Friday 23 August 2024

1835. Oddity (English, 2024)

 1835. Oddity (English, 2024)

Horror




Oddity എന്ന ചിത്രം അതിന്റെ ആരംഭം മുതൽ പ്രേക്ഷകന് നൽകുന്ന അറ്റ്മോസ്‌ഫീയറിക് ഹൊറിന്റെ ഒരു സൂചനയുണ്ട്. അത് അവിടെ നിന്നും വളർന്നു ഒരു ഘട്ടത്തിൽ പ്രേക്ഷകനിൽ scared stiff എന്ന നിലയിൽ എത്തിക്കുന്നുണ്ട്. അതിനായി സിനിമയിൽ പ്രത്യേകം ഗിമിക്കുകൾ ഒന്നും കാണിക്കേണ്ടി വരുന്നില്ല. തുടക്കം മുതൽ ഉള്ള കഥയുടെ ഉള്ളിൽ നിന്നും തന്നെയാണ് ഇത്തരം ഒരു ഫീൽ പ്രേക്ഷകനിൽ ഉണ്ടാക്കുന്നത്.


പ്രത്യേകിച്ചും ഒന്നര മണിക്കൂറിൽ അൽപ്പം മാത്രം കൂടുതൽ ഉള്ള സിനിമയിലെ അവസാന അര മണിക്കൂർ പ്ലോട്ട് ട്വിസ്റ്റ് ഉണ്ടാക്കുക മാത്രമല്ല, ഒറ്റയ്ക്ക് രാത്രിയിൽ ഇരുന്ന് കാണുമ്പോൾ പ്രേക്ഷകനെ ഭയപ്പെടുത്താൻ ആയിട്ടുള്ളത് എല്ലാം ചെയ്തിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം.


ഡാനി, തന്റെ ഐഡന്റിക്കൽ ട്വിൻ ആയ ഡാഴ്സിയുടെ മരണത്തെ കുറിച്ച് നടത്തുന്ന വെളിപ്പെടുത്തൽ മുതൽ പല സിനിമകളിലും ഉണ്ടായിട്ടുള്ളത് പോലെ ഹൊറർ സിനിമകളിൽ പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന eerie ആയിട്ടുള്ള ഒരു ഘട്ടത്തിലേക്ക് സിനിമയെ കൊണ്ട് പോവുകയാണ്. ഇടക്കുള്ള ഒരു ജമ്പ് സ്കെയർ രംഗം ശരിക്കും ഉള്ളിന്റെ ഉള്ളിൽ നിന്നും തന്നെ പേടിപ്പിച്ചു.


 ക്ലൈമാക്സിൽ സിനിമയിലെ ഒരു കഥാപാത്രം തന്റെ ചുറ്റും നടന്ന കാര്യങ്ങളിൽ ഉണ്ടായ അവിശ്വസനീയത കാരണം അത് പരീക്ഷിക്കാൻ എന്നവണ്ണം അയാൾ സ്വയം അതിലേക്കു എടുത്തു ചാടുന്നുണ്ട്. അതിനു മുന്നേ അയാളുടെ ആ ചിരി കണ്ടപ്പോൾ നിരാശ തോന്നിയെങ്കിലും, അതിനൊപ്പം വൈഡ് ഷോട്ടിൽ വരുന്ന രംഗം കണ്ടപ്പോൾ പൂർണമായ സംതൃപ്തി ആണ് Oddity നൽകിയത്.


 Oddity ഒറ്റയ്ക്ക് ഇരുന്നാണ് കണ്ടത്. അതും ഇരുട്ടിൽ ടി വി സ്ക്രീൻ വെളിച്ചത്തിൽ മാത്രം. എന്നിട്ടും സിനിമ അവസാനിച്ചപ്പോൾ ചുറ്റുപാടും അൽപ്പം ഭയത്തോടെ നോക്കി ലൈറ്റും ഇട്ട് നേരെ പോയി കിടന്നുറങ്ങുക ആണ് ചെയ്തത്. 


