Wednesday, 28 December 2022

1626. The Outfit (English, 2022)

1626. The Outfit (English, 2022)

          Mystery, Thriller: Streaming on Crave.



  കിളി പാറുന്ന തരത്തിൽ ട്വിസ്റ്റുകൾ ഉള്ള ഒരു സിനിമ. അതും അവസാന സീനിൽ വരെ അത്തരത്തിൽ പ്രേക്ഷകന് നൽകുകയും ചെയ്യുന്നു, അതും ക്ലൈമാക്സ്‌ സീനിലെ മാസ് രംഗം കൂടി ആകുമ്പോൾ ഒന്നും പറയുകയും വേണ്ട. കത്തിക്കയറുക എന്നൊക്കെ പറഞ്ഞാൽ ഇതാണ് !!

  

      പറഞ്ഞ് വരുന്നത് ഗ്രഹാം മൂറിന്റെ The Outfit എന്ന സിനിമയെ കുറിച്ചാണ്. നല്ല IMDb റേറ്റിങ് ഉള്ള സിനിമ. സിനിമയുടെ സിനൊപ്സിസ് വായിച്ചപ്പോൾ ഒരു survival thriller ആയിരിക്കും എന്ന് തോന്നി. സിനിമ തുടങ്ങി. നിയോ നുവാർ രീതിയിൽ ഉള്ള സിനിമ ആയിരിക്കും എന്ന് തുടക്കത്തിൽ ഉള്ള സീനുകൾ തോന്നിപ്പിച്ചു.

      

    എന്നാൽ പതിയെ സിനിമയുടെ സ്വഭാവം മാറുകയായിരുന്നു. ബർലിംഗിന്റെ സ്യുട്ട് തയ്ക്കുന്ന കടയിൽ അതിനെ കുറിച്ചുള്ള വിവരണം തുടക്കം കാണുമ്പോൾ നമ്മൾ പിന്നീട് നടക്കാൻ പോകുന്ന സംഭവങ്ങൾ ഇങ്ങനെ ഒക്കെ ആയിരിക്കും എന്ന് കരുതില്ല. അതാണ്‌ ഈ സിനിമയുടെ പ്രത്യേകതയും. കഥാപത്രങ്ങളെ കുറിച്ചുള്ള മുൻധാരണകൾ പ്രേക്ഷകനിൽ തുടക്കത്തിൽ ഉണ്ടാക്കുകയും പിന്നീട് അത് മാറി മറിക്കുമ്പോൾ ഉള്ള impact ഉണ്ടല്ലോ? അതാണ്‌ ഞാൻ ഈ സിനിമയിൽ ആസ്വദിച്ചത്. സിനിമ കണ്ടു തീർന്നപ്പോൾ മനസ്സ് നിറയുകയും ചെയ്തു.

    

   വളരെ സങ്കീർണം എന്ന് തോന്നാവുന്ന കഥയിൽ അവസാനം അന്ന് രാത്രി ആ കടയിൽ നടക്കുന്ന സംഭവങ്ങൾ എല്ലാം എന്തിനു വേണ്ടി ആണെന്ന് അറിയുന്ന നിമിഷം ആണ്‌, ഞാൻ ഇങ്ങനെ ഒരു സംഭവം ആലോചിച്ചില്ലല്ലോ എന്ന് ഓർത്തത്. Literally, disn't aee it comibg!. കഥയെ കുറിച്ച് ഇത്രയും പറയാം. ബർലിംഗിന്റെ സ്യുട്ട് തയ്ക്കുന്ന കടയിൽ അന്ന് രാത്രി അപകടകാരികൾ ആയ കുറച്ചു ആളുകൾ വരുകയാണ്. ബർലിംഗ് ആണെങ്കിൽ പാവപ്പെട്ട ഒരു വൃദ്ധനും.അയാൾക്ക്‌ അവർ അപകടം ഉണ്ടാക്കുമോ? ഉണ്ടായാൽ അയാൾ അത് എങ്ങനെ നേരിടും എന്ന് ഓർത്ത് നോക്കിക്കേ?


 അന്ന് രാത്രി എന്താകും നടക്കുക എന്ന് ഊഹിക്കേണ്ട. സിനിമ കണ്ടോളൂ. എന്നേ സംബന്ധിച്ച് മികച്ച സിനിമകളുടെ കൂട്ടത്തിൽ ആണ്‌ The Outfit ഉൾപ്പെടുക. സിനിമ കാണാൻ താല്പര്യം ഉള്ളവർക്ക് t.me‰‰ ടെലിഗ്രാം ലിങ്ക്  ൽ ലഭ്യമാണ്.


 സിനിമയ്ക്ക് എന്റെ റേറ്റിങ് : 4.5/5


Monday, 26 December 2022

1625. Jaya Jaya Jaya Jaya Hey (Malayalam, 2022)

 1625. Jaya Jaya Jaya Jaya Hey (Malayalam, 2022)

          Streaming on Hotstar.



 സിനിമ തിയറ്ററിൽ ഇറങ്ങിയപ്പോൾ രസകരമായ, നല്ല ഒരു സിനിമ ആണെന്നാണ് കേട്ടത്. സിനിമ OTT യിൽ വന്നപ്പോൾ അതേ പ്രതീക്ഷയുള്ള മനസ്സോടെ ആണ്‌ കാണാൻ ഇരുന്നതും. ക്ഷമിക്കണം. എന്റെ അഭിപ്രായം തികച്ചും വ്യത്യസ്തമാണ് ജയ ജയ ജയ ഹേ കണ്ടു കഴിഞ്ഞപ്പോൾ ഉണ്ടായത്. കുറെയേറെ ടോക്സിക് ആയ മനുഷ്യരും, അവയുടെ ടോക്സിക് ആയ ബന്ധങ്ങളും ആണ്‌ ഞാൻ സിനിമയിൽ കണ്ടത്.


   അങ്ങനെ പറയാൻ ഉള്ള കാരണങ്ങൾ പറഞ്ഞ് തുടങ്ങാം. ആദ്യം നായിക ആയ ജയയെ കാണിക്കുന്ന സീൻ മുതൽ പുരുഷന്മാരോടുള്ള അവരുടെ മുൻവിധികളെ കുറിച്ച് പറയുന്നുണ്ട്. സ്വന്തം വീട്ടിൽ നിന്നു തന്നെ അവരുടെ പിന്തിരിപ്പൻ ആയ അച്ഛൻ, ആങ്ങളയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന മാതാപിതാക്കൾ കാരണം അവനോടുള്ള ദേഷ്യം , പിന്നെ ഇതിലെല്ലാം അത്യാവശ്യം വളം വയ്ക്കുന്ന അമ്മ, അവരുടെ കോളേജ് അധ്യാപകനായ കലിപ്പൻ കാമുകൻ. അങ്ങനെ പലതും.

  

ഇനി ജയയുടെ ഭർത്താവായ രാജേഷിന്റെ കാര്യം നോക്കുക ആണെങ്കിൽ. അത് മറ്റൊരു കലിപ്പൻ. സ്വന്തം വീട്ടിലെ, അല്ലെങ്കിൽ വീട്ടിലേക്കു കല്യാണം കഴിച്ചു കൊണ്ട് വന്ന സ്ത്രീയോട് പോലും എങ്ങനെ സംസാരിക്കണം എന്നോ എങ്ങനെ പെരുമാറണോ എന്ന് പോലും ബോധം ഇല്ലാത്ത ഒരാൾ. നാട്ടിലും വീട്ടിലും സ്വയം കലിപ്പൻ ചമയുന്ന ടിയാൻ സ്വന്തം പെങ്ങളെ ഭക്ഷണം കഴിച്ചു വണ്ണം വച്ചെന്നും പറഞ്ഞ് തടിച്ചി എന്ന് വിളിക്കുകയും, ഭാര്യയെ 6 മാസം കൊണ്ട് 21 പ്രാവശ്യം തല്ലിയ ആളുമാണ്. സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരോട് ഉള്ള സമീപനം ആണെങ്കിൽ അത് പോലെ തന്നെ മോശം. ഇവർ മാത്രമല്ല, സ്വാർത്ഥരായ, സോഷ്യൽ സ്കിൽസ് തീരെ ഇല്ലാത്ത കുറെ ആളുകൾ ഒരുമിച്ചു നെഗറ്റീവ് വൈബ് തരുന്നത് പോലെ തോന്നും സിനിമ കാണുമ്പോൾ.


 എനിക്ക് സിനിമയിലെ യൂടൂബിൽ നിന്നും കരാട്ടെ പഠിച്ചതൊന്നും വിഷയം ആയി തോന്നുന്നില്ല. പകരം ആരോടും ഒട്ടും ആത്മാർഥത ഇല്ലാത്ത കുറെ മനുഷ്യരുടെ കഥയായി ആണ്‌ ജയ ജയ ജയ ജയ ഹേ തോന്നിയത്. ഇങ്ങനത്തെ ആളുകൾ ഇല്ല എന്നല്ല. പകരം അങ്ങനെ ഉള്ള ആളുകൾ ധാരാളമുള്ള സമൂഹം തന്നെ ആണ്‌ നമ്മുടേതും എന്നും അറിയാം. പക്ഷെ ഇതു പോലത്തെ കുറെ കഥാപത്രങ്ങൾ മാത്രമുള്ള സിനിമ എന്ന് പറയുമ്പോൾ അസഹനീയം ആയി തോന്നി.


 കഥ എന്ന് പറഞ്ഞാൽ വടക്കു നോക്കി യന്ത്രത്തിൽ ഫെമിനിസ്റ്റ് ആയ നായികയും സ്വയം വലിയ ആളാണെന്നു കരുതുന്ന 'കുടുംബത്തിൽ പിറന്ന പുരുഷനും'  കഥാപത്രങ്ങളായി വന്നാൽ എങ്ങനെ ഉണ്ടാകും? അങ്ങനെ ആണ്‌ തോന്നിയത്. ആകെ ഇഷ്ടപ്പെട്ടത് ഒന്ന് രണ്ട് സീൻ ആണ്‌. അതിൽ ഒന്ന് ക്ലൈമാക്സിനു തൊട്ടു മുന്നേ ജയയുടെയും രാജേഷിന്റെയും ജീവിതത്തിൽ ഇരുവരും ചേർന്ന് എടുക്കുന്ന തീരുമാനം ആണ്‌. ക്ളീഷേ കഥാന്ത്യം അല്ലാത്തത് നന്നായി.വേറെ നല്ലതൊന്നും സിനിമയിൽ എടുത്തു പറയാൻ തോന്നുന്നില്ല. ഇത്തരത്തിൽ വെറുപ്പ്‌ മാത്രം ഉള്ള കഥാപത്രങ്ങളും കഥയും ഉള്ള സിനിമകളെ താൽപ്പര്യമില്ലാത്ത ആളാണെങ്കിൽ അവർക്കും വെറുക്കാമല്ലോ? മൊത്തത്തിൽ സിനിമയിലെ കഥാപാത്രങ്ങൾ എല്ലാവരും അടിച്ചു പിരിഞ്ഞു പോകേണ്ടവർ ആയിരുന്നു എന്ന് തോന്നുന്നു.


