Monday, 28 July 2014

155.SEPTIMO(SPANISH,2013)

155.SEPTIMO(SPANISH,2013),|Thriller|,Dir:-Patxi Amezcua,*ing:-Riccardo Darin,Belen Rueda

  "The Secret in their Eyes" കണ്ടതോടെ റിക്കാര്‍ഡോ ഡാരിന്‍ എന്ന നടന്‍ എന്‍റെ പ്രിയപ്പെട്ട നടനമാരില്‍ ഒരാള്‍ ആയി മാറി.പിന്നീട് "El Aura" എന്ന ചിത്രം കണ്ടതോടെ റിക്കാര്‍ഡോ ടാറിന്റെ സിനിമകള്‍ തിരഞ്ഞെടുത്തു കാണാന്‍ തുടങ്ങി.റിക്കാര്‍ഡോ ഡാരിന്‍ സെബാസ്റ്റിന്‍ എന്ന വക്കീലിനെ അവതരിപ്പിച്ച ത്രില്ലര്‍ ചിത്രമാണ് "Septimo".സെബാസ്റ്റിന്‍ തിരക്കേറിയ ഒരു വക്കീല്‍ ആണ്.പലപ്പോഴും കുറ്റവാളികള്‍ക്ക് വേണ്ടി വാദിച്ച് അവരെ രക്ഷപ്പെടുത്തുന്ന സമര്‍ത്ഥനായ വക്കീല്‍ ആയിരുന്നു സെബാസ്റ്റിന്‍.ഡെലിയ എന്ന സ്പെയിന്ക്കാരി ആണ് സെബാസ്റ്റിന്റെ ഭാര്യ.തന്‍റെ ഭര്‍ത്താവ് വാദിക്കുന്ന കേസുകള്‍ സമൂഹത്തിലെ നീചന്മാര്‍ക്ക് വേണ്ടി ആണെന്ന് അവര്‍ മനസ്സിലാകുമ്പോള്‍ ഡെലിയ സെബാസ്റ്റിനോട് വിവാഹമോചനം ആവശ്യപ്പെടുന്നു.അകന്നു കഴിഞ്ഞിരുന്ന അവര്‍ മക്കളായ ലൂനയുടെയും ലോക്കയുടെയും ഒപ്പം ഒരു ഫ്ലാറ്റില്‍ ആണ് കഴിഞ്ഞിരുന്നത്.കുട്ടികളെ സ്ക്കൂളില്‍ കൊണ്ട് പോകാനായി സെബാസ്ടിന്‍ എന്നത്തേയും പോലെ ഒരു രാവിലെ അവിടെ എത്തുന്നു.അന്ന് സെബാസ്ടിന്‍ വാദിക്കേണ്ട ഒരു സുപ്രധാന കേസ് ഉള്ള ദിവസം ആയിരുന്നു.ഡെലിയയെ യാത്രയാക്കിയതിനു ശേഷം കുട്ടികളും ഒരുമിച്ച് ഇറങ്ങാന്‍ തുടങ്ങിയ സെബാസ്റ്റിന്‍ അവരുടെ ആഗ്രഹ പ്രകാരം അവര്‍ താമസിക്കുന്ന നിലയില്‍ നിന്നും താഴോട്ട് സ്റ്റെപ്പുകള്‍ ഇറക്കി വിടുന്നു.സെബാസ്റ്റിന്‍ ലിഫ്റ്റിലും പോകുന്നു.ആര് ആദ്യം എത്തും എന്ന ഒരു കുട്ടിക്കളിയും ഉണ്ടായിരുന്നു അതില്‍.

    എന്നാല്‍ താഴെ വന്ന സെബാസ്റ്റിന്‍ തന്‍റെ കുട്ടികളെ നോക്കി നില്‍ക്കുന്നു.എന്നാല്‍ അവര്‍ താഴെ വരുന്നില്ല.ഫ്ലാറ്റിലെ റിസപ്ഷനില്‍ ഇരിക്കുന്ന ആളും കുട്ടികള്‍ ആ വഴി കടന്നു പോകുന്നത് കണ്ടിട്ടില്ല.സെബാസ്റ്റിന്‍ ഹാജരാകാന്‍ ഇരിക്കുന്ന കേസ് വിളിക്കരായി എന്ന് ഫോണ്‍ കോളുകള്‍ വന്നു തുടങ്ങി.എന്നാല്‍ കുട്ടികളെ കാണാത്തത് കൊണ്ട് അവരെ അന്വേഷിച്ച് ഇറങ്ങുന്നു.ആ ഫ്ലാറ്റില്‍ തന്നെ ഉള്ള ഒരു പോലീസുകാരനുമായി ചെറിയ പ്രശ്നങ്ങള്‍ സെബാസ്സ്ട്ടിനു ഉണ്ടായിരുന്നു എങ്കിലും പോലീസുകാരനും ആ അന്വേഷണത്തില്‍ സഹകരിക്കുന്നു.ഓരോ വീട്ടിലും കയറി അവര്‍ അന്വേഷിക്കുന്നു.എന്നാല്‍ അവിടെ ഒരു മുറിയില്‍ ആളുകളോട് അധികം ഇടപ്പഴകാത്ത പ്രാകൃതന്‍ എന്ന്‍ തോന്നുന്ന ഒരാള്‍ ഉണ്ടായിരുന്നു.സെബാസ്റ്റിന്‍ അയാളെ സംശയിക്കുന്നു.എന്നാല്‍ ഒരാളുടെ വീട്ടില്‍ അതിക്രമിച്ചു കിടക്കുന്നതിന്‍റെ പ്രശ്നങ്ങളെ കുറിച്ച് പോലീസുകാരന്‍ പറയുന്നു.സെബാസ്ട്ടിനു കുട്ടികളെ കിട്ടിയേ മതിയാകൂ.അതിനായി അയാള്‍ എന്തും ചെയ്യും.കൂടുതല്‍ അറിയാന്‍ സിനിമ കാണുക.

  ഇവിടെ കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്ന് സംശയികാവുന്ന ധാരാളം ആളുകള്‍ ഉണ്ട്.സെബാസ്സ്ടിന്റെ ശത്രുകള്‍ മുതല്‍ അന്ന് ഹാജരാകാന്‍ പോകുന്ന കേസിനെ വരെ ബാധിക്കുന്ന ആളുകള്‍.അല്ലാതെയും ഉള്ള അദൃശ്യ കരങ്ങള്‍.അല്‍പ്പ നേരത്തിനുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.തന്റെ മക്കളെ അന്വേഷിച്ചു ഒരു പിതാവ് എത്ര വരെ പോകും എന്ന് ഈ ചിത്രം അവതരിപ്പിക്കുന്നു.റിക്കാര്‍ഡോ ടാരിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നും പെടുത്താന്‍ കഴിയില്ലെങ്കിലും അത്യാവശ്യം കാണാവുന്ന ഒരു  ത്രില്ലര്‍ ആണ് ഈ ചിത്രം.

More reviews @ www.movieholicviews.blogspot.com

Sunday, 27 July 2014

154.MANGLISH(MALAYALAM,2014)

154.MANGLISH(MALAYALAM,2014),Dir:-Salam Bappu,*ing:-Mammootty,Caroline Beach,Tini Tom.

മലയാളത്തിന്‍റെ പ്രിയ മെഗാസ്റ്റാറിനെ അഭിനയം എന്താണ് എന്നും ആരും ഉപദേശിക്കേണ്ട ആവശ്യം ഇല്ലാത്തത് പോലെ തന്നെ ഉള്ള ഒരു കാര്യം ആണ് അദ്ദേഹത്തിന്റെ സിനിമകളുടെ തിരഞ്ഞെടുപ്പും.കുറച്ചു ദിവസം മുന്‍പ് എവിടെയോ മമ്മൂട്ടി പറഞ്ഞു എന്നും പറഞ്ഞ ഒരു വാചകം ശ്രദ്ധിച്ചു.അദ്ദേഹത്തിന് വേണമെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രം മതിയാകും.എന്നാല്‍ അദ്ദേഹത്തിന് വേണ്ടി കാത്തു നില്‍ക്കുന്ന പുതുമുഖ സംവിധായകര്‍ക്ക് മമ്മൂട്ടി എന്ന നടന വൈഭവം കൂടെ ചേരുമ്പോള്‍ ലഭിക്കുന്ന നേട്ടങ്ങള്‍ പലതാണ്.നിര്‍മാതാവ് മുതല്‍ എല്ലാം കുറച്ചും കൂടി എളുപ്പത്തില്‍ കിട്ടുമായിരിക്കും എന്നുള്ളത് സത്യമാണ്.ആ ഒരു രീതിയില്‍ അദ്ദേഹം ഈ അടുത്ത്  ചെയ്ത പടങ്ങളുടെ ഗതി പലതും കണ്ടതാണ്.അദ്ദേഹത്തിന്റെ പിന്‍ബലത്തില്‍ വന്ന അന്‍വര്‍ റഷീദ്,അമല്‍ നീരദ്,ആഷിക് അബു,മാര്‍ട്ടിന്‍ പ്രക്കാട്ട്  തുടങ്ങിയ ഇക്കാലത്തെ സംവിധായകരെ മറന്നു കൊണ്ടല്ല ഇത് പറയുന്നത്.സലാം ബാപ്പു "റെഡ് വൈനില്‍" നിന്നും "മംഗ്ലീഷില്‍" എത്തിയപ്പോള്‍ നാലാം ക്ലാസുകാരന്‍ എല്‍ കെ ജിയില്‍ എത്തിയത് പോലെ ആയി തോന്നി.മാസ് സിനിമ എടുക്കുന്നതില്‍ ചില വിദഗ്ധര്‍ ഉണ്ട് മലയാളത്തില്‍.ജോഷി മുതല്‍ വൈശാഖന്‍ വരെ നില്‍ക്കുന്ന ഇപ്പോഴത്തെ സംവിധായകരെ അനുകരിച്ചുള്ള ഒരു മേക്കിംഗ് സ്റ്റൈല്‍ ആണെങ്കില്‍ പോലും ഈ സിനിമ ഓടിയേനെ.ഇവരെ ഒക്കെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യത എന്ന് ചോദിച്ചാല്‍ ഒരു മൊബൈല്‍ ക്യാമറയില്‍ മര്യാദയ്ക്ക് ഫോട്ടോ പോലും എടുക്കാന്‍ അറിയാത്ത എന്നെ പോലെ ഒരാള്‍ മുടക്കിയ ടിക്കറ്റ് കാശിന്‍റെ അവകാശം എന്ന് പറയാം.

   മംഗ്ലീഷ് ആരംഭത്തില്‍ ചെറിയ ഒരു പ്രതീക്ഷ തന്നിരുന്നു.ഉത്സവക്കാലത്ത് ആരാധകര്‍ക്ക് വേണ്ടി ഇറങ്ങുന്ന ഒരു മാസ് ചിത്രം എന്ന ഒരു തോന്നല്‍.എന്നാല്‍ കേട്ട് പഴകിയ ആവര്‍ത്തന വിരസമായ കഥയില്‍ പുതിയതായി എഴുതി ചേര്‍ക്കാന്‍ ഒന്നും കഴിയാത്ത ഒന്നായി ഈ ചിത്രം.കൊച്ചിയുടെ സപ്ന്ദനം അറിയുന്ന മാലിക് ഭായ് എന്ന നായകന്‍ അവിടത്തെ ഒരു ഡോണ്‍ ആണെന്ന് പറയാം.രാഷ്ട്രീയം ,പോലീസ് എന്ന് വേണ്ട സിനിമ നടന്മാര്‍ക്കിടയില്‍ പോലും ബന്ധങ്ങള്‍ ഉള്ള ആള്‍.വിദ്യാഭ്യാസം കുറവുള്ള എന്നാല്‍ കാശുകാരനായ ഒരാള്‍ ആണ് മാലിക് ഭായ്.തന്‍റെ ആദ്യ ഭാര്യയുടെ പിതാവുമായി ശത്രുതയില്‍ ആയിരുന്ന മാലിക് ഭായ് അയാളുടെ രാഷ്ട്രീയ പ്രതിയോഗിയുടെ സ്വന്തം ആളാണ്‌.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് ഡല്‍ഹിയില്‍ മീന്‍ കൊണ്ട് കൊടുത്ത ആളെ പോലെ ഒരാള്‍.അയാള്‍ക്ക്‌ വേണ്ടി ചെയ്യുന്ന ഒരു ജോലിയുടെ സമയത്ത് മാലിക് ഭായ് മിഷല്‍ എന്ന വിദേശ വനിതയെ കണ്ടു മുട്ടുന്നു.മാലിക് ഒരു അവസരത്തില്‍ അവരുടെ വിശ്വാസം നേടി എടുക്കുന്നു.മിഷലിനു മാലിക്കിനോട് പറയാന്‍ ഒരു രഹസ്യമുണ്ട്.എന്നാല്‍ മിഷലിനു അറിയുന്ന ഭാഷ മാലിക്കിന് വശമില്ല.എന്നാല്‍ ജീവിതത്തില്‍ പ്രധാനമായ ഒരു കാര്യം മിഷലിനു മാലിക് ഭായെ അറിയിക്കുകയും വേണം.അതിനായി അവര്‍ എന്തൊക്കെ ചെയ്തു എന്നതാണ് ബാക്കി കഥ.കേട്ട് പഴകിയ കഥ ആയിരിക്കാം.എന്നാലും അതൊക്കെ മികച്ച ടീം വര്‍ക്കിലൂടെ നന്നാക്കുന്ന ചില സംവിധായകരെ എങ്കിലും നമുക്ക് കാണാന്‍ സാധിക്കും.എന്നാല്‍ സലാം ബാപ്പു അവിടെ നിലവാരമനുസരിച്ച് ഉയര്‍ന്നുമില്ല.

  മമ്മൂട്ടി എന്ന നടന്‍ സൗന്ദര്യത്തില്‍ ഒരു അത്ഭുതം ആണ്.പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പ്രായം നോക്കുമ്പോള്‍.എന്നാല്‍ സ്ക്രീനില്‍ ഒരു യുവാവായി നായികയുടെ ഒപ്പം യുഗ്മ ഗാനം പാടി നടക്കുന്നത് അല്‍പ്പം ബോര്‍ ആയി തന്നെ തോന്നുന്നുണ്ട്.പ്രത്യേകിച്ച് മെച്ചമില്ലാത്ത ഗോപി സുന്ദറിന്റെ പാട്ടുകള്‍ക്ക് അനുസരിച്ച്.ഗോപിയുടെ സ്റ്റോക്ക് തീര്‍ന്നോ എന്നൊരു സംശയം.തറ വലിപ്പുകള്‍ കുറവായിരുന്നു.പക്ഷെ അതൊക്കെ കേട്ട് ചിരിക്കുന്ന ഒരു കൂട്ടം പ്രേക്ഷകര്‍ക്ക്‌ പോലും അത് കൊണ്ട് ഈ സിനിമയില്‍ ഓര്‍ത്തു വയ്ക്കാന്‍ ഒന്നും ഇല്ലാതെ ആയി പോയി.ആദ്യ പകുതി കണ്ടപ്പോള്‍ രണ്ടാമത്തേതില്‍ എങ്കിലും എന്തെങ്കിലും കാണും എന്ന് കരുതി.എന്നാല്‍ രണ്ടാം പകുതി ആദ്യത്തേതിലും നിരാശ നല്‍കി എനിക്ക്.മമ്മൂട്ടി എന്ന നടന് ഇത്തരം സിനിമകള്‍ ഒന്നും നല്‍കും എന്ന് തോന്നുന്നില്ല.അഭിനയത്തിന്‍റെ ഒക്കെ കാര്യത്തില്‍ ഒരു സാച്ചുറേഷന്‍ പോയിന്‍റ് എത്തിയ ഒരാള്‍ക്ക് പ്രത്യേകിച്ചും.അദ്ധേഹത്തില്‍ നിന്നും കൂടുതല്‍ നല്ല സിനിമകള്‍ പ്രതീക്ഷിക്കുന്നു.ഒരു സിനിമ പ്രേമി എന്ന നിലയില്‍.എന്നാല്‍ ഒരു ആരാധകന്‍ എന്ന നിലയില്‍ അതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നു.എന്നും ക്ലാസിക്കുകള്‍ വേണം എന്നല്ല.പകരം പോക്കിരി രാജ പോലെ ഒരു പടം ആണെങ്കിലും അത് മതി എന്നെ പോലെ ഒരു സാധാരണ പ്രേക്ഷകന്.ഒരു ആവരേജിലും താഴെ നില്‍ക്കുന്ന ഈ ചിത്രത്തിന് അഞ്ചില്‍ ഒരു രണ്ട് റേറ്റിംഗ് അര്‍ഹിക്കുന്നു എന്ന് തോന്നുന്നു.

More reviews @ www.movieholicviews.blogspot.com


Friday, 25 July 2014

153.VIKRAMADITHYAN(MALAYALAM,2014)

153.VIKRAMADITHYAN(MALAYALAM,2014),Dir:-Lal Jose,*ing:-Dulqar Salman,Unni Mukundan.

  റംസാന്‍ റിലീസുകളില്‍ ആദ്യം എത്തിയ ചിത്രമാണ് "വിക്രമാദിത്യന്‍".ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഇക്ബാല്‍ കുറ്റിപ്പുറം ആണ്.ഇവരുടെ കൂട്ടുക്കെട്ടില്‍ മുന്‍പിറങ്ങിയ സിനിമകള്‍ എല്ലാം തന്നെ ഒരു വിധം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് കൊണ്ട് തന്നെ പ്രതീക്ഷകള്‍ നല്ലത് പോലെ ഉണ്ടായിരുന്നു.ട്രയിലര്‍ കണ്ടപ്പോള്‍ "അഞ്ചാതെ","ദ്രോഹി" തുടങ്ങിയ സിനിമകളുമായുള്ള സാദൃശ്യം തോന്നിയിരുന്നു.എന്നാല്‍ തിയറ്ററില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ വിക്രമാദിത്യന് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു.വിക്രമാദിത്യന്‍, "വിക്രമന്‍" ,"ആദിത്യന്‍ " എന്ന രണ്ടു യുവാക്കളുടെ കഥയാണ്.അവര്‍ തമ്മില്‍ ഉള്ള ബന്ധം അല്‍പ്പം കുഴപ്പം ഉള്ളതാണ്.കുട്ടിക്കാലം മുതല്‍ തന്നെ പരസ്പ്പരം അറിയാവുന്നവര്‍ ആയിട്ട് കൂടി എന്നും പരസ്പ്പരം എതിര്‍ക്കേണ്ടി വന്നവര്‍ ആയിരുന്നു അവര്‍.അവര്‍ക്കൊരു കളിക്കൂട്ടുകാരിയും ഉണ്ട്;ദീപിക.ചെറുപ്പം മുതല്‍ ഉള്ള അവരുടെ ബന്ധം അവര്‍ അതേ പോലെ തന്നെ സൂക്ഷിക്കുന്നു.

   എന്നാല്‍ ഒരു ദിവസം ആ ബന്ധത്തില്‍ ഒരു ചെറിയ മാറ്റം വരേണ്ട സമയം വരുന്നു.ആ ഒരു അവസ്ഥയിലേക്ക് ഇവരുടെ സൗഹൃദവും ബന്ധങ്ങളും എങ്ങനെ എത്തപ്പെട്ടു എന്നതാണ് ചിത്രം അവതരിപ്പിക്കുന്നത്‌.ഇതിലെ കഥാപാത്രങ്ങള്‍ ചിലര്‍ എങ്കിലും വ്യത്യസ്ത ധ്രുവങ്ങളില്‍ ചിന്തിക്കുന്നവര്‍ ആയിരുന്നു.അത് പോലെ തന്നെ അവരുടെ പ്രവര്‍ത്തികളും.ഈ ഒരു വൈരുധ്യം ആണ് സിനിമയുടെ കഥയില്‍ അവതരിപ്പിക്കുന്നത്‌.ഇവരുടെ പിണക്കങ്ങളും ഇണക്കങ്ങളും എല്ലാവരെയും ബാധിക്കുന്നുണ്ട്.ആദ്യ പകുതിയില്‍ ഫ്ലാഷ്ബാക്ക് സീനുകള്‍ ധാരാളം ആയി അവതരിപ്പിച്ചപ്പോള്‍ ട്രയിലറില്‍ കണ്ട ഒരു ഓളം ചിത്രത്തിന് ഉള്ളതായി തോന്നിയില്ല എന്നത് വാസ്തവം ആണ്.ഒരു ക്ലീഷേ കഥാഗതിയില്‍ ചിത്രം മുന്നോട്ടു പോകുമ്പോള്‍ വരുന്ന ഇടവേള മുതല്‍ ചിത്രം വേഗതയാര്‍ജിക്കുന്നു.പിന്നെ ഒരു യൂത്ത് എന്റര്‍റ്റെയ്നര്‍ എന്ന നിലയിലേക്ക് വേഗത കൂട്ടുന്നു.ദുല്‍ക്കാര്‍ സല്‍മാന്‍ ഒരു പക്ഷേ അല്‍പ്പം ബോള്‍ഡ് ആയ വേഷങ്ങള്‍ ചെയ്യുന്നതായിരിക്കും നല്ലതെന്ന് ഈ അടുത്ത് ഇറങ്ങിയ സിനിമകള്‍ തെളിവായുണ്ട്.ഒരു റൊമാന്റിക് ഹീറോ എന്ന നിലയില്‍ നിന്നും അടുത്ത സ്റ്റേജില്‍ എത്താന്‍ ഉള്ള സമയം ആയി എന്നര്‍ത്ഥം.ഉണ്ണി മുകുന്ദന്‍-ഈ അടുത്തിറങ്ങിയ ചില സിനിമകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ഇ ചിത്രത്തില്‍ മോശമാക്കിയില്ല.മസ്സില്‍ പിടിച്ചുള്ള അഭിനയം ആണ് ഉണ്ണിയുടെ സേഫ് സോണ്‍ എന്ന് തോന്നുന്നു.നമിത പ്രമോദില്‍ ഒരു ഊര്‍ജം ഉണ്ടായിയിരുന്നു.ലെനയുടെ അമ്മ വേഷം നന്നായിരുന്നു.അത് പോലെ തന്നെ അസാധാരണമാം വിധം സ്വാഭാവികമായി  അഭിനയിക്കുന്ന അനൂപ്‌ മേനോന്‍റെ ഒരു സെല്‍ഫ് ബൂസ്റ്റിംഗ് കഥാപാത്രം ഇതില്‍ ഇല്ലായിരുന്നു.

  ബിജിബാലിന്റെ സംഗീതം അത്ര ഇഷ്ടപ്പെട്ടില്ല.പക്ഷേ ജോമോന്റെ ക്യാമറ നന്നായിരുന്നു.ആദിത്യന്റെ അച്ഛനായി അഭിനയിച്ച നടനും നന്നായിരുന്നു.ഒരു പക്ഷെ ലാല്‍ ജോസ്-ഇക്ക്ബാല്‍ കൂട്ടുക്കെട്ടിന്റെ ചിത്രങ്ങളുടെ എല്ലാം നിലവാരം ഈ ചിത്രത്തിന് അവകാശപ്പെടാന്‍ ഇലായിരുന്നു എങ്കിലും സിനിമ മൊത്തത്തില്‍ ഒരു രസം കൊല്ലി ആയി തോന്നിയില്ല.ക്ലൈമാക്സ് ഒക്കെ ഇത്തരം ഒരു സിനിമയില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നുവോ അത് നല്‍കിയിരുന്നു.അതായിരുന്നു ഈ ചിത്രത്തിന്‍റെ ഹൈലൈറ്റും.അതിലെ ക്ലീഷേ ഭാഗം ഒഴിച്ച്.റംസാന്‍ ചിത്രങ്ങളുടെ തുടക്കം മോശം ആയില്ല എന്ന് തോന്നുന്നു.നെഗറ്റീവുകള്‍ ഇല്ല എന്നല്ല.പക്ഷെ ആളുകളെ ആകര്‍ഷിക്കാന്‍ ഈ സിനിമയ്ക്ക് കഴിയും.റേറ്റിങ്ങില്‍ ഒന്നും വലിയ കാര്യം ഇല്ലെങ്കിലും ഇതിനു ഒരു 3/5 ഒക്കെ കൊടുക്കാം.

More reviews @ www.movieholicviews.blogspot.com

Thursday, 24 July 2014

152.BANGALORE DAYS(MALAYALAM,2014)

152.BANGALORE DAYS(MALAYALAM,2014),Dir:-Anjali Menon,*ing:-Fahad,Dulqar,Nivin,Nazriya.

