Wednesday, 16 July 2014

145.THE CRIMSON RIVERS(FRENCH,2000)

 145.THE CRIMSON RIVERS(FRENCH,2000),|Thriller|Mystery|,Dir:-Mathiew Kassowitz,*ing:Jean Reno,Vincent Cassel.

ഒരു ത്രില്ലര്‍ സിനിമയുടെ എല്ലാ ചേരുവകകളും കോര്‍ത്തിണക്കി എടുത്ത ചിത്രം ആണ് "The Crimson Rivers".ഫ്രാന്‍സില്‍ മലനിരകളില്‍ ഒന്നില്‍ കാണപ്പെട്ട പ്രത്യേകമായ ലക്ഷ്യത്തോടെ കൊല ചെയ്യപ്പെട്ട ഒരു ശവശരീരം ആണ് കേസിന് തുടക്കം.അന്വേഷണത്തിനായി പോലീസ് എത്തിയതിനു പിന്നാലെ വന്ന "നിമാന്‍സ് " എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ കേസ് വളരെയധികം ദുരൂഹത നിറഞ്ഞതാണെന്ന് മനസ്സിലാക്കുന്നു.ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ശിശുവിനെ പോലെ കെട്ടി വച്ച മനുഷ്യ ശരീരത്തില്‍ കാണപ്പെട്ട അസാധാരണമായ മുറിവുകളും അത് പോലെ തന്നെ ചൂഴ്ന്നെടുത്ത കണ്ണുകളും മുറിക്കപ്പെട്ട രണ്ടു കൈകളും അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നു.ആ ഗ്രാമത്തിലെ എല്ലാം അവിടെ ഉള്ള ഒരു യൂനിവേര്‍സിറ്റി ആയിരുന്നു.ഫ്രാന്‍സിലെ തന്നെ മികച്ചതെന്ന് അവകാശപ്പെടാവുന്ന ഒന്ന്.അവിടത്തെ ലൈബ്രറിയിലെ ഉദ്യോഗസ്ഥന്‍ ആയ റിമി കല്ലോയിസ് ആയിരുന്നു കൊല്ലപ്പെട്ടത്.അയാള്‍ അവിടെ ഒരു പ്രൊഫസ്സറും ആയിരുന്നു.കേസന്വേഷണത്തിനായി യൂനിവേര്‍സിറ്റിയില്‍ എത്തിയ നിമാന്‍സ് അവിടത്തെ രീതികള്‍ പഠിക്കുന്നു.വളരെയധികം ചിട്ടയോടെ നടത്തപ്പെടുന്ന പഠനവും അവിടെ ഉള്ള വിദ്യാര്‍ഥികളില്‍ അധികവും അവിടത്തെ പ്രൊഫസര്‍മാരുടെ മക്കളും ആണെന്ന് മനസിലാക്കുന്നു.മരണപ്പെട്ട കല്ലോയിസും ഇത്തരത്തില്‍ അവിടത്തെ അധ്യാപകരുടെ മകന്‍ ആയിരുന്നു.ആ ഗ്രാമത്തിലെ ആശുപത്രി,വൈദ്യുതി എല്ലാം യൂനിവേര്സിട്ടിയുടെ കീഴില്‍ ആയിരുന്നു.നിമാന്‍സ് ചൂഴ്ന്നെടുത്ത കണ്ണുകളെ കുറിച്ചറിയാന്‍ അവിടത്തെ നേത്രരോഗ വിദഗ്ദ്ധനെ കാണാന്‍ ചെല്ലുന്നു.Dr.ചെര്‍നെസ് എന്ന അയാള്‍ നിമാന്‍സിനോട് താഴ്വരയില്‍ കുട്ടികളില്‍ കണ്ടു വരുന്ന ജനിതക രോഗത്തെ കുറിച്ച് സംസാരിക്കുന്നു.അത് പോലെ യൂനിവേര്സിട്ടിയിലെ കുട്ടികളുടെ മികച്ച ആരോഗ്യത്തെ കുറിച്ചും.

   സമാന്തരമായി മറ്റൊരു സ്ഥലത്ത് പോലീസിനു ശവക്കലറയില്‍ രാത്രി അതിക്രമിച്ചു സ്വാസ്തിക ചിഹ്നം വരച്ചവരെയും അത് പോലെ തന്നെ അവിടത്തെ സ്കൂളിന്‍റെ സ്റ്റോര്‍ റൂമില്‍ ആരോ രാത്രിയില്‍ കയറിയതായും പരാതി ലഭിക്കുന്നു.ജൂഡിത്ത് എന്ന ഇരുപതു വര്ഷം മുന്‍പ് ഒരു അപകടത്തില്‍ മരിച്ച പെണ്‍ക്കുട്ടിയുടെ ശവക്കലറയില്‍ ആയിരുന്നു ആരോ ആക്രമിച്ചു കടന്നത്‌.സ്ക്കൂളിലെ രേഖകളില്‍ നിന്നും അന്ന് രാത്രി അവിടെ വന്ന ആരോ അവള്‍ അവിടെ പഠിച്ച വര്‍ഷത്തെ രേഖകള്‍ എല്ലാം കീറി എടുത്തതായും കാണപ്പെട്ടു.ഈ കേസ് അന്വേഷിക്കുന്നത് മാക്സ് എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു.സ്വാസ്തിക ചിഹ്നത്തിന്‍റെ പുറകെ പോയ മാക്സ് നാസി അനുകൂലികളായ ചെറുപ്പക്കാരെ സംശയിക്കുന്നു.എന്നാല്‍ അവര്‍ പറഞ്ഞ സൂചനകള്‍ വച്ച് ഒരു ലട കാറില്‍ തലേന്ന് രാത്രി ആരോ അവിടെ വന്നിരുന്നു എന്ന് മനസ്സിലാക്കുന്നു.മാക്സ് ജൂടിത്തിന്റെ അമ്മയെ കാണാന്‍ പോകുന്നു.മകളുടെ അപകട മരണത്തിനു ശേഷം സമനില തെറ്റിയ അവര്‍ ഇപ്പോള്‍ ഒരു കോണ്‍വെന്റില്‍ വൈദികയാണ്.അവര്‍ തന്‍റെ മകളെ കൊന്നത് പിശാചുക്കള്‍ ആണെന്ന് മാക്സിനോട് പറയുന്നു.എന്നാല്‍ ഒരു പ്രത്യേക അവസരത്തില്‍ മാക്സിന്റെയും നിമാന്സിന്റെയും സമാന്തരമായ അന്വേഷണങ്ങള്‍ അവര്‍ അറിയാതെ തന്നെ ഒരു തെളിവില്‍ എത്തി ചേരുന്നു.സ്വന്തമായി കേസ് അന്വേഷിക്കുന്ന നിമാന്‍സിനു മാക്സിന്റെ കഴിവില്‍ വിശ്വാസം ഇല്ലായിരുന്നു.എങ്കിലും മാക്സ് അന്വേഷണത്തില്‍ ഉള്ള തന്‍റെ പ്രാഗത്ഭ്യം ഉപയോഗിച്ച് നടത്തുന്ന കണ്ടെത്തലുകള്‍ നിമാന്‍സിനെയും ആകര്‍ഷിക്കുന്നു.തങ്ങളുടെ ലക്‌ഷ്യം ഒന്നാണെന്ന് അവര്‍ മനസ്സിലാക്കുന്നു.അവരെ കാത്തിരുന്നത് വലിയൊരു രഹസ്യം ഒളിപ്പിച്ച പര്‍വത നിരകളും അവിടത്തെ ആളുകളും ആയിരുന്നു.മരണങ്ങള്‍ വീണ്ടും സംഭവിക്കുന്നു.കുറ്റവാളി എന്ന് സംശയിക്കാവുന്ന പലരെയും അവര്‍ കാണുന്നു.എന്നാല്‍ ഈ കൊലപാതകങ്ങള്‍ ചെയ്യുന്ന ആള്‍ അവരോട് എന്തോ പറയാന്‍ ശ്രമിക്കുന്നതായി .അവിശ്വസനീയമായ പല തെളിവുകളും അവരെ കൊണ്ടെത്തിച്ചത് ഒരു വലിയ രഹസ്യത്തിലേക്ക് ആണ്.അതെന്താണെന്ന് അറിയാന്‍ ബാക്കി ചിത്രം കാണുക.
   
  ചിത്രത്തിന്‍റെ തുടക്കം മുതല്‍ ഉള്ള പശ്ചാത്തല സംഗീതം ഈ ചിത്രത്തിന്‍റെ ഒരു വലിയ മുതല്‍ക്കൂട്ട് ആണ്.ഈ സിനിമയുടെ മൊത്തത്തില്‍ ഉള്ള നിഗൂഡമായ ഒരു സ്വഭാവം നിലനിര്‍ത്താന്‍ അതിനു സാധിക്കുന്നുണ്ട്.അന്വേഷണ ഉദ്യോഗസ്ഥരായി അഭിനയിച്ച ജീന്‍ റെനോയും വിന്സന്റ് കാസ്സലും നല്ല പ്രകടനം തന്നെ നടത്തി.നിഗൂഡമായ ഒരു കഥയും മികച്ച അപ്രതീക്ഷിതമായ ട്വിസ്ട്ടുകളും ഈ ഫ്രഞ്ച് ചിത്രത്തെ മികച്ച ഒരു ത്രില്ലര്‍ സിനിമ ആക്കുന്നുണ്ട്‌.രണ്ടു ഭാഗങ്ങള്‍ ഉള്ള "The Crimson Rivers " പരമ്പരയിലെ ആദ്യ ചിത്രം തീര്‍ച്ചയായും നല്ലൊരു ത്രില്ലര്‍ അനുഭവം ആണ് നല്‍കുന്നത്.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment