Friday, 21 November 2014

230.TANGERINES(ESTONIAN,2013)

230.TANGERINES(ESTONIAN,2013),|Drama|,Dir:-Zaza Urushadze,*ing:-Lembit Ulfsak,Misha Meskhi, Giorgi Nakashidze, Elmo Nüganen.

 1992-'93 കാലഘട്ടത്തില്‍  ജോര്‍ജിയയില്‍ നിന്നും അബ്ഖാസിയ എന്ന പുതിയ രാജ്യത്തിന് വേണ്ടി ജോര്‍ജിയന്‍ സര്‍ക്കാരും ആയി   വിമതര്‍ നടത്തിയ യുദ്ധത്തെ ആസ്പദം ആക്കി ആണ് Tangerines എന്ന എസ്ടോനിയന്‍ സിനിമ വികസിക്കുന്നത്.എസ്ടോനിയന്‍ വംശജര്‍ ഈ യുദ്ധത്തിന്റെ സമയം അവരുടെ മാതൃദേശങ്ങളിലേക്ക് തിരിച്ചു പോയിക്കൊണ്ടിരുന്നു.എന്നാല്‍ ആ ഗ്രാമത്തില്‍ അവസാനം മൂന്നു പേര്‍ മാത്രം അവശേഷിച്ചു.വൃദ്ധന്‍ ആയ ഇവോയും,ഓറഞ്ചു കൃഷി നടത്തുന്ന മാര്‍ഗസ്സും പിന്നെ ഡോക്റ്റര്‍ ആയ ജുഹാനും.ഒരു ദിവസം രണ്ടു പേര്‍ ഇവോയുടെ വീട്ടില്‍ തോക്കും ആയി വന്നു.പുതിയ രാജ്യത്തിനായി വാദിക്കുന്ന വിമത സേനയിലെ അംഗങ്ങള്‍ ആയ ഇബ്രാഹിം ,അഹമദ് എന്നിവരായിരുന്നു അവര്‍.അവര്‍ ഇവോയോടു ഭക്ഷണം ആവശ്യപ്പെടുന്നു.ഇവോയുടെ ആകെ സ്വന്തം  എന്ന് പറയാവുന്ന  ചെറു മകള്‍ പോലും യുദ്ധം തുടങ്ങിയ സമയം തിരികെ നാട്ടിലേക്ക് പോയിരുന്നു.എന്നാല്‍ ആ നാടിനെ വളരെയധികം ഇഷ്ടപ്പെട്ട ഇവോ അവിടെ നിന്നും പോകുന്നില്ല.ഇവോ അവര്‍ക്ക് ഭക്ഷണം നല്‍കുന്നു.മാര്‍ഗാസ് ആ സമയം തന്റെ ഓറഞ്ചു തോട്ടത്തില്‍ പണിയില്‍ ആയിരുന്നു.പിറ്റേ ദിവസം ഓറഞ്ചു പറിച്ചെടുക്കാന്‍ സഹായിക്കുന്നതിനായി ആളുകള്‍ വരുമെന്ന് ഒരു മേജര്‍ അയാള്‍ക്ക്‌ ഉറപ്പു കൊടുത്തിരുന്നു.അതും പ്രതീക്ഷിച്ചു ആണ് മാര്‍ഗസ് ഇരിക്കുന്നത്.ആ ഓറഞ്ചു വിറ്റ കാശ് കൊണ്ട് വേണം അയാള്‍ക്ക്‌ സ്വന്തം നാട്ടിലേക്ക് പോകാന്‍.ഓറഞ്ചു കൊണ്ട് പോകാന്‍ ഉള്ള തടി പെട്ടികളുടെ നിര്‍മാണത്തില്‍ ആയിരുന്നു ഇവോ.

  എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം ഒരു ആക്രമണം നടന്നതിന്‍റെ ശബ്ദം കേട്ട ഇവോ ഓടി മാര്‍ഗസ്സിന്റെ ഓറഞ്ചു തോട്ടത്തില്‍ എത്തുന്നു.അവിടെ മരിക്കാറായി കിടക്കുന്ന അഹമ്മദിനെ അവര്‍ കാണുന്നു.ഇബ്രാഹിം ആദ്യം തന്നെ മരണപ്പെട്ടിരുന്നു.ജോര്‍ജിയന്‍ സേനയും ആയുള്ള വെടിവെപ്പില്‍ ആണ് ഇബ്രാഹിം മരിച്ചത്.ജോര്‍ജിയന്‍ സേനയില്‍ മൂന്നു പേരും മരിച്ചിരിക്കുന്നു.ഇവോയും മാര്‍ഗസ്സും കൂടി അവരെ ഒരു കുഴി ഉണ്ടാക്കി ഒരുമിച്ചു അടക്കാന്‍ ശ്രമിക്കുന്ന സമയം ജോര്‍ജിയന്‍ സേനയിലെ ഒരു സൈനികന് ജീവന്‍ വന്നതായി തോന്നി.അവര്‍ ബാക്കി ഉള്ള ശവങ്ങള്‍ മൂടിയതിന് ശേഷം അയാളെയും കൊണ്ട് ഇവോയുടെ വീട്ടില്‍ പോകുന്നു.അഹമ്മദ് നേരത്തെ തന്നെ ഇവോയുടെ ശുശ്രൂഷയില്‍ ആണ്.അവര്‍ ഡോക്റ്റര്‍ ആയ ജഹാനെ വിളിച്ചു വരുത്തി.ജോര്‍ജിയന്‍ സൈനികന്റെ തലയില്‍ റോക്കറ്റ് ആക്രമണത്തില്‍ തറച്ച ഷെല്‍ ആണ് പ്രശ്നക്കാരന്‍.എന്നാല്‍ ബോധം കെട്ടു അയാള്‍ കിടന്നെങ്കിലും അയാള്‍  രക്ഷപ്പെടാന്‍  ഉള്ള സാധ്യതകള്‍ കൂടിയിരുന്നു.എന്നാല്‍ പതുക്കെ മുറിവുകള്‍ ഭേദം ആയ അഹമദ് അപ്പുറത്തെ മുറിയില്‍ തന്‍റെ ശത്രുക്കളില്‍ ഒരാള്‍ ആണ് കിടക്കുന്നത് എന്നറിഞ്ഞപ്പോള്‍ അയാളെ കൊല്ലും എന്ന് ഇവോയോടു പറയുന്നു.അഹമ്മദ് അയാളെ കൊല്ലുമോ?സ്വന്തം ജീവിതം ശത്രുവിനെ ഇല്ലാതാക്കാന്‍ വേണ്ടി മാറ്റി വച്ച അയാളുടെ വാക്കുകള്‍ സംഭവ്യം ആകുമോ?

  യുദ്ധങ്ങള്‍ ആര്‍ക്കു വേണ്ടി ആണ്?പലപ്പോഴും അത് മണ്ണിനു വേണ്ടി ആകുമ്പോള്‍ അവ തീക്ഷണം ആകുന്നു.എന്നാല്‍ ഇതില്‍ ഇരു വശത്ത് നില്‍ക്കുന്ന നേതാക്കള്‍ മാത്രം അല്ലാതെ സൈനികര്‍ ഇതില്‍ എന്ത് മാത്രം പ്രാധാന്യം കൊടുക്കുന്നു എന്നതും ചിന്തിക്കണ്ട കാര്യം ആണ്.ഒരു പക്ഷേ വംശീയം ആയും മതത്തിന്‍റെ പേരിലും പോര്‍വിളികള്‍ നടത്തുന്നവര്‍ പോലും ഒരു പക്ഷേ മനസ്സില്‍ ഇതൊന്നും ആഗ്രഹിക്കുന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്.ഈ അടുത്ത് കണ്ട മികച്ച സിനിമകളില്‍ ഒന്നാണ് ഈ എസ്റ്റോണിയന്‍ ചിത്രം.ജീവിതവും ജീവിത യാഥാര്‍ത്ഥ്യവും ഭംഗിയായി അവതരിപ്പിക്കുന്നതില്‍ സാസായുടെ സംവിധാന മികവിന് സാധിച്ചിട്ടുണ്ട്.സംഗീതം അതി മനോഹരം ആയിരുന്നു.ഒരു പ്രത്യേക അനുഭവം ആണ് ഈ ചിത്രം.അത് പോലെ തന്നെ സംഗീതവും.ഈ വര്‍ഷത്തെ ഓസ്കാര്‍ നാമനിര്‍ദേശം ആയി ഉള്ള എസ്റ്റോണിയന്‍ സിനിമ ഇതാണ്.ചിത്രത്തിന് മികച്ച വിദേശ ഭാഷ സിനിമയ്ക്കുള്ള പുരസ്ക്കാരം ലഭിക്കാന്‍ നല്ല സാധ്യത കാണുന്നുണ്ട്.അത്രയും ഹൃദ്യം ആയിരുന്നു പോര്‍വിളികള്‍ നടത്തിയവരുടെ ബന്ധം അവതരിപ്പിച്ചിരിക്കുന്നത്.



More reviews @ www.movieholicviews.blogspot.com


No comments:

Post a Comment