  വളരെയധികം വൈകി ആണ് ഈ ചിത്രം കാണുവാന്‍ സാധിച്ചത്.ആവശ്യത്തിലധികം നിരൂപണങ്ങള്‍ ഈ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുകയും ചെയ്തിരുന്നു.വിശ്വസനീയമായ നിരൂപണങ്ങള്‍ തന്ന പലരും ഈ ചിത്രത്തെ കുറിച്ച് നല്ലത് ആണ് എഴുതിയത്.എങ്കിലും ചിലയിടങ്ങളില്‍ നിന്നും മോശമായ റിവ്യൂ വായിച്ചിരുന്നു.ക്ലീഷേകള്‍ പലതുണ്ടായിരുന്നെങ്കിലും (പ്രത്യേകിച്ച് നായക കഥാപാത്രങ്ങളില്‍ ഒരാള്‍ അവസാനം പങ്കെടുക്കുന്ന മത്സരം പോലെ) ചിത്രം മൊത്തത്തില്‍ എടുത്താല്‍ ഒരു നല്ല സിനിമയായി എനിക്ക് തോന്നി.കഥ അവതരിപ്പിക്കുന്നത്‌ നായക കഥാപാത്രങ്ങളില്‍ ഒരാളായ കുട്ടന്‍റെ കാഴ്ചപ്പാടില്‍ ആണ്.ഒരു പക്ഷേ ഇതിലെ മുഖ്യ കഥാപാത്രങ്ങളില്‍ മറ്റാരുടെയെങ്കിലും കാഴ്ചപ്പാടില്‍ അവതരിപ്പിക്കപ്പെട്ടാല്‍ സിനിമയുടെ സ്വഭാവം മൊത്തം മാറുന്ന ഒരവസ്ഥ.ദിവ്യ എന്ന പെണ്‍ക്കുട്ടിയുടെ കാഴ്ചപ്പാടില്‍ ഈ ചിത്രം അവതരിപ്പിക്കപ്പെട്ടിരുന്നെങ്കില്‍  ഒരു പക്ഷേ ഈ ചിത്രം "ഓം ശാന്തി ഓശാന" എന്ന ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ട രീതിയില്‍ ആകുമായിരുന്നു.പെട്ടന്ന് ദേഷ്യം വരുന്ന,കൂടുതല്‍ സെന്‍സിറ്റീവ് ആയ അജുവിനും,പുറമേ പരുക്കന്‍ സ്വഭാവം കാണിക്കുന്ന ദാസിനും എല്ലാം പറയാന്‍ ഉണ്ടാകുമായിരുന്ന കഥകള്‍ പലതായിരുന്നിരിക്കാം.കാഴ്ചപ്പാടുകള്‍ വ്യത്യസ്തം ആകുന്നതിനനുസരിച്ചു സിനിമയുടെ മൊത്തത്തില്‍ ഉള്ള സ്വഭാവവും മാറിയേനെ.

  ഇവിടെ ആണ് നാട്ടിന്‍പുറത്തെ ജീവിതം കൂടുതല്‍ ഇഷ്ടപ്പെടുന്ന നിഷ്ക്കളങ്കന്‍ ആയ കുട്ടന്‍ എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍  ഈ കഥ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റം.ഒരു ഫീല്‍ ഗുഡ് മൂവി പോലെ അവസാനം പല പ്രശ്നങ്ങളും തീരുമ്പോഴും ചുറ്റും ഉള്ളവരെ കുറിച്ച്  ഉള്ള അഭിപ്രായങ്ങള്‍ തന്റെ ഭാഷ്യത്തില്‍ അവതരിപ്പിച്ച കുട്ടന്‍ പലരുടെയും കഥകള്‍ക്ക് വര്‍ണങ്ങള്‍ വാരി വിതറിയത് പോലെ തോന്നി.മറ്റുള്ള കഥാപാത്രങ്ങള്‍ സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാന്‍ ശ്രമിക്കുമ്പോള്‍ കുട്ടന്‍ എന്ന കഥാപാത്രം തന്‍റെ പ്രശ്നങ്ങളെ മാത്രം അല്ലാതെ മറ്റുള്ളവരുടെ ജീവിതത്തിനും പ്രാധാന്യം നല്‍കുന്നു.അയാളുടെ പ്രണയം ഒക്കെ അവതരിപ്പിക്കുമ്പോള്‍ വരുന്ന നിഷ്കളങ്കത അതിന്റെ ഭാഗം ആകാം.അഞ്ജലി മേനോന്‍ എന്ന എഴുത്തുകാരി അവതരിപ്പിച്ച ആ കഥാപാത്രം അത് കൊണ്ട് തന്നെ മികച്ചു നിന്ന്.മൂന്നു കസിന്‍സിന്റെ ജീവിതം അവതരിപ്പിക്കപ്പെട്ടപ്പോള്‍ സിനിമയുടെ നീളം അല്‍പ്പം കൂടിയെങ്കിലും അനിവാര്യം ആയ ഒന്നായി അത് തോന്നി.നല്ല ബന്ധങ്ങളെ കുറിച്ചും അവയില്‍ സൗഹൃദം കലരുമ്പോള്‍ ഉള്ള ഒരു ഊഷ്മളതയും ഈ ചിത്രത്തെ ഒരു യൂത്ത് സിനിമ എന്നതില്‍ നിന്നും എല്ലാ വിഭാഗം ആളുകളെയും ആകര്‍ഷിച്ചു എന്ന് വേണം അനുമാനിക്കാന്‍.കാരണം ദിവസങ്ങള്‍ പിന്നിട്ടും ഈ ചിത്രത്തിന് കുടുംബ പ്രേക്ഷകര്‍ ധാരാളമായി ഉണ്ട് എന്നത് അതിനു ഒരു തെളിവാണ്.മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രം ആണ് RJ സാറ.തന്‍റെ വൈകല്യത്തെ ജീവിത കാഴ്ചപ്പാടുകളിലൂടെ അവള്‍ തോല്‍പ്പിക്കുന്നു.തീര്‍ച്ചയായും ഇഷ്ടവും അനുകമ്പയും തോന്നിക്കുന്ന ഒരു കഥാപാത്രം.അപകര്‍ഷത ബോധം ഉള്ള അജു അത് പുറമേ കാണിക്കുന്നില്ലെങ്കിലും ചിലയവസരങ്ങളില്‍ അയാള്‍ക്കുണ്ടാകുന്ന ഒരു സുരക്ഷിതമില്ലായ്മ പ്രകടമാണ്.അതിനുള്ള അയാളുടെ മുഖമൂടി ആയിരുന്നു ദേഷ്യം,aggressiveness ഒക്കെ.ദാസ് എന്ന കഥാപാത്രത്തോട് ആദ്യം തോന്നുന്ന ഒരു ചെറിയ ഇഷ്ടക്കേട് പിന്നീട് അയാള്‍ എങ്ങനെ അങ്ങനെ ആയി എന്ന് മനസ്സിലാകുമ്പോള്‍ തീരുന്നു.ദിവ്യ അപക്വമായ മനസ്സുള്ള ഒരു പൊട്ടി പെണ്ണ് വിഭാഗത്തില്‍ പെടുത്താവുന്ന ഒരാള്‍ ആയിരുന്നെങ്കിലും ജീവിതത്തില്‍ ആവശ്യം വന്നപ്പോള്‍ അവള്‍ നടത്തുന്ന നീക്കങ്ങള്‍ അവളെ ഒരു മൂലയില്‍ തളച്ചിടുന്നില്ല എന്ന നിലയില്‍ എത്തിയിരുന്നു.

  ബ്രയാന്‍ ആദംസിന്റെ "Summer Of 69" പാട്ട് നമ്മളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ്.ഗോപി സുന്ദറിനു പ്രചോദനം തോന്നാന്‍ മറ്റൊരു പാട്ട് എടുക്കാമായിരുന്നു.മലയാളികള്‍ ലോക സിനിമയോടും ഗാനങ്ങളോടും നല്ലത് പോലെ ഒപ്പം സഞ്ചരിക്കുന്നവര്‍ ആണ്.അഞ്ജലി മേനോനിലെ സംവിധായക അവരിലെ എഴുത്തുകാരിക്ക് നേര്‍ വഴി കാട്ടുന്ന സംവിധായക തന്നെയായി മാറി.ഒരാള്‍ എഴുതി മറ്റൊരാള്‍ സംവിധാനം ചെയ്‌താല്‍ കിട്ടുന്നതിനേക്കാളും പ്രകടനം സിനിമയ്ക്ക് കാഴ്ച വയ്ക്കാന്‍ അതിലൂടെ സാധിച്ചു.യുവതാരനിരയുടെ ഒരു "മിനി ട്വന്റി-ട്വന്റി" ആയിരുന്നെങ്കിലും കഥാപാത്രങ്ങളെ എല്ലാം തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ സാധിച്ചു.കുട്ടന്‍റെ മാതാപിതാക്കളുടെ ജീവിതം പോലെ കുറഞ്ഞ സമയത്തില്‍ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട് അവര്‍.കൂടെ അന്ധവിശ്വാസങ്ങളില്‍ ചെന്ന് വീഴുന്ന മാതാപിതാക്കള്‍ക്ക് ഒരു കൊട്ടും ഉണ്ട് ദിവ്യയുടെ മാതാപിതാക്കളിലൂടെ.ഈ വര്‍ഷം ഇറങ്ങിയ നല്ല മലയാളം ചിത്രങ്ങളുടെ കൂട്ടത്തില്‍ ഈ സിനിമയ്ടെ തീര്‍ച്ചയായും ഉള്‍പ്പെടുത്താം എന്ന് തോന്നുന്നു.മലയാളികളില്‍ ഭൂരിപക്ഷവും അങ്ങനെ തന്നെ ആണ് കരുതുന്നതെന്ന് വിശ്വസിക്കുന്നു.

More reviews @ www.movieholicviews.blogspot.com 

Sunday, 20 July 2014

151.THE GRAND BUDAPEST HOTEL(ENGLISH,2014)

151.THE GRAND BUDAPEST HOTEL(ENGLISH,2014),|Comedy|Drama|,Dir:-Wes Anderson,*ing:-Ralph Fiennes,Murray Abraham,Mathiew Almaric.

വളരെയധികം നല്ല അഭിപ്രായങ്ങള്‍ കേട്ടെങ്കിലും കാണാന്‍ വൈകി പോയി "The Grand Budapest Hotel".ഈ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രം എന്ന് ഉറപ്പായും പറയാം ഈ ചിത്രത്തെ കുറിച്ച്.അവതരണ ശൈലിയുടെ പ്രത്യേകത ഒന്ന് മതി ഈ ചിത്രം മനസ്സില്‍ തങ്ങി നില്‍ക്കാന്‍."Bottle Rocket","Moonrise Kingdom" തുടങ്ങിയ സിനിമയുടെ സംവിധായകന്‍ ആയ "Wes Anderson" ആണ് ഇതിന്റെയും സംവിധായകന്‍.ഒരു കഥയ്ക്കുള്ളിലെ കഥ എന്ന് പറയാം ഈ ചിത്രത്തെ.ഒരു കഥ എങ്ങനെ ഉണ്ടാകുന്നു എന്ന് പറഞ്ഞു കൊണ്ട് "The Grand Budapest Hotel" എന്ന പുസ്തകത്തിന്‍റെ രചയിതാവ് ഈ സിനിമയുടെ തുടക്കം കുറിക്കുന്നു.അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരാള്‍ കഥാകൃത്ത്‌ ആണെങ്കില്‍ അയാളെ തനിക്കുള്ള കഥകള്‍ അന്വേഷിച്ചു എത്തും എന്നാണ്.അത്തരത്തില്‍ അയാളെ തേടി എത്തിയ കഥയാണ് "The Grand Budapest Hotel".1985 ല്‍ തുടങ്ങുന്ന ഈ സിനിമ നമ്മളെ 1968 ലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.സാങ്കല്‍പ്പിക രാജ്യമായ "റിപബ്ലിക് ഓഫ് സുബ്രോവ്ക്ക" എന്ന രാജ്യത്ത് എത്തുന്ന അയാള്‍ അവിടെ വ്യത്യസ്തന്‍ ആയ ഒരു മനുഷ്യനെ  "Grand Budapest Hotel" ല്‍ വച്ച് പരിചയപ്പെടുന്നു.ഒരു വൃദ്ധനായ അയാള്‍ ആ ഹോട്ടലിന്‍റെ ഉടമയാണെന്നും എന്നാല്‍ അവിടത്തെ ജോലിക്കാര്‍ക്ക് താമസിക്കാന്‍ ഉള്ള കൊച്ചു മുറിയിലും സൌകര്യത്തിലും ആണ് കഴിഞ്ഞു കൂടുന്നതെന്നും മനസ്സിലാകുന്നു."മുസ്തഫ സീറോ" എന്ന്‍ പേരുള്ള വൃദ്ധനെ കൂടുതല്‍ അറിയാന്‍ അയാള്‍ക്ക്‌ അവസരം ലഭിക്കുന്നു.സീറോ അയാളെ അന്ന് വൈകിട്ട് ഉള്ള അത്താഴത്തിനു ക്ഷണിക്കുന്നു.അവിടെ വച്ച് അയാളുടെ കഥ എഴുത്തുകാരനോട്‌ പറയുന്നു.ഒരു ലോബി ബോയ്‌ എങ്ങനെ ഈ ഹോട്ടലിന്‍റെ ഉടമ ആയി എന്ന കഥ.

   കഥ 1932 ലേക്ക് പോകുന്നു.ഉടമ ആരാണെന്ന് പരാമര്‍ശിക്കാതെ ആ ഹോട്ടലിന്‍റെ നടത്തിപ്പുക്കാരന്‍ ആയ "ഗുസ്താവ്" എന്നയാളിലൂടെ ആണ് കഥ പുരോഗമിക്കുന്നത്.അയാള്‍ അവിടെ എല്ലാവര്ക്കും പ്രിയങ്കരന്‍ ആണ്.ആ ഹോട്ടലിന്റെ പ്രതാപക്കാലത്ത് അവിടെ വന്നിരുന്ന അതിഥികള്‍ പലരും ഗുസ്താവിനെ കാണുന്നതിനു വേണ്ടി മാത്രം വന്നവരായിരുന്നു.പ്രായമായ സ്ത്രീകള്‍ക്ക് വേണ്ടപ്പെട്ടവന്‍ ആയിരുന്നു ഗുസ്താവ്.ഗുസ്താവിന്റെ മേല്‍നോട്ടത്തില്‍ നല്ല രീതിയില്‍ പോയ ഹോട്ടലില്‍ ഒരു ലോബി ബോയ്‌ ട്രെയിനീ ആയി വന്ന മുസ്തഫ സീറോയുടെ ഗുരു ആയി ഗുസ്ഥാവേ മാറുന്നു.ഒരു ലോബി ബോയുടെ ജോലികള്‍ എന്തെല്ലാം ആണെന്ന് അയാള്‍ സീരോയെ പഠിപ്പിക്കുന്നു.അധികം താമസിക്കാതെ തന്നെ അറബ് വംശജന്‍ ആയ മുസ്ഥാഫ ഗുസ്താവയുടെ വിശ്വസ്തന്‍ ആയി മാറുന്നു.ഗുസ്താവയുടെ ഒറ്റയ്ക്കുള്ള ജീവിതത്തില്‍ അയാളുടെ രഹസ്യങ്ങള്‍ പങ്കു വയ്ക്കാവുന്ന അത്ര വിശ്വസ്തന്‍ ആയി മുസ്തഫ മാറുന്നു.സുബ്രോക്ക ഒരു യുദ്ധത്തെ അഭിമുഖികരിക്കുന്ന കാലമായിരുന്നു അത്.ഒരു ദിവസം തന്‍റെ പ്രത്യേക അതിഥിയായി വന്നിരുന്ന വൃദ്ധയുടെ മരണം പത്രത്തില്‍ നിന്നും കാണാന്‍ ഇടയായ ഗുസ്ഥാവേ സീറോയെ കൂട്ടി കൊണ്ട് അവരുടെ വീട്ടില്‍ പോകുന്നു.കോടീശ്വരിയായ അവരുടെ സ്വത്തുക്കള്‍ക്ക് വേണ്ടി നോക്കി ഇരുന്ന അവരുടെ മകനായ "ദിമിത്രി",പെണ്‍മക്കള്‍ ,മറ്റു ബന്ധുക്കള്‍ എന്നിവരെ ഞെട്ടിച്ചു കൊണ്ട് അവരുടെ സ്വത്തില്‍ ഉണ്ടായിരുന്ന അമൂല്യമായ "The Boy with an Apple" എന്ന ചിത്രം അവര്‍ ഗുസ്താവയുടെ പേരില്‍ എഴുതി വയ്ക്കുന്നു.എന്നാല്‍ ഗുസ്താവ എല്ലാവരുടെയും എതിര്‍പ്പിനെ വക വയ്ക്കാതെ ആ ചിത്രം അവിടെ നിന്നും മോഷ്ടിക്കുന്നു.എന്നാല്‍ ഗുസ്താവയെ കാത്തിരുന്നത് ഒരു വലിയ അപകടം ആയിരുന്നു.കൂടെ അപകടത്തില്‍ പങ്കു പറ്റാന്‍ മുസ്തഫ സീറോയും.അവരുടെ സാഹസിക ജീവിതം കൂടുതല്‍ അറിയാന്‍ ആയി ചിത്രം കാണുക.

 വില്ലിയം ടെഫോ,ഓവന്‍ വിത്സണ്‍,എഡ്വാര്‍ഡ് നോര്‍ട്ടന്‍ തുടങ്ങിയവര്‍ ചെറിയ റോളുകളില്‍ ഈ സിനിമയില്‍ വരുന്നുണ്ട്.ബെര്‍ലിന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രം ആയിരുന്നു "The Grand Budapest Hotel".കൂടാതെ അവിടത്തെ ജൂറിയുടെ പ്രത്യേക അവാര്‍ഡും ലഭിച്ചിരുന്നു.സിനിമയുടെ അവതരണ രീതി വളരെയധികം വ്യത്യസ്തം ആയിരുന്നു.ഒരു ഫാന്റസി കഥ പോലെ അവതരിപ്പിക്കപ്പെട്ട ഈ കഥ പറച്ചിലില്‍ കാലഘട്ടത്തിനനുസരിച്ച് സിനിമകള്‍ അവതരിപ്പിക്കപ്പെട്ട രീതിയില്‍ തന്നെ ആയിരുന്നു വെള്ളിത്തിരയിലും ഈ കാലഘട്ടങ്ങള്‍ അവതരിപ്പിച്ചത്.ഒരു കഥ ഉണ്ടായ കഥയാണ് "The Grand Budapest Hotel".

More reviews @ www.movieholicviews.blogspot.com

Saturday, 19 July 2014

150.CITIZEN KANE (1941,ENGLISH)

CITIZEN KANE(ENGLISH,1941),|Drama|Mystery|,Dir:-Orson Welles,*ing:- Orson Welles,Joseph Cotton,DorothyComingore.

  ലോക സിനിമയുടെ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ ആലേഖനം ചെയ്ത പേരുകളാണ് "ഓര്‍സന്‍ വെല്‍സും" അദ്ദേഹത്തിന്റെ പ്രഥമ ചിത്രമായ CITIZEN KANE "എന്നിവ.ലോകം കണ്ട ഏറ്റവും മഹത്വരം ആയ ആദ്യ ചിത്രം എന്നാണു ഈ ചിത്രത്തെക്കുറിച്ച് നിരൂപണ ലോകത്തെ പ്രധാനിയായ "Roger Ebert" അഭിപ്രായപ്പെട്ടത്.ലോകം മുഴുവനും ഈ ചിത്രത്തിന് നല്‍കുന്ന ആദരവിന്റെ ഉത്തമ ദൃഷ്ടാന്തം ആണ് "American Film Institute" നൂറു വര്‍ഷ സിനിമ ചരിത്രത്തിലെ മികച്ച സിനിമയായി 1998 ല്‍ തിരഞ്ഞെടുത്തത്. "Sight & Sound "എന്ന "British Film Institute "പ്രസിദ്ധീകരണമായ മാസിക ഈ ചിത്രത്തെ തുടര്‍ച്ചയായി അഞ്ചു വര്‍ഷം മികച്ച സിനിമയായി തിരഞ്ഞെടുത്തിരുന്നു.2012 ല്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ "Vertigo" ഈ ചിത്രത്തെ 2012 ല്‍ പിന്തള്ളി ഒന്നാമതായി.ഇതില്‍ തീരുന്നില്ല ഈ ചിത്രത്തിന്‍റെ മഹത്വം.അക്കാദമി പുരസ്കാരങ്ങളില്‍ 9 നാമനിര്‍ദ്ദേശം ലഭിച്ച ഈ ചിത്രം അതില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരവും നേടി.സിനിമ ചരിത്രത്തിലെ അത്ഭുതമായ ഈ ചിത്രം ബോക്സ് ഓഫീസില്‍ ഒരു പരാജയം ആയിരുന്നു എന്നത് ഒരു ദു:ഖ സത്യമായി നിലക്കൊള്ളുന്നു.ഈ സിനിമ ഇക്കാലത്തും കാണുന്ന ഏതൊരു പ്രേക്ഷകനും അന്നത്തെ കാഴ്ചക്കാരെ ചിന്തിച്ചു എന്നിരിക്കും,എന്ത് കൊണ്ടാണ് ഈ ചിത്രത്തെ ഇത്ര വാഴ്ത്തുന്നത് എന്ന്.ന്യായമായ ഒരു സംശയം ആണത്.പ്രത്യേകിച്ചും സാങ്കേതിക വിദ്യകള്‍ മികച്ചതായി വരുന്ന ഈ കാലത്ത്.

   സിനിമ വിദഗ്ധന്മാരുടെ ഇടയില്‍ ഈ ചിത്രത്തെക്കുറിച്ച് ഉള്ള മതിപ്പിന് മുഖ്യ കാരണമായി തോന്നിയത് ഈ ചിത്രം നിര്‍മിക്കപ്പെട്ട കാലഘട്ടം തന്നെ ആണ്.ഒരു പക്ഷേ അന്നത്തെ ശബ്ദ ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടില്ലാത്ത അത്രയും മികച്ച സാങ്കേതിക പ്രാധാന്യം ഈ ചിത്രത്തിന്റെ നിര്‍മ്മാണ വേളയില്‍ നല്‍കിയതായിരിക്കും പ്രധാന കാരണം.കലാസംവിധാനത്തില്‍ ഒരു കാലത്തെ വിപ്ലവകരമായ മാറ്റം കൊണ്ട് വന്ന "Battleship Potemkin" എന്ന 1925 ല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നിശബ്ദ ചലച്ചിത്രത്തിന് ശേഷം ചലച്ചിത്ര മേഖലയിലെ പുതുമകള്‍ക്ക് തുടക്കം കുറിച്ച ഐതിഹാസിക ചിത്രം എന്ന് തന്നെ ആയിരുന്നു "Citizen Kane". ഏതൊരു നല്ല കാര്യത്തിനും ഒരു മികച്ച തുടക്കം വേണമല്ലോ?അത്തരത്തില്‍ സിനിമ മേഘലയില്‍ വന്ന തുടക്കം ആണ് "Citizen Kane".ചിത്രം പ്രേക്ഷകന്‍റെ മുന്നില്‍ അവതരിപ്പിക്കപ്പെട്ട രീതിയും ക്യാമറയ്ക്ക് നല്‍കിയ മുന്‍പ് എങ്ങും ഇല്ലാത്ത പ്രാധാന്യവും ഈ ചിത്രത്തെ ചരിത്രം ആക്കി മാറ്റി.തന്‍റെ പേരിനൊപ്പം ചായാഗ്രാഹകന്റെ പേരും തുല്യ പ്രാധാന്യത്തോടെ സംവിധായകന്‍ ആയ ഓര്‍സന്‍ വേല്‍സ് നല്‍കിയിരുന്നു.

ഇനി സിനിമയുടെ കഥയിലേക്ക്."ചാള്‍സ് ഫോസ്റ്റര്‍ കേന്‍" എന്ന ഒരു മാധ്യമ  പ്രഭുവായ കോടീശ്വരന്റെ മരണത്തിനു ശേഷം അയാളുടെ മരണ സമയത്തെ അവസാന വാക്കായ " Rosebud" എന്താണ് എന്ന് അന്വേഷിച്ച് ഇറങ്ങുന്ന "ജെറി തോംസണ്‍" എന്ന പത്രപ്രവര്‍ത്തകന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ചിത്രം ആരംഭിക്കുമ്പോള്‍ കാണുന്ന "Rosebud" എന്ന് ക്ലോസപ്പില്‍ കാണുന്ന ഒരു സീനില്‍ മാത്രം ആണ് പ്രേക്ഷകന് ചാര്‍ളി എന്ന ചാള്‍സ് ഫോസ്റ്ററെ കാണാന്‍ സാധിക്കുക.സിനിമയുടെ ആരംഭത്തില്‍ ഗേറ്റില്‍ എഴുതി കാണിക്കുന്നത് പോലെ തന്നെ അന്യര്‍ക്ക് പ്രവേശനം ഇല്ലാത്ത ആ ജീവിതം അവതരിപ്പിക്കപ്പെടുന്നത് അയാളുമായി ബന്ധം ഉണ്ടായിരുന്ന സുഹൃത്തുക്കളിലൂടെയും രണ്ടാം ഭാര്യയിലൂടെയും ആണ്.ചാര്‍ളി ചെറുപത്തില്‍ അമ്മയുടെ സ്വന്തം സ്ഥലത്ത് ലോകത്തിലെ ഏറ്റവും മൂന്നാമത്തെ വലിയ സ്വര്‍ണ ഖനി കണ്ടു പിടിച്ചത് മൂലം നഗരത്തില്‍ അമ്മ മകന്റെ ജീവിതം മെച്ചപ്പെടുത്തുവാന്‍ നഗരത്തിലേക്ക് അയക്കുന്നു.അന്ന് കിട്ടിയ സൗഭാഗ്യങ്ങള്‍ ഇരുപത്തിയഞ്ച് വയസ്സിനു ശേഷം ഏറ്റെടുക്കാന്‍ പ്രായം ആയപ്പോള്‍ ചാര്‍ളി ആവശ്യപ്പെട്ടത് ട്രസ്റ്റിന്റെ കീഴില്‍ ഉള്ള ഒരു സാധാരണ പത്രമായ "New York Enquirer" മാത്രമാണ്.ചാര്‍ളിയുടെ ജീവിത സൌഭാഗ്യങ്ങള്‍ അവിടെ തുടങ്ങി.തന്നെ മാത്രം ലോകത്തില്‍ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ചാര്‍ളി അധികാര കേന്ദ്രങ്ങളില്‍ പ്രധാന സ്ഥാനങ്ങള്‍ നേടി എടുക്കുന്നു.വിജയം തന്റെ കൂടെ വന്നപ്പോള്‍ അയാള്‍ തന്നെ അധികാര കേന്ദ്രമാകാനും ശ്രമങ്ങള്‍ നടത്തുന്നു.തന്റെ വാര്‍ത്തകളിലൂടെ ജനങ്ങള്‍ എന്ത് ചിന്തിക്കണം എന്ന് താന്‍ വിചാരിക്കണം എന്ന് കരുതുന്ന അവസ്ഥയില്‍ ആകുന്നു.

