Saturday 23 August 2014

163.MUNNARIYIPPU(MALAYALAM,2014)

163.MUNNARIYIPPU(MALAYALAM,2014),Dir:-Venu,*ing:-Mammootty,Aparna Gopinath.

സി കെ രാഘവന്‍;ജീവിതത്തില്‍ അയാള്‍ക്ക്‌ കുറെയേറെ കാഴ്ചപ്പാടുകള്‍ ഉണ്ട്.പലതും രസകരവും ചിന്തിപ്പിക്കുന്നതുമാണ്.എന്നാല്‍ അയാള്‍ ജീവിതത്തിലെ സ്വാതന്ത്ര്യം ജയില്‍ ആണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ്.അയാളുടെ കാഴ്ചപ്പാടുകള്‍ അതിനെ ശരി വയ്ക്കുകയും ചെയ്യുന്നുണ്ട്.ജീവിതത്തില്‍ ,അയാള്‍ ചെയ്തു എന്ന്‍ നിയമം വിധി എഴുതിയ രണ്ട് കൊലപാതകങ്ങള്‍ എന്നാല്‍ അയാള്‍ക്ക്‌ ഒരു ഇരയുടെ മുഖഭാവം ആണ് നല്‍കിയത്.താന്‍ ആ കൊലപാതകങ്ങള്‍ ചെയ്തില്ല എന്ന് പറയുമ്പോള്‍ സഹതാപം അയാള്‍ അര്‍ഹിക്കുന്നു എന്ന് പ്രേക്ഷകന് തോന്നും.പലപ്പോഴും നിഷ്ക്കളങ്കന്‍ ആയ അയാള്‍ ആ പാതകങ്ങള്‍ ചെയ്തില്ല എന്ന് പലരും കരുതുന്നു.അഞ്ജലി അറക്കല്‍ എന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകയ്ക്കും അങ്ങനെ തോന്നുന്നു.കാശിനോട് ആഗ്രഹം ഉള്ള നവ മാധ്യമ പ്രവര്‍ത്തക ആണ് അഞ്ജലി.അവരുടെ മേച്ചില്‍പ്പുറങ്ങള്‍ മാധ്യമ ധര്‍മ്മം,പ്രൊഫഷനല്‍ എത്തിക്ക്സ് എന്നിവയില്‍ നിന്നും അകലെയാണ് പലപ്പോഴും.അതിന്‍റെ മറു വശം കാണിക്കാന്‍ ആണ് ചന്ദ്രാജി എന്ന കഥാപാത്രം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.ഒരു പകരം എഴുത്തുകാരി ആയാണെങ്കിലും അല്‍പ്പം പുത്തന്‍ കിട്ടിയാല്‍ മതി എന്ന് കരുതുന്ന ഒരാള്‍ ആണ് അഞ്ജലി.ഒരിക്കല്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് വേണ്ടി അയാളുടെ ആത്മകഥ എഴുതാന്‍ അഞ്ജലിയ്ക്ക് അവസരം ലഭിക്കുന്നു.

