Tuesday, 31 March 2015

339.ORU VADAKKAN SELFIE(MALAYALAM,2015)

339.ORU VADAKKAN SELFIE(MALAYALAM,2015),Dir:-Prajith,*ing:-Nivin ,Manjima,Aju,Vineeth.

  ബി ടെക്-വരും കാലങ്ങളില്‍ വലിയ എന്‍ജിനീയര്‍മാര്‍ ഒക്കെ പഠിച്ചു ഇറങ്ങും എന്ന് കരുതുന്നതിലും കൂടുതലായി സിനിമാക്കാരെ വളര്‍ത്തി എടുക്കുന്ന കോഴ്സ് ആയി മാറിയിട്ടുണ്ട് ഇപ്പോള്‍.ജീവിതത്തില്‍ എന്ത് ദു:ഖം ഉണ്ടായാലും പണ്ട് കിട്ടിയ സപ്ലികളുടെ എണ്ണം നോക്കി അത്രയൊന്നും ഇല്ലല്ലോ ഇതെന്ന് പറഞ്ഞു ആശ്വസിക്കുന്ന ബി ടെക് സമൂഹത്തിന്‍റെ പ്രതിനിധി ആണ് ഉമേഷ്‌.നാട്ടിലും വീട്ടിലും എല്ലാം സപ്ലിയുടെ എണ്ണം അറിയാവുന്നത് കൊണ്ട് കുറച്ചു പേര്‍ ഒഴികെ ബാക്കി എല്ലാവരെയും ശത്രു ആയി കാണേണ്ടി വന്ന ഉമേഷിനും സിനിമയില്‍ കയറിയാല്‍ രക്ഷപ്പെടും എന്നുള്ള ആത്മവിശ്വാസം മാത്രം ആണുള്ളത്.അതിനായി പരിശ്രമിക്കുന്നു എങ്കിലും നേരിടാന്‍ ഉള്ള കഷ്ടപ്പാടുകള്‍ ഭീകരം ആണെന്ന് മനസ്സിലാകുമ്പോള്‍ ഉമേഷും അതില്‍ നിന്നും മാറാന്‍ ശ്രമിക്കുന്നു.

  ഉമേഷിന്‌ കൂട്ടായി ഷാജി,തങ്കമ്മ എന്നീ കൂട്ടുകാര്‍ ആണുള്ളത്.വെറും സാധാരണയായി ഓടി കൊണ്ടിരുന്ന ഉമേഷിന്റെ ജീവിതത്തില്‍ ആകസ്മികമായി ഒരു പ്രശ്നം ഉണ്ടാകുന്നു.മുന്‍പ് ഉണ്ടായ പ്രശ്നങ്ങളില്‍ നിന്നും ഒക്കെ ഒളിച്ചു ഓടിയത് പോലെ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ആകാതെ ഉമേഷ്‌ വലയുന്നു.ഉമേഷും സുഹൃത്തുക്കളും പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കഥയാണ് പ്രജിത്ത് തന്‍റെ ആദ്യ സിനിമയില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.ഒരു സിനിമ തിയറ്ററില്‍ കാണുമ്പോള്‍ ഉറങ്ങുന്നതിലും എത്രയോ നല്ലതല്ലേ കഥയനുസരിച്ച് ചിരിക്കുകയോ കരയുകയോ ഒക്കെ ചെയ്യുന്നത്?അത്തരത്തില്‍ നോക്കിയാല്‍ ആദ്യം പറഞ്ഞത് വേണ്ടുവോളം ഈ ചിത്രത്തില്‍ ഉണ്ട്.തിയറ്ററില്‍ പലപ്പോഴും സെന്റി സീനുകള്‍ വരുമ്പോള്‍ പോലും ഇടയ്ക്കുള്ള വിറ്റുകള്‍ ശരിക്കും ചിരിപ്പിച്ചു.

  വിനീത്  ശ്രീനിവാസന്‍റെ ടീമില്‍ എത്തുമ്പോള്‍ മാത്രം നല്ല പാട്ടുകള്‍ തരുന്ന ഷാന്‍ റഹ്മാന്റെ രഹസ്യം എന്താണ്?നിവിന്‍ പോളി കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും തന്‍റെ ആക്കാന്‍ ഉള്ള ശ്രമത്തില്‍ ആണെന്ന് തോന്നുന്നു.മലര്‍വാടി ടീമിനെ പലയിടത്തായി ഈ സിനിമയില്‍ കാണുന്നുണ്ടായിരുന്നു.മഞ്ജിമ കേട്ടറിഞ്ഞ പോലെ വെറുപ്പിച്ചതായി തോന്നിയില്ല.പെണ്‍ക്കുട്ടികള്‍ക്ക് നല്ലൊരു മെസേജ് നല്‍കി ചിത്രം അവസാനിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഒരു കല്ല്‌ കടിയായി മാറുന്നത് ബന്ധങ്ങളില്‍ ഉമേഷ്‌ കാണിക്കാത്ത ആത്മാര്‍ഥത ആയിരിക്കും.പക്ഷേ ജീവിതത്തെ കുറിച്ച് ഒരു അനുഭവവും ഇല്ലാത്ത ഒരാളില്‍ നിന്നും ഇതല്ലേ പ്രതീക്ഷിക്കാന്‍ ആകൂ?മാത്രമല്ല ചിരിപ്പിക്കാന്‍ വേണ്ടി എടുത്ത ഒരു സിനിമയില്‍ ഇതൊക്കെ ശ്രദ്ധിക്കണ്ട കാര്യം ഉണ്ടോ എന്നൊരു സംശയം.എന്തായാലും ഒരു കോമഡി ചിത്രം എന്ന നിലയില്‍ ഈ ടീം വളരെയധികം ചിരിപ്പിച്ചു.ബോക്സ് ഓഫീസില്‍ വലിയൊരു ഹിറ്റ്‌ ആകാന്‍ സാധ്യത ഉള്ള ചിത്രം ആണെന്ന് ഉറപ്പാണ്.അതാണ്‌ തിയറ്ററില്‍ ഉള്ള ആളുകളുടെ എണ്ണം കാണിക്കുന്നത്.

More movie suggestions @www.movieholicviews.blogspot.com

Monday, 30 March 2015

338.CHEAP THRILLS(ENGLISH,2013)

338.CHEAP THRILLS(ENGLISH,2013),|Thriller|Crime|,Dir:-E.L. Katz,*ing:-Pat Healy, Ethan Embry, Sara Paxton ,

   ഏതൊരു മനുഷ്യനും പുറമേ നിന്നും നോക്കിയാല്‍ പണം ആണ് ഏറ്റവും വലിയ പ്രശ്നം.ആ കടലാസ് കഷണങ്ങളുടെ എണ്ണം കയ്യില്‍ ഉള്ളതിന്റെ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നം ആണ്.ഉള്ളവനും ഇല്ലാത്തവനും ആ പേപ്പര്‍ കഷ്ണങ്ങളുടെ മുന്നില്‍ പലപ്പോഴും തോല്‍ക്കാറുണ്ട്.അത് പോലെ തന്നെ ജയിക്കാറും ഉണ്ട്.അത്തരം ഒരു അവസ്ഥയില്‍ എത്തിയിരിക്കുകയാണ് ഈ ചിത്രത്തിലെ നാല് കഥാപാത്രങ്ങളും.പാറ്റ്,വിന്‍സ് എന്നീ ബാല്യക്കാല സുഹൃത്തുക്കളും കോളിനും അയാളുടെ ഭാര്യ വയലറ്റും ആണ് ആ നാല് പേര്‍.

   പാറ്റിന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസം ആയിരുന്നു അത്.രാവിലെ ജോലിക്ക് ഇറങ്ങുമ്പോള്‍ ആണ് വീടിന്റെ വാതിലില്‍ എഴുതി വച്ചിരുന്ന ആ നോട്ടീസ് അയാള്‍ കാണുന്നത്.ഉടന്‍ തന്നെ വാടകയിനത്തില്‍ അടയ്ക്കാന്‍ ഉള്ള 4500 ഡോളര്‍ അടച്ചില്ലെങ്കില്‍ പെരുവഴിയിലേക്ക്‌ ഇറങ്ങേണ്ടി വരും എന്നായിരുന്നു ആ നോട്ടീസിന്റെ ഉള്ളടക്കം.പാറ്റ് ഭാര്യയോടു ഇത് പറയാതെ അയാള്‍ ജോലി ചെയ്യുന്ന വര്‍ക്ക്ഷോപ്പില്‍ പോകുന്നു.എന്നാല്‍ അവിടെ പാറ്റിനെ തേടിയിരുന്നത് അതിലും മോശം വാര്‍ത്തയായിരുന്നു.പാറ്റിന്റെ ജോലി നഷ്ടപ്പെട്ടു.അവിടെ നിന്നും ഇറങ്ങിയ പാറ്റ് തന്‍റെ ഭാര്യയെ ഫോണില്‍ വിളിച്ചു സുഹൃത്തിനോടൊപ്പം അയാള്‍ ബാറില്‍ പോകുന്നു എന്നും വരാന്‍ വൈകും എന്നും അറിയിക്കുന്നു.

  ബാറില്‍ നിന്നും ഇറങ്ങാറായപ്പോള്‍ ആണ് ആകസ്മികമായി ബാല്യക്കാല സുഹൃത്തായ വിന്‍സിനെ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്നത്.വിന്‍സ് ഇപ്പോള്‍ ഒരു ഗുണ്ടയാണ്.ജീവിതത്തിനെ കുറിച്ച് ഒന്നുമാലോചിക്കാത ഒരു മനുഷ്യന്‍.വിന്‍സ് തന്‍റെ പഴയക്കാല സുഹൃത്തിനു മദ്യം ഓഫര്‍ ചെയ്യുന്നു.വിന്‍സിന്റെ സന്തോഷത്തിനു പാറ്റ് അത് സമ്മതിക്കുന്നു.എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം അവര്‍ കോളിന്‍സ്,വയലറ്റ് ദമ്പതികളെ ആ ബാറില്‍ വച്ച് പരിചയപ്പെടുന്നു.അന്ന് വയലറ്റിന്റെ പിറന്നാള്‍ ആണ്.അവിസ്മരണീയമായ ഒരു പിറന്നാള്‍ ആഘോഷിക്കാന്‍ ആണ് അവര്‍ അവിടെ എത്തിയത്.വിന്‍സ്,പാറ്റ് എന്നിവരുമായി അവര്‍ സൌഹൃദത്തില്‍ ആകുന്നു.ഒരു രസത്തിനായി ചെറു കാര്യങ്ങള്‍ക്ക് കോളിന്‍ അവരെ കൊണ്ട് ബെറ്റ് വയ്പ്പിക്കുന്നു.ചെറിയ തുകകള്‍ അവര്‍ക്ക് ലഭിക്കുന്നു.പണത്തിനു ഏറെ ആവശ്യം ഉണ്ടായിരുന്ന രണ്ടു പേരും അതില്‍ പങ്കെടുക്കുന്നു.എന്നാല്‍ ഒരു പരിധി കഴിഞ്ഞപ്പോള്‍ പന്തയത്തിന്റെ രൂപം മാറി.ഭയപ്പെടുത്തുന്നതും ഭീകരവും ആയിരുന്നു ഇനി നടക്കുന്ന പന്തയങ്ങള്‍.അവ ഏതൊക്കെ ആണ്?ആ പന്തയങ്ങളില്‍  ആര് ജയിക്കും?അതാണ്‌ ചിത്രം അവതരിപ്പിക്കുന്ന കഥ.കഥയിലെ ഭീകരത ചിത്രത്തില്‍ ഉടന്നീളം നിലനിര്‍ത്തിയത് ആണ് ഈ ചിത്രം ആ ജോനരില്‍ ഉള്ളവയില്‍ നല്ല ഒരെണ്ണം ആയി മാറാന്‍ ഉള്ള കാരണം  എന്ന് കരുതുന്നു.

More movie suggestions @www.movieholicviews.blogspot.com


337.ALL-ROUND APPRAISER Q:THE EYES OF MONA LISA(JAPANESE,2014)

337.ALL-ROUND APPRAISER Q:THE EYES OF MONA LISA(JAPANESE,2014),|Mystery|Thriller|,Dir:-Shinsuke Sato,*ing:-Haruka Ayase, Tôri Matsuzaka, Eriko Hatsune.

  "കേയ്സുവോകെ മറ്റ്സോക്കയുടെ"   "Case Files of All-Round Appraiser Q  IX" എന്ന നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.കാര്യങ്ങള്‍ നിരീക്ഷിച്ചു അപഗ്രഥനം നടത്തുന്നതില്‍ റിക്കോ എന്ന യുവതി വിദഗ്ധയാണ്."ALL-ROUND APPRAISER Q" എന്നൊരു സ്ഥാപനം അവര്‍ സ്വയം നടത്തുകയാണ്.റിക്കോ യൂട്ടോ എന്ന പത്രപ്രവര്‍ത്തകനെ പരിചയപ്പെടുന്നത് ഒരു പാചക പരിപാടി കാണാനായി പോയപ്പോള്‍ ആണ്.അന്നവിടെ  ചില കാര്യങ്ങള്‍ റിക്കൊയെ ആ പരിപാടി എന്ത്  ഉദ്ദേശ്യത്തോടെ ആണ് നടത്തുന്നത് എന്ന സംശയം ഉളവാക്കി.രിക്കൊയുടെ സമയോചിതമായ ഇടപ്പെടല്‍ അവിടെ സഹായകരമായി മാറി.അവിടെ വച്ചാണ് യൂട്ടോ ആ സാഹചര്യത്തെ റിക്കോ  എങ്ങനെ ആണ് വിലയിരുത്തിയത് എന്നുള്ള വിവരണം റിക്കോ അറിയാതെ മനസ്സിലാക്കിയത്.അവളുടെ ബുദ്ധിയില്‍ യൂട്ടോയ്ക്ക് മതിപ്പ് തോന്നി.

  നല്ലൊരു വാര്‍ത്ത കൊണ്ട് വന്നില്ലെങ്കില്‍ സ്വന്തം ജോലി പോലും നഷ്ടം ആകും എന്ന് മനസ്സിലാക്കിയ യൂട്ടോ റിക്കൊയെ പിന്തുടര്‍ന്നാല്‍ എന്തെങ്കിലും വാര്‍ത്ത ലഭിക്കും എന്ന് കരുതുന്നു.യൂട്ടോ രിക്കൊയെ കാണുവാനായി അവളുടെ ഓഫീസില്‍ പോയ അന്നാണ് മോണോ ലിസയുടെ ലോക പര്യടനത്തില്‍ ആ ചിത്രത്തെ  സംരക്ഷണത്തിനായുള്ള ടീമില്‍ റിക്കൊയുടെ ആവശ്യം ഉണ്ടെന്നു പറഞ്ഞ് The Louvre യുടെ പ്രതിനിധി അവിടെ എത്തുന്നത്‌.അതിനായുള്ള പരിശീലനം നടത്താനായി അവര്‍ റിക്കൊയെ ഫ്രാന്‍സിലേക്ക് ക്ഷണിക്കുന്നു.മോണോ ലിസ ടോക്ക്യോയില്‍ എത്തുന്നതിനു മുന്നോടി പരിശീലന പരിപാടിക്ക് റിക്കോ പോകുമ്പോള്‍ എന്തെങ്കിലും വാര്‍ത്ത ലഭിക്കും എന്നുള്ള പ്രതീക്ഷയില്‍ യൂട്ടോയും സ്വന്തം കാശുപയോഗിച്ച് അവളെ പിന്തുടരുന്നു.

 ഫ്രാന്‍സിലെ പരിശീലന പരിപാടിയുടെ ഇടയ്ക്കാണ് റിക്കോ മോണോ ലിസയെ കുറിച്ചുള്ള കേട്ട് കേള്‍വികളില്‍ ഒന്ന് സത്യം ആണെന്ന് മനസ്സിലാക്കുന്നത്.എന്നാല്‍ ആ രഹസ്യം റിക്കൊയെ കൊണ്ടെത്തിക്കുന്നത് തികച്ചും അപരിചിതമായ സാഹചര്യങ്ങളിലേക്ക് ആണ്.റിക്കൊയുടെ സഹായത്തിനായി യൂട്ടോയ്ക്കും ആ സാഹചര്യങ്ങളില്‍ ഇടപ്പെടാന്‍ ഉള്ള അവസ്ഥ ഉണ്ടാകുന്നു.എന്താണ് ആ രഹസ്യം?മോണോ ലിസയ്ക്ക് എന്തായിരുന്നു പറയാന്‍ ഉള്ളത്?അതാണ്‌ ഈ ചിത്രത്തിന്‍റെ ബാക്കി കഥ.കഴിഞ്ഞ വര്‍ഷത്തെ ജാപ്പനീസ് ചിത്രങ്ങളില്‍ വന്‍ ഹിറ്റ്‌ ആയിരുന്നു ഈ മിസ്റ്ററി/ക്രൈം ത്രില്ലര്‍ ചിത്രം.

More movie suggestions @www.movieholicviews.blogspot.com



  

Saturday, 28 March 2015

336.GANGNAM 1970(KOREAN,2015)

336.GANGNAM BLUES(KOREAN,2015),|Crime|Drama|Action|,Dir:-Ha Yoo,*ing:-Min-ho Lee, Rae-won Kim, Jin-young Jung,

   കൊറിയന്‍ സിനിമയില്‍ ഈ വര്‍ഷം ഇറങ്ങിയവയില്‍ "ഇന്‍സ്റ്റന്റ് ക്ലാസിക് ഹിറ്റ്‌" എന്ന് വിളിക്കാം Gangnam 1970 എന്ന ചിത്രത്തെ.എഴുപതുകളില്‍ കൊറിയയില്‍ നടന്ന സംഭവങ്ങളെ ആസ്പദം ആക്കിയാണ് ഹാ-യൂ തന്‍റെ "Street Series" പരമ്പരയിലെ മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്.നിയോ-നോയിര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഈ ചിത്രം അതിന്‍റെ അവതരണ  രീതി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ട് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.കൊറിയയിലെ പുതു തലമുറയിലെ നായകന്മാര്‍ മുന്നില്‍ നടന്നു പോയവരുടെ  ഒപ്പം നില്‍ക്കാന്‍ തക്ക കഴിവുള്ളവര്‍ ആണെന്ന് മനസ്സിലാക്കാം ഈ ചിത്രത്തിലൂടെ.പ്രത്യേകിച്ചും ചോക്ലേറ്റ് നായക പരിവേഷം ഉണ്ടായിരുന്ന മിന്‍-ഹോ-ലീ.കിം-ജോംഗ് -ഡേ എന്ന കഥാപാത്രം ആളുടെ കരിയറിലെ തന്നെ മികച്ചതായി മാറി.

    അഴിമതി നിറഞ്ഞ എഴുപതുകളിലെ കൊറിയയില്‍ ജീവിച്ചിരുന്ന രണ്ടു അനാഥര്‍ ആയിരുന്നു ജോംഗ്-ഡേയും ,യോംഗ്-കീയും.തെരുവില്‍ നിന്നും ചപ്പു ചവറുകള്‍ ശേഖരിച്ചു വില്‍ക്കുന്ന അവരുടെ ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ ഏറെ ഒന്നും ഇല്ലായിരുന്നു.സന്തോഷകരമായ ഒരു കുടുംബം അവരുടെ സ്വപ്നങ്ങളില്‍ എന്നാല്‍ കൂടി പലപ്പോഴും കാണാമായിരുന്നു.സഹോദരങ്ങളെ പോലെ ആണ് അവര്‍ രണ്ടു പേരും ജീവിച്ചിരുന്നത്.ദാരിദ്ര്യം ആയിരുന്നു ചുറ്റും എങ്കിലും അവര്‍ അതിലും സന്തോഷം കണ്ടെത്തി.എന്നാല്‍ ഒരു ദിവസം രാവിലെ അവരുടെ ചേരിയിലെ വീട് പൊളിച്ചു എടുക്കുന്നു.ഗഗ്നം എന്ന ആ പട്ടണത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ തുടങ്ങാന്‍ പോകുന്ന പദ്ധതികളില്‍ ഭൂമാഫിയ വന്‍ തോതില്‍ ഇടപ്പെടുന്നു.അതിന്റെ ഫലമായി പലര്‍ക്കും വീട് നഷ്ടം ആകുന്നു.ശക്തരായ മാഫിയ ഗാങ്ങുകള്‍  ആണ് നാട് ഭരിച്ചിരുന്നത്.തങ്ങളുടെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാതെ ഇരുന്ന അവരെ മാഫിയയുടെ സ്വന്തം ആളായ ഗില്‍-സൂ ഒരു ജോലിക്ക് കൊണ്ട് പോകുന്നു.അപകടകരമായ ആ ദൗത്യത്തില്‍ ജോംഗ് ഡേയും യോംഗ് കീയും പിരിയേണ്ടി വരുന്നു.രണ്ടു പേരുടെയും ജീവിതം മാറി മറിയുന്നു.

  ഗില്‍-സൂ തന്‍റെ മാഫിയക്കാരുടെ ഒപ്പം ഉള്ള ജീവിതം ഉപേക്ഷിച്ചു മകളായ സുന്‍ ഹുയിയുടെ ഒപ്പം ജീവിക്കുന്നു.കൂടെ മകന്റെ സ്ഥാനത് ജോംഗ്-ഡേയും ഉണ്ട്.അതെ സമയം യോംഗ്-കീ തന്‍റെ ജീവിതത്തില്‍ വളരെ മുന്നേറിയിരുന്നു.അയാള്‍ ഒരു മാഫിയ ഗാങ്ങിന്റെ അനിഷേധ്യമായ ഭാഗം ആയി തീര്‍ന്നിരുന്നു.സമാധാനത്തോടെ ജീവിച്ചിരുന്ന ജോംഗ്-ഡേ എന്നാല്‍ ജീവിതത്തില്‍ ഒരാവശ്യം വന്നപ്പോള്‍ തന്‍റെ ചുവടും മാറ്റി തുടങ്ങി.യോംഗ് കീയും ആയി പലപ്പോഴും കാണാന്‍ തുടങ്ങി അവന്‍.അവരുടെ ജീവിതത്തിന്റെ മുന്നോട്ടു ഉള്ള കഥയാണ് Gangnam 1970 അവതരിപ്പിക്കുന്നത്‌.അതോടൊപ്പം ഗഗ്നം കൊറിയയിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നായി മാറിയതിന്റെ കഥയും അവതരിപ്പിക്കുന്നുണ്ട്.ഒരു മികച്ച സ്റ്റൈലിഷ് ഗാങ്ങ്സ്ട്ടര്‍ സിനിമ എന്ന് വിളിക്കാം ഈ ചിത്രത്തെ.അല്‍പ്പം മാറ്റങ്ങളോടെ ഈ ചിത്രം ചൈനയില്‍ റിലീസിന് ഒരുങ്ങുന്നുണ്ട്.നായകനായ മിന്‍ -ഹോ-ലീയുടെ ആരാധകര്‍ അവിടെ കൂടുതല്‍ ഉള്ളതിനാല്‍ മറ്റൊരു രീതിയില്‍ ആകും സിനിമയുടെ ഗതിയും ക്ലൈമാക്സും അവതരിപ്പിക്കുന്നത്‌.

  ഈ വര്‍ഷത്തെ ബ്ലൂ ഡ്രാഗന്‍ പുരസ്ക്കാരങ്ങളില്‍ കൂടുതല്‍ കേള്‍ക്കാന്‍ പോകുന്നത് ഈ ചിത്രത്തിന്‍റെ പേരായിരിക്കും.ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്ന "ഫ്രെഡി അഗുയിലര്‍" ആലപിച്ച "ആനക്" എന്ന ഗാനം ചിത്രത്തിന്‍റെ മൊത്തത്തില്‍ ഉള്ള മൂഡ്‌ നിലനിര്‍ത്താന്‍ സഹായകരം ആയിട്ടുണ്ട്‌.തീര്‍ച്ചയായും കാണേണ്ട കൊറിയന്‍ ചിത്രങ്ങളില്‍ ഇതും കൂടി ഉള്‍പ്പെടുത്താം.

More movie suggestions @www.movieholicviews.blogspot.com
  

Thursday, 26 March 2015

335.IT'S A DISASTER(ENGLISH,2012)

335.IT'S A DISASTER(ENGLISH,2012),|Comedy|Drama|,Dir:-Todd Berger,*ing:-Rachel Boston, Laura Adkin, Kevin M. Brennan.

  ഒരു വീട്ടില്‍ അകപ്പെട്ട ആളുകളുടെ കഥകള്‍ പ്രമേയം  ആക്കി ധാരാളം ചിത്രങ്ങള്‍ പല ജോനരുകളില്‍ പുറത്തു വന്നിട്ടുണ്ട്.അത്തരം സിനിമകളില്‍ എല്ലാം പൊതുവായി കാണുന്ന ഒന്നാണ് അടയ്ക്കപ്പെട്ട ചുറ്റുപാടുകളില്‍ മാനസിക നിലയില്‍ പലര്‍ക്കും ഉണ്ടാകുന്ന മാറ്റങ്ങള്‍.തങ്ങളുടെ നിത്യ ജീവിതത്തില്‍ കുഴപ്പക്കാരല്ലാത്ത പലരും അത്തരം ചുറ്റുപാടുകളില്‍ പ്രശ്നക്കാരായി മാറാറുണ്ട്.It's a disaster എന്ന ഈ കോമഡി ചിത്രം അവതരിപ്പിക്കുന്നതും അത്തരം ഒരു കഥാതന്തു ആണ്.

  നാല് ദമ്പതികള്‍ പതിവ് പോലെ എല്ലാ ഞായറാഴ്ചയും നടത്തുന്ന കപ്പിള്‍ ബ്രന്‍ച് പാര്‍ട്ടിക്കായി ഒത്തു കൂടുന്നു.പീറ്റ്/എമ്മ ദമ്പതികളുടെ വീട്ടിലാണ് അവര്‍ ഒത്തു കൂടുന്നത്.അത്തവണ ഒരു പുതിയ അതിഥി കൂടി അവരോടൊപ്പം ചേരുന്നുണ്ട്.ഗ്ലെന്‍ എന്ന അദ്ധ്യാപകന്‍ അവരുടെ കൂട്ടത്തില്‍ ഉള്ള ട്രേസിയുടെ പുതിയ കാമുകന്‍ ആണ്.പരസ്പ്പരം ഉള്ള പരിചയപ്പെടലുകള്‍ക്ക് ശേഷം ആണുങ്ങള്‍ എല്ലാവരും കൂടി ബേസ്ബോള്‍ കളി കാണുവാന്‍ വേണ്ടി ടി വി വച്ച് നോക്കുമ്പോള്‍ ആണ് ടി വിയില്‍ പരിപാടികള്‍ ഒന്നും കാണാന്‍ കഴിയുന്നില്ല എന്ന് മനസ്സിലാക്കുന്നത്.മൊബൈല്‍ ഫോണുകള്‍ക്ക് ആദ്യം റേഞ്ച് ഇല്ല എന്നവര്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും പിന്നീട് ലോകവുമായുള്ള ആശയ വിനിമയ സൌകര്യങ്ങള്‍ എല്ലാം നഷ്ടമായി എന്നവര്‍ മനസ്സിലാക്കുന്നു.ഈ സമയം ആണ് പീറ്റ്/എമ്മ എന്നിവര്‍ തങ്ങളുടെ ജീവിതത്തില്‍ എടുത്ത പുതിയ തീരുമാനത്തെ കുറിച്ച് മറ്റുള്ളവര്‍ അറിയുന്നത്.

അനന്തര ഫലമായി എമ്മ വീടിന്റെ പുറത്തേക്കു ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ആണ് മുഖമൂടി ധരിച്ച ആളെ കാണുന്നത്.എമ്മ ആകെ ഭയന്ന് പോകുന്നു.ആരാണയാള്‍?എന്തിനാണ് അയാള്‍ ആ മുഖമൂടി അണിഞ്ഞിരിക്കുന്നത്‌?ആ വീട്ടില്‍ ഉള്ള നാല് ദമ്പതികള്‍ അറിയാത്ത ഒരു സംഭവം അവരുടെ ചുറ്റും സംഭവിക്കുന്നുണ്ടായിരുന്നു.ആ സംഭവങ്ങള്‍ കാരണം അവര്‍ വീട്ടില്‍ അടയ്ക്കപ്പെട്ടു പോകുന്നു.എങ്ങനെ അവര്‍ രക്ഷപ്പെടും?രക്ഷപ്പെടാന്‍ എന്തെങ്കിലും വഴി ഉണ്ടോ?അതാണ്‌ ഈ കോമഡി ചിത്രം അവതരിപ്പിക്കുന്നത്‌.മനുഷ്യ സ്വഭാവത്തെ കുറിച്ചുള്ള നല്ല ഒരു അപഗ്രഥനം ഈ ചിത്രത്തില്‍ നടക്കുന്നുണ്ട്.പ്രത്യേകിച്ചും ദുരിതങ്ങളെ അഭിമുഖികരിക്കേണ്ടി വരുന്ന സമയത്തുള്ള സ്വഭാവ വ്യതിയാനങ്ങള്‍.

More movie suggestions @www.movieholicviews.blogspot.com

Wednesday, 25 March 2015

334.VIDEODROME(ENGLISH,1983)

334.VIDEODROME(ENGLISH,1983),|Sci-Fi|Thriller|,Dir:-David Cronenberg,*ing:-James Woods, Deborah Harry, Sonja Smits.

  ലോകത്തിന്‍റെ സ്പന്ദനം കമ്പ്യൂട്ടര്‍ കയ്യടക്കിയ ഈ കാലത്ത് പോലും ടെലിവിഷനിലൂടെ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ അതെന്തു കൊണ്ട് ചെയ്യുന്നു എന്നും മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ് എന്ന് തോന്നുന്നു.ബിസിനസ് ആയി ടെലിവിഷന്‍ സംപ്രേക്ഷണം മാറുമ്പോള്‍ ജനങ്ങള്‍ക്ക്‌ വേണ്ടത് ക്രൂരതയും വിദ്വേഷവും മാത്രം നിറഞ്ഞ ലോകം ആണെന്നുള്ള ബോധം ആകണം.തങ്ങളുടെ ജീവിത കഷ്ടപ്പാടുകളുടെ മുകളിലും പ്രശ്നം ഉള്ളവര്‍ ഉണ്ടെന്നു ആളുകള്‍ക്കുള്ള ഒരു ആത്മവിശ്വാസം കൊടുക്കുക ആയിരിക്കും അവരും ഉദ്ദേശിക്കുന്നത്.കാരണം സെന്സേഷനല്‍ അല്ലാത്ത വാര്‍ത്തകള്‍ ശ്രദ്ധിക്കാന്‍ ആളുകള്‍ക്ക് സമയം ഇല്ല എന്നത് തന്നെ.

  80 തുകളുടെ ആരംഭത്തില്‍ അമേരിക്കന്‍ ടെലിവിഷന്‍ വ്യവസായം ബിസിനസ് കൂട്ടാന്‍ ആയി പുത്തന്‍ വഴികള്‍ കണ്ട്തുന്നു.മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പരിപാടികളില്‍ നിന്നും തന്‍റെ ടെലിവിഷന്‍ ചാനല്‍ ആയ സിവിക് ടി വിയുടെ മേധാവികളില്‍ ഒരാളായ മാക്സിനും തോന്നി തുടങ്ങുന്നു.മറ്റു രാജ്യങ്ങളിലെ ടെലിവിഷന്‍ സംപ്രേക്ഷണം നിയമവിരുദ്ധമായി ലഭിക്കാന്‍ ഉള്ള അവസരം ഉണ്ടാക്കുന്നു ഹാര്‍ലാന്‍ എന്ന അന്നത്തെക്കാലത്തെ ഹാക്കര്‍.അയാള്‍ മലേഷ്യയില്‍ നിന്നും ലഭിച്ചതാകാം എന്ന് പറഞ്ഞ ഒരു പരിപാടി മാക്സിനെ കാണിക്കുന്നു.സ്നഫ് ടി വി പരിപാടികള്‍ എന്നറിയപ്പെടുന്ന കൊല്ലും കൊലയും സെക്സും നിറഞ്ഞ വൈകൃതമായ പരിപാടികള്‍ ആയിരുന്നു അവ.അതിനെ ഒക്കെ മൊത്തത്തില്‍ വിളിക്കുന്ന പേരായിരുന്നു വീഡിയോഡ്രോം എന്ന് മാക്സ് മനസ്സിലാക്കുന്നു.

 മാക്സിന്റെ കാമുകിയാണ് സൈക്കട്രിസ്റ്റ് ഒപ്പം റേഡിയോ അവതാരക കൂടി ആയ മിക്കിയും.മാക്സ് സ്വന്തം ചാനലില്‍ കാണിക്കുന്ന സെക്സ് പരിപാടികളെ വിമര്‍ശിക്കുന്ന മിക്കി എന്നാല്‍ മാക്സുമായുള്ള സ്വകാര്യ നിമിഷങ്ങളില്‍ ആണ് വിഡിയോഡ്രോം കാണുന്നത്.മിക്കി അതില്‍ ആകൃഷ്ട ആകുന്നു.എന്നാല്‍ അവളുടെ ആ ഇഷ്ടം അപകടം ആണെന്ന് മാക്സ് സൂചിപ്പിക്കുന്നു.ആ സമയത്താണ് ഹര്‍ലാന്‍ ആ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത് മലേഷ്യയില്‍ നിന്നും അല്ല അമേരിക്കയില്‍ നിന്ന് തന്നെ ആണെന്നുള്ള വിവരം മാക്സിനു ലഭിക്കുന്നു.ഈ അറിവ് മാക്സിനെ കൊണ്ടെത്തിച്ചത്  വലിയ ഒരു വിപത്തില്‍ ആയിരുന്നു.ഒരു മനുഷ്യനെ ഇലക്ട്രോണിക് മീഡിയ എന്ത് മാത്രം സ്വാധീനിക്കും എന്ന് ഈ ചിത്രം കാണിച്ചു തരുന്നു.ഇപ്പോഴും പ്രസക്തമായ ഒരു തീം ആണ് ചിത്രത്തിന് ഉള്ളത്.

More movie suggestions @www.movieholicviews.blogspot.com

333.YOU TOO BRUTUS(MALAYALAM,2015)

333.YOU TOO BRUTUS(MALAYALAM,2015),Dir:-Roopesh Peethambaran,*ing:-Asif Ali,Rachana Narayanankutty,Sreenivasan.

  ഒരു പ്രണയ സിനിമയുടെ ഒപ്പം ഇറങ്ങിയ അവിഹിത ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ആണ് You Too Brutus.അവിഹിത ബന്ധങ്ങള്‍ പ്രമേയമാക്കി വരുന്ന സിനിമകള്‍ ക്ലീഷേ ആയി വരുന്ന ഈ കാലത്ത് പ്രണയ കഥയേക്കാളും കുറച്ചു കൂടി ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്കിഷ്ടം ആയ ചിത്രം ഇതാണ്.കഥയെന്നു പറയാന്‍ ഒന്നും ഇല്ലാത്ത ഒരു ചിത്രം.പലരുടെയും ജീവിതം പല സാഹചര്യങ്ങള്‍ അനുസരിച്ച് മാറുന്നു.എന്നാല്‍ അവരെ എല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണി കൂടി ഉണ്ട്.അതാണ്‌ ഈ കഥകള്‍ തമ്മില്‍ ഉള്ള ബന്ധവും.

  പ്രണയ ബന്ധങ്ങളെ എതിര്‍ക്കുന്ന ഹരിയുടെ അനിയന്‍ അഭി തനിക്ക് ഇഷ്ടം ഉള്ള രീതിയില്‍ ജീവിതവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുന്നു.ഹരിയുടെ കൂടെ താമസിക്കാന്‍ ഇതിന്ന ടോവീനോ എന്ന ജിം ട്രയിനര്‍,വിക്കി എന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍,അരുണ്‍ എന്ന ഐ ടി പ്രൊഫഷനല്‍ എന്നിവരും കൂടി ആകുമ്പോള്‍ കഥ പൂര്‍ണം ആകുന്നു.അവിഹിത ബന്ധങ്ങള്‍ ജീവിതത്തില്‍ പല രീതിയില്‍ സംഭവിക്കുമ്പോള്‍,അവിഹിത ബന്ധം എന്നുള്ളത് ജിലേബി കിട്ടാത്തവന്റെ വിഷമത്തോടെ ഉള്ള പദ പ്രയോഗം ആണെന്നുള്ള ധ്വനി ആണ് ചിത്രത്തില്‍ ഉടന്നീളം.ഉണ്ണി എന്നാ പാചകക്കാരന്‍ പോലും തനിക്കും കിട്ടിയാല്‍ എന്താണ് കുഴപ്പം എന്ന് ആലോചിക്കുമ്പോള്‍ സിനിമയില്‍ രസകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്.

  അവിഹിതം അല്ല ജീവിതത്തില്‍ ഏറ്റവും വലിയ പ്രശ്നം എന്ന് കരുതുന്ന നായികമാര്‍ കൂടി ആകുമ്പോള്‍ ചിലപ്പോഴൊക്കെ ജീവിതത്തില്‍ കാണുന്ന മുഖങ്ങള്‍ ആണെന്ന് തോന്നി പലരും.പല സംഭവങ്ങള്‍ കൂട്ടി ഇണക്കി വച്ചെടുത്ത രീതിയില്‍ ആണ് രൂപേഷ് തീവ്രം എന്ന ചിത്രത്തിന് ശേഷം ഒരുക്കിയിരിക്കുന്ന ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.അവിഹിതം എന്ന് വിളിക്കുന്ന ബന്ധങ്ങള്‍ ഒക്കെ ഓരോ മനുഷ്യരുടെയും സ്വന്തം ഇഷ്ടങ്ങള്‍ ആണെന്നുള്ള ഒരു സന്ദേശം ആകും സംവിധായകന്‍ അത്തരം സംഭവങ്ങളെ ഭീകര സംഭവങ്ങള്‍ ആക്കാതെ മറ്റു പല സംഭവങ്ങളില്‍ കൂടി കഥ മെനയാന്‍ ശ്രമിക്കാന്‍ ഉള്ള കാരണം ആയി മാറിയത്.സംവിധായകന്‍ ഉദ്ദേശിച്ചത് ആളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഈ ചിത്രം സംവിധായകന് വിജയം ആകും.പക്ഷേ കൂടുതല്‍ പ്രേക്ഷകരെ ഈ സിനിമ കാണാന്‍ എത്തിക്കാന്‍ ഇത്രയും മതിയോ എന്നൊരു ചിന്ത കൂടി ഉണ്ടെങ്കില്‍ നന്നായിരുന്നു.

332.100 DAYS OF LOVE(MALAYALAM,2015)


332.100 DAYS OF LOVE(MALAYALAM,2015),Dir:-Jenuse Mohamed,*ing:-Dulquer,Nithya.

   പ്രണയ ചിത്രങ്ങള്‍ക്കുള്ള കച്ചവട സാധ്യത പ്രതീക്ഷിച്ചു ആകാം ജെനൂസ് തന്‍റെ ആദ്യ ചിത്രത്തിന് അത്തരം ഒരു പശ്ചാത്തലം തിരഞ്ഞെടുത്തത്.പ്രണയ ചിത്രങ്ങള്‍ പല രൂപത്തില്‍ കാലാകാലങ്ങളായി മലയാള സിനിമയില്‍ വന്നും പോയും ഇരുന്നു.ചിലതൊക്കെ വലിയ ഹിറ്റുകളായി മാറുകയും ചെയ്തിട്ടുണ്ട്.അത് പോലെ തന്നെ അത്തരം സിനിമകളുടെ പ്രേക്ഷകര്‍ കൂടുതല്‍ ആകാം എന്നൊരു വിശ്വാസവും പലരും കാത്തു സൂക്ഷിക്കുന്നുണ്ട്.

  എന്നാല്‍ BKN എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നായകനും ഷീല എന്ന നായികയും ആ കഥയില്‍ വന്നപ്പോള്‍ പ്രണയ സിനിമകളില്‍ നിന്നും ഒക്കെ കിട്ടുന്ന ഒരു അനുഭൂത്തി പലയിടത്തും നഷ്ടമായത് പോലെ തോന്നി.ക്ലീഷേ പൈങ്കിളി കഥകള്‍ ആണെങ്കില്‍ പോലും അത് പ്രേക്ഷകനില്‍ എന്തെങ്കിലും ഒരു താല്‍പ്പര്യം ജനിപ്പിച്ചാല്‍ ഹിറ്റ്‌ ആകും എന്ന് മുന്‍ക്കാല മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ മതിയാകും.അപ്പോള്‍ ക്ലീഷേ അല്ലായിരുന്നു ഇവിടെ പ്രശ്നം.നായകനായ ദുല്‍ക്കരും,നായികയായ നിത്യയും തമ്മില്‍ ഇടയ്ക്കൊക്കെ നല്ല കെമിസ്ട്രി ഉണ്ടായിരുന്നെങ്കില്‍ പോലും മൊത്തത്തില്‍ ഒരു ചിത്രമായി വിലയിരുത്തുമ്പോള്‍ എന്തൊക്കെയോ കുറവ് വന്നത് പോലെ തോന്നി.

 ഈ ചിത്രം മോശം ആണെന്നുള്ള അഭിപ്രായം എനിക്കും ഇല്ല,പടം കാണാന്‍ പോകുന്നവര്‍ക്കും കാണില്ല.കാരണം പേരില്‍ തന്നെ സിനിമ പ്രണയ പൈങ്കിളി ആണെന്ന് അറിയാം.അത് കൊണ്ട് തന്നെ നേരത്തെ പറഞ്ഞ ഇത്തരം സിനിമകളുടെ പ്രേക്ഷകര്‍ ഇത്രയും വലിയ താരനിര ഉള്ളത് കൊണ്ട് തന്നെ പടം ഓടുകയും ചെയ്യും.എന്നാല്‍ ഇത്രയും വന്‍ താര നിര  ആദ്യ സിനിമയില്‍ തന്നെ ലഭിച്ച ജെനൂസ് അത് ശരിക്കും ഉപയോഗിച്ചോ എന്നൊരു സംശയം ബാക്കി നില്‍ക്കുന്നുണ്ട്.പൈങ്കിളി സിനിമകള്‍ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്കു ഒരു പ്രാവശ്യം ആസ്വദിച്ചു കാണാമായിരിക്കും ഈ സിനിമ."ക്ലീശയോം കീ ക്ലീശയോം കീ ബാപ്" എന്നൊക്കെ വിളിക്കാവുന്ന പറഞ്ഞു പഴകിയ വീഞ്ഞാണ് 100 Days of Love.എന്നാല്‍ അത് പോലെ തന്നെ   സിനിമയിലൂടെ പറയാന്‍ ശ്രമിച്ച പ്രണയം പ്രേക്ഷകനില്‍ എത്ര മാത്രം എത്തി എന്ന് പരിശോധിക്കണ്ട ചിത്രവും ആണ്.






Saturday, 21 March 2015

331.CUBE ZERO(ENGLISH.2004)

331.CUBE ZERO(ENGLISH.2004),|Mystery|Thriller|Sci-Fi|,Dir:-Ernie Barbarash,*ing:-Zachary Bennett, Stephanie Moore, Martin Roach.

  ക്യൂബ് മൂന്നാമത്തെ ഭാഗം ആകുമ്പോള്‍ ആ ക്യൂബ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ദുരൂഹത പ്രേക്ഷകന്റെ മുന്നില്‍ നിന്നും മാറ്റുന്നു.ഈ ചിത്രം മൂന്നാം ഭാഗം ആയാണ് വന്നതെങ്കിലും ആദ്യ ഭാഗത്തിന്‍റെ മുന്നില്‍ ഉള്ള ഭാഗം ആണെന്നുള്ള സൂചനയോടെ ആണ് അവസാനിക്കുന്നത്.അത് കൊണ്ട് തന്നെ ഈ ചിത്രത്തെ ക്യൂബ് ആദ്യ ഭാഗത്തിന്റെ prequel ആയി കണക്കാക്കാം.

  ആദ്യ ഭാഗത്തിനോട് സാദൃശ്യം ഉള്ള സ്ഥലത്താണ് ഇത്തവണ കഥ നടക്കുന്നത്.Ryjkin എന്നയാള്‍ ഷൂ എറിഞ്ഞു രക്ഷപ്പെടാന്‍ ഉള്ള വഴി ഉപയോഗിച്ച് ഒരു മുറിയിലേക്ക് പ്രവേശിക്കുന്നു.എന്നാല്‍ വെള്ളം പോലെ ഒരു ദ്രാവകം അയാളുടെ നേര്‍ക്ക്‌ ചീറ്റുകയും പിന്നീട് അയാളുടെ ശരീരത്തിലെ തൊലി അടര്‍ന്നു മാറുകയും ആണ് ചെയ്തത്.അവസാനം അയാള്‍ വെറും മാംസ കഷ്ണം മാത്രം ആയി തീരുന്നു.ക്യൂബില്‍ മാത്രം ഉള്ള ഭാഗങ്ങള്‍ അവതരിപ്പിച്ച  മാറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തം ആയി ഇത്തവണ പുറം ലോകത്തുള്ള രംഗങ്ങള്‍ കൂടി ഉണ്ട്.പ്രത്യേകിച്ചും ഈ മുറികളെ നിയന്ത്രിക്കുന്നതും മറ്റും ആയുള്ള ആളുകളെ അവതരിപ്പിക്കുന്നുണ്ട്.ഇരിക,ടോഡ്‌ എന്നിവര്‍ ആണ് മുറികള്‍ നിയന്ത്രിക്കുന്നത്‌.എന്നാല്‍ അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ മുകളില്‍ ആളുകള്‍ ഉണ്ട്.അവര്‍ക്ക് ഒരു സ്ത്രീയുടെ സ്വപ്‌നങ്ങള്‍ പകര്‍ത്താന്‍ ഉള്ള നിര്‍ദേശം ലഭിക്കുന്നു.

 സ്വന്തം മകളുടെ അടുക്കല്‍ നിന്നും വേര്‍പ്പെട്ട് പോയ സ്ത്രീയോട് എറിക്കിന് അനുകമ്പ തോന്നുന്നു.ചെസ് കളിയ്ക്കാന്‍ പഠിക്കുന്ന ടോഡ്‌ എറിക്കിന്റെ സീനിയര്‍ ആണെങ്കിലും ബുദ്ധിമാനായ എറിക് ഡോടിനോട് സംശയങ്ങള്‍ കുറെ ചോദിക്കുന്നു.അവരുടെ ഒപ്പം ജോലി ചെയ്തിരുന്ന ഓവന്‍,ചിക്ലിസ്‌ എന്നിവര്‍ എന്ത് കൊണ്ട് ജോലിക്ക് എത്തുന്നില്ല എന്ന ചോദ്യം എറിക് ചോദിക്കുന്നു.അതോടൊപ്പം തങ്ങള്‍ ചെയ്യുന്ന ജോലിയുടെ ധാര്‍മികതയും.എന്നാല്‍ അവിടെ അടയ്ക്കപ്പെടാന്‍ ഉള്ള സമ്മത പത്രത്തില്‍ ഒപ്പ് വച്ചവര്‍ ആണവര്‍ എല്ലാം എന്ന് ഡോട് മറുപടി പറയുന്നു.കസാന്ദ്ര,ജെലിക്കോ എന്നീ  എന്ന സ്ത്രീകല്‍,ഹസ്ക്കല്‍,മെയര്‍ഹോല്‍ദ്,ബര്ട്ടോക് എന്നീ പുരുഷന്മാരും ആണ് ഇത്തവണ നമ്മുടെ മുന്നില്‍ കാണിക്കുന്ന ഇരകള്‍.തന്‍റെ സ്വപ്നങ്ങളില്‍ കണ്ട ചിഹ്നം നെറ്റിയില്‍ ഉള്ള ഹസ്ക്കലിനെ കണ്ട കസാന്ദ്ര അയാളുമായി ഉടക്കുന്നു.എന്നാല്‍ അവിടെ ഉള്ള ആര്‍ക്കും എന്തായിരുന്നു തങ്ങള്‍ എന്ന അറിവില്ല എന്ന് പറയുന്നു.ഈ സമയം ആണ് എറിക് കസാന്ദ്ര പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ ഉള്ള സമ്മത പത്രം നല്‍കിയിട്ടില്ല എന്ന് മനസിലാക്കുന്നത്‌.മുകളില്‍ ഉള്ളവരെ അതറിയിക്കാന്‍ എറിക് ഡോടിനോട് ആവശ്യപ്പെടുന്നു.എന്നാല്‍ അതിനു ആദ്യം വഴങ്ങാതെ ഇരുന്ന ടോഡ്‌ അവസാനം ഫോണ്‍ വിളിക്കാന്‍ എറിക്കിന് അനുവാദം കൊടുക്കുമ്പോള്‍ ആണ് അപ്രതീക്ഷിതമായി ആവശ്യ സമയത്ത് മാത്രം ഉപയോഗിക്കുന്ന ആ ഫോണില്‍ ഒരു കോള്‍ വരുന്നത്.എന്തായിരുന്നു ആ കോള്‍?ആ കോള്‍ എങ്ങനെ ചിത്രത്തില്‍ നിര്‍ണായകം ആകുന്നു?അതാണ്‌ ഈ ചിത്രത്തിന്‍റെ ബാക്കി കഥ.

ആദ്യ ഭാഗത്തിന്‍റെ തുടക്കമാണ് ഈ ചിത്രം എന്ന് അവസാനം മനസ്സിലാക്കുന്നു.മൂന്നു ഭാഗങ്ങളും ഒരിക്കല്‍ പോലും മുഷിപ്പിക്കാത്ത ത്രില്ലറുകള്‍ ആയാണ് തോന്നിയത്.ജീവന്‍ രക്ഷിക്കാന്‍ മുറികള്‍ തോറും കയറി ഇറങ്ങുന്ന കഥാപാത്രങ്ങളും അവരുടെ മാനസിക സംഘര്‍ഷങ്ങളും ചിലപ്പോഴൊക്കെ പ്രേക്ഷകനും അനുഭവിക്കാന്‍ കഴിയും ഈ മൂന്നു ഭാഗങ്ങളിലും.

More movie suggestions @www.movieholicviews.blogspot.com

330.CUBE²: HYPERCUBE(ENGLISH,2002)

330.CUBE²: HYPERCUBE(ENGLISH,2002),|Mystery|Thriller|Sci-Fi|,Dir:- Andrzej Sekula,*ing:-Kari Matchett, Geraint Wyn Davies, Grace Lynn .

  ക്യൂബ് പരമ്പരയിലെ ഏറ്റവും മികച്ചതായി എനിക്ക് തോന്നിയത് ഈ ചിത്രം ആയിരുന്നു.ആദ്യ ഭാഗം ചോദ്യങ്ങള്‍ കുറേ അവശേഷിപ്പിച്ചുകൊണ്ട് ആണ് അവസാനിച്ചത്‌.എന്തിനു വേണ്ടി ആണ് മനുഷ്യര്‍ അവിടെ അടയ്ക്കപ്പെടുന്നു എന്നുള്ള ചോദ്യം ദുരൂഹം ആയിരുന്നു ആദ്യ ഭാഗത്തെ സംബന്ധിച്ച്.എന്നാല്‍ രണ്ടാം ഭാഗം കുറച്ചു കൂടി വ്യക്തത നല്‍കുന്നുണ്ട്.പ്രത്യേകിച്ചും ക്യൂബിന്റെ ഘടനയെ കുറിച്ചും അവിടെ എത്തി ചേര്‍ന്ന ആളുകള്‍ എന്ത് കൊണ്ട് അവിടെ എന്നും ഉള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഉത്തരം കൂടി ലഭിക്കാന്‍ കാരണം ആകുന്നുണ്ട്.

  ഇത്തവണ മുറികള്‍ക്ക്  മാറ്റം വന്നിട്ടുണ്ട്.വളരെയധികം തെളിച്ചമുള്ള മുറികള്‍ ചില ആളുകളുടെ ജീവിതത്തില്‍ ദുരിതത്തിന്റെ കറുത്ത വെളിച്ചം പൊഴിക്കുന്നു.ബക്കി എന്ന യുവതി എഴുന്നേറ്റു പോകുന്ന മുറിയില്‍ അവളെ കാത്തിരുന്നത് ഗുരുത്വാകര്‍ഷണത്തില്‍ നടത്തിയ മാറ്റം മൂലം ഉണ്ടാകുന്ന അപകടത്തിലേക്ക് ആണ്.ക്യൂബ് 2 കുറച്ചും കൂടി പുരോഗമിച്ച രീതിയില്‍ ഉള്ള അപകടം ആണ് കാത്തിരിക്കുന്നത്.കേറ്റ് എന്ന സ്ത്രീ,സൈമണ്‍ എന്ന പ്രൈവറ്റ് കുറ്റാന്വേഷണ  വിദഗ്ധന്‍,സാഷാ എന്ന അന്ധയായ പെണ്‍ക്കുട്ടി,ജെറി എന്ന എന്‍ജിനീയര്‍,മാക്സ് എന്ന ഗെയിം developer എന്നിവര്‍ ആണ് തുടക്കത്തില്‍ കണ്ടു മുട്ടുന്നത്.പിന്നീട് പാലേയ് എന്ന വൃദ്ധയും ചുവന്ന വസ്ത്രം അണിഞ്ഞ ജൂലിയ എന്ന അഭിഭാഷകയും പിന്നീട് അവരോടൊപ്പം ചേരുന്നു.ആദ്യം കണ്ട കേണല്‍ എന്നയാള്‍ അവരോടു മുറികളില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള കോഡ് തന്‍റെ കയ്യില്‍ ഉണ്ടെന്നു പറയുന്നു.എന്നാല്‍ അയാള്‍ പിന്നീട് മരണത്തെ നേരിടുന്നു.

ജെറി ആ ക്യൂബിന്റെ നിര്‍മാണത്തില്‍ പങ്കാളി ആയിരുന്നു എന്നത് മുതല്‍ ആ ക്യൂബും ആയി മറ്റുള്ളവര്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാകുന്നു.പാലേയ് പഴയ ഒരു കണക്കു വിദഗ്ധ ആയതു കൊണ്ട് അവര്‍ നില്‍ക്കുന്ന രൂപം നാലാമതൊരു dimension (സമയം ആണെന്ന് വിശ്വസിക്കുന്ന ) ഉള്ള Tesseract ആണെന്ന് മനസ്സിലാക്കുന്നു.ജെറിയും അതിനോട് യോജിക്കുന്നു.ശരിയാണ് അവര്‍ക്ക് ഇത്തവണ നേരിടാന്‍ ഉള്ളത് സ്ഥിരതയില്ലാത്ത സദാ ചലിക്കുന്ന ഭിത്തികളെ ആണ്.അത് കൊണ്ട് തന്നെ അപകടങ്ങളും ഭയങ്കരം ആണ്.കേറ്റ് ഈ സമയം ചില മുറികളില്‍ എഴുതി വച്ചിരിക്കുണ്ണ്‍ 60659 എന്ന സംഖ്യ ശ്രദ്ധിക്കുന്നത്.ആ സ്ഥലവും ഈ അക്കവും ആയുള്ള ബന്ധം അവളെ കുഴയ്ക്കുന്നു.ഈ സമയം ആണ് അവര്‍ അറിയുന്നത് ഒരു പാരലല്‍ ലോകം കൂടി അവരുടെ ഒപ്പം ഉണ്ടെന്നു.അതായത് തങ്ങളുടെ മറ്റുള്ള രൂപങ്ങളും പരസ്പ്പരം അറിയാതെ ആ Tesseract ല്‍ ഉണ്ട്.അവരില്‍ പലരും അപകടകാരികള്‍ ആണ്.മാത്രമല്ല ആ അവസ്ഥ വരെ ഒരു ലൂപ്പില്‍ കൊണ്ട് എത്തിച്ചിരിക്കുന്നു.മികച്ച പശ്ചാത്തല സംഗീതം കൂടി ആയപ്പോള്‍ ആ ക്യൂബിന്റെ രഹസ്യങ്ങളുടെ വാതില്‍ തുറക്കുമ്പോള്‍ ചിത്രം മികച്ചതായി മാറി.

More movie suggestions @www.movieholicviews.blogspot.com

329.CUBE(ENGLISH,1997)

329.CUBE(ENGLISH,1997),|Mystery|Thriller|Sci-Fi|,Dir:-Vincenzo Natali,*ing:-Nicole de Boer, Maurice Dean Wint, David Hewlett.

  ക്യൂബ്; നീളം,വീതി,ആഴം (LXBXH) ഉള്ള ഒരു ജ്യോമതീയ രൂപം ആണ്.3 dimension രീതിയില്‍ രൂപക്കല്പ്പന ചെയ്ത ആ രൂപത്തിനോട് മറ്റൊരു ക്യൂബ് ചേര്‍ത്ത്  വച്ചാലോ?കൂടുതല്‍ സങ്കീര്‍ണം ആകും ആ രൂപം.അത്തരത്തില്‍ ഉള്ള അനേകം ക്യൂബുകളില്‍ അകപ്പെട്ടു പോയ മനുഷ്യരുടെ കഥ പറയുകയാണ്‌ ക്യൂബ് പരമ്പരയിലെ ചിത്രങ്ങള്‍.

   ആല്ടെര്‍സന്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ അയാള്‍ നിഗൂഡമായ ഒരു മുറിയില്‍ ആണ്.അയാള്‍ ആ മുറിയുടെ ഒരു വശത്തുള്ള വാതിലില്‍ കൂടി ചാടുന്നു.എന്നാല്‍ ആ മുറിയില്‍ അയാളെ കാത്തിരുന്നത് ഒരു വലിയ അപകടം ആയിരുന്നു.അതറിയാതെ അങ്ങോട്ട്‌ ചാടിയ അയാളുടെ ജീവന്‍ നിലയ്ക്കുന്നു.നമ്മുടെ മുന്നില്‍ ഉള്ള ക്യൂബ് എന്ന ചിത്രം ഇവിടെ ആരംഭിക്കുന്നു.പിന്നീട് മറ്റൊരു മുറിയില്‍ കുറച്ചു പേര്‍ കണ്ടു മുട്ടുന്നു.ക്വിന്റിന്‍,ഹോളോവെ,വര്‍ത്ത്,രെന്‍,ലെവേന്‍സ് എന്നിവര്‍ ആണവര്‍.തങ്ങളുടെ ഷര്‍ട്ടില്‍ എഴുതിയ പേരുകളില്‍ നിന്നും ആണ് അവര്‍ ആരാണെന്ന് മനസ്സിലാക്കുന്നത്.അവര്‍ അവിടെ എങ്ങനെ എത്തി എന്ന് ഒരു വിവരവും അവര്‍ക്കില്ല. റെന്‍ അതി പ്രശസ്തനായ എസ്ക്കേപ് ആര്‍ടിസ്റ്റ് ആണ്.അയാള്‍ മുറികളില്‍ പതുങ്ങിയിരിക്കുന്ന അപകടങ്ങള്‍ കണ്ടെത്താന്‍ ഒരു വഴി പറയുന്നു.കാലില്‍ ഉള്ള ഷൂ ഓരോ മുറിയില്‍ ഇറങ്ങുന്നതിനും മുന്‍പ് ഇട്ടു നോക്കി സുരക്ഷിതം ആണോ അല്ലയോ എന്ന് തിരിച്ചറിയാം എന്നതാണ് ആ വഴി.അവര്‍ ആ വഴി ഉപയോഗിച്ച് മുന്നോട്ടു നീങ്ങുന്നു.ക്വിന്റീന്‍ ഒരു പോലീസുകാരന്‍ ആണ്.ഹോളോവെ കോണ്‍സ്പിരസി തിയറികളില്‍ വിശ്വസിക്കുന്ന സ്ത്രീയാണ്,ലെവന്‍സ് ഒരു വിദ്യാര്‍ത്ഥിനി ആണ്.വര്‍ത്ത്,മുഷിപ്പിക്കുന്ന ജീവിതം മാത്രം കയ്യില്‍ ഉള്ള ഒരാള്‍ ആണ്.റെന്‍ തന്‍റെ വഴി ഉപയോഗിച്ച് മുറികളില്‍ കയറുന്നു.എന്നാല്‍ അപകടം ഇല്ല എന്ന് കരുതി കയറിയ മുറികളില്‍ ഒന്നില്‍ അയാളുടെ മരണത്തിനു കാരണമായ ഒന്ന് ഉണ്ടായിരുന്നു.

  ആകെ ഭയന്ന് പോയ ഇവരുടെ കൂട്ടത്തിലേക്ക് ആണ് കസന്‍ എന്ന പേരുള്ള മാനസിക വൈകല്യമുള്ള ആള്‍ എത്തുന്നത്‌. അയാള്‍ അവര്‍ക്ക് ഒരു ഭാരമായി മാറുന്നു.ലെവന്‍സ് ഈ സമയം ഓരോ മുറിയില്‍ എഴുതി വച്ച അക്കങ്ങളില്‍ നിന്നും വിലപ്പെട്ട ചില വിവരങ്ങള്‍ കണ്ടെത്തുന്നു.അതുപയോഗിച്ചു രക്ഷപ്പെടാന്‍ അവര്‍ ശ്രമം ആരംഭിക്കുന്നു,അവരുടെ ശ്രമങ്ങള്‍ വിജയിക്കുമോ?ജീവനോടെ അവര്‍ക്ക് പുറത്തു എത്താന്‍ കഴിയുമോ?ഇതാണ് ആദ്യ ഭാഗത്തിലെ കഥയിലൂടെ അവതരിപ്പിക്കുന്നത്‌.മനുഷ്യ സ്വഭാവം ഇത്തരം അവസ്ഥകളില്‍ എങ്ങനെ പെരുമാറും എന്ന് അറിയാന്‍ സാധിക്കില്ല എളുപ്പത്തില്‍.SAW പരമ്പരയോടു സാദൃശ്യം തോന്നാമെങ്കിലും അതിലും അല്‍പ്പം കൂടി വ്യത്യസ്തം ആണ് ഈ ചിത്രം.ലക്ഷ്യവും മാര്‍ഗവും അജ്ഞാതം ആണ് ഈ ചിത്രത്തില്‍.

More movie suggestions @www.movieholicviews.blogspot.com

328.IDENTITY(ENGLISH,2003)

328.IDENTITY(ENGLISH,2003),|Thriller|Mystery|,Dir:-James Mangold,*ing:-John Cusack, Ray Liotta, Amanda Peet.

 പരമ്പര കൊലപാതകിയായ മാല്‍ക്കം റിവേര്‍സ് അടുത്ത ദിവസം വധ ശിക്ഷ നേരിടുകയാണ്.എന്നാല്‍ തലേന്ന് രാത്രി അയാളെ പരിശോധിച്ച Dr.മല്ലിക്ക്  മാല്‍ക്കമിന്റെ ആണെന്ന് കരുതുന്ന ഒരു ഡയറി കാണാന്‍ ഇടയാകുന്നു. കുറ്റവാളി എന്ന് കരുതുന്ന ആള്‍ അയാള്‍ മനസ്സ് കൊണ്ട്  അറിയാതെ ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി അല്ല എന്ന കോടതി വിധി ആധാരമാക്കി മാല്‍ക്കമിന് വേണ്ടി വാദിച്ച അഭിഭാഷകരും ഡോക്റ്ററും കരുതുന്നു.കേസിന്റെ വിധി  പറഞ്ഞ ജഡ്ജിയെ അവര്‍ അന്ന് രാത്രി തന്നെ കൊണ്ട് വന്നു കേസിന്‍റെ പുതിയ വിവരങ്ങള്‍ അറിയിക്കുന്നു.ക്രൂരമായ രീതിയില്‍ ആളുകളെ കൊല്ലപ്പെടുത്തിയ കുറ്റവാളിയുടെ കേസ് പുന:പരിശോധിക്കാന്‍ ജഡ്ജി മടിക്കുന്നു.എങ്കിലും മാന്യതയുടെ പുറത്തു അയാള്‍ അത് സമ്മതിക്കുന്നു.

  ഇതേ സമയം നെവാഡയിലെ ഒരു മോട്ടലില്‍ പത്തു അപരിചിതര്‍ കണ്ടു മുട്ടുന്നു.അതി ഭയങ്കരമായ മഴ ആണ് അവരെ അവിടെ കൊണ്ടെത്തിക്കുന്നത്.ലിമോ കാര്‍ ഡ്രൈവര്‍,അയാളുടെ യാത്രക്കാരി ആയ മുന്‍ക്കാല നടി,ലിമോ ഡ്രൈവറുടെ അശ്രദ്ധ കാരണം അപകടം സംഭവിച്ച സ്ത്രീയും അവരുടെ ഭര്‍ത്താവും കുട്ടിയും,ഒമ്പത് മണിക്കൂര്‍ മുന്‍പ് വിവാഹം ചെയ്ത ദമ്പതികള്‍,തന്‍റെ മോശമായ ഭൂതക്കാലം ഉപേക്ഷിച്ചു ഒരു ഒരഞ്ച് തോട്ടം വാങ്ങി ജീവിക്കാന്‍ തീരുമാനിക്കുന്ന സ്ത്രീ ,പിന്നെ കുറ്റവാളിയെയും കൊണ്ട് പോകുന്ന പോലീസുകാരനും.അവര്‍ കനത്ത മഴ മൂലം റോഡ്‌ ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ ഒരു മോട്ടലില്‍ എത്തിച്ചേരുന്നു.അപകടത്തില്‍പ്പെട്ട സ്ത്രീയെ ഇപ്പോള്‍ ഡ്രൈവര്‍ ആയ പഴയക്കാല പോലീസുകാരന്‍ ഡക്കോട്ട രക്ഷിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ആശയ വിനിമയ സൌകര്യങ്ങള്‍ തടസ്സപ്പെട്ട ആ സ്ഥലത്ത് ഒന്നും നടക്കുന്നില്ല.അല്‍പ്പ സമയത്തിന് ശേഷം ഡക്കോട്ട ഒരു വാഷിംഗ് മെഷീനില്‍ തന്‍റെ യാത്രക്കാരി ആയ സ്ത്രീയുടെ ജഡം കണ്ടെത്തുന്നു.പോലീസുകാരന്‍റെ സഹായം അഭ്യര്‍ത്ഥിക്കുന്നു.കൊലപാതകിയെ തിരയാന്‍ തുടങ്ങുമ്പോള്‍ ആണ് അവര്‍ അത് മനസ്സിലാക്കുന്നത് പോലീസുകാരന്റെ കൂടെ ഉണ്ടായിരുന്ന പരമ്പര കൊലയാളി രക്ഷപ്പെട്ടിരിക്കുന്നു.അവിടെ ഉണ്ടായിരുന്നവരുടെ എല്ലാം ജീവിതം അപകടത്തില്‍ ആണ്.കൊലപാതകി അവരുടെ ഒപ്പം തന്നെ ഉണ്ട്.ആരാണ് അയാള്‍?അതാണ്‌ ബാക്കി ചിത്രം.ഈ അപരിചിതര്‍ തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഒരു സൈക്കോ ത്രില്ലര്‍ ആയി ആരംഭിക്കുന്ന ഈ ചിത്രം ഇടയ്ക്കൊരു സമയം വേറൊരു രീതിയില്‍ പോകുന്നുണ്ടെങ്കിലും പിന്നീട് അക്ഷാരാര്‍ത്ഥത്തില്‍ മികച്ച ഒരു സൈക്കോ ത്രില്ലര്‍ ആയി മാറുന്നു.And Then ThereWere എന്ന അഗതാ ക്രിസ്റ്റി നോവലിന്‍റെ സിനിമ രൂപത്തോട് അടുത്ത് നില്‍ക്കും എന്ന് തോന്നുന്ന ഈ ചിത്രം എന്നാല്‍ ആ തീമില്‍ നിന്നും വ്യത്യസ്ഥം ആയാണ് അവസാനിക്കുന്നത്.മികച്ച ഒരു മിസ്റ്ററി/സൈക്കോ ത്രില്ലര്‍ ആണ് ഈ ചിത്രം.

More reviews @www.movieholicviews.blogspot.com

Wednesday, 18 March 2015

327.THE AFTER-DINNER MYSTERIES(JAPANESE,2014)

327.THE AFTER-DINNER MYSTERIES(JAPANESE,2014),|Mystery|Thriller|,Dir:Masato Hijikata,*ing:-Shô Sakurai, Keiko Kitagawa, Vincent Giry.

  ടോകൂയ ഹിഗാഷിവ എഴുതിയ നോവലിനെ ആസ്പദം ആക്കി വന്ന ടി വി പരമ്പരയുടെ ചുവടു പിടിച്ചാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്,രേയ്ക്കോ എന്ന യുവതി അതി സമ്പന്ന കുടുംബത്തില്‍ ആണ് ജനിച്ചത്‌.എങ്കിലും അവള്‍ തിരഞ്ഞെടുത്തത് പോലീസ് ജോലി ആയിരുന്നു.കുറ്റാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന രേയ്ക്കൊയുടെ ജോലിക്കാരന്‍ ആണ് കഗേയാമ.മനുഷ്യ സ്വഭാവം നിരീക്ഷണങ്ങളിലൂടെ അപഗ്രഥിച്ചു വിശകലനം ചെയ്യുന്നതില്‍ കഗേയാമ മിടുക്കന്‍ ആണ്.Princess Reiko എന്ന ഏഷ്യയിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍ അതിന്റെ അവസാന പ്രയാണം നടത്തുമ്പോള്‍ ആണ് അതില്‍ രേയ്ക്കോയും കഗേയാമയും അവധിക്കാലം ചിലവഴിക്കാന്‍ എത്തുന്നത്‌.ജപ്പാനിലെ ഏറ്റവും മികച്ച കുറ്റാന്വേഷകന്‍ ആയ കസമാട്ട്സുരി ആ കപ്പലില്‍ ഉണ്ടായിരുന്നു.K-Lion എന്ന പ്രശസ്തമായ ശില്പ്പത്തിന്റെ സംരക്ഷണ ചുമതല കസ്മട്ട്സുരിക്ക് ആയിരുന്നു.ആ ശില്‍പ്പം മോഷ്ടിക്കാനായി ഒരു കള്ളന്‍ ആ കപ്പലില്‍ കാണും എന്ന ഇന്റര്‍പോള്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നായിരുന്നു സുരക്ഷാക്രമീകരണങ്ങള്‍.

   The Siren's Teardrop. എന്ന രത്നം രേയ്ക്കൊയുടെ ഹോഷോ കുടുംബത്തിന്റെ ഭാഗ്യ രത്നം ആണ്.അവര്‍ കപ്പല്‍ യാത്രയില്‍ സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയുള്ള ഭാഗ്യം ആ രത്നം നല്‍കും എന്ന് വിശ്വസിക്കുന്നു.ആ വിശ്വാസം അനുസരിച്ച് ആ രത്നം കഗേയാമ പതിവ് പോലെ അതി സുരക്ഷാ വലയത്തില്‍ കപ്പലില്‍ സൂക്ഷിക്കുന്നു.അവസാന യാത്രയില്‍ അതിഥികള്‍ക്ക് ആയി ഒരുക്കിയ വെടിക്കെട്ട്‌ പ്രകടനങ്ങളുടെ ഇടയില്‍ കപ്പലില്‍ നിന്നും ഒരാള്‍ വെള്ളത്തില്‍ വീഴുന്നത് ആളുകള്‍ കാണുന്നു.കപ്പലിന്റെ എഞ്ചിന്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനു ശേഷം അവര്‍ ആ ശവ ശരീരം കടലില്‍ നിന്നും എടുക്കുന്നു.ലൈഫ് ജാക്കറ്റ് ധരിച്ച നിലയില്‍ കണ്ടെത്തിയ ആ ശരീരത്തില്‍ ബുള്ളറ്റ് കണ്ടെത്തുന്നു.അങ്ങനെ അത് കൊലപാതകം ആണെന്ന് സ്ഥിതീകരിക്കുന്നു.മൂന്നൂറോളം യാത്രക്കാര്‍ ഉണ്ടായിരുന്ന ആ കപ്പലില്‍ തന്നെ കൊലപാതകിയും ഉണ്ടെന്നു എല്ലാവരും വിശ്വസിക്കുന്നു,കേസിന്റെ അന്വേഷണം കസ്മട്ട്സുരി ഏറ്റെടുക്കുന്നു.ഒപ്പം രേയ്ക്കോയും കഗേയാമയും കൂടുന്നു.പിന്നീട് കപ്പലില്‍ മരണങ്ങള്‍ നടക്കുന്നു.കപ്പലിലെ മാനേജരെ ആരോ കൊല്ലപ്പെടുതാന്‍ ശ്രമിക്കുന്നു.എന്നാല്‍ അയാള്‍ രക്ഷപ്പെടുന്നു.കേസന്വേഷണം ചെന്നെത്തുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഭീകരനായ കള്ളന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ഫാന്‍റം സോറസില്‍ ആണ്.അയാളുടെ മുഖം ഇത് വരെയും ആരും കണ്ടിട്ടില്ല.കപ്പലില്‍ 18 വര്‍ഷങ്ങള്‍ക്കു മുന്‍പ് സോര്‍സ് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.ദുരിതങ്ങള്‍ നടന്നതിനു ശേഷം ഫാന്‍റം സോറസ് അയച്ചു എന്ന രീതിയില്‍ വരുന്ന എഴുത്തുകള്‍ കേസ് അന്വേഷണം അയാളിലേക്ക് തിരിയുന്നു.

  ആരാണ് ഫാന്‍റം സോര്‍സ്?കപ്പലില്‍ നടന്ന മരണങ്ങളുടെ പിന്നില്‍ ആരാണ്?എന്താണ് കൊലപാതകിയുടെ ഉദ്ദേശം?ഇതെല്ലം ആണ് രേയ്ക്കൊയുടെ ഈ യാത്രയില്‍ ചുരുളഴിയുന്നത്.ചിത്രം ജാപ്പനീസ് കോമഡികളിലൂടെ ആണ് സഞ്ചരിക്കുന്നത്.അവര്‍ അത് ഇഷ്ടപ്പെടുന്നുണ്ട് എന്ന് തോന്നുന്നു.കഗേയാമയുടെ അന്വേഷണ പാടവം ആണ് ചിത്രത്തില്‍ ഉടന്നീളം.കുറ്റാന്വേഷണ ചിത്രങ്ങള്‍ ഇഷ്ടം ഉള്ളവര്‍ക്ക് ഇഷ്ടം ആകും ഈ ചിത്രം എന്ന് കരുതുന്നു.

More movie suggestions @www.movieholicviews.blogspot.com


Sunday, 15 March 2015

326.CRIMSON RIVERS 2:ANGELS OF THE APOCALYPSE(FRENCH,2004)

326.CRIMSON RIVERS 2:ANGELS OF THE APOCALYPSE(FRENCH,2004),Dir:-Olivier Dahan,*ing:-Jean Reno, Benoît Magimel, Christopher Lee

  Crimson Rivers ആദ്യ ഭാഗം ഇറങ്ങിയപ്പോള്‍ സംവിധായകന്‍ ആയ Mathew Kassowitz നു പകരം രണ്ടാം ഭാഗത്തില്‍ Olivier Dahan ആണ് സംവിധായകന്‍ ആയതു.അത് പോലെ മാക്സ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആയി വന്ന Vincent Cassal ന്‍റെ  വേഷവും ഈ ചിത്രത്തില്‍ ഇല്ല.പകരം ചീഫ് നിമാന്സിനു പങ്കാളി ആയി എത്തുന്നത് മറ്റൊരാള്‍ ആണ്.ആദ്യ ഭാഗത്തെ കുറിച്ച് ഇവിടെ വായിക്കാം.(http://goo.gl/QiwfjO)

  ഫ്രാന്‍സിലെ സന്യാസിമാരുടെ ആശ്രമത്തില്‍ ആണ് ആ സംഭവങ്ങളുടെ ആരംഭം.നിഷേധിക്കപ്പെട്ട പതിമൂന്നാം നമ്പര്‍ മുറിയിലെ പുതിയ അന്തേവാസി കൊല്ലപ്പെടുന്നു.അതും വിചിത്രമായ രീതിയില്‍.കൊല്ലപ്പെടുത്തി ഭിത്തിയില്‍ സിമന്റ് വച്ച് അടയ്ക്കപ്പെട്ട നിലയില്‍ ആയിരുന്നു ആ ശവ ശരീരം.കേസിന്റെ അന്വേഷണം നീമാന്‍സ് ഏറ്റെടുക്കുന്നു.എന്നാല്‍ ആ ആശ്രമത്തില്‍ ഉണ്ടായിരുന്ന ആരും നിമാന്സിന്റെ അന്വേഷണത്തില്‍ സഹകരിക്കുന്നില്ല.  പിന്നീട് നടന്ന ഒരു ആക്രമണത്തില്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നു.ഇതേ സമയം റെഡ എന്ന പുതിയ പോലീസുകാരന്‍ മറ്റൊരു അന്വേഷണത്തില്‍ ആയിരുന്നു.ഒരു പിടിക്കിട്ടാപ്പുള്ളിയെ പിടിക്കാന്‍ അവര്‍ ശ്രമിക്കുന്നു.ആ കേസിന് ശേഷം ആണ് റെഡയും കൂട്ടുകാരും യേശു ക്രിസ്തുവിനെ പോലെ തോന്നിക്കുന്ന ഒരാളെ കാണുന്നത്.അവര്‍ സഞ്ചിരിച്ചിരുന്ന വാഹനത്തിന്റെ മുന്നിലേക്ക്‌ ചാടിയ അയാള്‍ എന്നാല്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഒരു പള്ളിയെ ലക്ഷ്യമാക്കി ആണ് നടന്നത്.അവിടെ വച്ച് ബോധം കേട്ട് വീണ അയാളെ റെഡയും കൂട്ടരും ആശുപത്രിയില്‍ ആക്കുന്നു.അയാള്‍ ആരാണെന്ന് എന്താണെന്നോ അവര്‍ക്ക് അറിയില്ലായിരുന്നു.

  തലയും മുഖവും മറച്ചു കൊണ്ട് വന്ന ഒരാള്‍ യേശു ക്രിസ്തു എന്ന് റെഡ പേരിട്ട ആളെ  അപായപ്പെടുത്താന്‍ ശ്രമിക്കുന്നു.അയാളെ കണ്ടെങ്കിലും റെഡയ്ക്ക് ആ അജ്ഞാതനെ പിടിക്കൂടാന്‍ കഴിയുന്നില്ല.വളരെയധികം വേഗത്തില്‍ ഓടിയിരുന്ന അയാളുടെ ഒപ്പം എത്താന്‍ റെഡയ്ക്ക് സാധിക്കുന്നില്ല.അടുത്ത ദിവസവും റൂമില്‍ ചീഫ് എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഉണ്ടെന്നു അറിഞ്ഞ റെഡ തോക്കുമായി അയാളുടെ അടുക്കല്‍ പോകുന്നു.അവിടെ സംഭവിച്ചത് എന്ത്?ആരായിരുന്നു അയാള്‍?ആശുപത്രിയില്‍ ഉള്ള യേശു ക്രിസ്തുവിനെ പോലെ തോന്നിക്കുന്ന ആളും ആ മരണങ്ങളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ?എന്തിനാണ് ഇവര്‍ കൊല്ലപ്പെടുന്നത്?ഇനിയും കൊലപാതകങ്ങള്‍ നടക്കുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ബാക്കി ചിത്രം നല്‍കും.

  ആദ്യ ഭാഗം മികച്ച ഒരു മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആയി തോന്നിയിരുന്നുവെങ്കിലും ഈ ചിത്രം അതിനോടൊപ്പം എത്താന്‍ സാധിച്ചില്ല എന്ന് പറയേണ്ടി വരും.ആദ്യ ഭാഗത്തിലെ മാക്സ് എന്ന കഥാപാത്രമായി വന്ന വിന്സന്റ് നിമാന്സിന്റെ കഥാപാത്രത്തിന്റെ ഒപ്പം പിടിച്ചു നിന്ന്.എന്നാല്‍ റെഡയുടെ വേഷത്തിനു അതിനു കഴിഞ്ഞില്ല.കെട്ടുകഥകളെ ആശ്രയിച്ചാണ് ഈ കഥയുടെ നിലനില്‍പ്പ്‌ എന്നതും ആഴത്തില്‍ ഉള്ള അന്വേഷണം ഈ ചിത്രത്തിന് നഷ്ടപ്പെടുത്തി.ആദ്യ ഭാഗം ഇഷ്ടം ആയവര്‍ക്ക് രണ്ടാം ഭാഗം കൂടി കണ്ടാല്‍ കൊള്ളാം എന്ന തോന്നല്‍ ഉണ്ടാകുമെങ്കില്‍ ഈ ചിത്രം കാണാന്‍ ശ്രമിക്കാവുന്നതാണ്,ആദ്യ ഭാഗത്തിന്റെ അത്ര മികച്ചതാകും എന്ന പ്രതീക്ഷ ഇല്ലാതെ.

More movie suggestions @www.movieholicviews.blogspot.com

325.THE BIRDS(ENGLISH,1963)

325.THE BIRDS(ENGLISH,1963),|Horror|Thriller|,Dir:-Alfred Hitchcock,*ing:-Rod Taylor, Tippi Hedren, Suzanne Pleshette.

  ലോക സിനിമയിലെ മാന്ത്രികന്‍ എന്ന പേരിനു അര്‍ഹനാണ് ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് എന്ന വിശ്വ വിഖ്യാത സംവിധായകന്‍.തന്‍റെ ചിത്രങ്ങളില്‍ അവതരിപ്പിക്കുന്ന കഥകളില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്ന ചിന്തകള്‍ ആണ് ആ ചിത്രങ്ങളെ എക്കാലവും ഓര്‍മിപ്പിക്കാവുന്ന ചിത്രങ്ങള്‍ ആക്കി മാറ്റിയത്.താത്വികമായ ചിന്തകള്‍ അല്ല ഉദ്ദേശിച്ചത്.പകരം Strangers on a Train,Rear Window,The Rope തുടങ്ങിയ സിനിമകളില്‍ അദ്ദേഹം ഉപയോഗിച്ച ആഖ്യാന ശൈലി :അത് അദ്ദേഹത്തിന്റെ തലയില്‍ നിന്നും മാത്രം വരുന്ന ചിന്തകള്‍ ആകാം.അത്രയ്ക്കും പുതുമ ആയിരുന്നു ആ ചിത്രങ്ങള്‍ക്ക് ഉണ്ടായിരുന്നതും.ആ ഒരു സ്വഭാവം അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഉടന്നീളം കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു.ആ ഗണത്തില്‍ പെടുന്ന ഒരു ചിത്രം ആണ് 1963 ല്‍ റിലീസ് ആയ The Birds.

  ഹൊറര്‍ ആണ് സിനിമയുടെ ജോണര്‍.എന്നാല്‍ ഈ ഹൊറര്‍ ചിത്രത്തില്‍ ഭയപ്പെടുത്തുന്ന പ്രേതങ്ങളെയോ അല്ലെങ്കില്‍ അത്തരം ഗിമ്മിക്കുകള്‍ ഒന്നും അല്ല ഉപയോഗിച്ചിരിക്കുന്നത്.നേരത്തെ പറഞ്ഞ ചിന്തകള്‍ ആണ് ഈ ചിത്രത്തെയും വ്യത്യസ്തം ആക്കുന്നത്.Daphne du Maurier എഴുതിയ കഥയെ ആസ്പദം ആക്കിയാണ് The Birds നിര്‍മിക്കപ്പെട്ടത്.അസാധാരണമായ ഒരു കഥയാണ് ചിത്രത്തിനുള്ളത്.പക്ഷികള്‍ മനുഷ്യനെ ഉപദ്രവിക്കാതെ ജീവിക്കുന്ന ജീവികള്‍ ആണ്.എന്നാല്‍ ബോദേഗ ബേയില്‍ നടന്ന സംഭവങ്ങള്‍ ഈ ചിന്താഗതി മാറ്റുന്നു.മിച് എന്നയാളെ മെലാനി ആദ്യം കണ്ടു മുട്ടുന്നത് വളര്‍ത്തു പക്ഷികളെ വില്‍ക്കുന്ന കടയില്‍ വച്ചാണ്.തന്‍റെ സഹോദരിക്ക് വേണ്ടി പിറന്നാള്‍ സമ്മാനമായി വളര്‍ത്തു പക്ഷികളെ വാങ്ങിക്കാനായി വന്ന മിച് കടയിലെ ജീവനക്കാരി ആണെന്ന മട്ടില്‍ മെലാനിയോടു സംസാരിക്കുന്നു.എന്നാല്‍ പിന്നീട് മിച് അറിഞ്ഞു കൊണ്ട് തന്നെ വന്നാണ് തന്നോട് സംസാരിച്ചതെന്ന് മെലാനി മനസ്സിലാക്കുമ്പോള്‍ മിച്ചലിനെ അന്വേഷിച്ചു ചെല്ലുന്നു;ഒപ്പം മിച് ആവശ്യപ്പെട്ട വളര്‍ത്തു പക്ഷികളെയും വാങ്ങി കൊണ്ട്.എന്നാല്‍ മിച്ചിന്റെ വീട്ടില്‍ എത്തിയ മെലാനി അയാള്‍ വാരാന്ത്യത്തില്‍ തന്‍റെ കുടുംബ വീട്ടിലേക്കു പോയി എന്ന് മനസിലാക്കുന്നു.ബോദേഗ ബേയില്‍ ഉള്ള ആ വീട്ടിലേക്കു മെലാനി യാത്രയാകുന്നു.പിന്നീട് നടന്ന സംഭവങ്ങള്‍ അസാധാരണം ആയിരുന്നു.ആ സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം.

പതിവ് പോലെ ഹിച്ച്കോക്ക് ഈ ചിത്രത്തിലും തന്‍റെ രൂപ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.ആദ്യ സീനില്‍ രണ്ടു പട്ടി കുട്ടികളെയും കൂട്ടി നടന്നു പോകുന്നത് അദ്ദേഹം ആയിരുന്നു.മികച്ച വിഷ്വല്‍ എഫക്ട്സ് വിഭാഗത്തില്‍ ഈ ചിത്രത്തിന് ഓസ്കാര്‍ നാമനിര്‍ദേശം ലഭിക്കുകയും ചെയ്തു.പല രംഗങ്ങളും ഈ മികവു കാരണം ആയിരിക്കും അന്നത്തെ പരിമിത സാഹചര്യങ്ങളില്‍ പോലും സ്ക്രീനില്‍ വന്നപ്പോള്‍ മികവേറിയത്‌ ആയി മാറിയത്.ചുരുക്കത്തില്‍ ചില സീനുകളില്‍ കൂടി അദ്ദേഹം പറയാന്‍ ഉദ്ദേശിച്ച ഹൊറര്‍ അങ്ങനെയാണ് അവതരിപ്പിക്കപ്പെട്ടത്.അവസാന രംഗത്തില്‍ ഉള്ള ആ ഭീകരത മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യും.അമേരിക്കന്‍ ഫിലിം ഇന്‍സ്ടിട്യൂട്ട് (AFI) ലോക സിനിമയിലെ മികച്ച ഏഴാമത്തെ ത്രില്ലര്‍ ആയി ഈ ചിത്രത്തെ തിരഞ്ഞെടുത്തിരുന്നു.സിനിമയുടെ കോപ്പി ഭാവി തലമുറയ്ക്ക് വേണ്ടി കാത്തു സൂക്ഷിച്ചിട്ടും ഉണ്ട്.

ഹൊറര്‍ സിനിമകളിലെ ക്ലീഷേ കഥകളില്‍ നിന്നും ഭയം ഉണ്ടാക്കാന്‍ വേറെ വഴികളും ഉണ്ടെന്നു അദ്ദേഹം ലോക സിനിമയെ പഠിപ്പിച്ചു ഈ ചിത്രത്തിലൂടെ.ഈ ചിത്രം കണ്ടു നോക്കൂ.അപ്പോള്‍ മനസ്സിലാകും ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിലെ മാജിക്കുകാരനെ.ചിത്രം കാണുന്ന സ്ക്രീനിനോട് ഒരു ഇഷ്ടം തോന്നി പോകും അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍.

http://magazine.koottam.com/the-birds/

324.EDEN LAKE(ENGLISH,2008)

324.EDEN LAKE(ENGLISH,2008),|Horror|Thriller|,Dir:-James Watkins,*ing:-Kelly Reilly, Michael Fassbender, Tara Ellis .

  പ്രേതം,ക്രൂര മൃഗങ്ങള്‍  എന്നിവയില്‍ കൂടി മാത്രമല്ല ഹൊറര്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുക.നമ്മുടെ ചുറ്റും ഉള്ള പലരിലും ഉറങ്ങി കിടക്കുന്ന ഒരു മൃഗം ഉണ്ട്.ഒരു പക്ഷെ ആദ്യം പറഞ്ഞവയില്‍ നിന്നൊക്കെ വിഭിന്നമായ ക്രൂരതകള്‍ പ്രവൃത്തിക്കാന്‍ കഴിവുള്ളവര്‍.അത്തരം ഒരു പ്രമേയം ആണ് ഈഡന്‍ ലേക്ക് എന്ന ഈ ബ്രിട്ടീഷ് ചിത്രം പറയുന്നത്.ആഴ്ചയുടെ അവസാനം ഉള്ള ദിവസങ്ങള്‍ ചിലവഴിക്കാന്‍ ആയി ഈഡന്‍ ലേക്ക് എന്ന സ്ഥലത്തേക്ക് യാത്രയാകുന്ന ജെന്നി,സ്റ്റീവ് എന്നീ പ്രണയിതാക്കള്‍ നേരിടേണ്ടി വരുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന് ആധാരം.

  ജെന്നി ഒരു പ്ലേ സ്ക്കൂള്‍ അദ്ധ്യാപിക ആണ്.സ്റ്റീവ് അവര്‍ക്ക് രണ്ടു പേര്‍ക്കും പോകാനായി തിരഞ്ഞെടുത്ത സ്ഥലം ഉടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധ്യത ഉള്ള ക്വോറി ആണ്.അത്  കൊണ്ട് തന്നെ അവിടത്തെ അവസാനത്തെ സന്ദര്‍ശകരില്‍ ഒരാള്‍ ആകാം എന്നാണു  സ്റ്റീവ് കരുതിയത്‌.സ്റ്റീവിന്റെ അഭിപ്രായം ശരിയായിരുന്നു താനും.അതിമനോഹരമായ ഒരു തടാകവും അതിന്റെ ബീച്ചും.പ്രണയിക്കാന്‍ പറ്റിയ സ്ഥലം തന്നെ.ജെന്നിയ്ക്ക് സ്റ്റീവിന്റെ ഇഷ്ടത്തോട് താല്‍പ്പര്യം തോന്നി.എന്നാല്‍ അവര്‍ മാത്രം അല്ലായിരുന്നു അവിടെ ഉണ്ടായിരുന്നത്.കൌമാരത്തിലേക്ക് അടുത്ത് കൊണ്ടിരുന്ന ചിലര്‍ കൊച്ചു കുസൃതികളും ആയി അവരുടെ അടുത്ത് തന്നെ സ്ഥാനം പിടിച്ചു.അന്ന് രാത്രി തടാക കരയില്‍ കഴിഞ്ഞു കൂടിയ സ്റ്റീവിനെയും ജെന്നിയും  കാത്തിരുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും നടുക്കുന്ന സംഭവങ്ങള്‍ ആയിരുന്നു.എന്താണ് ആ സംഭവങ്ങള്‍?അതാണ്‌ ഈ ചിത്രത്തിന്‍റെ ബാക്കി കഥ.

  അക്ഷരാര്‍ത്ഥത്തില്‍ ഈ ബ്രിട്ടീഷ് സിനിമയുടെ അവസാനം പ്രേക്ഷകന്‍റെ മനസ്സില്‍ ഭീതി നിറയ്ക്കുന്നുണ്ട്.പ്രത്യേകിച്ചും ഇരയായി മാറിയവരെ രക്ഷിക്കാതെ പിന്തുടരുന്ന കൊലപാതകികളും ഒപ്പം അവരെ തങ്ങളുടെ ജന്മം കൊണ്ട് സഹായിക്കേണ്ടി വന്നവരും.ഇത്തരം ഒരു അവസ്ഥയില്‍ ശരിയും തെറ്റും തമ്മില്‍ വേര്‍തിരിച്ചു എടുക്കുന്നതിലും അപ്പുറം എളുപ്പം ചുവന്ന നിറമുള്ള ആ ദ്രാവകത്തിന്റെ വില മനസ്സിലാക്കുക ആകും അഭികാമ്യം.

More movie suggestions @www.movieholicviews.blogspot.com

323.89(BENGALI,2015)

323.89(BENGALI,2015)Crime|Mystery|Thriller|,Dir:-Manoj Michigan,*ing:-Saswata Chatterjee, Raima Sen, Shataf Figar.

    രണ്ടു കണ്ണുകള്‍ പൂര്‍ബയെ എന്നും അലട്ടിയിരുന്നു.പൂര്‍ബ ഇപ്പോള്‍ ഒരു സൈക്കാട്രിസ്റ്റ് ആണ്.മനുഷ്യ മനസ്സുകളുടെ ചിന്തകള്‍  വിവേകപരമായ അപഗ്രഥനത്തിലൂടെ മനസ്സിലാക്കിയെടുക്കുകയും അതിനെ നേര്‍വഴിക്ക് സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് പൂര്‍ബയുടെ ജോലി.എന്നാല്‍ പൂര്‍ബ ഇപ്പോള്‍ ഒരു അന്വേഷണത്തില്‍ ആണ്.തന്‍റെ കുട്ടിക്കാലം മുതല്‍ ഓര്‍മകളില്‍ വന്നു പോകുന്ന കണ്ണുകള്‍.അത് താന്‍ കാണുന്ന ആരുടെ എങ്കിലും ആണോ എന്നവള്‍ തിരയാറുണ്ട്.എന്നാല്‍ ആ കണ്ണുകളുടെ ഉടമയെ കണ്ടു പിടിക്കാന്‍ ആകുന്നില്ല അവള്‍ക്കു.എന്നാല്‍ അവളുടെ ഈ നിരീക്ഷണ പാടവം പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ ഉള്ളവരുടെ മരണത്തിനു ഇടയാക്കിയ തീവ്രവാദിയെ കണ്ടെത്താന്‍ അവളെ സഹായിക്കുന്നു.

   അന്വേഷണ ഉദ്യോഗസ്ഥന്‍ ആയ അനൂപിനെ പരിചയപ്പെടാന്‍ അവര്‍ക്ക് അവസരം ഒരുങ്ങുന്നത് അങ്ങനെയാണ്.അനൂപ്‌ അവരുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു.എന്നാല്‍ അനൂപിന് പൂര്‍വയുടെ മനസ്സിന്റെ ബലത്തില്‍ സംശയം ഉണ്ടായിരുന്നു.അവളെ ആ കണ്ണുകള്‍ അലട്ടിയിരുന്നു.മല്ലിക് എന്ന ഹിപ്നോട്ടിക് വിദഗ്ദ്ധന്റെ ചികിത്സയില്‍ അവളെ അലട്ടുന്ന ആ പ്രശ്നം അവര്‍ കണ്ടെത്തുന്നു.89 എന്ന സംഖ്യയുമായി "തന്‍റെ നേട്ടങ്ങളുടെ" കൊടുമുടിയില്‍ കയറാന്‍ വെമ്പുന്ന സബ്യാസച്ചി പാല്‍ എന്ന ബുദ്ധിമാനായ കോടീശ്വരനില്‍ ആണ് ആ അന്വേഷണം എത്തി ചേരുന്നത്.പൂര്‍ബ അയാളെ കാണാന്‍ തീരുമാനിക്കുന്നു.എന്നാല്‍ അയാളെ കാണുക എളുപ്പം അല്ലായിരുന്നു.കാരണം അയാളുടെ പ്രവൃത്തികള്‍ അയാളെ കൊണ്ടെത്തിച്ച സ്ഥലം അത്തരം ഒന്നായിരുന്നു.പൂര്‍ബ അനൂപിന്‍റെ സഹായത്തോടെ അയാളെ കാണാനായി ബംഗാളിന്റെ വടക്കന്‍ ഭാഗത്തേക്ക് യാത്ര തിരിക്കുന്നു.അവിടെ അവര്‍ ബുദ്ധിമാനായ സബ്യാസച്ചി പാലിനെ കാണുന്നു.എന്തായിരുന്നു പൂര്‍ബയ്ക്ക് അയാളുമായി ഉള്ള ബന്ധം.89 എന്ന സംഖ്യയില്‍ ഇവര്‍ രണ്ടു പേരും എങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നു?ഇതാണ് ചിത്രത്തിന്‍റെ ബാക്കി കഥ.

  അന്താരാഷ്‌ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്ത് നടന്നപ്പോള്‍  ഈ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു.ഒരു ഫിലിം ഫെസ്റ്റിവലില്‍ കാണിക്കുന്ന സിനിമകളുടെ രീതിയില്‍ അല്ല ഈ ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും വിശ്വാസങ്ങളും യാഥാര്‍ത്ഥ്യവുമായി  ഉള്ള കണ്ണി കണ്ടെത്തി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.അതിനായി മനോജ്‌ മിച്ചിഗണ്‍ ഉപയോഗിച്ചിരിക്കുന്നത് സംഖ്യാശാസ്ത്രം,ആത്മാവിന്‍റെ കൂട് മാറ്റം തുടങ്ങിയ ശാസ്ത്രത്തിന്‍റെ അപ്പുറം ഉള്ള സംഭവങ്ങളില്‍ കൂടി ആണ്.ആ രീതിയില്‍ സമീപിച്ചാല്‍ നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ഈ ചിത്രം ഒരു സൈക്കോ ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ നിലവാരം പുലര്‍ത്തുന്നുണ്ട്,ചിലയിടങ്ങളില്‍ Silence of Lambs നെ ഓര്‍മിപ്പിച്ചു എങ്കിലും.

More movie suggestions @www.movieholicviews.blogspot.com

Saturday, 14 March 2015

322.THE PRESIDENT(PERSIAN,2014)

322.THE PRESIDENT(PERSIAN,2014),|Drama|Comedy|,Dir:-Mohsen Makhmalbaf,*ing:-Misha Gomiashvili.

  The President എന്ന ചിത്രത്തിലൂടെ മോഹ്സീന്‍ മഖ്മല്ബാഫ് പറയാന്‍ ശ്രമിക്കുന്നത് ഒരു ഏകാധിപതിയുടെ കഥയാണ്.തന്‍റെ സുഖ സൌകര്യങ്ങള്‍ക്ക് വേണ്ടി അയാള്‍ ചിലവഴിച്ചത് ജനങ്ങളുടെ ജീവിതം ആയിരുന്നു.അതിന്റെ പ്രതിഫലം ആയിരുന്നു ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍.രാജ്യത്തിന്റെ ഏകാധിപതിയെ ദൈവത്തെ പോലെ കണ്ടു ആരാധിച്ചിരുന്ന ജനങ്ങള്‍ ഒരു ദിവസം സംഘടിച്ചു.തങ്ങളുടെ ജീവിതത്തിനും ജീവനും വില കൊടുക്കാത്ത ഒരു ഭരണാധികാരി തങ്ങള്‍ക്കു വേണ്ട എന്ന തീരുമാനം എടുത്ത ദിവസം ആണ് ആ ഏകാധിപതി സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് തന്‍റെ കുടുംബാംഗങ്ങളെ മാറ്റുന്നു.എന്നാല്‍ മുത്തച്ഛന്‍റെ അത്ര തന്നെ അധികാരം ഭ്രമിക്കുന്ന ഒന്നാണ് എന്ന് മനസ്സിലാക്കി വരുന്ന നിഷ്കളങ്കനായ കൊച്ചു മകന്‍ അയാളോടൊപ്പം നില്‍ക്കുന്നു.

  എന്നാല്‍ തിരിച്ചു വരുന്ന വഴിയില്‍ ആണ് ജനങ്ങള്‍ തനിക്കെതിരെ തിരിഞ്ഞു എന്നയാള്‍ മനസ്സിലാക്കുന്നത്.സേവകരായുണ്ടായിരുന്നവര്‍ എല്ലാം അയാളുടെ അടുക്കല്‍ നിന്നും മാറിയപ്പോള്‍ ഒരു വഴി മാത്രമേ അയാളുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.ദിവസം തോറും വിലയേറുന്ന തന്‍റെ ജീവിതം താന്‍ ദുരിതങ്ങള്‍ മാത്രം നല്‍കിയ ജനങ്ങളില്‍ നിന്നും സംരക്ഷിക്കുക.ഒപ്പം കൊച്ചു മകനെയും.അവനെയും കൂട്ടി കടല്‍ തീരത്ത് എത്തുക,അവിടെ നിന്നും രക്ഷപ്പെടാന്‍ ഉള്ള നൗകയില്‍ കയറുക.അത് വരെ എത്താന്‍ ആ  ഏകാധിപതിയും കൊച്ചു മകനും തെരുവ് ഗായകരുടെ വേഷം കെട്ടുന്നു.പിന്നീട് നടന്ന രസകരമായ സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം.

  ഏകാധിപത്യ വ്യവസ്ഥയെ ഹാസ്യത്തിന്റെ വിമര്‍ശനം കൊണ്ട് നേരിട്ടാണ് ഈ ചിത്രം ആരംഭിക്കുന്നത്.അവസാനിക്കുന്നത് ഡെമോക്രസി എന്ന വലിയ വ്യവസ്ഥിതിയിലേക്ക് ഉള്ള കാല്‍ച്ചുവടുകള്‍ വച്ച് കൊണ്ടും.ജനങ്ങളെ നോക്ക് കുത്തി ആയി ഭരണം നിര്‍വഹിക്കുന്ന ഏതൊരു ഭരണാധികാരിക്കും ഉള്ള മുന്നറിയിപ്പ് ആണ് ഈ ചിത്രം.ഒരു രാജ്യം ഭരിക്കുമ്പോള്‍ നിയന്ത്രിക്കേണ്ടത് ജനങ്ങളുടെ ജീവിതം അല്ല എന്നും അങ്ങനെ ചെയ്‌താല്‍ ,ചെയ്യുന്നവരെ ജനങ്ങളുടെ ശക്തി ഡെമോക്രസിയുടെ നൃത്ത ചുവടുകള്‍ പഠിപ്പിച്ചു കൊടുക്കും എന്ന സൂചനയോടെ ചിത്രം അവസാനിക്കുമ്പോള്‍ ഇറാനില്‍ നിന്നും ഉള്ള എക്കാലവും ശ്രദ്ധേയം ആയ പ്രമേയം ചര്‍ച്ച ചെയ്യുന്ന ഹാസ്യാത്മകമായ ഒരു ചിത്രം ആണ്.

More movie suggestions @www.movieholicviews.blogspot.com

321.ALIF(MALAYALAM,2015)

321.ALIF(MALAYALAM,2015),|Drama|,Dir:-Mohammed Koya,*ing:-Lena,Zeenath,Kalabhavan Mani,Joy Mathew.

  അലിഫ് എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് തൊട്ടാല്‍  കൈ പൊള്ളുന്ന വിഷയം ആണ്.ചിത്രത്തിലെ ചിരപരിചിതമായ മുഖങ്ങള്‍ കാരണം ആകാം ചിത്രത്തെ കുറിച്ച് അങ്ങനെ ഉള്ള വിമര്‍ശനങ്ങള്‍ അധികം കേള്‍ക്കാതെ ഇരുന്നത്.താന്‍ സംവിധാനം ചെയ്ത സിനിമയുടെ തീം ഇതാണ് എന്ന് വിളിച്ചു പറഞ്ഞ് ചിത്രത്തിന് യാഥാസ്ഥിക മതവാധികളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ഏറ്റു വാങ്ങുന്നതില്‍ നിന്നും ഒരു പരിധി വരെ മൊഹമദ് കോയ എന്ന സംവിധായകന്‍ രക്ഷപ്പെട്ടു എന്ന് കരുതുന്നു.ഇല്ലാത്ത വിവാദം ഉണ്ടാക്കി ചിത്രത്തെ ശ്രദ്ധേയം ആക്കുക എന്ന ടെക്നിക് ഉള്ള ഒരു കാര്യത്തെ കുറിച്ച് ഹൈലൈറ്റ് ചെയ്തിരുന്നെങ്കില്‍ ആ രീതിയില്‍ ഈ ചിത്രം കൂടുതല്‍ ആളുകള്‍ കാണാന്‍ ഉള്ള സാധ്യത ഉണ്ടാകുമായിരുന്നു.എന്നാല്‍ ഉദ്ധേശ ശുദ്ധിയുള്ള ഒരു സംവിധായകന്‍ ആയതു കൊണ്ടാകാം മൊഹമദ് കോയ അതിനു മുതിര്‍ന്നില്ല എന്ന് കരുതുന്നു.

  അലിഫ് പറയുന്നത് അല്ലെങ്കില്‍ ചോദ്യം ചെയ്യുന്നത് മതപരമായി പ്രവാചകന്‍ സ്ത്രീകള്‍ക്ക് അനുവദിച്ചു കൊടുത്ത സ്വാതന്ത്ര്യത്തെ പുരുഷ മേല്‍ക്കോയ്മയ്ക്ക് വേണ്ടി വളച്ചൊടിച്ച് അവരെ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളാല്‍ ബന്ധിപ്പിച്ച സമൂഹത്തെ കുറിച്ചാണ്.യാഥാസ്തികരായവര്‍ക്ക് അല്‍പ്പം വിഷമം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഇത്.ചുരുക്കത്തില്‍ ഇപ്പോള്‍ പ്രചാരത്തില്‍ ഉള്ള ചില വിശ്വാസങ്ങളെ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ള വാക്കുകളാല്‍ തന്നെ തെറ്റാണ് എന്ന് സ്ഥാപിക്കാന്‍ ഉള്ള ശ്രമം ആണ് ഈ ചിത്രത്തില്‍.ഇത് സിനിമയുടെ സാമൂഹിക വശം.ഇനി കഥയിലേക്ക്.മലബാര്‍ പശ്ചാത്തലമാക്കി ആണ് കഥ പുരോഗമിക്കുന്നത്.ഫാത്തിമ എന്ന സ്ത്രീ തന്‍റെ മക്കളുടെ ഒപ്പം അമ്മയായ ആറ്റയുടെയും അവരുടെ അമ്മയുടെയും കൂടെ ആണ് ജീവിക്കുന്നത്.ആസ്ത്മ രോഗിയായ ഫാത്തിമയെ അവരുടെ ഭര്‍ത്താവ് ഖുറാന്‍ വളച്ചൊടിച്ച് മൊഴി ചൊല്ലി വേറെ വിവാഹം ചെയ്യുന്നു.ജീവിതത്തിലെ ദുഃഖങ്ങള്‍ ഒരു പരിധി വിട്ടപ്പോള്‍ സാമൂഹിക പരിഷ്കര്‍ത്താവ് ആയിരുന്ന മരിച്ചു പോയ അപ്പൂപ്പനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഫാത്തിമ യാഥാസ്തിക മതവാധികളെ പരസ്യമായി വെല്ലുവിളിക്കുന്നു.കൂട്ടിനായി ഉള്ളത് സ്വന്തം കുടുംബം മാത്രം ആയിരുന്നു ഫാതിമയ്ക്ക്.എന്നാല്‍ അവള്‍ ജീവിക്കുന്ന സാമ്പ്രധായിക വ്യവസ്ഥിതി ഫാത്തിമയെയും കുടുംബത്തെയും ഒറ്റപ്പെടുത്താന്‍ നോക്കുന്നു.അതവരുടെ ജീവിതത്തില്‍ ദുരിതങ്ങള്‍ ഉണ്ടാക്കുന്നു.ആ ദുരിതങ്ങളുടെ കഥയും അതില്‍ നിന്നും അവര്‍ എങ്ങനെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്നതും ആണ് ചിത്രം.

  ഇന്നത്തെ കാലത്ത് പണ്ട് നിര്‍മിച്ചെടുത്ത വിശ്വാസ പ്രമാണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ത്വര ഉള്ള കഥാപാത്രങ്ങളെയും ചിത്രത്തില്‍ കാണാം.പ്രത്യേകിച്ചും ഹാജിയാര്‍ എന്ന കഥാപാത്രം.മതത്തിനും അപ്പുറം എല്ലാവരും സന്തോഷമായി ജീവിക്കാന്‍ കഴിയുന്ന ഒരു ജീവിതം ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ ചിത്രം നല്‍കി അവസാനിക്കുമ്പോള്‍ ബാക്കിയാകുന്നത് മനുഷ്യനാല്‍ നിര്‍മ്മിച്ച മതങ്ങള്‍ ദൈവത്തിന്‍റെ പേരില്‍ നടത്തുന്ന സാമൂഹിക അസമത്വത്തിന്റെ ചിന്തകള്‍ ആണ്.ഇത്തരം ഒരു പ്രമേയം സിനിമയാക്കാനുള്ള ധൈര്യം ആണ് സിനിമ എന്ന നിലയില്‍ ഉള്ള ബാലരിഷ്ടതകളില്‍ നിന്നും ചിത്രത്തെ വേറിട്ട്‌  നിര്‍ത്തുന്നത്.

More movie suggestions @www.movieholicviews.blogspot.com

Friday, 13 March 2015

320.DIFRET(AMHARIC,2014)

320.DIFRET(AMHARIC,2014),|Drama|,Dir:-Zeresenay Mehari,*ing:-Meron Getnet, Tizita Hagere, Rahel Teshome .

  എത്യോപയിലെ അദീസ് അബാബയിലെ ഒരു ഗ്രാമത്തില്‍ ആണ് കഥ ആരംഭിക്കുന്നത്.തികച്ചും ദരിദ്രര്‍ ആയ കര്‍ഷകര്‍ ജീവിക്കുന്ന ആ സ്ഥലത്തെ നിയമങ്ങള്‍ നടപ്പാക്കുന്നത് ഗോത്ര നിയമങ്ങള്‍ അനുസരിച്ചുള്ള നാട്ടു കൂട്ടം ആണ്.അതില്‍ ഒരു നിയമം ആയിരുന്നു ഇഷ്ടമുള്ള പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്യുക എന്നുള്ളത്.ഹിറുറ്റ് എന്ന പെണ്‍ക്കുട്ടിയെ ഒരു യുവാവും അയാളുടെ സുഹൃത്തുക്കളും ഈ രീതിയില്‍ തട്ടിക്കൊണ്ടു പോകുന്നു.അഞ്ചാം ക്ലാസിലേക്ക് അവള്‍ക്കു പഠിക്കാന്‍ ഉള്ള ശുപാര്‍ശ നല്‍കാം എന്ന് അവളുടെ പഠന മികവില്‍ തൃപ്തന്‍ ആയ അദ്ധ്യാപകന്‍ പറയുന്ന ദിവസം ആണ് എത്യോപ്പിയയുടെ പല ഗോത്ര വിഭാഗങ്ങളിലും നടക്കുന്ന ഈ ആചാരം ഹിറൂട്ടിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.തട്ടിക്കൊണ്ടു പോയി ഒരു വീട്ടില്‍ അടയ്ക്കപ്പെട്ട അവളെ ആ യുവാവ് ബലാല്‍സംഘം ചെയ്യുന്നു അന്ന് തന്നെ.പിറ്റേന്ന് അവള്‍ അയാളുടെയും കൂട്ടുകാരുടെയും ശ്രദ്ധ തെറ്റിയപ്പോള്‍ അയാളുടെ തോക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.എന്നാല്‍ ആ ശ്രമത്തിനിടയില്‍ തോക്കില്‍ നിന്നും ഉതിര്‍ത്ത വെടിയുണ്ട ഏറ്റു അയാള്‍ കൊല്ലപ്പെടുന്നു.

 അയാളുടെ സുഹൃത്തുക്കളില്‍ നിന്നും രക്ഷിച്ച സിവില്‍ പോലീസ് അവളെ പോലീസിന്‍റെ അടുക്കല്‍ എത്തിക്കുന്നു.ഒരു യുവാവിനെ കൊന്ന അവള്‍ക്കു മരണ ശിക്ഷ ലഭിക്കും എന്നവര്‍ കരുതുന്നു.ഗോത്ര നിയമങ്ങളുടെ മുകളില്‍ രാജ്യ നിയമം നോക്ക് കുത്തി ആകുന്ന എത്യോപ്പിയയില്‍ അവളുടെ മരണം സുനിശ്ചിതം ആയിരുന്നു.കാരണം തട്ടിക്കൊണ്ടു പോയി കല്യാണം കഴിക്കുക എന്ന നിയമത്തിനെതിരായി ആണ് അവള്‍ ആ യുവാവിനെ കൊന്നത്.ഈ സമയം ആണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന മീസ അശ്നഫി ഈ വിവരം അറിയുന്നത്.അവര്‍ പോലീസിന്‍റെ അടുക്കല്‍ എത്തി പരുക്കേറ്റ ആ പെണ്‍ക്കുട്ടിയെ ആശുപത്രിയില്‍ ആക്കണം എന്ന് പറയുന്നു.എന്നാല്‍ അവര്‍ അതിനു തയ്യാറാകുന്നില്ല.എന്നാല്‍ ഹിറൂട്ടിന്റെ ജനന തിയതി സംബന്ധിച്ച മാമോദിസ നടത്തിയ ദിവസത്തെ കുറിച്ച് പള്ളിയില്‍ നിന്നും ഉള്ള പേപ്പറുകള്‍  തുടങ്ങി ആവശ്യം ഉള്ള രേഖകള്‍ മുഴുവന്‍ ഒപ്പിച്ചെടുത്തു മീസ അവളെ അവിടെ നിന്നും രക്ഷിച്ചു പട്ടണത്തില്‍ കൊണ്ട് വരുന്നു.

  എന്നാല്‍ ഗ്രാമത്തിലെ നിയമം അനുസരിച്ച് ഹിറൂട്ടിനെ നാട് കടത്താന്‍ തീരുമാനിക്കുന്നു.കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്നാല്‍ അവളെ കൊല്ലും എന്ന് ഭീഷണി മുഴക്കുന്നു.ഹിറൂട്ടിന്റെ മാതാപിതാക്കളും ഇളയ സഹോദരിയും ഭയന്നാണ് ജീവിക്കുന്നത്.എന്നാല്‍ മീസയുടെ നടപടികള്‍ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് നിയമ മന്ത്രിയും മന്ത്രാലയവും പ്രതികരിക്കുന്നു.അതിനെതിരായി മീസ കേസ് കൊടുക്കുന്നു.ഗോത്ര നിയമവും അതിന്റെ താഴെ മാത്രം സ്ഥാനം ഉള്ള രാജ്യ നിയമവും തനിക്കെതിരായപ്പോള്‍ മീസ അശ്നഫി നടത്തുന്ന ഹിരൂട്ടിനു വേണ്ടി ഉള്ള ശ്രമങ്ങള്‍ ആണ് ഈ ചിത്രം.

  ആഞ്ജലീന ജോളി നിര്‍മാതാക്കളില്‍ ഒരാളായി എത്തുന്ന ഈ ചിത്രം Sundance Film Festival,Berlin Film Festival എന്നിവയില്‍ പുരസ്ക്കാരം നേടിയിരുന്നു.87 മത് അക്കാദമി പുരസ്ക്കാര നാമനിര്‍ദേശവും ലഭിച്ചിരുന്നു.മീസ അശ്നഫി എന്ന African Nobel Laureate പുരസ്ക്കാരം ലഭിച്ച നിയമ വിദഗ്ധയായ സ്ത്രീയുടെ ജീവിതത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ ഉള്ളത്.സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങളില്‍ സമഗ്രമായ മാറ്റം വരുത്താന്‍ അവര്‍ക്ക് ഈ കേസ് കൊണ്ട് കഴിഞ്ഞിരുന്നു.മികച്ച ചിത്രം ആയി തോന്നി Difret.

More movie suggestions @www.movieholicviews.blogspot.com

319.THEY ARE THE DOGS(ARABIC,2014)

319.THEY ARE THE DOGS(ARABIC,2014),|Drama|,Dir:-Hisham Lasri,*ing:-Hassan Ben Badida, Yahya El Fouandi, Imad Fijjaj

  അറബ് വസന്തത്തിന്‍റെ സമയം.മൊറോക്കയിലെ ജനങ്ങള്‍ തെരുവുകളില്‍ ആണ്.തൊഴിലില്ലായ്മ അലട്ടുന്ന യുവജനങ്ങള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ അത് അറബ് യുവതയുടെ പ്രതിഷേധത്തിന്റെ ഭാഗം ആവുകയായിരുന്നു.വാര്‍ത്തകള്‍ ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ വന്ന ലോഫ്തിയ്ക്ക് വ്യത്യസ്തമായ എന്തെങ്കിലും വാര്‍ത്ത വേണമെന്ന് ആഗ്രഹം ഉണ്ട്.എന്നാല്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തന വിരസമായി മാറുന്നു.അപ്പോഴാണ്‌ തന്‍റെ ക്യാമറാമാനും അയാളുടെ ട്രെയിനിയും ആയി വാര്‍ത്ത അന്വേഷിച്ചു നടക്കുമ്പോള്‍ ലോഫ്തിക്ക് പരിചയം തോന്നുന്ന ഒരു മുഖം കാണുന്നത്.ഷര്‍ട്ടും കോട്ടും അണിഞ്ഞ അയാള്‍ കാഴ്ചയില്‍ മാന്യന്‍ എന്ന് തോന്നിക്കുമെങ്കിലും അയാളുടെ ശരീര ഭാഷ അസ്വസ്ഥതയുടെ ആയിരുന്നു.ലോഫ്തി അയാളെ പിന്തുടരാന്‍ ശ്രമിക്കുന്നു.

  ക്യാമറമാന്റെ വിയോജിപ്പ് കണക്കാക്കാതെ അയാളെ പിന്തുടരുന്ന ലോഫ്തി മനസ്സിലാക്കുന്നു.സ്വന്തം തിരിച്ചറിയല്‍ നമ്പര്‍ മാത്രം ഓര്‍മ ഉള്ള അയാള്‍ 1981 ലെ സമരത്തില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ആള്‍ ആണെന്ന്.404 എന്ന് പരിചയപ്പെടുത്തുന്ന അയാള്‍ അന്ന് സമരത്തിന്റെ സമയം മകന്റെ സൈക്കിളിനു ബാലന്‍സ് കിട്ടാനായി ഒരു സൈഡ് വീല്‍ വാങ്ങിക്കുവാന്‍ ആണ് പോയത്.കൂട്ടത്തില്‍ ഭാര്യയ്ക്കുള്ള പൂക്കളും.എന്നാല്‍ പോലീസ് അയാളെ അറസ്റ്റ് ചെയ്തു നാട് കടത്തുന്നു.അയാളുടെ ഓര്‍മ അവിടെ അവസാനിക്കുന്നു.കുടുംബം എവിടെ ആണെന്നറിയാതെ അയാള്‍ ജയില്‍ മോചിതനായത്തിനു ശേഷം അവരെ അന്വേഷിക്കുകയായിരുന്നു.അയാള്‍ക്ക്‌ തന്‍റെ കുറച്ചു സുഹൃത്തുക്കളുടെ പേരുകള്‍ മാത്രം ആണ് ഓര്‍മ.ആദ്യം തന്‍റെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനു ഒരു വാര്‍ത്ത ലഭിക്കും എന്ന് കരുതി അസ്വസ്ഥന്‍ ആയിരുന്നു എങ്കിലും അയാളെ അനുനയിപ്പിച്ചു കൂടെ കൂട്ടിയ ലോഫ്തിയും കൂട്ടരും എന്നാല്‍ അയാളുമായി ഒരു ബന്ധം സ്ഥാപിക്കുന്നു.404 എന്ന മനുഷ്യന്‍  തന്‍റെ കുടുംബത്തെ അന്വേഷിച്ചു പോകുന്ന കഥയാണ് They are the Dogs.

ചിത്രത്തില്‍ ഉടന്നീളം കണ്ട ഒരു പ്രത്യേകത പശ്ചാതല സംഗീതം ഉപകരണങ്ങളിലൂടെ അവതരിപ്പിക്കുന്നതിനു പകരം അറബ് വസന്ത കാലത്ത് റേഡിയോയിലും  ടി വിയിലും ഉള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ആണ്.വ്യത്യസ്തമായി തോന്നി ആ രീതി.ഒരു ക്യാമറയില്‍ എഡിറ്റ്‌ ചെയ്യാതെ ഷൂട്ട്‌ ചെയ്തിരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാകും വിധം ക്യാമറമാന്റെ കാഴ്ചകളിലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത്.ആ സഞ്ചാരത്തില്‍ മൊറോക്കോ ജനതയുടെ അറബ് വസന്തത്തെ കുറിച്ചുള്ള വികാരങ്ങളും അവതരിപ്പിക്കുന്നു.404 ആയി ഹസന്‍ ബെന്‍ ബടിട മികച്ച അഭിനയം ആണ് കാഴ്ച വച്ചിരിക്കുന്നത്.കഥാപാത്രമായി അയാള്‍ ജീവിക്കുകയാണ് എന്ന് തോന്നി.അയാളുടെ അന്വേഷണം അയാളെ കൊണ്ട് എത്തിക്കുന്നത് മുപ്പതോളം വര്‍ഷങ്ങളുടെ നഷ്ടങ്ങളിലേക്ക്‌ ആണ്.

More movie suggestions @www.movieholicviews.blogspot.com

Thursday, 12 March 2015

318.OBLIVION SEASON(PERSIAN.2014)

318.OBLIVION SEASON(PERSIAN.2014),|Drama|,Dir:-Abbas Rafei,*ing:-Sareh Bayat, Amin Zendegani, Shahin Taslimi

  ജീവിതത്തിലെ ഒരു സമയം തെരുവകളുടെ പ്രിയങ്കരിയായിരുന്ന ഫരിബ അവളെ ഒരിക്കല്‍ സ്നേഹിച്ചിരുന്ന മോര്‍ടസയുടെ ഭാര്യ ആയതിനു ശേഷം പഴയ ജീവിതം ഓര്‍മകളില്‍ പോലും ഇല്ലാതെ ജീവിക്കുകയായിരുന്നു.മോശക്കാരി ആയി കരുതുന്ന ഒരു സ്ത്രീയെ വിവാഹം ചെയ്തതിലൂടെ മോര്‍ടാസ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അനഭിമതനായി മാറി.ആ കാരണം കൊണ്ട് തന്നെ ആണ് മൊര്‍ടാസ ഫരീബയെ വെറുക്കുന്നതും അവളെ സംശയിക്കുന്നതും.ഫരിബ പഴയക്കാല ജീവിതത്തിലേക്ക് തിരിച്ചു പോകും എന്ന ഭയം കാരണം അയാള്‍ അവളെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണ്.സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടെങ്കിലും തനിക്കു അപ്രതീക്ഷിതമായി ലഭിച്ച സ്നേഹത്തില്‍ ഫരീബ സന്തോഷവതി ആണ്.

  എന്നാല്‍ ഒരു ദിവസം താന്‍ ഗര്‍ഭിണി ആണെന്നുള്ള വിവരം തീര്‍ച്ചപ്പെടുത്താന്‍ അവള്‍ മൊര്‍ടാസ ഇല്ലാതെ പുറത്തു പോകുന്നു.വീട്ടിലെ താക്കോലിന്റെ പതിപ്പ് ഉണ്ടാക്കി ആണ് അവള്‍ ഡോക്റ്ററുടെ അടുക്കല്‍ പോകുന്നത്.എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ മൊര്‍ടാസ വീട്ടില്‍ ഉണ്ടായിരുന്നു.അയാള്‍ അവളെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ അവള്‍ വാതിലടച്ചു രക്ഷപ്പെടുന്നു.ദേഷ്യം വന്ന മൊര്‍ടാസ അവളെ വീണ്ടും വീട്ടു തടങ്കലില്‍ ആക്കുന്നു.എന്നാല്‍ അന്ന് രാത്രി ഭക്ഷണം തയ്യാറാക്കി ഇരുന്ന ഫരീബയുടെ അടുക്കല്‍ മൊര്‍ടാസ വരുന്നില്ല.പിറ്റേ ദിവസം അയല്‍വാസിയായ സ്ത്രീ പറഞ്ഞതനുസരിച്ച് അവള്‍ മനസിലാക്കുന്നു തന്‍റെ ഭര്‍ത്താവ് തലേന്നുണ്ടായ അപകടം മൂലം ആശുപത്രിയില്‍ ആണെന്ന്.വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഫരീബ ആശുപത്രിയില്‍ എത്തുന്നു.എന്നാല്‍ ശരീരം അനങ്ങാന്‍ ആകാത്ത വിധം ജീവിക്കുന്ന മോര്‍ടാസയെ ആണ് അവള്‍ അവിടെ കാണുന്നത്.മോര്‍ടാസയുടെ പിക് അപ് വാഹനം ശരിയാക്കാനും ആശുപത്രിയിലെ ബില്ല അടയ്ക്കാനും അവള്‍ക്കു പണം ആവശ്യം ആണ്.അതവള്‍ എങ്ങനെ സമ്പാദിക്കും?ഫരീബയുടെ യാതനകളുടെ കഥയാണ് ബാക്കി സിനിമ.

പുരുഷ മേല്‍ക്കോയ്മ നിലനില്‍ക്കുന്ന ഇറാനില്‍ നിന്നും വന്ന ഈ ചിത്രത്തില്‍ അവിടെയുള്ള ആളുകളുടെ സ്ത്രീകളോടുള്ള മനോഭാവം ആണ് ചിത്രത്തില്‍ ഉടന്നീളം ഉള്ളത്.സ്ത്രീയുടെ ശരീരം മാത്രം മുന്നില്‍ കണ്ടു ജീവിക്കുന്ന പുരുഷന്മാരും സമൂഹവും ആണ് ഫരീബയ്ക്ക് ചുറ്റും ഉള്ളത്.അത് കാരണം ഒരു തൊഴില്‍ ചെയ്തു ജീവിക്കാന്‍ പോലും അവള്‍ക്കു എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നു. സ്വന്തം അമ്മ വില്‍പ്പനച്ചരക്കാക്കിയ അവള്‍ക്ക് തന്‍റെ ചുറ്റും ഉള്ളവരെ പേടിയാണ്.കിടക്കയില്‍ ആണെങ്കിലും സംശയിക്കുന്ന ഭര്‍ത്താവ്.എന്നാല്‍ നല്ല മനസ്സോടെ സഹായിക്കാന്‍ വന്നവരും ഉണ്ട്.ഇറാനിലെ സ്ത്രീകളുടെ സാമൂഹിക ജീവിതത്തെ ആസ്പദം ആക്കി ആണ് അബ്ബാസ് റാഫി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പശ്ചാത്തല സംഗീതം സിനിമയില്‍ ഉടന്നീളം പ്രേക്ഷകനെ പിന്തുടരുന്നുണ്ട് ഒരു വേദനയായി.

More movie suggestions @www.movieholicviews.blogspot.com

317.ORAALPPOKKAM(MALAYALAM,2014)

317.ORAALPPOKKAM(MALAYALAM,2014),|Drama|,Dir:-Sanal Kumar Sasidharan,*ing:-Prakash Bare, Meena Kandasamy, Chala Chari.

  Crowd funded ചിത്രം ആയിരുന്നു സനല്‍ കുമാര്‍ സംവിധാനം ചെയ്ത ഒരാള്‍പ്പൊക്കം.ഇതേ രീതിയില്‍ അവതരിപ്പിച്ച കന്നഡ ചിത്രം ലൂസിയയും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.പരീക്ഷിക്കാവുന്ന സിനിമ നിര്‍മാണ മാര്‍ഗം ആണ് ഇത്.ചലച്ചിത്ര മേളകളില്‍ നിറഞ്ഞ സാന്നിധ്യം ആയ ഈ ചിത്രം അവതരിപ്പിക്കുന്ന തീം മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് ഉള്ളതായി തോന്നാം.അല്ലെങ്കില്‍ പ്രേക്ഷകന്റെ മുന്നിലേക്ക്‌ തന്‍റെ കഥാ പാത്രങ്ങളെ മനസിലാക്കാന്‍ വിട്ടു കൊടുത്തിരിക്കുകയാണ് സനല്‍ കുമാര്‍.ജീവിതവും മരണവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണി ആണ് ഓര്‍മ.ചിലരുടെ ഓര്‍മ്മകള്‍ ഒരാളെ ജീവിതക്കാലം മുഴുവന്‍ വേട്ടയാടാന്‍ സാധ്യത ഉണ്ട്.ആ ഓര്‍മ്മകള്‍ അയാളെ കൊണ്ടെത്തിക്കുന്ന തലങ്ങള്‍ മരണത്തിനും അപ്പുറം ഉള്ള അതിജീവനം ആ കഥാപാത്രത്തിന് നല്‍കുന്നു.അത്തരം ഒരു പ്രമേയം ആണ് ഒരാള്‍പ്പൊക്കം അവതരിപ്പിക്കുന്നതും.

  മഹേന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകന്‍ തന്‍റെ സ്ത്രീ സുഹൃത്തായ തമിഴത്തി മായയും ആയി ലിവ്-ഇന്‍-റിലേഷന്‍ഷിപ്പില്‍ ആണ്.പരസ്പ്പര സമ്മതത്തോടെ ഉള്ള ആ ജീവിതത്തില്‍ വിലങ്ങുകള്‍ അവര്‍ പരസ്പ്പരം അണിയുന്നില്ല.ഒരു ഭാര്യ-ഭര്‍തൃ ബന്ധം എന്നതിലുപരി ആയുള്ള ആ ബന്ധത്തില്‍ അത്തരം ഒരു നിയമാവലിയുടെ ആവശ്യവും ഇല്ലായിരുന്നു.എന്നാല്‍ തന്നെ ലൈംഗികമായി ആകര്‍ഷിച്ച പുതിയ സ്ത്രീ സുഹൃത്തിനോട്‌ മായയ്ക്ക് അസൂയ തോന്നിയപ്പോള്‍ അഞ്ചു വര്‍ഷം ഒരുമിച്ചു താമസിച്ചത് തികയ്ക്കുന്ന ദിവസം അവര്‍ പിരിയുന്നു.മഹേന്ദ്രന്‍ പുതിയ പെണ്‍ സുഹൃത്തിനോടൊപ്പം തന്‍റെ ജീവിതം മുന്നോട്ടു പോകുന്ന സമയം .ഒരു ദിവസം ബാറില്‍ ഇരിക്കുമ്പോള്‍ മായയുടെ ഫോണ്‍ കോള്‍ വരുന്നു.താന്‍ മഹേന്ദ്രനില്‍ നിന്നും മാറിയപ്പോള്‍ കേദാരനാഥില്‍ എത്തി ചേര്‍ന്ന് എന്നും ഉയരം കൂടിയ മലകള്‍ കണ്ടപ്പോള്‍ ഉയരമുള്ള മഹിയെ ഓര്‍മ വന്നു എന്നും പറയുന്നു.മദ്യപിച്ചു ബാറില്‍ നിന്നും ഇറങ്ങിയ മഹി അന്ന് രാത്രി ബോധവും ഫോണിന്റെ ബാറ്ററി ചാര്‍ജും തീരുന്നിടത്തോളം അവളോട്‌ സംസാരിച്ചു.പിറ്റേ ദിവസം ഉറക്കം എഴുന്നേറ്റപ്പോള്‍ ടി വിയില്‍ കേദാരനാഥിലും പരിസരത്തും ഉണ്ടായ പ്രളയ ദുരിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു.ഉയരങ്ങള്‍ നടന്നു കയറുന്ന മായയ്ക്ക് എന്തായി എന്നറിയാന്‍ മഹി ഫോണ്‍ വിളിക്കുന്നു എങ്കിലും അവളെ കിട്ടുന്നില്ല.എങ്കിലും മഹിയുടെ മനസ്സില്‍ അവള്‍ ജീവനോടെ ഇരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാകുന്നു.അയാള്‍ യാത്രയാകുന്നു മായയെ അന്വേഷിച്ച്.അതാണ്‌ ബാക്കി ചിത്രം.

   ഉയര്‍ന്ന മിഡില്‍ ക്ലാസ് വിഭാഗത്തില്‍ ഉള്ള ലൈംഗിക അസ്ഥിരതയുടെയും ബന്ധങ്ങളുടെ നിലനില്‍പ്പിനെയും കുറിച്ചുള്ള അപഗ്രഥനം ആയി ചിത്രം ഏറെ കുറെ സഞ്ചരിക്കുമ്പോള്‍ അവസാന ഭാഗങ്ങളില്‍,പ്രത്യേകിച്ചും യാത്രയുടെ സമയം മരണവും ഓര്‍മകളും ആണ് കഥയെ മുന്നോട്ടു നയിക്കുന്നത്.മനോഹരമായ ക്യാമറ കാഴ്ചകള്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം ആയി തോന്നിയത്.ബൌദ്ധികമായ ഉന്നത നിലവാരം ഒരു പക്ഷേ മനുഷ്യനില്‍ ഉണ്ടാക്കുന്ന വിചാരങ്ങളും അത് കുറഞ്ഞവനില്‍ ഉണ്ടാകുന്നത് ഏകദേശം ഒരു പോലെ ആണെങ്കിലും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ വ്യത്യാസം ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്.ഭൂതക്കാലം;അതിനോടൊപ്പം ഇപ്പോള്‍ നടക്കുന്ന ജീവിതവും ആയി കോര്‍ത്ത്‌ ഇണക്കുന്ന കണ്ണിയായി ഓര്‍മ്മകള്‍ വരുമ്പോള്‍ മായയ്ക്ക് മഹി അമരത്വം നല്‍കുന്നു,അയാളുടെ മരണം വരേയ്ക്കും.

More suggestions @www.movieholicviews.blogspot.com

316.BICYCLE THIEVES(ITALIAN,1948)

316.BICYCLE THIEVES(ITALIAN,1948),|Drama|,Dir:-Vittorio De Sica,*ing:-Lamberto Maggiorani, Enzo Staiola, Lianella Carell.

  ബൈസിക്കിള്‍ തീവ്സ്-പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത ചിത്രം.ക്ലാസിക് ചിത്രങ്ങള്‍ കാണാന്‍ തുടങ്ങുന്ന സമയം ആദ്യ സിനിമ കാഴ്ചകളില്‍ ഒന്നായിരിക്കും പലര്‍ക്കും ഇത്.മികച്ച ആദ്യ സിനിമ നിര്‍ദേശങ്ങളില്‍ പലരും പറഞ്ഞു കൊടുക്കുന്ന ഒരു മനോഹര ചിത്രം ആണ് വിട്ടോരിയോ സംവിധാനം ചെയ്ത ഈ ഇറ്റാലിയന്‍ ചിത്രം.കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള കോട്ടയത്തില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചിരുന്നു ഈ ചിത്രം.പണ്ട് സി ഡി യില്‍ കണ്ട ഈ ചിത്രം വലിയ സ്ക്രീനില്‍ കാണാന്‍ കിട്ടിയ അവസരം വിനിയോഗിക്കുകയും ചെയ്തു എന്നെ പോലെ പലരും.മലയാളം സബ് ടൈറ്റിലുകള്‍ ആയിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്.ശരിക്കും തിയറ്ററില്‍ വിളക്കുകള്‍ അണച്ചപ്പോള്‍ വേറെ ഒരു കാലഘട്ടത്തില്‍ ഇരുന്നു ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കണ്ട അനുഭവം ആണ് ലഭിച്ചത്.

  രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സാമ്പത്തികമായി തകര്‍ന്ന ഇറ്റലിയുടെ ജനങ്ങളുടെ ജീവിതം ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.ആ കാലഘട്ടത്തില്‍ തൊഴിലില്ലായ്മ കൂടുകയും ജനങ്ങളുടെ ജീവിതം ദുരിതത്തില്‍ ആവുകയും ചെയ്യുന്നു.റിച്ചി തന്‍റെ ഭാര്യ മറിയയും മകനായ ബ്രൂണോയും കൊച്ചു കുട്ടിയും ആയി ആണ് ജീവിക്കുന്നത്.തൊഴിലില്ലായ്മ ഉയര്‍ന്ന ആ സമയത്ത്  കൗണ്‍സില്‍ നല്‍കിയ ജോലി ചെയ്യണം എങ്കില്‍ ഒരു സൈക്കിള്‍ അത്യാവശ്യം ആയിരുന്നു റിചിക്ക്.എന്നാല്‍ അതിനുള്ള തുക കണ്ടെത്താന്‍ അയാള്‍ക്ക്‌ കഴിയുന്നില്ല.പുതപ്പുകളുടെ ആവശ്യം ഇല്ലല്ലോ എന്ന് പറഞ്ഞു മരിയ അത് വില്‍ക്കുന്നു.അങ്ങനെ റിചിക്ക് സൈക്കിള്‍ വാങ്ങാന്‍ ഉള്ള പണം ലഭിക്കുന്നു.കൌണ്‍സിലില്‍ നിന്നും കിട്ടിയ തൊപ്പി ഭാര്യയെ കൊണ്ട് ചെറുതാക്കിയും ബ്രൂണോയെ കൊണ്ട് സൈക്കിള്‍ തുടപ്പിച്ചും അടുത്ത ദിവസം റിച്ചി സന്തോഷത്തോടെ ജോലിക്ക് പോകുന്നു.എന്നാല്‍ ആദ്യ ദിവസം തന്നെ അയാളുടെ ജീവിതത്തില്‍ ദുരിതം സംഭവിക്കുന്നു.തന്‍റെ ജോലി നിലനിര്‍ത്താന്‍ ആവശ്യം ആയ സൈക്കിള്‍ ഒരാള്‍ മോഷ്ടിക്കുന്നു.സൈക്കിള്‍ ഇല്ലെങ്കില്‍ ജോലി നഷ്ടം ആകും എന്നാ അവസ്ഥയില്‍ റിച്ചിയും കൂട്ടുകാരും ബ്രൂനോയും കൂടി ആ സൈക്കിള്‍ അന്വേഷിച്ചു ഇറങ്ങുന്നു.അതിനു ശേഷം നടക്കുന്ന സംഭവങ്ങള്‍ ആണ് ബാക്കി കഥ.

  ഇറ്റാലിയന്‍ നിയോ റിയലിസ്റ്റിക് ചിത്രമായ ബൈസിക്കിള്‍ തീവ്സ് ആകര്‍ഷകം ആക്കുന്നതില്‍ ബ്രൂണോയ്ക്ക് നല്ല സ്ഥാനം ഉണ്ട്.ഒന്ന് നിന്നിട്ട് ഓടുന്ന ബ്രൂണോ രിചിയെ പിന്തുടരുന്ന ഭാഗങ്ങള്‍ ഒക്കെ ചിരിയുണര്‍ത്തും. അത് പോലെ ജ്യോതിഷിയുടെ അടുത്ത് പോകുന്ന ഭാര്യയെ പരിഹസിക്കുന്ന റിച്ചിയുടെ പിന്നീടുള്ള പ്രവൃത്തി ഒരു ദുരിതം ഉണ്ടാകുമ്പോള്‍ മനുഷ്യ മനസ്സ്ത്തി എത്ര മാത്രം അസ്ഥിരം ആകുന്നു എന്നും കാണിക്കുന്നു. ചിത്രത്തിന്‍റെ അവസാനം സാധാരണ സിനിമകളിലെ പോലെ ഒരു ക്ലൈമാക്സില്‍ പോകുന്നതിനു പകരം ജീവിതത്തില്‍ സംഭവിക്കാവുന്ന ഒന്നിലേക്ക് ആണ് ചിത്രം പോകുന്നത്.ബ്രൂണോയ്ക്ക് മാതൃകയാകേണ്ട റിച്ചിയുടെ പ്രവൃത്തിയെ ന്യായീകരിക്കാതെ മനസ്സിനെ  നൊമ്പരപ്പെടുത്തി ചിത്രം അവസാനിക്കുമ്പോള്‍ ആ ജനക്കൂട്ടത്തിന്റെ ഒപ്പം പ്രേക്ഷകനും ഒഴുകി പോകുന്ന ഒരു അനുഭവം ആണ് ഉണ്ടാവുക.

more suggestions @www.movieholicviews.blogspot.com

Wednesday, 11 March 2015

315.GAUR HARI DASTAAN:THE FREEDOM FILE(HINDI,2014)

315.GAUR HARI DASTAAN:THE FREEDOM FILE(HINDI,2014),|Drama|Biography|,Dir:-Ananth Mahadevan,*ing:-Vinay Pathak, Asrani, Tannishtha Chatterjee

  1947 ല്‍ ഭാരതത്തിനു സ്വാതന്ത്ര്യം നേടി തന്നത് നെഹ്രുവും ഗാന്ധിയും മാത്രമാണോ എന്നാ ചോദ്യത്തോടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്.പേരറിയാത്ത എത്രയോ പേര്‍ ഒഴുക്കിയ രക്തത്തിന്റെയും ജീവിതത്തിന്റെയും വില കൂടി ആണ് ബ്രിട്ടീഷുകാരില്‍ നിന്നും പൊരുതി നേടിയ സ്വാതന്ത്ര്യം.നേതാക്കന്മാരുടെ പേരില്‍ അതൊക്കെ എഴുതി ചേര്‍ത്ത് എങ്കിലും ചരിത്രം പലരെയും വിസ്മരിച്ചു.ചരിത്രം മറന്ന  നീതി കേടു ആകാം ആ കഥകള്‍.അത്തരത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളായ ഗൌര്‍ ഹരി ദാസ് എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്‌.

  അനന്ത് മഹാദേവന്‍ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് താന്‍  ഒരു സ്വാതന്ത്ര്യ സമര സേനാനി ആണെന്ന് ഉള്ള തെളിവുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കേണ്ട ദുരവസ്ഥയില്‍ ഉള്ള ഒരു ഗാന്ധിയന്റെ കഥയാണ്.സ്വാതന്ത്ര്യ സമരത്തിന്റെ അവസാന നാളുകളില്‍ കുട്ടിയായിരുന്നു ഗൗര്‍ ദാസ് രഹസ്യമായി സന്ദേശങ്ങള്‍ മറ്റുള്ള സേനാനികളുടെ അടുക്കല്‍ എത്തിക്കുന്ന വാനര സേനയില്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്.അതി വേഗം ഓടി ബ്രിട്ടീഷുകാര്‍ക്ക് പിടി കൊടുക്കാതെ സന്ദേശങ്ങള്‍ എത്തിച്ചിരുന്ന ഗൌറിനു എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഉള്ള ഭാരതത്തില്‍ ജനങ്ങളില്‍ നിന്നും ഓടി ഒളിക്കാന്‍ കഴിയാത്ത അവസ്ഥ ആയി.മാര്‍ക്ക് കുറവുള്ള മകന് നല്ല സര്‍വകലാശാലയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി സ്വാതന്ത്ര്യ സമര സെനാനികള്‍ക്ക് വേണ്ടി ഉള്ള സംവരണ സീറ്റിനായി അപേക്ഷിച്ചപ്പോള്‍ ആണ് ആദ്യം ആ ചോദ്യം പ്രിന്‍സിപ്പാളില്‍ നിന്നും ഉയരുന്നത്.ഗൗര്‍ ദാസ് സമര സേനാനി ആണെന്നുള്ള തെളിവുകള്‍ എവിടെ?തന്‍റെ പിതാവ് പറഞ്ഞത് തെളിവുകളില്‍ കൂടി അവതരിപ്പിക്കാന്‍ കഴിയാതെ വരുന്ന മകന്‍ അലോക് അച്ഛനോട് നീരസം ഉണ്ടാകുന്നു.അപ്പോഴാണ്‌ തന്‍റെ ജീവിതം എന്തിനു വേണ്ടി നല്‍കിയോ അതിന്റെ തെളിവിനായി ഗൗര്‍ ദാസ് ഓടി തുടങ്ങുന്നതും.ഗൗര്‍ ദാസിന്റെ ആ ഓട്ടവും ഇപ്പോഴത്തെ തലമുറയ്ക്ക് അജ്ഞാതമായ ആ സഹനത്തിന്റെ  കാര്യം അവരെ അവതരിപ്പിക്കുവാനായി ശ്രമിക്കുന്നതും ആണ് ബാക്കി കഥ.

  മാധ്യമങ്ങള്‍ക്കും സ്വാതന്ത്ര്യം നേടി കൊടുത്ത തലമുറയ്ക്കും വേണ്ടാത്ത ആളായി വിനയ് പതക് ഗൗര്‍ ദാസ് ആയി മികച്ച അഭിനയം കാഴ്ച വച്ചു.സ്വാതത്ര്യം ലഭിച്ചതിനു ശേഷം ജനങ്ങളുടെ പൊതുവായ വികാരം ചിലപ്പോഴെങ്കിലും ബ്രിട്ടീഷ് ഭരണം മതി എന്നായിരുന്നു.അത്തരം പരാമര്‍ശങ്ങള്‍ ഗൗര്‍ ഹരി ദാസിനെ വിഷമിപ്പിക്കുമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ശത്രു ആരാണെന്ന് അറിയാവുന്ന ആ കാലവും അജ്ഞാതനായ ശത്രുവിനെ തിരിച്ചറിയാന്‍ കഴിയാത്ത ജനാധിപത്യ വ്യവസ്ഥിതിയും ഗൗര്‍ ഹരിദാസിന്റെ അഭിപ്രായം മാറ്റുമോ?തീര്‍ച്ചയായും കണ്ടിരിക്കണ്ട ഭാരതത്തിന്റെ ഇന്നത്തെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്‌.

More movie suggestions @www.movieholicviews.blogspot.com

Tuesday, 10 March 2015

314.UGLY(HINDI,2013)

314.UGLY(HINDI,2013),|Mystery|Thriller|,Dir:-Anurag Kashyap,*ing:-Tejaswini Kohlapure,Rahul Bhay,Ronit Roy,Surveen Chawla.

 Ugly ഒരു മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആണെങ്കിലും അതില്‍ അവതരിപ്പിച്ചിരിക്കുന്നത് മനുഷ്യന്‍റെ സ്വഭാവത്തിലെ ചീത്ത വശങ്ങള്‍ ആണ്.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഈ ചിത്രം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്ത്യയിലെ മധ്യ വര്‍ഗ കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയും ജീവിതത്തോടുള്ള കാഴ്ചപ്പാടും ആണ്.സുഖ സൌകര്യങ്ങള്‍ നോക്കി ജീവിക്കാന്‍ പഠിക്കുന്ന ഒരു തലമുറയുടെ കഥയാണ് അഗ്ലി.

  സിനിമ മോഹവുമായി നടക്കുന്ന രാഹുലിന്റെ കോളേജില്‍ നിന്നുള്ള സുഹൃത്താണ് ശാലിനി.പ്രണയത്തില്‍ ആയ അവര്‍ എന്നാല്‍ പിന്നീട് ജീവിതത്തിലെ മധുരം നിറഞ്ഞ ദിവസങ്ങള്‍ അവസാനിച്ചപ്പോള്‍ വേര്‍പ്പിരിയുന്നു.അവരുടെ മകളായ കാളിയെ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന രീതിയില്‍ ആണ് രാഹുല്‍ ഇപ്പോള്‍ ഉള്ളത്.അവരുടെ രണ്ടു പേരുടെയും സഹപാഠിയായ പോലീസ് മേധാവി റോനിറ്റ് ആണ് ശാലിനിയെ പുന:വിവാഹം ചെയ്തത്.എന്നാല്‍ റോനിറ്റ് ആ ജീവിതം തിരഞ്ഞെടുക്കാന്‍ അയാളുടേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു.മനുഷ്യ മനസ്സിന്റെ വികലമായ ചിന്തകളില്‍ ഒന്നായിരുന്നു ആ വിവാഹം.പതിവ് പോലെ ഒരു ശനിയാഴ്ച മകളുമായി പുറത്തേക്ക് പോയ രാഹുലിന് അവളെ താഴെ പാര്‍ക്ക് ചെയ്തിരുന്ന തന്‍റെ കാറില്‍ നിന്നും മകളെ നഷ്ടം ആകുന്നു.അതിനു ശേഷം ഉള്ള സംഭവങ്ങള്‍ ആണ് ബാക്കി സിനിമ.

  ദുരൂഹമായ രീതിയില്‍ കാണാതായ പെണ്‍ക്കുട്ടിയെ കുറിച്ച് നടക്കുന്ന അന്വേഷണം പലയിടത്തും ലോകത്തോടൊപ്പം സഞ്ചരിക്കാന്‍ വിമുഖത കാണിക്കുന്ന പോലീസുകാരെ അവതരിപ്പിക്കുന്നുണ്ട്.അജ്ഞതയില്‍ അഭിമാനം കൊള്ളുന്ന ഒരു കൂട്ടം ആളുകള്‍ ആയി പോലീസുകാരെ അവതരിപ്പിക്കുന്നു.തിരിച്ചും ഉള്ളവര്‍ ഇല്ല എന്നല്ല അതിന്റെ അര്‍ഥം.തെറ്റായ ദിശയില്‍ ആണോ അന്വേഷണം പോകുന്നതെന്ന് പോലും നോക്കാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി വില പേശുന്ന അമ്മയും അമ്മാവനും അച്ഛനും രണ്ടാം അച്ഛനും എല്ലാം സിനിമ കാണുന്ന പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന വികാരം അധ:പതിച്ച ഒരു സമൂഹത്തെ കുറിച്ചുള്ള വേവലാതികള്‍ ആയി മാറുന്നത് ഇവിടെയാണ്‌.പുകവലി രംഗങ്ങളില്‍ മുന്നറിയിപ്പ് കൊടുക്കാന്‍ ഉള്ള വിമൂഖത കാരണം ചിത്രത്തിന്റെ റിലീസ് വൈകിയത് വിവാദം ആയിരുന്നു.കൊറിയന്‍ ത്രില്ലറുകള്‍ ഒക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് അതേ മട്ടിലും ഭാവത്തിലും നിര്‍മിച്ച മികച്ച ഒരു ഇന്ത്യന്‍ ത്രില്ലര്‍ ആണ് അഗ്ലി.തീര്‍ച്ചയായും കാണാന്‍ ശ്രമിക്കണ്ട ഒന്ന്.

More movie suggestions @www.movieholicviews.blogspot.com


Monday, 9 March 2015

313.INDIA'S DAUGHTER(ENGLISH/HINDI,2015)

313.INDIA'S DAUGHTER(ENGLISH/HINDI,2015),|Documentary|,Dir:-Leslee Udwin

  മനുഷ്യത്വം ഉള്ളില്‍ ഉള്ളവരെ മൊത്തം ഞെട്ടിപ്പിച്ച സംഭവം ആയിരുന്നു 2012 ഡിസംബറിലെ ആ രാത്രിയില്‍ ഓടി കൊണ്ടിരുന്ന ബസ്സില്‍ സംഭവിച്ചത്.ഒരു പക്ഷെ മൃഗങ്ങള്‍ എന്ന് നമ്മള്‍ വിളിക്കുന്ന ക്രൂര ജന്തുക്കള്‍ പോലും സഹ ജീവിയോടു ചെയ്യാന്‍ മടിക്കുന്ന പ്രവര്‍ത്തി ആണ് അന്ന്  നടന്നത്.ഇതിനു മുന്‍പും പിന്‍പും ഇന്ത്യയില്‍ ബലാല്‍സംഘം നടന്നിട്ടില്ല എന്നല്ല.പക്ഷേ സമൂഹത്തിനു മൊത്തം ഇത്തരം ഒരു പ്രവൃത്തിയോടുള്ള കാഴ്ചപ്പാട് മാറാന്‍ ഈ സംഭവം കാരണമായി എന്നത് സത്യം.സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം യുവാക്കള്‍ നടത്തിയ ഏറ്റവും വലിയ പ്രതിഷേധത്തിന്റെ കാരണം ആയി ജ്യോതി എന്ന പെണ്‍ക്കുട്ടിയുടെ മരണം മാറുന്നത് ആണ് കണ്ടത്.

   ഭാരത സംസ്ക്കാരം എന്ന് പറഞ്ഞാല്‍ വീട് ജയില്‍ ആയി കരുതുന്ന സ്ത്രീകള്‍ ഉള്ള ഒരു നാടാണ് എന്നുള്ള കാഴ്ചപ്പാട് വച്ച് പുലര്‍ത്തുന്ന ഒരു കൂട്ടം ആളുകളുടെ ചിന്തകള്‍ക്ക് അനുസരിച്ച് ആണ് നീങ്ങുന്നതെന്ന് തോന്നുന്നു.മതവും സമൂഹവും ജയിലറയില്‍ അടച്ച  സ്ത്രീകളുടെ ജീവിതം ആണ് എല്ലായിടത്തും വരേണ്ടത് എന്ന ചിന്താഗതി സൗദി പോലുള്ള ചില രാജ്യങ്ങളുടെ അവസ്ഥയിലേക്ക് ആണ് ഇന്ത്യയെ കൊണ്ടെത്തിക്കുന്നത് എന്നത് ഖേദകരം ആണ്.പറഞ്ഞു വരുന്നത് ക്രൂരമായ ചെയ്തികള്‍ ചെയ്തതിനെക്കാളും അതിനെ ന്യായീകരിക്കാന്‍ പ്രതികളുടെ അഭിഭാഷകര്‍ ആയ M L Sharma,A P Singh എന്നിവരുടെ വാക്കുകള്‍ ആണ്.എന്റെ രാജ്യത്ത് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കാത്തത് ആണ് സംസ്ക്കാരം എന്നും പെണ്‍ക്കുട്ടികളെ കാണുമ്പോള്‍ കാമത്തോടെ മാത്രമേ നോക്കാന്‍ കഴിയൂ എന്നൊക്കെ പറയുന്നത് തികച്ചും പൈശാചികം ആണ്.ഈ വാക്കുകള്‍ പറഞ്ഞത് M L Sharma ആയിരുന്നു.എന്നാല്‍ അതിലും എത്രയോ ഭീകരം ആയിരുന്നു A P Singh പറഞ്ഞത്.കുടുംബത്തിനു മാനക്കേട്‌ ഉണ്ടാക്കുന്ന സ്വന്തം മകളെ പോലും കുടുംബാങ്ങങ്ങളുടെ മുഴുവന്‍ മുന്നിലിട്ട് കത്തിച്ചു ചാമ്പലാക്കും എന്ന്.

  പെണ്‍ക്കുട്ടി എതിര്‍ക്കാതെ ഇരുന്നിരുന്നെങ്കില്‍ അവളെ കൊള്ളില്ലയിരുന്നു എന്ന് മുകേഷ് എന്നാ മുഖ്യ പ്രതികളില്‍ ഒരാള്‍ പറഞ്ഞതിലും എത്രയോ ഭീകരം ആണ് മുകളില്‍ ഉള്ള വാക്കുകള്‍?ബി ബി സി ഫോര്‍ അവതരിപ്പിച്ച ഈ ഡോക്യു വലിയൊരു വിവാദം ആയി മാറിയിട്ടുണ്ട്.ഇതിന്റെ ആരംഭത്തില്‍ അവതരിപ്പിക്കുന്നത്‌ ജ്യോതിയുടെ മാതാപിതാക്കളെയും പ്രതികളില്‍ ഒരാളായ  മുകേഷും ആയുള്ള സംഭാഷണങ്ങളില്‍ കൂടി ആണ്.മുകേഷ് മറ്റു പ്രതികളുടെ ചെറുപ്പത്തില്‍ ഉള്ള ജീവിതം മുതല്‍ അവരുടെ ക്രൂരത നിറഞ്ഞ സ്വഭാവങ്ങളിലേക്ക് എത്തിക്കുമ്പോള്‍ ജ്യോതിയുടെ മാതാപിതാക്കള്‍ അവളെ വളര്‍ത്താന്‍ വേണ്ടി ജീവിച്ച തങ്ങളുടെ ജീവിതത്തെ കുറിച്ച് വാചാലരാകുന്നു.ജ്യോതിയുടെ മരണം വരെയുള്ള സംഭവങ്ങള്‍ ഗ്രാഫിക്സ് രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് സമൂഹ മനസാക്ഷി ആണ്.

ഈ സംഭവങ്ങള്‍ക്ക് പൊതുവായി പറഞ്ഞ രണ്ടു കാര്യങ്ങള്‍ കേട്ടപ്പോള്‍ ഒരു പക്ഷെ ഇതാകാം ഇത്തരം സംഭവങ്ങളുടെ കാരണം എന്ന് തോന്നി.

1)വിദ്യാഭ്യാസത്തിന്റെ  അഭാവം:-വിദ്യാഭ്യാസം കുറവുള്ള പ്രതികള്‍ ഈ കൃത്യം ചെയ്തു എന്ന് മനസ്സിലാകുമ്പോഴും ഒരു സംശയം മനസ്സില്‍ നില്‍ക്കുന്നു.വിദ്യാഭ്യാസം കിട്ടിയവര്‍ ആരും ബലാല്‍സംഘം ചെയ്യാറില്ലേ?

2)പണക്കാര്‍ കാശ് കൊടുത്തു ലൈംഗിക സുഖം നേടുന്നു.അത് ഇല്ലാത്ത പ്രതികള്‍ക്ക് ആകെ ഉള്ളത് ധൈര്യം മാത്രം.അവര്‍ അതുപയോഗിച്ചു കാര്യം സാധിക്കാന്‍ ശ്രമിക്കുന്നു.ഇതിലും നന്നായി ഈ വാചകത്തെ കുറിച്ച് പറയാന്‍ ഉള്ളത് Sexually Frustrated ആയ ഒരു സമൂഹം ആണ് നമുക്ക് ഉള്ളത് എന്നാണു.അഞ്ചു വര്‍ഷത്തിനു മുന്‍പ് അവസാനമായി ഗ്രാമത്തിലെ സ്ത്രീയെ പ്രാപിച്ച മുകേഷിന് വേറെ എന്ത് ചേതോവികാരം ആണ് ഉണ്ടാവുക?

പ്രതികളില്‍ ഒരാളായ ജുവനൈല്‍ എന്ന് വിളിക്കുന്നവന് മേല്‍പ്പറഞ്ഞ ആദ്യ കാരണം പ്രായോഗികം ആണ്.പക്ഷെ പ്രായപൂര്‍ത്തി ആയ മറ്റുള്ളവര്‍ അവനോടൊപ്പം ചേര്‍ന്ന് നടത്തിയ ഈ ഹീന കൃത്യത്തിനു മാപ്പില്ല എന്ന് തന്നെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദല്‍ഹിയിലെ കോടതി പ്രദര്‍ശനാനുമതി നിഷേധിച്ചത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.കോടതിക്ക് പ്രതികളോട് അനുകമ്പ തോന്നിയോ?ബി ബി സി എന്നത്തേയും പോലെ ഇന്ത്യയുടെ മോശം വശങ്ങളിലേക്ക് തന്നെയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.മൂന്നാം ലോക രാജ്യത്ത് ഉള്ളവനോടുള്ള പുച്ഛം കാണിക്കാന്‍ ഒരു അവസരം.എന്നാലും ഇത്തരം വൃത്തിക്കെട്ട പ്രവൃത്തി കാരണം ആണല്ലോ അങ്ങനെ സംഭവിച്ചത് എന്ന് പറഞ്ഞു ആശ്വസിക്കണ്ട ഗതിയില്‍ ആയി ലോകത്ത് എമ്പാടും ഉള്ള ഇന്ത്യക്കാര്‍.ഇന്ന് ഇത് ടൈപ്പ് ചെയ്യുമ്പോള്‍ ജര്‍മനിയില്‍ "ബാലാസംഘം ചെയ്യുന്നവരുടെ നാട്ടില്‍ "നിന്നും വരുന്നവന് internship അനുവദിക്കണ്ട എന്നാ ഒരു അധ്യാപികയുടെ അഭിപ്രായം ഈ സംഭവം ലോകത്തിനു മുന്നില്‍ പട്ടിണിയുടെയും,മാഫിയകളുടെയും ചീത്ത പേരിനും അപ്പുറം സ്ത്രീകള്‍ക്ക് സുരക്ഷിതം ഇല്ലാത്ത നാട് എന്നൊരു കാഴ്ചപ്പാട് ഉണ്ടാക്കിയത് എന്നും തീരാ കളങ്കം ആയി തന്നെ നിലനില്‍ക്കും.

