Saturday, 19 July 2014

149.THE SCENT(KOREAN,2012)

149.THE SCENT(KOREAN,2012),|Thriller|Crime|,Dir:-Hyeoon Joon Kim,*ing:-Hee-Soon Park,Si Yeon Park.

 വലിയ കാമ്പില്ലാത്ത കഥകള്‍ പോലും ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് പലപ്പോഴും അണിയറ പ്രവര്‍ത്തകരുടെ കഴിവാണ്.മികച്ച ഒരു കഥ ശരാശരി നിലവാരത്തില്‍ എത്തുമ്പോള്‍ പോലും അത് കൊണ്ട് തന്നെ അണിയറ പ്രവര്‍ത്തകരുടെ കഴിവുകേട് ആയി വിലയിരുത്തുന്നതാവും  നല്ലത്.പറഞ്ഞു വരാന്‍ കാരണം "The Scent" എന്ന കൊറിയന്‍ ചിത്രത്തിനുള്ളത് ശരാശരി ആയ ഒരു കഥയും സന്ദര്‍ഭങ്ങളും ആണ്.മികച്ച കൊറിയന്‍ ത്രില്ലറുകളുടെ ഇടയില്‍ പെടുത്താമോ എന്നറിയില്ലെങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത ഒന്ന് ആയി മാറുന്നത് ഈ കഴിവ് കാരണം ആകും.അതിനായി ആവശ്യത്തിനുള്ള ട്വിസ്റ്റും എല്ലാം ഈ ചിത്രത്തിലുണ്ട്.ഡിറ്റക്ടീവ് ആയിരുന്ന "കാംഗ് സിയോന്‍ വൂ" അവിഹിത ബന്ധങ്ങളെ കുറിച്ചുള്ള കേസുകള്‍ അന്വേഷിക്കുന്നതില്‍ മിടുക്കനാണ്.ഒരു പോലീസ് ചീഫിന്റെ ഭാര്യയുമായി ഉണ്ടായിരുന്നു എന്ന് ആരോപിക്കപ്പെട്ട അവിഹിത ബന്ധത്തിന്‍റെ പേരില്‍ രണ്ടു വര്‍ഷത്തെ സസ്പന്ഷനില്‍ ആണ് അയാള്‍.അയാളുടെ ഭാര്യയും പോലീസില്‍ ആണ് ജോലി ചെയ്യുന്നത്.വിവാഹമോചനത്തിന് വേണ്ടി അവര്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്.സസ്പന്ഷനില്‍ ആയ സിയോന്‍ വൂ അവിഹിത ബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ നടത്താന്‍ വേണ്ടി ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്നുണ്ട്.പഴയ ഒരു ചെറിയ കുറ്റവാളി ആയ "പൂംഗ്" ആണ് അയാളുടെ സഹായി.

  സിയോന്‍ വൂവിന്‍റെ സസ്പന്‍ഷന്‍ കഴിയാറായ സമയം അയാളെ കാണാന്‍ അതീവ സുന്ദരിയായ ഒരു സ്ത്രീ എത്തുന്നു.അവരുടെ ആവശ്യം തന്‍റെ ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തണം എന്നതായിരുന്നു.ആ സ്ത്രീയുടെ പേര് "കിം സൂ ജിന്‍" .അവര്‍ ഉപയോഗിച്ചിരുന്ന പെര്‍ഫ്യൂം വളരെയധികം വശീകരണ സ്വഭാവം ഉള്ള ഒന്നായിരുന്നു.സിയോന്‍ വൂ കേസ് ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നു.അയാള്‍ അധികം വൈകാതെ അവരുടെ ഭര്‍ത്താവിന്‍റെ കള്ളത്തരങ്ങള്‍ കയ്യോടെ പിടിക്കാന്‍ ഉള്ള ഒരു സാധ്യത മുന്നില്‍ തെളിന്നു വരുന്നത് കണ്ടു.ഒരു സ്ത്രീയോടൊപ്പം ഹോട്ടല്‍ മുറിയില്‍ താമസിക്കാന്‍ ചെന്ന കിം സൂ ജിന്റെ ഭര്‍ത്താവും കൂടെ ഉള്ള സ്ത്രീയും താമസിചിരുന്നതിന്റെ അടുത്ത മുറിയില്‍ സിയോന്‍ വൂ താമസിക്കുന്നു.എന്നാല്‍ അവിടെ ഉണ്ടായിരുന്നു കിം സൂ ജിന്നും ആയി വൈകാരികമായി അടുക്കുന്നു.കുറച്ചു നേരത്തിനു ശേഷം കട്ടിലില്‍ നിന്നും ഉണര്‍ന്നെണീക്കുമ്പോള്‍ സിയോന്‍ വൂ കാണുന്നത് തൊട്ടപ്പുറത്ത് കൊല ചെയ്യപ്പെട്ട രീതിയില്‍ കിടക്കുന്ന കിം സൂ ജിന്നെ ആണ്.ഭയന്ന്‍ പോയ സിയോന്‍ വൂ അടുത്ത മുറിയില്‍ ചെല്ലുമ്പോള്‍ അവിടെ കിം സൂ ജിന്റെ ഭര്‍ത്താവും സമാന രീതിയില്‍ മരണപ്പെട്ടു കിടക്കുന്നതായി കാണുന്നു.കൂടെ ഉണ്ടായിരുന്ന സ്ത്രീ ഭയന്ന് അവിടെ നില്‍ക്കുന്നത് കണ്ടു.അവരുടെ പേര് എന്താണെന്ന് ചോദിച്ച സിയോന്‍ വൂവിനു കൂടുതല്‍ അത്ഭുതങ്ങള്‍ ആയിരുന്നു ആ രാത്രി നല്‍കിയത്.അവരുടെ പേരും കിം സൂ ജിന്‍;കൂടാതെ മരിച്ചു കിടക്കുന്ന ആളുടെ ഭാര്യ ആണവര്‍ എന്ന് ഭയത്തോടെ പറയുന്നു.അവര്‍ക്കും വശീകരണ ഗന്ധം ഉള്ള ആ പെര്‍ഫ്യൂമിന്റെ മണമായിരുന്നു.

