ഒരു ജനത ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മുക്തരായപ്പോള്‍ അതിന്‍റെ വില ആയി കൊടുക്കേണ്ടി വന്നത് അവരെ മതത്തിന്റെ പേരില്‍ രണ്ടായി മുറിച്ചത് മൂലം ഉണ്ടായ രക്തം ആയിരുന്നു.അതേ,ഇന്ത്യയും പാക്കിസ്ഥാനും എന്നും രക്ത ചൊരിച്ചിലിന്റെ കഥകള്‍ മാത്രമേ പറയാന്‍ ഉള്ളൂ .അത് സിനിമ ആകട്ടെ,മാധ്യമങ്ങള്‍ ആകട്ടെ അല്ലെങ്കില്‍ ഭരണ നേതൃത്വം ആകട്ടെ രണ്ടു രാജ്യവും പരസ്പ്പരം വിശ്വസിക്കുന്നില്ല എന്നത് തന്നെയാണ് പ്രശ്നങ്ങള്‍ ഏറി പോകുന്നത് എന്ന് വിശ്വസിക്കുന്നവര്‍ കുറച്ചെങ്കിലും ഉണ്ടാകും.സാധാരണയായി ഇന്ത്യന്‍/പാക്കിസ്ഥാന്‍ പോര്‍ വിളികള്‍ സിനിമയ്ക്ക് പ്രമേയം ആകുമ്പോള്‍ "ബജ്രംഗ്ബലി ഭായിജാന്‍" അത്തരം ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തം ആണ്.
അവിചാരിതമായി ഇന്ത്യയില്‍ എത്തിച്ചേരുന്ന,സ്വന്തം നാടായ പാക്കിസ്ഥാനിലേക്ക് പോകാന്‍ കഴിയാതെ വരുന്ന ആറു വയസ്സുകാരിയുടെയും അവളുടെ രക്ഷകന്‍ ആയി മാറുന്ന പവന്‍ കുമാര്‍ എന്ന യുവാവിന്റെയും കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.സല്‍മാന്‍ പതിവ് മസാല വേഷങ്ങള്‍ ഒക്കെ അഴിച്ചു വച്ച് സാധാരണ മനുഷ്യന്‍ ആയി സ്ക്രീനില്‍ കണ്ടപ്പോള്‍ തന്നെ സന്തോഷം തോന്നി.സല്‍മാന്‍ ഖാന്‍റെ തട്ടുപ്പൊളിപ്പന്‍ ബ്ലോക്ക്ബസ്റ്റര്‍ സിനിമകളുടെ ഇടയില്‍ നന്മയുടെയും സ്നേഹത്തിന്‍റെയും ഈ ചിത്രം എന്തായാലും എന്നും ഓര്‍മിക്കപ്പെടും.ഇന്ത്യയിലെ എണ്ണം പറഞ്ഞ മികച്ച അഭിനേതാക്കളില്‍ ഒരാളായി മാറിക്കൊണ്ടിരിക്കുന്ന നവാസുദീന്‍ സിദ്ദിഖി ഈ ചിത്രത്തിലും തന്‍റെ വേഷം പതിവ് മികവോടെ അവതരിപ്പിച്ചു.പ്രിതം സംഗീതം നല്‍കിയ ഗാനങ്ങളും മനോഹരം.കരീന കപൂര്‍ ഏറ്റവും സുന്ദരിയായി വന്നത് ഈ ചിത്രത്തില്‍ ആയിരുന്നിരിക്കാം.ആറു വയസ്സുകാരിയായി വന്ന ഹര്‍ശാലി മല്‍ഹോത്രയും തന്‍റെ വേഷം മോശം ആക്കിയില്ല.
രണ്ടാം പകുതിയിലെ കുറച്ചു ക്ലീഷേ ഭാഗങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ചിത്രം നല്ലൊരു ഫീല്‍ ഗുഡ് മൂവി ആണ്.ആ ക്ലീഷേകള്‍ ഈ ചിത്രത്തിന് അനിവാര്യം ആണ് താനും.എങ്കില്‍ മാത്രമേ ഈ ചിത്രത്തിന് അത് ഉദ്ദേശിച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.കെ.വി വിജയേന്ദ്ര പ്രസാദിന് തിരക്കഥാകൃത്ത് എന്ന നിലയില്‍ നല്ല സമയം ആണെന്ന് തോന്നുന്നു.ഒരു ലോട്ടറി ഒക്കെ എടുത്താല്‍ നല്ല രീതിയില്‍ കാശ് കിട്ടുമെന്ന് തോന്നുന്നു.അടുത്തടുത്തായി ബാഹുബലി,ഭജ്രംഗി ഭായിജാന്‍ എന്നീ ചിത്രങ്ങള്‍ ഇന്ത്യയിലെ പണം വാരി ചിത്രങ്ങളുടെ ഇടയില്‍ സ്ഥാനം പിടിച്ചാല്‍ അത് വിജയേന്ദ്ര പ്രസാദിന്റെയും വിജയം ആയിരിക്കും.നന്മയുള്ള ഒരു കൊച്ചു ചിത്രം പ്രതീക്ഷിച്ചു പോകുന്ന ആരെയും ഈ ചിത്രം തൃപ്തിപ്പെടുത്തും എന്ന് കരുതുന്നു.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 3.5/5!!
More movie suggestions @www.movieholicviews.blogspot.com
No comments:
Post a Comment