Tuesday, 1 July 2014

126.ENEMY (ENGLISH,2013)

126.ENEMY (ENGLISH,2013),|Mystery|Thriller|,Dir:-Denis Villeneuve,*ing :-Jake Gyllenhaal,Melanie Laurent,Sarah Gadon.
ഈ അടുത്ത് ഇറങ്ങിയ സിനിമകളില്‍ പ്രേക്ഷക മനസ്സിനെ പലതരത്തില്‍ ഒരു കഥയെ വ്യഖ്യാനിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ആണ് ജോസ് സരമാഗോയുടെ "ദി ഡബിള്‍" എന്ന നോവലിനെ ആസ്പദമാക്കി ഇറങ്ങിയ "Enemy" അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.ഒരു "Mind Fucking movie" എന്ന് പറയാവുന്ന സിനിമകളുടെ കൂട്ടത്തില്‍ ആണ് ഇതിന്‍റെ സ്ഥാനം.ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നതിലുപരി ഒരു സാധാരണ ഇംഗ്ലീഷ് സിനിമയായോ അല്ലെങ്കില്‍ അതില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന പലതരം അടയാളങ്ങളിലൂടെ സിനിമയുടെ യഥാര്‍ത്ഥ ക്രമം അനുസരിച്ച് മനസ്സിലാക്കുവാന്‍ കഴിയുന്ന ഒന്നായും ഈ ചിത്രം വ്യാഖ്യാനിക്കപ്പെടാം.അതിനാല്‍ തന്നെ ഈ ചിത്രം എല്ലാവര്‍ക്കും പറ്റിയ ഒരു സിനിമയായി കരുതുന്നില്ല.കാരണം വെറുതെ ഒരു ഓട്ട പ്രദക്ഷിണം നടത്തുമ്പോള്‍ ഈ സിനിമയില്‍ കാര്യമായൊന്നും കാണാന്‍ സാധിക്കാത്ത ഒന്നായി അനുഭവപ്പെടാം.എന്നാല്‍ പല ഭാഗങ്ങളും സൂക്ഷ്മമായി നോക്കിയാല്‍ സിനിമയുടെ സീനുകളുടെ ക്രമീകരണം പോലും വ്യത്യസ്തം ആണെന്ന് മനസ്സിലാക്കാം.ഇതിനെ കുറിച്ചുള്ള ചില വായനകള്‍ ആണ് ഈ സിനിമയെ കുറിച്ചുള്ള ഒരു ഏകദേശ രൂപം എനിക്ക് തന്നത്.അതിനാല്‍ തന്നെ രണ്ടാമതൊരു കാഴ്ചയില്‍ സിനിമ അതിന്റെ യഥാര്‍ത്ഥ ക്രമത്തില്‍ ആസ്വദിക്കാന്‍ സാധിച്ചു.ഇനി സിനിമ അവതരിപ്പിക്കുന്ന കഥയിലേക്ക്.
സിനിമ ആരംഭിക്കുന്നത് ഒരു സെക്സ് ക്ലബ്ബില്‍ നിന്നും ആണ്.നായക കഥാപാത്രമായ ജേക്ക് ഉള്ളിലേക്ക് കടന്നു പോകുന്നു.അയാള്‍ അവിടത്തെ കാഴ്ചകളില്‍ പങ്കാളി ആകുന്നു.അതിനു ശേഷം അവതരിപ്പിക്കപ്പെടുന്നത് ആദം എന്ന ചരിത്ര അധ്യാപകന്‍റെ ജീവിതം ആണ്.അയാള്‍ ഒരു അരസികനും ജീവിതത്തില്‍ ഒതുങ്ങി കൂടുന്ന ആളും ആണ്.അയാളുടെ പെണ്‍ സുഹൃത്തായ മേരി അയാളെ കാണുവാന്‍ വീട്ടില്‍ വരുന്നു.ഈ രംഗങ്ങളും പിന്നെ ആദമിന്‍റെ അദ്ധ്യാപനവും ആണ് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.ഒരു നാള്‍ ഒരു സുഹൃത്തിന്‍റെ നിര്‍ദ്ദേശപ്രകാരം കാണുന്ന "Wher there is will,There is a way" എന്ന ചിത്രം അയാളില്‍ ഞെട്ടലുണ്ടാക്കുന്നു.അതിലെ റൂം ബോയുടെ കഥാപാത്രവും താനുമായുള്ള സാമ്യം അയാള്‍ ശ്രദ്ധിക്കുന്നു.പിന്നീട് ആദമിന്‍റെ അന്വേഷണം ചെന്നെത്തുന്നത് ആന്റണി എന്ന നടനില്‍ ആണ്.അയാളാണ് ആദമിന്‍റെ അപരന്‍.സിനിമ പിന്നീട് കാണിക്കുന്നത് ആദം അന്വേഷിച്ചു ചെല്ലുന്ന അന്തോണിയും അയാളുടെ ഗര്‍ഭിണിയായ ഭാര്യയും എല്ലാം കൂടി ആദമിന്‍റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ പ്രക്രിയകള്‍ ആയാണ്.കൂടാതെ അവസാനത്തെ രംഗവും ചിത്രത്തില്‍ ഉടനീളം കാണിക്കുന്ന ചിലന്തികളും കൂടി ആകുമ്പോള്‍ ഒരു പക്ഷേ ഒരു സാധാ ചിത്രം അല്ലെങ്കില്‍ ഒന്നും മനസ്സിലക്കാത്ത ചിത്രം എന്ന നിലയില്‍ ആകും വരുക.എന്നാല്‍ ചിത്രം അവതരിപ്പിക്കപ്പെടുന്നത് ഒരു സമസ്യ പോലെ ആണ്.ഒരു ക്രമീകരിച്ച ഘടനയില്‍ അല്ല ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്‍റെ ആദ്യ സീന്‍ ചിത്രത്തിന്‍റെ അവസാന ഭാഗത്തിന്റെ തുടര്‍ച്ചയായി മാറുന്ന ഒരു അവസ്ഥ വരെ ഈ ചിത്രത്തില്‍ ഉണ്ട്.എന്നാല്‍ അതിനു ശേഷം അവതരിപ്പിക്കപ്പെടുന്ന കഥയും ഈ സമയ ക്രമീകരണം അനുസരിക്കുന്നില്ല.അത് പോലെ തന്നെ ചിത്രം ചില സീനുകളിലൂടെ വീണ്ടും തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു.സൂചന:ആ കീറിയ കല്യാണ ഫോട്ടോ
സംവിധായകന്‍ അവതരിപ്പിക്കുന്ന പല ഭാഗങ്ങളും പ്രേക്ഷകനെ കുഴപ്പിക്കാന്‍ ആയാണ് ഉപയോഗിച്ചിരിക്കുന്നത്.ഉദാഹരണമായി ഹെലന്‍ സ്കൂളില്‍ വച്ച് ഭര്‍ത്താവിനെ ഫോണില്‍ വിളിക്കുമ്പോള്‍,പിന്നെ അവസാനം റേഡിയോയില്‍ വരുന്ന വാര്‍ത്ത.ഇവയെല്ലാം പ്രേക്ഷകനെ കുഴപ്പിക്കുകയും ചെയ്യുന്നു.എന്നാല്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ ആണ് കഥയെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്.ശരിക്കും നായക കഥാപാത്രമാണ് പ്രേക്ഷകനെ കുഴപ്പിക്കുന്നത്.ആദമും ആന്റണിയും യഥാര്‍ത്ഥത്തില്‍ ആരായിരുന്നു?കൂടുതല്‍ അറിയണമെങ്കില്‍ സിനിമ കാണുക ഒരു സമസ്യ പൂരിപ്പിക്കുന്ന രീതിയില്‍ ഈ സിനിമയെ സമീപിക്കാന്‍ കഴിഞ്ഞാല്‍ മാത്രം ഇതൊരു അസാധ്യ സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയി മാറും.അല്ലെങ്കില്‍ കുഴപ്പമില്ലാത്ത പശ്ചാത്തല സംഗീതം ഉള്ള വേഗത കുറഞ്ഞ ഒരു ചിത്രവും.സംവിധായകന്‍റെ വാക്കുകള്‍ കടം എടുക്കുകയാണെങ്കില്‍ "Enemy is the one way trip to the sub conscious of a man struggling with issues regarding intimacy".സിനിമയുടെ രത്നച്ചുരുക്കം എന്ന് പറയാം ഒറ്റ വരിയില്‍ ആ വാക്കുകളെ.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment