Monday 16 January 2023

1646. The Forbidden Door (Indonesian, 2009)

1646. The Forbidden Door (Indonesian, 2009) 

           Psychological Thriller, Mystery.



ഇൻഡോനേഷ്യയിൽ നിന്നും വന്ന നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ്  The Forbidden Door. ഈ ചിത്രത്തിന്റെ സമാനമായ കഥ പിന്നീട് പല സിനിമകളിലും കണ്ടിട്ടും ഉണ്ടാകണം. പ്രേക്ഷകന്റെ മുന്നിൽ ഒരു കഥ അവതരിപ്പിക്കുന്നു. പക്ഷേ അവസാനം കൺക്കെട്ട് വിദ്യയിൽ അകപ്പെട്ട പ്രേക്ഷകനോട് എന്നത് പോലെ ആണ് കഥ അവസാനിക്കുന്നത് . ഗംഭീർ എന്ന ശിൽപ്പി പ്രസവിക്കാറായ  സ്ത്രീകളുടെ രൂപങ്ങൾ കൊത്തി വയ്ക്കുകയും അതിനു മാർക്കറ്റിൽ നല്ല വില ലഭിക്കുകയും ചെയ്യുന്നു.എന്നാൽ പുറമെ നിന്നും നോക്കുമ്പോൾ സന്തോഷകരം എന്ന് തോന്നുന്ന അയാളുടെ ജീവിതത്തിൽ ധാരാളം രഹസ്യങ്ങൾ ഉണ്ട്. ആ രഹസ്യങ്ങൾ അയാളുടെ ജീവിതത്തെയും അയാളുടെ ജോലിയെയും ബാധിക്കും എന്നു കരുതിയ  സമയം ആണ് ആജ്ഞാതമായി ആരോ രക്ഷിക്കണം എന്നു പറയുന്ന രീതിയിൽ ഉള്ള സന്ദേശങ്ങൾ അയാളുടെ ചുറ്റിലും കാണുന്നത്. അതിന്റെ പിന്നാലെ ഉള്ള രഹസ്യം തേടി ഇറങ്ങിയ ഗംഭീറിനെ കാത്തിരുന്നത് മറ്റൊരു ലോകമായിരുന്നു. താൻ ജീവിക്കുന്ന സ്ഥലത്ത് തന്നെ മറ്റുള്ളവയിൽ നിന്നും അകപ്പെട്ടു ജീവിക്കുന്ന ഒരു ലോകം. അവിടെ എന്താണ് ഗംഭീർ കണ്ടത്? ഗംഭീറിന്റെ കാഴ്ചകളിൽ അസാധാരണമായ എന്തെങ്കിലും ഉണ്ടോ?ആ കാഴ്ചകളുടെ പിന്നിൽ ഉള്ള രഹസ്യം എന്തായിരുന്നു? കൂടുതൽ അറിയാൻ സിനിമ കണ്ടു നോക്കൂ.


     ഇൻഡോനേഷ്യൻ എഴുത്തുകാരൻ ആയ ശേഖർ ആയു അസ്മാരയുടെ ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഇൻഡോനേഷ്യയിലെ ഏറ്റവും വലിയ സിനിമ സംവിധായകൻ ആയ ജോക്കോ അൻവർ ആണ്  The Forbidden Door അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 2012 മുതൽ എന്റെ കയ്യിൽ ഉള്ള ചിത്രം ആയിരുന്നെങ്കിലും നല്ലൊരു പ്രിന്റ് ഇല്ലാതിരുന്നത് കൊണ്ട് കാണാതെ വച്ചിരിക്കുകയായിരുന്നു. എന്നാൽ, പിന്നീട് പ്രിന്റ് കിട്ടിയെങ്കിലും സിനിമയുടെ കാര്യം മറന്നും പോയിരുന്നു. നേരത്തെ പറഞ്ഞത് പോലെ സമാനമായ ചിത്രത്തിൽ ഒന്ന് ഹോളിവുഡ് പ്രൊഡക്ഷൻ ആയി വന്നിട്ടും ഉണ്ട് പിന്നീട്. പക്ഷേ ഈ രണ്ടു സിനിമകൾക്കും ആസ്പദമായ കഥകൾ ഇതിന്റെ റിലീസ് പോലെ തന്നെ ഒരു വർഷത്തെ ഇടവേളകളിൽ ആണ് വന്നതും, പക്ഷേ റിവേർസ് ഓർഡറിൽ ആണെന്ന് മാത്രം. ഒന്ന് മറ്റൊന്നിന്റെ കോപ്പി ആണെന്ന് അല്ല പറഞ്ഞു വരുന്നത്. വളരെ വ്യത്യസ്തമായ കഥകളിൽ ക്ലൈമാക്സ് മാത്രം സാമ്യം തോന്നി എന്നു മാത്രം. 


  സൈക്കോളജിക്കൽ ത്രില്ലർ സിനിമകളുടെ ആരാധകൻ ആണെങ്കിൽ കാണുവാൻ ശ്രമിക്കുക  The Forbidden Door. സിനിമയുടെ തുടക്കത്തിൽ എന്താണ് സംഭവിക്കുന്നത് എന്നൊക്കെ ഉള്ള തോന്നലുകൾ ഉണ്ടാകുമായിരിക്കും,ചിലപ്പോൾ അഭിനേതാക്കളുടെ അഭിനയം പോലും ഇഷ്ടമായില്ലെന്നും വരാം. പക്ഷേ അവസാനം ഞെട്ടിക്കാൻ ഉള്ളത് ഉണ്ട് ചിത്രത്തിൽ . സിനിമയുടെ ക്രെഡിറ്റ് സീൻ കഴിഞ്ഞും കാണുക. എങ്കിൽ മാത്രമേ കഥ മൊത്തമായി മനസ്സിലാകൂ . നേരത്തെ പറഞ്ഞ ഇംഗ്ലീഷ് സിനിമ കണ്ടിട്ടുണ്ടെങ്കിൽ ഏകദേശം ഒരു രൂപം കിട്ടുകയും ചെയ്യും. 


  എനിക്കു എന്തായാലും സിനിമ ഇഷ്ടപ്പെട്ടൂ. സിനിമയെ കുറിച്ചുള്ള മികച്ച റിവ്യുകൾ പണ്ട് വായിച്ചു വർഷങ്ങളോളം watch list ൽ കിടന്ന ചിത്രത്തിന്റെ സിനോപസിസ് ഒഴികെ ഒന്നും വായിക്കാത്തത് കൊണ്ട് സിനിമ ഞെട്ടിച്ചു എന്നെ. ഞാൻ ഇവിടെയും അത്രയും മാത്രമേ എഴുതിയിട്ടുള്ളൂ. 


എന്റെ റേറ്റിംഗ്: 4/5 


സിനിമയുടെ ലിങ്ക്  t.me/mhviews1  ൽ   ലഭ്യമാണ്.



No comments:

Post a Comment

1818. Lucy (English, 2014)