എന്നാല്‍ ചാര്‍ളിയുടെ സ്വകാര്യ ജീവിതം അയാള്‍ക്കായി കരുതി വച്ചിരുന്നത് മറ്റൊന്നായിരുന്നു.അധികാര ദുര്‍വാശികളില്‍ അയാള്‍ ആ ജിവിതം സ്വയം തച്ചുടയ്ക്കുക ആയിരുന്നു എന്ന് പിന്നീട് സിനിമയില്‍ അയാളുടെ ഒരു കാലത്തെ വേണ്ടപ്പെട്ടവര്‍ പറയുമ്പോള്‍ ആണ് "സാനടൂ" എന്ന അയാളുടെ 49000 ഏക്കര്‍ വരുന്ന സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട രമ്യഹര്‍മ്യം എത്ര മാത്രം ഉപയോഗശൂന്യം ആയിരുന്നു എന്ന് മനസ്സിലാകുന്നത്‌.നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ഈ കഥ പറച്ചിലും അക്കാലത്തെ ഒരു പുതുമ ആയിരുന്നു.തന്‍റെ സമ്പത്തിന് സ്നേഹം എന്ന വികാരം നല്‍കാന്‍ ആകില്ല എന്ന് മനസ്സിലാക്കിയ ഒരു വൃദ്ധന്‍ ആയി അയാള്‍ മരിക്കുമ്പോള്‍ കാത്തു വച്ചിരുന്നത് ഒരു വലിയ രഹസ്യം ആയിരുന്നു."Rosebud" എന്ന വാക്കിന്‍റെ രഹസ്യം കണ്ടു പിടിക്കുന്നതില്‍ ജെറിയുടെ ഒപ്പം പ്രേക്ഷകനും ഒരു പങ്കുണ്ട്.ഒരു പക്ഷേ നിഗൂഡത മനോഹരമായി അവതരിപ്പിച്ച ആദ്യ സിനിമ എന്ന് പറയാം ഈ ചിത്രത്തെ.ഒരു പക്ഷേ ഇന്ന് നമ്മള്‍ കാണുന്നത്ര സാങ്കേതിക തികവോ അല്ലെങ്കില്‍ പിരിമുറക്കുന്ന കഥയോ ഒന്നും നമ്മുടെ ഇ-കാലത്ത് ഈ സിനിമയ്ക്ക് അനുഭവപ്പെടും എന്ന് തോന്നുന്നില്ല.എന്നാല്‍ ചിലതെല്ലാം മഹാത്വരമായി അതിന്‍റെ ജനനത്തില്‍ തന്നെ എഴുതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.അത്തരത്തില്‍ ഒന്നായിരുന്നു "Citizen Kane".മനുഷ്യരാശിക്ക് സിനിമയുടെ പുതു നിര്‍വചനം നല്‍കിയ ക്ലാസിക്.

More reviews @ www.movieholicviews.blogspot.com

149.THE SCENT(KOREAN,2012)

149.THE SCENT(KOREAN,2012),|Thriller|Crime|,Dir:-Hyeoon Joon Kim,*ing:-Hee-Soon Park,Si Yeon Park.

 വലിയ കാമ്പില്ലാത്ത കഥകള്‍ പോലും ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് പലപ്പോഴും അണിയറ പ്രവര്‍ത്തകരുടെ കഴിവാണ്.മികച്ച ഒരു കഥ ശരാശരി നിലവാരത്തില്‍ എത്തുമ്പോള്‍ പോലും അത് കൊണ്ട് തന്നെ അണിയറ പ്രവര്‍ത്തകരുടെ കഴിവുകേട് ആയി വിലയിരുത്തുന്നതാവും  നല്ലത്.പറഞ്ഞു വരാന്‍ കാരണം "The Scent" എന്ന കൊറിയന്‍ ചിത്രത്തിനുള്ളത് ശരാശരി ആയ ഒരു കഥയും സന്ദര്‍ഭങ്ങളും ആണ്.മികച്ച കൊറിയന്‍ ത്രില്ലറുകളുടെ ഇടയില്‍ പെടുത്താമോ എന്നറിയില്ലെങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത ഒന്ന് ആയി മാറുന്നത് ഈ കഴിവ് കാരണം ആകും.അതിനായി ആവശ്യത്തിനുള്ള ട്വിസ്റ്റും എല്ലാം ഈ ചിത്രത്തിലുണ്ട്.ഡിറ്റക്ടീവ് ആയിരുന്ന "കാംഗ് സിയോന്‍ വൂ" അവിഹിത ബന്ധങ്ങളെ കുറിച്ചുള്ള കേസുകള്‍ അന്വേഷിക്കുന്നതില്‍ മിടുക്കനാണ്.ഒരു പോലീസ് ചീഫിന്റെ ഭാര്യയുമായി ഉണ്ടായിരുന്നു എന്ന് ആരോപിക്കപ്പെട്ട അവിഹിത ബന്ധത്തിന്‍റെ പേരില്‍ രണ്ടു വര്‍ഷത്തെ സസ്പന്ഷനില്‍ ആണ് അയാള്‍.അയാളുടെ ഭാര്യയും പോലീസില്‍ ആണ് ജോലി ചെയ്യുന്നത്.വിവാഹമോചനത്തിന് വേണ്ടി അവര്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്.സസ്പന്ഷനില്‍ ആയ സിയോന്‍ വൂ അവിഹിത ബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ നടത്താന്‍ വേണ്ടി ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്നുണ്ട്.പഴയ ഒരു ചെറിയ കുറ്റവാളി ആയ "പൂംഗ്" ആണ് അയാളുടെ സഹായി.

  സിയോന്‍ വൂവിന്‍റെ സസ്പന്‍ഷന്‍ കഴിയാറായ സമയം അയാളെ കാണാന്‍ അതീവ സുന്ദരിയായ ഒരു സ്ത്രീ എത്തുന്നു.അവരുടെ ആവശ്യം തന്‍റെ ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തണം എന്നതായിരുന്നു.ആ സ്ത്രീയുടെ പേര് "കിം സൂ ജിന്‍" .അവര്‍ ഉപയോഗിച്ചിരുന്ന പെര്‍ഫ്യൂം വളരെയധികം വശീകരണ സ്വഭാവം ഉള്ള ഒന്നായിരുന്നു.സിയോന്‍ വൂ കേസ് ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നു.അയാള്‍ അധികം വൈകാതെ അവരുടെ ഭര്‍ത്താവിന്‍റെ കള്ളത്തരങ്ങള്‍ കയ്യോടെ പിടിക്കാന്‍ ഉള്ള ഒരു സാധ്യത മുന്നില്‍ തെളിന്നു വരുന്നത് കണ്ടു.ഒരു സ്ത്രീയോടൊപ്പം ഹോട്ടല്‍ മുറിയില്‍ താമസിക്കാന്‍ ചെന്ന കിം സൂ ജിന്റെ ഭര്‍ത്താവും കൂടെ ഉള്ള സ്ത്രീയും താമസിചിരുന്നതിന്റെ അടുത്ത മുറിയില്‍ സിയോന്‍ വൂ താമസിക്കുന്നു.എന്നാല്‍ അവിടെ ഉണ്ടായിരുന്നു കിം സൂ ജിന്നും ആയി വൈകാരികമായി അടുക്കുന്നു.കുറച്ചു നേരത്തിനു ശേഷം കട്ടിലില്‍ നിന്നും ഉണര്‍ന്നെണീക്കുമ്പോള്‍ സിയോന്‍ വൂ കാണുന്നത് തൊട്ടപ്പുറത്ത് കൊല ചെയ്യപ്പെട്ട രീതിയില്‍ കിടക്കുന്ന കിം സൂ ജിന്നെ ആണ്.ഭയന്ന്‍ പോയ സിയോന്‍ വൂ അടുത്ത മുറിയില്‍ ചെല്ലുമ്പോള്‍ അവിടെ കിം സൂ ജിന്റെ ഭര്‍ത്താവും സമാന രീതിയില്‍ മരണപ്പെട്ടു കിടക്കുന്നതായി കാണുന്നു.കൂടെ ഉണ്ടായിരുന്ന സ്ത്രീ ഭയന്ന് അവിടെ നില്‍ക്കുന്നത് കണ്ടു.അവരുടെ പേര് എന്താണെന്ന് ചോദിച്ച സിയോന്‍ വൂവിനു കൂടുതല്‍ അത്ഭുതങ്ങള്‍ ആയിരുന്നു ആ രാത്രി നല്‍കിയത്.അവരുടെ പേരും കിം സൂ ജിന്‍;കൂടാതെ മരിച്ചു കിടക്കുന്ന ആളുടെ ഭാര്യ ആണവര്‍ എന്ന് ഭയത്തോടെ പറയുന്നു.അവര്‍ക്കും വശീകരണ ഗന്ധം ഉള്ള ആ പെര്‍ഫ്യൂമിന്റെ മണമായിരുന്നു.

  രണ്ടു കൊലപാതകങ്ങള്‍ക്ക് നിയമത്തിന്‍റെ കണ്ണില്‍ താന്‍ മറുപടി പറയേണ്ടി വരും എന്ന് സിയോന്‍ വൂവിനു നല്ലത് പോലെ അറിയാമായിരുന്നു.അയാള്‍ പഴുതുകള്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ സിയോന്‍ വൂവിന്റെ പുറകെ മറ്റൊരു ഡിറ്റക്ടീവ് വരുന്നു,സിയോന്‍ വൂവിനോട് താല്‍പ്പര്യം ഇല്ലാത്ത "സിയോ".സിയോന്‍ വൂവിനു ഒളിപ്പിക്കാന്‍ ഒത്തിരി ഉണ്ട്.കൂടെ സത്യങ്ങള്‍ കണ്ടു പിടിക്കുകയും വേണം.എന്നാല്‍ സിയോയുടെ ലക്‌ഷ്യം താരതമ്യേന എളുപ്പമാണ് സാധാരണ ബുദ്ധിയില്‍ കണ്ടു പിടിക്കാവുന്ന രണ്ടു കൊലക്കേസുകള്‍.ഇതില്‍ ആര് വിജയിക്കും എന്നറിയാന്‍ സിനിമ ബാക്കി കാണണം.പതിവ് കൊറിയന്‍ സിനിമകളുടെ വലിഞ്ഞു മുറുക്കുന്ന ഒരു അന്തരീക്ഷം ഒന്നും ഈ ചിത്രത്തിന് അവകാശപ്പെടാന്‍ കഴിയില്ല.നായികയുടെ സൗന്ദര്യം സിനിമയില്‍ വളരെയധികം നന്നായി ഉപയോഗിച്ചിട്ടുമുണ്ട് ഈ ചിത്രത്തില്‍.ഇടയ്ക്കെവിടെയോ "Out of Time" (ഹിന്ദിയില്‍ ഇമ്രാന്‍ ഹാഷ്മിയുടെ "Zeher") നോട് സാദൃശ്യം തോന്നിയെങ്കിലും ഈ ത്രില്ലറിന്റെ കഥ വ്യത്യസ്ഥമായിരുന്നു.കൊറിയന്‍ നിലവാരം വച്ച് ഒരു ശരാശരിയില്‍ അല്‍പ്പം മുകളില്‍ നില്‍ക്കുന്ന ത്രില്ലര്‍ എന്ന് ഈ ചിത്രത്തെ പറയാം.ചിലപ്പോള്‍ മഴയത്ത് നടക്കുന്ന കൊലപാതകങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ലാത്തത് കൊണ്ടാകാം ഇങ്ങനെ ഒരു അഭിപ്രായം.മഴയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കും ഒരു സൌന്ദര്യം ഉണ്ടെന്നു പല കൊറിയന്‍ സിനിമകളും തെളിയിച്ചിട്ടും ഉണ്ട്.

More reviews @ www.movieholicviews.blogspot.com

Friday, 18 July 2014

148.CONFESSIONS(JAPANESE,2010)

148.CONFESSIONS(JAPANESE,2010),|Thriller|Mystery|Drama|,Dir:-Tetsuya nakashima,*ing:-Takako Matsu,Yoshino Kimura,Masaki Okada.

"Confessions", 2010 ല്‍ ഇറങ്ങിയ ജാപ്പനീസ് സൈക്കോ ത്രില്ലര്‍ ആണ്.പ്രതികാരം എന്ന പ്രമേയത്തെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.ജപ്പാനിലെ നിയമപ്രകാരം പ്രായപൂര്‍ത്തി ആകാത്ത കുറ്റവാളികള്‍ക്ക് നമ്മുടെ നാട്ടിലെ പോലെ തന്നെ നാമമാത്രമായ ശിക്ഷ ആണ് ലഭിക്കുന്നത്.അത് കൊണ്ട് തന്നെ തന്‍റെ എല്ലാം ആയ മകളെ അകാരണമായ ,പ്രത്യേകിച്ച് എടുത്തു പറയുകയാണെങ്കില്‍ ചില ഈഗോകള്‍ കാരണം നഷ്ടപ്പെടുമ്പോള്‍ ആ അമ്മ കുറ്റവാളികളെ നിയമത്തിന്‍റെ മുന്നിലേക്ക്‌ വിട്ടു കൊടുക്കുന്നില്ല.ജീവന്‍റെ വില മനസ്സിലാകാത്ത ജന്മങ്ങള്‍ക്ക്,തങ്ങളുടെ കുറവുകള്‍ മൂടി വയ്ക്കുവാനും അത് പോലെ തങ്ങളുടെ ജീവിതത്തിലെ നഷ്ടങ്ങള്‍ നികത്തുവാനും ഉള്ള വില മാത്രം നല്‍കുമ്പോള്‍ ഈ അമ്മയുടെ പ്രതികാരം വളരെയധികം ഭീകരം ആയി മാറുകയാണ്.ഇതിലും മികച്ച രീതിയില്‍ പ്രതികാരം ചെയ്യുന്ന സിനിമകള്‍ വളരെയധികം കുറവാണ്.ഒരു സിനിമ എന്നതിലുപരി വളരെയധികം ഭംഗിയായി മനസ്സിന്‍റെ ചിന്തകളെ ഒരു കുമ്പസ്സാരം പോലെ അവതരിപ്പിച്ചാണ് കഥ മുന്നോട്ടു പോകുന്നത്.മൊരിഗുച്ചി ഒരു ഹൈ സ്ക്കൂള്‍ ടീച്ചര്‍ ആണ്.അവര്‍ ഒരു ദിവസം അടുത്ത അവധിക്കാലത്തോടെ താന്‍ അദ്ധ്യാപനം നിര്‍ത്തുകയാണെന്ന് തന്‍റെ ക്ലാസ്സില്‍ പറയുന്നു.ക്ലാസ് തീരുന്ന അന്ന് അവര്‍ അന്നേ വരെ തന്‍റെ തൊഴിലിനെ എങ്ങനെ കണ്ടു എന്ന് പറയുന്നു.അതിനു പുറകെ ഒരു വലിയ രഹസ്യവും.

     മൊരിഗുച്ചിയുടെ നാല് വയസ്സുകാരിയായ മകള്‍ സ്വിമ്മിംഗ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.നാല് വയസ്സുകാരി ആയ അവള്‍ അതില്‍ അബദ്ധത്തില്‍ വീണ് മരിച്ചു എന്നാണ് പോലീസ് ഭാഷ്യവും.മോരിഗുചിയും അങ്ങനെ തന്നെ കരുതി.എന്നാല്‍ അവളുടെ ശവശരീരം കിടന്നതിന്റെ അടുത്ത് നിന്ന് ലഭിച്ച പേര്‍സും ബേസ്ബോള്‍ ബോളും അവരുടെ മകളുടെ മരണത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുന്നു.അവര്‍  ക്ലാസ്സിലെ കുട്ടികളോട് ഒരു കഥ പറയുന്നു.തന്‍റെ മകളുടെ അച്ഛനായ പ്രശസ്ത പ്രൊഫ.ചെഗൂചി ഒരു HIV ബാധിതന്‍ ആണെന്നും അതിനാല്‍ അവരുടെ മകള്‍ അച്ഛന്റെ സാമീപ്യം ഇല്ലാതെ ആയിരുന്നു വളര്‍ന്നതെന്നും.തന്‍റെ സംരക്ഷണയില്‍ ആയിരുന്ന മകളുടെ കൊലപാതകികള്‍ അവരുടെ ഒപ്പം തന്നെ ഉണ്ടെന്നും പറയുന്നു.A എന്നും B എന്നും ഉള്ള രണ്ടു വിദ്യാര്‍ഥികളെ കുറിച്ചവര്‍ പറയുന്നു.അതില്‍ A യോട് സംസാരിച്ചപ്പോള്‍ അവന്‍ വളരെയധികം ലാഘവത്തോടെ ആ കൊലപാതകത്തെ നിസാരവല്‍ക്കരിച്ചു എന്നും അവന്‍ താന്‍ ചെയ്ത തെറ്റിന്റെ വ്യാപ്തി അറിയാതെ അവരെ പരിഹസിച്ചു എന്നും പറയുന്നു.B എന്ന വിദ്യാര്‍ഥിയുടെ പ്രതികരണവും സമാനമായ രീതിയില്‍ ആയിരുന്നു.അത് കൊണ്ട് തന്നെ നിയമത്തിനു മുന്നില്‍ അവര്‍ക്ക് ഒരിക്കലും ശിക്ഷ ലഭിക്കില്ല എന്ന് മനസ്സിലാകുന്നതോടെ അവര്‍ തന്‍റെ പ്രതികാരം ആരംഭിക്കുന്നു.തന്‍റെ മരിച്ച മകളുടെ അച്ഛനായ പ്രൊഫ.ചെഗൂചിയുടെ HIV ബാധിതമായ  രക്തം അന്ന് തന്‍റെ സ്കൂളിലെ അവസാന ദിവസം നല്‍കിയ പാലില്‍ കലക്കി എന്ന് പറയുന്നു.മറ്റുള്ള കുട്ടികള്‍  ഈ A യെയും Bയെയും  തങ്ങളുടെ ഇടയില്‍ നിന്നും കണ്ടെത്തുന്നു.ഇതിനു ശേഷം ഈ ചിത്രത്തിന്‍റെ അവതരണം ഇതിലെ പ്രധാന കഥാപാത്രങ്ങളുടെ ഭാഗത്ത്‌ നിന്നും കൊലപാതകത്തെ കുറിച്ചും അതിലേക്കു നയിച്ച കാര്യങ്ങളെയും അത് പോലെ തന്നെ ഈ സംഭവങ്ങള്‍ക്ക് ശേഷം അവരുടെ ജീവിതത്തില്‍ എന്തെല്ലാം ഉണ്ടായി എന്നതിനെയും കുറിച്ചുള്ള അവരവരുടെ ഭാഗത്ത്‌ നിന്നുള്ള കുറ്റസമ്മതങ്ങളും കുറ്റപ്പെടുത്തലുകളിലും കൂടി ഈ കഥാപാത്രങ്ങളെ അവരുടെ മാനസിക തലങ്ങളില്‍ നിന്നും പുറത്തു കൊണ്ട് വന്ന് അവരുടെ ജീവിതങ്ങളെ പരിചയപ്പെടുത്തുകയാണ്.പ്രധാനമായും ഇവരുടെ ഈ പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ ഉള്ള ഇരുണ്ട രഹസ്യങ്ങളും സിനിമയില്‍ ആദ്യം കണ്ട കുട്ടികളില്‍ നിന്നും അവര്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നും അവതരിപ്പിക്കുന്നു.

    ചിത്രത്തിന്‍റെ ഓരോ ഫ്രയിമും മനോഹരമായിരുന്നു.രംഗങ്ങള്‍ക്ക് അനുയോജ്യമാംയ പശ്ചാതല സംഗീതവും ,ക്യാമറയും എന്നിവ കൂടാതെ ഉന്നത നിലവാരത്തില്‍ ഒരു ഗ്രാഫിക്സും ഈ സിനിമയെ ഇരുണ്ട ജീവിതങ്ങളെ കുറിച്ചുള്ള മനോഹരമായ ഒരു ദൃശ്യാവിഷ്ക്കാരം നല്‍കി.ജീവിതത്തില്‍ അംഗീകാരം ലഭിക്കുവാനും പ്രിയപ്പെട്ടവരാല്‍ തങ്ങളെ അനുമോദിക്കപ്പെടുവാനും ഉള്ള ഒരു ത്വര എല്ലാ മനുഷ്യരിലും ഉള്ളതാണ്.എന്നാല്‍ അത്തരം ആഗ്രഹങ്ങള്‍ അതിഭീകരം ആയ ഭവിഷ്യത്തുകള്‍ ചിലപ്പോള്‍ സഹജീവികളോടുള്ള വില കുറഞ്ഞ കാഴ്ചപ്പാടുകള്‍ ഉണ്ടാക്കും എന്നുള്ള ഒരു സത്യാവസ്ഥ ഈ ചിത്രം അവതരിക്കുന്നു.വേറിട്ട രീതിയില്‍ ഉള്ള ചിത്ര നിര്‍മാണം ഈ സിനിമയെ കണ്ടു തീര്‍ത്താലും നമ്മുടെ ഒപ്പം കൊണ്ട് വരും.

More reviews @ www.movieholicviews.blogspot.com

147.THE DISCREET CHARM OF THE BOURGEOISIE(FRENCH,1972)

147.THE DISCREET CHARM OF BOURGEOISIE(FRENCH,1972),|Fantasy|Comedy|Drama|,Dir:-Luis Bunuel,*ing:-Fernando Rey,Delphine Seyrig,Paul Frankeur.

  ലൂയി ബുനുവല്‍ സംവിധാനം ചെയ്ത 1972 ലെ റിലീസ് ആയ ചിത്രം ആണ് "The Disceet Charm of the Bourgeoisie".1920 കളില്‍ ആരംഭിച്ച "സറിയലിസ്റ്റിക്ക്" രീതിയില്‍ ഉള്ള കലാവിഷ്ക്കാരം ആണ് ഈ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നത്.ഒരു ഫാന്റസി/കോമഡി ചിത്ര വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് ഇത്.ലൂയി ബയൂവലിന്റെ മറ്റൊരു ചിത്രമായ "The Exterminating Angel" എന്ന ചിത്രത്തിന്‍റെ സമാനമായ ഒരു പശ്ചാത്തലം ആണ് ഈ ചിത്രത്തിനും ഉള്ളത്."The Exterminating Angel" ല്‍ വിരുന്നിനു ശേഷം അദൃശ്യമായ കാരണങ്ങള്‍ മൂലം പുറത്തു കടക്കാന്‍ കഴിയാത്ത അതിഥികള്‍ ആണ് ഉള്ളതെങ്കില്‍ ഈ ചിത്രത്തില്‍ നടത്താന്‍ കഴിയാത്ത വിരുന്നാണ് പ്രമേയം.ഈ ചിത്രം സഞ്ചരിക്കുന്നത് രണ്ടു രീതിയിലാണ്,ഒരു ഭാഗത്ത്‌ സാമൂഹിക,രാഷ്ട്രീയ പ്രശ്നങ്ങളെ പരാമര്ഷിച്ചും പിന്നെ സിനിമയുടെ കാല്‍പ്പനിക വിഭാഗത്തില്‍  നാല് പേരുടെ സ്വപ്നങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന കഥാഗതിയും.ഒരു സ്വപ്നത്തിലൂടെ സഞ്ചരിച്ചു അടുത്ത സ്വപ്നത്തിലേക്ക് എത്തുന്ന കഥാഗതി.സമൂഹത്തിലെ അപ്പര്‍ മിഡില്‍ ക്ലാസ്സില്‍ ഉള്ളവര്‍ തമ്മില്‍ ഉള്ള ബന്ധം ആണ് ഈ ചിത്രത്തിലെ പ്രധാന പ്രമേയം.ഒരു കഥ എന്ന നിലയില്‍ വേര്‍തിരിച്ചെടുക്കാവുന്ന അടുക്കും ചിട്ടയും ഈ ചിത്രത്തിനില്ല.എന്നാല്‍ സംവിധായകന്‍റെ ഉദ്ദേശവും അത്തരം ഒന്നല്ല എന്ന് അനുമാനിക്കണം,പ്രത്യേകിച്ചും ബെനുവലിനെ പോലെ ഒരു മികച്ച സംവിധായകന്‍.തന്‍റെ ചിന്തകള്‍ക്കൊപ്പം പ്രേക്ഷകരെ അദ്ദേഹം യാത്ര ചെയ്യിപ്പിക്കുന്നു.

   ആറു സുഹൃത്തുക്കള്‍ പലപ്പോഴായി വിരുന്നിനു ഒത്തു കൂടാന്‍ ശ്രമിക്കുന്നു.ആദ്യത്തെ പ്രാവശ്യം ആലീസ്-കാസല്‍ ദമ്പതികളുടെ വെട്ടില്‍ എത്തിയപ്പോള്‍ അവര്‍ വന്ന ദിവസം മാറി പോയി എന്ന് ആലീസ് പറയുന്നു.വിരുന്നിന് ക്ഷണിച്ചത് അടുത്ത ദിവസം രാത്രിയിലേക്ക്‌ ആയിരുന്നു എന്ന് പറയുന്നു.നിരാശരായ അവര്‍ അവിടെ അടുത്തുള്ള ഒരു വലിയ ഭക്ഷണശാലയില്‍ പോകുന്നു.എന്നാല്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്ന അവര്‍ അവിടെ അന്നുച്ചയ്ക്ക്‌ അവിടത്തെ ഉടമസ്ഥന്‍ മരിച്ചു എന്ന് മനസ്സിലാക്കുന്നു.അവര്‍ ആവിടം കാലിയാക്കുന്നു.അടുത്ത പ്രാവശ്യം ആലീസ്-കാസ്സല്‍ ദമ്പതികളുടെ വീട്ടില്‍ വേണ്ടും എത്തിയപ്പോള്‍ സെക്സിനായി അവര്‍ വീടിന്റെ ജനലിലൂടെ പോകുന്നു.അല്‍പ്പ നേരത്തിനു ശേഷം വരാം എന്ന് കരുതി പോയ അവര്‍ എന്നാല്‍ വരാന്‍ താമസിച്ചപ്പോള്‍ തങ്ങളുടെ നിയമവിരുദ്ധമായ ഇടപാടുകള്‍ കണ്ടു പിടിച്ചു പോലീസ് വരും എന്നറിഞ്ഞു അവര്‍ രക്ഷപ്പെട്ടതാണ് എന്നവര്‍ കരുതുന്നു.അത് കൊണ്ട് അവരും അവിടെ നിന്നും പോകുന്നു.ഇത് പലപ്പോഴുമായി ആവര്‍ത്തിക്കുന്നു.ചായ കുടിക്കാന്‍ ആയി പോയ ഹോട്ടലില്‍,പിന്നീട് പട്ടാളക്കാര്‍ വന്ന മറ്റൊരു വിരുന്നില്‍,സ്വപനങ്ങളുടെ ഭാഗത്ത്‌ പോലും ഇത് ആവര്‍ത്തിക്കപ്പെടുന്നു."മിറാണ്ട" എന്ന സാങ്കല്‍പ്പിക രാജ്യത്തിന്റെ സ്ഥാനപതിയും മറ്റുള്ളവരും ആയുള്ള സംഭാഷങ്ങളില്‍ അക്കാലത്തെ രാഷ്ട്രീയാവസ്ഥകള്‍ തുറന്നു കാട്ടുന്നുണ്ട്.വിവാദപരമായ അല്ലെങ്കില്‍ സംവിധായകന്‍റെ കണ്ണില്‍ കൂടി നോക്കുമ്പോള്‍ പ്രേക്ഷകന്‍ കേള്‍ക്കണ്ട എന്ന് കരുതുന്ന ഭാഗങ്ങള്‍ മറ്റു ചില ശബ്ദങ്ങള്‍ ഉപയോഗിച്ച് കേള്‍ക്കാത്ത രീതിയില്‍ ആക്കിയിട്ടുണ്ട്.ഒരു പക്ഷേ എല്ലാവര്ക്കും അറിയാവുന്ന കാര്യം എന്നതായിരിക്കും അതിനു കാരണം അല്ലെങ്കില്‍ പ്രേക്ഷകന് പൂരിപ്പിക്കാന്‍ ഉള്ള ഭാഗങ്ങള്‍ ആയിരിക്കാം.

  അര്‍ത്ഥമില്ലാത്ത സ്വപ്‌നങ്ങള്‍ കാണ്ട് അത് മറ്റുള്ളവരോട് വിവരിക്കുന്ന യുവാവായ ലെഫ്ടനന്റ്റ്,പിന്നെ സ്വപ്നങ്ങളിലൂടെ മറ്റു കഥാപാത്രങ്ങളുടെ ചിന്തകള്‍ അല്ലെങ്കില്‍ അവരെ അവതരിപ്പിക്കുന്ന ആളുകള്‍ എന്നിവയാണ് ഈ ചിത്രത്തിന്റെ മറ്റൊരു വശം.ഒരു പക്ഷേ ഈ സ്വപ്നങ്ങളിലൂടെ ഒരാള്‍ക്ക്‌ മറ്റൊരാളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അല്ലെങ്കില്‍ അവര്‍ സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ഒരു പ്രതിച്ഛായ ആകും അവതരിപ്പിക്കപ്പെടുക.സ്വന്തം രാജ്യമായ എല്ലാ കൊല്ലരുതായ്മയ്ക്കും പേര് കേട്ട മിറാണ്ടയെ കുറിച്ച് വിമര്‍ശിക്കുമ്പോള്‍ ദേഷ്യം വരുന്ന അവരുടെ സ്ഥാനപതി കഥാപാത്രം ഇത്തരം ഒരു സൂചന നല്‍കുന്നു.മിക്ക സ്വപ്നങ്ങളിലും അയാളുടെ സ്വഭാവം ഇത് തന്നെ ആയിരുന്നു.തന്‍റെ സുഹൃത്തിനോടൊപ്പം ഭാര്യ പോകുന്നതായി സ്വപനം കാണുന്ന ഭര്‍ത്താവ് ഒക്കെ ഇത്തരം ചിലരുടെ മാനസിക ചിന്തകളും അവതരിപ്പിക്കുന്നു.അത് കൊണ്ട് തന്നെ മികച്ച  സര്‍ക്കാസം അവതരിപ്പിക്കപ്പെട്ട ചിത്രം ആണെന്നും ഇതിനെ കുറിച്ച് പറയാം.കാരണം സാമൂഹിക രാഷ്ട്രീയ സംഭവങ്ങളെ പരിഹാസത്തിന്റെ ഭാഷയില്‍ ആണ് ഇവിടെ വ്യക്തമായി പരിഹസിച്ചിട്ടുള്ളത് .മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി പുരസ്ക്കാരം ലഭിച്ച ഈ ചിത്രം സിനിമ നിരൂപകന്മാരുടെ തലതൊട്ടപ്പന്‍ ആയ റോജര്‍ എബെര്‍റ്റ് മുഴുവന്‍ മാര്‍ക്കും നല്‍കിയ ചിത്രമായിരുന്നു.ഒരു പ്രത്യേക വരയിലൂടെ നീങ്ങുന്ന കഥ ഇല്ലെങ്കില്‍ പോലും അല്‍പ്പം പോലും ഈ ചിത്രം മുഷിപ്പിക്കുന്നില്ല.ഉയര്‍ന്ന ജീവിത നിലവാരം ഉള്ളവര്‍ പോലും മാനസികമായി സാധാരണ മനുഷ്യര്‍ തന്നെ ആണെന്ന് പലപ്പോഴും തോന്നുകയും ചെയ്യും.

More reviews @ www.movieholicviews.blogspot.com

Thursday, 17 July 2014

146.BEKAS(KURDISH,2012)

146.BEKAS(KURDISH,2012),|Drama|,Dir:-Karzan Kader,*ing:-Zamand Taha,Sarwar Fazil.

 സൂപ്പര്‍മാന്‍-അനീതിക്കെതിരെ പോരാടുന്ന അമാനുഷികന്‍ എന്ന് ബാല്യത്തില്‍ ആ കഥാപാത്രത്തെ കുറിച്ച് ചിന്തിക്കാത്ത ബാല്യങ്ങള്‍ കുറവാണ്.കുട്ടികളെ കുറിച്ചുള്ള സിനിമകള്‍ പലതും ലോകനിലവാരത്തിലേക്ക് ഉയരുമ്പോള്‍ അവയുടെ പ്രമേയങ്ങള്‍ പലപ്പോഴും ബാല്യത്തിലെ നിഷ്ക്കളങ്കമായ സ്വപ്നങ്ങളെ ആധാരമാക്കി ആകും.ജീവിത ലക്ഷ്യത്തില്‍ എത്തി ചേരാന്‍ പ്രയത്നിക്കുന്ന കുട്ടികളുടെ കഥകള്‍ അത് കൊണ്ട് തന്നെ നിഷ്ക്കളങ്കമായ മനസ്സ് കൊണ്ട് കാണുമ്പോള്‍ പലപ്പോഴും മനസ്സിന് ഒരു പ്രത്യേക സുഖം നല്‍കും.അതിനായി മുതിര്‍ന്നവരുടെ മനസ്സും അവരുടെ ചിന്തകള്‍ക്ക് ഒപ്പം അതിവേഗം സഞ്ചരിക്കണം എന്ന് മാത്രം.ഇറാക്ക് എന്ന രാജ്യത്തെ കുറിച്ച് ആദ്യം കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത് സദ്ദാമും പിന്നെ അവിടത്തെ യുദ്ധങ്ങളും ആണ്.ഒരു ദു:ഖ സത്യമായി ഈ സിനിമ കാണുമ്പോഴും അവിടെ നടക്കുന്ന മരണങ്ങള്‍ മനുഷ്യരാശിയെ എന്നും വേദനിപ്പിക്കുന്ന ഒന്നാണ്.ഇറാക്കിലെ കുര്‍ദുകളുടെ ഭാഗത്തില്‍ ഉള്ള കുട്ടികളായ ധനയുടെയും അവന്‍റെ അനുജന്‍ സനയുടെയും സ്വപ്നങ്ങളുടെ കഥയാണ് ഈ ചിത്രം.അവരുടെ സ്വപ്നം വലുതാണ്,അമാനുഷികനായ സൂപ്പര്‍മാനെക്കാളും വലുത്.അനാഥരായ, വീടില്ലാത്ത അവരുടെ സ്വപ്നം അമേരിക്കയില്‍ പോയി സൂപ്പര്‍മാനെ കാണുക എന്നതാണ്.

    റോഡരികില്‍ ഷൂ തുടച്ചു ജീവിക്കുന്ന അവരെ സഹായിക്കുന്നത് കണ്ണ് കാണാത്ത വൃദ്ധനായ ബാബ ഖാലിദ് ആണ്.അയാള്‍ പുത്രവാല്‍സല്യത്തോടെ സനയെ വിളിക്കുമ്പോള്‍ അവന്‍ പലപ്പോഴും അനാഥന്‍ ആണെന്നത് മറക്കുന്നു.തന്‍റെ മൂത്ത സഹോദരനായ ധന ആയിരുന്നു സനയുടെ ലോകം.അവനെ ശാസിക്കാനും തല്ലാനും എല്ലാം അധികാരം ഉള്ളത് തന്‍റെ മാതാപിതാക്കളുടെ സ്ഥാനത് ഉള്ള ധനയ്ക്ക് സന നല്‍കിയിരുന്നു.ഒരു കൊച്ചു കുട്ടി ആയിരുന്നെങ്കിലും അവനു ജീവിതത്തെ കുറിച്ച് ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു.അതിലൊന്ന് ആണ്,ഒളിച്ചിരുന്ന് കാണുന്ന സിനിമകളിലെ സൂപ്പര്‍മാനെ നേരില്‍ കാണണം എന്ന ആഗ്രഹം.തന്‍റെ ജീവിതം ദുഷ്ക്കരം ആക്കിയവരെ ഒക്കെ ശിക്ഷിക്കാന്‍ സൂപ്പര്‍മാന് കഴിയും എന്നവന്‍ വിശ്വസിക്കുന്നു.യുദ്ധങ്ങളിലൂടെ തന്‍റെ മാതാപിതാക്കളുടെ മരണത്തിനു കാരണക്കാരന്‍ ആയ സദ്ദാം ആണ് ആവന്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ആദ്യ പേരുകാരന്‍.ധനയ്ക്കാണെങ്കില്‍ ഒരു കൗമാര പ്രണയം ഉണ്ട്.അവള്‍ ഒരു ദിവസം മാതാപിതാക്കളോടൊപ്പം  അമേരിക്കയില്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അവളെ കാണാന്‍ വേണ്ടി അമേരിക്കയില്‍ പോകാന്‍ അവന്‍ തീരുമാനിച്ചു.കൂടെ സൂപ്പര്‍മാനെ കാണാം എന്നുള്ള പ്രതീക്ഷയില്‍ സനയും.നിയമവിരുദ്ധമായി ആളുകളെ അമേരിക്കയിലേക്ക് കടത്തി കൊണ്ട് പോകുന്നവര്‍ അവിടെ ധാരാളം ഉണ്ട്.എന്നാല്‍ അതിനു ആവശ്യം പണം,പാസ്പ്പോര്‍ട്ട് എന്നിവയാണ്.എന്നാല്‍ ആവരുടെ കയ്യില്‍ രണ്ടും ഇല്ല.എന്നാലും അവര്‍ തളരാതെ മൈക്കില്‍ ജാക്സണ്‍ എന്ന പേരിട്ട് വിളിക്കുന്ന ഒരു കഴുതയെ  വാങ്ങുന്നു.അപകടകരമായ ഒരു സാഹസത്തിനു അവര്‍ തയ്യാറായി..ഒരു കഴുതപ്പുറത്ത് കയറി  അമേരിക്കയില്‍ പോയി സൂപ്പര്‍മാനെ കാണാം എന്ന ലക്ഷ്യത്തോടെ.അവരുടെ കൌതുകകരവും രസകരവുമായ യാത്രയാണ് "ബെകാസ്" എന്ന ഈ കുര്‍ദിഷ് ഭാഷയില്‍ ഉള്ള ചിത്രം അവതരിപ്പിക്കുന്നത്‌.

   യുദ്ധങ്ങളുടെ കെടുതിയും എല്ലാം തികച്ചും വ്യത്യസ്തമായി ഈ ചിത്രത്തില്‍ അവരുടെ ജീവിതത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.ഏതു യുദ്ധത്തിന്റെയും അവസാനം അനാഥരായ ഇത്തരം ബാല്യ-കൗമാരങ്ങള്‍ മാത്രമാണ്.സന ആയി അഭിനയിച്ച സമന്ദ് താഹ എന്ന കുട്ടി ആ വേഷം അവിസ്മരനീയം ആക്കി.അത്ര ജീവനുണ്ടായിരുന്നു ആ കഥാപാത്രത്തിന്.ഒരു പക്ഷേ ഒരു ബാലതാരത്തില്‍ നിന്നും പ്രതീക്ഷിക്കവുന്നതിനും അപ്പുറം അവന്‍ അഭിനയിച്ചിട്ടുണ്ട്.സിനിമ കഴിയുമ്പോള്‍ പോലും മനസ്സില്‍ നില്‍ക്കുന്ന ഒരു കഥാപാത്രം.അവന്റെ നിഷ്കളങ്കമായ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അതീവ രസകരം ആയിരുന്നു.കുര്‍ദുകളുടെ ജീവിത രീതികളും അവരുടെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും പ്രതീക്ഷകളും എല്ലാം ഈ ചിത്രത്തിലുണ്ട്.ഈ ചിത്രം കൂടുതല്‍ മനോഹരമാക്കുന്നത് ക്യാമറയും പിന്നെ പശ്ചാത്തല സംഗീതവും ആണ്.അധികം കേട്ടിട്ടില്ലാത്ത ഒരു സ്ഥലത്ത് നിന്ന് അവതരിപ്പിക്കപ്പെട്ട ഈ ചിത്രം നിലവാരത്തിലും മോശം അല്ല.ചുരുക്കത്തില്‍ ഒരല്‍പം സമയം ഉണ്ടെങ്കില്‍ തലയൊന്നും പുകയ്ക്കാതെ കാണാവുന്ന ഒരു നല്ല സിനിമയാണ് ബെകാസ്.

More reviews @ www.movieholicviews.blogspot.com

Wednesday, 16 July 2014

145.THE CRIMSON RIVERS(FRENCH,2000)

 145.THE CRIMSON RIVERS(FRENCH,2000),|Thriller|Mystery|,Dir:-Mathiew Kassowitz,*ing:Jean Reno,Vincent Cassel.

ഒരു ത്രില്ലര്‍ സിനിമയുടെ എല്ലാ ചേരുവകകളും കോര്‍ത്തിണക്കി എടുത്ത ചിത്രം ആണ് "The Crimson Rivers".ഫ്രാന്‍സില്‍ മലനിരകളില്‍ ഒന്നില്‍ കാണപ്പെട്ട പ്രത്യേകമായ ലക്ഷ്യത്തോടെ കൊല ചെയ്യപ്പെട്ട ഒരു ശവശരീരം ആണ് കേസിന് തുടക്കം.അന്വേഷണത്തിനായി പോലീസ് എത്തിയതിനു പിന്നാലെ വന്ന "നിമാന്‍സ് " എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ കേസ് വളരെയധികം ദുരൂഹത നിറഞ്ഞതാണെന്ന് മനസ്സിലാക്കുന്നു.ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ശിശുവിനെ പോലെ കെട്ടി വച്ച മനുഷ്യ ശരീരത്തില്‍ കാണപ്പെട്ട അസാധാരണമായ മുറിവുകളും അത് പോലെ തന്നെ ചൂഴ്ന്നെടുത്ത കണ്ണുകളും മുറിക്കപ്പെട്ട രണ്ടു കൈകളും അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നു.ആ ഗ്രാമത്തിലെ എല്ലാം അവിടെ ഉള്ള ഒരു യൂനിവേര്‍സിറ്റി ആയിരുന്നു.ഫ്രാന്‍സിലെ തന്നെ മികച്ചതെന്ന് അവകാശപ്പെടാവുന്ന ഒന്ന്.അവിടത്തെ ലൈബ്രറിയിലെ ഉദ്യോഗസ്ഥന്‍ ആയ റിമി കല്ലോയിസ് ആയിരുന്നു കൊല്ലപ്പെട്ടത്.അയാള്‍ അവിടെ ഒരു പ്രൊഫസ്സറും ആയിരുന്നു.കേസന്വേഷണത്തിനായി യൂനിവേര്‍സിറ്റിയില്‍ എത്തിയ നിമാന്‍സ് അവിടത്തെ രീതികള്‍ പഠിക്കുന്നു.വളരെയധികം ചിട്ടയോടെ നടത്തപ്പെടുന്ന പഠനവും അവിടെ ഉള്ള വിദ്യാര്‍ഥികളില്‍ അധികവും അവിടത്തെ പ്രൊഫസര്‍മാരുടെ മക്കളും ആണെന്ന് മനസിലാക്കുന്നു.മരണപ്പെട്ട കല്ലോയിസും ഇത്തരത്തില്‍ അവിടത്തെ അധ്യാപകരുടെ മകന്‍ ആയിരുന്നു.ആ ഗ്രാമത്തിലെ ആശുപത്രി,വൈദ്യുതി എല്ലാം യൂനിവേര്സിട്ടിയുടെ കീഴില്‍ ആയിരുന്നു.നിമാന്‍സ് ചൂഴ്ന്നെടുത്ത കണ്ണുകളെ കുറിച്ചറിയാന്‍ അവിടത്തെ നേത്രരോഗ വിദഗ്ദ്ധനെ കാണാന്‍ ചെല്ലുന്നു.Dr.ചെര്‍നെസ് എന്ന അയാള്‍ നിമാന്‍സിനോട് താഴ്വരയില്‍ കുട്ടികളില്‍ കണ്ടു വരുന്ന ജനിതക രോഗത്തെ കുറിച്ച് സംസാരിക്കുന്നു.അത് പോലെ യൂനിവേര്സിട്ടിയിലെ കുട്ടികളുടെ മികച്ച ആരോഗ്യത്തെ കുറിച്ചും.

   സമാന്തരമായി മറ്റൊരു സ്ഥലത്ത് പോലീസിനു ശവക്കലറയില്‍ രാത്രി അതിക്രമിച്ചു സ്വാസ്തിക ചിഹ്നം വരച്ചവരെയും അത് പോലെ തന്നെ അവിടത്തെ സ്കൂളിന്‍റെ സ്റ്റോര്‍ റൂമില്‍ ആരോ രാത്രിയില്‍ കയറിയതായും പരാതി ലഭിക്കുന്നു.ജൂഡിത്ത് എന്ന ഇരുപതു വര്ഷം മുന്‍പ് ഒരു അപകടത്തില്‍ മരിച്ച പെണ്‍ക്കുട്ടിയുടെ ശവക്കലറയില്‍ ആയിരുന്നു ആരോ ആക്രമിച്ചു കടന്നത്‌.സ്ക്കൂളിലെ രേഖകളില്‍ നിന്നും അന്ന് രാത്രി അവിടെ വന്ന ആരോ അവള്‍ അവിടെ പഠിച്ച വര്‍ഷത്തെ രേഖകള്‍ എല്ലാം കീറി എടുത്തതായും കാണപ്പെട്ടു.ഈ കേസ് അന്വേഷിക്കുന്നത് മാക്സ് എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു.സ്വാസ്തിക ചിഹ്നത്തിന്‍റെ പുറകെ പോയ മാക്സ് നാസി അനുകൂലികളായ ചെറുപ്പക്കാരെ സംശയിക്കുന്നു.എന്നാല്‍ അവര്‍ പറഞ്ഞ സൂചനകള്‍ വച്ച് ഒരു ലട കാറില്‍ തലേന്ന് രാത്രി ആരോ അവിടെ വന്നിരുന്നു എന്ന് മനസ്സിലാക്കുന്നു.മാക്സ് ജൂടിത്തിന്റെ അമ്മയെ കാണാന്‍ പോകുന്നു.മകളുടെ അപകട മരണത്തിനു ശേഷം സമനില തെറ്റിയ അവര്‍ ഇപ്പോള്‍ ഒരു കോണ്‍വെന്റില്‍ വൈദികയാണ്.അവര്‍ തന്‍റെ മകളെ കൊന്നത് പിശാചുക്കള്‍ ആണെന്ന് മാക്സിനോട് പറയുന്നു.എന്നാല്‍ ഒരു പ്രത്യേക അവസരത്തില്‍ മാക്സിന്റെയും നിമാന്സിന്റെയും സമാന്തരമായ അന്വേഷണങ്ങള്‍ അവര്‍ അറിയാതെ തന്നെ ഒരു തെളിവില്‍ എത്തി ചേരുന്നു.സ്വന്തമായി കേസ് അന്വേഷിക്കുന്ന നിമാന്‍സിനു മാക്സിന്റെ കഴിവില്‍ വിശ്വാസം ഇല്ലായിരുന്നു.എങ്കിലും മാക്സ് അന്വേഷണത്തില്‍ ഉള്ള തന്‍റെ പ്രാഗത്ഭ്യം ഉപയോഗിച്ച് നടത്തുന്ന കണ്ടെത്തലുകള്‍ നിമാന്‍സിനെയും ആകര്‍ഷിക്കുന്നു.തങ്ങളുടെ ലക്‌ഷ്യം ഒന്നാണെന്ന് അവര്‍ മനസ്സിലാക്കുന്നു.അവരെ കാത്തിരുന്നത് വലിയൊരു രഹസ്യം ഒളിപ്പിച്ച പര്‍വത നിരകളും അവിടത്തെ ആളുകളും ആയിരുന്നു.മരണങ്ങള്‍ വീണ്ടും സംഭവിക്കുന്നു.കുറ്റവാളി എന്ന് സംശയിക്കാവുന്ന പലരെയും അവര്‍ കാണുന്നു.എന്നാല്‍ ഈ കൊലപാതകങ്ങള്‍ ചെയ്യുന്ന ആള്‍ അവരോട് എന്തോ പറയാന്‍ ശ്രമിക്കുന്നതായി .അവിശ്വസനീയമായ പല തെളിവുകളും അവരെ കൊണ്ടെത്തിച്ചത് ഒരു വലിയ രഹസ്യത്തിലേക്ക് ആണ്.അതെന്താണെന്ന് അറിയാന്‍ ബാക്കി ചിത്രം കാണുക.
   
  ചിത്രത്തിന്‍റെ തുടക്കം മുതല്‍ ഉള്ള പശ്ചാത്തല സംഗീതം ഈ ചിത്രത്തിന്‍റെ ഒരു വലിയ മുതല്‍ക്കൂട്ട് ആണ്.ഈ സിനിമയുടെ മൊത്തത്തില്‍ ഉള്ള നിഗൂഡമായ ഒരു സ്വഭാവം നിലനിര്‍ത്താന്‍ അതിനു സാധിക്കുന്നുണ്ട്.അന്വേഷണ ഉദ്യോഗസ്ഥരായി അഭിനയിച്ച ജീന്‍ റെനോയും വിന്സന്റ് കാസ്സലും നല്ല പ്രകടനം തന്നെ നടത്തി.നിഗൂഡമായ ഒരു കഥയും മികച്ച അപ്രതീക്ഷിതമായ ട്വിസ്ട്ടുകളും ഈ ഫ്രഞ്ച് ചിത്രത്തെ മികച്ച ഒരു ത്രില്ലര്‍ സിനിമ ആക്കുന്നുണ്ട്‌.രണ്ടു ഭാഗങ്ങള്‍ ഉള്ള "The Crimson Rivers " പരമ്പരയിലെ ആദ്യ ചിത്രം തീര്‍ച്ചയായും നല്ലൊരു ത്രില്ലര്‍ അനുഭവം ആണ് നല്‍കുന്നത്.

More reviews @ www.movieholicviews.blogspot.com

144.THE NEIGHBORS(KOREAN,2012)

144.THE NEIGHBORS(KOREAN,2012),|Thriller|,Dir:-Hwi Kim,*ing:-Yunjin Kim,Dong Seok ma,Gun Ho Jin.

