Saturday 19 July 2014

150.CITIZEN KANE (1941,ENGLISH)

CITIZEN KANE(ENGLISH,1941),|Drama|Mystery|,Dir:-Orson Welles,*ing:- Orson Welles,Joseph Cotton,DorothyComingore.

  ലോക സിനിമയുടെ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ ആലേഖനം ചെയ്ത പേരുകളാണ് "ഓര്‍സന്‍ വെല്‍സും" അദ്ദേഹത്തിന്റെ പ്രഥമ ചിത്രമായ CITIZEN KANE "എന്നിവ.ലോകം കണ്ട ഏറ്റവും മഹത്വരം ആയ ആദ്യ ചിത്രം എന്നാണു ഈ ചിത്രത്തെക്കുറിച്ച് നിരൂപണ ലോകത്തെ പ്രധാനിയായ "Roger Ebert" അഭിപ്രായപ്പെട്ടത്.ലോകം മുഴുവനും ഈ ചിത്രത്തിന് നല്‍കുന്ന ആദരവിന്റെ ഉത്തമ ദൃഷ്ടാന്തം ആണ് "American Film Institute" നൂറു വര്‍ഷ സിനിമ ചരിത്രത്തിലെ മികച്ച സിനിമയായി 1998 ല്‍ തിരഞ്ഞെടുത്തത്. "Sight & Sound "എന്ന "British Film Institute "പ്രസിദ്ധീകരണമായ മാസിക ഈ ചിത്രത്തെ തുടര്‍ച്ചയായി അഞ്ചു വര്‍ഷം മികച്ച സിനിമയായി തിരഞ്ഞെടുത്തിരുന്നു.2012 ല്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ "Vertigo" ഈ ചിത്രത്തെ 2012 ല്‍ പിന്തള്ളി ഒന്നാമതായി.ഇതില്‍ തീരുന്നില്ല ഈ ചിത്രത്തിന്‍റെ മഹത്വം.അക്കാദമി പുരസ്കാരങ്ങളില്‍ 9 നാമനിര്‍ദ്ദേശം ലഭിച്ച ഈ ചിത്രം അതില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരവും നേടി.സിനിമ ചരിത്രത്തിലെ അത്ഭുതമായ ഈ ചിത്രം ബോക്സ് ഓഫീസില്‍ ഒരു പരാജയം ആയിരുന്നു എന്നത് ഒരു ദു:ഖ സത്യമായി നിലക്കൊള്ളുന്നു.ഈ സിനിമ ഇക്കാലത്തും കാണുന്ന ഏതൊരു പ്രേക്ഷകനും അന്നത്തെ കാഴ്ചക്കാരെ ചിന്തിച്ചു എന്നിരിക്കും,എന്ത് കൊണ്ടാണ് ഈ ചിത്രത്തെ ഇത്ര വാഴ്ത്തുന്നത് എന്ന്.ന്യായമായ ഒരു സംശയം ആണത്.പ്രത്യേകിച്ചും സാങ്കേതിക വിദ്യകള്‍ മികച്ചതായി വരുന്ന ഈ കാലത്ത്.

   സിനിമ വിദഗ്ധന്മാരുടെ ഇടയില്‍ ഈ ചിത്രത്തെക്കുറിച്ച് ഉള്ള മതിപ്പിന് മുഖ്യ കാരണമായി തോന്നിയത് ഈ ചിത്രം നിര്‍മിക്കപ്പെട്ട കാലഘട്ടം തന്നെ ആണ്.ഒരു പക്ഷേ അന്നത്തെ ശബ്ദ ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടില്ലാത്ത അത്രയും മികച്ച സാങ്കേതിക പ്രാധാന്യം ഈ ചിത്രത്തിന്റെ നിര്‍മ്മാണ വേളയില്‍ നല്‍കിയതായിരിക്കും പ്രധാന കാരണം.കലാസംവിധാനത്തില്‍ ഒരു കാലത്തെ വിപ്ലവകരമായ മാറ്റം കൊണ്ട് വന്ന "Battleship Potemkin" എന്ന 1925 ല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നിശബ്ദ ചലച്ചിത്രത്തിന് ശേഷം ചലച്ചിത്ര മേഖലയിലെ പുതുമകള്‍ക്ക് തുടക്കം കുറിച്ച ഐതിഹാസിക ചിത്രം എന്ന് തന്നെ ആയിരുന്നു "Citizen Kane". ഏതൊരു നല്ല കാര്യത്തിനും ഒരു മികച്ച തുടക്കം വേണമല്ലോ?അത്തരത്തില്‍ സിനിമ മേഘലയില്‍ വന്ന തുടക്കം ആണ് "Citizen Kane".ചിത്രം പ്രേക്ഷകന്‍റെ മുന്നില്‍ അവതരിപ്പിക്കപ്പെട്ട രീതിയും ക്യാമറയ്ക്ക് നല്‍കിയ മുന്‍പ് എങ്ങും ഇല്ലാത്ത പ്രാധാന്യവും ഈ ചിത്രത്തെ ചരിത്രം ആക്കി മാറ്റി.തന്‍റെ പേരിനൊപ്പം ചായാഗ്രാഹകന്റെ പേരും തുല്യ പ്രാധാന്യത്തോടെ സംവിധായകന്‍ ആയ ഓര്‍സന്‍ വേല്‍സ് നല്‍കിയിരുന്നു.

ഇനി സിനിമയുടെ കഥയിലേക്ക്."ചാള്‍സ് ഫോസ്റ്റര്‍ കേന്‍" എന്ന ഒരു മാധ്യമ  പ്രഭുവായ കോടീശ്വരന്റെ മരണത്തിനു ശേഷം അയാളുടെ മരണ സമയത്തെ അവസാന വാക്കായ " Rosebud" എന്താണ് എന്ന് അന്വേഷിച്ച് ഇറങ്ങുന്ന "ജെറി തോംസണ്‍" എന്ന പത്രപ്രവര്‍ത്തകന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ചിത്രം ആരംഭിക്കുമ്പോള്‍ കാണുന്ന "Rosebud" എന്ന് ക്ലോസപ്പില്‍ കാണുന്ന ഒരു സീനില്‍ മാത്രം ആണ് പ്രേക്ഷകന് ചാര്‍ളി എന്ന ചാള്‍സ് ഫോസ്റ്ററെ കാണാന്‍ സാധിക്കുക.സിനിമയുടെ ആരംഭത്തില്‍ ഗേറ്റില്‍ എഴുതി കാണിക്കുന്നത് പോലെ തന്നെ അന്യര്‍ക്ക് പ്രവേശനം ഇല്ലാത്ത ആ ജീവിതം അവതരിപ്പിക്കപ്പെടുന്നത് അയാളുമായി ബന്ധം ഉണ്ടായിരുന്ന സുഹൃത്തുക്കളിലൂടെയും രണ്ടാം ഭാര്യയിലൂടെയും ആണ്.ചാര്‍ളി ചെറുപത്തില്‍ അമ്മയുടെ സ്വന്തം സ്ഥലത്ത് ലോകത്തിലെ ഏറ്റവും മൂന്നാമത്തെ വലിയ സ്വര്‍ണ ഖനി കണ്ടു പിടിച്ചത് മൂലം നഗരത്തില്‍ അമ്മ മകന്റെ ജീവിതം മെച്ചപ്പെടുത്തുവാന്‍ നഗരത്തിലേക്ക് അയക്കുന്നു.അന്ന് കിട്ടിയ സൗഭാഗ്യങ്ങള്‍ ഇരുപത്തിയഞ്ച് വയസ്സിനു ശേഷം ഏറ്റെടുക്കാന്‍ പ്രായം ആയപ്പോള്‍ ചാര്‍ളി ആവശ്യപ്പെട്ടത് ട്രസ്റ്റിന്റെ കീഴില്‍ ഉള്ള ഒരു സാധാരണ പത്രമായ "New York Enquirer" മാത്രമാണ്.ചാര്‍ളിയുടെ ജീവിത സൌഭാഗ്യങ്ങള്‍ അവിടെ തുടങ്ങി.തന്നെ മാത്രം ലോകത്തില്‍ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ചാര്‍ളി അധികാര കേന്ദ്രങ്ങളില്‍ പ്രധാന സ്ഥാനങ്ങള്‍ നേടി എടുക്കുന്നു.വിജയം തന്റെ കൂടെ വന്നപ്പോള്‍ അയാള്‍ തന്നെ അധികാര കേന്ദ്രമാകാനും ശ്രമങ്ങള്‍ നടത്തുന്നു.തന്റെ വാര്‍ത്തകളിലൂടെ ജനങ്ങള്‍ എന്ത് ചിന്തിക്കണം എന്ന് താന്‍ വിചാരിക്കണം എന്ന് കരുതുന്ന അവസ്ഥയില്‍ ആകുന്നു.

എന്നാല്‍ ചാര്‍ളിയുടെ സ്വകാര്യ ജീവിതം അയാള്‍ക്കായി കരുതി വച്ചിരുന്നത് മറ്റൊന്നായിരുന്നു.അധികാര ദുര്‍വാശികളില്‍ അയാള്‍ ആ ജിവിതം സ്വയം തച്ചുടയ്ക്കുക ആയിരുന്നു എന്ന് പിന്നീട് സിനിമയില്‍ അയാളുടെ ഒരു കാലത്തെ വേണ്ടപ്പെട്ടവര്‍ പറയുമ്പോള്‍ ആണ് "സാനടൂ" എന്ന അയാളുടെ 49000 ഏക്കര്‍ വരുന്ന സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട രമ്യഹര്‍മ്യം എത്ര മാത്രം ഉപയോഗശൂന്യം ആയിരുന്നു എന്ന് മനസ്സിലാകുന്നത്‌.നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ഈ കഥ പറച്ചിലും അക്കാലത്തെ ഒരു പുതുമ ആയിരുന്നു.തന്‍റെ സമ്പത്തിന് സ്നേഹം എന്ന വികാരം നല്‍കാന്‍ ആകില്ല എന്ന് മനസ്സിലാക്കിയ ഒരു വൃദ്ധന്‍ ആയി അയാള്‍ മരിക്കുമ്പോള്‍ കാത്തു വച്ചിരുന്നത് ഒരു വലിയ രഹസ്യം ആയിരുന്നു."Rosebud" എന്ന വാക്കിന്‍റെ രഹസ്യം കണ്ടു പിടിക്കുന്നതില്‍ ജെറിയുടെ ഒപ്പം പ്രേക്ഷകനും ഒരു പങ്കുണ്ട്.ഒരു പക്ഷേ നിഗൂഡത മനോഹരമായി അവതരിപ്പിച്ച ആദ്യ സിനിമ എന്ന് പറയാം ഈ ചിത്രത്തെ.ഒരു പക്ഷേ ഇന്ന് നമ്മള്‍ കാണുന്നത്ര സാങ്കേതിക തികവോ അല്ലെങ്കില്‍ പിരിമുറക്കുന്ന കഥയോ ഒന്നും നമ്മുടെ ഇ-കാലത്ത് ഈ സിനിമയ്ക്ക് അനുഭവപ്പെടും എന്ന് തോന്നുന്നില്ല.എന്നാല്‍ ചിലതെല്ലാം മഹാത്വരമായി അതിന്‍റെ ജനനത്തില്‍ തന്നെ എഴുതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.അത്തരത്തില്‍ ഒന്നായിരുന്നു "Citizen Kane".മനുഷ്യരാശിക്ക് സിനിമയുടെ പുതു നിര്‍വചനം നല്‍കിയ ക്ലാസിക്.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1822. Hijack 1971 (Korean, 2024)