Wednesday 16 July 2014

143.BAMBARA WALLALA (SINHALESE,2009)

143.BAMBARA WALLALA(SINHALESE,2009),|Drama|Thriller|,Dir:Athula Liyanage,*ing:-Athula Liyanage,Mahendra Perera,Sriyantha Mendis.

  "പൊടി എക്ക" എന്ന കുട്ടിയുടെ ജീവിത കഥയാണ് "ബംബര വല്ലല" എന്ന സിംഹളീസ് ചിത്രം അവതരിപ്പിക്കുന്നത്‌.ശ്രീലങ്കയിലെ ഒരു നൃത്ത രൂപത്തിന്റെ പേരാണ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.ഈ നൃത്തത്തില്‍ നൃത്തം ചെയ്യുന്ന ആള്‍ ഒരു പമ്പരത്തിന് സമാനമായ രീതിയില്‍ കറങ്ങുന്നു.അയാളുടെ ബാലന്‍സില്‍ ആണ് ഈ നൃത്തം നടക്കുന്നത്.അത് പോലെ തന്നെ ആണ് പൊടി എക്കയുടെ ജീവിതവും.തുടക്കത്തില്‍ താളം പിഴച്ച ജീവിതം പിന്നീട് ബാലന്‍സ് നേടി എത്തിയപ്പോഴേക്കും ജീവിതം അയാളെ തന്റെ തുടക്കത്തില്‍ തന്നെ എത്തിച്ചിരുന്നു.എന്നാല്‍ ഇത്തവണ ഒരു വ്യത്യാസവും ഉണ്ടായിരുന്നു.പൊടി എക്ക എന്ന ബാലനില്‍ നിന്നും പ്രായം ഉള്ള പൊടി എക്കയിലെക്കുള്ള പ്രയാണം ആണ് ബംബര വല്ലല എന്ന് പറയാം.പൊടി എക്ക വിദ്യാഭ്യാസം ഇല്ലാത്തവന്‍ ആണ്.താമസം ഒരു ശ്രീലങ്കന്‍ ഗ്രാമത്തില്‍.80 കളിലെ തമിഴ് സിനിമകളിലെ ഗ്രാമങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരു ഗ്രാമം.അച്ഛനില്ലാത്ത അവന്‍ തന്റെ അമ്മയോടും പെങ്ങളോടും ഒപ്പം കഴിയുന്നു.തന്‍റെ രണ്ടാനച്ഛന്റെ കള്ള വാറ്റില്‍ സഹായിക്കുകയാണ് അവന്‍റെ ജോലി.അയാള്‍ എന്നാല്‍ തന്‍റെ സുഖത്തിനായി പൊടി എക്കയുടെ സഹോദരിയെ ഉപയോഗിക്കുന്നു.എന്നാല്‍ തന്‍റെ സഹോദരിയ്ക്ക് നേരിട്ട ദുരിതം കൗമാര പ്രായത്തില്‍ മനസ്സിലാക്കുന്ന പൊടി എക്ക അയാളുടെ രണ്ടാനച്ചനെ കൊല്ലുന്നു.പോലീസ് പിടിക്കാന്‍ വരുമ്പോള്‍ നിക്കറിലൂടെ മൂത്രം ഒഴിക്കുന്ന ആ കൗമാര പ്രയക്കാരന്‍ പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ ഗ്രാമത്തില്‍ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ആകെ മാറിയിരുന്നു.ജീവിതം അവനെ കഠിന ഹൃദയന്‍ ആക്കിയിരുന്നു.മനുഷ്യനും മൃഗവും തമ്മില്‍ ഉള്ള വ്യത്യാസം അവനില്‍ കാണാതായി.