കൊറിയന്‍ ത്രില്ലര്‍ സിനിമകളിലെ സ്ഥിരം വിഷയം ആണ് പെണ്‍കുട്ടികള്‍ക്ക് നേരെ ഉള്ള അക്രമങ്ങള്‍ പ്രമേയം ആക്കിയുള്ള സിനിമകള്‍.ഒരു പക്ഷേ പലപ്പോഴും മടുപ്പ് ഉണ്ടാകും ഇത്തരം സ്ഥിരം പ്രമേയങ്ങള്‍  എന്ന് കരുതുമ്പോഴും ഓരോ പ്രാവശ്യവും വ്യക്തമായ ഒരു തിരക്കഥ അവതരിപ്പിച്ച് കൊറിയന്‍ സിനിമ നമ്മളെ അത്ഭുതപ്പെടുത്തും.ഒരു ക്ലീഷേ പ്രമേയം എങ്ങനെ വ്യത്യസ്തം ആയി എടുക്കാം എന്ന് അവരുടെ പല സിനിമകളും കാണിച്ചു തരുന്നു."Azooma", "Psychometry","Memories of Murder","Monatge","Missing","No Mercy","Voice of Murderer","Chaser" അങ്ങനെ പോകുന്നു ആ ലിസ്റ്റ്.ഈ സിനിമകള്‍ ഒക്കെ കാണുമ്പോള്‍ മനസ്സിലാകും ഒരേ പ്രമേയം വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കുന്നതിന്റെ മായാജാലം.ആ ഗണത്തില്‍ തീര്‍ച്ചയായും പെടുത്താവുന്ന ഒരു ചിത്രം ആണ് 2012 ല ഇറങ്ങിയ "The Neighbors".ഇത്തവണയും ഒരു പെണ്‍ക്കുട്ടിയുടെ കൊലപാതകത്തോടെ ആണ് സിനിമ തുടങ്ങുന്നതും.മരിച്ചു പോയ പെണ്‍ക്കുട്ടിയുടെ രണ്ടാനമ്മ മരിച്ചതിന് അവള്‍ ദിവസവും വൈകിട്ട് വീട്ടില്‍ വരുന്നത് പോലെ അനുഭവപ്പെടുന്നു.അവര്‍ അവളെ ഭയക്കുന്നു.എന്നാല്‍ ഒരു ദിവസം ആ പെണ്‍ക്കുട്ടിയുടെ അച്ഛന്‍ തന്റെ മകളെ രണ്ടാനമ്മ ഭയപ്പെടുന്നത് അവള്‍ സ്വന്തം മകള്‍ അല്ലാത്തത് കൊണ്ടാണെന്ന് പറയുന്നു.അതിനു ശേഷം അവര്‍ അവളെ കൂടുതലായി സ്നേഹിക്കുന്നു.അവര്‍ തമ്മില്‍ ഉള്ള ബന്ധം ശക്തമാകുന്ന ദിവസം ആണ് അവളെ കാണാതാകുന്നതും ഒരു പെട്ടിയില്‍ അവളുടെ മൃത ദേഹം ലഭിക്കുന്നതും.എന്നാല്‍ സിനിമയില്‍ കൊലയാളിയെ തുടക്കം മുതല്‍ കാണിക്കുന്നുണ്ട് മറകള്‍ ഇല്ലാതെ.

  അയല്‍ വീടുകള്‍ തമ്മില്‍ ഉള്ള അടുപ്പമില്ലായ്മ കാരണം അപരിചിതമായ പല സംഭവങ്ങളും അവിടെ വിഷയം ആകുന്നില്ല.ഒരു കൊലയാളി അവിടെ ഉണ്ടെന്നറിഞ്ഞാല്‍ അവിടെ ഉള്ള വീടുകളുടെ വില കുറയും എന്ന് ഭയപ്പെടുന്നവരും,തന്‍റെ ജീവിതത്തിലെ വലിയ ഒരു രഹസ്യത്തില്‍ നിന്നും 5 മാസത്തില്‍ നിന്നും രക്ഷപ്പെടും എന്ന് കരുതുന്ന ആളും,മറ്റൊരു മുഖം ഉള്ള കൊലയാളി പോലും സ്വന്തം സ്വഭാവം മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വയ്ക്കുന്നു.ചില പ്രത്യേക ദിവസങ്ങളില്‍ മാത്രം പിസ്സ വാങ്ങിക്കുന്ന ഫ്ലാറ്റിലെ അന്തേവാസിയെ കുറിച്ച് സംശയം തോന്നുന്ന പിസ ഡെലിവറി ബോയ്‌ അക്കാര്യം തന്‍റെ മുതലാളിയോട് പറയുന്നെങ്കിലും അതൊരു ഭ്രാന്തന്‍ ചിന്ത മാത്രം ആയി അയാള്‍ തള്ളിക്കളയുന്നു.സമാനമാണ് മൃത ശരീരം അടയ്ക്കപ്പെട്ട പെട്ടി വാങ്ങിച്ച കടയുടെ ഉടമയായ വൃദ്ധനും.അയാള്‍ ഇക്കാര്യം തന്‍റെ ഭാര്യയോടു പറയുമ്പോള്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപ്പെടാതെ ഇരിക്കാന്‍ അവര്‍ ഉപദേശിക്കുന്നു.തന്‍റെ അമ്മാവനോടുള്ള പക തീര്‍ക്കാന്‍ അയാള്‍ക്ക്‌ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അത്ര തുക കൊടുത്ത് പീഡിപ്പിക്കുന്ന ആന്‍-ഹ്യുക് മോയും മനുഷ്യന്റെ മറ്റൊരു മുഖം കാണിക്കുന്നു.ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന :മാ ഡോംഗ് സിയോക്" ഇപ്പോള്‍ കൊറിയന്‍ നടന്മാരില്‍ എനിക്ക് ഇഷ്ടപ്പെട്ട നടന്മാരില്‍ ഒരാളാണ്.പലപ്പോഴും ചുറ്റും ഉള്ളവരുടെ അശ്രദ്ധയും മറ്റുള്ളവരുടെ ജീവിതം പോകുന്ന വഴിക്ക് പോകട്ടെ എന്ന് കരുതുന്ന ചിന്താഗതിയും പുലര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന അപകടം ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ആദ്യ പെണ്‍ക്കുട്ടിയുടെ മരണത്തിനു ശേഷം കൊലയാളി അവളുടെ മുഖ സാദൃശ്യം ഉള്ള മറ്റൊരു പെണ്‍ക്കുട്ടിയെ ഉന്നമിടുന്നു.അതിന്‍റെ ഇടയ്ക്ക് അയാള്‍ പല കൊലകളും നടത്തുന്നു;നടത്താന്‍ ശ്രമിക്കുന്നു.എന്നാല്‍ സംശയം ഉള്ളവര്‍ പോലും തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മൂലം അത് പുറം ലോകത്തെ അറിയിക്കുന്നില്ല.എന്നാല്‍ ഒരിക്കല്‍ ഈ ചിന്താഗതി ഉള്ളവര്‍ എല്ലാം ഒരുമിക്കുന്നു,പരസ്പ്പരം അറിയിക്കാതെ തങ്ങളുടെ കടമകള്‍ ചെയ്യാന്‍ അവര്‍ തയ്യാറാകുമ്പോള്‍ ചിത്രം അവരുടെ ഇടയില്‍ ഉള്ള ഊഷ്മളമായ ഒരു ബന്ധം പുറത്തു കൊണ്ട് വരുന്നു.അല്ലെങ്കില്‍ അവരെ അതിലേക്ക് അടുപ്പിക്കുന്ന  സംഭവങ്ങള്‍ ഉണ്ടാകുന്നു.നമുക്ക് അരോചകം തോന്നുന്ന പല കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം ഭംഗിയാക്കാന്‍ ശ്രമിക്കുന്നു.അതിനു കാരണം?വിധി എന്നൊക്കെ പറയാം."ഈ അടുത്ത കാലത്ത്" സിനിമയില്‍ അവതരിപ്പിച്ച വിധിയെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങള്‍ ആണ് ചിത്രം പിന്നീട്(രണ്ടു ചിത്രങ്ങളും തമ്മില്‍ ഒരു സാമ്യവും ഇല്ല.പകരം എനിക്ക് ഓര്‍മ വന്ന സമാന ചിത്രത്തെ കുറിച്ച് പറഞ്ഞു എന്നെ ഉള്ളു).അതില്‍ ചിലത് മോശം ആകാം.ചിലത് നല്ലതും.

 തന്‍റെ അയല്‍ക്കാരോട് അവരറിയാതെ സന്ധിയില്ലാ ആക്രമണം സ്വയം മനസ്സില്‍ പ്രഖ്യാപിച്ച കൊലയാളി.അയാളുടെ യുദ്ധങ്ങളെ കുറിച്ച് അറിയാത്ത അല്ലെങ്കില്‍ അറിയില്ല എന്ന് നടിക്കുന്ന അയല്‍ക്കാര്‍.ഈ ഒരു സാഹചര്യം അയാള്‍ക്ക്‌ തന്‍റെ മനസ്സിന്റെ വികലമായ പ്രവര്‍ത്തികള്‍ തുടര്‍ന്ന് പോകാന്‍ ഉള്ള മൌനാനുവാദം ആണ് നല്‍കുന്നത്.ചെറിയ ചെറിയ സംഭവങ്ങള്‍ വലിയ സംഭവങ്ങളിലേക്ക് ഉള്ള മാര്‍ഗദര്‍ശി ആകും എന്ന് ഈ സിനിമയിലെ ചില സീനുകളിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്.ഒരു പക്ഷേ കൂടൊരുക്കാന്‍ സാമഗ്രികള്‍ അന്വേഷിച്ച് ഇറങ്ങുന്ന പക്ഷിയുടെ നിയോഗം അതായിരിക്കാം.കൊറിയന്‍ ത്രില്ലറുകളുടെ ആരാധകര്‍ക്ക് ധൈര്യമായി കാണാവുന്ന ചിത്രം.

More reviews @ www.movieholicviews.blogspot.com

143.BAMBARA WALLALA (SINHALESE,2009)

143.BAMBARA WALLALA(SINHALESE,2009),|Drama|Thriller|,Dir:Athula Liyanage,*ing:-Athula Liyanage,Mahendra Perera,Sriyantha Mendis.

  "പൊടി എക്ക" എന്ന കുട്ടിയുടെ ജീവിത കഥയാണ് "ബംബര വല്ലല" എന്ന സിംഹളീസ് ചിത്രം അവതരിപ്പിക്കുന്നത്‌.ശ്രീലങ്കയിലെ ഒരു നൃത്ത രൂപത്തിന്റെ പേരാണ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.ഈ നൃത്തത്തില്‍ നൃത്തം ചെയ്യുന്ന ആള്‍ ഒരു പമ്പരത്തിന് സമാനമായ രീതിയില്‍ കറങ്ങുന്നു.അയാളുടെ ബാലന്‍സില്‍ ആണ് ഈ നൃത്തം നടക്കുന്നത്.അത് പോലെ തന്നെ ആണ് പൊടി എക്കയുടെ ജീവിതവും.തുടക്കത്തില്‍ താളം പിഴച്ച ജീവിതം പിന്നീട് ബാലന്‍സ് നേടി എത്തിയപ്പോഴേക്കും ജീവിതം അയാളെ തന്റെ തുടക്കത്തില്‍ തന്നെ എത്തിച്ചിരുന്നു.എന്നാല്‍ ഇത്തവണ ഒരു വ്യത്യാസവും ഉണ്ടായിരുന്നു.പൊടി എക്ക എന്ന ബാലനില്‍ നിന്നും പ്രായം ഉള്ള പൊടി എക്കയിലെക്കുള്ള പ്രയാണം ആണ് ബംബര വല്ലല എന്ന് പറയാം.പൊടി എക്ക വിദ്യാഭ്യാസം ഇല്ലാത്തവന്‍ ആണ്.താമസം ഒരു ശ്രീലങ്കന്‍ ഗ്രാമത്തില്‍.80 കളിലെ തമിഴ് സിനിമകളിലെ ഗ്രാമങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരു ഗ്രാമം.അച്ഛനില്ലാത്ത അവന്‍ തന്റെ അമ്മയോടും പെങ്ങളോടും ഒപ്പം കഴിയുന്നു.തന്‍റെ രണ്ടാനച്ഛന്റെ കള്ള വാറ്റില്‍ സഹായിക്കുകയാണ് അവന്‍റെ ജോലി.അയാള്‍ എന്നാല്‍ തന്‍റെ സുഖത്തിനായി പൊടി എക്കയുടെ സഹോദരിയെ ഉപയോഗിക്കുന്നു.എന്നാല്‍ തന്‍റെ സഹോദരിയ്ക്ക് നേരിട്ട ദുരിതം കൗമാര പ്രായത്തില്‍ മനസ്സിലാക്കുന്ന പൊടി എക്ക അയാളുടെ രണ്ടാനച്ചനെ കൊല്ലുന്നു.പോലീസ് പിടിക്കാന്‍ വരുമ്പോള്‍ നിക്കറിലൂടെ മൂത്രം ഒഴിക്കുന്ന ആ കൗമാര പ്രയക്കാരന്‍ പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ ഗ്രാമത്തില്‍ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ആകെ മാറിയിരുന്നു.ജീവിതം അവനെ കഠിന ഹൃദയന്‍ ആക്കിയിരുന്നു.മനുഷ്യനും മൃഗവും തമ്മില്‍ ഉള്ള വ്യത്യാസം അവനില്‍ കാണാതായി.

  തന്‍റെ മക്കള്‍ക്ക്‌ സംഭവിച്ച ദുരിതങ്ങള്‍ മൂലം ഭ്രാന്തിയായ അവന്റെ അമ്മയെ നോക്കിയിരുന്നത് അവന്‍റെ അമ്മയുടെ സഹോദരിയും കുടുംബവും ആയിരുന്നു.പൊടി എക്ക അവരുടെ കൃഷിയില്‍ സഹായി ആയി കൂടുന്നു.അതിന്‍റെ ഇടയ്ക്ക് ഗ്രാമത്തിലെ ഉത്സവത്തില്‍ നടന്ന മത്സരത്തില്‍ അവന്‍ വിജയി ആകുന്നു.കൃഷിക്കാരില്‍ ഉയര്‍ന്ന സ്ഥാനം അവനു ലഭിക്കുന്നു.എന്നാല്‍ അവന്‍റെ ഉള്ളിലെ മൃഗം പതുക്കെ പുറത്തു വരുന്നു.അവന്‍റെ പശു കിടാവിനെ മോഷ്ടിച്ച ആളെ അവന്‍ ക്രൂരമായി മര്‍ദിക്കുന്നു.കൂടാതെ ഒരു നാള്‍ അവന്‍റെ അമ്മയുടെ സഹോദരിയുടെ മകളോട് തോന്നിയ കാമാവേശത്തില്‍ അവന്‍ അവളുടെ മുറി മുറിക്കുന്നു.മരണത്തെക്കാളും ആ പ്രവര്‍ത്തി അഭിമാനക്ഷതം വരുത്തുന്നു അവര്‍ക്ക്.ഗ്രാമം ഒന്നടങ്കം അവനെതിരെ ആകുന്നു.അവന്‍റെ വീടും കത്തിച്ചിട്ട് അവര്‍ അവനെ മൃതുപ്രായന്‍ ആക്കുന്നു.എന്നാല്‍ അത് വഴി വന്ന "മേല്‍" എന്ന ശവപ്പെട്ടി കച്ചവടക്കാരന്‍ അവനെ രക്ഷിക്കുന്നു.അയാള്‍ അവന്‍റെ തന്റയോപ്പം കൂട്ടുന്നു.ആ ഗ്രാമത്തില്‍ നിന്നും അവന്‍ ജീവിതത്തില്‍ ഉയരത്തിലേക്ക് പോകുന്നു;രക്തത്തിന്‍റെ വഴിയിലൂടെ.മരണത്തെ മുഖാമുഖം കണ്ട അവന്‍റെ ജീവിതത്തില്‍ വന്‍ വഴിത്തിരിവുകള്‍ ഉണ്ടാകുന്നു.ഇടം കയ്യനായ പൊടി എക്കയെ "മേല്‍" വലം കയ്യനാക്കുന്നു.പ്രതീകാത്മകം ആയ രംഗം.അവന്റെ ജീവിതവും അയാള്‍ മാറ്റി മറിക്കുന്നു.പൊടി എക്കയുടെ ബാക്കി ഉള്ള ജിവിത കഥയാണ് ബംബര വല്ലല.

   കരി കഷ്ണങ്ങള്‍ കൊണ്ട് ചുവരില്‍ തന്നെയും അമ്മയെയും സഹോദരിയും കുരിശടയാളത്തില്‍ രേഖപ്പെടുത്തിയ ബാലനില്‍ നിന്നും മരണത്തിന്‍റെ കാവല്‍ക്കാരന്‍ ആയി അവന്‍ മാറുമ്പോള്‍ വന്നിരുന്ന വ്യത്യാസം മാനസിക നിലയില്‍ വന്ന ഒരു അപക്വമായ മാറ്റം ആകാം.തന്‍റെ ആവശ്യങ്ങള്‍ ആണ് തനിക്കു വലുതെന്ന് ഒരു സ്ത്രീയെ കാണുമ്പോള്‍ മേലിനോട് അവന്‍ പറയുന്നത് സാമൂഹിക ജീവിതം അന്യമായ ഒരു മനുഷ്യനെ ആണ് വരച്ചു കാണിക്കുന്നത്.സംവിധായകന്‍ ആയ "അതുല ലിയാനാഗെ" തന്നെയാണ് മുഖ്യ കഥാപാത്രമായ പൊടി എക്കയുടെ മുതിര്‍ന്ന കാലം അവതരിപ്പിച്ചിരിക്കുന്നത്.ശ്രീലങ്കന്‍ സിനിമയില്‍ മുഖ്യമായ ഒരു സ്ഥാനം ഉള്ള ഈ ചിത്രത്തിന് നമ്മുടെ നാട്ടിലെ പ്രേക്ഷകരെ എത്ര മാത്രം സ്വാധീനിക്കാന്‍ കഴിയും എന്നുള്ളത് സംശയം ആണ്.ഒരു ശ്രീലങ്കന്‍ ഗ്രാമത്തിന്‍റെ തനിമയോടെ അവതരിപ്പിച്ച ഈ സിനിമ എനിക്ക് പുതുമ ആയിരുന്നു.പിന്നെ കൊലപാതകങ്ങള്‍ എല്ലായിടത്തും ഒരു പോലെ ആണല്ലോ?അവസാനം രക്തം തന്നെ ആണ് അതിനെ വര്‍ണമയം ആക്കുന്നത്.

More reviews @ www.movieholicviews.blogspot.com

Tuesday, 15 July 2014

142.THE TENANT(FRENCH,1976)

142.THE TENANT(FRENCH,1976),|Mystery|Thriller|,Dir:-Roman Polanski,*ing:-Roman Polanski,Isabella Adjani,Melvyn Douglas.

റോമന്‍ പോളന്‍സ്കിയുടെ "The Apartment" സീരീസില്‍ മൂന്നാമതായി ഇറങ്ങിയ ചിത്രം ആണ് "The Tenant".ഈ പരമ്പരയിലെ മറ്റു രണ്ടു ചിത്രങ്ങള്‍ "Repulsion"(1965),"Rosemarys's Baby "(1968) എന്നിവയാണ്.ഒരു സൈക്കോ ത്രില്ലര്‍ ആണ് ഈ ചിത്രം.റോമന്‍ പോലന്‍സ്കി തന്നെ മുഖ്യ കഥാപാത്രമായ ട്രക്കോല്‍വ്സ്ക്കിയെ അവതരിപ്പിക്കുന്നു.ട്രക്കൊല്‍വ്സ്കി താമസിക്കാനായി ഒരു സ്ഥലം തേടി "Zy" എന്നയാളുടെ അടുക്കല്‍ എത്തുന്നു.വൃദ്ധനായ അയാള്‍ ട്രക്കൊല്‍വ്സ്ക്കിയോടു അവിടെ താമസിക്കാന്‍ ചില നിബന്ധനകള്‍ വയ്ക്കുന്നു.ഒരു ബാച്ചിലര്‍ ആയ ട്രക്കൊല്‍വ്സ്ക്കിയോടു അയാളുടെ സ്ത്രീ സുഹൃത്തുക്കളെ അവിടെ കൊണ്ട് വരരുതെന്നും കൂടാതെ അവിടെ ഒരു തരത്തില്‍ ഉള്ള ശബ്ദ കോലാഹലങ്ങള്‍ അനുവദനീയം അല്ല എന്ന് പറയുന്നു.നല്ല ഒരു തുക മുന്‍ക്കൂര്‍ ആയി വാങ്ങുകയും ചെയ്യുന്നു.ട്രക്കൊല്‍വ്സ്ക്കിയ്ക്ക് കിട്ടിയ മുറി "സിമോണ്‍ ഷൂല്‍" എന്ന യുവതി താമസിച്ച മുറി ആയിരുന്നു.സൈമണ്‍ ഷൂല്‍ ആ മുറിയുടെ ജനലില്‍ നിന്നും താഴേക്ക് ചാടി അപകട നിലയില്‍ ആശുപത്രിയില്‍ കിടക്കുന്ന സമയം ആണ് ട്രക്കൊല്‍വ്സ്ക്കി അവിടെ എത്തുന്നത്‌.അത് കൊണ്ട് തന്നെ അവര്‍ക്ക് എന്ത് സംഭവിക്കും എന്നറിഞ്ഞതിനു മാത്രമേ അയാള്‍ക്ക്‌ അങ്ങോട്ട്‌ മാറാന്‍ സാധിക്കുമായിരുന്നുള്ളൂ.ട്രക്കൊല്‍വ്സ്ക്കി ഷൂളിനെ കാണാന്‍ ആശുപത്രിയില്‍ പോകുന്നു.

  ഒരു ഇജിപ്ഷ്യന്‍ മമ്മിയെ മൂടി വച്ചത് പോലെ ആയിരുന്നു അവര്‍ അവിടെ കിടന്നിരുന്നത്.ഷൂളിന്റെ സുഹൃത്തായ സ്റ്റെല്ലയെ അയാള്‍ അവിടെ വച്ച് പരിചയപ്പെടുന്നു.അടുത്ത ദിവസം ഷൂള്‍ മരിച്ചു എന്ന് മനസ്സിലാക്കിയപ്പോള്‍ ട്രക്കൊല്‍വ്സ്ക്കി ആ മുറിയിലേക്ക് മാറുന്നു.ടോയിലറ്റ് ബന്ധിപ്പിചിട്ടില്ലായിരുന്നു അവിടെ ഉള്ള മുറികളും ആയി.ട്രക്കൊല്‍വ്സ്ക്കി താമസിക്കുന്ന മുറിയുടെ തൊട്ട് എതിര്‍ വശത്താണ് ആ ടോയിലറ്റ്.അയാള്‍ക്ക്‌ ജനാലയിലൂടെ നോക്കിയാല്‍ അവിടം കാണാമായിരുന്നു.ട്രക്കൊല്‍വ്സ്ക്കിയുടെ സുഹൃത്തുക്കള്‍ ഒരു ശനിയാഴ്ച രാത്രി അവിടെ ചിലവഴിക്കുന്നു.എന്നാല്‍ അത് അയാള്‍ വക്കത്ത് ഉള്ളവരെയും കെട്ടിട ഉടമയേയും അലോസരപ്പെടുത്തുന്നു.അയാള്‍ ട്രക്കൊല്‍വ്സ്ക്കിയ്ക്ക് താകീത് നല്‍കുന്നു.തീരെ സൗഹൃദപരം ആയിരുന്നില്ല അയല്‍വാസികളുടെ പെരുമാറ്റം.പലപ്പോഴും അവര്‍ പരസ്പ്പരം കുറ്റപ്പെടുത്താനും അത് പോലെ ശബ്ദം ഉണ്ടാക്കുന്നതിന്‍റെ പേരില്‍ അങ്ങോട്ടുമിങ്ങോട്ടും പോലീസ് പരാതി കൊടുക്കുന്നതും പതിവായിരുന്നു.ഒരു ദിവസം ഒരു സ്ത്രീ തന്‍റെ കാലൈന് സ്വാധീനക്കുറവു ഉള്ള മകളുമായി ട്രക്കൊല്‍വ്സ്ക്കിയുടെ മുറിയില്‍ എത്തുന്നു.അവരുടെ പേരില്‍ മറ്റൊരു സ്ത്രീ പരാതി കൊടുത്തിട്ടുണ്ട്‌ എന്നും,അതിനു ഒപ്പിടാന്‍ അയാളെ സമീപിക്കും എന്നും പറയുന്നു.പിന്നീട് ഒപ്പിടീക്കാന്‍ വേണ്ടി മറ്റൊരു സ്ത്രീ എത്തിയപ്പോള്‍ ട്രക്കൊല്‍വ്സ്ക്കി അതിനു തയ്യാര്‍ ആകുന്നില്ല.തന്റെ മുറിയിലെ ജനലിലൂടെ നോക്കുമ്പോള്‍ നിശ്ചലരായി മണിക്കൂറുകളോളം നില്‍ക്കുന്ന തന്‍റെ അയല്‍വാസികളെ അയാള്‍ കാണാന്‍ തുടങ്ങുന്നു.അത് പോലെ തന്നെ റൂമിന്റെ താഴെ ഉള്ള കോഫീ ഷോപ്പില്‍ മരണപ്പെട്ട ഷൂളിന്റെ ശീലങ്ങള്‍ എല്ലാം തന്നില്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നതായി അയാള്‍ക്ക് തോന്നുന്നു.ട്രക്കൊല്‍വ്സ്ക്കിയെ കാത്തിരിക്കുന്നത് ഒരു വലിയ അപകടം ആയിരുന്നു.അയാള്‍ ആ അപകടത്തെ എങ്ങനെ അതിജീവിക്കാന്‍ ശ്രമിച്ചു എന്നും അയാള്‍ അതില്‍ വിജയിച്ചോ എന്നതും ആണ് ബാക്കി ചിത്രം.

  പോലന്‍സ്ക്കിയുടെ ചില ചിത്രങ്ങള്‍ എങ്കിലും സംഘടിതരായ ആളുകള്‍ക്ക് എതിരെ ഉള്ള പോരാട്ടങ്ങള്‍ ആയി കാണാന്‍ കഴിയും.ഒരു ജീവിതാന്തരീക്ഷം നല്‍കുന്ന പോസിറ്റീവ്/നെഗറ്റീവ് എനര്‍ജികള്‍ ഒരാളുടെ ജീവിതത്തെ എങ്ങനെ ഒക്കെ ബാധിക്കും എന്നും ഈ ചിത്രം പറയുന്നു.ചിലപ്പോഴൊക്കെ ഒരു ഹൊറര്‍ ചിത്രം കാണുന്ന പോലെ ഉള്ള ഒരു അനുഭവം ഈ ചിത്രം നല്‍കും.എന്നാല്‍ ഒരു പ്ലെയിന്‍ ആയുള്ള കാഴ്ചയില്‍ ഒരു സൈക്കോ ത്രില്ലര്‍ ആയി തോന്നും എങ്കിലും ചിത്രം അവസാനിക്കുമ്പോള്‍ ചില സംശയങ്ങള്‍ നമ്മില്‍ അവസാനിപ്പിക്കും.പ്രത്യേകിച്ചും ചുവരിലെ ദ്വാരത്തില്‍ കണ്ട പല്ലുകള്‍.ഒളിപിച്ചു വയ്ക്കുന്ന പല്ലുകള്‍ പണമായി തീരുമോ??അത് പോലെ ടോയിലറ്റില്‍ കാണുന്ന ഇജിപ്ഷ്യന്‍ ചുവര്‍ ചിത്രങ്ങളും.

More reviews @ www.movieholicviews.blogspot.com

Saturday, 12 July 2014

141.THE CLIENT(KOREAN,2011)

141.THE CLIENT(KOREAN,2011),|Thriller|Crime|Mystery|,Dir:-Young Sung Sohn,*ing:-Jung Woo Ha,Hee Soon Park.

  സങ്കീര്‍ണമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുകയാണ് 2011 ല്‍ ഇറങ്ങിയ "The Client" എന്ന കൊറിയന്‍ ചിത്രം.ആദ്യം തന്നെ പറയട്ടെ അടുത്തിറങ്ങിയ ഒരു മലയാളം സിനിമ ഈ ചിത്രത്തിലെ തന്ത്രപ്രധാനമായ ട്വിസ്റ്റ് മുതല്‍ ചിലയിടങ്ങളില്‍ ഉള്ള സാദൃശ്യം മൂലം ഒരു സാധാരണ മലയാളി പ്രേക്ഷകന് ഊഹിക്കാന്‍ സാധിക്കും ഈ സിനിമയുടെ ട്വിസ്റ്റ് മുതല്‍ ഉള്ള ഭാഗങ്ങള്‍.തന്‍റെ വിവാഹ വാര്‍ഷികത്തിന്റെ അന്ന് "ഹാന്‍ ചുല്‍" വീട്ടിലേക്കു വന്നു കയറുമ്പോള്‍ അവിടെ ഒരു ആള്‍ക്കൂട്ടം കാണുന്നു.അയാള്‍ വീട്ടിലേക്കു നടന്നടുത്തപ്പോള്‍ വീട് നിറയെ പോലീസും ചോരയില്‍ കുതിര്‍ന്ന ബെഡ്ഡില്‍ നിന്നും മന്ദമായ് ഒഴുകുന്ന ചോരയും കാണുന്നു.ചാന്‍ ഹുല്ലിന്റെ ഭാര്യ കൊല്ലപ്പെട്ടിരിക്കുന്നു.എന്നാല്‍ ശവം അവര്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നില്ല.സാഹചര്യ തെളിവുകള്‍ വച്ച് പോലീസ് ചാന്‍ ഹുല്‍ ആണ് കൊലപാതകി എന്ന നിഗമനത്തില്‍ പോലീസ് എത്തി ചേരുന്നു.ചാന്‍ ഹുല്ലിനെ അന്വേഷണത്തിനായി പോലീസ് കസ്റ്റടിയില്‍ ആക്കുന്നു.പ്രോസിക്യൂട്ടര്‍ ആയ ആന്‍-മിന്‍ ഹോ ഈ കേസില്‍ ചാന്‍ ഹുല്ലിനു എതിരായി വാദിക്കുന്നു.ഈ സമയം ജാംഗ് ഹോ എന്ന കുറ്റാന്വേഷകന്‍ ഈ കേസ് "കാംഗ് സുംഗ്" എന്ന വക്കീലിനെ ചാന്‍ ഹുല്ലിനു വേണ്ടി വാദിക്കാന്‍ ഏര്‍പ്പെടുത്തുന്നു.

 ആദ്യം ഈ കേസില്‍ താല്‍പ്പര്യം ഇല്ലാതിരുന്ന കാംഗ് സുംഗ് എന്നാല്‍ പിന്നീട് തന്‍റെ കക്ഷിയുടെ പക്കല്‍ ആണ് സത്യം എന്ന നിഗമനത്തില്‍ എത്തി ചേരുന്നു.അന്ന-മിന്‍ ഹോയുടെ അച്ഛനായ പ്രശസ്ത പ്രൊഫസ്സര്‍ ചോയിയുടെ പ്രിയപ്പെട്ട ശിഷ്യന്‍ ആയിരുന്നു കാംഗ് സുംഗ്.ആന്‍ മിന്‍ ഹോ അദ്ദേഹത്തിന്റെ മകനും.അങ്ങനെ ചോയിയുടെ ഇഷ്ട ശിഷ്യനും സ്വന്തം മകനും തമ്മില്‍ ഉള്ള പോരാട്ടമായി ഈ കേസ് മാറുന്നു.ആന്‍ മിന്‍ ഹോയ്ക്ക് തന്‍റെ കഴിവ് സ്വന്തം പിതാവിന്‍റെ മുന്നില്‍ തെളിയിക്കണം എങ്കില്‍ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍ ഈ കേസ് തോല്‍ക്കണം എന്ന് കരുതുന്നു.കാംഗ് സുംഗ് തന്‍റെ കക്ഷിയായ ചാന്‍ ഹുല്ലിനെ ശക്തമായ തെളിവുകള്‍ ഒന്നുമില്ലാതെ സാഹചര്യ തെളിവുകള്‍ മാത്രം ഉപയോഗിച്ചാണ് പോലീസ് കുരുക്കിയതെന്നു മനസ്സിലാകുന്നു.വാന്‍ ഹുല്ലിന്റെ വീട്ടിലേക്കുള്ള സി സി ടി വി വീഡിയോ പോലീസ് എത്തുന്നതിനു മുന്‍പ് തന്നെ മുന്‍ ഡിറ്റക്ടീവ് ആയ സിയോ അവിടെ നിന്നും മാറ്റി എന്നതും കാംഗ് സുംഗിനു ഈ കേസില്‍ തന്റെ കക്ഷി കുറ്റക്കാരന്‍ അല്ല സംശയം ബലപ്പെടുത്തുന്നു.ഒരു സിനിമ ലാബോറട്ടറിയില്‍ ജോലി ചെയ്യുന്ന ചാന്‍ ഹുല്ലിനു അവിടെയുള്ള രാസ പദാര്‍ഥങ്ങള്‍ മൂലം കയ്യിലെ വിരലടയാളങ്ങള്‍ നഷ്ടം ആകുന്നു.അതിനാല്‍ തന്നെ പോലീസിനു അത്തരത്തില്‍ ഉള്ള തെളിവുകള്‍ ലഭിചിരുന്നും ഇല്ല.മാത്രമല്ല കൊല ചെയ്യപ്പെട്ടു എന്ന് കരുതുന്ന സ്ത്രീയുടെ ശവ ശരീരം ലഭിക്കുന്നുമില്ല.മൂന്നു ലിറ്ററോളം രക്തം നഷ്ടപ്പെട്ട അവര്‍ ജീവിച്ചിരിക്കാന്‍ ഉള്ള സാധ്യതയും തള്ളിക്കളയുന്നു.ഇ കേസിന്റെ പുറകെ പോയ ജംഗ് ഹോ സംഭവം നടന്ന അന്ന് ചാന്‍ ഹുല്ലിന്റെ വണ്ടി അപകടത്തില്‍ പെട്ട് എന്ന് അയാള്‍ അവകാശപ്പെടുന്ന ഡാമിന്റെ അടുത്തേക്ക് പോകുന്നു.അവിടെ ഒരു വൃദ്ധനും അയാളുടെ മൂക-ബധിരനായ മകനെയും കണ്ടു മുട്ടുന്നു.കൊലപാതകം നടന്ന അന്ന് രാത്രി വാന്‍ ഹുല്ലിന്റെ കാര്‍ അയാളുടെ മകന്റെ മേല്‍ തട്ടി എന്നും അയാള്‍ ജംഗ് ഹോയെ അറിയിക്കുന്നു.മരിച്ച സ്ത്രീയുടെ അമ്മ മുതല്‍ എല്ലാവരും വാന്‍ ഹുല്ലിനു എതിരായി സാക്ഷി പറയുന്നു.എന്നാല്‍ അതി ബുദ്ധിമാനായ കാംഗ് സുംഗ് കേസ് തന്‍റെ വരുതിയില്‍ ആക്കാന്‍ സകല നീക്കങ്ങളും പരീക്ഷിക്കുന്നു.എന്നാല്‍ വാന്‍ ഹുല്ലിന്റെ മുന്‍കാല ജീവിതം അറിഞ്ഞതോടെ കാംഗ് സുംഗ് മറ്റൊരു നിഗമനത്തില്‍ എത്തുന്നു.താന്‍ പ്രതീക്ഷിച്ചതിനും അപ്പുറം ആണ് ഈ കൊലപാതക കേസ് എന്ന് മനസ്സിലാക്കുന്നു.തന്‍റെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോള്‍ ഏതാണ് നീതി അയാള്‍ തീരുമാനിക്കുന്നു.കോടതിയില്‍ രണ്ട് ഊര്‍ജസ്വലരായ യുവ വക്കെലന്മാര്‍ ഏറ്റു മുട്ടുന്നു.എന്നാല്‍ ഈ കേസില്‍ നിഗൂഡമായ പലതും ഉണ്ടായിരുന്നു.വാന്‍ ഹുല്ലും ഭാര്യയും,അവരുടെ ജീവിതവും.കൂടുതല്‍ അറിയുവാന്‍ ഈ സിനിമ കാണുക.

   ഒരു മികച്ച ത്രില്ലര്‍ എന്ന രീതിയില്‍ ആസ്വദിച്ചു വരുമ്പോഴായിരുന്നു ആ രംഗം.പരിചിതമായ മലയാള സിനിമയിലെ അതേ രംഗം.പിന്നെ സിനിമയില്‍ നടന്നതൊക്കെ എളുപ്പത്തില്‍ ഊഹിക്കാന്‍ സാധിച്ചു.എന്നാലും ഒരു കാര്യം ഉണ്ട് , കഥാപാത്രം തന്നെ മലയാളം സിനിമയില്‍ സ്വന്തം തോന്നലുകളില്‍ കണ്ടെത്തിയതും ഓര്‍ത്തെടുത്തതും ആയ തെളിവ് എന്നാല്‍ ഈ സിനിമയില്‍ വിശ്വസനീയം ആയ  രീതിയില്‍ തന്നെ പ്രേക്ഷകനില്‍ എത്തിക്കാന്‍ സിനിമയുടെ തിരക്കഥാകൃത്തിനു സാധിച്ചിട്ടുണ്ട്.മലയാള സിനിമയില്‍ പാളി പോയതും അവിടെ ആയിരുന്നു.പൊതുവേ മറ്റൊരു ഇംഗ്ലീഷ് സിനിമയുടെ ഒരു ചെറിയ സാദൃശ്യം  എന്ന് കരുതിയിരുന്ന ആ മലയാള ചലച്ചിത്രം രണ്ടാമതൊരു സിനിമ കൂടി യോജിച്ച് എടുപ്പിച്ച സന്തതി ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്‌.ഇന്‍സ്പിരേഷന്‍ ആയി സിനിമ എടുക്കുമ്പോള്‍ എങ്കിലും അതിലെ ചെറിയ ലോജിക്കുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ മലയാള സിനിമ നല്ല ഹിറ്റ്‌ ആയേനെ.എന്നാല്‍ ബോക്സോഫീസ് പരാജയം ആയ ഒരു സിനിമയുടെ യഥാര്‍ത്ഥ മുഖം ഒരു നല്ല ത്രില്ലര്‍ ആണെന്ന് മനസ്സിലായി.മലയാളം സിനിമ കാണാത്ത പ്രേക്ഷകര്‍ക്ക്‌ ഈ ചിത്രം ഇഷ്ടമാകും.

More reviews @ www.movieholicviews.blogspot.com

Friday, 11 July 2014

140.BACKYARD(SPANISH,2009)

140.BACKYARD(SPANISH,2009),|Mystrey|Thriller|Crime|,Dir:-Carlos Carrera,*ing:-Ana de la Regura,Asur Zagada,Marco Perez.

മെക്സിക്കന്‍-അമേരിക്കന്‍ ബോര്ടരില്‍ ഉള്ള "ചിഹാഹുവ" സംസ്ഥാനത്തിലെ "യുവാരസ്‌" എന്ന ചെറിയ പട്ടണത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കിയാണ് "Backyard" aka "El Traspatio" ഒരുക്കിയിരിക്കുന്നത്.1996 നും 2007 നും ഇടയില്‍ കാണാതായ അല്ലെങ്കില്‍ മരണപ്പെട്ട  3500 ഓളം സ്ത്രീകളെ കുറിച്ചുള്ള അന്വേഷണം ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.വളരെയധികം സാമൂഹിക പ്രസക്തിയുണ്ട് ഈ ചിത്രത്തിന്.ഒരു ചെറിയ പട്ടണത്തില്‍ നടന്നത് ഇത്രത്തോളം തിരോധാനം ആണെങ്കില്‍ നമ്മുടെ ചുറ്റും നടക്കുന്നത് ഇതിലും എത്രയോ മുകളില്‍ ഉള്ള കണക്കാണെന്ന് ഒരു നിമിഷം എങ്കിലും തോന്നിപ്പിക്കുന്നുണ്ട് ഈ ചിത്രം.മരുഭൂമിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു വ്യവസായ നഗരി ആണ് യുവാരസ് .അവിടെ ശരാശരി 2 എന്ന കണക്കില്‍ ചുട്ടുപൊള്ളുന്ന വെയിലത്ത്‌ മരുഭൂമിയില്‍ കാണപ്പെടുന്ന ശവശരീരങ്ങള്‍ പലതും വ്യവസായ നഗരിയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആണ്.ക്രൂരമായ രീതിയില്‍ പീഡിപ്പിക്കപ്പെടുകയും ശവശരീരം വികൃതം ആക്കിയ നിലയിലും ആണ് മൃതദേഹങ്ങള്‍ അവിടെ കാണപ്പെടുന്നത്.ആവശ്യത്തിന് പോലീസ് സേനയില്‍ ആളില്ലാത്തതും സൗകര്യങ്ങളുടെ പരിമിതിയും ഭരണത്തില്‍ ഇരിക്കുന്നവരെ കുഴയ്ക്കുന്നുമുണ്ട്.അതിനൊപ്പം പോലീസില്‍  ഉള്ള ആളുകളുടെ കഴിവില്ലായ്മയും ഒരു പ്രശ്നം ആണ്.ഒരു പരമ്പര കൊലയാളിയുടെ സാദ്ധ്യതകള്‍ അവര്‍ ആദ്യം തന്നെ തള്ളിക്കളയുന്നുണ്ട്.കൊലപാതകങ്ങളില്‍ സാമ്യം ഉള്ളതൊന്നും കാണാന്‍ സാധിക്കുന്നില്ല എന്നത് ഒരു കാരണം ആയിരുന്നു.അത് പോലെ തന്നെ ഒരു ദിനചര്യ പോലെ കാണപ്പെട്ട ശവശരീരങ്ങള്‍ ആരെയും കൊല്ലാന്‍ ഉള്ള അവകാശമായി സമൂഹത്തില്‍ കുറെ പേര്‍ കണ്ടു തുങ്ങി എന്നതിന്‍റെ സൂചനകളും പലപ്പോഴും കാണാന്‍ കഴിഞ്ഞു.

  അങ്ങനെ ഈ കേസുകള്‍ അന്വേഷിക്കാന്‍ ബ്ലാങ്ക എന്ന പോലീസുകാരി അവിടെ എത്തുന്നു.ബ്ലാങ്ക വന്നതിന്റെ അടുത്ത ദിവസങ്ങളില്‍ കണ്ട ശവശരീരം അവിടത്തെ ഒരു വിദേശ കമ്പനിയില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന സ്ത്രീയുടെ ആണെന്ന് പത്ര വാര്‍ത്തയിലൂടെ സാമൂഹിക പ്രവര്‍ത്തകയായ ഒരു സ്ത്രീ മനസ്സിലാക്കുന്നു.അവര്‍ ബാങ്കയെ സമീപിക്കുന്നു.ഇജിപ്ഷ്യന്‍ വംശജനായ അവളുടെ ഭര്‍ത്താവിന്‍റെ പീഡനത്തെ കുറിച്ച് ആ സ്ത്രീ നേരത്തെ പരാതി നല്‍കിയിരുന്നു എന്നവര്‍ ബ്ലാങ്കയെ അറിയിക്കുന്നു.ബ്ലാങ്ക ആ സ്ത്രീയുടെ ഭര്‍ത്താവായ "സുല്‍ത്താന്‍" എന്ന ആളെ അറസ്റ്റ് ചെയ്യുന്നു.മറ്റൊരു പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുന്ന സമയം ആയിരുന്നു അറസ്റ്റ്.എന്നാല്‍ ജയിലില്‍ സുല്‍ത്താനെ അടച്ചെങ്കിലും മരണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു.സുല്‍ത്താനെ ജനങ്ങള്‍ "ടെലിപ്പതി കൊലപാതകി" എന്ന് ആളുകള്‍ വിളിച്ചു തുടങ്ങി.എന്നാല്‍ ചില തിരോധാനങ്ങളും ശവശരീരം കിട്ടുന്ന സമയത്തില്‍ ഉള്ള സാദൃശ്യത്തില്‍ ബ്ലാങ്ക ശ്രദ്ധിക്കുന്നു.ശവശരീരങ്ങള്‍ കേടുപാട് പറ്റാതെ എവിടെയോ സൂക്ഷിക്കാറുണ്ട് എന്നവര്‍ മനസിലാക്കുന്നു.ആ സമയത്താണ് ജുനയിട്ട എന്ന പെണ്‍ക്കുട്ടി ഗ്രാമത്തില്‍ നിന്നും തന്‍റെ ബന്ധുവിനോടൊപ്പം ജോലി ചെയ്തു ജീവിക്കാന്‍ യുവരസില്‍ എത്തുന്നത്‌.അല്‍പ്പ ദിവസത്തില്‍ തന്നെ അവള്‍ ഒരു യഥാര്‍ത്ഥ നഗരവാസി ആയി മാറുന്നു.ബ്ലാന്കയുടെ അന്വേഷണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് ആണ് അവളെ കൊണ്ടെത്തിച്ചത്.കുത്തഴിഞ്ഞ ഭരണസംവിധാനവും പൊലീസിന്‍റെ തലപ്പത്ത് ഇരിക്കുന്നവരുടെ പണത്തിനോടും അധികാരത്തോടും ഉള്ള ആര്‍ത്തി ബ്ലാന്കയുടെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.ആ സമയം ആണ് "പെരാള്‍ട്ട" എന്ന റേഡിയോ ജോക്കി അവരുടെ രക്ഷകന്‍ ആയി എത്തുന്നത്‌.ജനങ്ങളില്‍ ഈ സംഭവങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാന്‍ അയാള്‍ക്ക്‌ സാധിക്കുന്നു.ശത്രു ആര് മിത്രം ആര് എന്നറിയാതെ മുന്നോട്ടു നീങ്ങിയ ബ്ലാങ്കയുടെ അന്വേഷണം അവളെ കൊണ്ടെത്തിച്ചത് ചോരയില്‍ എഴുതി ചേര്‍ത്ത ക്രൂരതകളില്‍ ആണ്.ബ്ലാന്കയുടെ അന്വേഷണം അവസാനം എന്തായി എന്നറിയാന്‍ ചിത്രം ബാക്കി കാണുക.

   മെക്സിക്കോയുടെ ആ വര്‍ഷത്തെ ഓസ്കാര്‍ നാമനിര്‍ദേശം ആയിരുന്നു ഈ ചിത്രം.ഒരു മിസ്റ്ററി ത്രില്ലറിന്റെ എല്ലാ ചേരുവകകളും കൂടെ മനോഹരമായ സംവിധാനവും ക്യാമറയും എല്ലാം ചിത്രത്തിന് യഥാര്‍ത്ഥ സംഭവങ്ങളുടെ അടുത്ത് നില്‍ക്കുന്ന ഒരു പൂര്‍ണത നല്‍കുന്നുണ്ട്.ചതിയുടെയും സാമൂഹിക വിപത്തുക്കളുടെയും ഒരു മികച്ച പഠനം തന്നെ ഇ ചിത്രം മുന്നോട് വയ്ക്കുന്നുണ്ട്‌.സ്ത്രീ ശരീരങ്ങള്‍ തങ്ങള്‍ക്കു വേണ്ടി മാത്രം ഉള്ളതാണെന്ന് ഓര്‍ത്ത് അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സമൂഹത്തെയും കൂടെ ഒളിഞ്ഞിരിക്കുന്ന ഭീകരന്മാരെയും ചിത്രം കാണിച്ചു തരുന്നു.ഇത് മെക്സിക്കോയില്‍ മാത്രം നടക്കുന്ന സംഭവം അല്ല.ഒരു പക്ഷേ നമ്മുടെ ചുറ്റും നടക്കുന്നത് ഇതിന്റെ എത്രയോ ഇരട്ടി ആയിരുന്നിരിക്കണം?ചിത്രത്തിലെ ഗവര്‍ണര്‍ പറയുന്നത് പോലെ യുവരാസ് മാത്രം അല്ല ഇത്തരം പ്രവര്‍ത്തികളുടെ വിളനിലം,അതിര്‍ത്തിക്ക് അപ്പുറം  ഉള്ള അമേരിക്കയിലും ഈ സംഭവം നടക്കുന്നുണ്ട്.

More reviews @ www.movieholicviews.blogspot.com

Thursday, 10 July 2014

139.BACKYARD ASHES(ENGLISH,2013)

139.BACKYARD ASHES(ENGLISH,2013),|Comedy|Sports|,Dir:-Mark Grentell,*ing:-Sarah Burnell,Damian Callinan.

 1882 ല്‍ ഓസ്ട്രേലിയന്‍ ടീമിനോട് ഏറ്റ പരാജയത്തില്‍ നിരാശരായ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചു എന്നും ചാരം ഓസ്ട്രേലിയയിലേക്ക് കൊണ്ട് പോയി എന്നും എഴുതി.അടുത്ത തവണ തങ്ങള്‍ ആ ചാരം തിരിച്ചു ഇംഗ്ലണ്ടില്‍ തന്നെ എത്തിക്കും എന്ന് ശപഥം എടുത്ത ഇവോ ബ്ലി എന്ന ഇംഗ്ലീഷ് ക്യാപ്റ്റന്‍ തന്‍റെ ശപഥം പൂര്‍ത്തീകരിച്ചപ്പോള്‍ മെല്‍ബര്നിലെ കുറച്ചു വനിതകള്‍ അദ്ദേഹത്തിന് നല്‍കിയ സ്റ്റംപുകളുടെ അടച്ചു വച്ച ചാരം ആണ് പിന്നീട് വിശ്വ വിഖ്യാതമായ ആഷസ് പരമ്പരയ്ക്ക് തുടക്കം കുറിച്ചത്.പ്രതീകാത്മകമായ ആ ചരമ-ഉയിര്‍ത്തെഴുന്നേല്‍പ്പ് പുതിയ ഭാവത്തില്‍ എത്തുകയാണ് "Backyard Ashes" എന്ന ഓസ്ട്രേലിയന്‍ സിനിമയില്‍. ഇത്തവണയും രണ്ടു ഭാഗത്തും ഉള്ളത് ഓസി-ഇംഗ്ലണ്ട് ടീമുകള്‍ തന്നെയാണ്.എന്നാല്‍ മത്സരം ടെന്നീസ് പന്തിലും മൈതാനം വീടിന്‍റെ പുറകു വശവും ആണെന്ന് മാത്രം.ടഗ്ഗി വാട്ടെര്സും കൂട്ടുകാരും ഒഴിവുദിനങ്ങള്‍ ആഘോഷിച്ചിരുന്നത് ടഗ്ഗിയുടെ വീടിന്‍റെ പുറകു വശത്ത് തിന്നും കുടിച്ചും കൂടെ ക്രിക്കറ്റ് കളിച്ചും ആണ്.നമ്മള്‍ പറമ്പുകളില്‍ കളിച്ചിരുന്ന അതേ നിയമങ്ങള്‍ ഉള്ള ക്രിക്കറ്റ്..സിക്സ് അടിച്ചു പുറത്തു പോയാല്‍ ഔട്ട്‌,ഒറ്റക്കയ്യില്‍ കുത്തിപൊങ്ങി വരുന്ന പന്ത് പിടിച്ചാല്‍ ഔട്ട്‌ എന്ന് വേണ്ട മിക്ക നിയമങ്ങളും പഴയ കുട്ടിക്കളികളെ ഓര്‍മിപ്പിക്കും.

