1638. Saudi Vellakka (Malayalam, 2022)
Streaming on സോണിലിവ്
സൌദി വെള്ളക്കയെ കുറിച്ച് പറയുകയാണെങ്കിൽ , ചെറിയ ഒരു കഥയുള്ള നന്മ നിറഞ്ഞ സിനിമ എന്നു പറയാം. ഞാനൊക്കെ കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ ബോൾ ചെന്നു വീഴുന്നത് കളി സ്ഥലത്തിന്റെ അപ്പുറം ഉള്ള റോസമച്ചിയുടെ വീട്ടിൽ ആയിരുന്നു. ആ അമ്മച്ചി ആണെങ്കിൽ പലപ്പോഴും ബോൾ കിട്ടിയാൽ തരില്ല. ചിലപ്പോഴൊക്കെ അമ്മച്ചിയെക്കാളും സപീഡിൽ പോയി ബോൾ എടുത്തു രക്ഷപ്പെടാറുണ്ടായിരുന്നു. പാവം അമ്മച്ചിയെ പറഞ്ഞിട്ടും കാര്യമില്ല. ബോൾ വീഴുന്നത് മൊത്തം അമ്മച്ചിയുടെ ഓടിന്റെ പുറത്തായിരുന്നു. പിന്നീട് അമ്മച്ചിയുടെ കൊച്ചു മകൻ ക്രിക്കറ്റ് കളിക്കാൻ വരുമ്പോൾ ഇതൊക്കെ തന്നെ ചെയ്തത് ചരിത്രം. ഇത്രയും പറഞ്ഞത് ഐഷ എന്ന കഥാപാത്രം റോസമ്മച്ചിയെ ഓർമിപ്പിച്ചത് കൊണ്ടാണ് ചെറുതായി. പക്ഷേ ഇവിടെ ഐഷ മോശമായ ഒരു കാര്യം ചെയ്തു എന്നും വ്യത്യാസം ഉണ്ട്.
ബട്ടർഫ്ലൈ എഫെക്റ്റ് പോലെ ആ സംഭവം പലരുടെയും ജീവിതത്തിനെ ബാധിക്കുകയും ചെയ്തു. ചെറുതെന്ന് പുറത്തു നിന്നും കാണുന്നവര്ക്ക് തോന്നുന്ന സംഭവം വർഷങ്ങൾക്ക് അപ്പുറം എത്രയോ പേരെ വീണ്ടും ഇതിൽ ഉൾപ്പെടുത്തുന്നു എന്നതാണ് ഇതിലെ കഥാപാത്രങ്ങൾ ആയി സ്ക്രീനിൽ വരുന്നത്. ചിലപ്പോഴൊക്കെ ഇമോഷണൽ ആയി തോന്നുന്ന ഭാഗങ്ങൾ സിനിമയിൽ ഉണ്ട്. സിനിമയുടെ നല്ല വശം ഇതൊക്കെയാണ്.
എന്നാൽ മോശം വശം ആയി തോന്നിയ കാര്യമുണ്ട്. ഒന്ന് , ചെറിയ ഒരു കഥ ആയത് കൊണ്ട് തന്നെ സിനിമയുടെ സമയ ദൈർഘ്യം എത്തിക്കാൻ വേണ്ടി ആയിരുന്നിരിക്കാം സിനിമ വളരെ പതുക്കെയാണ് പോകുന്നത്. അത് കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. മറ്റൊന്ന് സൌണ്ട് ആണ്. ഒരു സീനിൽ തന്നെ വരുന്ന മുഖ്യ കഥാപാത്രങ്ങൾ അല്ലാത്തവരുടെ അടുത്തും മൈക് കൊണ്ട് വച്ചിരിക്കുന്നത് പോലെ ആണ് പല രംഗങ്ങളും. സബ്ടൈറ്റിൽ തപ്പി എടുക്കാൻ തോന്നും. അത്യാവശ്യം നല്ല ഒരു സൌണ്ട് സിസ്റ്റത്തിൽ ആണ് സിനിമ കണ്ടതും. എല്ലാവർക്കും അങ്ങനെ തോന്നുമോ എന്നറിയില്ല. എന്തായാലും എന്റെ സിനിമ ആസ്വാദനത്തിൽ കല്ല് കടിയായി ഇതൊക്കെ മാറി.
തരുൺ മൂർത്തി ഇപ്പോഴത്തെ മലയാളം സിനിമ ട്രെൻഡ് ആയ സിനിമയിലൂടെ രാഷ്ട്രീയം അവതരിപ്പിക്കുക എന്ന പരിപാടി ഇതിലും നടത്തിയിട്ടുണ്ട്. സിനിമയിൽ രാഷ്ട്രീയം പറയുന്നത് കൂടുതൽ സ്വീകാര്യമായ ഒരു പ്ലാറ്റ്ഫോമിലൂടെ തങ്ങളുടെ രാഷ്ട്രീയം പറയാനായി ഉപയോഗിക്കാം എന്നതിൽ എതിരഭിപ്രായം ഒന്നുമില്ല . അതങ്ങനെ കണ്ടാൽ ഏത് സിനിമ ആയാലും സിനിമ കൊള്ളാമെങ്കിൽ സിനിമ ആസ്വാദനത്തെ ബാധിക്കില്ല എന്നു തന്നെ വിശ്വസിക്കുന്നു. Subtle ആയി അവതരിപ്പിച്ചാൽ ഒന്നെങ്കിൽ ശ്രദ്ധിക്കപ്പെടാം, അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടാതെയും പോകാം. അത്തരത്തിൽ ഉള്ള രീതിയിൽ ആണ് സിനിമയിൽ ഉള്ളത്.
സിനിമയുടെ കഥയും മറ്റും നല്ലതായിരുന്നെങ്കിലും ഇടയ്ക്ക് ഇഷ്ടപ്പെടാത്ത ഘടകങ്ങൾ എന്നു മുകളിൽ സൂചിപ്പിച്ചത് കാരണം നല്ലൊരു സിനിമ ആസ്വാദനം ആണ് നഷ്ടം ആയതെന്ന് തോന്നുന്നു. അങ്ങനെ നോക്കുമ്പോൾ സിനിമ അവസാനം ശരാശരി അനുഭവം ആയി മാറി എന്നു പറയേണ്ടി വരും എനിക്ക് . സിനിമ ഇഷ്ടപ്പെട്ടവരുടെയും ഇഷ്ടപ്പെടാത്തവരുടെയും അഭിപ്രായങ്ങളോടും യോജിക്കുന്നു. ജാവ ഓപ്പറേഷൻ തന്നെയാണ് തരുൺ മൂർത്തിയുടെ മികച്ച സിനിമ.
എന്റെ റേറ്റിംഗ് :3/5
സിനിമ കണ്ടവരുടെ അഭിപ്രായങ്ങളും പങ്ക് വയ്ക്കുമല്ലോ?
No comments:
Post a Comment