  വിരസമായ ഒരു സര്‍വീസ് കഥയേക്കാളും അവരെ ആകര്‍ഷിച്ചത് അവിടെ കണ്ടു മുട്ടിയ സി കെ രാഘവന്‍ എന്ന ജയില്പ്പുള്ളിയെ കുറിച്ചുള്ള അറിവായിരുന്നു.ജീവപര്യന്തം അവസാനിച്ചിട്ടും ജയില്‍ വിട്ടു പോകാന്‍ മനസ്സിലാത്ത ഒരാള്‍.ഒരു കുറ്റവാളി എന്ന് തന്നില്‍ ആരോപിക്കപ്പെട്ട കുറ്റത്തിന് ഒഴികെ മറ്റൊരിക്കലും കുറ്റം സ്ഥാപിക്കാന്‍ കഴിയാത്ത വ്യക്തിത്വം ആയിരുന്നു അയാള്‍ക്ക്.അയാളുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ അഞ്ജലി ശ്രമിക്കുന്നു.രാഘവന്‍ സ്വാതന്ത്ര്യം ഒരിക്കലും ആഗ്രഹിക്കുന്നില്ല.അയാള്‍ പുറത്തേക്കു ഇറങ്ങിയാല്‍ തന്റെ ജീവിതം എന്താകും എന്ന് സംശയിക്കുന്നും ഉണ്ട്.എന്നാല്‍ അഞ്ജലി അയാളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു.വ്യക്തമായ ആശയങ്ങള്‍ തന്‍റെ ഡയറിയില്‍ കുറിച്ചിട്ടിരുന്ന അയാള്‍ ബുദ്ധിജീവി ചമയുന്ന പുറം ലോകത്തിന് ഒരു അത്ഭുതം ആയിരുന്നു.അത് അയാളുടെ വിജയം ആയി മാറുന്നു.രാഘവനും അയാളുടെ ആശയങ്ങളും പ്രശസ്തി നേടുന്നു.പതിയെ പൊയ്ക്കൊണ്ടിരുന്ന ഒരു കഥ അവിടെ നിന്നും മാറുന്നു.നമ്മള്‍ രാഘവനെ പിന്നെ കാണുന്നത് വ്യത്യസ്തമായ മറ്റൊരു മുഖത്തില്‍ ആണ്.അയാള്‍ സ്വാത്യന്ത്ര്യത്തിന്റെ ലോകം ആഗ്രഹിക്കുന്നില്ല എന്ന് തോന്നി പോകും പലപ്പോഴും.പ്രത്യേക രീതിയില്‍ വിരലുകള്‍ പിണഞ്ഞ് അയാള്‍ സമയം കളയുന്നു.എന്നാല്‍ അയാളുടെ മുന്നില്‍ ഉള്ള സമയം വളരെയധികം കുറവും ആണ്.അയാള്‍ക്ക്‌ പുറം ലോകത്തിന്‍റെ സ്വാതന്ത്ര്യം എന്ത് കൊണ്ട് ഇഷ്ടം ആകുന്നില്ല എന്നതിനുള്ള ഉത്തരം ആണ് സംവിധായകന്‍ വേണുവും കഥാകൃത്ത്‌ ഉണ്ണി ആറും അവതരിപ്പിക്കുന്നത്‌.

  വ്യത്യസ്തമായ ഒരു പ്രമേയം ആണ് ഈ ചിത്രത്തിന്.സമീപക്കാലത്ത് മമ്മൂട്ടി എന്ന നടനെ ചൂഷണം ചെയ്ത ചിത്രം എന്ന് പറയാം.പ്രത്യേകിച്ചും ക്ലൈമാക്സിനോട് അടുക്കുമ്പോള്‍ ഒരു നടന്‍ എന്നതില്‍ നിന്നും മികച്ച നടന്‍ ആണ് താന്‍ എന്ന് മമ്മൂട്ടി ലോകത്തോട്‌ പറയുന്നത് പോലെ തോന്നി.മദ്യപിച്ചു വരുമ്പോള്‍ അയാളുടെ ഭാവം ഗംഭീരം ആയിരുന്നു.ഒരു സ്വാഭാവിക മദ്യപാനിയെ പോലെ തന്നെ.സിനിമ അവസാനിക്കുമ്പോള്‍ പ്രേക്ഷകനും അത്തരം ഒരു അവസ്ഥയില്‍ ആകാന്‍ സാധ്യത ഉണ്ട്.രണ്ടു തരത്തില്‍;ഒരു പക്ഷേ അവസാനം വ്യക്തമായി മനസ്സിലാകാത്ത പ്രേക്ഷകന്‍.അത്തരം പ്രേക്ഷകര്‍ ഈ സിനിമയെ കൂവും.കാരണം ഇത് മലയാള സിനിമയുടെ രീതി അല്ല.എന്തും വായില്‍ കോരി തന്നാലേ മലയാളി പ്രേക്ഷകന്‍ സ്വീകരിക്കൂ "Enemy" എന്ന ഇംഗ്ലീഷ് സിനിമയിലെ കഥാസൂചികയുടെ പുറകെ അവന്‍ പോവുകയും ചെയ്യും.എന്നാല്‍ അത്രയൊന്നും തല പുകയ്ക്കണ്ട ഈ ചിത്രത്തെ കുറിച്ച് അറിയാന്‍.സി കെ രാഘവന്‍ എന്താണ് എന്ന് സിനിമയുടെ ഇടയ്ക്ക് വച്ച് പ്രേക്ഷകനെ അറിയിക്കാന്‍ ശ്രമിക്കുന്നുണ്ട് അത് മനസ്സിലായാല്‍ സിനിമയുടെ അവസാനവും മനസ്സിലാകും.ആ തിരിച്ചറിവ് നമ്മില്‍ ഉണ്ടാക്കുന്നത്‌ ഒരു തരം മരവിപ്പ് ആണ്.തീര്‍ച്ചയായും ചിലരെ എങ്കിലും വേട്ടയാടുന്ന ഒരു ക്ലൈമാക്സ്.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 3.5/5

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)