Friday 1 August 2014

156.AVATHAARAM(MALAYALAM,2014)

156.AVATHAARAM(MALAYALAM,2014),Dir:-Joshiy,*ing:-Dileep,Lakshmi Menon.

  ദിലീപ്-മലയാള സിനിമ ചരിത്രത്തില്‍ ഈ നടന് ഒരു സ്ഥാനം ലഭിക്കുമെങ്കില്‍ അത് തന്റെ നടന വൈഭവത്തില്‍ ഉപരി അദ്ദേഹം മോശം എന്ന് പലരും വിളിച്ചു കളിയാക്കുന്ന ചിത്രങ്ങള്‍ നേടുന്ന ബോക്സോഫീസ് കലക്ഷനുകളുടെ പേരില്‍ മാത്രം ആകും.മലയാള  സിനിമ പ്രേക്ഷകന്‍റെ ആസ്വാദന നിലവാരത്തെ നോക്കു കുത്തി ആക്കി ,മോശം എന്ന് പറയുന്ന  ഓണ്‍ലൈന്‍ നിരൂപണങ്ങളെയും എല്ലാം ഈ നടന്‍റെ സിനിമകള്‍ പലപ്പോഴും പരിഹസിക്കുന്നതായി തോന്നിയിട്ടുണ്ട്.സിനിമ കൊള്ളില്ല,ഇതാണ് കഥ എന്ന് പറഞ്ഞ് സസ്പന്‍സ് പൊട്ടിക്കാന്‍ പോലും ഉള്ളതൊന്നും ആ നടന്‍റെ സിനിമ കാണാന്‍ പോകുന്നവര്‍ പ്രതീക്ഷിക്കുന്നില്ല.എന്നിട്ടും എന്തോ തന്റെ മാര്‍ക്കറ്റ് വില എവിടെയാണെന്ന് മനസ്സിലാക്കി തന്‍റെ ആരാധകരായ കുടുംബ പ്രേക്ഷകരെ ഉന്നം വച്ചാണ് ഈ അടുത്ത് വന്ന ദിലീപ് സിനിമകള്‍ പലതും മെനഞ്ഞിരുന്നത്.എന്നാല്‍ ഇത്തവണ ദിലീപ് മാധവന്‍ മഹാദേവന്‍ ആയി അവതരിക്കുമ്പോള്‍ തനിക്കു വേണ്ടി തിയറ്റരുകളില്‍ കാത്തിരിക്കുന്ന കുടുംബ പ്രേക്ഷകര്‍ക്കായി എന്താണ് കരുതി വച്ചിരിക്കുന്നത് എന്ന് നോക്കാം.കുടുംബ പ്രേക്ഷകര്‍ എന്ന് മാത്രം പറഞ്ഞത് ദിലീപിന്‍റെ സിനിമകള്‍ ആദ്യ ദിവസം തന്നെ കാണാന്‍ പോകുമ്പോള്‍ വെറുതെ തൊണ്ട കീറാന്‍ വേണ്ടി മാത്രം കൂവുന്ന പ്രേക്ഷകരെ ഉദ്ദേശിച്ചല്ല എന്നാണ്.അവതാരം ഒരു പ്രതികാര സിനിമയാണ്.കഥ എന്ന് പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല ഇതില്‍.പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ എന്ന് വേണമെങ്കില്‍ ഉള്ള കഥയെ പറയാം.

    അപകടത്തില്‍ മരണപ്പെട്ട ചേട്ടന്‍റെ ഇന്ഷുറന്സ് പണം ലഭിക്കുവാന്‍ വേണ്ടി കൊച്ചിയില്‍ എത്തിയ ഒരു ബൈസന്റ്റ് വാലിക്കാരന്‍ എന്‍ജിനീയര്‍ ആണ് മാധവന്‍.പൊതു പ്രവര്‍ത്തനം ആണ് മുഖ്യ പണി.കൂടാതെ കൂടുതല്‍ മാസ് സിനിമകളില്‍ ഉള്ളത് പോലെ കാണിക്കുന്ന പരോപകാര ചിന്തയും അനീതിക്കെതിരെ തട്ടി കയറുകയും ചെയ്യുന്ന ഒരാള്‍.എന്നാല്‍ ഇന്ഷുറന്സ് കാശ് എജന്‍സിക്കാര്‍ തടഞ്ഞു വയ്ക്കുന്നു.അതിനു കാരണം കസ്റ്റംസ് ഉദ്യോഗസ്ഥനായ ചേട്ടന്റെ മരണത്തെ കുറിച്ചുള്ള സംശയങ്ങള്‍ ആണ്.നീതി എല്ലായിടത്തും നിന്നും നിഷേധിക്കപ്പെട്ട നായകന് പിന്നെ ഒരു വഴി മാത്രമാണ് തുറന്നത്.തനിക്കും കുടുംബത്തിനും നഷ്ട്ടപെട്ട നീതി ലഭിക്കുവാന്‍ ഉള്ള മാധവന്‍റെ ശ്രമങ്ങള്‍ ആണ് ബാക്കി ഉള്ള സിനിമ.ജോഷി എന്ന ക്രാഫ്റ്റ്സ്മാനെ നമുക്ക് എവിടെയോ നഷ്ടം ആയിരിക്കുന്നു എന്ന് തോന്നുന്നു.ശരാശരി ആയിരുന്ന ആദ്യ പകുതിക്ക് ശേഷം അദ്ദേഹത്തിന്റെ ശൈലികള്‍ രണ്ടാം പകുതിയില്‍ ഉണ്ടായിരുന്നു എങ്കിലും പഴകി പോയിരുന്നു.ചളി എന്ന് പരിഹസിക്കുന്ന സ്ഥിരം ദിലീപ് സ്പെഷ്യലുകളില്‍ ഈ ചിത്രത്തെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല.പകരം ഒരു ആക്ഷന്‍ ചിത്രം എന്ന് പറയാം ;മുഴുവന്‍ ആയല്ലെങ്കിലും.പശ്ചാത്തല സംഗീതം ക്യാമറ എന്നിവ നന്നായിരുന്നു.സിനിമയെ ഒരു വിധം പിടിച്ചു നിര്‍ത്തിയത് അതാണ്‌.ചിത്രത്തിലെ പാടുകള്‍ ഒന്നും മനസ്സില്‍ നിന്നില്ല,കൂടാതെ ദിലീപിന്‍റെ ഡാന്‍സും.ഇത്രയും ഉള്ളത് സ്ഥിരം ദിലീപ് സിനിമകളെ കുറിച്ച് പറയുന്നതാണ്.

  എന്നാല്‍ ഇത്തവണ ഒരു ചെറിയ വിഷമം ഉണ്ട്.മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ദിലീപ് എന്ന നടന്‍ ഉപേക്ഷിച്ച ചളികള്‍ ഈ സിനിമയിലേക്ക് കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് കുറയ്ക്കും എന്നുറപ്പാണ്.ഒരു പക്ഷേ തന്റെ ഫാന്‍സ്‌ അസോസിയേഷനില്‍ ഉള്ളവരെക്കാളും കുടുംബ പ്രേക്ഷകരെ മാത്രം വിശ്വസിക്കുന്ന ഈ നടന്‍ മായാമോഹിനി,സ്രുംഗാരവേലന്‍,റിംഗ് മാസ്റ്റര്‍ എന്നിവയിലൂടെ കാണിച്ച കളക്ഷന്‍ മാജിക് ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.തമാശകള്‍ കുറവുള്ള വയലന്‍സ് കൂടുതല്‍ ഉള്ള രണ്ടാം പകുതി കുടുംബ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയണം.ഇതേ വിഭാഗത്തില്‍ പെടുന്ന തെലുഗ്,തമിഴ്,ഹിന്ദി ചിത്രങ്ങളുടെ രീതിയില്‍ ഓവര്‍ ആയ കത്തി ഈ സിനിമയില്‍ ഇല്ല എന്നത് ഒരു ആശ്വാസം ആണ്.നൂറു പേരെ ഒറ്റയ്ക്ക് ഇടിച്ചിടുന്ന നായകന്‍ ഇവിടെ ഇല്ല എന്നതും നല്ല കാര്യം ആണ്.പിന്നെ സിനിമയുടെ പേരില്‍ തന്നെ അത് എന്താണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കുവാന്‍ സാധിച്ചാല്‍ ഒരിക്കലും ആരും അന്താരാഷ്ട്ര നിലവാരം ഉള്ള സിനിമ പ്രതീക്ഷിക്കുകയില്ല.എന്നിട്ടും തിയറ്ററില്‍ കുത്തിയിരുന്ന് കൂവുന്നവരെ കണ്ടു.ദിലീപ് സിനിമകള്‍ ആ ഒരു ചിന്താഗതിയില്‍ മാത്രമേ കാണാന്‍ സാധിക്കൂ.അത് കൊണ്ട് തന്നെ ഒരു ശരാശരി ചിത്രം ആയി തോന്നിയ അവതാരത്തിന് എന്റെ വക ഒരു 2.5/5 !!

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)