Tuesday, 28 October 2014

207.THE QUIET FAMILY(KOREAN,1998)


207.THE QUIET FAMILY(KOREAN,1998),|Crime|Thriller|Comedy|,Dir:-Kim Jee-woon,*ing:-In-hwan Park, Mun-hee Na, Kang-ho Song

  കൊറിയന്‍ സിനിമയിലെ മികച്ച ബ്ലാക്ക് കോമഡി/ത്രില്ലര്‍ ചിത്രം.

  ഒരു സുഹൃത്ത്‌ ഈ ചിത്രത്തെക്കുറിച്ചും അതിന്റെ പ്ലോട്ടിനെ കുറിച്ചും പറഞ്ഞപ്പോള്‍ പെട്ടന്ന് തന്നെ ഈ ചിത്രം കാണാന്‍ തീരുമാനിച്ചു.കൊറിയന്‍ സിനിമയുടെ പതിവ് രീതികളില്‍ നിന്നും വ്യത്യസ്തം ആയ സിനിമ.പ്രത്യേകിച്ചും ഒരു ത്രില്ലര്‍ ചിത്രം ഇത്രയും ബ്ലാക്ക് കോമഡി ഒക്കെ ഉപയോഗിച്ച് കൊറിയയില്‍ എടുത്തു കണ്ടത് Paradise Murdered എന്ന ചിത്രത്തില്‍ ആണ്.സമാനമായ ഒരു തീം ആണെങ്കിലും അല്‍പ്പം കൂടി മികവു ഈ ചിത്രത്തിന് ഉണ്ടായിരുന്നു.നേരത്തെ പറഞ്ഞ സിനിമയില്‍ കുറച്ചും കൂടി കറുത്ത വശങ്ങള്‍ കാണിച്ചപ്പോള്‍ ഇത് മൊത്തത്തില്‍ അബദ്ധങ്ങളുടെ പെരുമഴയില്‍ വീണുള്ള ത്രില്ലര്‍ ചിത്രം ആയി മാറി.

  കൊറിയന്‍ സിനിമകളിലെ സ്ഥിരം ക്ലീഷേകളില്‍ ഒന്നാണ് കൊലപാതകങ്ങള്‍.പലപ്പോഴും ത്രില്ലര്‍ സിനിമ കാണുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും കൂടുതല്‍ മൂഡ്‌ ആ ചിത്രങ്ങള്‍ നല്‍കാറുണ്ട്.എന്നാല്‍ ഈ ചിത്രം അത്തരത്തില്‍  ഒരു മൂഡ്‌  തന്നിരുന്നു എങ്കിലും കൂടെ തമാശയും ഉണ്ടായിരുന്നു.കാംഗ് ഡി പര്‍വത മുകളില്‍ ഒരു വീട് വാങ്ങുന്നു.ഒറ്റപ്പെട്ടു നില്‍ക്കുന്ന ആ വീട് അയാള്‍ ഒരു ലോഡ്ജ് ആക്കി മാറ്റുന്നു.അയാളുടെ കൂട്ടിനു ഭാര്യയും ഒരു മകനും രണ്ടു പെണ്‍ക്കുട്ടിയും അനുജനും ഉണ്ട്.സാധാരണക്കാര്‍  ആയ അവര്‍ക്ക് ഹോട്ടല്‍ ബിസിനസ്സിനെ കുറിച്ച് ഒന്നും അറിയില്ല.വല്ലപ്പോഴും മാത്രം സന്ദര്‍ശകര്‍ വരുന്ന ആ സ്ഥലത്ത് അവര്‍ക്ക് ബിസിനസ് ഒന്നും ലഭിക്കുന്നില്ല.ഒരാള്‍ പോലും അവിടെ താമസിക്കാന്‍ എത്തുന്നില്ല.ആ ഇടയ്ക്ക് ഒരു വൃദ്ധ അവിടെ വന്നു എന്തോ മന്ത്രം ചൊല്ലിയിട്ട്‌ എല്ലാവരോടും സൂക്ഷിച്ചു ഇരിക്കാന്‍ പറയുന്നു.അവര്‍ക്ക് ആദ്യ അതിഥിയെ അല്‍പ്പ ദിവസത്തിനുള്ളില്‍ ലഭിക്കുന്നു.അവര്‍ ആവശ്യപ്പെട്ട പണം നല്‍കിയതിനു ശേഷം മൂന്നു ബിയറും വാങ്ങി അയാള്‍ മുറിയില്‍ പോയി.അന്ന് രാത്രി അയാളെ അവസാനം കണ്ടത് കാംഗ് ഡിയുടെ പുത്രന്‍ കാംഗ് യംഗ് ആയിരുന്നു.എന്നാല്‍ പിറ്റേ ദിവസം ആ മുറിയുടെ താക്കോല്‍ കൊണ്ട് കുത്തി കൊല്ലപ്പെട്ട നിലയില്‍ അയാളുടെ ശവം കാണുന്നു.അയാളുടെ പേഴ്സ് കാണാതെ ആയതും മറ്റും എഴുത്തുകള്‍ ഒന്നും കിട്ടാത്തത് കൊണ്ടും കാംഗ് യംഗ് ആയിരിക്കും കൊലപാതകം നടത്തിയത് എന്ന് കരുതി അവര്‍ ശവശരീരം മലമുകളില്‍ കുഴിച്ചിടുന്നു.പരമ്പരയായുള്ള മരണങ്ങളളുടെ തുടക്കം ആയിരുന്നു അത്.പിന്നീട് നടന്ന മരണങ്ങള്‍ എങ്ങനെ ഒക്കെ ആയിരുന്നു എന്ന് കാണുക.ഒരു രഹസ്യം ഒളിച്ചു വയ്ക്കുന്നതിലൂടെ എല്ലാവരും ബാധിക്കപ്പെടുന്നു.

  എന്തായിരിക്കാം ഈ മരണങ്ങളുടെ കാരണം?ആ വൃദ്ധ പറഞ്ഞത് പോലെ ഉള്ള ദുഷ്ട ശക്തികള്‍ ആണോ?അതോ മറ്റെന്തെങ്കിലും?എമിര്‍ കുസ്ടൂരിക്കയുടെ സിനിമകളില്‍ കാണുന്നത് പോലെ ഉള്ള ഡാര്‍ക്ക് കോമഡി സിനിമകളുടെ ശൈലി ആണ് ഈ ചിത്രവും സ്വീകരിച്ചിരിക്കുന്നത്.കൊറിയന്‍ സിനിമകളില്‍ അപൂര്‍വ്വം ആയി സംഭവിക്കാവുന്ന ഒന്നാണ് ഇതെന്ന് തോന്നുന്നു.തീര്‍ച്ചയായും കൊറിയന്‍ സിനിമയുടെ ആരാധകരെ രസിപ്പിക്കും ഈ ചിത്രം എന്ന് കരുതുന്നു.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment