Thursday 24 July 2014

152.BANGALORE DAYS(MALAYALAM,2014)

152.BANGALORE DAYS(MALAYALAM,2014),Dir:-Anjali Menon,*ing:-Fahad,Dulqar,Nivin,Nazriya.

  വളരെയധികം വൈകി ആണ് ഈ ചിത്രം കാണുവാന്‍ സാധിച്ചത്.ആവശ്യത്തിലധികം നിരൂപണങ്ങള്‍ ഈ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുകയും ചെയ്തിരുന്നു.വിശ്വസനീയമായ നിരൂപണങ്ങള്‍ തന്ന പലരും ഈ ചിത്രത്തെ കുറിച്ച് നല്ലത് ആണ് എഴുതിയത്.എങ്കിലും ചിലയിടങ്ങളില്‍ നിന്നും മോശമായ റിവ്യൂ വായിച്ചിരുന്നു.ക്ലീഷേകള്‍ പലതുണ്ടായിരുന്നെങ്കിലും (പ്രത്യേകിച്ച് നായക കഥാപാത്രങ്ങളില്‍ ഒരാള്‍ അവസാനം പങ്കെടുക്കുന്ന മത്സരം പോലെ) ചിത്രം മൊത്തത്തില്‍ എടുത്താല്‍ ഒരു നല്ല സിനിമയായി എനിക്ക് തോന്നി.കഥ അവതരിപ്പിക്കുന്നത്‌ നായക കഥാപാത്രങ്ങളില്‍ ഒരാളായ കുട്ടന്‍റെ കാഴ്ചപ്പാടില്‍ ആണ്.ഒരു പക്ഷേ ഇതിലെ മുഖ്യ കഥാപാത്രങ്ങളില്‍ മറ്റാരുടെയെങ്കിലും കാഴ്ചപ്പാടില്‍ അവതരിപ്പിക്കപ്പെട്ടാല്‍ സിനിമയുടെ സ്വഭാവം മൊത്തം മാറുന്ന ഒരവസ്ഥ.ദിവ്യ എന്ന പെണ്‍ക്കുട്ടിയുടെ കാഴ്ചപ്പാടില്‍ ഈ ചിത്രം അവതരിപ്പിക്കപ്പെട്ടിരുന്നെങ്കില്‍  ഒരു പക്ഷേ ഈ ചിത്രം "ഓം ശാന്തി ഓശാന" എന്ന ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ട രീതിയില്‍ ആകുമായിരുന്നു.പെട്ടന്ന് ദേഷ്യം വരുന്ന,കൂടുതല്‍ സെന്‍സിറ്റീവ് ആയ അജുവിനും,പുറമേ പരുക്കന്‍ സ്വഭാവം കാണിക്കുന്ന ദാസിനും എല്ലാം പറയാന്‍ ഉണ്ടാകുമായിരുന്ന കഥകള്‍ പലതായിരുന്നിരിക്കാം.കാഴ്ചപ്പാടുകള്‍ വ്യത്യസ്തം ആകുന്നതിനനുസരിച്ചു സിനിമയുടെ മൊത്തത്തില്‍ ഉള്ള സ്വഭാവവും മാറിയേനെ.

