Wednesday, 2 July 2014

127.MILLIONS (ENGLISH,2004)

127.MILLIONS(ENGLISH,2007)|Fantasy|Crime|Drama|,Dir:Danny Boyle,*ing:Alex Etel,James Nesbitt.

ഡാനി ബോയല്‍ സംവിധാനം ചെയ്ത മില്ല്യന്‍സ് എന്ന ചിത്രം ഡാമിയന്‍ എന്ന കുട്ടിയുടെ കാഴ്ചപ്പാടില്‍ ലോകത്തിലെ പ്രശ്നങ്ങളും നന്മകളും അവതരിപ്പിക്കുന്നു.പണത്തിന്റെ മൂല്യം കൂടുന്നത് അത് അര്‍ഹിക്കുന്നവരുടെ കയ്യില്‍ എത്തുമ്പോള്‍ ആണെന്നുള്ള വിശ്വാസം ആണ് ഡാമിയന്‍ വച്ച്  പുലര്‍ത്തുന്നത്.പണത്തിന്റെ വില കൂടുതലായി തോന്നുന്നവരുടെ അടുക്കലേക്ക്‌ ഡാമിയന്‍ യാത്ര ചെയ്യുന്നതും അതിനു കാരണമായ സംഭവങ്ങളും അതിന്‍റെ ഫലങ്ങളും ആണ് ചിത്രത്തില്‍.ഡാമിയന്‍ എന്ന ബ്രിടീഷ് വംശജനായ കുട്ടിയും അവന്റെ ജ്യേഷ്ഠനായ ആന്റണിയും അച്ഛനും കൂടി അമ്മയുടെ മരണ ശേഷം താമസം മാറുന്നു.ദൈവ വിശ്വാസിയായ ഡാമിയന്‍ പുണ്യാളന്മാരിലും അവരുടെ അത്ഭുത പ്രവര്‍ത്തികളിലും വിശ്വസിക്കുന്നു.ഡാമിയന്‍ പലപ്പോഴും പുണ്യാളന്മാരുമായി സംസാരിക്കുന്നത് കാണിക്കുന്നുണ്ട് ചിത്രത്തില്‍.ഒരു ദിവസം വീടിനടുത്തുള്ള റെയില്‍വേ പാളത്തിനരികില്‍ അവന്‍ നിര്‍മിച്ച കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ ചേര്‍ത്തുള്ള വീടിനുള്ളില്‍ ട്രെയിന്‍ പോകുന്ന പ്രകമ്പനത്തില്‍ സ്വയം ഒരു ട്രെയിന്‍ യാത്രക്കാരനായി സങ്കല്‍പ്പിച്ചു കളിച്ചു കൊണ്ടിരിക്കുമ്പോള്‍ വിശുദ്ധ അസീസി അവന്റെ അടുക്കല്‍ എത്തുന്നു.ഒരു സിഗരറ്റ് വലിക്കുന്ന അസീസിയോടു ഇത് അനുവദനീയം ആണോ സ്വര്‍ഗത്തില്‍ എന്ന ചോദ്യത്തിന് അതേ എന്നും അവിടെ എത്തി ചേരുന്നത് വരെ ആണ് ബുദ്ധിമുട്ട് എന്നും പറയുന്നു.ട്രെയിന്‍ കടന്നു പോകുന്നതിനു മുന്‍പ് ഒരു പെട്ടി ഡാമിയന്‍ ഉണ്ടാക്കിയ ആ വീടിനു മുകളില്‍ വന്നു പതിക്കുന്നു.അല്‍പ്പ നേരം കഴിഞ്ഞു ആ പെട്ടി തുറന്നു നോക്കിയ ഡാമിയന്‍ ആ പെട്ടിയില്‍ കണ്ടത് പണമായിരുന്നു.കുറേ ഏറെ പണം.

  ഡാമിയന്‍ അത് ജ്യേഷ്ഠനെ കാണിക്കുന്നു.ആന്റണിക്ക് അത് ഉപയോഗിച്ച് വീടും മറ്റു പല വസ്തുക്കളും വാങ്ങുവാന്‍ ആയിരുന്നു താല്‍പ്പര്യം.എന്നാല്‍ ഡാമിയന്‍ തന്റെ പങ്കു പാവപ്പെട്ടവര്‍ക്ക് കൊടുക്കാന്‍ തീരുമാനിക്കുന്നു.അവന്റെ അഭിപ്രായത്തില്‍ ആ പണം അവനു ദൈവം പാവപ്പെട്ടവരെ സഹായിക്കുവാന്‍ വേണ്ടി കൊടുത്തു എന്നാണ്.അവന്‍ പണം ആവശ്യം ഉള്ളവരെ അന്വേഷിച്ചു തുടങ്ങുന്നു.തെരുവോരത്ത് മാസിക വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് ജീവിക്കുന്ന പെണ്‍ക്കുട്ടിയോട്  അവന്‍ ഭക്ഷണം വാങ്ങിച്ചു തരാം എന്ന് പറയുന്നു.എന്നാല്‍ അവളുടെ സുഹൃത്തുക്കളെയും കൂടെ കൂട്ടാമോ എന്ന് ചോദിച്ചപ്പോള്‍ ഡാമിയന്‍ അവരെ എല്ലാവരെയും കൂട്ടി ഭക്ഷണം വാങ്ങി കൊടുക്കുന്നു.എന്നാല്‍ ആന്റണി ഇതെല്ലം എതിര്‍ക്കുന്നു.കുറച്ചു സുഹൃത്തുക്കള്‍ അല്ലാതെ മറ്റാര്‍ക്കും ഈ പണത്തെ കുറിച്ച് അറിയില്ലായിരുന്നു.എന്നാല്‍ ഡാമിയന്‍ താന്‍ കാണുന്ന പുണ്യാളന്മാരോടൊപ്പം ദരിദ്രരെ സഹായിക്കാന്‍ ഇറങ്ങുന്നു.ഡിഷ്‌ വാഷറും ,മൈക്രോവേവ് ഓവനും ഇല്ലാത്തതു കൊണ്ട് ദരിദ്രര്‍ ആണെന്ന് പറയുന്ന മിഷിനറി പ്രവര്‍ത്തകര്‍ക്ക് പോലും ആ കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കതയില്‍ അവരുടെ വീട്ടില്‍ ആരുമറിയാതെ രാത്രി അവന്‍ പണം നിക്ഷേപിക്കുന്നു പോലും ഉണ്ട്.എന്നാല്‍ ഈ പണം എവിടെ നിന്നും ആണ് ഡാമിയന് ലഭിച്ചത്?ദൈവം കൊടുത്തതാണോ?അതോ?ഡാമിയന് പണം ലഭിച്ചു പന്ത്രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ പണം മുഴുവനും യൂറോ ആയി മാറുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടുണ്ട്.കൂടാതെ ഡാമിയനെ അന്വേഷിച്ചു ഒരു അപരിചിതന്‍ വരുന്നു.സ്കൂളില്‍ എത്യോപ്പിയയിലെ രൂക്ഷമായ വെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള സഹായം സ്വരൂപിക്കാനായി ഒരു സ്ത്രീയും എത്തുന്നു.ഈ പണവും ഇവരും എല്ലാം തമ്മില്‍ ബന്ധമുണ്ടോ??ഡാമിയന്‍ പിന്നീട് എത്തിപ്പെടുന്നത് ഒരു കൂട്ടം പ്രശ്നങ്ങളുടെ നടുവിലേക്ക് ആണ്.

  തന്റെ നിഷ്ക്കളങ്കമായ മനസ്സിനനുസരിച്ചു ഡാമിയന്‍ പ്രവര്‍ത്തിക്കുന്നു.ഒരു പക്ഷേ ആര്‍ക്കും ഒരിക്കലുമുപയോഗം വരാതെ ഇരിക്കുമായിരുന്ന "ദൈവം"നല്‍കിയ ആ പണം ദാമിയന്‍ എങ്ങനെ ഉപയോഗിച്ച് എന്നതാണ് ബാക്കി സിനിമ.ഒരു നല്ല ഫീല്‍ ഗുഡ് സിനിമ എന്ന് തന്നെ പറയാം മില്ലിയന്‍സ് എന്ന സിനിമയെ.മനോഹരമായ ക്യാമറ കാഴ്ചകള്‍,പശ്ചാതല്‍ സംഗീതം,പോരാത്തതിന് അതി ഗംഭീരമായ ഒരു കവര്‍ച്ചയും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്.ഡാനി ബോയലിനു വേണമെങ്കില്‍ അടുത്ത ഒരു സിനിമയായി ഇറക്കാന്‍ ഉള്ളത് അതില്‍ ഉണ്ട്.ഈ സിനിമയില്‍ എന്നെ ആകര്‍ഷിച്ചത് ഡാമിയന്‍ എന്ന കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയും ജീവിത കാഴ്ചപ്പാടുകളും ആണ്.മനോഹരമായി അത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു ചിത്രത്തില്‍.ഒരു നല്ല ഫീല്‍ ഗുഡ് മൂവി പ്രതീക്ഷിക്കുന്നവര്‍ക്ക് പരീക്ഷിച്ചു നോക്കാവുന്ന സിനിമ.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment