1654. Mission Majnu (Hindi, 2023)
Action, Drama
Streaming on Netflix
പൊഖ്റാനിൽ ഇന്ത്യ നടത്തിയ ആദ്യ ആണവായുധ പരീക്ഷണത്തിന് ശേഷം അതിനായി ശ്രമങ്ങൾ പാക്കിസ്താനും നടത്തി തുടങ്ങി. അന്താരാഷ്ട്ര തലത്തിൽ ആണവായുധത്തിന് എതിരാണ് എന്ന് പറഞ്ഞെങ്കിലും രഹസ്യമായി ആണ് അവർ അതിനു തയ്യാറെടുക്കുന്നത്. എന്നാൽ അസ്ഥിരമായ ഒരു രാജ്യത്തിന് അത് ലഭിച്ചാൽ ലോകത്തിനു തന്നെ ഭീഷണി ആയേക്കും എന്ന് മനസ്സിലായ ഇന്ത്യൻ സർക്കാർ അത് തടയാൻ ഉള്ള മാർഗങ്ങൾ നോക്കുന്നു. ഇതിനായി ശ്രമിക്കുന്ന പാക്കിസ്ഥാനിൽ മുന്നേ തന്നെ ഉണ്ടായിരുന്ന 3 റോ ഏജന്റുമാരുടെ കഥയാണ് മിഷൻ മജ്നു അവതരിപ്പിക്കുന്നത്.
റോയുടെ ആദ്യ ചീഫ് ആയിരുന്ന ആർ. എൻ കാവോയുടെ വീക്ഷണത്തിൽ ആണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. അവിടെ നിന്നും നടന്ന സംഭവങ്ങൾ സാധാരണ സിനിമകളിലെ പോലെ വിജയിച്ചവരുടെ മാത്രം കഥയായി അല്ല അവതരിപ്പിച്ചിരിക്കുന്നത്. അതിനൊരു കാരണവും ഉണ്ട്. അന്ന് ഇന്ത്യയിൽ മാറി വന്ന സർക്കാരിന്റെ നയങ്ങൾ കൂടി ഇതിനോട് ചേർത്ത് വായിക്കേണ്ടി വരുന്നുണ്ട്.
സിദ്ധാർഥ് മൽഹോത്രയുടെ കഥാപാത്രം നന്നായിരുന്നു എന്ന് തോന്നി. മുഖത്ത് ഒരു ഭാവവും വരില്ല എന്ന് പറയുന്ന ആൾ നന്നായി തന്നെ ചെയ്തിട്ടുണ്ട് അത്. സ്ഥിരം രോമാഞ്ചം ഉണ്ടാക്കുന്ന ഇത്തരം സ്‌പൈ സിനിമകളിൽ നിന്നും വ്യത്യസ്തമായി അൽപ്പം വിഷമം ഉണ്ടാക്കുന്ന ക്ലൈമാക്സ് ആണ് സിനിമയിൽ ഉള്ളത്. സ്ഥിരം ഹിന്ദി സിനിമകളുടെ ധാരാളിത്തം ഇല്ലാത്ത ഒരു സ്‌പൈ ത്രില്ലർ ആണ് മിഷൻ മജ്നു. ട്രെയിനിലെ ഫൈറ്റ് സീൻ ഇത്തരം ഒരു സിനിമയിൽ അൽപ്പം കല്ല് കടിയാവുകയും ചെയ്തു എന്ന് മാത്രം.
ഒരു പക്ഷെ ഈ ഒരു രീതിയിൽ നിന്നും മാറി മാസ് ആക്കി എടുത്തിരുന്നെങ്കിൽ കൂടുതൽ ആസ്വാദ്യകരം ആയേനെ. പക്ഷെ നടന്ന സംഭവങ്ങളോട് നീതി പുലർത്താൻ ആയിരിക്കാം ശ്രമിച്ചത് എന്ന് കരുതുന്നു.
കുഴപ്പമില്ലാത്ത ഒരു അവറേജ് സിനിമ ആയാണ് മിഷൻ മജ്നു തോന്നിയത്.ഒരു സാധാരണ സ്‌പൈ സിനിമയുടെ ത്രിൽ കുറവായിരുന്നു എങ്കിലും കഥാപാത്രങ്ങൾ നന്നായിട്ടുണ്ടായിരുന്നു. സിനിമയുടെ ട്രീറ്റ്‌മെന്റ് ഇഷ്ടം ആയില്ലെങ്കിൽ സിനിമയും ഇഷ്ടപ്പെടില്ല.അതായത് സ്ഥിരം സ്‌പൈ ത്രില്ലർ പ്രതീക്ഷിച്ചു മിഷൻ മജ്നു കാണാൻ ഇരിക്കരുത് എന്ന്.
എന്റെ റേറ്റിങ് : 3.5/5
No comments:
Post a Comment