതിനെ ചുറ്റിപ്പറ്റി അയാൾ നടത്തുന്ന ചില അന്വേഷണങ്ങളും ആണ് ചിത്രത്തിന്റെ കഥ. അയാളുടെ അന്വേഷണങ്ങൾ കൊണ്ടെത്തിക്കുന്നത് ഇത്തരം ഒരു പ്രതിഭാസത്തിലേക്കു ആണ്. സത്യം ആണോ മിഥ്യ ആണോ ലൂസിഡ് ഡ്രീം എന്ന് ഉള്ള ചോദ്യം നിലനിൽക്കേ തന്നെ അതിനു ലോജിക് ആയുള്ള ഒരു വിശകലനം നൽകാൻ പല കഥാപാത്രങ്ങളിലൂടെയും ചിത്രം ശ്രമിക്കുന്നും ഉണ്ട്.


മൊത്തത്തിൽ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്ത വിഷയത്തെ അതിന്റെ സീരിയസോടെ തന്നെ അവതരിപ്പിച്ച ചിത്രമാണ് പെന്റുലം. പ്രമേയത്തോട് നീതി പുലർത്തി, അതിൽ നിന്നും മാറി പോകാതെ സിനിമ അവതരിപ്പിച്ചത് മികച്ച കാര്യമായി തോന്നി.കഥ എഴുതി സംവിധാനം ചെയ്ത റെജിൻ എസ് ബാബു നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് ഈ ചിത്രത്തെ. കുറേക്കൂടി മികച്ച അഭിനേതാക്കൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലരും എഴുതുന്നത് കണ്ടിരുന്നു എന്നാൽ വലിയ ഒരു താരനിര വച്ച് ഈ കഥ ഇങ്ങനെ അവതരിപ്പിക്കാൻ കഴിയുമായിരുന്നോ എന്ന സംശയം ഉണ്ട്.


കണ്ടു നോക്കു. എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ. പിന്നെ ലൂസിഡ് ഡ്രീമിംഗ് ഒക്കെ സ്പൂൺ ഫീഡ് ചെയ്തിട്ടുണ്ടെങ്കിലും ചില കാര്യങ്ങളിൽ എങ്കിലും പ്രേക്ഷകൻ ചിന്തിക്കേണ്ടത് ആയി വരും.







Monday, 23 October 2023

1729. Nadikalil Sundari Yamuna (Malayalam, 2022)

 1729. Nadikalil Sundari Yamuna (Malayalam, 2022)

        Streaming on HR OTT


⭐⭐/5

മലയാളത്തിലെ പല സിനിമകളും കാണുമ്പോൾ ആണ്‌ കയ്യിൽ ഉള്ള പണം എങ്ങനെ ചിലവഴിക്കണം എന്നറിയാത്ത ധാരാളം ആളുകൾ മലയാള സിനിമയിൽ കാശിറക്കാൻ ഉണ്ടെന്നു മനസ്സിലാകുന്നത്. നല്ല രീതിയിൽ ഇൻവെസ്റ്റ് ചെയ്‌താൽ കുറച്ചധികം പണം കൂടി ഉണ്ടാക്കാൻ കഴിയുന്ന സംഭവങ്ങൾ എന്തെങ്കിലും ഒക്കെ കാണുമായിരിക്കും. അങ്ങനെ ചിന്തിക്കാതെ കാശിറക്കിയ  സിനിമകളിൽ ഒന്നായിട്ടാണ് നദികളിൽ സുന്ദരി യമുന കണ്ടപ്പോൾ തോന്നിയത്.

ഇന്റർവ്യൂ സ്റ്റാർ പറഞ്ഞ അദ്ദേഹത്തിന്റെ ബോംബ് അല്ലാത്ത സിനിമ ഒരു പക്ഷെ അദ്ദേഹത്തിന്റെ മുൻ സിനിമകൾ അപേക്ഷിച്ചു നല്ലതായിരിക്കാം. എന്നാൽ ഒരു ശരാശരി പ്രേക്ഷകൻ എന്ന നിലയിൽ ഏതോ കോമഡി ഷോയിലെ സ്കിറ്റ് പോലെ ആണ്‌ തോന്നിയത്. തിയറ്ററിൽ ഈ സിനിമ ഓടുന്നു എന്നൊക്കെ കേട്ടിരുന്നു. പക്ഷെ ടി വിയിൽ കാണുമ്പോൾ ഇഷ്ടപ്പെടാതെ ഇരിക്കാൻ മാത്രം തിയറ്റർ എക്സ്പീരിയൻസ് വേണ്ട സിനിമ ആയി തോന്നിയതും ഇല്ല.

പ്രത്യേകിച്ച് കഥ ഒന്നും ഇല്ല. സ്ഥലത്തെ രണ്ട് പ്രമുഖ പാർട്ടികളും അതിൽ നിന്നും ഉണ്ടാകുന്ന കോൺഫ്ലിക്ട് ആണ്‌ സിനിമയിൽ ഉള്ളത്.സന്ദേശം സിനിമ ഇറങ്ങിയത് മുതൽ മലയാള സിനിമയിൽ വരുന്ന അതിന്റെ പല വേർഷനുകളിൽ തന്നെ വെറുതെ ഒരു സിനിമ ആയിട്ടാണ് നദികളിൽ സുന്ദരി യമുന അനുഭവപ്പെട്ടത്.പക്ഷെ ഇതിലും നന്നായി ട്രോൾ ഗ്രൂപ്പുകളിൽ ഇതിന്റെ എല്ലാം തമാശ വേർഷനുകൾ നന്നായി വരാറും ഉണ്ട്

ഒരു 'തേപ്പ് ' പാട്ട് മാത്രം കൊള്ളാം. കാണാതെ പഠിച്ചാൽ വല്ല വെള്ളമടി സദസ്സിലും ഉപയോഗിക്കാം . തമാശ എന്ന് പറഞ്ഞ് അവതരിപ്പിച്ച മറ്റൊന്നും ഓർമയിൽ പോലും ഇല്ല.എന്തായാലും സിനിമ ഇറങ്ങിയ സമയം നല്ലതാണ് എന്ന് കേട്ട അഭിപ്രായങ്ങൾ കാരണം മുഴുവനും ഇരുന്നു കണ്ടൂ. സിനിമ എപ്പോഴെങ്കിലും നന്നാകും എന്ന പ്രതീക്ഷ ആണ്‌ ഉണ്ടായിരുന്നത്. എന്തായാലും അവസാനം വരെയും ഒരു ജ്യോതിയും വന്നതും ഇല്ല.

സിനിമ കണ്ടു ഇഷ്ടപ്പെട്ടവർ കാണും. എന്തായാലും ഇതെന്റെ ചായക്കപ്പ് അല്ല.സത്യം പറഞ്ഞാൽ ഇപ്പോൾ പല മലയാള സിനിമയും കണ്ടു കഴിഞ്ഞാൽ ഇത് എന്തിനാണ് കണ്ടതെന്നു സ്വയം ചോദിച്ചു ഇരിക്കേണ്ട അവസ്ഥ ആണ്‌. എന്റർടൈൻമെന്റ് വേണം സിനിമയിൽ. അത് കോമർഷ്യൽ ഘടകങ്ങൾ ഉപയോഗിച്ച് മാത്രമല്ല. അല്ലാതെയും വിജയിച്ച ഇഷ്ട ചിത്രങ്ങൾ പലതും ഉണ്ട്. അത് പോലെ ഒക്കെ ആണെങ്കിൽ നന്നായിരുന്നു. പക്ഷെ നദികളിൽ സുന്ദരി യമുന ഒക്കെ അതിലും പരാജയം ആയിരുന്നു.


Saturday, 23 September 2023

1726. RDX ( Malayalam, 2023)


1726. RDX ( Malayalam, 2023)
         Streaming on Netflix



⭐⭐⭐⭐/5

എന്തായാലും RDX കണ്ടു കഴിഞ്ഞപ്പോൾ 'തല്ലുമാല ' കണ്ടു ഇഷ്ടപ്പെടാത്തത് കൊണ്ട് അമ്മാവൻ ആയെന്നു മുദ്ര കുത്തപ്പെട്ട് നിരാശൻ ആയിരുന്ന എനിക്ക് സമാധാനമായി. കാരണം RDX ഇഷ്ടപ്പെട്ടൂ. കിടിലൻ ആക്ഷൻ സിനിമ. ഓരോ പഞ്ചിനും കിക്കിനും അതിനുള്ള പവർ സ്‌ക്രീനിൽ കാണാൻ കഴിഞ്ഞ പടം.

അതേ പോലെ ഓരോ ഇടിക്കും അതിന്റേതായ കാര്യങ്ങൾ നിരത്തി തന്നെ അവതരിപ്പിച്ചത് കൊണ്ട് ഒരു ഇടിയും പാഴായി പോയത് പോലെയും തോന്നിയില്ല. ആന്റണി വർഗീസിനെ കുറിച്ച് ഒന്നും പറയാനില്ല. ഇതേ പോലുള്ള ഇടി സിനിമകൾക്ക് tailor - made ആണ്‌ ആൾ. പക്ഷെ നീരജ്, ഷെയ്ൻ എന്നിവർ സർപ്രൈസ് ആയിരുന്നു. ഇമേജ് ബ്രേക്കിങ് എന്ന് പറയാം.

സ്ഥിരം ഡിപ്രഷൻ കഥാപാത്രത്തിൽ നിന്നും ഫുൾ ആയി മോചനം ഇല്ലെങ്കിലും ആക്ഷൻ സീനുകൾ നന്നായി തോന്നി. നീരജിന്റെ നഞ്ചക്സ് പ്രകടനം കിടിലം ആയിരുന്നു. ആക്ഷൻ കോറിയോഗ്രാഫി, ബി ജി എം എന്നിവ ആണ്‌ പല മാസ് സിനിമകളും elevate ചെയ്തത്. കൃത്യമായി അതെല്ലാം ഉപയോഗിച്ചിട്ടുണ്ട്. ബാബു ആന്റണിക്കു കുറെ കൂടി സ്ക്രീൻ സ്‌പേസ് ഉണ്ടായിരുന്നേൽ എന്ന് ആഗ്രഹിച്ചു. പിന്നെ പറയാൻ മറക്കരുത് വില്ലന്മാരുടെ വിളയാട്ടം. വിഷ്ണു അഗസ്ത്യ, പിന്നെ പേരറിയാത്ത കുറെ വില്ലന്മാർ, എല്ലാവരും പൊളിച്ചു. വിഷ്ണുവിനെ ഇൻസോംനിയ നൈറ്റ്സ് മുതൽ ശ്രദ്ധിച്ചത് ആണ്‌.

പിന്നെ തല്ലുമാല പോലെ മനസ്സിലാകാത്ത ഭാഷ അല്ലാത്തത് കൊണ്ട് കഥ, സംഭാഷണം ഒക്കെ മനസ്സിലാക്കി തന്നെ സിനിമ കണ്ടു. മോന് കാണാൻ വേണ്ടി മാത്രം ഇംഗ്ലീഷ് സബ്സ് വച്ചൂ എന്ന് മാത്രം. മറ്റേതിൽ അതല്ലായിരുന്നല്ലോ അവസ്ഥ.

എന്തായാലും സംവിധായകൻ നഹാസ് പണി അറിയാവുന്ന ആൾ ആണെന്ന് മനസ്സിലായി. ആക്ഷൻ സിനിമകൾ തീരെ റിലീസ് വരാതെ അവസാനം തല്ല്മാല ഒക്കെ മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ സിനിമ ആണെന്നൊക്കെ പറഞ്ഞ് കേട്ടപ്പോൾ ഇനി ഇഷ്ടപ്പെടുന്ന ഒരു ആക്ഷൻ സിനിമയും മലയാളത്തിൽ നിന്നുണ്ടാകില്ല എന്ന വിഷമം ഒരു 80's വസന്തം എന്ന നിലയിൽ ഉണ്ടായിരുന്നു. അത് എന്തായാലും മാറി.

പാട്ടുകൾ എല്ലാം നേരത്തെ തന്നെ ഇഷ്ടപ്പെട്ടായിരുന്നു. എന്നേ സംബന്ധിച്ച് പൂർണമായും തൃപ്തി നൽകിയ ഒരു മലയാള സിനിമ ആണ്‌ RDX.


Monday, 31 July 2023

1715. Kerala Crime Files (Malayalam, 2023)


1715. Kerala Crime Files (Malayalam, 2023)

          Streaming on Hotstar



⭐️⭐️⭐️⭐️/5


ഷിജു, പാറയിൽ വീട്, നീണ്ടകര!! ഒരു അഡ്രസ് പ്രേക്ഷകന് ഇത്രയും അധികം ദിവസം ആയിട്ടും മനസ്സിൽ നിൽക്കുക എന്നൊക്കെ പറഞ്ഞാൽ? അതും പ്രത്യേകതകൾ ഒന്നും ഇല്ലാത്ത ഒരു അഡ്രസ്.അതേ.ഒന്നുമില്ലായ്മയിൽ നിന്നും പ്രാവിനെ പറത്തുന്ന മജീഷ്യന്റെ ഇന്ദ്രജാലം ആണ് Kerala Crime Files ൽ കാണാൻ സാധിക്കുന്നത്.

     

സിനിമാറ്റിക്ക് രീതികൾ വച്ച് നോക്കുമ്പോൾ ഒരു താൽപ്പര്യവും തോന്നിപ്പിക്കാത്ത ഒരാളുടെ ദുരൂഹ സാഹചര്യത്തിൽ ഉള്ള ഒരു മരണം. സീരീസിൽ തന്നെ സംഭാഷണങ്ങളിൽ പലപ്പോഴും കടന്നു വരുന്ന സമൂഹത്തിൽ തന്നെ തീരെ പ്രാധാന്യമില്ലാത്ത ഒരാൾ ആണ് ഇവിടെ കൊല്ലപ്പെട്ടതും. അത് കൊണ്ട് തന്നെ ഇതിൽ നിന്നും എന്താണ് ഈ സീരീസിൽ ഇത്ര  പ്രത്യേകം ആയി ഉള്ളത് എന്നും മനസ്സിൽ ചോദിച്ചു കൊണ്ടാകും പലരും Kerala Crime Files കണ്ടു തുടങ്ങുക. ഞാനും അങ്ങനെ ആയിരുന്നു സീരീസിന്റെ തുടക്കത്തിൽ. 


  എന്നാൽ, അതിനുള്ള ഉത്തരവും പെട്ടെന്ന് തന്നെ കിട്ടി. മികച്ച മേക്കിങ്, അഭിനയം, സാഹചര്യങ്ങൾക്ക്  അനുസരിച്ചുള്ള ബി ജി എം തുടങ്ങി ഒട്ടനവധി ഘടകങ്ങൾ ആണ് Kerala Crime Files നെ മികച്ചതാക്കി മാറ്റുന്നത്. ഒരു കുറ്റാന്വേഷണം, അതും പ്രതിയെ കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ കയ്യിൽ ഉള്ളത് കൊണ്ട്  ആരായിരിക്കാം അത് എന്നുള്ള നിഗമനത്തിൽ പോലീസ്  അന്വേഷണം തുടങ്ങുകയും ചെയ്യുന്നു. എന്നാൽ തങ്ങളുടെ കൺമുന്നിലൂടെ പ്രതി അൽപ്പം നേരം മുന്നേ പോയിരുന്നു എന്നൊക്കെ കഥയിൽ വരുമ്പോൾ പ്രേക്ഷകനും പൊലീസിനോടൊപ്പം നിരാശരാകും. അതിനു കാരണം , ആ സമയം ആകുമ്പോൾ പ്രേക്ഷകനും കഥയുടെ ഒപ്പം പോകുന്നു എന്നതാണ്.


   Binge-worthy സീരീസ് എന്നു പൂർണമായും പറയാവുന്ന, ഏകദേശം 25 മിനിറ്റ് വീതം ഉള്ള 6 എപ്പിസോഡ് ആണ് Kerala Crime Files ന് ഉള്ളത്. എന്നാൽ, ഏകദേശം മൂന്നു മണിക്കൂർ ഉള്ള ഒരു കിടിലം  സിനിമ കാണുന്ന പോലെയാണ് സീരീസ് കണ്ടപ്പോൾ തോന്നിയത്. അജു  വർഗീസ് , ലാൽ മുതൽ പേര് അറിയാവുന്നതും അറിയാത്തതും ആയ അഭിനേതാക്കളുടെ നല്ല പ്രകടനങ്ങളും ഇവിടെ കാണാം. 


  തുടക്കത്തിൽ ചിന്തിച്ചത് പോലെ തന്നെയാണ് ക്ലൈമാക്സ് കണ്ടപ്പോൾ തോന്നിയതും . പ്രത്യേകിച്ചും ഒന്നും ഇല്ലായിരുന്നു. വെറുതെ ഉള്ളി പൊളിക്കുന്നത് പോലെ ആയിരുന്നു. പക്ഷേ അതിലേക്ക് കൊണ്ട് വന്ന ആദ്യ അഞ്ചു എപിസോഡുകള് ഉണ്ടല്ലോ? ഒന്നും പറയാൻ ഇല്ല അതിനെ കുറിച്ച്. അപാര മേക്കിങ് എന്നു തന്നെ പറയാം. അടുത്ത സീസൺ വരുന്നതിനായി കാത്തിരിക്കുന്നു.





 

Saturday, 25 March 2023

1685. Purusha Pretham (Malayalam, 2023)

1685. Purusha Pretham (Malayalam, 2023)

          Streaming on SonyLiv

⭐⭐️⭐️½ /5



  വളരെയധികം ലെയറുകൾ ഉള്ള ഒരു ചിത്രമാണ് പുരുഷ പ്രേതം. ഒരു സമയം അതൊരു റിയലിസ്റ്റിക് ആയ പോലീസുകാരുടെ ജീവിതം ആണ്‌ കാണിക്കുന്നത് എന്ന് തോന്നും. ചിലപ്പോൾ ഒരു നല്ല കുറ്റാന്വേഷണ ത്രില്ലർ ആണെന്ന് തോന്നും. എന്നാൽ അതിലെല്ലാം ഉപരിയായി ആവാസവ്യൂഹം സിനിമയുടെ സംവിധായകന്റെ ചിത്രത്തിൽ ഗൗരവമായി അവതരിപ്പിക്കുന്ന പരിസ്ഥിതി പ്രശ്നം ആണ്‌ പ്രമേയം എന്ന് തോന്നാം. അങ്ങനെ എങ്ങോട്ട് തിരിയും എന്ന് അറിയാത്ത ചിത്രത്തിൽ ഇടയ്ക്കുള്ള ട്വിസ്റ്റുകൾ കൂടി ആകുമ്പോൾ നല്ലൊരു സിനിമ കാഴ്ച ആയി മാറുകയാണ്.


പുഴയിൽ പൊന്തിയ അജ്ഞാത മൃതദേഹം അവകാശികൾ ആരും വരാത്തത് കൊണ്ട് കേരള പോലീസ് മറവു ചെയ്യുന്നു. എന്നാൽ തന്റെ ഭർത്താവിന്റെ മൃതദേഹം ആണെന്ന് പറഞ്ഞു ഒരു സ്ത്രീ വരുകയും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആണ്‌ സിനിമയുടെ കഥ. ഇത്തരം ഒരു കഥയ്ക്കു പ്രവചിക്കാവുന്ന ഘടകങ്ങൾ ധാരാളം ഉണ്ട്. സിനിമ എന്നാൽ മുന്നോട്ട് പോകുമ്പോൾ അത്തരം ഒരു മിസ്റ്ററിയേക്കാളും സിനിമയിലെ കഥാപാത്രങ്ങൾക്ക് വരുന്ന മാറ്റങ്ങളും മറ്റും ആണ്‌ കഥയുടെ വഴിത്തിരിവ് ആകുന്നതു. പ്രത്യേകിച്ചും ആ ക്ലൈമാക്സ് സീനിനുള്ള impact സിനിമ മൊത്തം കണ്ടു കഴിഞ്ഞ ഒരാൾക്ക്‌ നന്നായി ഫീൽ ചെയ്യും.