ഒരു ഹൊറർ സിനിമ എന്ന നിലയിൽ മികച്ചു നിൽക്കുന്ന ചിത്രമാണ്. സിനിമ ഇറങ്ങിയപ്പോൾ തന്നെ മികച്ചു അഭിപ്രായങ്ങൾ കേട്ടിരുന്നു.അതിൽ അതിശയോക്തി ഒന്നുമില്ല.


#Classic


സിനിമയുടെ ലിങ്ക് 

t.me/mhviews1 ൽ ലഭ്യമാണ്.




        

Friday 9 August 2024

1825. Shattered (English, 1991)

 

1825. Shattered (English, 1991)

          Psychological thriller




ചതിയുടെയും വഞ്ചനയുടെയും അവിശ്വസനീയമായ ഒരു കഥ , കുറച്ചു ട്വിസ്റ്റൂകളിലൂടെ അവതരിപ്പിച്ച സിനിമയാണ് Shattered. കാർ ആക്സിഡന്റിൽ നിന്നും രക്ഷപ്പെട്ടത്തിന് ശേഷം ഡാൻ മെറിക്കിന് ഓർമകൾ എല്ലാം നഷ്ടമാകുന്നു. എന്നാൽ ഓർമകൾ തിരിച്ചെടുക്കാൻ അയാള് ശ്രമിക്കുമ്പോൾ ആയാൾക്ക് പല കാര്യങ്ങളിലും സംശയങ്ങൾ ഉണ്ടാകുന്നു. ആക്സിഡന്റ് നടക്കുന്ന സമയം ഒപ്പം ഉണ്ടായിരുന്ന ഭാര്യയെ മുതൽ പല കാര്യത്തിലും ഉണ്ടാകുന്ന അയാളുടെ സംശയങ്ങളും അതിനു അയാൾ ഉത്തരങ്ങൾ കണ്ടെത്തുമോ എന്നതാണ് Shattered എന്ന സിനിമയുടെ കഥ. 


 സിനിമയുടെ കഥയെ സംബന്ധിച്ച് വലിയ ഒരു പ്ലോട്ട് ട്വിസ്റ്റ് ഉണ്ട്. എന്നാൽ അതിനു ഉപയോഗിച്ചിരിക്കുന്ന സംവിധാനത്തിന് ഇപ്പോഴും എത്ര മാത്രം പുരോഗതി ഉണ്ട് എന്നു ചിന്തിച്ചാൽ ഒരു പക്ഷേ അവിശ്വസനീയമായി തോന്നും. പണ്ട് പല സിനിമകളിലും ഉപയോഗിച്ച ഒരു വിദ്യ തന്നെയാണ്.അതെന്താണ് എന്ന് പറയുന്നില്ല.എന്നാൽക്കൂടിയും കഥയിൽ ഉള്ള ട്വിസ്റ്റ് കൊള്ളാമായിരുന്നു. സിനിമയുടെ ജോൻറെയോട് നീതി പുലർത്തിയിട്ടുണ്ട് Shattered. 


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.





Thursday 8 August 2024

1824. Fried Green Tomatoes

 1824. Fried Green Tomatoes 

         Comedy, Mystery



സാധാരണ ഒരു കോമഡി ഡ്രാമ ആണെന്ന് കരുതി കണ്ട് തുടങ്ങുന്ന സിനിമ അവസാനം അതിന്റെ നിഗൂഢ സ്വഭാവം കാരണം പ്രതീക്ഷയ്ക്ക് അപ്പുറം മാറ്റം വന്നാലോ?അങ്ങനെ വരുമ്പോൾ അത് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നായി മാറിയാലോ?ഈവ്‌ലിൻ എന്ന വീട്ടമ്മ അവരുടെ കുടുംബ ജീവിതത്തിൽ തീരെ സന്തുഷ്ട അല്ലായിരുന്നു. ആക്‌സ്മികമായി ഒരു ഓൾഡ് ഏജ്‌ ഹോമിൽ വച്ച് പരിചയപ്പെടുന്ന നിന്നി ത്രെഡ്ഗുഡ് എന്ന വൃദ്ധയായ സ്ത്രീ അവർക്കു പരിചയം ഉള്ള കുറച്ചു ആളുകളുടെ ജീവിതത്തെ കുറിച്ച് ഈവലിനോട് പറഞ്ഞു തുടങ്ങുമ്പോൾ ഒന്നെങ്കിൽ ഒരു ട്രാജഡി, അല്ലേൽ ഒരു ഫീൽ ഗുഡ് സിനിമ മാത്രമാകും Fried Green Tomatoes എന്നതായിരുന്നു എന്റെ മുൻവിധി.