 ലൈംഗികത ഒളിപ്പിച്ചു വയ്ക്കണ്ട ഒന്നാണ് എന്നും സ്ത്രീകള്‍ അതിനുള്ള ഉപകരണം മാത്രം ആണെന്നും വിചാരിക്കുന്ന സംസ്ക്കാരം നില നില്‍ക്കുന്നിടത്തോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും.ചില വസ്ത്രങ്ങള്‍ പുരുഷന്‍റെ ഞരമ്പിലെ രക്തയോട്ടം കൂട്ടും എന്നുള്ള അഭിപ്രായങ്ങള്‍ തീര്‍ച്ചയായും മറുപടി അര്‍ഹിക്കുന്നില്ല.സ്ത്രീകള്‍ അവര്‍ക്ക് ഇഷ്ടം ഉള്ളത് ധരിക്കട്ടെ .അതവരുടെ സ്വാതന്ത്ര്യം അല്ലെ?ഇത് മനസ്സിലാകാത്തിടത്തോളം ലോകത്തിനു മുന്നില്‍ ഇനിയും നാണം കെടാന്‍ ആകും ഭാരതത്തിന്റെ വിധി..

Saturday, 7 March 2015

312.CONFESSION OF PAIN(MANDARIN,2006)

312.CONFESSION OF PAIN(MANDARIN,2006),|Crime|Drama|Thriller|,Dir:-Wai-Keung Lau, Alan Mak,*ing:-Tony Chiu Wai Leung, Takeshi Kaneshiro, Qi Shu.

  രണ്ടു പോലീസുകാരുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രം ആണ് Confession of Pain എന്ന Hongkong ചിത്രം.ചീഫ് എന്ന് അറിയപ്പെടുന്ന ലാവ് ചിന്നും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ആയ യാവു കിന്നും സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു കൊല ചെയ്യുന്ന കുറ്റവാളിയെ അന്വേഷിച്ചാണ് ആ ക്രിസ്ത്മസ് രാത്രി ഇറങ്ങുന്നത്.തന്ത്രപരമായ രീതിയില്‍ ആ കുറ്റവാളിയെ കീഴ്പ്പെടുത്തിയ അവര്‍ എന്നാല്‍ യാവു കണ്ട കാഴ്ച്ചയുടെ ബാക്കിയെന്നോണം ലാവൂ കണ്ടപ്പോള്‍ ദേഷ്യം വന്ന അയാള്‍ ആ കുറ്റവാളിയുടെ തലയ്ക്കു അടിച്ച്  കൊല്ലുന്നു.അന്നത്തെ രാത്രി എന്നാല്‍ യാവുവിന്റെ ജീവിതത്തില്‍ നിര്‍ണായകം ആയിരുന്നു.തന്നോട് അടുപ്പക്കുറവ് കാണിക്കാന്‍ തുടങ്ങിയിരുന്ന ഭാര്യയുടെ അടുക്കല്‍ അയാള്‍ എത്തിയപ്പോള്‍ അവര്‍ കൈയിലെ ഞരമ്പ്‌ മുറിച്ച് ആത്മഹത്യ ചെയ്തതായി കാണപ്പെട്ടു.

  ആളുകള്‍ എന്തിനാണ് മദ്യം കുടിക്കുന്നത് എന്ന് ചോദിച്ചിരുന്ന യാവൂ ആ സംഭവത്തോടെ തികഞ്ഞ മദ്യപാനി ആയി മാറി.മുഴുവന്‍ നേരവും മദ്യത്തിനു അടിമയായ അയാള്‍ പോലീസില്‍ നിന്നും വിരമിച്ചതിനു ശേഷം സ്വന്തമായി കേസുകള്‍ ഏറ്റെടുത്തു അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു സ്വകാര്യമായി.യാവൂ ,ലാവുവിന്‍റെ കുടുംബവും ആയി അടുക്കുന്നു.ലാവുവിന്‍റെ ഭാര്യയായ സൂസന്‍ യാവുവിന്റെ സുഹൃത്തായി മാറുന്നു.ഈ സമയം എല്ലാം തന്നെ യാവുവിന്റെ ഭാര്യയുടെ മരണത്തിന്‍റെ കാരണം കണ്ടെത്താനും അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.അവള്‍ മരിക്കുന്നതിനു മുന്‍പ് ആരെയോ കാത്തിരുന്ന ബാറില്‍ യാവൂ നിത്യ സന്ദര്‍ശകന്‍ ആയി മാറുന്നു.അയാള്‍ക്ക്‌ അവിടെ നിന്നും ലഭിക്കുന്ന പരിചയം ആണ് ഹംഗ്.സൂസന്റെ അച്ഛനെ ലാവൂ കാണുന്നു.ലാവുവിനെ സൂസന്റെ അച്ഛന് ഇഷ്ടമാകുന്നു.എന്നാല്‍ ഒരു രാത്രി സൂസന്റെ അച്ഛനും കൂടെ അയാളുടെ സന്തത സഹചാരിയും കൊല്ലപ്പെടുന്നു.കൊലപാതകം ചെയ്തു എന്ന് കരുതുന്നവര്‍ പരസ്പ്പരം കൊല്ലപ്പെടുത്തിയ നിലയില്‍ ഒരു ഒറ്റപ്പെട്ട വീട്ടില്‍ കാണപ്പെടുന്നു.

 പോലീസിന്‍റെ ഭാഷ്യത്തില്‍ സൂസന്റെ അച്ഛനെയും സുഹൃത്തിനെയും കൊല്ലപ്പെടുത്തി പണം മോഷ്ടിച്ചവര്‍ അത് വീതം വയ്ക്കുന്ന തര്‍ക്കത്തില്‍  മരിച്ചു എന്നാണു.എന്നാല്‍ സൂസന്‍ അത് വിശ്വസിക്കുന്നില്ല.അവര്‍ യാവുവിന്റെ സഹായം തേടുന്നു,തന്റെ അച്ഛന്റെ കൊലപാതകികളെ കണ്ടെത്താന്‍.കഥയുടെ ചുരുക്കം ഇതാണ്.ഈ ചിത്രം ത്രില്ലര്‍ എന്നതില്‍ ഉപരി ക്രൈം/ഡ്രാമ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഒന്നാണ്.കൊലപാതകി ആരാണെന്നുള്ള യാവുവിന്റെ അന്വേഷണത്തിന്റെ ഒപ്പം അയാള്‍ അന്വേഷിച്ചതും കണ്ടെത്താന്‍ ശ്രമിക്കുന്നു.ബന്ധങ്ങളുടെ വ്യാപ്തിയെ കുറിച്ച് വ്യക്തമായ ഒരു വിവരണം നല്‍കാന്‍ ചിത്രം ശ്രമിക്കുന്നുണ്ട്.

More movie suggestions @www.movieholicviews.blogspot.com

Wednesday, 4 March 2015

311.TABLOID TRUTH(KOREAN,2014)

311.TABLOID TRUTH(KOREAN,2014),|Thriller|Crime|,Dir:-Kwang-shik Kim,*ing:-Jin-yeong Jeong, Kang-woo Kim, Chang-Seok Ko .

  ഗോസ്സിപ്പുകള്‍ നിയന്ത്രിക്കുന്ന ജീവിതങ്ങളും മാധ്യമങ്ങളും ആണ് ഇന്ന് നമ്മുടെ ചുറ്റും ഉള്ളത്.മറ്റൊരാളുടെ ജീവിതത്തില്‍ ഇറങ്ങി നോക്കാന്‍ ഉള്ള ആഗ്രഹം ഒരു അവകാശമായി കൊണ്ട് നടക്കുന്ന ഒരു സമൂഹം എന്ന് പറയാം.അതിനൊപ്പിച്ചു വാര്‍ത്തകള്‍ മെനയുന്ന മാധ്യമങ്ങളും അവ പടച്ചു വിടുന്ന കഥകളും അതിശയോക്തി ഉള്ളവ ആണെങ്കില്‍ പോലും നാവില്‍ തൊടാതെ വിഴുങ്ങാന്‍ ആണ് പലരും ശ്രമിക്കുന്നതും.അത് തന്നെയാണ് ഇത്തരം മാധ്യമങ്ങളുടെ നില നിലനില്‍പ്പിനെ സഹായിക്കുന്നതും.ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രമുഖരെ ആദ്യം അറിയിക്കാന്‍ ഉള്ള സംവിധാനം ആണ് ദക്ഷിണ കൊറിയയില്‍ tipsheets എന്നറിയപ്പെടുന്ന മെയിലുകള്‍.Tipsheets ന്‍റെ വരിക്കാര്‍ക്ക് വാര്‍ത്തകള്‍ ആദ്യം തന്നെ ലഭിക്കുന്നു.വാര്‍ത്തകള്‍ ആദ്യം അറിയിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള  സംവിധാനം പ്രമേയം ആയി വരുന്ന ചിത്രം ആണ് Tabloid Truth.

  മി-ജിന്‍ വളര്‍ന്നു വരുന്ന നടിയാണ്.അവള്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ ആണ് വൂ ഗൂണ്‍ അവളെ ശ്രദ്ധിക്കുന്നത്.അവളില്‍ ഉള്ള ആത്മവിശ്വാസം വൂ ഗൂനിനെ ആകര്‍ഷിച്ചു.പുതിയ പ്രതിഭകളെ കണ്ടെത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ ആയ വൂ ഗൂണിനെ മി-ജിന്നിനെ പിന്തുണച്ചതിന്റെ പേരില്‍ പുറത്താക്കുന്നു.എന്നാല്‍ മി-ജിന്‍ തന്‍റെ മാനേജര്‍ ആകാന്‍ വൂ-ഗൂണിനോട് അഭ്യര്‍ത്ഥിക്കുന്നു.വൂ-ഗൂണ്‍ അവള്‍ക്കു വേണ്ടി വളരെയധികം കഷ്ടപ്പെടുന്നു.പ്രശസ്തിയുടെ പടവുകള്‍ മി-ജിന്‍ കയറി വരുമ്പോള്‍ ആണ് കൊറിയയിലെ ഒരു രാഷ്ട്രീയക്കാരനും ആയി അവള്‍ക്കു ബന്ധം ഉണ്ടെന്ന വാര്‍ത്തകള്‍ പരക്കുന്നു.മി-ജിന്‍ അതില്‍ വിഷമിക്കുന്നു.ഒപ്പം അവളുടെ അഭിനയ ജീവിതത്തിലും അത് പ്രശ്നം ഉണ്ടാക്കുന്നു.മി-ജിന്‍ ആത്മഹത്യ ചെയ്യുന്നു.

വൂ-ഗൂണ്‍ ,അവള്‍ക്കെതിരെ വന്ന വാര്‍ത്തകള്‍ കാരണം ആണ് ആത്മഹത്യ ചെയ്തതെന്ന് വിശ്വസിക്കുന്നു.ആ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ തീരുമാനിക്കുന്നു.എന്നാല്‍ വൂ-ഗൂണിന്റെ ചിന്തകള്‍ക്കും അപ്പുറം ആയിരുന്നു സംഭവങ്ങള്‍.സമൂഹത്തിലെ ഉന്നതരും മീഡിയയും എല്ലാം ചേര്‍ന്ന മാഫിയയ്ക്ക് അവര്‍ പടച്ചു വിടുന്ന വാര്‍ത്തകള്‍ക്കും അപ്പുറം ഉള്ള രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഉണ്ടായിരുന്നു.എന്നാല്‍ വൂ-ഗൂണ്‍ അതിനെ നേരിടാന്‍ തീരുമാനിക്കുന്നു.ആ കഥയാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.ഒരു മികച്ച കൊറിയന്‍ ത്രില്ലര്‍ ആണ് Tabloid Truth.മികച്ച ബി ജി എം കൂടി ആയപ്പോള്‍ ഒറ്റ ഇരുപ്പില്‍ കണ്ടു തീര്‍ക്കാവുന്ന മികച്ച ത്രില്ലര്‍ ആയി ചിത്രം മാറി.കൊറിയന്‍ ത്രില്ലറുകളുടെ ആരാധകര്‍ക്ക് ഇഷ്ടം ആകുന്ന ചിത്രം.

More movie suggestions @www.movieholicviews.blogspot.com

Tuesday, 3 March 2015

310.THE SECRET IN THEIR EYES(SPANISH,2009)

310.THE SECRET IN THEIR EYES(SPANISH,2009),|Drama|Crime|Mystery|,Dir:-Juan José Campanella,*ing:-Ricardo Darín, Soledad Villamil, Pablo Rago.

  2010 ലെ അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച വിദേശ ഭാഷ ചിത്രം ആയി തിരഞ്ഞെടുത്തത് The Secret in their Eyes എന്ന ഈ സ്പാനിഷ് ചിത്രം ആയിരുന്നു.

  നിയമ സംവിധാനത്തില്‍ ഉള്ള    ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം ഒറ്റയ്ക്കായ ബെഞ്ചമിന്‍ എസ്പോസിടോ തന്‍റെ ജോലിയില്‍ നേരിടേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ച് നോവല്‍ എഴുതാന്‍ തീരുമാനിക്കുന്നു.അതിനായി അയാള്‍ പണ്ട് ജോലി ചെയ്ത ആ ഓഫീസിലേക്ക് പോകുന്നു.കേസുകളുടെ ഒപ്പം തന്‍റെ ജീവിതത്തിലെ നഷ്ട പ്രണയം സംഭവിച്ച സ്ഥലമായിരുന്നു അത്.ഇപ്പോള്‍ ജഡ്ജി ആയ ഐറിനോട് അന്ന് ബെഞ്ചമിന് പ്രണയം ഉണ്ടായിരുന്നു.എന്നാല്‍ അയാള്‍ അത് തന്നില്‍ തന്നെ അവശേഷിപ്പിച്ചു ആ പ്രണയം.

  1974 ല്‍ നടന്ന ഒരു കൊലപാതക- ബലാല്‍സംഗ കേസ് ആയിരുന്നു ബെഞ്ചമിന്‍ തന്‍റെ നോവലിന് ആധാരം ആക്കാന്‍ തീരുമാനിച്ചത്.ലിലിയാന എന്ന സ്ത്രീയെ കൊല്ലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ കിട്ടാതെ നില്‍ക്കുമ്പോഴാണ് ബെഞ്ചമിന്‍ ലില്യാനയുടെ ഭര്‍ത്താവ് കാണിച്ച ഫോട്ടോകളില്‍ നിന്നും ആ തെളിവ് കണ്ടെത്തുന്നത്.കേസില്‍ പ്രതി എന്ന് സംശയിക്കുന്ന ഗോമസിനെ കണ്ടെത്താന്‍ ആദ്യം സാധിക്കുന്നില്ല.എന്നാല്‍ അയാള്‍ അയച്ച ചില എഴുത്തുകള്‍ ഗോമസിനെ കണ്ടത്താന്‍ സഹായകരം ആകുന്നു.പക്ഷെ കേസന്വേഷണം കഴിഞ്ഞതിനു ശേഷം നടന്ന ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രതിയുടെ രക്ഷയ്ക്കെത്തുന്നു.ലിലിയാനയുടെ ഭര്‍ത്താവായ റിക്കാര്‍ഡോ മോരാല്‍സ് തനിക്കു ലഭുച്ച നീതിയില്‍ വിഷമിക്കുന്നു.ഈ കഥയാണ് ബെഞ്ചമിന്‍ തന്‍റെ നോവലിന് ആധാരം ആക്കാന്‍ ശ്രമിക്കുന്നത്,

  എന്നാല്‍ സിനിമയുടെ പേര് പോലെ തന്നെ നിഗൂഡത ഒളിപ്പിച്ചു വച്ച ഒരു കൂട്ടം ആളുകളെ ആണ് ബെഞ്ചമിന് ആ ഓഫീസില്‍ എത്തിയത് മുതല്‍ കാണാന്‍ സാധിച്ചത്.താന്‍ ആരാണെന്നും തന്‍റെ ഓര്‍മകളില്‍ ബാക്കി ഉള്ളവര്‍ ബാക്കി എന്താണെന്നും ഉള്ള ഒരു തിരിച്ചറിവിലൂടെ ആണ് ബെഞ്ചമിന്‍ പിന്നീട് സഞ്ചരിക്കുന്നത്.ചിത്രം പൂര്‍ത്തിയാകുമ്പോള്‍ ബെഞ്ചമിന്‍ നോവലും തയ്യാറാക്കുന്നു.എന്നാല്‍ അയാള്‍ നോവല്‍ എഴുതാന്‍ തുടങ്ങിയതില്‍ നിന്നും ഏറെ മാറിയിരുന്നു.ബെഞ്ചമിന്‍ നോവല്‍ എഴുതാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ ഉണ്ടായ അയാളുടെ മാനസിക നിലയും അയാളുടെ ജീവിത കാഴ്ചപ്പാടുകളും ആണ് ചിത്രത്തില്‍ ഉടന്നീളം.അര്‍ജന്റീനയില്‍ ഉള്ള മികച്ച നടന്മാരില്‍ ഒരാള്‍ ആയ റിക്കാര്‍ഡോ ടാരിന്‍ ബെഞ്ചമിന്‍ ആയി മികച്ച അഭിനയം ആണ് കാഴ്ച വച്ചത്.ഒരു മികച്ച ക്ലാസിക് ത്രില്ലര്‍ ചിത്രം ആണ് Secret in their Eyes.ഈ ചിത്രം ഉടന്‍ തന്നെ ഹോളിവുഡ് റീമേക്ക് ആയി ചിവട്ടള്‍ എജിയോഫോര്‍ നായകനായി ഈ വര്‍ഷം റിലീസ് ആകും.

More movie suggestions @www.movieholicviews.blogspot.com














Monday, 2 March 2015

309.TIME LAPSE(ENGLISH,2014)

309.TIME LAPSE(ENGLISH,2014),|Sci-Fi|Thriller|,Dir:-Bradley King,*ing:-Danielle Panabaker, Matt O'Leary, George Finn.

  ടൈം ട്രാവല്‍ മനുഷ്യനെ ഭ്രമിപ്പിക്കുന്ന ഒന്നാണ് എന്നാണു പലപ്പോഴും തോന്നിയിട്ടുള്ളത്.കാരണം ആ ഒറ്റ പ്രമേയം വച്ച് വന്ന ചിത്രങ്ങളുടെ എണ്ണം മാത്രം എടുത്താല്‍ മതി.കുറേ ഏറെ വര്‍ഷങ്ങള്‍ പുറകോട്ടു പോയും അല്ലെങ്കില്‍ മുന്നോട്ടു പോയും ജീവിതത്തെ കുറിച്ച് മറ്റൊരു കാഴ്ചപ്പാട് ഉണ്ടാകാന്‍  ഇത്തരം യാത്രകള്‍ക്ക് സാധിക്കും എന്നതാകും കാരണം.ഒരു ടൈം മെഷീനില്‍ കയറി ഇങ്ങനെ ഒക്കെ യാത്ര ചെയ്യണം എന്ന് എനിക്കും പലപ്പോഴും തോന്നാറുണ്ട്.

  .സുഹൃത്തുക്കളായ ഫിന്‍,ജാസ്പര്‍ എന്നിവര്‍ ഒരുമിച്ചാണ് താമസിക്കുന്നത്.ഫിന്നിന്റെ കാമുകിയായ കാലിയും അവരോടൊപ്പം ഉണ്ട്.ഫിന്‍ ഒരു ചിത്രം വരക്കാരന്‍ ആകാന്‍ ആണ് ആഗ്രഹിക്കുന്നത്.എന്നാല്‍ ഭാവനയ്ക്ക് ഉണ്ടായ തടസ്സം അയാളെ അലട്ടുന്നുണ്ട്.അവര്‍ താമസിക്കുന്ന വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീടുകളുടെ മേല്‍നോട്ടക്കാരന്‍ ആണ് ഫിന്‍.ജാസ്പര്‍ സ്വല്‍പ്പം തരികിട ആണ്.എളുപ്പ വഴിയില്‍ പണം ഉണ്ടാക്കാന്‍ അയാള്‍ പന്തയങ്ങള്‍ നടത്തുന്നു.എന്നാല്‍ അയാള്‍ അതില്‍ പരാജയം ആയിരുന്നു.കാലി ഹോട്ടലില്‍ വെയിറ്റര്‍ ആയാണ് ജോലി ചെയ്യുന്നത്.മൂന്നു പേരുടെയും പ്രശ്നം പണം ആയിരുന്നു.

   വാടക കെട്ടിടങ്ങളില്‍ ഒന്നില്‍ താമസിക്കുന്ന Dr.ബെസേരിടസ് എന്നയാളുടെ തിരോധാനം അയാള്‍ വാടക കുടിശിക വരുത്തിയപ്പോള്‍ ആണ് ഫിന്‍ ശ്രദ്ധിക്കുന്നത്.കാലി അയാളെ അന്വേഷിച്ചു മുറിയിലേക്ക് പോകുന്നു.എന്നാല്‍ ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന അവരുടെ മൂന്നു പേരുടെയും ഫോട്ടോകളില്‍ നിന്നും Dr.ബെസേരിടസ് അവരുടെ ജീവിതം ഒളി ക്യാമറയില്‍ ഒപ്പുകയായിരുന്നു എന്ന് കരുതുന്നു.എന്നാല്‍ അല്‍പ്പ നേരത്തിനു ശേഷം അവര്‍ അത് മനസ്സിലാക്കി.അവര്‍ മനസ്സിലാക്കിയ ആ രഹസ്യം ആണ് ബാക്കി ചിത്രം.അവരുടെ എല്ലാം ജീവിതം മാറ്റി മറിക്കുന്ന രഹസ്യം ആയിരുന്നു അത്.
ക്ലൈമാക്സ് രംഗം അല്‍പ്പം വ്യത്യസ്തം ആയി തോന്നി.മനുഷ്യന്‍റെ ചിന്തകള്‍ക്കും അപ്പുറം സമയത്തിന് മാറ്റങ്ങള്‍ വരുത്താന്‍ ഉള്ള കഴിവ് ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറം ആണെന്ന് മനസ്സിലാകും.

More movie suggestions @www.movieholicviews.blogspot.com

1890. Door (Japanese, 1988)