Sunday 6 July 2014

134.MOSS(KOREAN,2010)

134.MOSS(KOREAN,2010),|Mystery|Thriller|,Dir:-Woo Suk-kang,*ing:-Jae yeong,Hae-il Park

2010 ല്‍ ഇറങ്ങിയ കൊറിയന്‍ ത്രില്ലര്‍ ആണ് "Moss".കൊറിയന്‍ ത്രില്ലറുകളില്‍ അസാധാരണമായി കാണുന്ന ഒന്നാണ് നീളമേറിയ സിനിമകള്‍.പ്രത്യേകിച്ചും രണ്ടേമുക്കാല്‍ മണിക്കൂര്‍ നീളമുള്ള ഒരു സിനിമ.പലപ്പോഴും നീളം കാരണം മാറ്റി വച്ച സിനിമ കണ്ടു തീര്‍ത്തപ്പോള്‍ മാന്സ്സിലായി ഈ സിനിമയുടെ ദൈര്‍ഘ്യത്തിന്റെ കാരണം.അത്രയേറെ കഥകള്‍ കഥാപാത്രങ്ങള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നു ചിത്രത്തില്‍.മുപ്പതു വര്‍ഷമായി ഒരു ഗ്രാമത്തില്‍ ചാമ്പല്‍ ആയി കിടന്ന രഹസ്യങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.റിയൂ എന്ന യുവാവും പാര്‍ക്ക് മിന്‍ വൂക് എന്ന പബ്ലിക് പ്രോസിക്യൂട്ടറും പരസ്പരം പാര പണിയുന്നതില്‍ മിടുക്കര്‍ ആണ്.ഒരാളുടെ കുറ്റം കണ്ടു പിടിക്കുകയാണ് മറ്റയാളുടെ സ്ഥിരം പരിപാടി.ഒരു ദിവസം സിയോളില്‍ ആയിരുന്ന റിയൂവിനു ഒരു അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുന്നു.റിയൂവിന്റെ അച്ഛന്‍ മരണപ്പെട്ടു എന്നതായിരുന്നു സന്ദേശം.റിയൂ അന്ത്യക്കര്‍മങ്ങള്‍ നിര്‍വഹിക്കുവാനായി അച്ഛന്‍ താമസിച്ചിരുന്ന ഗ്രാമത്തിലേക്ക് പോകുന്നു.റിയൂവിന്റെ അച്ഛന്‍ കുടുംബവുമായി വര്‍ഷങ്ങളായി അകന്നു കഴിഞ്ഞ് ആണ് ആ ഗ്രാമത്തില്‍ താമസിക്കുന്നത്.അത് കൊണ്ട് തന്നെ റിയൂവിനെ അവിടെ ആര്‍ക്കും അറിയില്ല.റിയൂ അച്ഛന്റെ മരണത്തെ കുറിച്ച് സംശയം പ്രകടിപിക്കുന്നു.എന്നാല്‍ പ്രായം ചെന്ന ഒരാളുടെ മരണമായി എല്ലാവരും കരുതുന്നു.റിയൂ അവിടെ താമസിക്കുന്നത് ഗ്രാമവാസികള്‍ക്ക്‌ ചിലര്‍ക്ക് അരോചകമായി തോന്നുന്നു..

 ആ ഗ്രാമത്തിന്‍റെ ആദ്യവും അന്ത്യവും എല്ലാം കിം ടിയോക് എന്ന ഗ്രാമ തലവന്‍ ആണ്.അയാള്‍ പഴയ ഒരു പോലീസുകാരനും ആണ്.ഒരു കുറ്റവാളി ആയിരുന്ന റിയൂവിന്റെ അച്ഛന്‍ പിന്നീട് ക്രിസ്ത്യന്‍ മത വിശ്വാസി ആവുകയായിരുന്നു.ഒരു സന്യാസജീവിതം ആയിരുന്നു അയാള്‍ അവിടെ ജീവിച്ചു തീര്‍ത്തത്.ഒരു സാത്വികന്‍ ആയി ഗ്രാമവാസികള്‍ അയാളെ കരുതിപോന്നു. എന്നാല്‍ റിയൂവിനു അവിടെ ഉള്ള ആളുകളുടെ പ്രവര്‍ത്തിയില്‍ എന്തോ ഒരു നിഗൂഡത തോന്നുന്നു.റിയൂ അവിടെ താമസിക്കാതെ ഇരിക്കാന്‍ ഉള്ള കാരണങ്ങള്‍ ഗ്രാമ മുഖ്യന്റെ അനുയായികള്‍ അയാളോട് പറയുന്നു.എന്നാല്‍ റിയൂ അവിടെ താമസിക്കാന്‍ തീരുമാനിക്കുന്നു.റിയൂ ആദ്യം താമസിച്ച ഒരു കടയോട് ചേര്‍ന്ന ഭാഗത്തില്‍ ഉള്ള ആളുകളുടെ പ്രവര്‍ത്തിയില്‍ തന്നെ അയാള്‍ സംശയാലു ആകുന്നു പല കാരണങ്ങള്‍ കൊണ്ടും.പകല്‍ കാണുന്നതല്ല പലരുടെയും യഥാര്‍ത്ഥ മുഖം എന്ന് റിയൂ മനസ്സിലാക്കുന്നു.അല്‍പ്പ ദിവസത്തിന് ശേഷം റിയൂ തന്‍റെ അച്ഛന്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള ഒരു തുരങ്കം കണ്ടെത്തുന്നു.ചില സംഭാഷണങ്ങള്‍ ഒക്കെ ചിലര്‍ അറിയാതെ കേട്ടപ്പോള്‍ ആ ഗ്രാമത്തിനു ഒരു വലിയ രഹസ്യം പുറം ലോകത്തോട്‌ പറയാന്‍ ഉണ്ടെന്നു റിയൂ മനസ്സിലാക്കുന്നു.രഹസ്യങ്ങള്‍ അന്വേഷിച്ചിറങ്ങിയ റിയൂവിനെ കാത്തിരുന്നത് അപകടങ്ങള്‍ ആയിരുന്നു.സ്വന്തം ജീവന്‍ പോലും അപകടത്തില്‍ ആണെന്ന് റിയൂ മനസ്സിലാക്കുന്നു.റിയൂവിനു രഹസ്യങ്ങള്‍ കണ്ടു പിടിച്ചേ മതിയാകുമായിരുന്നു.റിയൂ അതിനായി ഒരാളുടെ സഹായം ആവശ്യപ്പെടുന്നു.എന്നാല്‍ ശത്രുക്കള്‍ പ്രബലരായിരുന്നു.ആരാണ് റിയൂവിന്റെ ശത്രുക്കള്‍?റിയൂ അവരില്‍ നിന്നും രക്ഷപ്പെടുമോ?അതോ?രഹസ്യങ്ങള്‍ എന്താണെന്ന് അറിയാന്‍ ബാക്കി സിനിമ കാണുക.

  ഒട്ടിപ്പിടിച്ചു കിടക്കുന്ന പായല്‍ പോലെയാണ് ചിലരുടെ ജീവിതം .അതില്‍ നിന്നും ഉള്ള മോചനത്തിനായി അവര്‍ ചെയ്യുന്ന അവസാന ശ്രമങ്ങള്‍ ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറം ഉള്ള നീക്കങ്ങള്‍ ആയിരിക്കും.അത് കൊണ്ട് തന്നെ സിനിമയുടെ അവസാനമായി എന്ന് കരുതുന്ന സ്ഥലത്ത് നിന്ന്  പോലും വേറെ ഒരു ക്ലൈമാക്സ് വരുന്നത്.ഒരു നല്ല മുഴുനീള ത്രില്ലര്‍ ആണ് മോസ് എന്ന ചിത്രം.കൊറിയന്‍ ത്രില്ലര്‍ സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി കാണാവുന്ന ഒരു ചിത്രം.

More reviews @ www.movieholicviews.blogspot.com


No comments:

Post a Comment

1822. Hijack 1971 (Korean, 2024)