കേരളത്തിൽ ഓടുന്ന രാഷ്ട്രീയ പശ്ചാത്തലവും അതിനെ ബാലൻസ് ചെയ്യാൻ എന്തെങ്കിലും ഒന്ന് സിനിമയിൽ കാണിച്ചാൽ അത് കേരളത്തിൽ ഹിറ്റ് ആകും എന്ന് നേരത്തെ തന്നെ അറിയാവുന്നത് ആണ്‌. അത് ഇവിടെയും ഉണ്ട്. നല്ലത്. ടാർഗറ്റ് ചെയ്യുന്ന പ്രേക്ഷകന്റെ അഭിരുചി അനുസരിച്ചു വേണമല്ലോ സിനിമകളും. വിജയിക്കുന്ന ഫോർമുല ഉപയോഗിക്കേണ്ടത് തന്നെയാണ്.


എന്തായാലും ഇത്രയും പറഞ്ഞതിൽ നിന്നും എനിക്ക് തീരെ ഇഷ്ടമായില്ല എന്ന് മനസ്സിലായിക്കാണുമല്ലോ? ഇനിയും നെഗറ്റീവ് ധാരാളം പറയണം എന്നുണ്ട്. എഴുതാൻ തുടങ്ങിയാൽ അത് നീണ്ടു പോകും. അത് കൊണ്ട് നിർത്തുന്നു.


 ഒട്ടും ഇഷ്ടം ഇല്ലാത്ത, മലയാളത്തിലെ മെഗാ സീരിയലുകളെ വരെ തോൽപ്പിക്കുന്ന വിഷം നിറഞ്ഞ കഥ ആണ് ജയ ജയ ജയ ജയ യ്ക്ക് ഉള്ളത്. സിനിമ ഇഷ്ടമായവരോട് ഒരു പരിഭവവും ഇല്ല. സംഭവം എന്റെ സ്വന്തം അഭിപ്രായം ആണ്‌.


റേറ്റിങ് ഒന്നും ഇടുന്നില്ല. എനിക്ക് ഇഷ്ടപ്പെട്ടില്ല. സിനിമ റിലീസ് ആക്കി തിയറ്ററിൽ ഓടിച്ച്, OTT യിൽ വരെ എത്തിച്ചു, അവിടെയും ഹിറ്റ് ആക്കി എന്നറിഞ്ഞൂ. സിനിമ ലാഭത്തിൽ ആയി കാണുമല്ലോ? സന്തോഷം.


Saturday, 24 December 2022

1624. Glass Onion: A Knives Out Mystery (English, 2022)

 1624. Glass Onion: A Knives Out Mystery (English, 2022)

         Mystery, Thriller: Streaming on Netflix



  ലോകത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷകൻ ആയ ബെനോ ബ്ളാങ്ക് കോടീശ്വരൻ ആയ മൈൽസ് തന്റെ അടുത്ത സുഹൃത്തുക്കൾക്കു വേണ്ടി തന്റെ സ്വകാര്യ ദ്വീപിൽ നടത്തുന്ന വാരാന്ത്യ പാർട്ടിയിൽ ആണ്‌ ഉള്ളത് . മൈൽസിന്റെ ക്ഷണം ലഭിച്ച സുഹൃത്തുക്കളും പിന്നെ ബെനോയും ഉൾപ്പെടുന്ന സംഘത്തിന് മുന്നിൽ മൈൽസ് ഒരു ഗെയിം ഒരുക്കുകയാണ്. മൈൽസിന്റെ തന്നെ ഭാവനയിൽ ഉള്ള അയാളുടെ കൊലപാതകത്തിലെ കൊലപാതകിയെ കണ്ടെത്താൻ ഉള്ള ഒരു കുറ്റാന്വേഷണം പോലെ ഒരു കളി. എന്നാൽ ഈ ഗെയിം അവരെ കൊണ്ടെത്തിക്കുന്നത് കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് ആണ്‌.


  മനുഷ്യ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന പല വികാരങ്ങളും ഉണ്ട്. അത് പകയുടേത് ആകാം, ദേഷ്യത്തിന്റെ ആകാം, സ്നേഹത്തിന്റെ ആകാം. അങ്ങനെ പലതും പലപ്പോഴും ഒളിച്ചു വയ്ക്കാറുണ്ട്. അത്തരത്തിൽ പലതും ഒളിപ്പിക്കുന്ന കുറെ വ്യക്തികൾ. ആരെ വേണമെങ്കിലും ഓരോ കാര്യത്തിലും സംശയിക്കാവുന്ന സാഹചര്യം. അതാണ്‌ Glass Onion: A Knives Out മൈസ്റ്ററി ൽ സംഭവിക്കുന്നതും. തങ്ങളുടെ നില നിൽപ്പിനായി മനുഷ്യൻ ചെയ്യുന്നത് എല്ലാം പലപ്പോഴും മറ്റുള്ളവരുടെ നാശത്തിലേക്കു ആകും കൊണ്ട് എത്തിക്കുക. ചിലപ്പോൾ അത് സ്വന്തം കുഴി തോണ്ടുന്നത് പോലെ ആവുകയും ചെയ്യും.


ക്ലാസിക്കൽ കുറ്റാന്വേഷണ സിനിമയുടെ ഫോർമാറ്റിൽ തന്നെ ഉള്ള ഒരു സിനിമയാണ് Glass Onion: A Knives Out Mystery. ഓരോ സംഭവത്തിന്‌ പുറകിൽ ഉള്ള രഹസ്യവും, ആര്, എന്തിനു, എവിടെ, എങ്ങനെ, എപ്പോൾ എന്നുള്ള ഫോർമാറ്റിൽ തന്നെ കഥയായി ബെനോ ബ്ളാങ്ക് അവതരിപ്പിക്കുന്നുണ്ട്. കഥയിൽ കഥാപത്രങ്ങളുടെ മാനസികാവസ്ഥയിൽ അവർ എങ്ങനെ പെരുമാറുന്നു എന്നത് ആണ്‌ വലിയ ട്വിസ്റ്റുകളിലേക്ക് സിനിമയെ കൊണ്ട് പോകുന്നത്. അഗത ക്രിസ്റ്റിയുടെ And Then There Were None ന്റെ കഥാപരിസരങ്ങളിലേക്ക് കുറച്ചൊക്കെ Glass Onion: A Knives Out Mystery സാമ്യം കാണിക്കുന്നുണ്ടെങ്കിലും അത് കഥയുടെ പരിസരങ്ങളിലേക്ക് പ്രേക്ഷകനെ എത്തിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നുണ്ട്.


ആദ്യ ഭാഗം എങ്ങനെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയോ, അത് പോലെ തന്നെ പൂർണ തൃപ്തി നൽകുന്നുണ്ട് Glass Onion: A Knives Out Mystery. പ്രത്യേകിച്ചും മിസ്റ്ററി ത്രില്ലർ സിനിമകൾ എല്ലാം കൂടുതൽ സങ്കീർണം ആകുന്ന ഈ കാലത്ത്, എല്ലാ ഴൊന്രേകളിലും കൂടി പോയി പ്രേക്ഷകനെ പിടിച്ചിരുത്തുവാൻ Glass Onion: A Knives Out Mystery ക്ക് കഴിയുന്നുണ്ട്.


എന്റെ റേറ്റിങ് : 5/5

Tuesday, 20 December 2022

1623. Violent Night (English, 2022)

 1623. Violent Night (English, 2022)

         Action, Thriller.



 ബാറിൽ പോയി ബിയർ കുടിച്ചിട്ട് രാത്രി വാളും വച്ച് കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ പോകുന്ന സാന്റ. അങ്ങനെയും ഒരു സാന്റ.അന്ന് രാത്രി സാന്റ എത്തുന്ന വീട്ടിൽ ഒരു ആക്രമണം നടക്കുകയാണ്. അമേരിക്കയിലെ ഏറ്റവും വലിയ സുരക്ഷാസന്നാഹങ്ങൾ ഉള്ള വീട്ടിൽ ആണ്‌ അത് സംഭവിക്കുന്നത്. അൽപ്പം തരികിട ആയ ഇവിടത്തെ സാന്റ അന്ന് സ്ഥായിയായ ഭാവം വിട്ടു ആക്ഷൻ ഹീറോ ആകുന്നു.


   Santa meets Die Hard എന്ന് വിളിക്കാം Violent Night നെ. ഈ വർഷത്തെ അപ്രതീക്ഷിത ഹിറ്റുകളിൽ ഒന്നാണ് ചിത്രം. ഇപ്പോഴും തിയറ്ററിൽ ഉള്ള സിനിമയുടെ ഡിജിറ്റൽ റിലീസ് നടന്നിരുന്നു. ഒരു ഫുൾ പാക്ഡ് ആക്ഷൻ സ്റ്റോറി എന്നതിലുപരി സാന്റ ക്ളോസിനെ ഇത്തരത്തിൽ ഒരു ആക്ഷൻ ഹീറോ സെറ്റപ്പിൽ, അതും അൽപ്പം കൂടുതൽ രക്ത ചൊരിച്ചിൽ ഉള്ള കൂടുതൽ gore ആയ സീനുകൾ ഉള്ള സിനിമ എന്ന നിലയിൽ ആണ്‌ സിനിമ ശ്രദ്ധേയം ആകുന്നതു.

   

ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി ക്രിസ്മസ് സീസണിൽ കാണുന്ന ക്രിസ്മസ് സിനിമകളിൽ അൽപ്പം ആക്ഷനും വയലൻസും വേണം എന്ന് തോന്നിയാൽ മടിക്കേണ്ട, Violent Night നല്ലൊരു ഓപ്ഷൻ ആണ്‌. കഥയൊക്കെ predictable ആണെങ്കിൽ പോലും നല്ല ആക്ഷൻ രംഗങ്ങൾ, സാന്റയുടെ കഥയിൽ നൽകിയ വ്യത്യസ്ത പരിവേഷം എല്ലാം തന്നെ ഇഷ്ടപ്പെട്ടൂ.സാന്റയുടെ നന്മ മരം concept വിട്ടു ഉള്ള വ്യത്യസ്തമായ ഒരു ശ്രമം ആണ്‌ Violent Night. ബോർ അടിക്കാതെ കാണാവുന്ന ഒരു ആക്ഷൻ ചിത്രം.


 എന്റെ ചെറിയ ഒരു റേറ്റിങ് :4/5


സിനിമ കാണണം  എന്നുള്ളവർക്ക് ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

Monday, 19 December 2022

1622. Taxi Driver (English, 1976)

 

1622. Taxi Driver (English, 1976)
         Psychological Thriller, Drama. Streaming on Netflix



ട്രാവിസ് ബിക്കിളിനെ കുറിച്ച് പറയാൻ ഏറ്റവും എളുപ്പം റോജർ എബർട്ട് അദ്ദേഹത്തിന്റെ റിവ്യൂവിൽ എഴുതിയ വാക്കുകൾ ഉപയോഗിച്ച് ആണ്‌. റോഡ് മുറിച്ചു കടക്കാൻ താൽപ്പര്യം ഇല്ലാത്ത വൃദ്ധയെ താൻ എന്തോ വലിയ കാര്യമാണ് ചെയ്തത് എന്ന് വിശ്വസിച്ചു റോഡ് മുറിച്ചു കടത്തുന്ന ആൾ. അതാണ്‌ ട്രാവിസും ചെയ്യുന്നത്. ഇൻസോംനിയ കാരണം രാത്രി ഉറക്കം ഇല്ലാത്തത് കൊണ്ട് തനിക്കു ഏറ്റവും യോജിച്ച ജോലി രാത്രിയിൽ ടാക്സി ഓടിക്കുന്നത് ആണെന്ന്  ട്രാവിസ് കണ്ടെത്തുന്നു. അയാളുടെ കണ്ണിൽപ്പെടുന്ന രണ്ട് സ്ത്രീകൾ അപകടത്തിൽ ആണെന്ന് വിശ്വസിക്കുകയും അവരെ രക്ഷപ്പെടുത്താൻ അവർക്കു താൽപ്പര്യം ഇല്ലാതിരുന്നിട്ട് കൂടി ശ്രമിക്കുകയും ചെയ്യുന്നു.

  തന്റെ നഗരത്തിനെ കാർന്നു തിന്നുന്ന എല്ലാത്തരം മാലിന്യങ്ങളെയും നശിപ്പിക്കണം എന്ന് കരുതുന്ന, ഒരു പക്ഷെ സ്വയം ഒരു രക്ഷകൻ വേഷം അണിയാൻ ആണ്‌ ട്രാവിസ് ശ്രമിക്കുന്നതും. ട്രാവിസ് സാമൂഹികമായുള്ള ബന്ധങ്ങൾ നിർമിച്ചു എടുക്കുന്നതിൽ വലിയ പരാജയം ആണ്‌. അല്ലെങ്കിൽ തനിക്ക് ഇഷ്ടപ്പെട്ട സ്ത്രീയെ സിനിമയ്ക്ക് വിളിച്ചിട്ടു xxx ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററിൽ കൊണ്ട് പോകുമോ? അയാൾ ശരിക്കും ഒരു മായാ ലോകത്തിൽ ആണ്‌. തന്റെ ചുറ്റും ഉള്ളവരെ ആ ലോകത്തിലേക്കു എത്തിക്കാൻ അയാൾ ശ്രമിക്കുന്നും ഉണ്ട്.

തമാശയ്ക്ക് ജോലി ഇല്ലാതെ ഇരിക്കുന്ന ആൾ താൻ യഥാർത്ഥത്തിൽ സീക്രട്ട് സർവീസിൽ ജോലി ചെയ്യുന്നു എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും? ട്രാവിസും അങ്ങനെ എല്ലാം സ്വയം വിശ്വസിക്കുകയാണ്  താൻ സീക്രട്ട് സർവീസിൽ ആണെന്ന്. അല്ലെങ്കിൽ അയാൾ അങ്ങനെയും സ്വയം പരിചയപ്പെടുത്തുകയാണ്. ട്രാവീസിന്റെ ഏകാന്ത ജീവിതത്തിൽ അയാൾ മനസ്സിൽ സങ്കൽപ്പിച്ചു നിർമിക്കുന്ന ശത്രുക്കളും ഇരകളും എല്ലാം അയാളുടെ ജീവിതത്തിന്റെ ഭാഗം ആവുകയാണ് പതുക്കെ.

മാർട്ടിൻ സ്ക്കോർസി മൈക്കിൾ ചാപ്മാൻറെ ഒപ്പം സൃഷ്ടിച്ച ദൃശ്യവിന്യാസത്തിലെ പുതുമകളുടെ എല്ലാം മുന്നിൽ നിൽക്കുന്ന കഥാപാത്ര സൃഷ്ടി ആണ്‌ Taxi Driver ലെ ട്രാവിസ് ബിക്കിൾ.എക്കാലത്തെയും എനിക്കിഷ്ടപ്പെട്ട മികച്ച സിനിമകളിൽ ഒന്നായി Taxi Driver മാറാൻ കാരണവും അതാണ്‌ . Taxi Driver കോളേജ് കാലഘട്ടത്തിൽ കാണുമ്പോൾ A Clockwork Orange, The Shining എന്നിവ പോലെയൊക്കെ കഥാപാത്ര സൃഷ്ടിയിൽ പ്രാധാന്യം കൊടുത്ത ക്ലാസിക്കുകൾ ആയിട്ട് കണക്കാക്കാൻ ആണ്‌ ഇഷ്ടപ്പെട്ടത്. ഇന്നും ആ കാഴ്ചപ്പാടിൽ മാറ്റം ഇല്ല.ഡി നീറോയെ കുറിച്ച് ഒന്നും പറയാനില്ല. ഈ ചിത്രത്തിൽ ട്രാവിസ് ബിക്കിളിനെ കാണാൻ മാത്രമേ സാധിച്ചുള്ളൂ. അതാണ്‌.

വീണ്ടും കാണുമ്പോൾ/ കണ്ടപ്പോൾ ട്രാവിസ് ബിക്കിൾ സമൂഹത്തിനു അപകടകാരി ആണോ അതോ മാനസികാരോഗ്യം ആകെ താറുമാറായ, സഹായം കിട്ടാത്ത ഒരു മനുഷ്യൻ ആണോ എന്ന് മാത്രം പൂർണമായും മനസ്സിലാകാതെ നിൽക്കുന്നുണ്ട്.

വളരെയധികം ഇഷ്ടപ്പെട്ട ചിത്രം എന്ന നിലയിൽ 5/5 ൽ കുറഞ്ഞത് ഒന്നും റേറ്റിങ് ആയി കൊടുക്കാൻ മനസ്സ് സമ്മതിക്കുകയും ഇല്ല.

Taxi Driver കാണാത്തവർക്ക് ടെലിഗ്രാം ലിങ്ക്  കൊടുക്കുന്നു.

t.me/mhviews1

Taxi Driver ലെ ട്രാവിസ് ആരാധകർ ഉണ്ടോ ഇവിടെ?

1621.God's Crooked Lines (Spanish, 2022)

 1621.God's Crooked Lines (Spanish, 2022)

       Psychological Thriller: Streaming on Netflix.



    ആലീസ് മാനസിക പ്രശ്നങ്ങൾ ഉള്ളവരെ ചികിൽസിക്കുന്ന ആശുപത്രിയിലേക്ക് കടന്ന് ചെല്ലുന്നതു ഒറ്റയ്ക്കാണ്. പ്രശസ്തരായ രണ്ട് ഡോക്റ്റർമാരുടെ റെഫെറൻസ് അനുസരിച്ചു അവൾ സ്വയം അഡ്മിറ്റ് ആവുകയാണ്. എന്നാൽ ആലീസ് അവിടെ എത്തിയതിനു മറ്റൊരു ഉദ്ദേശം ഉണ്ടായിരുന്നു. ഒരു കൊലപാതകത്തെ കുറിച്ചുള്ള വിവരം അറിയാൻ വേണ്ടി ആണ്‌ അവൾ അവിടേക്കു വന്നത്. അവൾ തന്റെ അന്വേഷണം രഹസ്യമായി നടത്തുന്ന സമയത്ത് ആണ്‌ മറ്റൊരു കാര്യം സംഭവിക്കുന്നത്. ആലീസിന് കൊലപാതകം അന്വേഷിക്കാൻ വേണ്ടി ആശുപത്രിയിൽ ഒരു രോഗിയായി കയറാൻ വേണ്ടി എഴുത്തുകൾ കൊടുത്ത ഡോക്റ്റർമാർക്ക് അവളെ അറിയില്ല എന്ന്. യഥാർത്ഥത്തിൽ എന്താണ് അവിടെ സംഭവിച്ചത്? ആലീസ് കള്ളം പറയുക ആണോ അതോ മറ്റുള്ളവരോ?


       ഒറിയോൾ പോളോയുടെ ആരാധകർക്കു അറിയാം അദ്ദേഹത്തിന്റെ കഥകളിൽ മിസ്റ്ററി അവതരിപ്പിക്കുന്ന രീതി. കഥയിലെ ഓരോ കഥാപാത്രവും പ്രേക്ഷകന്റെ സംശയത്തിന്റെ ദൃഷ്ടിയിൽ തന്നെ ആയിരിക്കും ക്ലൈമാക്സ്‌ ആകുന്നതു വരെയും. അതും പലപ്പോഴും തീരെ പ്രാധാന്യം ഇല്ല എന്ന് തോന്നുന്ന കഥാപാത്രം ആയാൽ പോലും. ശരിക്കും അയാൾ ഒരു കൺക്കെട്ടു വിദ്യ ആണ്‌ തന്റെ കഥകളിൽ നടത്തുന്നത്. പ്രേക്ഷകന്റെ ശ്രദ്ധ തിരിച്ചു വിട്ടു കൊണ്ട് മിസ്റ്ററി അവതരിപ്പിക്കുന്നു.അത് തന്നെയാണ് ഇവിടെയും ചെയ്തിരിക്കുന്നത്.


  പല കഥാപാത്രങ്ങളും പ്രേക്ഷകന്റെ മുന്നിൽ സംശയത്തിൽ ആണ്‌. ആ സംശയങ്ങൾ ആണ്‌ സിനിമയെ മികച്ചത് ആക്കുന്നതും. അത് അവസാന രംഗത്തിൽ വരെ തുടരുകയും ചെയ്യുന്നു. ശരിക്കും പോളോയുടെ കഥകൾ അത്തരത്തിൽ ആണ്‌. ഈ സിനിമയിൽ Los renglones torcidos de Dios എന്ന Torcuato Luca de Tena യുടെ നോവലിനെ ആസ്പദമാക്കിയാണ് ഒറിയോൾ പോളോ സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ഒറിയോൾ പോളോയുടെ കൈമുദ്ര പതിഞ്ഞിട്ടുള്ള സിനിമ അവതരണം ആണ്‌ ഇവിടെയും. പ്രത്യേകിച്ചും പ്രേക്ഷകൻ പ്രതീക്ഷിച്ചിരിക്കുന്ന കഥാഗതി ആണ്‌ ഇവിടെയും. പ്രേക്ഷകൻ,ഇങ്ങനെ ആയിരിക്കും എന്ന് ചിന്തിക്കുന്നിടത്തു നിന്നും നമുക്ക് അത്ഭുതങ്ങൾ തന്ന് കൊണ്ടിരിക്കും.


  കണ്ടു നോക്കുക. ഒരു സ്ലോ പേസ്ഡ് സൈക്കോളജിക്കൽ ത്രില്ലർ ആണ്‌. രണ്ട് കാലഘട്ടം സിനിമയിൽ കാണിക്കുന്നത് ഇടയ്ക്ക് കുഴപ്പിക്കുന്നും ഉണ്ട് കഥയിൽ. നേരത്തെ പറഞ്ഞ കൺക്കെട്ടു വിദ്യ ആണ്‌ അത്.ഇവിടെ അത് നല്ലത് പോലെ ഉപയോഗിക്കുന്നും ഉണ്ട്.


 സിനിമയുടെ ചെറിയ ഒരു റേറ്റിങ് :4/5


സിനിമയുടെ ഡൌൺലോഡ് ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


God's Crooked Lines കണ്ടവർക്ക് സിനിമ ഇഷ്ടപ്പെട്ടിരുന്നോ? അഭിപ്രായങ്ങൾ പങ്ക് വയ്ക്കുമല്ലോ? 


 

Saturday, 17 December 2022

1620. Avatar: The Way of Water (English, 2022)

 1620.  Avatar: The Way of Water (English, 2022)

          Action , Sci- Fi



 മൂന്നു മണിക്കൂറിൽ കൂടുതൽ ഉള്ള സിനിമ. അതും ഇന്റർവെൽ പോലും ഇല്ലാതെ ഒറ്റ ഇരുപ്പിന് കാണുക. മുതിർന്നവർ മാത്രം അല്ല. കുട്ടികളും. Visual Magic കൊണ്ട് സ്‌ക്രീനിൽ തന്നെ ശ്രദ്ധിക്കണം ഓരോ പ്രേക്ഷകനും എന്ന ഉദ്ദേശത്തോടെ എടുത്ത ചിത്രം. അതാണ്‌ Avatar: The Way of Water. ജയിംസ് കാമറൂൺ എന്തൊരു സംഭവം ആണെന്ന് പറഞ്ഞ നമ്മുടെ ഒക്കെ തലമുറയുടെ അടുത്ത തലമുറകളും ഇതു തന്നെ പറയും എന്ന് ഉറപ്പിച്ചു പറയാവുന്ന ചിത്രം.


സയൻസ് ഫിക്ഷൻ മുതൽ സിനിമ പല ഴോൻറെയിൽ കൂടി സഞ്ചരിക്കുമ്പോഴും ആദ്യ ഭാഗം തന്ന അതേ സംതൃപ്തി രണ്ടാം ഭാഗത്തിലും കിട്ടുക എന്ന് പറഞ്ഞാൽ അധികം ആകില്ല. ഇത്രയും വലിയ ഒരു ഹൈപ്പിനോട് നീതി പുലർത്തുക എന്നൊക്കെ പറഞ്ഞാൽ എന്ത് മാത്രം ബുദ്ധിമുട്ടാകും? അത്രയും വലിയ ബെഞ്ച്മാർക് ആണല്ലോ ആദ്യ ഭാഗം ഉണ്ടാക്കി വച്ചതും?


 ജേക്ക് സല്ലിയുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചു. ഇന്ന്‌ അയാൾ തന്റെ ഗോത്രത്തിന്റെ ചീഫ് ആണ്‌. കുടുംബസ്ഥൻ ആണ്‌. പിതാവും ആണ്‌. തനിക്കെതിരെ, താൻ നില കൊണ്ട ആദർശങ്ങൾക്ക് എതിരെ വീണ്ടും ശത്രുക്കൾ അണി നിരക്കുന്നു. തന്റെ കുടുംബത്തെ രക്ഷിക്കേണ്ട ചുമതലയും അയാൾക്കാണ്. അതിനായി തുടങ്ങുന്ന യാത്ര നമ്മളെ കൊണ്ടെത്തിക്കുന്നത് കൊതിയോടെ സ്‌ക്രീനിൽ നോക്കി ഇരിക്കാൻ തക്ക മനോഹരമായ ദൃശ്യ ഭംഗിയിലേക്ക് ആണ്‌.അതാണ്‌ സിനിമയുടെ കഥയും.


എത്ര മനോഹരമായ ഭാവന ആണ്‌ ഓരോ കാഴ്ചയും? കൊതി തോന്നി പോകും. യഥാർത്ഥത്തിൽ ഭൂമിയിൽ അങ്ങനെ ഒരു സ്ഥലം ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ ഓർത്ത്. നല്ല ശക്തമായ ഒരു കഥ സിനിമയ്ക്കുണ്ട്. വെറുതെ തട്ടി കൂട്ടൽ അല്ലായിരുന്നു. മുന്നോട്ടു വരുന്ന ഭാഗങ്ങളിലേക്ക് കഥാപത്രങ്ങളെ ഡെവലപ്പ് ചെയ്തു തന്നെയാണ് ഈ രണ്ടാം ഭാഗം അവതരിപ്പിച്ചതും. കഥ എന്ന് പറയുമ്പോൾ മിസ്റ്ററി - ഡാർക്ക്‌ ത്രില്ലർ ഒന്നും അല്ല കേട്ടോ. ഇത്തരത്തിൽ ഉള്ള ഒരു സിനിമയ്ക്ക് പറ്റുന്ന കഥ. ആദ്യ ഭാഗം വിയറ്റ്‌നാം കോളനി ആണെന്ന് പറഞ്ഞവരെ ഓർമിപ്പിക്കുന്നുണ്ട് ഈ ഭാഗത്തിലെ കഥ വേറെ എന്തൊക്കെയോ ആണെന്ന് പറഞ്ഞവരെ.എന്റെ എട്ടും, നാലും, രണ്ടും വയസ്സുള്ള കുട്ടികൾ സിനിമ അലമ്പ് ഉണ്ടാക്കാതെ മൊത്തത്തിൽ ഇരുന്നു കണ്ടത് തന്നെ വളരെയധികം സന്തോഷം തന്ന്.എനിക്ക് സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കിരി എന്ന കഥാപാത്രം ആണ്‌. ധാരാളം സാധ്യതകൾ ഉള്ള സ്വഭാവം ഉള്ള ഒരു കഥാപാത്രം ആണ്‌ അവൾ. മുന്നോട്ടുള്ള സിനിമകളിൽ അവളുടെ സ്വാധീനം നല്ലത് പോലെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.


എന്തായാലും predictable ആയിരുന്നെങ്കിലും ചില ചെറിയ മാസ് സീനുകൾ, ഇമോഷൻസ് തുടങ്ങി ഒരു സിനിമ എങ്ങനെ ഒക്കെ മനുഷ്യനെ രസപ്പെടുത്തുമോ അത്തരത്തിൽ നോക്കിയാൽ മികച്ച സിനിമയാണ് Avatar: The Way of Water. എന്റെ റേറ്റിങ് എനിക്ക് ഒരു സിനിമ കണ്ടു കഴിയുമ്പോൾ എന്ത് മാത്രം സംപ്തൃപ്തി നൽകി എന്നതിനെ അനുസരിച്ചു ആണ്‌.


അത്തരത്തിൽ ഒരു സ്കെയലിൽ നോക്കിയാൽ എന്റെ റേറ്റിങ് 5/5 ആണ്‌. പല അഭിപ്രായം ഉള്ളവരും ഉണ്ടാകും. എന്റെ സിനിമ കാഴ്ചയെ എങ്ങനെ satisfy ചെയ്തു എന്നതിനാണ് ഈ ഒരു സ്കോർ.


സിനിമ കണ്ടവയുടെ അഭിപ്രായം പങ്ക് വയ്ക്കുമല്ലോ?


1619. Avatar (English, 2009)

 1619. Avatar (English, 2009)

        Streaming on Disney+



സിനിമയെ കുറിച്ച് ഒരു റിവ്യൂ അല്ല ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്. അതിന്റെ ആവശ്യം ഒന്നും ഇപ്പോഴില്ലലോ. Avatar കാണാത്തവർ തന്നെ ചുരുക്കം ആയിരിക്കുമല്ലോ? എന്നാൽ എന്റെ അവസ്ഥ അതല്ലായിരുന്നു.സിനിമ ഇറങ്ങി വർഷങ്ങൾക്കു ശേഷം 2022 ൾ ആണ്‌ ആദ്യ ഭാഗം കാണുന്നത്. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് കണ്ടില്ല റിലീസ് ആയ സമയത്ത് എന്നതാണ് സത്യം. 'വിയറ്റ്നാം കോളനി' യുടെ കഥ ആണെന്നൊക്കെ കേട്ടത് കൊണ്ട് തന്നെ അന്ന് താൽപ്പര്യമില്ലാതെ പോയി. ടെക്നിക്കൽ സവിശേഷതകൾ ഒന്നും ഹരം പിടിപ്പിച്ചതും ഇല്ല.പിന്നീട് രണ്ടാം ഭാഗം വരാറായപ്പോൾ ആണ്‌ കാണുന്നത്.അത് വലിയ ഒരുബസൈസ് ഫയൽ ഡൌൺലോഡ് ചെയ്തു അത്യാവശ്യം നല്ല സൗണ്ട് സിസ്റ്റത്തിൽ.


 നന്നായി ഇഷ്ടപ്പെടുകയും ആദ്യ ഭാഗം തിയറ്ററിൽ കാണാത്തത്തിൽ നിരാശയും തോന്നി അപ്പോൾ.65 ഇഞ്ച് ടി വിയിൽ കിട്ടിയ ഇങ്ങനെ ആയിരുന്നെങ്കിൽ തിയറ്ററിൽ എന്തായിരിക്കും എന്ന് ആണ്‌ ചിന്തിച്ചത്.


എന്തായാലും ആ അബദ്ധം ഇനി ഉണ്ടാകാൻ പാടില്ലലോ? അത് കൊണ്ട് തന്നെ തിയറ്ററിൽ പോയി കാണാൻ തന്നെ തീരുമാനിച്ചു രണ്ടാം ഭാഗം. സിനിപ്ലെക്സിൽ Ultra AVX, D Box, ATMOS, HFR സൗകര്യങ്ങൾക്ക് ഒപ്പം 3D കൂടി ഉള്ള സ്‌ക്രീനിൽ ആണ്‌ സിനിമയ്ക്ക് ടിക്കറ്റ് എടുത്തിരിക്കുന്നത്.


 എന്തായാലും കണ്ടിട്ട് വരട്ടെ. ആദ്യ ഭാഗം കാണാത്തവർ കുറവായിരിക്കും. കാണാത്തവർ കണ്ടിട്ട് അടുത്ത ഭാഗം കാണാമല്ലോ? സിനിമയുടെ premise നെ കുറിച്ച് നല്ല ഒരു ഐഡിയ കിട്ടുമല്ലോ?


ഇതു പോലെ ഞാൻ കാണാത്ത പ്രശസ്തമായ സിനിമകൾ ധാരാളം ഉണ്ട് ഇനിയും കാണാനായിട്ട് . ഇതു വായിക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഇതു പോലെ കാണാൻ വച്ചിട്ട് വർഷങ്ങളായിട്ടും കാണാത്ത സിനിമകൾ ഏതൊക്കെ ആണ്‌ ഉള്ളത്? ഒന്ന് കമന്റ് ചെയ്യാമോ?

Friday, 16 December 2022

1618. Guillermo del Toro's Pinocchio (English, 2022)

 1618.  Guillermo del Toro's Pinocchio (English, 2022)

            Animation, Drama, Family: Streaming on Netflix



  ക്രിസ്മസ് അവധിക്കാലത്ത് കുട്ടികളുമായി ഇരുന്നു കാണുവാൻ പറ്റിയ ഒരു സിനിമയാണ് പിനോക്കിയോ. കാർലോ കൊലോഡിയയുടെ കള്ളം പറഞ്ഞാൽ മൂക്ക് വളരുന്ന മരമനുഷ്യൻ ആയ പിനോക്കിയോയുടെ കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ ?അതിന്റെ മികച്ച ഒരു ദൃശ്യാവിഷ്ക്കാരം ആണ്  Guillermo del Toro's Pinocchio. ഒന്നാം ലോക മഹായുദ്ധത്തിൽ ഓസ്ട്രിയയുടെ ബോംബ് ആക്രമണത്തിൽ മകൻ നഷ്ടപ്പെട്ട ജെപ്പെറ്റോയ്ക്കു അയാളുടെ മകനായി വരുന്ന പിനോക്കിയോയുടെ ജീവിത യാത്ര ആണ് കഥ. 


അക്കാലത്ത് ഉള്ള സമൂഹികാവസ്ഥകളും കാലങ്ങൾക്ക് ശേഷം പിനോക്കിയോ എന്തായി മാറിയെന്നും ഉള്ള കഥ ഒരു മുത്തശി കഥ പോലെ തന്നെ ആണ് ഈ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നത്. ഒരു ലൈവ് ആക്ഷൻ ആനിമേഷൻ ചിത്രം എന്ന നിലയിലും മികവ് പുലർത്തുന്ന ചിത്രം അതിന്റെ അവതരണത്തിലെ നിലവാരം കൊണ്ട് തന്നെ കണ്ടു തീരുമ്പോൾ മനസ്സിന് തൃപ്തി നല്കുന്നുമുണ്ട്. 


ചിത്രം മൊത്തത്തിൽ ഒരു ഡാർക് ടോണിൽ ആണ്. യുദ്ധം നില നിന്നിരുന്ന സാഹചര്യത്തിൽ സിനിമയ്ക്കു കൊടുക്കാവുന്ന മികച്ച ഒരു ദൃശ്യ ഭാഷ അത് കൊണ്ട് തന്നെ ലഭിക്കുകയും ചെയ്തു. ഒരു ആനിമേഷൻ സിനിമയിൽ പ്രതീക്ഷിക്കുന്ന കുട്ടിക്കളിയിൽ നിന്നും ഏറെ മുന്നിൽ ആണ്  Guillermo del Toro's Pinocchio. ഡിസ്നിയുടെ പഴയ പിനോക്കിയോ ആ കാലഘട്ടത്തിൽ നന്നായി തോന്നിയെങ്കിലും പുതിയ വേർഷൻ ആ കാലഘട്ടവും കഥാപാത്രങ്ങളും എല്ലാം അതിന്റേതായ ഗൌരവത്തിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നെ അത്ഭുതപ്പെടുത്തിയത് പിനോക്കിയയുടെ കഥയ്ക്ക് ഇത്തരത്തിൽ കൊടുത്ത ട്രീറ്റ്മെന്റ് ആണ്. സിനിമയുടെ ക്ലൈമാക്സ് മികച്ചതായിരുന്നു. 


തീർച്ചയായും കാണാൻ ശ്രമിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഇഷ്ടപ്പെടും  Guillermo del Toro's Pinocchio. 


എന്റെ റേറ്റിംഗ്: 5/5  


സിനിമ കണ്ടിട്ടുള്ളവർ അഭിപ്രായം പങ്ക് വയ്ക്കുമല്ലോ?

1617. Thank God (Comedy, Fantasy)

 1617. Thank God (Comedy, Fantasy)

           Comedy, Fantasy: Streaming on Prime



        പരിചിതമായ ഒരു പ്ലോട്ട് ആണ് സിനിമയ്ക്കു ഉള്ളത്. മരിച്ചു കഴിഞ്ഞു ജീവിതത്തിൽ ചെയ്ത പ്രവൃത്തികളുടെ എല്ലാം കണക്കെടുപ്പിൽ വരുന്ന നായകൻ. പല ഭാഷകളിലും  ഈ ഒരു പ്രമേയം വരുന്ന ചിത്രങ്ങളിൽ അതായത് സംസ്ക്കാരവും മതവും ഉൾക്കൊണ്ടുള്ള ദൈവ സങ്കൽപ്പങ്ങൾ ആണ് ഉള്ളതും. അത്തരത്തിൽ What Goes Around എന്ന ഡാനിഷ് സിനിമയുടെ റീമേക് ആണ് Thank God. ഡാനിഷ് സിനിമ കണ്ടിട്ടില്ല. കാണണം എന്നുണ്ട്. അതിനു കാരണം ഈ സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാണോ എന്നു ചോദിച്ചാൽ അല്ല. ഈ സിനിമയിലെ ഏറ്റവും വലിയ പ്രശ്നം മുഖ്യ കഥാപാത്രങ്ങളിൽ ഒരാളായ ആയാനെ അവതരിപ്പിച്ച സിദ്ധാർഥ് ആയിരുന്നു. ഒരു നടൻ എന്ന നിലയിൽ എല്ലാ റോളും ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളാണ് സിദ്ധാർഥ് എന്നു തോണിയിട്ടുണ്ട്. പ്രത്യേകിച്ചും കോമഡി. ഇവിടെയും അതാണ് സംഭവിച്ചത്. ഒരു ഫീൽ ഗുഡ് കോമഡി ആയി മാറേണ്ട സിനിമയിൽ അയാൻ എന്ന കഥാപാത്രവും ആയി തീരെ കണക്റ്റ് ചെയ്യാൻ കഴിഞ്ഞില്ല എന്നത് വലിയ ഒരു പോരായ്മ ആണ് പ്രേക്ഷകനെ സംബന്ധിച്ച്. അതേ സമയം CG എന്ന കഥാപാത്രമായി വന്ന അജയ് ദേവ്ഗൺ നന്നായി തന്നെ ആ റോൾ ചെയ്തതായും തോന്നി. 


  പ്രവചിക്കാവുന്ന കഥാഗതി ആണ് സിനിമയ്ക്കു ഉള്ളത്. റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയ ധനികനായ അയാൻ ഒരു കാർ അപകടത്തിൽ പെടുന്നു . അയാളുടെ ഓപ്പറേഷൻ ഭൂമിയിൽ നടക്കുന്ന സമയം ഒരു മൽസരത്തിൽ ജയിച്ചാൽ അയാളുടെ ഓപ്പറേഷൻ വിജയം ആകും എന്നും, അല്ലെങ്കിൽ അയാൾ മരിച്ചു നരകത്തിലെ നിതാന്ത വേദനകൾ അനുഭവിക്കേണ്ടി വരും എന്നുള്ള ഓഫർ കിട്ടുന്നു. ആ മൽസരത്തിൽ അയാളുടെ ജീവിതത്തിലൂടെ കടന്നു പോയ പ്രധാനപ്പെട്ട സംഭവങ്ങളും വ്യക്തികളും എല്ലാം കടന്നു വരുന്നു. അയാൾ അവർക്ക് വേണ്ടി എന്ത് ചെയ്തു, അയാൾ അവരോടു എങ്ങനെ എല്ലാം പെരുമാറി എന്നു മുതൽ പല രീതിയിലും അയാളെ വിലയിരുത്തുക ആണ് ആ മൽസരത്തിൽ. അയാൾ ജയിച്ചോ ഇല്ലയോ എന്നതാണ് സിനിമയുടെ കഥ. 


  പരിചിതമായ പ്രമേയം ആയിരുന്നെങ്കിലും ഇത്തരം പ്രമേയങ്ങളിൽ ഉള്ള കോമഡി എന്നൊരു ഘടകം പലപ്പോഴും പാളി പോയതായി തോന്നി. താങ്ക്സ് ടൂ സിദ്ധാർഥ്. എന്നാലും ചുമ്മാ ടൈം പാസ് എന്ന നിലയിൽ കാണാൻ ഉള്ളത് ഉണ്ട്. മസ്തിയിലെ 'ദിൽ ദേ ദിയായും' മനികയുടെ ഹിന്ദി വേർഷനും സിനിമയിൽ ഉണ്ടായിരുന്നു. ചുമ്മാ പറഞ്ഞെന്ന് മാത്രം. വെറുതെ കണ്ടു നോക്കാം കേട്ടോ. 


എന്റെ കുഞ്ഞ് റേറ്റിംഗ് : 2.5 /5




Wednesday, 14 December 2022

1616. Julia's Eyes(Spanish, 2010)

 

1616. Julia's Eyes(Spanish, 2010)
          Mystery, Horror.



സാറയുടെ മരണം ആത്മഹത്യ അല്ല എന്നു അവളുടെ ഇരട്ട സഹോദരി ആയ ഹൂലിയ വിശ്വാസിക്കുന്നു. എന്നാൽ പോലീസും മറ്റുള്ളവരും അവൾ ആത്മഹത്യ  ചെയ്തത് ആണെന്ന് തന്നെ ഉറപ്പിക്കാൻ ശ്രമിക്കുന്നു. പ്രത്യേകിച്ചും പതിയെ കാഴ്ച ശക്തി നഷ്ടപ്പെട്ടു പോകുന്ന അസുഖം ബാധിച്ച സാറയെ സംബന്ധിച്ച് തന്റെ ജീവിതം ഇരുട്ടിൽ ആയിരിക്കും ഇനി എന്നുള്ള ഭയം കാരണം ആയിരിക്കാം അവൾ ആത്മഹത്യ ചെയ്തത് എന്നു വിശ്വസിക്കാൻ ഉള്ള സാധ്യത തന്നെയായിരുന്നു കൂടുതലും. സമാനമായ അവസ്ഥയിലൂടെ പോകുന്ന ഹൂലിയ എന്നാൽ തന്റെ സഹോദരി അങ്ങനെ ചെയ്യില്ല എന്നു ഉറച്ചു വിശ്വസിക്കുന്നു.

ആ സമയം ആണ് അവൾ ഒരു രഹസ്യം അറിയുന്നത്. ഒറ്റപ്പെട്ടു താമസിക്കുന്നു എന്നു കരുതിയ സാറയ്ക്ക് ഇത് വരെ ആരും കണ്ടിട്ടില്ലാത്ത അദൃശ്യനായ ഒരു കാമുകൻ ഉണ്ടായിരുന്നുവത്രെ. അതിനും അപ്പുറം ഉള്ള ചില രഹസ്യങ്ങൾ കൂടി ഹൂലിയ സാറയെ കുറിച്ച് അറിയാത്തത് അവളുടെ മുന്നിലേയ്ക്ക് വരുന്നു. സാറയെയും അവളുടെ ജീവിതത്തെയും കുറിച്ച് തനിക്ക് അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ടെന്ന് അവൾ മനസ്സിലാക്കുന്നതിനോടൊപ്പം അതിൽ ഇഴ ചേർന്നിരിക്കുന്ന നിഗൂഡതകൾ കൂടി കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ആണ് അവൾ. എന്നാൽ ഏത് സമയം വേണമെങ്കിലും നഷ്ടപ്പെടാവുന്ന കാഴ്ചയ്ക്ക് മുന്നേ ഉള്ള സമയത്ത് ഹൂലിയയ്ക്ക് അത് ചെയ്യുകയും ചെയ്യണം. ഇതിന്റെ ഇടയിൽ കാര്യങ്ങൾ സങ്കീർണം ആക്കുവാൻ ഉതകുന്ന രീതിയിൽ കുറെയേറെ സംഭവങ്ങൾ കൂടി നടക്കുകയാണ്. ഹൂലിയയുടെ സംശയങ്ങൾ യാഥാർഥ്യം ആണോ?അതോ അവളുടെ തോന്നലുകൾ മാത്രമോ?

സിനിമയുടെ ഒരു ഘട്ടം കഴിഞ്ഞതിൽ പിന്നെ ഹൂലിയ ഒഴികെയുള്ള കഥാപാത്രങ്ങളുടെ മുഖം നേരെ ഫ്രേമിൽ കാണിക്കുന്നില്ല. ഹൂലിയയുടെ സംശയങ്ങൾക്ക് പിന്നിൽ ഒരു വ്യക്തി ഉണ്ടാകുമോ അത് ആരാണ് എന്നുള്ള ചോദ്യത്തിന് ഉത്തരം പ്രേക്ഷകന് ഊഹിക്കാമെങ്കിലും ഇത്തരത്തിൽ പല കഥാപാത്രങ്ങളും മുഖം ഇല്ലാത്തവർ ആയി വരുമ്പോൾ സംശയങ്ങൾ നീളും. അത് ആരും ആകാം എന്ന അവസ്ഥയും ആകും. നല്ലൊരു മിസ്റ്ററി, ഹൊറർ ചിത്രമാണ് Julia 's Eyes . ഞാൻ പണ്ട് കണ്ടതാണ്. പക്ഷേ അന്ന് ഇതിനെക്കുറിച്ച് എഴുതിയിരുന്നില്ല. ഇപ്പോൾ സ്പാനിഷ് സിനിമ റീമേക് രാജ്ഞി  തപ്സി Dobaara യ്ക്കു ശേഷം അടുത്തതായി ചെയ്ത Blurr ഇതിന്റെ റീമേക് ആണെന്ന് മനസ്സിലായി. ഒറിജിനൽ ഉള്ളപ്പോൾ എന്തിന് റീമേക് കാണണം എന്ന ചോദ്യമാണ് ഭാര്യ Blurr കാണണം എന്നു പറഞ്ഞപ്പോൾ മനസ്സിൽ വന്നത്. സ്പാനിഷ് അങ്ങനെ ആണ് ഒന്ന് കൂടി കണ്ടതും.

സിനിമ കാണാത്തവർ കുറവാണ് എന്നറിയാം. എങ്കിലും കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കിക്കോളൂ. സിനിമ ഇറങ്ങിയ സമയത്ത് സസ്പെൻസ് നന്നായി ആണ് തോന്നിയത്. പിന്നീട് ധാരാളം സിനിമകൾ ഇതേ പോലെ ഒക്കെ വന്നത് കൊണ്ട് അന്നത്തെ അത്ര ഇംപാക്ട് ഉണ്ടാകുമോ എന്നറിയില്ല.

സിനിമ നേരത്തെ കണ്ടവരുടെ അഭിപ്രായം എന്താണ്?

സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

Sunday, 11 December 2022

1615. Roy (Malayalam, 2022)

 1615. Roy  (Malayalam, 2022)

         Streaming on Sony Liv



 റോയിയുടെ ഭാര്യ ടീനയെ കാണാതെ ആകുന്നു. റോയ് പറഞ്ഞ വഴികളിലൂടെ തന്റെ പുതിയ പുസ്തകത്തിനായി അന്വേഷണം നടത്തുന്നതിന്റെ ഇടയിൽ ആണ്‌ ടീനയെ കാണാതെ ആകുന്നതു. ആരാണ് റോയ്? ഒരു അന്വേഷണം നടത്തുവാൻ തക്ക എന്താണ് അയാളുടെ ജോലി? സിനിമയുടെ മുഖ്യ കഥാപാത്രമായ റോയ് തന്നെ നിഗൂഢമായ ഒരാളാണ്. സിനിമയിൽ ഇടയ്ക്കിടെ ഉള്ള പരാമർശങ്ങളിലൂടെ റോയിയെ കുറിച്ച് പറഞ്ഞ് പോകുന്നുണ്ട്. പ്രത്യേകിച്ച് അയാളുടെ. മെഡിക്കൽ കണ്ടീഷൻ ഒക്കെ സിനിമയ്ക്ക് വേറെ ഒരു ആംഗിൾ കൊടുക്കുന്നുണ്ട്.


 പക്ഷെ റോയി എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുമോ എന്നൊരു സംശയം ഉണ്ട്. നിഗൂഢതകൾ നിറഞ്ഞ സൈക്കോളജിക്കൽ ത്രില്ലർ എന്ന് പറയാമെങ്കിലും വളരെ പതുക്കെ പോകുന്ന സിനിമയുടെ വേഗത ഒരു പ്രശ്നമാണ് മൊത്തത്തിൽ. സിനിമയുടെ അവസാന സീനിൽ  വരെ മിസ്റ്ററി എലമെന്റ് കാത്തു സൂക്ഷിച്ചിട്ടു ഉണ്ടെങ്കിലും ഈ വേഗത കുറവ് ചെറിയ പ്രശ്നമായി തോന്നി.


ഷൂട്ട് കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു ഇറങ്ങുന്ന സിനിമ ആണെങ്കിലും കാലം അധികം പൊള്ളൽ ഏൽപ്പിച്ചിട്ടില്ല സിനിമയ്ക്ക്. ആ രീതികൾ തന്നെ ആണ്‌ ഇപ്പോഴും മലയാളം സിനിമയിൽ കൂടുതൽ ഉപയോഗിക്കുന്നത് എന്ന് തന്നെ കാരണം. പക്ഷെ സുരാജ് വെഞ്ഞാറമൂട് വളരെയധികം ടൈപ്പ്ക്കാസ്റ്റ് ചെയ്യപ്പെട്ടു വെറുപ്പിക്കുന്നത് പോലെ തോന്നി സിനിമയിൽ. എന്നേ സംബന്ധിച്ച് സുരാജിന്റെ വേഷങ്ങൾ എല്ലാം ഒരേ പോലെ ആയതു കൊണ്ട് തന്നെ ഇപ്പോൾ ഇൻസ്പെക്റ്റർ ബിജുവിന്റെ അപ്പുറം ഉള്ള ഒരു കഥാപാത്രം പോലും സൂരജിന്റെ ആയി ഓർമയിൽ ഇല്ല എന്നതാണ് സത്യവും. റോയിക്കും ആ പ്രശ്നമുണ്ട്. സുരാജ് impressive അല്ലായിരുന്നു. അതിന്റെ പ്രശ്നം ആണ്‌ സിനിമയ്ക്ക് മൊത്തത്തിൽ ഉണ്ടായത്.


  പക്ഷെ തരക്കേടില്ലാത്ത ഒരു സൈക്കോളജിക്കൽ മിസ്റ്ററി സിനിമയാണ് റോയ്.പ്രധാനമായും കഥയുടെ അവതരണം ആണ്‌ ഇഷ്ടപ്പെട്ടത്.

