Saturday, 5 July 2014

133,THE HIDDEN FACE(2011,SPANISH)

133.THE HIDDEN FACE(2011,SPANISH),|Mystery|Thriller|,Dir:-Andrez Bais,*ing:-Quim Gutierrez,Martina Garcia.

2011 ല്‍ ഇറങ്ങിയ സ്പാനിഷ് ത്രില്ലര്‍ ആണ് "The Hidden Face".ഈ ചിത്രത്തിന് ശരിക്കും അര്‍ത്ഥവത്താണ് ഈ പേര്.പ്രത്യേകിച്ചും മനുഷ്യന്‍റെ മറഞ്ഞിരിക്കുന്ന നിഗൂഡമായ സ്വഭാവവിശേഷങ്ങള്‍ ഉള്ള ഒരു മുഖം.പിന്നെ സിനിമയുടെ കഥാഗതിയില്‍ പ്രധാനമായ ഒരു സ്ഥാനവും ഈ പേര് കൊണ്ട് അര്‍ത്ഥമാക്കുന്നുണ്ട്.അഡ്രിയാന്‍ എന്ന യുവ സംഗീതജ്ഞന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നെത്തിയ രണ്ടു സ്ത്രീ കഥാപാത്രങ്ങളും അഡ്രിയാന്‍ അവരില്‍ ഉളവാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം.പ്രണയത്തിന്‍റെ അവിഭാജ്യ ഘടകം എന്ന് പറയാവുന്ന അസൂയ പിന്നെ സ്വന്തമെന്നു കരുതുന്ന ആള്‍ മറ്റൊരാള്‍ക്ക് സ്വന്തമാകുമോ എന്ന ഭയം ,ഇവയെല്ലാം ചേര്‍ന്ന് ഒരു ത്രില്ലര്‍ ചിത്രം ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍ ആയ ആന്‍ഡി ബെയ്സ്.ഒരു ദിവസം തന്റെ ജോലി കഴിഞ്ഞെത്തിയ അഡ്രിയാനെ കാത്തിരുന്നത് തന്‍റെ കാമുകിയായ ബെലന്‍ റെക്കോര്ഡ് ചെയ്തു വച്ച ഒരു വീഡിയോ ആണ്.തനിക്കു ഈ ബന്ധം ഇനി തുടരാന്‍ താല്‍പ്പര്യം ഇല്ല എന്നും.അത് നേരിട്ട് പറയാന്‍ ഉള്ള ബുദ്ധിമുട്ട് കാരണം ഒരു വീഡിയോയില്‍ രേഖപ്പെടുത്തി താന്‍ പോവുകയാണെന്നും ആയിരുന്നു ആ വീഡിയോയുടെ സാരാംശം.അഡ്രിയാന്‍ വിഷമത്തില്‍ ആകുന്നു.അയാള്‍ മദ്യത്തില്‍ അഭയം തേടുന്നു.

  ഒരു ദിവസം മദ്യപാനം കഴിഞ്ഞപ്പോള്‍ ബാറിലെ ജോലിക്കാരി ആയ ഫാബിയാന അഡ്രിയാനെ തന്റെ വീട്ടില്‍ കൊണ്ട് പോകുന്നു.പിറ്റേന്ന് രാവിലെ ഫാബിയാനയെ ശ്രദ്ധിക്കാതെ അയാള്‍ യാത്ര ആകുന്നു.എന്നാല്‍ അന്ന് വൈകിട്ട് അയാള്‍ വീണ്ടും അവള്‍ ജോലി ചെയ്യുന്ന ആ ബാറില്‍ എത്തുന്നു.അഡ്രിയാന്‍ ഫാബിയാനയെ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു.ഒരു തെറ്റിദ്ധാരണയുടെ പുറത്തു തന്നെ വിട്ടു പോയ ബെലനെ അയാള്‍ വെറുക്കുന്നു.ഫാബിയാന അഡ്രിയാനൊപ്പം അയാളുടെ വലിയ വീട്ടില്‍ താമസം ആരംഭിക്കുന്നു.സന്തോഷകരമായി അവര്‍ രണ്ടും ജീവിക്കുന്ന സമയം അഡ്രിയാനെ തിരക്കി രണ്ടു അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ എത്തുന്നു.ബെലന്‍ രാജ്യം വിട്ടു പോയിട്ടില്ല എന്നും അവള്‍  എവിടെ ആണെന്നുള്ളതിന്‌ ഒരു തെളിവും ഇല്ല എന്നവര്‍ അറിയിക്കുന്നു.അവര്‍ സംശയിക്കുന്നവരില്‍ പ്രഥമ സ്ഥാനം അഡ്രിയാനാണ്.അഡ്രിയാന്‍  അന്വേഷണവുമായി സഹകരിക്കുന്നു.അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഫാബിയാനയുടെ മുന്‍ കാമുകനും ആണ്.ചില ദിവസങ്ങളില്‍ ഫാബിയാന വീട്ടിലെ വെള്ളത്തില്‍ ഉണ്ടാകുന്ന ചില മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നു.പ്രത്യേകിച്ചും ഓളം വെട്ടുന്ന ബാത്ത് ടബ്ബിലെ വെള്ളവും വാഷ്‌ ബേസിനിലെ വെള്ളവും.അത് പോലെ തന്നെ തണുത്ത വെള്ളം മാറി പെട്ടന്ന് ചൂട് വെള്ളം ആകുന്നതും.ഒരിക്കല്‍ അവള്‍ക്കു പൊള്ളല്‍ എല്ക്കുകയും ചെയ്യുന്നു.ഫാബിയാന ആ വലിയ വീട്ടില്‍ പ്രേതം ഉണ്ടെന്നു വിശ്വസിക്കുന്നു.ടാപ്പില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദ തരംഗങ്ങള്‍ അവളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നു.എന്നാല്‍ അഡ്രിയാന്‍ അത് വിശ്വസിക്കുന്നില്ല.അങ്ങനെ ഇരിക്കെ ഒരു ദിവസം ബെലന്റെ മൃതദേഹം എന്ന് സംശയിക്കുന്ന ഒരു ശരീരം അവളുടെ ആണോ എന്ന്‍ തിരിച്ചറിയാന്‍ വേണ്ടി അഡ്രിയാനെ പോലീസ് വിളിപ്പിക്കുന്നു.അത് ബെലന്റെ ശവശരീരം ആയിരുന്നോ?ബെലന് യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചു?അഡ്രിയാന്‍ അവളുടെ തിരോധാനത്തിനു പിന്നിലുണ്ടോ?ആ വീട്ടില്‍ പ്രേതം ഉണ്ടെന്നുള്ള ഫാബിയാനയുടെ വിശ്വാസം ശരി ആയിരുന്നോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   ചിത്രം അവതരിപ്പിച്ചിരിക്കുന്നത് രണ്ടു പകുതിയിലും അഡ്രിയാന്‍റെ കാമുകിമാരുടെ കഥകളിലൂടെയും അവരുടെ കാഴ്ച്ചപ്പാടുകളിലും ആണ്.സിനിമയുടെ അവസാനം അപ്രതീക്ഷമായ ക്ലൈമാക്സിലും പറയാത്തതില്‍ കൂടുതലും ഉണ്ട്.അഡ്രിയാനെ കാത്തിരിക്കുന്ന മറ്റൊരു ഭീഷണിയും.ആ ഭീഷണി സിനിമയില്‍ അവതരിപ്പിക്കുന്നില്ല എങ്കിലും അതിലേക്കു പോകുന്ന സൂചനകള്‍ സിനിമ നല്‍കുന്നുണ്ട്. ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് കണ്ടിരിക്കാവുന്ന ഒരു സ്പാനിഷ് ത്രില്ലര്‍ ആണ് "The Hidden face".

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment