Thursday 19 January 2023

1650. Bloody Hell (English, 2020)

 1650. Bloody Hell (English, 2020)

          Horror, Comedy.


റെക്സിനെ പോലീസ് അറസ്റ്റ് ചെയ്തു അഞ്ചു വർഷം ശിക്ഷ കൊടുത്തത് എന്തിനാണ് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും. കാരണം, ബാങ്ക് കൊള്ളയടിക്കാൻ വന്നവരെ റെക്സ് തട്ടി കളഞ്ഞുവത്രെ. റെക്സ് ഇഷ്ടപ്പെടുന്ന സ്ത്രീയുടെ മുന്നിൽ വച്ച് ഹീറോ ആയി, നാട്ടുകാരുടെയും ഹീറോ ആയി. നാട്ടുകാരുടെ ജോൺ വിക്ക് ഒക്കെ ആയി. പക്ഷേ  നിയമം അതിന്റെ വഴിക്ക് പണി കൊടുത്തൂ. പാവം റെക്സ് അഞ്ചു വർഷം ജയിലിൽ കഴിഞ്ഞു ഇറങ്ങുകയാണ്. ഇനി നാട്ടിൽ നിന്നാൽ ശരിയാകില്ല എന്നത് കൊണ്ട് അമേരിക്ക വിട്ട് ആരും അയാളെ മനസിലാക്കാൻ സാധ്യത ഇല്ലാത്ത ഫിൻലാൻഡിലേക്ക് പോവുകയാണ്.

പക്ഷേ അവിടെ കാത്തിരുന്നതോ?പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ ഉള്ള അവസ്ഥ. അവിടെ പന്തയം കൊളുത്തി പട നടക്കുകയാണ്. ഇനി ഉള്ള കഥ പറയില്ല. കാരണം, അവിടെ റെക്സ് വീണ്ടും  ജോൺ വിക്ക് ആകേണ്ടി വരുകയാണ്.ഇത്തവണ ആയില്ലെങ്കിൽ റെക്സിന്റെ കട്ടയും പടവും സ്വാഹാ! ഭൂമിയിലെ ഏറ്റവും സമാധാനപരമായി ആളുകൾ ജീവിക്കുന്ന ഫിൻലാൻഡിൽ എന്താണ് സംഭവിച്ചത് എന്നറിഞ്ഞാൽ വീണ്ടും വേണമെങ്കിൽ ഞെട്ടാം . അങ്ങനെ ഞെട്ടണമെങ്കിൽ സിനിമ കണ്ടോളൂ . നമ്മൾ വായിച്ചറിഞ്ഞ ഫിൻലാൻഡ് അല്ലായിരുന്നു റെക്സ് കണ്ട ഫിൻലാൻഡ്.

  അപ്രതീക്ഷിതമായി കാണാൻ തീരുമാനിച്ച ചിത്രമായിരുന്നു Bloody Hell. എന്തെങ്കിലും ഒരു ആക്ഷൻ പടം കാണണം എന്നു തോന്നി. ഓസ്ട്രേലിയയിൽ നിന്നും ഉള്ള ഈ ചിത്രം ബ്ലാക് ഹ്യൂമറിലൂടെ ആണ് അവതരിപ്പിച്ചിരിക്കുന്നത്. അത് സിനിമയുടെ അവസാനം വരെയും അങ്ങനെയാണ്. ഡാർക് ആണെങ്കിലും സിനിമയുടെ മൊത്തത്തിൽ ഉള്ള വേഗതയും ഇത്തരം ഒരു ചിത്രത്തിന് നല്ലതായിരുന്നു. ഇത്തരം ഒരു ഴോൻറെയിൽ വരുന്ന ചിത്രം ആസ്വാദ്യകരം ആക്കാൻ ഉള്ളതെല്ലാം ചിത്രത്തിലുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് രംഗം ഒക്കെ നന്നായിരുന്നു.  

എനിക്കു എന്തായാലും ഇഷ്ടപ്പെട്ടൂ. അപ്രതീക്ഷിതമായി നല്ലൊരു ആക്ഷൻ ഹൊറർ സിനിമ കണ്ടതിന്റെ സന്തോഷം.  ചിത്രം കാണാൻ താൽപ്പര്യം ഉള്ളവർക്ക് വേണ്ടി ലിങ്ക് t.me/mhviews1 ൽ ഇടാം.

കണ്ടിട്ടുള്ളവർ അഭിപ്രായം പറയണേ.

എന്റെ റേറ്റിംഗ്: 3.5/5


No comments:

Post a Comment

1818. Lucy (English, 2014)