  

  എന്റെ റേറ്റിംഗ് : 3/5


സിനിമ കണ്ടവരുടെ അഭിപ്രായം കൂടി പങ്ക് വയ്ക്കാമോ?

1614. Freddy (Hindi, 2022)

 1614. Freddy  (Hindi, 2022)

         Streaming on Hotstar.




ഒരു സോറിയുടെ വില എന്തായിരിക്കും? ഒരാൾ പ്രത്യേക കാരണങ്ങളാൽ സോറി ഡിമാൻഡ് ചെയ്യുമ്പോൾ അയാളെ ആക്ഷേപിക്കുകയും, അവഹേളിക്കുകയും, മർദ്ധിക്കുകയും ഒക്കെ ചെയ്താലോ? അയാൾ ഒരു introvert ആയ, അധികം സുഹൃത്തുക്കൾ ഇല്ലാത്ത, വലിയ ധൈര്യം ഇല്ലാത്ത, ദുർബലൻ ആണെന്നുള്ള മുൻ ധാരണ വച്ചാണ് എതിർഭാഗം അയാളുടെ ചെറിയ ഒരു ആവശ്യം superiority complex കാരണം മാനിക്കുന്നില്ല എങ്കിലോ?


 ചില സമയം അത് വളരെയധികം അപകടത്തിലേക്ക് ആകാം അവരെ കൊണ്ടെത്തിക്കുക. അതും അവരുടെ നാശത്തിൽ കൊണ്ടെത്തിക്കാവുന്ന ഒന്നായി മാറിയാലോ? Freddy, എന്ന ആര്യൻ കാർത്തിക്കിന്റെ സിനിമയുടെ കഥ ഏകദേശം ഇതു പോലെ ആണ്‌.എന്താണ് കഥാപാത്രങ്ങളെ ഈ ഒരു അവസ്ഥയിലേക്ക് എത്തിച്ചത് എന്നും അതിന്റെ അനന്തര ഫലങ്ങൾ എന്താണെന്ന് അറിയാനും തോന്നുന്നെങ്കിൽ സിനിമ കാണുക.


 OTT യ്ക്ക് പറ്റിയ സിനിമ ആണെന്ന് ആണ്‌ Freddy യെ കുറിച്ചുള്ള അഭിപ്രായം. കഥ വച്ച് ആണെങ്കിലും തുടക്കത്തിൽ ഉള്ള സംഭവങ്ങൾ തിയറ്ററിൽ എന്ത് മാത്രം നന്നായി തോന്നും എന്ന് അറിയില്ല. കാരണം സിനിമയുടെ ത്രില്ലർ ട്രാക്കിലേക്ക് വരാൻ കുറച്ചു സമയം എടുക്കുന്നുണ്ട്. അവിടെയാണ് സിനിമയുടെ ട്വിസ്റ്റ്‌, പിന്നീട് ഉള്ള കഥാഗതിയിൽ  മാറ്റം ഉണ്ടാവുക എന്നതൊക്കെ സംഭവിക്കുന്നത്.


സിനിമയുടെ ക്യാറ്റ് ആൻഡ് മൗസ് കളി ഒക്കെ ഇഷ്ടമായി. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താൻ പറ്റിയ സിനിമ.താൽപ്പര്യം ഉള്ളവർ കാണുക. ചെറിയ ഒരു രഹസ്യം കൂടി.2004 ൽ റിലീസ് ആയ ഹിന്ദി സിനിമ Fida യും ആയി ചിത്രത്തിന്റെ മൂല കഥക്കു സാമ്യം തോന്നി. പക്ഷെ ഇതാണ് ആ കഥയുടെ നല്ല വേർഷൻ എന്ന് മടിക്കാതെ പറയാം.


എന്റെ ഒരു ചെറിയ റേറ്റിങ് : 3.5/5


സിനിമ കണ്ടവരുടെ അഭിപ്രായം പങ്ക് വയ്ക്കുമല്ലോ അല്ലെ?


Saturday, 10 December 2022

1613. Doctor G (Hindi, 2022)

 1613. Doctor G (Hindi, 2022)

         Streaming on Netflix.



     ഓർത്തോപീഡിക്  സർജൻ ആകാൻ വേണ്ടി പഠിക്കാൻ ആഗ്രഹിച്ചിരുന്ന ഡോക്റ്റർക്ക് കിട്ടിയത് ഗൈനക്കോളജി. പ്രസ്തുത വിഭാഗം ആണുങ്ങൾക്ക് വേണ്ടി ഉള്ളതല്ല എന്നും, സ്ത്രീകൾ പുരുഷ ഡോക്റ്റർമാരെ കാണാൻ വരില്ല എന്നും കരുതിയിരുന്ന ഉദയ് ഗുപ്ത തന്റെ എൻട്രൻസ് റാങ്ക് കുറയാൻ കാരണം തന്റെ മുൻ കാമുകി ആണെന്ന് പറഞ്ഞാണ് നടക്കുന്നത്. തന്റെ സ്വപ്നത്തിൽ എത്തി ചേരാൻ പറ്റാത്തത്തിന് അയാൾക്ക്‌ പല കാരണങ്ങളും കണ്ടു പിടിക്കുന്നുണ്ട്.

 പക്ഷെ സാഹചര്യങ്ങൾ കാരണം അയാൾ ഗൈനക്കോളജി പഠിക്കാനായി ചേർന്നൂ. അയാളുടെ റാങ്കിനു ആകെ കിട്ടുന്നത് ആ സീറ്റും ആയിരുന്നു.അതാണെങ്കിലോ മൊത്തം സ്ത്രീകൾ മാത്രമുള്ള ക്ലാസും.


കഥയുടെ പശ്ചാത്തലം കേൾക്കുമ്പോൾ തന്നെ അൽപ്പം തമാശ ഒക്കെ തോന്നുന്നില്ലേ? അതാണ്‌ ആയുഷ്മാൻ ഖുറാനയുടെ പുതിയ ചിത്രമായ Doctor G യുടെ കഥ. അനുരാഗ് കശ്യപ്പിന്റെ സഹോദരി ആയ അനുഭൂതി കഷ്യപ് ആണ്‌ സിനിമയുടെ സംവിധായിക. ഒരു ഡോക്റ്ററുടെ coming- of - age എന്ന് പറയാവുന്ന രീതിയിൽ ആണ്‌ സിനിമയുടെ കഥ.ഒരു ഡോക്റ്റർ ആയിരുന്നെങ്കിലും പ്രത്യേകിച്ച് ലക്ഷ്യമില്ലാത്ത, എത്തിക്സ് പോലും നോക്കാത്ത, സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് ചിന്തിക്കാത്ത ഒരു ഡോക്റ്റർ. അയാൾക്കുണ്ടാകുന്ന മാറ്റങ്ങൾ ആണ്‌ സിനിമയുടെ കഥയിൽ ഓരോ ഘട്ടത്തിലും അവതരിപ്പിക്കുന്നത്.


തരക്കേടില്ലാത്ത തമാശകളും, നല്ല കഥയും എല്ലാം ഉണ്ട് ചിത്രത്തിന്.ചിത്രത്തിന്റെ കഥ predictable ആണെങ്കിലും നല്ല രീതിയിൽ തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. ഡോ. വിനയ് ഗുപ്തയുടെ ചുറ്റും ഉള്ളവരുടെ ജീവിതം സോഷ്യൽ കമന്ററി പോലെ തമാശയുടെ രൂപത്തിൽ ബോർ അടിപ്പിക്കാതെ അതിന്റെ എല്ലാം ഗൗരവത്തിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.


കഴിയുമെങ്കിൽ കണ്ടു നോക്കുക. നല്ല ഒരു സിനിമയായി തോന്നി.


എന്റെ റേറ്റിങ് : 3.5/5


സിനിമ കണ്ടവരുടെ അഭിപ്രായം പബ്ക് വയ്ക്കുമല്ലോ?

1612. Unknown Origins (Spanish,2020 )

  

1612. Unknown Origins (Spanish,2020)
          Mystery, Fantasy: Streaming on Netflix.



  മാഡ്രിഡിൽ കുറച്ചു കൊലപാതകങ്ങൾ നടക്കുന്നു. മരണപ്പെടുന്നതിന് മുന്നേ തന്റെ ഇരകളെ പരമാവധി വേദനിപ്പിച്ചു കൊല്ലുന്ന രീതിയിൽ വിചിത്രമായ വഴികളിലൂടെ ആണ് കൊലപാതകങ്ങൾ നടന്നിട്ടുള്ളത്. എന്നാൽ ഈ കൊലപാതകങ്ങളുടെ പിന്നിൽ സൂപ്പർ ഹീറോകൾ ആണെന്ന് കണ്ടെത്തുന്നു. അതെങ്ങനെ ആണ് എന്നല്ലേ?കൊലപാതകി,സൂപ്പർ ഹീറോകളുടെ origin story അനുസരിച്ചാണ് കൊലപാതകങ്ങൾ നടത്തുന്നത്.

ആകെ ഭ്രാന്തനായ, സൂപ്പർ ഹീറോകളെ ഇഷ്ടപ്പെടുന്ന ഒരാളെ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ ആയ ഡേവിഡിന് മനസ്സിലാകുന്നു. എന്നാൽ, സൂപ്പർ ഹീറോകളെയും അവരുടെ കഥകളും നന്നായി അറിയാവുന്ന ഒരാൾ ഉണ്ടെങ്കിൽ മാത്രമേ കൊലപാതകിയെ കണ്ടെത്താൻ കഴിയൂ എന്നു ചിന്തിക്കുന്ന ഡേവിഡിന് കേസ് അന്വേഷണത്തിന് ഒരു പങ്കാളിയെ കിട്ടുന്നു.

മറ്റൊരു പോലീസ് ഓഫീസറുടെ മകനായ, സൂപ്പർ ഹീറോകളോട്  ഭ്രാന്തമായ ആരാധന ഉള്ള മറ്റൊരു കാര്യത്തിലും ശ്രദ്ധിക്കാതെ അലസമായി ജീവിക്കുന്ന ഏലിയാസിനെ. ഡേവിഡിന് തീരെ ഇഷ്ടപ്പെടാത്ത സ്വഭാവം ആണ് അവനുള്ളതും. അവർ ഒരുമിച്ച് കേസ് അന്വേഷണം തുടങ്ങുകയാണ്. അതിന്റെ കഥയാണ് Unknown Origins അവതരിപ്പിക്കുന്നത്.

