Wednesday 18 January 2023

1649. Kaapa (Malayalam, 2022)

1649. Kaapa (Malayalam, 2022)

         Streaming on Netflix.




സ്ഥിരം ഗാങ്സ്റ്റർ സിനിമകളുടെ അതേ ഫോർമാറ്റിൽ തന്നെയാണ് കാപ്പയും അവതരിപ്പിച്ചിരിക്കുന്നത്. ഒരാളെ കൊല്ലുന്നു. അതിനു മറു ഭാഗം പ്രതീകാരം ചെയ്യുന്നു. അങ്ങനെ ഒരു ഫോർമാറ്റ് ആണ്‌ ഇതിലും. ഈ കഥയിൽ നല്ല മനുഷ്യർ എന്ന് പറയുന്നവർ കുറവാണ്. ഓരോ സമയത്തും ചെയ്തതിന്റെ ഫലം ഓരോ ഘട്ടമായി ഓരോരുത്തരും അനുഭവിക്കുന്നു.അത്ര തന്നെ. സിനിമയുടെ തുടക്കം കൊള്ളാമായിരുന്നു. കാപ്പ ലിസ്റ്റിൽ വരുന്ന ഭാര്യയുടെ പേരിന്റെ പിന്നിൽ ഉള്ള രഹസ്യം അറിയാൻ ശ്രമിക്കുന്ന യുവാവിന്റെ കഥയിലൂടെ ആണ്‌ ചിത്രം ആരംഭിക്കുന്നത്. പക്ഷെ പിന്നെ ക്ളീഷെയുടെ അയ്യര് കളി ആയിരുന്നു.

  

 കഥയുടെ പ്രധാന വഴിത്തിരിവ് പല സിനിമകളിലും കണ്ടിട്ടുള്ളതാണ്. ക്ലൈമാക്സ് ഊഹിക്കാൻ കഴിയുന്നത് ആണെങ്കിലും നന്നായിരുന്നു. പക്ഷെ അതിൽ ഒരു പോരായ്മ ഇതിൽ തോന്നിയത് അന്ന ബെന്നിന്റെ കഥാപാത്രം ആയിരുന്നു. അത്തരം ഒരു റോൾ ഉണ്ടാക്കുമായിരുന്ന വലിയ ഒരു ഇമ്പാക്ട് സിനിമയ്ക്ക് ഗുണം ചെയ്തേനെ. പക്ഷെ ഒരു ഗും ഇല്ലാതെ പോയി.


  കഥ ക്ളീഷേ ആണെങ്കിലും ഷാജി കൈലാസിന്റെ സിനിമയുടെ അവതരണ രീതി ഇഷ്ടപ്പെട്ടൂ. ബോർ അടിക്കാതെ സിനിമ കാണാൻ കഴിഞ്ഞത് അത് കൊണ്ടാണ്. പുള്ളിയുടെ സ്ഥിരം കയ്യുടെയും കാലിന്റെയും ക്ളോസപ്പ്, കാലിന്റെയും കയ്യുടെയും ഇടയിലൂടെ വച്ചുള്ള ക്യാമറ ഒന്നും ഇല്ലായിരുന്നു. എന്തിനേറെ, സ്ലോ മോഷൻ സീനുകൾ വരെ താരതമ്യേന കുറവായിരുന്നു എന്ന് തോന്നി.ഇന്ദുഗോപന്റെ  ശംഖുമുഖി വായിച്ചിട്ടില്ല. പക്ഷെ ഇതു തന്നെ ആണ്‌ കഥയെങ്കിൽ വായിക്കാതെ ഇരുന്നത് നന്നായെന്ന് തോന്നി. സിനിമയുടെ കഥ അങ്ങനെ വലിയ സംഭവം ആയി തോന്നിയില്ല എന്നതാണ് കാരണം.


  അഭിനയിച്ചവർ എല്ലാം നന്നായിരുന്നു. ജഗദീഷ് ഈ ഒരു ലുക്കിൽ തന്നെ കുറച്ചു സിനിമകൾ അഭിനയിച്ചതോടെ ടൈപ്പ് - കാസ്റ്റ് ചെയ്യപ്പെട്ടു പോകുന്നുണ്ടെന്നു തോന്നി. മോശം ആണെന്ന് അല്ല പറഞ്ഞത്. പക്ഷെ ഒരേ പോലത്തെ കഥാപാത്രങ്ങൾ വരുമ്പോൾ സുരാജ് വെഞ്ഞാറമൂടിനെ പോലെ ബോർ ആയി മാറാൻ സാധ്യത ഉണ്ടെന്നു മാത്രം.പൃഥ്വിരാജ് ഇത്തരം റോളുകൾ ചെയ്യുമ്പോൾ സ്ഥിരം മോഹൻലാലിൻറെ പ്രേതം കയറുമായിരുന്നു. അത് കുറച്ചു കുറവുണ്ട് കാപ്പയിൽ.ഫ്ലാഷ്ബാക്ക് സീനുകളിൽ പൃഥ്വി പഴയ അൻവർ സിനിമയിലെ ലുക് പോലെ ഉണ്ടായിരുന്നു. അപർണയും ആസിഫും ദിലീഷും നന്നായി തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 

എന്തായാലും മൊത്തത്തിൽ ശരാശരി ആയ ഒരു അനുഭവം ആയിരുന്നു കാപ്പ.തീരെ മോശവും അല്ല, വലിയ സംഭവവും അല്ലാത്ത ഒരു സിനിമ.പുതിയ സിനിമ ആയതു കൊണ്ട് വെറുതെ ഇരുന്നു കണ്ടോളൂ.


എന്റെ റേറ്റിങ് : 3/5




    

No comments:

Post a Comment

1818. Lucy (English, 2014)