 എന്നാൽ ഈ കഥയ്ക്ക് അവസാനം ഒളിപ്പിച്ചു വച്ച ഒരു വലിയ രഹസ്യം അനാവരണം ചെയ്യുന്ന സമയം ആയപ്പോഴേക്കും എന്റെ അവസ്ഥ സിനിമയെ കുറിച്ചുള്ള മുൻവിധികൾ മാറ്റുന്നത് മാത്രം ആയിരുന്നില്ല. അതിനൊപ്പം ഒരു കാലഘട്ടത്തിൽ ഉള്ള സമൂഹവും മനുഷ്യരുടെ ഇഷ്ടാനിഷ്ട്ടങ്ങളും എല്ലാം ഒത്തു ചേരുമ്പോൾ മികച്ച ഒരു സിനിമ കണ്ട അനുഭവം ആണുണ്ടായത്.


ഇഡ്ജി എന്ന പെൺകുട്ടിയുടെ കഥ അവളുടെ സഹോദരൻ ബഡി മുതൽ അങ്ങോട്ട് വ്യാപിച്ചു കിടക്കുകയാണ്. വളരെ അധികം ഇഷ്ടം തോന്നുന്ന ഒരു കഥാപാത്രം ആയിരുന്നു ഇഡ്ജി.മേരി സ്റ്റുവർട്ടിന്റെ മികച്ച ഒരു കഥാപാത്രം. ഇത്തരത്തിൽ ഉള്ള സ്ത്രീ കഥാപാത്രങ്ങളെ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഒരു പ്രത്യേക സ്നേഹം തോന്നി പോകും ഇഡ്ജിയോട്. അത് പോലെ തന്നെയാണ് ആ ചെറിയ ഗ്രാമത്തിൽ ഉള്ള പല കഥാപാത്രങ്ങളും.ബിഗ് ജോർജും റൂത്തും സ്മോക്കിയും എല്ലാം അതിൽ ഉൾപ്പെടും.


ഫാനി ഫ്ലാഗിന്റെ Fried Green Tomatoes at the Whistle Stop Cafe എന്ന നോവൽ ഞാൻ വായിച്ചിട്ടില്ല. അങ്ങനെ ഒരെണ്ണത്തെ കുറിച്ച് കേട്ടിട്ട് പോലുമില്ല. ഈ സിനിമയെ കുറിച്ച് അറിയുന്നത് തന്നെ കാത്തി ബേറ്റ്സ് എന്ന നടിയോടു പെട്ടെന്നൊരു ദിവസം തോന്നിയ ആരാധന കാരണം ആണ്. പക്ഷെ എത്ര മാത്രം ജീവനുള്ള കഥാപാത്രങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത്? വല്ലാത്ത ഒരു ഫീലും ഇഷ്ടവും ആയിരുന്നു ഈവ്‌ലിൻ ഇവരുടെ എല്ലാം കഥ കേൾക്കുമ്പോൾ. പിന്നെ പ്രത്യേകിച്ച് പറയാൻ ഉള്ളത് കാത്തി ബേറ്റ്സിന്റെ ഈവ്‌ലിൻ എന്ന കഥാപത്രമാണ്. അവരുടെ കഥാപാത്രം സിനിമയ്ക്ക് കൊണ്ട് വന്ന ദ്വിമുഖം ഉണ്ട്. ഒരു പക്ഷെ ഒരു കോമഡി ഫീൽ ഗുഡ് സിനിമ ആണെന്ന് പ്രേക്ഷകനെ പറഞ്ഞു പറ്റിക്കാൻ ആ കഥാപാത്രത്തിന് കഴിഞ്ഞു. ഇത്തരം ഒരു കഥയിലേക്ക് ആണ് നമ്മളെ കൊണ്ടെത്തിക്കുന്നത് എന്ന് പറയാൻ പോലും സാധിക്കില്ല.


എന്തായാലും വളരെ ഇഷ്ടമായി Fried Green Tomatoes എന്ന ചിത്രം. താൽപ്പര്യം തോന്നുന്നു എങ്കിൽ തീർച്ചയായും കാണുക. നിരാശപ്പെടേണ്ടി വരില്ല.

 

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1  ലഭ്യമാണ് 




Tuesday 6 August 2024

1823. Persumed Innocent (English, 1990)

 1823. Persumed Innocent (English, 1990)

          Legal Thriller, Mystery



കോർട്ട് റൂം ക്രൈം ത്രില്ലറുകളിലെ ക്ലാസിക്കുകളിൽ ഒന്നായിട്ടാണ് Persumed Innocent നെ കാണുന്നത്. കോടതി മുറിയിൽ നടക്കുന്ന വാദ പ്രതിവാദങ്ങളും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് സിനിമയുടെ ഹൈലൈറ്റ്. എന്നാൽ ഇതിൽ മിസ്റ്ററി എന്ന് വിളിക്കാവുന്ന ഒരു ഭാഗം ഉണ്ട്. അതാണ്‌ ചിത്രത്തിലെ ഏറ്റവും വലിയ ട്വിസ്റ്റും.


  ഹാരിസൻ ഫോർഡിന്റെ റസ്റ്റി സാബിച്ച് എന്ന കഥാപാത്രം പ്രശസ്തനായ ഒരു പ്രോസിക്യൂട്ടർ ആണ്. എന്നാൽ അയാൾക്ക് അവിഹിത ബന്ധം ഉണ്ടായിരുന്ന കരോലിൻ പോത്തിമസ് എന്ന മറ്റൊരു പ്രോസിക്യൂട്ടർ മരണപ്പെടുകയാണ്. മരണം എന്ന് പറഞ്ഞാൽ, റേപ്പിലൂടെ ഉള്ള ഒരു കൊലപാതകം. കുറ്റവാളി കുറച്ചു തെളിവുകളും അവശേഷിപ്പിച്ചിട്ടുണ്ട്. 


കേസന്വേഷണം ആദ്യം നടത്തിയ റസ്റ്റി, എന്നാൽ പിന്നീട് പ്രതിയായി മാറുകയാണ്. കാരണം പ്രതിയുടേത് എന്ന് വിശ്വസിക്കുന്ന തെളിവുകൾ എല്ലാം വിരൽ ചൂണ്ടുന്നത് റസ്റ്റിയിലേക്ക് ആണ്. റസ്റ്റി യഥാർത്ഥത്തിൽ കുറ്റവാളി ആണോ? അതോ ആരെങ്കിലും അയാളെ കുറ്റവാളി ആക്കാൻ ശ്രമിക്കുകയാണോ? പ്രത്യേകിച്ച് രാഷ്ട്രീയത്തിലും സാധ്യത ഉള്ള ഒരാൾ എന്ന നിലയിൽ അതിനും സാധ്യത ഉണ്ടായേക്കാം. ആ രഹസ്യത്തിലേക്കാണ് Presumed Innocent പോകുന്നത്.


മികച്ച ഒരു മിസ്റ്ററി ത്രില്ലർ ആയിട്ടാണ് Presumed Innocent പണ്ട് കണ്ടപ്പോൾ അനുഭവപ്പെട്ടത്. ഇപ്പോൾ കാണാൻ ഉണ്ടായ കാരണം, ഈ അടുത്ത് ഇറങ്ങിയ ഇതേ കഥയുടെ സീരീസ് കാരണം ആണ്. സിനിമയിൽ ഉള്ളതിലും കുറെയേറെ വ്യത്യാസം സീരീസിൽ ഉണ്ടെന്നു പലരും പറഞ്ഞു കേട്ടിരുന്നു. അത് കൊണ്ടാണ് വീണ്ടും ഒരു കാഴ്ച്ച ഈ ചിത്രത്തിന് ഉണ്ടായത്. ഇനി സീരീസ് കാണണം.


എന്തായാലും സീരീസ് കാണാൻ പ്ലാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും കോർട്ട് റൂം ക്രൈം ത്രില്ലെർ ഫാൻസിനു ഇഷ്ടപ്പെടുന്ന ഒരു സിനിമ ആണ് Presumed Innocent.


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1822. Hijack 1971 (Korean, 2024)

 1822. Hijack 1971 (Korean, 2024)

          Thriller.



കൊറിയയിൽ നിന്നുള്ള  ഒരു ഫ്ലൈറ്റ് ഹൈജാക്കിങ് സംഭവത്തെ ആസ്പദമാക്കിയുള്ള മികച്ച ഒരു ചിത്രംആണ് Hijack 1971. തെക്ക്- വടക്കൻ  കൊറിയകൾ തമ്മിൽ സംഘർഷം ശക്തമായി ഉണ്ടായിരുന്ന എഴുപതുകളിൽ നടന്ന ഫ്ലൈറ്റ് ഹൈജാക്കിങ് ആണ് ഈ സിനിമയുടെ പ്രമേയം. 


  കമ്യൂണിസ്റ്റുകൾ വടക്കൻ കൊറിയ ഭരിക്കുമ്പോൾ അവരുമായി ചങ്ങാത്തം കൂടുന്നവർ മാത്രമല്ല, അവരുടെ അടുത്ത 1000 ബന്ധുക്കൾ പോലും തെക്കൻ കൊറിയയുടെ ശത്രുക്കൾ ആയി കണ്ടു അവരെ കമ്മികൾ ആയി മുദ്ര കുത്തുന്നു. ഇത്തരം സംഭവങ്ങൾ പല വിധത്തിൽ ആണെങ്കിലും അതിനെ കുറിച്ച് നന്നായി അനുഭവം ഉള്ള രണ്ടു പേർ ഈ അവസ്ഥയിൽ എങ്ങനെ ആകും പെരുമാറുക എന്നതും ചിത്രത്തിൽ കാണാം.അവർ രണ്ടു പേരും വ്യത്യസ്ത റോളുകളിൽ ആ ഫ്ലൈറ്റിൽ ഉണ്ടായിരുന്നു. ഒരു പക്ഷേ ക്ലീഷേ ആയ കഥാപാത്രസൃഷ്ടികൾ ആണ് അവർ  രണ്ടു പേരും എന്നു പറയാം. പക്ഷേ ഇത്തരം ഒരു സിനിമയിൽ ഒഴിവാക്കാൻ സാധിക്കില്ല ഇവർ രണ്ടു  പേരെയും. അങ്ങനെ ചെയ്താൽ ഡോക്യുമെൻററി ആയി മാറാം. പക്ഷേ യഥാർത്ഥത്തിൽ നടന്ന സംഭവത്തിൽ ഇങ്ങനെ രണ്ടു കഥാപാത്രങ്ങളും ഉണ്ടായിരുന്നു എന്നത് കാരണം തന്നെ അത് ക്ളീഷേ ആയി കണക്കിൽ കൂട്ടേണ്ടതില്ല.


രാഷ്ട്രീയം ആണ് മുഖ്യ വിഷയം എങ്കിലും ഒരു എഡ്ജ് -ഓഫ്- ദി -സീറ്റ് ത്രില്ലർ ആണ് ഈ ചിത്രം. അതിനൊപ്പം വൈകാരികമായ ധാരാളം സംഭവങ്ങളും ഉള്ള ഒരു തനി കൊറിയൻ ത്രില്ലർ ആണ് Hijack 1971. ചില സീനുകൾ, അതിന്റെ ബി ജീ എമ്മിന്റെ ഒപ്പം വരുമ്പോൾ നന്നായി ത്രിൽ അടിപ്പിക്കും. ആ ബോർഡർ സീൻ ഒക്കെ മികച്ചതായി തോന്നി. അങ്ങനെ എല്ലാം നോക്കുമ്പോൾ അത്യാവശ്യം നല്ല വേഗതയുള്ള ഒരു ത്രില്ലർ ചിത്രമാണ്  Hijack 1971.


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1ൽ ലഭ്യമാണ്.



Monday 5 August 2024

1822. Dolores Claiborne(English, 1995)

 

1822. Dolores Claiborne(English, 1995)

        Mystery, Phsychological Thriller 




വർഷങ്ങളായി ജോലി ചെയ്യുന്ന വീട്ടിലെ വൃദ്ധയായ സ്ത്രീയെ ഡോളറസ് കൊല്ലപ്പെടുത്തി എന്ന സാക്ഷിമൊഴി അടിസ്ഥാനം ആക്കിയാണ് അവരെ ആ കൊലപാതകത്തിൽ പ്രതി ആക്കുന്നത്.കേസ് അന്വേഷണം നടത്താൻ വന്ന ഉദ്യോഗസ്ഥന് അവരെ നന്നായി അറിയാം എന്ന് മാത്രമല്ല, അവരുടെ ഭൂതക്കാലത്തിലെ ഒരു സംഭവം കാരണം ഡോളറാസ് കുറ്റവാളി എന്ന മുൻവിധിയോടെ ആണ് അയാൾ ആ കേസിനെ സമീപിക്കുന്നത്.


എന്നാൽ അന്നത്തെ ആ സംഭവങ്ങളുടെ പിന്നിൽ എന്ന് മാത്രമല്ല, ഡോളറാസ് എന്ന സ്ത്രീയുടെ ജീവിതത്തെ കുറിച്ചുള്ള നിഗൂഢമായ പല കാര്യങ്ങളും അനാവരണം ചെയ്യപ്പെടുകയാണ് Dolores Claiborne എന്ന ചിത്രത്തിലൂടെ.


 കാത്തി ബേറ്റ്സ് അവതരിപ്പിച്ച ഡോളറാസ് മികച്ചു തന്നെ നിന്നു. തന്റെ ജീവിതത്തിൽ കഷ്ടപ്പാടുകളിലൂടെ മാത്രം പോയ അവർ പല നിർണായക സമയങ്ങളിലും എടുത്ത തീരുമാനങ്ങളും അതെല്ലാം എങ്ങനെ നടപ്പിലാക്കി എന്നതും ആണ് ഈ ചിത്രത്തിലെ നിഗൂഢ വശം. എന്നാൽ വൈകാരിക തലങ്ങളിലേക്ക് പോകുമ്പോൾ ആ കഥാപാത്രം എന്ത് മാത്രം ശക്ത ആയിരുന്നു എന്നും കാണാം. 


അവരുടെ സ്വഭാവത്തിൽ ഉള്ള പരുക്കൻ വശം അവരുടെ ജീവിതത്തിൽ നിന്നും ലഭിച്ച അനുഭവങ്ങളിലൂടെ മാത്രം ഉണ്ടായതാണ്. ക്ലൈമാക്സ് ഒക്കെ കാണുമ്പോൾ ചെറുതായി കണ്ണ് നനയുകയും ചെയ്യും. അത്രയ്ക്കും ഗംഭീരം ആയിരുന്നു ഇതിലെ പല കഥാപാത്രങ്ങളും എന്ന് തന്നെ പറയാം.


 നല്ല ഒരു ചിത്രമാണ് Dolores Claiborne. കാണാൻ ശ്രമിക്കുക.


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1835. Oddity (English, 2024)