  രണ്ടു കൊലപാതകങ്ങള്‍ക്ക് നിയമത്തിന്‍റെ കണ്ണില്‍ താന്‍ മറുപടി പറയേണ്ടി വരും എന്ന് സിയോന്‍ വൂവിനു നല്ലത് പോലെ അറിയാമായിരുന്നു.അയാള്‍ പഴുതുകള്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ സിയോന്‍ വൂവിന്റെ പുറകെ മറ്റൊരു ഡിറ്റക്ടീവ് വരുന്നു,സിയോന്‍ വൂവിനോട് താല്‍പ്പര്യം ഇല്ലാത്ത "സിയോ".സിയോന്‍ വൂവിനു ഒളിപ്പിക്കാന്‍ ഒത്തിരി ഉണ്ട്.കൂടെ സത്യങ്ങള്‍ കണ്ടു പിടിക്കുകയും വേണം.എന്നാല്‍ സിയോയുടെ ലക്‌ഷ്യം താരതമ്യേന എളുപ്പമാണ് സാധാരണ ബുദ്ധിയില്‍ കണ്ടു പിടിക്കാവുന്ന രണ്ടു കൊലക്കേസുകള്‍.ഇതില്‍ ആര് വിജയിക്കും എന്നറിയാന്‍ സിനിമ ബാക്കി കാണണം.പതിവ് കൊറിയന്‍ സിനിമകളുടെ വലിഞ്ഞു മുറുക്കുന്ന ഒരു അന്തരീക്ഷം ഒന്നും ഈ ചിത്രത്തിന് അവകാശപ്പെടാന്‍ കഴിയില്ല.നായികയുടെ സൗന്ദര്യം സിനിമയില്‍ വളരെയധികം നന്നായി ഉപയോഗിച്ചിട്ടുമുണ്ട് ഈ ചിത്രത്തില്‍.ഇടയ്ക്കെവിടെയോ "Out of Time" (ഹിന്ദിയില്‍ ഇമ്രാന്‍ ഹാഷ്മിയുടെ "Zeher") നോട് സാദൃശ്യം തോന്നിയെങ്കിലും ഈ ത്രില്ലറിന്റെ കഥ വ്യത്യസ്ഥമായിരുന്നു.കൊറിയന്‍ നിലവാരം വച്ച് ഒരു ശരാശരിയില്‍ അല്‍പ്പം മുകളില്‍ നില്‍ക്കുന്ന ത്രില്ലര്‍ എന്ന് ഈ ചിത്രത്തെ പറയാം.ചിലപ്പോള്‍ മഴയത്ത് നടക്കുന്ന കൊലപാതകങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ലാത്തത് കൊണ്ടാകാം ഇങ്ങനെ ഒരു അഭിപ്രായം.മഴയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കും ഒരു സൌന്ദര്യം ഉണ്ടെന്നു പല കൊറിയന്‍ സിനിമകളും തെളിയിച്ചിട്ടും ഉണ്ട്.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1889. What You Wish For (English, 2024)