  'സൂപ്പർ സെബാസ്റ്റിൻ' എന്നല്ല 'സൂപ്പർ അലക്സാണ്ടർ പ്രശാന്ത് ' എന്ന് പറയേണ്ടി വരും ഇതിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച്. സഹനടൻ ആയി പോലീസ് വേഷങ്ങൾ ചെയ്തിട്ടുള്ള ഒരു നടൻ, അതേ പോലീസ് വേഷത്തിൽ മുഖ്യ കഥാപത്രമായി വരുമ്പോൾ, അതും സിനിമയെ പോലെ തന്നെ പല ലെയറുകൾ ഉള്ള കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു എന്ന് പറയാം. സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ഈ കഥാപാത്ര തിരഞ്ഞെടുപ്പ് ആയിരുന്നു. ഇമേജിന്റെ ഭാരങ്ങൾ ഇല്ലാത്തതു കൊണ്ട് അലക്സാണ്ടറിനു ഈ വേഷം നന്നായി ചെയ്യാൻ കഴിഞ്ഞു. സൂപ്പർ സെബാസ്റ്റിന്റെ കഥ പറച്ചിലുകൾ സിനിമയെ രസകരമാക്കി നിർത്തി. അതിനൊപ്പം ഉള്ള സീനുകളും നന്നായിട്ടുണ്ടായിരുന്നു. ദർശനയുടെ കഥാപാത്രത്തിനു കുറെ കൂടി സ്ക്രീൻ ടൈം ഉണ്ടായിരുന്നേൽ ഒരു പക്ഷെ കഥയുടെ അവസാന റിസൾറ്റ് മാറിയേനെ. പക്ഷെ അത്തരം ഒരു കഥാപാത്രത്തെ കഥയിലൂടെ നന്നായി തന്നെ പ്രെസെന്റ് ചെയ്തിട്ടുണ്ട്. അത് കാരണം മൊത്തത്തിൽ ഉള്ള കഥയുടെ അവതരണത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞു.


 സിനിമയുടെ ഇടയ്ക്കുള്ള റാപ് സോങ്ങുകൾ നന്നായിരുന്നു. പിന്നെ, ആവാസവ്യൂഹം ചെയ്ത കൃഷന്തിന്റെ സിനിമയിൽ അതേ പോലെ തന്നെ പ്രകൃതിയുടെ ദൃശ്യങ്ങൾ നന്നായി പകർത്തിയിട്ടുണ്ടായിരുന്നു. സിനിമയെക്കുറിച്ച് കുറെ നല്ല കാര്യങ്ങൾ ആണ്‌ പറയാൻ ഉള്ളത്. പക്ഷെ സിനിമയുടെ നീളം കുറച്ചു കൂടി കുറച്ചിരുന്നെങ്കിൽ കൂടുതൽ ക്രിസ്പ്പി ആയേനെ എന്ന് തോന്നി. പക്ഷെ ആ സമയം കവർന്നെടുത്ത പോലീസ് സ്റ്റേഷൻ രംഗങ്ങൾ, സെബാസ്റ്റിന്റെ വീടും, ജീവിതവും എല്ലാം നന്നായി തന്നെ, രസകരമായി അവതരിപ്പിച്ചിരുന്നു. അവിടിവിടായി ചിരിക്കാൻ ഉള്ള രംഗങ്ങളും ഉണ്ടായിരുന്നു.


  Out of Nowhere, ഒരു പ്രതീക്ഷയും ഇല്ലാതെ കാണാൻ ഇരുന്നത് കൊണ്ട് ആകാം നന്നായി ഇഷ്ടപ്പെട്ടൂ പുരുഷ പ്രേതം. സിനിമ കാണാൻ കഴിയുമെങ്കിൽ കാണുക. ഓൾഡ് ഹൗസ് മലയാളം സിനിമ തമാശകൾ അല്ല ഇവിടെ ഉള്ളത്, സന്ദർഭം അനുസരിച്ചു ചിരിക്കണമെങ്കിൽ ചിരിക്കാം എന്ന രീതിയിൽ ഉള്ളതാണ്. പ്രകൃതി പടങ്ങൾ എന്ന് വിളിക്കുന്ന സിനിമകളുടെ കൂട്ടത്തിലെ ഒരു നല്ല ത്രില്ലർ ആണ്‌ 'പുരുഷ പ്രേതം.'







Wednesday, 15 March 2023

1677. Rekha ( Malayalam, 2023)

 1677. Rekha ( Malayalam, 2023)

        Streaming on Netflix



  ⭐️⭐️⭐️ /5


  ഒരു ഷോർട്ട് ഫിലിമിന് കൊള്ളാവുന്നത്ര കഥ. ഒരു പക്ഷെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പറയാവുന്ന പ്രമേയം. മനുഷ്യന്റെ തുടക്ക കാലം മുതൽ ഉള്ളതാണ് പ്രമേയം. എന്നാലും സിനിമ എനിക്ക് ഇഷ്ടപ്പെട്ടൂ.ഒട്ടും പ്രതീക്ഷ ഇല്ലാതെ കണ്ടു തുടങ്ങിയത് കൊണ്ട് കൂടി ആകാം.ഇത്രയും ചെറിയ സാധ്യതകൾ വച്ച് ഒരു പ്രതികാര കഥ, അതും ഇത്രയും ചുരുങ്ങിയ സംഭവങ്ങൾ വച്ച്, നല്ല raw ആയി അവതരിപ്പിച്ചിരിക്കുന്നു. സിനിമയിലെ അവസാന ഭാഗത്തുള്ള രണ്ട് ഡയലോഗുകൾ ആണ്‌ സിനിമയുടെ പ്രതികാരത്തിലെ ഫീൽ തരുന്നത്.


  രേഖയുടെ ഏറ്റവും വലിയ പ്രശ്നം ആയി തോന്നിയത് അതിലെ സംഭാഷണങ്ങൾ ആണ്‌. മലയാളം ആണെന്ന് തോന്നിപ്പിക്കുന്ന ഒരു ഭാഷ. ഇത് കേരളത്തിൽ എവിടെയെങ്കിലും ഉപയോഗിക്കുന്ന ഭാഷ ആണോ അതോ ബാഹുബലിയിലെ പോലെ ഉണ്ടാക്കി എടുത്തത് ആണോ എന്നറിയില്ല. എന്തായാലും സബ് ടൈറ്റിൽസ് ഉള്ളത് കൊണ്ട് ഒപ്പിച്ച് എടുത്തു. ഇത് ശരിക്കും ഉള്ള ഭാഷ ആണെങ്കിൽ ക്ഷമിക്കുക. എന്റെ അറിവില്ലായ്മ ആയി കണക്കാക്കുമല്ലോ?


സിനിമയുടെ ആദ്യ പകുതി വരെ ഉള്ള ഭാഗങ്ങൾ ഇതെന്താണ് സംഭവം എന്ന് കരുതി ഇരുന്നു പോകും. പക്ഷെ ആ ഭാഗം കഴിഞ്ഞു സിനിമ ട്രാക്കിൽ വരുന്നുണ്ട്. അത് വരെ സീരിയൽ പോലെ പോയിരുന്ന സിനിമയിൽ പിന്നീട് വയലൻസിന്റെ അയ്യരു കളിയാണ്.എനിക്ക് ഇഷ്ടപ്പെട്ടത് എന്ന് പറഞ്ഞത് ആ ഭാഗത്തിലെ വിൻസിയുടെയും ഉണ്ണി ലാലുവിന്റെയും അഭിനയം ആണ്‌. Unpopular opinion ആയിരിക്കാം. എന്നാലും സിനിമയിലെ saving parts അതായിരുന്നു.ഡാർക്ക്‌, വയലന്റ് സിനിമകൾ ഇഷ്ടമായത് കൊണ്ട് കൂടിയാണ് അത്രയും മോശമായി തോന്നാത്തതും. ജിതിൻ ഐസക് നന്നായി തന്നെ രണ്ടാം പകുതി അവതരിപ്പിച്ചിട്ടുണ്ട്.


 ഇത്രയൊക്കെ വായിച്ചിട്ട് കാണാൻ തോന്നുന്നു എങ്കിൽ കാണുക.

Sunday, 12 March 2023

1675. Varayan ( Malayalam, 2022)

 1675. Varayan ( Malayalam, 2022)

          Streaming on Amazon Prime



⭐️⭐️/5


   വരയൻ എന്നൊക്കെ പേര് കേട്ടപ്പോൾ പഴയ വരയൻ പുലിയെ (പുലി മുരുകൻ ഫെയിം )പിടിക്കാൻ പോകുന്ന പള്ളിയിലെ അച്ചന്റെ കഥ ആയിരിക്കും എന്നാണ് കരുതിയത്. എന്നാൽ വരയൻ പുലി കിടന്നിടത്തു ആട്ടിൻക്കുട്ടിയേ ആണ്‌ കണ്ടത്. ഒരു പള്ളിയിൽ അച്ചൻ. പേര് എബി. ഒരു പ്രത്യേക സാഹചര്യത്തിൽ കലിപ്പക്കര എന്ന കലിപ്പന്മാരുടെയും കാന്തരികളുടെയും ഒരു ഗ്രാമത്തിലെ ഇടവകയിൽ എത്തുകയാണ്. അതിനു ശേഷം ഉള്ള കഥയാണ് വരയൻ പറയുന്നത്.


  ചുരുളി സിനിമയിലെ ഗ്രാമം പ്രോ വേർഷൻ ആണെങ്കിൽ അതിന്റെ ലൈറ്റ് വേർഷൻ ആണ്‌ കലിപ്പക്കര. കേരള പോലീസിനെ ഒക്കെ നിർത്തി അങ്ങ് അപമാനിക്കുന്നുണ്ട് കലിപ്പക്കരയിലെ ആളുകൾ. കലിപ്പക്കര ഒരു രാജ്യമായി പ്രഖ്യാപിക്കേണ്ട സ്ഥലം ആണ്‌ . അവിടേക്കു വന്ന എബി അച്ചൻ ആണെങ്കിൽ വൻ വ്യത്യസ്തൻ ആണ്‌. ചീട്ടു കളി എക്സ്പെർട്ട്, മണം വച്ച് കള്ളിന്റെ ഗുണ മേന്മ മനസ്സിലാക്കുന്ന ടോഡി ടെസ്റ്റർ, പള്ളിയിൽ ആർട്ട് എക്‌സിബിഷൻ നടത്തുന്ന സംഘടകൻ, ആക്ഷൻ ഹീറോ ആവുക എന്ന് വേണ്ട ഒരു പൊടിക്കൈക്ക് അത്ഭുത പ്രവർത്തി വരെ ഉള്ള മൾട്ടി ടാസ്കിങ് കിങ് ആണ്‌. സോറി. ഇടയ്ക്ക് ഡോഗ് ട്രെയിനർ കൂടി ആയി ടിയാൻ മാറുന്നുണ്ട്. അങ്ങനെ ഉള്ള അച്ചനും വൻ ക്രിമിനലുകളും ഉള്ള നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാവുക തന്നെ ചെയ്യുമല്ലോ?


 വരയൻ അങ്ങനെ മാസും നന്മയും എല്ലാം മിക്സ് ചെയ്തു അവതരിപ്പിച്ച സിനിമ ആണ്‌. എന്നാൽ അതിനു സാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. കാരണം, വെറുതെ ടിവിയിൽ ബാക്ഗ്രൗണ്ടിൽ ഓടുന്ന സിനിമ ആയി മാത്രം ആണ്‌ തോന്നുക. പ്രത്യേകിച്ച് ഒരു വികാരവും തോന്നിക്കാത്ത സിനിമ. ഒരു പക്ഷെ മാസ് സീൻ ആകേണ്ട ഇന്റർവെൽ രംഗം പോലും അത്തരം ഒരു ഇമ്പാക്ട് നൽകാൻ ചിത്രത്തിന് കഴിഞ്ഞില്ല. കലിപ്പനും കാന്താരിയും ആയ പല കഥാപത്രങ്ങളും അസഹനീയം ആയി തോന്നി. പ്രത്യേകിച്ചും നായികയുടെ അഭിനയം ഒക്കെ. പടയപ്പയിലെ നീലാംബരി ആകാൻ ആണ്‌ ഉദ്ദേശിച്ചത് എങ്കിൽ നല്ല കോമഡി ആയിട്ടുണ്ട്‌ എന്നേ പറയാൻ ഉള്ളൂ.


ആകെ സിനിമയിൽ ഉള്ള നല്ല കാര്യം എന്ന് പറയാവുന്നത് നേരത്തെ പറഞ്ഞത് പോലെ ബാക്ഗ്രൗണ്ടിൽ സിനിമ ഇട്ടിട്ടു വേറെ എന്തെങ്കിലും ചെയ്യാം എന്നതാണ്. പക്ഷെ അതൊന്നും ചെയ്യാതെ ഞാൻ സീരിയസ് ആയി തന്നെ സിനിമ ഇരുന്നു കണ്ടു. എനിക്ക് അങ്ങനെ തന്നെ വേണം എന്നേ ഞാൻ പറയുന്നുള്ളൂ.അവസാനം വരെ വരയൻ പുളിയും വന്നില്ല. എബി അച്ചനെ പുണ്യാളൻ ആക്കാൻ ഉള്ള സുവർണവസരവും തല്ലി തകർത്തത് കൊണ്ട് അതിലും നിരാശ ആയിരുന്നു ഫലം.

Sunday, 5 March 2023

1665. The Whale (English, 2022)

 

1665. The Whale (English, 2022)
         Psychological Drama.





        
    ⭐️⭐️⭐️⭐️⭐️/5

ചാർളി മരണം കാത്തു ഇരിക്കുകയാണ്. അയാൾ തന്റെ സങ്കടങ്ങളെ മാറ്റി നിർത്തുന്നത് അമിതമായി ഭക്ഷണം കഴിച്ചും, മരണത്തെ അകറ്റി നിർത്തുന്നത് മോബി ഡിക്ക് നോവലിലെ ഭാഗങ്ങൾ വായിച്ചു കേട്ടും ആണ്‌. മനസിലാക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉള്ള ആളാണ്‌ ചാർളി എന്നു തോന്നുന്നുണ്ടോ? എന്നാൽ ചാർളി അങ്ങനെ അല്ല. ചാർളി സാധാരണ മനുഷ്യൻ ആയിരുന്നു. എന്നാൽ ഇപ്പോൾ അയാൾ ഒരു തിമിംഗലം ആണ്‌. ഇപ്പോൾ പ്രത്യേകിച്ച് വികാരം ഒന്നും ഇല്ലാത്ത ഒരു തിമിംഗല മനുഷ്യൻ. തന്റെ ഭൂതക്കാലത്തെ കുറിച്ച് ഉള്ള ഓർമകളെ  നേരിടേണ്ടി വരുന്ന ആൾ. അതിനുള്ള വഴികളും അയാൾക്ക്‌ അറിയാം. നേരത്തെ പറഞ്ഞ പോലെ അമിതമായി ഭക്ഷണം കഴിക്കുക.

എന്നാൽ അയാളെ കാർന്നു തിന്നുന്ന ഒന്നുണ്ട്. മോബി ഡിക്ക് നോവലിൽ പ്രത്യേകത ഉള്ള തിമിംഗലത്തെ വേട്ടയാടാൻ ശ്രമിക്കുന്ന ക്യാപ്റ്റനെ പോലെ അയാളെ പിന്തുടരുന്ന ഭൂതകാലം. ആ ഭൂതകാലം ക്യാപ്റ്റനെ പോലെ ആണെന്ന് അയാൾ കരുതുന്നു. വികാരം ഇല്ലാത്ത തിമിംഗലവും വികാരം ഉള്ള ക്യാപ്റ്റനും. അവർ തമ്മിൽ ഉള്ള സംഘർഷങ്ങൾ ചാർലിയുടെ ജീവിതം ആയി മാറുമ്പോൾ അത് പ്രേക്ഷകനെയും വിഷമിപ്പിക്കും.

ബ്രാൻഡൻ ഫ്രേസറിന്റെ ചാർളി അത്ര മാത്രം പ്രേക്ഷകനെ പിന്തുടരും. ഞാൻ സിനിമ കണ്ടപ്പോൾ പലപ്പോഴും കരഞ്ഞു. അത്രയും മനോഹരമായി ആണ്‌ അദ്ദേഹം ചാർളി എന്ന കഥാപാത്രം ആയി തകർത്തത്. സങ്കടങ്ങൾ വരുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന, ഒരു പക്ഷെ ആത്മഹത്യ ചെയ്യാൻ പോലും അമിതമായി ഭക്ഷണം കഴിച്ചാൽ മതി എന്ന് ചിന്തിക്കുന്ന ആളെ ഒറ്റ വരിയിൽ തമാശ കഥാപാത്രം ആക്കാൻ സാധിക്കുമായിരിക്കും.അയാളുടെ ജീവിതത്തിലെ ഇഷ്ടങ്ങളും അയാൾ പ്രാധാന്യം കൊടുത്ത സ്നേഹവും എല്ലാം മറ്റുള്ളവരുടെ കണ്ണിൽ തെറ്റായിരുന്നു എന്നാണ് അയാൾ മനസ്സിലാക്കിയതും.

എന്നാൽ, ഒറ്റ മുറിയിൽ നടക്കുന്ന സംഭവങ്ങൾ ചാർലിയുടെ ജീവിതം എന്തായിരുന്നു എന്നും അയാളുടെ നഷ്ടങ്ങൾ എന്തായിരുന്നു എന്നും പ്രേക്ഷകൻ മനസിലാക്കുമ്പോൾ അയാൾക്ക്‌ സഹായം ആവശ്യം ഉണ്ടെന്നു നമുക്കും തോന്നാം. എന്നാൽ അവസാന രംഗങ്ങളിൽ നമുക്ക് എന്താകും തോന്നുക എന്നതിൽ ആണ്‌ സിനിമയുടെ കഥയ്ക്ക് പൂർണത ഉണ്ടാകുന്നത്. സിനിമയുടെ ക്ലൈമാക്സ്‌ കണ്ടു എന്തോ ഒരു പ്രത്യേക വികാരം ആണ്‌ ഉണ്ടായത്. അതെന്താണ് എന്ന് പറഞ്ഞു അറിയിക്കാൻ പറ്റാത്ത എന്തോ ആയിരുന്നു അത്.ഒരു ഫാന്റസി കഥ പോലെ ആയി ചാർളി മാറുന്നു.

സിനിമയുടെ കഥയെ കുറിച്ച് പറയുവാൻ വിട്ടു പോയി.ചാർളി ഇപ്പൊ ഓൺലൈനിൽ വിദ്യാർത്ഥികൾക്ക് ഉപന്യാസ രചനയിൽ ക്‌ളാസുകൾ എടുക്കുക ആണ്‌. അയാളുടെ ജീവിതത്തിലെ ഒരു അദ്ധ്യായത്തിൽ നിന്നും അയാളുടെ ജീവിതത്തിലെ വിവിധ അദ്ധ്യായങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടി കൊണ്ട് പോവുകയാണ് ഡാരൻ അരാണോഫ്‌സ്കിയുടെ മാജിക്കിലൂടെ.

തീർച്ചയായും കാണേണ്ട സിനിമ ആണ്‌. ഒരു എന്റെർറ്റൈൻർ എന്ന നിലയിൽ അല്ല. എന്നേ സംബന്ധിച്ച് ഞാൻ കണ്ട ഏറ്റവും വലിയ ഡിപ്രഷൻ തന്ന സിനിമ ആണെന്ന് പറയാം The Whale. അല്ലെങ്കിൽ ഏറ്റവും വിഷമിപ്പിച്ച ചിത്രം.അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു  കാണിച്ച ഫ്രേസർ തന്നെ ആണ്‌ സിനിമയുടെ നട്ടെല്ല്. മികച്ച നടൻ ഉൾപ്പടെ 3 ഓസ്‌ക്കാർ നാമനിർദേശം ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.ഹോങ് ചോയുടെ അഭിനയവും നന്നായിരുന്നു.

കാണുക.

#Oscars_2023

1666. Alone ( Malayalam, 2023)

 1666. Alone ( Malayalam, 2023)

         Streaming on Hotstar.

         


     .5/5

        

        കോവിഡിന് ശേഷം മാന്ദ്യം അനുഭവപ്പെട്ട  സിനിമ വ്യവസായത്തെ സംരക്ഷിക്കാൻ വേണ്ടി, അതായത് സിനിമ കൊണ്ട് ജീവിക്കുന്നവർക്ക് ഒരു കൈ താങ്ങ് ആയി ഒരു സിനിമ എടുത്തു എന്ന് നെന്മ മരം സ്റ്റൈലിൽ പറഞ്ഞു രക്ഷപ്പെടേണ്ട സിനിമ ആണ്‌ എലോൺ. അടുത്ത് വന്ന മോഹൻലാൽ സിനിമകകളിൽ കാണുന്ന ഒരു പ്രത്യേകത ഉണ്ട്. ഇതാണേ ക്ലൈമാക്സ് എന്ന് പറയാൻ വേണ്ടി അവസാന ഒരു അഞ്ചു മിനിട്ട് മാറ്റി വച്ച് വൻ ട്വിസ്റ്റ് എന്ന് പറഞ്ഞു അവതരിപ്പിക്കുന്നത് ആണ്‌ അത്. ഇവിടെയും സംഭവം വ്യത്യസ്തമായി ഒന്നും ഇല്ല. ദൈവമേ! വീണ്ടും ഏട്ടൻസ് ഏജന്റ് യൂണിവേഴ്‌സ് ആണോ Alone എന്ന് വരെ സംശയിച്ചു. ഭാഗ്യം! അതിലും കൂടിയ സംഭവം ആയിരുന്നു.


  ലാലേട്ടന്റെ അഭിനയം കണ്ടു അതിനു മാർക് ഇടാൻ അധികം മലയാളികളും ശ്രമിക്കും എന്ന് തോന്നുന്നില്ല. പക്ഷെ ഈ അടുത്ത് കണ്ട പല സിനിമകളും കാണുമ്പോൾ പഴയ 'സൂപ്പർസ്റ്റാർ മദൻലാൽ ' എന്ന കഥാപാത്രത്തെ ആണ്‌ ഓർമ വരുന്നത്. മുഖത്ത് ചെയ്തു എന്ന ആരോപിക്കുന്ന ചികിത്സ കാരണം ആയിരിക്കാം, ലാലേട്ടൻ മദൻ ലാൽ ആയിക്കൊണ്ടിരിക്കുക ആണ്‌ ഓരോ സിനിമയിലും. ഒരു മനുഷ്യനോട് ഇത്രയും ദ്രോഹം ഒന്നും ചെയ്യരുത് ആരും. പണ്ട് ഏട്ടൻ കണ്ണിറക്കി ചിരിക്കുമ്പോൾ ഉള്ള മാസ് സീൻ എല്ലാം ഇപ്പോൾ കോമഡി ആയി ആണ്‌ തോന്നുന്നത്.


 ഈ അവസ്ഥയിൽ ഏട്ടൻ മാത്രം ഒറ്റയ്ക്ക് സ്‌ക്രീനിൽ. ഏട്ടനെ മാത്രം കണ്ടു കൊണ്ട് ഇരിക്കുമ്പോൾ ഉറക്കം വരാം, മൊബൈലിൽ കുത്തി കൊണ്ട് ഇരിക്കാൻ തോന്നും, അതിന്റെ ഇടയ്ക്ക് ഫാന്റസി ആണോ സൈക്കോളജിക്കൽ ത്രില്ലർ ആണോ, അതോ കോവിഡ് സമയത്ത് വന്ന മാനസിക വിഭ്രാന്തി ആണോ എന്നൊന്നും  പറയാൻ കഴിയാത്ത ഒരു സിനിമ കഥയും. നല്ല കിടിലൻ മിക്സ് ആണ്‌.


 ഫോണിലൂടെയോ, സോഷ്യൽ മീഡിയയിലൂടെയോ മാത്രം കഥാപത്രങ്ങളെ കാണിക്കുന്ന സിനിമകൾ, അതും Searching, Profile തുടങ്ങി എത്രയോ സങ്കീർണം ആയ അന്വേഷണ കഥകൾ നേരത്തെ തന്നെ നമ്മുടെ മുന്നിൽ ഉള്ള സമയം. സ്‌ക്രീനിൽ എല്ലാ കഥാപത്രങ്ങളും വേണം എന്നില്ല. പകരം നല്ല രീതിയിൽ അവതരിപ്പിച്ചാൽ പ്രേക്ഷകനും ആയി കണക്റ്റ് ചെയ്യാൻ ഇത്തരം സിനിമകൾക്ക് കഴിയേണ്ടത് ആണ്‌. എന്നാൽ കാളിദാസൻ അന്വേഷിക്കുന്ന, അയാൾക്ക്‌ അജ്ഞാതർ ആയ അമ്മയും കുഞ്ഞും ഇത്തരത്തിൽ പ്രേക്ഷകനും ആയി കണക്റ്റ് ആകുന്നുണ്ടോ എന്ന് സംശയമുണ്ട്.


എന്തായാലും എനിക്ക് തീരെ കണക്റ്റ് ആയും ഇല്ല. ഒരു വലിയ നടൻ സ്‌ക്രീനിൽ എന്തോ കോപ്രായം കാണിക്കുന്നത് പോലെ ആണ്‌ പല രംഗങ്ങളും അനുഭവപ്പെട്ടതും. മോഹൻലാൽ എന്ന നടന്റെ ഏറ്റവും മോശം പെർഫോമൻസ് എന്ന് തോന്നിയത് ഇതാണ്. ലാലിസം എന്ന് (പാടുന്നതായി അഭിനയിക്കുന്നത് അല്ല ഉദ്ദേശിച്ചത്, മാനറിസങ്ങൾ അണ് ) വിഖ്യാതമായ ഏട്ടന്റെ മാനറിസങ്ങൾ പോലും ആരോചകമായി ഇത്രയും തോന്നിയ വേറെ സിനിമ ഞാൻ കണ്ടിട്ടില്ല.


 സിനിമ മോശം ആണെന്ന് പറഞ്ഞ വ്ലോഗർസിനെ വിമർശിക്കുന്നതിനു പകരം തങ്ങളുടെ പ്രോഡകറ്റ് നന്നാക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിച്ചിരുന്നു എങ്കിൽ കൂടുതൽ നന്നായേനെ.


Wednesday, 18 January 2023

1649. Kaapa (Malayalam, 2022)

1649. Kaapa (Malayalam, 2022)

         Streaming on Netflix.




സ്ഥിരം ഗാങ്സ്റ്റർ സിനിമകളുടെ അതേ ഫോർമാറ്റിൽ തന്നെയാണ് കാപ്പയും അവതരിപ്പിച്ചിരിക്കുന്നത്. ഒരാളെ കൊല്ലുന്നു. അതിനു മറു ഭാഗം പ്രതീകാരം ചെയ്യുന്നു. അങ്ങനെ ഒരു ഫോർമാറ്റ് ആണ്‌ ഇതിലും. ഈ കഥയിൽ നല്ല മനുഷ്യർ എന്ന് പറയുന്നവർ കുറവാണ്. ഓരോ സമയത്തും ചെയ്തതിന്റെ ഫലം ഓരോ ഘട്ടമായി ഓരോരുത്തരും അനുഭവിക്കുന്നു.അത്ര തന്നെ. സിനിമയുടെ തുടക്കം കൊള്ളാമായിരുന്നു. കാപ്പ ലിസ്റ്റിൽ വരുന്ന ഭാര്യയുടെ പേരിന്റെ പിന്നിൽ ഉള്ള രഹസ്യം അറിയാൻ ശ്രമിക്കുന്ന യുവാവിന്റെ കഥയിലൂടെ ആണ്‌ ചിത്രം ആരംഭിക്കുന്നത്. പക്ഷെ പിന്നെ ക്ളീഷെയുടെ അയ്യര് കളി ആയിരുന്നു.

  

 കഥയുടെ പ്രധാന വഴിത്തിരിവ് പല സിനിമകളിലും കണ്ടിട്ടുള്ളതാണ്. ക്ലൈമാക്സ് ഊഹിക്കാൻ കഴിയുന്നത് ആണെങ്കിലും നന്നായിരുന്നു. പക്ഷെ അതിൽ ഒരു പോരായ്മ ഇതിൽ തോന്നിയത് അന്ന ബെന്നിന്റെ കഥാപാത്രം ആയിരുന്നു. അത്തരം ഒരു റോൾ ഉണ്ടാക്കുമായിരുന്ന വലിയ ഒരു ഇമ്പാക്ട് സിനിമയ്ക്ക് ഗുണം ചെയ്തേനെ. പക്ഷെ ഒരു ഗും ഇല്ലാതെ പോയി.


  കഥ ക്ളീഷേ ആണെങ്കിലും ഷാജി കൈലാസിന്റെ സിനിമയുടെ അവതരണ രീതി ഇഷ്ടപ്പെട്ടൂ. ബോർ അടിക്കാതെ സിനിമ കാണാൻ കഴിഞ്ഞത് അത് കൊണ്ടാണ്. പുള്ളിയുടെ സ്ഥിരം കയ്യുടെയും കാലിന്റെയും ക്ളോസപ്പ്, കാലിന്റെയും കയ്യുടെയും ഇടയിലൂടെ വച്ചുള്ള ക്യാമറ ഒന്നും ഇല്ലായിരുന്നു. എന്തിനേറെ, സ്ലോ മോഷൻ സീനുകൾ വരെ താരതമ്യേന കുറവായിരുന്നു എന്ന് തോന്നി.ഇന്ദുഗോപന്റെ  ശംഖുമുഖി വായിച്ചിട്ടില്ല. പക്ഷെ ഇതു തന്നെ ആണ്‌ കഥയെങ്കിൽ വായിക്കാതെ ഇരുന്നത് നന്നായെന്ന് തോന്നി. സിനിമയുടെ കഥ അങ്ങനെ വലിയ സംഭവം ആയി തോന്നിയില്ല എന്നതാണ് കാരണം.


  അഭിനയിച്ചവർ എല്ലാം നന്നായിരുന്നു. ജഗദീഷ് ഈ ഒരു ലുക്കിൽ തന്നെ കുറച്ചു സിനിമകൾ അഭിനയിച്ചതോടെ ടൈപ്പ് - കാസ്റ്റ് ചെയ്യപ്പെട്ടു പോകുന്നുണ്ടെന്നു തോന്നി. മോശം ആണെന്ന് അല്ല പറഞ്ഞത്. പക്ഷെ ഒരേ പോലത്തെ കഥാപാത്രങ്ങൾ വരുമ്പോൾ സുരാജ് വെഞ്ഞാറമൂടിനെ പോലെ ബോർ ആയി മാറാൻ സാധ്യത ഉണ്ടെന്നു മാത്രം.പൃഥ്വിരാജ് ഇത്തരം റോളുകൾ ചെയ്യുമ്പോൾ സ്ഥിരം മോഹൻലാലിൻറെ പ്രേതം കയറുമായിരുന്നു. അത് കുറച്ചു കുറവുണ്ട് കാപ്പയിൽ.ഫ്ലാഷ്ബാക്ക് സീനുകളിൽ പൃഥ്വി പഴയ അൻവർ സിനിമയിലെ ലുക് പോലെ ഉണ്ടായിരുന്നു. അപർണയും ആസിഫും ദിലീഷും നന്നായി തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 

എന്തായാലും മൊത്തത്തിൽ ശരാശരി ആയ ഒരു അനുഭവം ആയിരുന്നു കാപ്പ.തീരെ മോശവും അല്ല, വലിയ സംഭവവും അല്ലാത്ത ഒരു സിനിമ.പുതിയ സിനിമ ആയതു കൊണ്ട് വെറുതെ ഇരുന്നു കണ്ടോളൂ.


എന്റെ റേറ്റിങ് : 3/5




    

1995. Drop ( English, 2025)