  ഒരു ഫാക്റ്റരിയിലെ തൊഴിലാളികള്‍ ആണ് ടഗ്ഗിയും കൂട്ടരും.അവരില്‍ ഏഷ്യക്കാര്‍ ഉണ്ട്,സായിപ്പന്മാര്‍ ഉണ്ട്...അങ്ങനെ ഓസ്ട്രേലിയയിലെ കുടിയേറ്റക്കാരും സാധാരണ മനുഷ്യരും അവരുടെ കുടുംബങ്ങളും കളിച്ചും ചിരിച്ചും സന്തോഷമായി ജീവിക്കുന്നു.എന്നാല്‍ ഒരു ദിവസം അവരുടെ കമ്പനി നഷ്ടം കുറയ്ക്കാന്‍ വേണ്ടി കുറച്ചു മാറ്റങ്ങള്‍ വരുത്തുന്നു.അതില്‍ ദാഗ്ഗിയുടെ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനും ആയ നോര്‍മിനു ജോലി നഷ്ടപ്പെടുന്നു.അതിനു കാരണക്കാരനായ ഇംഗ്ലീഷുകാരന്‍ ആയ ലോര്‍ഡ്സ് എന്ന മാനേജരെ അവര്‍ വെറുക്കുന്നു.എന്നാല്‍ ടഗ്ഗിയുടെ സന്തോഷങ്ങള്‍ വീണ്ടും കാറ്റില്‍ പരത്തി ലോര്‍ഡ്സ് നോര്മിന്റെ വീട് വാങ്ങി അവിടെ ഭാര്യയുമായി താമസിക്കുവാന്‍ വരുന്നു.പൊതുസമൂഹത്തില്‍ അധികം ഇടപ്പഴകാന്‍ ഇഷ്ടം ഇല്ലാത്ത ലോര്‍ഡ്സ് അവരില്‍ നിന്നും അകലം പാലിക്കുന്നു.എന്നാല്‍ ലോര്‍ദ്സിന്റെ ഭാര്യയ്ക്ക് അതില്‍ അമര്‍ഷം ഉണ്ട്.ലോര്‍ഡ്സ് കൂടുതല്‍ നേരവും തന്റെ പൂച്ചയായ ടെക്സ്ട്ടര്‍ക്ക് ഒപ്പം ചിലവഴിക്കുന്നു.പലപ്പോഴും ടഗ്ഗിയുടെയും കൂട്ടരുടെയും ഒത്തു ചേരലുകള്‍ ലോര്‍ഡ്സിന് അരോചകം ആകുന്നും ഉണ്ട്.അവര്‍ തമ്മില്‍ വലിയ മതിലുകള്‍ വീടുകള്‍ തമ്മില്‍ തീര്‍ത്തു.എന്നാല്‍ ചരിത്രത്തിന്‍റെ ബാക്കിയെന്നോണം ഒരു ആഷസ് അവരുടെ ജീവിതത്തിലും വരുന്നു.വളരെയധികം രസകരമായ ഒരു ആഷസ് കളി.രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള മത്സരം ആയി അത് മാറുന്നു.എന്നാല്‍ അതിന്‍റെ കാരണമോ??കൂടുതല്‍ അറിയാന്‍ സിനിമ കാണുക.

  ഒരു സിനിമ എന്ന നിലയില്‍ അത്ര വലിയ സംഭവം ഒന്നുമല്ല ഈ ചിത്രം.എന്നാല്‍ ക്രിക്കറ്റ് കളിയില താല്‍പ്പര്യം ഉള്ളവര്‍ക്ക് പലപ്പോഴും മനസ്സിലാകുന്ന ചിലതൊക്കെ ഈ സിനിമയില്‍ ഉണ്ട്.പ്രത്യേകിച്ചും പല ഇതിഹാസ താരങ്ങളെ കുറിച്ചും ഉള്ള പരാമര്‍ശങ്ങളും സ്ലെട്ജിങ്ങും എല്ലാം.റേറ്റിംഗ് ഒന്നും നോക്കാതെ ചിത്രം മനസ്സിനെ ഇഷ്ടപ്പെടുത്തുമോ എന്ന് ചോദിച്ചാല്‍,അതിനു ഉള്ള സാധ്യതകള്‍ ഈ സിനിമയ്ക്കും ഉണ്ട്.ഒരിക്കലും ഉപേക്ഷിക്കാന്‍ ആവാത്ത ചിത്രം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം എന്ന് ഇതിനെ പറയാം.

More reviews @ www.movieholicviews.blogspot.com

Wednesday, 9 July 2014

138.RUNNING MAN(KOREAN,2013)

138.RUNNING MAN(KOREAN,2013),|Action|Thriller|,Dir:-Dong -oh Jo,*ing:-Sin Ha Gyoon,Eun Ji Jo.

 മാറുന്ന കൊറിയന്‍ സിനിമയുടെ മുഖങ്ങളില്‍ ഒന്നാണ്, നമ്മുടെ നാട്ടില്‍ വന്നിരുന്നു എങ്കില്‍ ഒരു കൊമേര്‍ഷ്യല്‍ ത്രില്ലര്‍ എന്ന് വിളിക്കാവുന്ന "Running Man" എന്ന സിനിമ.കൂടുതല്‍ ജനകീയവും വിശാലവുമായ ഒരു മാര്‍ക്കറ്റ് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാകും.പതിഞ്ഞ  താളത്തില്‍ മഴയില്‍ നനഞ്ഞ കൊറിയന്‍ ത്രില്ലര്‍ സിനിമകള്‍ അവരുടെ മുഖമുദ്ര ആയിരുന്നു.എന്നാല്‍ ഒരു മാറ്റം വരണം എന്ന് തോന്നിയത് കൊണ്ടാകാം തമാശയും ആക്ഷനും ഒക്കെ കലര്‍ന്ന ചിത്രങ്ങള്‍ ഈ അടുത്തായി ഇറങ്ങുന്നത്.കൊറിയയില്‍ ആദ്യമായി നൂറു ശതമാനം നിക്ഷേപവവും ഒരു ഹോളിവുഡ് സ്റ്റുഡിയോ നിര്‍വഹിച്ചു എന്ന പ്രത്യേകത ഈ സിനിമയ്ക്കുന്ന്ട്.20 th Century Fox ആയിരുന്നു ആ നിര്‍മാതാക്കള്‍."Secretly Greatly","Phsychometry" മുതലായ സിനിമകള്‍ എല്ലാം കച്ചവടത്തിന്‍റെ ഒരു ഉദ്ദേശം വച്ച് പുലര്‍ത്തുന്നു എന്നും തോന്നുന്നു."Running Man" അവിചാരിതമായി ഒരു വലിയ രഹസ്യത്തിന്റെ കാവല്‍ക്കാരന്‍ ആകേണ്ടി വന്ന  ജോണ്‍ വൂ എന്ന സാധാരണക്കാരന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.

   ജോണ്‍ വൂ ഒരു പഴയ കുറ്റവാളി ആണ്.സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അച്ഛന്‍ ആകേണ്ടി വന്ന ജോണ്‍ വൂ മകനായ ചാ ഗി ഹുക്കിന്റെ ഒപ്പമാണ് താമസം.പകല്‍ സമയങ്ങളില്‍ വണ്ടികള്‍ നന്നാക്കുകയും,രാത്രി സമയങ്ങളില്‍ ടാക്സി ഓടിച്ചുമാണ് അയാള്‍ ജീവിച്ചിരുന്നത്.കൌമാരക്കാരനായ സ്ക്കൂള്‍ വിദ്യാര്‍ഥി ആയ മകന്‍ അച്ഛന്റെ കുട്ടിക്കളികളില്‍ അമര്‍ഷം ഉള്ള ആളാണ്.മുന്ക്കോപം കാരണം അവന്‍ പലപ്പോഴും പ്രശ്നങ്ങളില്‍ ചെന്ന് ചാടാറും ഉണ്ട്.അച്ഛനും മകനും തമ്മില്‍ പ്രായവ്യത്യാസത്തില്‍ ഉള്ള കുറവ് കാരണം പലപ്പോഴും വഴക്ക് കൂടാറും ഉണ്ട്.ഒരു ദിവസം ഒരു ഹോട്ടലില്‍ ഒരാളെ കൊണ്ട് വിട്ടിട്ടു പോകാന്‍ ഇറങ്ങിയ ജോണ്‍ വൂവിന്റെ കാറില്‍ കൂടുതല്‍ കാശ് തരാം എന്നും പറഞ്ഞു ഒരാള്‍ കയറുന്നു.അയാള്‍ പറഞ്ഞ സ്ഥലത്തെത്തിച്ച ശേഷം പിന്നെയും കാത്തു നിന്ന് അടുത്ത സ്ഥലത്ത് കൊണ്ട് പോയാല്‍ പിന്നെയും കാശ് തരാമെന്ന് പറഞ്ഞ അയാള്‍ക്ക്‌ വേണ്ടി ജോണ്‍ വൂ കാത്തു നില്‍ക്കുന്നു.അയാള്‍ വണ്ടിയില്‍ കയറിയതിനു ശേഷം യാത്ര തുടര്‍ന്ന ജോണ്‍ എന്നാല്‍ അയാള്‍ പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ അയാള്‍ മരണപ്പെട്ടതായി കാണുന്നു.അവിടെ ഉണ്ടായിരുന്ന സെക്ക്യൂരിറ്റി അയാളെ ശ്രദ്ധിച്ചതോടെ ആ കൊലപാതകം ജോണിന്‍റെ മേല്‍ ചാര്‍ത്തുന്നു എല്ലാവരും.ജോണ്‍ അവിടെ മുതല്‍ ഓട്ടം തുടങ്ങുന്നു..ആ സമയത്ത് ആദ്യം ഉള്ള ഹോട്ടലിന്‍റെ അടുത്ത് മറ്റൊരാളും കൊല്ലപ്പെടുന്നു.പോലീസില്‍ നിന്നും മറ്റും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ജോണിന്‍റെ മൊബൈല്‍ ഫോണ്‍ തന്നാല്‍ അയാളെ രക്ഷിക്കാം എന്ന് പറഞ്ഞു കൊണ്ട് അടുത്ത ആളുകള്‍ വരുന്നു.എന്നാല്‍ അവര്‍ക്കും ജോണിന്‍റെ ജീവന്‍ വേണമായിരുന്നു.അതിനു പുറകെ നാഷണല്‍ ഇന്വസ്സ്ടിഗേശന്‍ ഏജന്‍സി കൂടി ജോണിന്‍റെ കേസ് അന്വേഷിക്കാന്‍ വരുന്നു.ഇവരില്‍ നിന്നും എല്ലാം രക്ഷപ്പെടാന്‍ ഓടുകയാണ് ജോണ്‍.എന്നാല്‍ ഇവര്‍ക്കെല്ലാം വേണ്ടത് ജോണിന് അറിയാത്ത ഒരു രഹസ്യം ആയിരുന്നു..എന്നാല്‍ അത് ജോണിന്‍റെ ഒപ്പം ഉണ്ടായിരുന്നു താനും.തന്ത്രപ്രധാനമായ ആ രഹസ്യം തേടി പോകുന്ന ജോണിനെ കാത്തിരുന്നത് കുറച്ചുകൊലപാതകങ്ങളും ജീവന് ആപകടം ഉണ്ടാക്കുന്ന സംഭവങ്ങളും ആയിരുന്നു.എന്തായിരുന്നു ആ രഹസ്യം?ജോണ് എങ്ങനെ അതില്‍ നിന്നും രക്ഷപ്പെടും?ജോണിന്റെ ഓട്ടത്തിന്റെ ആ കഥയാണ് ബാക്കി ചിത്രം.

  കഥയില്‍ ദുരൂഹത ഉണ്ടെങ്കിലും തമാശ കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നത് കൊണ്ട് സ്ഥിരം കൊറിയന്‍ സിനിമകളില്‍ നിന്നും പ്രതീക്ഷിക്കുന്ന ഒരു ത്രില്ലര്‍ മൂഡ്‌ കിട്ടുന്നില്ല.ഒരു ഹോളിവുഡ് സിനിമയുടെ രീതിയില്‍ ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.കൊറിയന്‍ സിനിമകളില്‍ ഉള്ളത് പോലെ പ്രേക്ഷകനെ വരിഞ്ഞു മുറുക്കുന്ന ഒരു തിരക്കഥയുടെ അഭാവം ഉള്ളത് പോലെ തോന്നിയിരുന്നു ഈ ചിത്രം.

More reviews @www.movieholicviews.blogspot.com

Tuesday, 8 July 2014

137.AZOOMA(KOREAN,2012)

137.AZOOMA(KOREAN,2012),|Crime|Thriller|,Dir:-Ji Seung Lee,*ing:-Seong Woo Bae,Taekwang Hwang.

2012 ലെ ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ആണ് "അസൂമ" എന്ന കൊറിയ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കുന്നത്.ഈ ചിത്രം അവതരിപ്പിച്ച രീതി വളരെയധികം വ്യത്യസ്ഥമായിരുന്നു.സാധാരണ രീതിയില്‍ ഒരു പ്രത്യേക ഘടനയില്‍ കഥ അവതരിപ്പിക്കുന്നതിനു പകരം ഓരോ സീനില്‍ നിന്നും അതിന്‍റെ ഫ്ലാഷ്ബാക്ക് അല്ലെങ്കില്‍ ആ സീനിലേക്ക്‌ എത്തിയത് എങ്ങനെ എന്നാണു അവതരിപ്പിച്ചിരുന്നത്.ഇത്തരം ഒരു അവതരണ ശൈലിയിലും കഥ ആരെയും കുഴപ്പിക്കാത്ത രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടും ഉണ്ട്.ഒരു പക്ഷേ ഓരോ സന്ദര്‍ഭങ്ങളിലേക്ക് എത്തി എന്നുള്ളത് വളരെയധികം എളുപ്പമുള്ള രീതിയില്‍ പ്രേക്ഷകനെ മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്."അസൂമ" തന്‍റെ മകള്‍ക്ക് നിഷേധിക്കപ്പെടുകയും എന്നാല്‍ കുറ്റവാളി എന്ന് ഒരു അമ്മയ്ക്ക് ഉറപ്പുള്ള ആള്‍ക്ക് നല്‍കുകയും ചെയ്ത നീതിയ്ക്കു എതിരായി ഒഴുക്കിന് എതിരെ നീന്തി കരയ്ക്കെത്താന്‍ ശ്രമിക്കുന്ന അമ്മയുടെ കഥയാണ്.യൂന്‍ എന്ന പത്തുവയസ്സുകാരി പെണ്‍ക്കുട്ടി ഒരു ദിവസം അപ്രത്യക്ഷയാകുന്നു.അവളുടെ അമ്മ ജോലിക്ക് ശേഷം വന്നു അവളെ വീട്ടില്‍ കൂട്ടി കൊണ്ട് വരാന്‍ ശ്രമിച്ചിട്ടും അവളെ കണ്ടെത്താന്‍ സാധിക്കുന്നില്ല.ആറു മണിക്കൂറിനു ശേഷം അവര്‍ പോലീസില്‍ പരാതി നല്‍കുന്നു.എന്നാല്‍ ഇത്തരം കേസുകളില്‍ കുട്ടികള്‍ രാത്രി തന്നെ തിരിച്ച് എത്താറുണ്ട് എന്ന്‍ പറഞ്ഞ് അവര്‍ ആ അമ്മയെ യാത്രയാക്കുന്നു.പരാതി എഴുതി വാങ്ങിയപ്പോള്‍ പോലും ഉള്ള പോലീസിന്‍റെ നിസ്സംഗത അവരെ തളര്‍ത്തുന്നു.അല്‍പ്പ സമയത്തിന് ശേഷം വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ യൂനിനെ കാണുന്നു.അവള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു.

  യൂനിന്റെ അമ്മയായ യംഗ് അവളെ ആശുപത്രിയിലേക്ക് എടുത്തു കൊണ്ട് ഓടുന്നു.യൂനിനെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഡോക്റ്റര്‍മാര്‍ക്ക് കഴിഞ്ഞു.എന്നാല്‍ യൂനിനെ ആക്രമിച്ച ആളെ കണ്ടെത്താന്‍ യംഗ് തന്നെയും മകളെയും ഉപേക്ഷിച്ചു പോയ ടി വി സെലിബ്രിറ്റി ആയ ദന്ത ഡോക്റ്ററെ സമീപിക്കുന്നു.എന്നാല്‍ തന്‍റെ പ്രശസ്തിക്ക് ഈ സംഭവം കളങ്കം ആകും എന്ന് കരുതുന്നു.മകളുമായി എവിടെങ്കിലും മാറി താമസിക്കാന്‍ അയാള്‍ ആവശ്യപ്പെടുന്നു.എന്നാല്‍ യംഗ് പോലീസിന്റെ അടുക്കല്‍ ഈ സംഭവവുമായി ചെല്ലുന്നു.എന്നാല്‍ അവരുടെ നിസ്സംഗത തുടരുന്നു."മ" എന്ന പേരുള്ള ഡിറ്റക്ടീവ് അവരോട് ഈ കേസിന്‍റെ പുറകെ പോയാല്‍ ഉള്ള ഭവിഷ്യത്തുക്കള്‍ യംഗിനോട് അവതരിപ്പിക്കുന്നു.എന്നാല്‍ അവര്‍ നീതി വേണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു.എങ്ങും നിന്നും സഹായം ലഭിക്കില്ല എന്നറിഞ്ഞതോടെ അവര്‍ കുറ്റവാളിയെ തേടി ഇറങ്ങുന്നു.ലക്ഷ്യം കാണുന്നതിനു മുന്‍പ് തന്നെ അവര്‍ക്ക് മനസ്സിലായി തനിക്കു നീതി നിഷേധിക്കാന്‍ ഒരു കൂട്ടം ആളുകള്‍ അവളുടെ ഒപ്പം തന്നെ ഉണ്ടെന്ന്.ഒരു കുറ്റവാളിക്ക് ലഭിക്കുന്ന പരിഗണന മകള്‍ക്ക് ലഭിക്കില്ല എന്ന് മനസ്സിലാകുന്നതോടെ അവര്‍ സ്വന്തം വഴി തേടുന്നു.അവര്‍ അതില്‍ എങ്ങനെ വിജയിക്കും?നീതി നിഷേധിക്കപ്പെട്ട അമ്മയും മകളും അതെങ്ങനെ നേടി എടുക്കും?അതാണ്‌ ഈ ചിത്രത്തിന്റെ ബാക്കി കഥ.

  64 ശതമാനത്തോളം ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിച്ചവര്‍ കൊറിയയില്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാറുണ്ട് എന്ന് പറയുന്ന കണക്കുകള്‍ ഒരു പക്ഷേ കുട്ടികളുടെ ഭാവിയില്‍ ആശങ്കാകുലരായ മാതാപിതാക്കളെ തളര്‍ത്തുന്നു.എന്നാല്‍ മരണശിക്ഷ കിട്ടണ്ട രാക്ഷസന്മാര്‍ പുതിയ ഇരകളെ തേടി നടക്കുകയും ചെയ്യുന്നു.ഒരു പക്ഷേ കൊറിയയില്‍ നടക്കുന്ന ഇത്തരം മാനസിക പ്രശ്നങ്ങള്‍ ഉള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ആകാം അവരുടെ വളരെയധികം ക്രൂരമായ പ്രവര്‍ത്തികളും അതിനെ ചുവടുപ്പറ്റിയുള്ള അന്വേഷണങ്ങള്‍ നടത്തുന്ന സിനിമകള്‍ക്ക്‌ പ്രചോദനം.നമ്മുടെ നാടും ഇത്തരം ഒരു അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പലപ്പോഴും തോന്നി പോകും.നീതി നിഷേധം അനുഭവിക്കുന്നത് എല്ലായ്പ്പോഴും നിസ്സഹായനായ സാധാരണക്കാരന്‍ ആണല്ലോ?അത്തരമൊരു കഥ ആയതു കൊണ്ടും കൂടി ആകാം "ദൃശ്യം " എന്ന ചിത്രം മലയാളത്തില്‍ മഹാസംഭവം ആയത്.നമ്മുടെ എല്ലാവരുടെ ഉള്ളില്‍ നീതി ലഭിക്കാത്ത ആളുകളോട് ഒരു അനുകമ്പ  നീതി എന്നും ഉണ്ടായിരുന്നിരിക്കാം.അത്തരം ഒരു പ്രമേയം ആണ് ഈ സിനിമയെയും വയ്ത്യസ്തം ആക്കുന്നത്.

More reviews @ www.movieholicviews.blogspot.com

Facebook page:-https://www.facebook.com/movieholicviews 

136.PSYCHOMETRY(KOREAN,2013)

136.PSYCHOMETRY(KOREAN,2013),|Thriller|Sci-fi|,Dir:-Ho Young-Kweon,*ing:-Kang Woo Kim,Bum Kim,Esom.

2013 ല്‍ ഇറങ്ങിയ കൊറിയന്‍ Sci-fi ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് "Psychometry".Psychometry പാരാ നോര്‍മല്‍ ശാഖയില്‍ ഉള്‍പ്പെടുന്ന ഒന്നാണ്.ഒരു വസ്തു അല്ലെങ്കില്‍ സബ്ജെക്ട്ടിനെ സ്പര്‍ശിക്കുമ്പോള്‍ അതില്‍ കൂടുതല്‍ സ്വാധീനം ഉള്ള മാഗ്നറ്റിക് ഫീല്‍ഡിനെ കുറിച്ച് അറിയാന്‍ സാധിക്കും എന്ന്‍ കരുതുന്ന ഒരു വിഷയമാണ് Psychometry.സാധാരണ ഗതിയില്‍ അവിശ്വസനീയമായ ഒരു വിഷയമാണ് ഇതും.ഒരു വസ്തുവിന്‍റെ ഭൂതക്കാലം ഇത്തരത്തില്‍ ഉള്ള സ്പര്‍ശനങ്ങളില്‍ കൂടി അറിയാവുന്നതിലെ അസ്വാഭാവികത സ്ഥിരം കൊറിയന്‍ സിനിമകളില്‍ നിന്നും വേറിട്ട ഒരു മുഖം ഈ ചിത്രത്തിന് നല്‍കുന്നു.ഈ പാരനോര്‍മല്‍ ശാഖയിലൂന്നിയുള്ള കുറച്ചു കുട്ടികളുടെ തിരോധാനത്തിനു പിന്നില്‍ ഉള്ള അന്വേഷണം ആണ് ഈ ചിത്രം.യാംഗ് ചുന്‍ ഒരു യുവ പോലീസുകാരന്‍ ആണ്.ഏറ്റവും മോശം സര്‍വീസ് റെക്കോര്ഡ് ഉള്ള പ്രത്യേകിച്ച് വലിയ കഴിവൊന്നും ഇല്ലാത്ത ആള്‍.ഡിപ്പാര്‍ട്ട്മെന്റ് പോലും യാംഗ് ചുന്നിനെ ഒരു കുട്ടിക്കളി ആയി മാത്രമേ കണക്കാക്കുന്നുള്ളൂ.മണി ചെയിന്‍ പോലുള്ള തട്ടിപ്പ് പരിപാടികളില്‍ കൂടി എങ്കിലും കുറച്ചു കാശ് ഉണ്ടാക്കി ജീവിക്കണം എന്ന ആഗ്രഹം ഉള്ള ആള്‍ ആയിരുന്നു യാംഗ്.

  ഒരു ദിവസം യാംഗ് ചുന്നിന്റെ നൈറ്റ് ഡ്യൂട്ടിയുടെ സമയം ഒരു പെണ്‍ക്കുട്ടിയെ കാണാനില്ല എന്നും ഉള്ള പരാതിയുമായി ഒരു അമ്മ പോലീസ് സ്റ്റേഷനില്‍ എത്തുന്നു.എന്നാല്‍ പോലീസുകാര്‍ ആ പരാതി കാര്യമായെടുക്കുന്നില്ല.പരാതി കിട്ടുന്നതിന്‍റെ അന്ന് രാത്രി യാംഗ് ചുന്‍ ചുവരില്‍ ഉള്ള ഒരു സ്പ്രേ പെയിന്റിംഗ് ശ്രദ്ധിക്കുന്നു.അസ്വാഭാവികമായ ഒന്ന്.ആ സ്പ്രേ പെയിന്റ് ചെയ്തയാളുമായുള്ള സംസാരത്തിന്റെ ഇടയ്ക്ക് അയാള്‍ യംഗ് ചുന്നിന്റെ മുഖത്ത് സ്പ്രേ അടിച്ചു ഓടി മറയുന്നു.എന്നാല്‍ അല്‍പ്പ ദിവസത്തിന് ശേഷം ആ സ്പ്രേ പെയിന്റിങ്ങില്‍ ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും കാണാതെ പോയ കുട്ടിയുടെ മൃതദേഹം കിട്ടുന്നു.  സ്വന്തം ജീവിതാനുഭവം മൂലം യംഗ് ചുന്‍ പരാതി കിട്ടിയപ്പോള്‍ തന്നെ അത് ഒരു തട്ടിക്കൊണ്ടു പോകല്‍ ആണെന്ന് വിശ്വസിക്കുന്നു.എന്നാല്‍ ആരും അവനെ വിശ്വസിക്കുന്നില്ല,പോലീസ് ചീഫ് ഒഴികെ.അയാള്‍ യംഗ് ചുന്നിനോട് സ്വതന്ത്രമായി ആ കേസ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.ശവശരീരം ലഭിക്കുന്നതിനു മുന്‍പ് തന്നെ ആ സ്ഥലത്തെ കുറിച്ചുള്ള സൂചനകള്‍ സ്പ്രേ പെയിന്റിങ്ങിലൂടെ ചുവരില്‍ അവതരിപ്പിച്ച ആളെ തേടി ആയി യാംഗ് ചുന്നിന്റെ അന്വേഷണം.അതിന്റെ ഇടയ്ക്ക് മറ്റൊരു കുട്ടി തട്ടിക്കൊണ്ടു പോകളില്‍ നിന്നും രക്ഷപ്പെടുന്നു.തന്‍റെ നായക്കുട്ടിക്കു അസുഖം ആണെന്നും അതിനെ നോക്കുന്നോ എന്നും പറഞ്ഞു കാറില്‍ വന്ന ഒരാള്‍ പറഞ്ഞു എന്ന് ആ കുട്ടി പറയുന്നു.ആ നായക്കുട്ടി ഫ്രീസറില്‍ വച്ചത് പോലെ തണുത്തിരുന്നു എന്നും അവള്‍ പറഞ്ഞു.ജനങ്ങളുടെ ഇടയില്‍ ഭീതി പടര്‍ന്നു.ആ സമയം തന്നെ യാംഗ് ചുന്നിനു പരിചയം ഉള്ള ഒരു കൊച്ചു കുട്ടിയെ സമാനമായ രീതിയില്‍ കാണാതെ ആകുന്നു.യംഗ് ചുന്‍ ആ സ്പ്രേ പെയിന്റിങ്ങും ഇ തിരോധാനങ്ങളും ആയി എന്തോ ബന്ധം ഉണ്ടെന്നു മനസ്സിലാക്കുന്നു.യാംഗ് സംശയിച്ചത് ശരി ആയിരുന്നോ?ആ കുട്ടികള്‍ക്ക് സംഭവിച്ചതെന്ത്?ആരാണ് യഥാര്‍ത്ഥ കൊലപാതകി?കൂടുതല്‍ അറിയാന്‍ സിനിമ കാണുക.

  കൊറിയന്‍ സിനിമകളും ഒരു മാറ്റത്തിന്‍റെ പാതയില്‍ ആണെന്ന് ഈ അടുത്ത് ഇറങ്ങിയ ചില സിനിമകള്‍ സൂചിപ്പിക്കുന്നു.അവരുടെ സ്വാഭാവികമായ ഒരു ഇരുണ്ട ഫ്രെയിമുകളില്‍ നിന്നും കൂടുതല്‍ ജനകീയം ആകാന്‍ ഉള്ള ഒരു ശ്രമം ചിത്രങ്ങളില്‍ കാണാം.കൂടുതല്‍ രാജ്യങ്ങളില്‍ സിനിമയ്ക്ക് സ്വാധീനം ചെലുത്താന്‍ ആകണം അവര്‍ ഈ മാറ്റങ്ങള്‍ കൊണ്ട് ശ്രമിക്കുന്നത് എന്ന് തോന്നുന്നു.എന്തായാലും കൊറിയന്‍ ത്രില്ലറുകള്‍ അധികം നിരാശപ്പെടുത്തില്ല.അത് പോലെ തന്നെ ഈ ചിത്രവും.ഒരു sci-fi പ്രമേയത്തില്‍ കൂടിയുള്ള അന്വേഷണം ആണ് ഈ ചിത്രം.

More reviews @ www.movieholicviews.blogspot.com

Facebook Page: https://www.facebook.com/movieholicviews

Monday, 7 July 2014

135.LA CAJA 507(SPANISH,2002)

135.LA CAJA 507(SPANISH,2002),|Thriller|Mystery|,Dir:-Enrique Urbizu,*ing:-Dafne Fernandez,Antonio Resines.

2002 ല്‍ ഇറങ്ങിയ ഒരു സ്പാനിഷ് ത്രില്ലര്‍ ചിത്രം ആണ് "La Caja 507".നിയമവ്യവസ്ഥ തന്നെയും കുടുംബത്തെയും സംരക്ഷിക്കില്ല എന്ന് മനസ്സിലാക്കിയ ഒരു സാധാരണ മനുഷ്യന്‍ തന്‍റെ മനസ്സിന് തൃപ്തി കിട്ടാനായി നടത്തുന്ന ഒറ്റയാള്‍ പോരാട്ടം ആണ് ചിത്രം.ഒരു തുള്ളി രക്തം പോലും ചീന്താതെ അല്ലെങ്കില്‍ അതിന് ഉള്ള കഴിവില്ലാതെ ചില കണ്ണികള്‍ തന്ത്രപൂര്‍വ്വം കൂട്ടി ചേര്‍ക്കാന്‍ ആണ് അയാള്‍ ശ്രമിക്കുന്നത്.അയാളുടെ പേര് പാര്‍ടോ.ഒരു മധ്യവയസ്ക്കന്‍ ആയ പാര്‍ടോ ഒരു ബാങ്കിലെ മാനേജര്‍ ആണ്.ഒരു സാധാരണക്കാരനായാണ്‌ അയാള്‍ ജീവിക്കുന്നത്.മകളോടും ഭാര്യയോടും ഒപ്പം അവരെ സംരക്ഷിച്ചു ,അവരെ സ്നേഹിച്ചു അയാള്‍ ജീവിക്കുന്നു.എന്നാല്‍ ഒരു ദിവസം അയാളുടെ ജീവിതത്തില്‍ സംഭവിച്ച ദുരന്തം അയാളുടെ ജീവിതത്തെ ആകമാനം മാറ്റി മറിക്കുന്നു.തന്‍റെ പുരുഷ സുഹൃത്തിനോടൊപ്പം ഒരു എസ്റ്റേറ്റില്‍ സമയം ചിലവഴിക്കാന്‍ പോയ പാര്‍ദോയുടെ പതിനാറു വയസ്സുകാരി ആയ മകള്‍ അവിടെ ഉണ്ടായ കാട്ടു തീയില്‍ അകപ്പെടുന്നു.ആര്‍ക്കെങ്കിലും രക്ഷിക്കാന്‍ ആകുന്നതിനു മുന്‍പ് അവള്‍ മരിക്കുന്നു.പാര്‍ടോയും ഭാര്യയും തങ്ങളുടെ വിരസമായ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ തീരുമാനിക്കുന്നു.

  എന്നാല്‍ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം പാര്‍ദോയുടെ ഭാര്യയെ ബന്ദിയാക്കി കുറച്ചു കള്ളന്മാര്‍ പാര്‍ടോ ജോലി ചെയ്യുന്ന ബാങ്ക് കൊള്ളയടിക്കുന്നു.അവിടെ ബാങ്ക് ലോക്കറില്‍ ഇരുന്ന പെട്ടികള്‍ ആയിരുന്നു അവര്‍ കൊള്ളയടിച്ചത്.പാര്‍ദോയുടെ ഭാര്യ അവരുമായുള്ള മല്‍പ്പിടുത്തത്തില്‍ മരണത്തെ മുഖാമുഖം വീട്ടില്‍ വച്ച് കാണുന്നു.എന്നാല്‍ പാര്‍ടോയെ ബോധം കെടുത്തി അവര്‍ മോഷണത്തിന് ശേഷം ബാങ്കില്‍ നിന്നും രക്ഷപ്പെടുന്നു.വളരെയധികം പ്ലാന്‍ ചെയ്തു നടത്തിയ ഈ മോഷണം എന്നാല്‍ പാര്‍ദോയുടെ ജീവിതത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവായി.ബോധം വന്നതിനു ശേഷം കള്ളന്മാര്‍ കൊണ്ട് പോകാത്ത ഒന്നില്‍   507 ആം നമ്പറില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പാര്‍ദോയ്ക്ക് എന്തോ ഒരു പ്രത്യേകത തോന്നി.അയാള്‍ അത് മാറ്റി വയ്ക്കുന്നു. സമൂഹത്തിലെ കുറച്ചു ഉന്നതന്മാരുടെ പേരും അതില്‍ ഉള്ള ഭീമമായ തുകകളുടെ കണക്കും പാര്‍ദോയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.പാര്‍ടോ ആ രേഖകളിലൂടെ അന്വേഷണം നടത്തുന്നു.അയാളെ ആ അന്വേഷണം കൊണ്ടെത്തിച്ചത് ഒരു വലിയ രഹസ്യത്തിലേക്ക് ആണ്.തനിക്കു ലോകത്തെ കുറിച്ചും സ്വന്തം ജീവിതത്തെ കുറിച്ചും അറിയാവുന്നത് വെറും തുച്ചം ആണെന്ന് മനസ്സിലാക്കുന്നു.ഒരു വശത്ത് അത്യാസന നിലയില്‍ കിടക്കുന്ന ഭാര്യ മറു വശത്ത് നീതി ലഭിക്കാന്‍ ഉള്ള ആഗ്രഹം.എന്നാല്‍ നിയമവ്യവസ്ഥ തന്നെ ഒരു സാധാരണക്കാരനെ രക്ഷിച്ചില്ലെങ്കില്‍?ഇതിനിടയില്‍ പാര്‍ദോയെ അന്വേഷിച്ചു ശക്തനായ ഒരു പ്രതിയോഗിയും എത്തുന്നു.പാര്‍ടോ കണ്ടെത്തിയ രഹസ്യം എന്താണ്?പാര്‍ടോ തനിക്കു അര്‍ഹതപ്പെട്ട നീതി എങ്ങനെ നേടി എടുക്കുന്നു?അതാണ്‌ ബാക്കി സിനിമ.

    സ്വന്തം കൈ കൊണ്ട് ചോര ചീന്തി എടുക്കുന്ന നീതിക്ക് ആയുസ്സില്ല എന്ന് പാര്‍ടോയുടെ മനസ്സ് അയാളോട്പറഞ്ഞത്. കളിക്ക് ഉപയോഗിച്ചത് ഏറ്റവും ശക്തമായ ആയുധവും.സിനിമയുടെ ഓരോ മേഖലകളിലും ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ ചിത്രം വളരെയധികം തൃപ്തിപ്പെടുത്തി.പ്രത്യേകിച്ചും കണ്ണികള്‍ എല്ലാം ഒരു വശത്ത് തന്നെ കൊണ്ട് വച്ച് യോജിപ്പിക്കുന്നതൊക്കെ.നല്ല ഒരു ത്രില്ലര്‍ ആണ്"La Caja 507".സ്പാനിഷ് ത്രില്ലറുകള്‍ കാണാതെ മാറ്റി വയ്ക്കരുത്.അവര്‍ ഈ കാര്യത്തില്‍ പ്രഗല്‍ഭര്‍ ആണ്.

More reviews @ www.movieholicviews.blogspot.com

Facebook page: https://www.facebook.com/movieholicviews

Sunday, 6 July 2014

134.MOSS(KOREAN,2010)

134.MOSS(KOREAN,2010),|Mystery|Thriller|,Dir:-Woo Suk-kang,*ing:-Jae yeong,Hae-il Park

2010 ല്‍ ഇറങ്ങിയ കൊറിയന്‍ ത്രില്ലര്‍ ആണ് "Moss".കൊറിയന്‍ ത്രില്ലറുകളില്‍ അസാധാരണമായി കാണുന്ന ഒന്നാണ് നീളമേറിയ സിനിമകള്‍.പ്രത്യേകിച്ചും രണ്ടേമുക്കാല്‍ മണിക്കൂര്‍ നീളമുള്ള ഒരു സിനിമ.പലപ്പോഴും നീളം കാരണം മാറ്റി വച്ച സിനിമ കണ്ടു തീര്‍ത്തപ്പോള്‍ മാന്സ്സിലായി ഈ സിനിമയുടെ ദൈര്‍ഘ്യത്തിന്റെ കാരണം.അത്രയേറെ കഥകള്‍ കഥാപാത്രങ്ങള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നു ചിത്രത്തില്‍.മുപ്പതു വര്‍ഷമായി ഒരു ഗ്രാമത്തില്‍ ചാമ്പല്‍ ആയി കിടന്ന രഹസ്യങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.റിയൂ എന്ന യുവാവും പാര്‍ക്ക് മിന്‍ വൂക് എന്ന പബ്ലിക് പ്രോസിക്യൂട്ടറും പരസ്പരം പാര പണിയുന്നതില്‍ മിടുക്കര്‍ ആണ്.ഒരാളുടെ കുറ്റം കണ്ടു പിടിക്കുകയാണ് മറ്റയാളുടെ സ്ഥിരം പരിപാടി.ഒരു ദിവസം സിയോളില്‍ ആയിരുന്ന റിയൂവിനു ഒരു അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുന്നു.റിയൂവിന്റെ അച്ഛന്‍ മരണപ്പെട്ടു എന്നതായിരുന്നു സന്ദേശം.റിയൂ അന്ത്യക്കര്‍മങ്ങള്‍ നിര്‍വഹിക്കുവാനായി അച്ഛന്‍ താമസിച്ചിരുന്ന ഗ്രാമത്തിലേക്ക് പോകുന്നു.റിയൂവിന്റെ അച്ഛന്‍ കുടുംബവുമായി വര്‍ഷങ്ങളായി അകന്നു കഴിഞ്ഞ് ആണ് ആ ഗ്രാമത്തില്‍ താമസിക്കുന്നത്.അത് കൊണ്ട് തന്നെ റിയൂവിനെ അവിടെ ആര്‍ക്കും അറിയില്ല.റിയൂ അച്ഛന്റെ മരണത്തെ കുറിച്ച് സംശയം പ്രകടിപിക്കുന്നു.എന്നാല്‍ പ്രായം ചെന്ന ഒരാളുടെ മരണമായി എല്ലാവരും കരുതുന്നു.റിയൂ അവിടെ താമസിക്കുന്നത് ഗ്രാമവാസികള്‍ക്ക്‌ ചിലര്‍ക്ക് അരോചകമായി തോന്നുന്നു..

 ആ ഗ്രാമത്തിന്‍റെ ആദ്യവും അന്ത്യവും എല്ലാം കിം ടിയോക് എന്ന ഗ്രാമ തലവന്‍ ആണ്.അയാള്‍ പഴയ ഒരു പോലീസുകാരനും ആണ്.ഒരു കുറ്റവാളി ആയിരുന്ന റിയൂവിന്റെ അച്ഛന്‍ പിന്നീട് ക്രിസ്ത്യന്‍ മത വിശ്വാസി ആവുകയായിരുന്നു.ഒരു സന്യാസജീവിതം ആയിരുന്നു അയാള്‍ അവിടെ ജീവിച്ചു തീര്‍ത്തത്.ഒരു സാത്വികന്‍ ആയി ഗ്രാമവാസികള്‍ അയാളെ കരുതിപോന്നു. എന്നാല്‍ റിയൂവിനു അവിടെ ഉള്ള ആളുകളുടെ പ്രവര്‍ത്തിയില്‍ എന്തോ ഒരു നിഗൂഡത തോന്നുന്നു.റിയൂ അവിടെ താമസിക്കാതെ ഇരിക്കാന്‍ ഉള്ള കാരണങ്ങള്‍ ഗ്രാമ മുഖ്യന്റെ അനുയായികള്‍ അയാളോട് പറയുന്നു.എന്നാല്‍ റിയൂ അവിടെ താമസിക്കാന്‍ തീരുമാനിക്കുന്നു.റിയൂ ആദ്യം താമസിച്ച ഒരു കടയോട് ചേര്‍ന്ന ഭാഗത്തില്‍ ഉള്ള ആളുകളുടെ പ്രവര്‍ത്തിയില്‍ തന്നെ അയാള്‍ സംശയാലു ആകുന്നു പല കാരണങ്ങള്‍ കൊണ്ടും.പകല്‍ കാണുന്നതല്ല പലരുടെയും യഥാര്‍ത്ഥ മുഖം എന്ന് റിയൂ മനസ്സിലാക്കുന്നു.അല്‍പ്പ ദിവസത്തിന് ശേഷം റിയൂ തന്‍റെ അച്ഛന്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള ഒരു തുരങ്കം കണ്ടെത്തുന്നു.ചില സംഭാഷണങ്ങള്‍ ഒക്കെ ചിലര്‍ അറിയാതെ കേട്ടപ്പോള്‍ ആ ഗ്രാമത്തിനു ഒരു വലിയ രഹസ്യം പുറം ലോകത്തോട്‌ പറയാന്‍ ഉണ്ടെന്നു റിയൂ മനസ്സിലാക്കുന്നു.രഹസ്യങ്ങള്‍ അന്വേഷിച്ചിറങ്ങിയ റിയൂവിനെ കാത്തിരുന്നത് അപകടങ്ങള്‍ ആയിരുന്നു.സ്വന്തം ജീവന്‍ പോലും അപകടത്തില്‍ ആണെന്ന് റിയൂ മനസ്സിലാക്കുന്നു.റിയൂവിനു രഹസ്യങ്ങള്‍ കണ്ടു പിടിച്ചേ മതിയാകുമായിരുന്നു.റിയൂ അതിനായി ഒരാളുടെ സഹായം ആവശ്യപ്പെടുന്നു.എന്നാല്‍ ശത്രുക്കള്‍ പ്രബലരായിരുന്നു.ആരാണ് റിയൂവിന്റെ ശത്രുക്കള്‍?റിയൂ അവരില്‍ നിന്നും രക്ഷപ്പെടുമോ?അതോ?രഹസ്യങ്ങള്‍ എന്താണെന്ന് അറിയാന്‍ ബാക്കി സിനിമ കാണുക.

  ഒട്ടിപ്പിടിച്ചു കിടക്കുന്ന പായല്‍ പോലെയാണ് ചിലരുടെ ജീവിതം .അതില്‍ നിന്നും ഉള്ള മോചനത്തിനായി അവര്‍ ചെയ്യുന്ന അവസാന ശ്രമങ്ങള്‍ ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറം ഉള്ള നീക്കങ്ങള്‍ ആയിരിക്കും.അത് കൊണ്ട് തന്നെ സിനിമയുടെ അവസാനമായി എന്ന് കരുതുന്ന സ്ഥലത്ത് നിന്ന്  പോലും വേറെ ഒരു ക്ലൈമാക്സ് വരുന്നത്.ഒരു നല്ല മുഴുനീള ത്രില്ലര്‍ ആണ് മോസ് എന്ന ചിത്രം.കൊറിയന്‍ ത്രില്ലര്‍ സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി കാണാവുന്ന ഒരു ചിത്രം.

More reviews @ www.movieholicviews.blogspot.com


Saturday, 5 July 2014

133,THE HIDDEN FACE(2011,SPANISH)

133.THE HIDDEN FACE(2011,SPANISH),|Mystery|Thriller|,Dir:-Andrez Bais,*ing:-Quim Gutierrez,Martina Garcia.

2011 ല്‍ ഇറങ്ങിയ സ്പാനിഷ് ത്രില്ലര്‍ ആണ് "The Hidden Face".ഈ ചിത്രത്തിന് ശരിക്കും അര്‍ത്ഥവത്താണ് ഈ പേര്.പ്രത്യേകിച്ചും മനുഷ്യന്‍റെ മറഞ്ഞിരിക്കുന്ന നിഗൂഡമായ സ്വഭാവവിശേഷങ്ങള്‍ ഉള്ള ഒരു മുഖം.പിന്നെ സിനിമയുടെ കഥാഗതിയില്‍ പ്രധാനമായ ഒരു സ്ഥാനവും ഈ പേര് കൊണ്ട് അര്‍ത്ഥമാക്കുന്നുണ്ട്.അഡ്രിയാന്‍ എന്ന യുവ സംഗീതജ്ഞന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നെത്തിയ രണ്ടു സ്ത്രീ കഥാപാത്രങ്ങളും അഡ്രിയാന്‍ അവരില്‍ ഉളവാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം.പ്രണയത്തിന്‍റെ അവിഭാജ്യ ഘടകം എന്ന് പറയാവുന്ന അസൂയ പിന്നെ സ്വന്തമെന്നു കരുതുന്ന ആള്‍ മറ്റൊരാള്‍ക്ക് സ്വന്തമാകുമോ എന്ന ഭയം ,ഇവയെല്ലാം ചേര്‍ന്ന് ഒരു ത്രില്ലര്‍ ചിത്രം ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍ ആയ ആന്‍ഡി ബെയ്സ്.ഒരു ദിവസം തന്റെ ജോലി കഴിഞ്ഞെത്തിയ അഡ്രിയാനെ കാത്തിരുന്നത് തന്‍റെ കാമുകിയായ ബെലന്‍ റെക്കോര്ഡ് ചെയ്തു വച്ച ഒരു വീഡിയോ ആണ്.തനിക്കു ഈ ബന്ധം ഇനി തുടരാന്‍ താല്‍പ്പര്യം ഇല്ല എന്നും.അത് നേരിട്ട് പറയാന്‍ ഉള്ള ബുദ്ധിമുട്ട് കാരണം ഒരു വീഡിയോയില്‍ രേഖപ്പെടുത്തി താന്‍ പോവുകയാണെന്നും ആയിരുന്നു ആ വീഡിയോയുടെ സാരാംശം.അഡ്രിയാന്‍ വിഷമത്തില്‍ ആകുന്നു.അയാള്‍ മദ്യത്തില്‍ അഭയം തേടുന്നു.

  ഒരു ദിവസം മദ്യപാനം കഴിഞ്ഞപ്പോള്‍ ബാറിലെ ജോലിക്കാരി ആയ ഫാബിയാന അഡ്രിയാനെ തന്റെ വീട്ടില്‍ കൊണ്ട് പോകുന്നു.പിറ്റേന്ന് രാവിലെ ഫാബിയാനയെ ശ്രദ്ധിക്കാതെ അയാള്‍ യാത്ര ആകുന്നു.എന്നാല്‍ അന്ന് വൈകിട്ട് അയാള്‍ വീണ്ടും അവള്‍ ജോലി ചെയ്യുന്ന ആ ബാറില്‍ എത്തുന്നു.അഡ്രിയാന്‍ ഫാബിയാനയെ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു.ഒരു തെറ്റിദ്ധാരണയുടെ പുറത്തു തന്നെ വിട്ടു പോയ ബെലനെ അയാള്‍ വെറുക്കുന്നു.ഫാബിയാന അഡ്രിയാനൊപ്പം അയാളുടെ വലിയ വീട്ടില്‍ താമസം ആരംഭിക്കുന്നു.സന്തോഷകരമായി അവര്‍ രണ്ടും ജീവിക്കുന്ന സമയം അഡ്രിയാനെ തിരക്കി രണ്ടു അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ എത്തുന്നു.ബെലന്‍ രാജ്യം വിട്ടു പോയിട്ടില്ല എന്നും അവള്‍  എവിടെ ആണെന്നുള്ളതിന്‌ ഒരു തെളിവും ഇല്ല എന്നവര്‍ അറിയിക്കുന്നു.അവര്‍ സംശയിക്കുന്നവരില്‍ പ്രഥമ സ്ഥാനം അഡ്രിയാനാണ്.അഡ്രിയാന്‍  അന്വേഷണവുമായി സഹകരിക്കുന്നു.അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഫാബിയാനയുടെ മുന്‍ കാമുകനും ആണ്.ചില ദിവസങ്ങളില്‍ ഫാബിയാന വീട്ടിലെ വെള്ളത്തില്‍ ഉണ്ടാകുന്ന ചില മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നു.പ്രത്യേകിച്ചും ഓളം വെട്ടുന്ന ബാത്ത് ടബ്ബിലെ വെള്ളവും വാഷ്‌ ബേസിനിലെ വെള്ളവും.അത് പോലെ തന്നെ തണുത്ത വെള്ളം മാറി പെട്ടന്ന് ചൂട് വെള്ളം ആകുന്നതും.ഒരിക്കല്‍ അവള്‍ക്കു പൊള്ളല്‍ എല്ക്കുകയും ചെയ്യുന്നു.ഫാബിയാന ആ വലിയ വീട്ടില്‍ പ്രേതം ഉണ്ടെന്നു വിശ്വസിക്കുന്നു.ടാപ്പില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദ തരംഗങ്ങള്‍ അവളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നു.എന്നാല്‍ അഡ്രിയാന്‍ അത് വിശ്വസിക്കുന്നില്ല.അങ്ങനെ ഇരിക്കെ ഒരു ദിവസം ബെലന്റെ മൃതദേഹം എന്ന് സംശയിക്കുന്ന ഒരു ശരീരം അവളുടെ ആണോ എന്ന്‍ തിരിച്ചറിയാന്‍ വേണ്ടി അഡ്രിയാനെ പോലീസ് വിളിപ്പിക്കുന്നു.അത് ബെലന്റെ ശവശരീരം ആയിരുന്നോ?ബെലന് യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചു?അഡ്രിയാന്‍ അവളുടെ തിരോധാനത്തിനു പിന്നിലുണ്ടോ?ആ വീട്ടില്‍ പ്രേതം ഉണ്ടെന്നുള്ള ഫാബിയാനയുടെ വിശ്വാസം ശരി ആയിരുന്നോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   ചിത്രം അവതരിപ്പിച്ചിരിക്കുന്നത് രണ്ടു പകുതിയിലും അഡ്രിയാന്‍റെ കാമുകിമാരുടെ കഥകളിലൂടെയും അവരുടെ കാഴ്ച്ചപ്പാടുകളിലും ആണ്.സിനിമയുടെ അവസാനം അപ്രതീക്ഷമായ ക്ലൈമാക്സിലും പറയാത്തതില്‍ കൂടുതലും ഉണ്ട്.അഡ്രിയാനെ കാത്തിരിക്കുന്ന മറ്റൊരു ഭീഷണിയും.ആ ഭീഷണി സിനിമയില്‍ അവതരിപ്പിക്കുന്നില്ല എങ്കിലും അതിലേക്കു പോകുന്ന സൂചനകള്‍ സിനിമ നല്‍കുന്നുണ്ട്. ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് കണ്ടിരിക്കാവുന്ന ഒരു സ്പാനിഷ് ത്രില്ലര്‍ ആണ് "The Hidden face".

More reviews @ www.movieholicviews.blogspot.com

1890. Door (Japanese, 1988)