  ഇവിടെ ആണ് നാട്ടിന്‍പുറത്തെ ജീവിതം കൂടുതല്‍ ഇഷ്ടപ്പെടുന്ന നിഷ്ക്കളങ്കന്‍ ആയ കുട്ടന്‍ എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍  ഈ കഥ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റം.ഒരു ഫീല്‍ ഗുഡ് മൂവി പോലെ അവസാനം പല പ്രശ്നങ്ങളും തീരുമ്പോഴും ചുറ്റും ഉള്ളവരെ കുറിച്ച്  ഉള്ള അഭിപ്രായങ്ങള്‍ തന്റെ ഭാഷ്യത്തില്‍ അവതരിപ്പിച്ച കുട്ടന്‍ പലരുടെയും കഥകള്‍ക്ക് വര്‍ണങ്ങള്‍ വാരി വിതറിയത് പോലെ തോന്നി.മറ്റുള്ള കഥാപാത്രങ്ങള്‍ സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാന്‍ ശ്രമിക്കുമ്പോള്‍ കുട്ടന്‍ എന്ന കഥാപാത്രം തന്‍റെ പ്രശ്നങ്ങളെ മാത്രം അല്ലാതെ മറ്റുള്ളവരുടെ ജീവിതത്തിനും പ്രാധാന്യം നല്‍കുന്നു.അയാളുടെ പ്രണയം ഒക്കെ അവതരിപ്പിക്കുമ്പോള്‍ വരുന്ന നിഷ്കളങ്കത അതിന്റെ ഭാഗം ആകാം.അഞ്ജലി മേനോന്‍ എന്ന എഴുത്തുകാരി അവതരിപ്പിച്ച ആ കഥാപാത്രം അത് കൊണ്ട് തന്നെ മികച്ചു നിന്ന്.മൂന്നു കസിന്‍സിന്റെ ജീവിതം അവതരിപ്പിക്കപ്പെട്ടപ്പോള്‍ സിനിമയുടെ നീളം അല്‍പ്പം കൂടിയെങ്കിലും അനിവാര്യം ആയ ഒന്നായി അത് തോന്നി.നല്ല ബന്ധങ്ങളെ കുറിച്ചും അവയില്‍ സൗഹൃദം കലരുമ്പോള്‍ ഉള്ള ഒരു ഊഷ്മളതയും ഈ ചിത്രത്തെ ഒരു യൂത്ത് സിനിമ എന്നതില്‍ നിന്നും എല്ലാ വിഭാഗം ആളുകളെയും ആകര്‍ഷിച്ചു എന്ന് വേണം അനുമാനിക്കാന്‍.കാരണം ദിവസങ്ങള്‍ പിന്നിട്ടും ഈ ചിത്രത്തിന് കുടുംബ പ്രേക്ഷകര്‍ ധാരാളമായി ഉണ്ട് എന്നത് അതിനു ഒരു തെളിവാണ്.മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രം ആണ് RJ സാറ.തന്‍റെ വൈകല്യത്തെ ജീവിത കാഴ്ചപ്പാടുകളിലൂടെ അവള്‍ തോല്‍പ്പിക്കുന്നു.തീര്‍ച്ചയായും ഇഷ്ടവും അനുകമ്പയും തോന്നിക്കുന്ന ഒരു കഥാപാത്രം.അപകര്‍ഷത ബോധം ഉള്ള അജു അത് പുറമേ കാണിക്കുന്നില്ലെങ്കിലും ചിലയവസരങ്ങളില്‍ അയാള്‍ക്കുണ്ടാകുന്ന ഒരു സുരക്ഷിതമില്ലായ്മ പ്രകടമാണ്.അതിനുള്ള അയാളുടെ മുഖമൂടി ആയിരുന്നു ദേഷ്യം,aggressiveness ഒക്കെ.ദാസ് എന്ന കഥാപാത്രത്തോട് ആദ്യം തോന്നുന്ന ഒരു ചെറിയ ഇഷ്ടക്കേട് പിന്നീട് അയാള്‍ എങ്ങനെ അങ്ങനെ ആയി എന്ന് മനസ്സിലാകുമ്പോള്‍ തീരുന്നു.ദിവ്യ അപക്വമായ മനസ്സുള്ള ഒരു പൊട്ടി പെണ്ണ് വിഭാഗത്തില്‍ പെടുത്താവുന്ന ഒരാള്‍ ആയിരുന്നെങ്കിലും ജീവിതത്തില്‍ ആവശ്യം വന്നപ്പോള്‍ അവള്‍ നടത്തുന്ന നീക്കങ്ങള്‍ അവളെ ഒരു മൂലയില്‍ തളച്ചിടുന്നില്ല എന്ന നിലയില്‍ എത്തിയിരുന്നു.

  ബ്രയാന്‍ ആദംസിന്റെ "Summer Of 69" പാട്ട് നമ്മളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ്.ഗോപി സുന്ദറിനു പ്രചോദനം തോന്നാന്‍ മറ്റൊരു പാട്ട് എടുക്കാമായിരുന്നു.മലയാളികള്‍ ലോക സിനിമയോടും ഗാനങ്ങളോടും നല്ലത് പോലെ ഒപ്പം സഞ്ചരിക്കുന്നവര്‍ ആണ്.അഞ്ജലി മേനോനിലെ സംവിധായക അവരിലെ എഴുത്തുകാരിക്ക് നേര്‍ വഴി കാട്ടുന്ന സംവിധായക തന്നെയായി മാറി.ഒരാള്‍ എഴുതി മറ്റൊരാള്‍ സംവിധാനം ചെയ്‌താല്‍ കിട്ടുന്നതിനേക്കാളും പ്രകടനം സിനിമയ്ക്ക് കാഴ്ച വയ്ക്കാന്‍ അതിലൂടെ സാധിച്ചു.യുവതാരനിരയുടെ ഒരു "മിനി ട്വന്റി-ട്വന്റി" ആയിരുന്നെങ്കിലും കഥാപാത്രങ്ങളെ എല്ലാം തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ സാധിച്ചു.കുട്ടന്‍റെ മാതാപിതാക്കളുടെ ജീവിതം പോലെ കുറഞ്ഞ സമയത്തില്‍ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട് അവര്‍.കൂടെ അന്ധവിശ്വാസങ്ങളില്‍ ചെന്ന് വീഴുന്ന മാതാപിതാക്കള്‍ക്ക് ഒരു കൊട്ടും ഉണ്ട് ദിവ്യയുടെ മാതാപിതാക്കളിലൂടെ.ഈ വര്‍ഷം ഇറങ്ങിയ നല്ല മലയാളം ചിത്രങ്ങളുടെ കൂട്ടത്തില്‍ ഈ സിനിമയ്ടെ തീര്‍ച്ചയായും ഉള്‍പ്പെടുത്താം എന്ന് തോന്നുന്നു.മലയാളികളില്‍ ഭൂരിപക്ഷവും അങ്ങനെ തന്നെ ആണ് കരുതുന്നതെന്ന് വിശ്വസിക്കുന്നു.

More reviews @ www.movieholicviews.blogspot.com 

No comments:

Post a Comment

1822. Hijack 1971 (Korean, 2024)