  തന്‍റെ മക്കള്‍ക്ക്‌ സംഭവിച്ച ദുരിതങ്ങള്‍ മൂലം ഭ്രാന്തിയായ അവന്റെ അമ്മയെ നോക്കിയിരുന്നത് അവന്‍റെ അമ്മയുടെ സഹോദരിയും കുടുംബവും ആയിരുന്നു.പൊടി എക്ക അവരുടെ കൃഷിയില്‍ സഹായി ആയി കൂടുന്നു.അതിന്‍റെ ഇടയ്ക്ക് ഗ്രാമത്തിലെ ഉത്സവത്തില്‍ നടന്ന മത്സരത്തില്‍ അവന്‍ വിജയി ആകുന്നു.കൃഷിക്കാരില്‍ ഉയര്‍ന്ന സ്ഥാനം അവനു ലഭിക്കുന്നു.എന്നാല്‍ അവന്‍റെ ഉള്ളിലെ മൃഗം പതുക്കെ പുറത്തു വരുന്നു.അവന്‍റെ പശു കിടാവിനെ മോഷ്ടിച്ച ആളെ അവന്‍ ക്രൂരമായി മര്‍ദിക്കുന്നു.കൂടാതെ ഒരു നാള്‍ അവന്‍റെ അമ്മയുടെ സഹോദരിയുടെ മകളോട് തോന്നിയ കാമാവേശത്തില്‍ അവന്‍ അവളുടെ മുറി മുറിക്കുന്നു.മരണത്തെക്കാളും ആ പ്രവര്‍ത്തി അഭിമാനക്ഷതം വരുത്തുന്നു അവര്‍ക്ക്.ഗ്രാമം ഒന്നടങ്കം അവനെതിരെ ആകുന്നു.അവന്‍റെ വീടും കത്തിച്ചിട്ട് അവര്‍ അവനെ മൃതുപ്രായന്‍ ആക്കുന്നു.എന്നാല്‍ അത് വഴി വന്ന "മേല്‍" എന്ന ശവപ്പെട്ടി കച്ചവടക്കാരന്‍ അവനെ രക്ഷിക്കുന്നു.അയാള്‍ അവന്‍റെ തന്റയോപ്പം കൂട്ടുന്നു.ആ ഗ്രാമത്തില്‍ നിന്നും അവന്‍ ജീവിതത്തില്‍ ഉയരത്തിലേക്ക് പോകുന്നു;രക്തത്തിന്‍റെ വഴിയിലൂടെ.മരണത്തെ മുഖാമുഖം കണ്ട അവന്‍റെ ജീവിതത്തില്‍ വന്‍ വഴിത്തിരിവുകള്‍ ഉണ്ടാകുന്നു.ഇടം കയ്യനായ പൊടി എക്കയെ "മേല്‍" വലം കയ്യനാക്കുന്നു.പ്രതീകാത്മകം ആയ രംഗം.അവന്റെ ജീവിതവും അയാള്‍ മാറ്റി മറിക്കുന്നു.പൊടി എക്കയുടെ ബാക്കി ഉള്ള ജിവിത കഥയാണ് ബംബര വല്ലല.

   കരി കഷ്ണങ്ങള്‍ കൊണ്ട് ചുവരില്‍ തന്നെയും അമ്മയെയും സഹോദരിയും കുരിശടയാളത്തില്‍ രേഖപ്പെടുത്തിയ ബാലനില്‍ നിന്നും മരണത്തിന്‍റെ കാവല്‍ക്കാരന്‍ ആയി അവന്‍ മാറുമ്പോള്‍ വന്നിരുന്ന വ്യത്യാസം മാനസിക നിലയില്‍ വന്ന ഒരു അപക്വമായ മാറ്റം ആകാം.തന്‍റെ ആവശ്യങ്ങള്‍ ആണ് തനിക്കു വലുതെന്ന് ഒരു സ്ത്രീയെ കാണുമ്പോള്‍ മേലിനോട് അവന്‍ പറയുന്നത് സാമൂഹിക ജീവിതം അന്യമായ ഒരു മനുഷ്യനെ ആണ് വരച്ചു കാണിക്കുന്നത്.സംവിധായകന്‍ ആയ "അതുല ലിയാനാഗെ" തന്നെയാണ് മുഖ്യ കഥാപാത്രമായ പൊടി എക്കയുടെ മുതിര്‍ന്ന കാലം അവതരിപ്പിച്ചിരിക്കുന്നത്.ശ്രീലങ്കന്‍ സിനിമയില്‍ മുഖ്യമായ ഒരു സ്ഥാനം ഉള്ള ഈ ചിത്രത്തിന് നമ്മുടെ നാട്ടിലെ പ്രേക്ഷകരെ എത്ര മാത്രം സ്വാധീനിക്കാന്‍ കഴിയും എന്നുള്ളത് സംശയം ആണ്.ഒരു ശ്രീലങ്കന്‍ ഗ്രാമത്തിന്‍റെ തനിമയോടെ അവതരിപ്പിച്ച ഈ സിനിമ എനിക്ക് പുതുമ ആയിരുന്നു.പിന്നെ കൊലപാതകങ്ങള്‍ എല്ലായിടത്തും ഒരു പോലെ ആണല്ലോ?അവസാനം രക്തം തന്നെ ആണ് അതിനെ വര്‍ണമയം ആക്കുന്നത്.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1822. Hijack 1971 (Korean, 2024)