വ്യത്യസ്തമായ , നിലവാരമുള്ള ഒരു ചിത്രമായിരുന്നു Unknown Origins . സിനിമയിലെ പല കഥാപാത്രങ്ങളും സൂപ്പർ ഹീറോകളുടെ കഥയുമായി ബന്ധപ്പെടുത്തുന്നത് ഒക്കെ നന്നായിട്ട് ചെയ്തിട്ടുണ്ട്. ഡേവിഡ് അന്വേഷിച്ചു നടക്കുന്ന ഒരു രഹസ്യം ഈ അന്വേഷണത്തിൽ കണ്ടെത്തുന്നത് എല്ലാം നന്നായിരുന്നു. നല്ല രീതിയിൽ ഫിക്ഷണൽ ആയ ഒരു പശ്ചാത്തലം നിർമിച്ചു പ്രേക്ഷകനെ കഥയിലേക്ക് അടുപ്പിക്കുന്ന സിനിമ നല്ലത് പോലെ ഇഷ്ടമാവുകയും ചെയ്തു. സൂപ്പർ ഹീറോ കഥകളുടെ പശ്ചാത്തലത്തിൽ തമാശ ഒക്കെ ചേര്ത്ത് അവതരിപ്പിച്ച നല്ലൊരു സിനിമ ആണ് Unknown ഒറിജിൻസ്.

എന്റെ റേറ്റിംഗ്:3.5/5

സിനിമയുടെ ഡൗൺലോഡ് ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

1611. Black Adam (English, 2022)

 1611. Black Adam (English, 2022)

           Action, Fantasy



ഡി സി വില്ലന്മാർ മുഖ്യ കഥാപാത്രങ്ങൾ ആയി വരുന്ന സിനിമ/ സീരീസ് എല്ലാം നല്ല ഇഷ്ടമാണ്. നമ്മുടെ പതിവ് കാഴ്ചകള്ക്ക് അപ്പുറം സൂപ്പർ ഹീറോകൾ കൂടി വരുമ്പോൾ ഉണ്ടാകുന്ന കൌതുകം ആണ് ഇതിന് കാരണം. ബ്ലാക്ക് ആഡമിന്റെ കഥയും അത്തരത്തിൽ രസകരമാണ്. DCEU വിലെ പതിനൊന്നാമത്തെ ചിത്രമായ ബ്ലാക് ആഡമിന്റെ കഥ പഴയ ഈജിപ്റ്റിലെ അടിമകളുടെ കാലഘട്ടത്തിൽ നിന്നും തുടങ്ങുന്ന origin story ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.


  കഥ ഇഷ്ടപ്പെട്ടൂ. വലിയ സംഭവം ഒന്നും ഇല്ല. ചീത്ത പേര് മാറ്റി നല്ലവൻ ആകാൻ ശ്രമിക്കുന്ന വില്ലൻ.  പിന്നെ സൂപ്പർ ഹീറോ സിനിമകൾ കാണുന്ന മനസ്സോടെ തന്നെ ആണ് തിയറ്ററിൽ പടം കണ്ടതും. അത് കൊണ്ടൊക്കെ തന്നെ ഇഷ്ടമായി. മകനും കൂടി ഉണ്ടായിരുന്നത് കൊണ്ട് സിനിമയുടെ ആമ്പിയൻസ് തിയറ്ററിൽ നന്നായി തന്നെ ഇഷ്ടപ്പെട്ടൂ. പ്രത്യേകിച്ചും അവസാന സീൻ !! സിനിമയെക്കുറിച്ച് അധികം വായിക്കാത്തത് കൊണ്ട് തന്നെ ഇങ്ങനെ ഒരു കാമിയോ പ്രതീക്ഷിച്ചതും ഇല്ല. 


മൊത്തത്തിൽ തിയറ്ററിൽ നിന്നും ഇറങ്ങിയപ്പോൾ നല്ല സംതൃപ്തി തന്ന സിനിമ ആയിട്ടാണ് തോന്നിയത്.


എന്റെ റേറ്റിംഗ്: 3.5/5

1610. Samaritan (English, 2022)

 

1610. Samaritan (English, 2022)
          Action, Fantasy   :Streaming on Prime




ഗ്രാനൈറ്റ് സിറ്റിയിൽ ജീവിച്ചിരുന്ന രണ്ടു സഹോദരങ്ങൾ ആയിരുന്നു Samaritan, Nemesis എന്നിവർ . പരസ്പ്പരം ശത്രുക്കൾ ആയി മാറിയ ഇവർ തമ്മിൽ നടന്ന പോരാട്ടത്തിൽ Nemesis എന്ന വില്ലൻ സഹോദരൻ കൊല്ലപ്പെടുന്നു. Samaritan എന്ന നന്മയുടെ പ്രതീകം ജയിച്ചുവെങ്കിലും പിന്നീട് അയാളെ ആരും കാണുന്നില്ല. കാല ക്രമേണ ഇവർ രണ്ടു പേർക്കും ആരാധകർ ഉണ്ടായി.

Nemesis ന്റെ ആരാധകർ ആയാളുടേതായ ഒരു വലിയ ചുറ്റിക ലഭിച്ചത്തോട് കൂടി ഗ്രാനൈറ്റ് സിറ്റിയിൽ ആക്രമണം ആരംഭിക്കുന്നു. ഈ സമയം രക്ഷകനായി ഒരാൾ വരുന്നു. സാം എന്ന കുട്ടി അയാൾ Samaritan ആണെന്ന് വിശ്വസിക്കുന്നു. പ്രായമായ, ആരുടെയും കൺമുന്നിൽ വരാതെ ജീവിക്കുന്ന Samaritan യഥാർത്തത്തിൽ ആരായിരുന്നു?ആയാൾക്ക് ഗ്രാനൈറ്റ് സിറ്റിയെ രക്ഷിക്കാൻ കഴിയുമോ?

സിൽവസ്റ്റർ സ്റ്റാലോണിന്റെ Samaritan എന്ന ചിത്രം അദ്ദേഹത്തിന്റെ പ്രായം അനുസരിച്ച് നല്ല റോൾ തന്നെയാണ്. അവശത ഉള്ള ഒരു ആക്ഷൻ ഹീറോ. പക്ഷെ കഥ എന്ന നിലയിൽ കണ്ടു പഴകിയ സൂപ്പർ ഹീറോ കഥ തന്നെയാണ് ഉള്ളത്. ക്ലൈമാക്സ് ട്വിസ്റ്റ് ആണ് ആ പാതയിൽ നിന്നും അൽപ്പം വ്യത്യസ്തമായി വന്നത്. ഒരു പക്ഷേ പ്രതീക്ഷിക്കാവുന്ന ഒരു ട്വിസ്റ്റ് ആയിരുന്നു അതും. ചുരുക്കത്തിൽ ചെറിയ ഒരു സൂപ്പർ ഹീറോ ആക്ഷൻ ചിത്രമാണ് Samaritan . വെറുതെ ഇരുന്നു കാണാം. പ്രത്യേകിച്ചും സിൽവസ്റ്റർ ഫാൻ ആണെങ്കിൽ എന്നു മാത്രം. കാലം മാറി, സൂപ്പർ ഹീറോ സിനിമകൾ വരെ വ്യത്യസ്തത തേടുമ്പോൾ ഒരു ടൈം പാസ് കാഴ്ച മാത്രമായി സിനിമ മാറുന്നു.

എന്റെ റേറ്റിംഗ്: 2.5/5

സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

1609. A vizsga (The Exam) (Hungarian, 2011)

 

1609. A vizsga (The Exam) (Hungarian, 2011)
           Mystery, Thriller.



അപ്രതീക്ഷിതമായ ഒരു നല്ല ട്വിസ്റ്റ് ഉള്ള ഹംഗേറിയൻ ചിത്രമാണ്  A vizsga. അന്ന് ക്രിസ്മസ് രാത്രി ആയിരുന്നെങ്കിലും ജംഗ് ജോലിയിൽ ആണ്. ഒരു ഫ്രഞ്ച് അദ്ധ്യാപകൻ ആയിട്ടാണ് ജംഗ് തന്റെ അപാർട്ട്മെന്റിൽ ജീവിക്കുന്നത്. അയാളെ കാണാൻ ധാരാളം വിദ്യാർഥികളും വരുമായിരുന്നു. എന്നാൽ ജംഗിന് പിന്നിൽ വലിയ ഒരു രഹസ്യമുണ്ട്. 1957 ൽ നടക്കുന്ന കഥയിൽ അക്കാലത്തെ ഹംഗേറിയൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന കടാരിന്റെ രഹസ്യ പോലീസ് വിഭാഗത്തിൽ ഉള്ള ഉദ്യോഗസ്ഥൻ ആണ് ജംഗ്. അയാളെ കാണാൻ എത്തുന്നവർ രഹസ്യ പോലീസിൽ ഉള്ളവരും. എന്നാൽ അന്ന് രാത്രി ജംഗിനെ കാണാൻ ഒരു ആജ്ഞാതയായ സ്ത്രീ വരുകയാണ്. അത് അയാളുടെ കാമുകിയാകാം, അല്ലെങ്കിൽ മറ്റാരോ ആകാം ആ സ്ത്രീ.

എന്നാൽ ഈ സമയം ജംഗിനെ ഒരു പ്രത്യേക കാരണം കൊണ്ട് കുറച്ചു പേർ നിരീക്ഷിക്കുന്നുണ്ട്.ആജ്ഞാതയായ  ഈ സ്ത്രീയുടെ വരവോടെ ജംഗിന്റെയും മറ്റുള്ളവരുടെയും എല്ലാം ജീവിതം മാറുകയാണ്. ആരാണ് ജംഗിനെ നിരീക്ഷിക്കുന്നത്? എന്തിന്  വേണ്ടി ആണ് അവർ അത് ചെയ്യുന്നത് ?അത് പോലെ ആരാണ് ആ സ്ത്രീ?ഇത്രയും ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുന്നതിനോടൊപ്പം നല്ലൊരു ട്വിസ്റ്റ് കൂടി നൽകാൻ ചിത്രത്തിന് കഴിയുന്നുണ്ട്. ഒരു പക്ഷേ പ്രേക്ഷകന്റെ ചിന്തകളെ മൊത്തം മാറ്റാന് കെൽപ്പുള്ള , മുൻപ് ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾ വരെ മാറാൻ സാധ്യത ഉള്ള ഒരു ട്വിസ്റ്റ്.
   
സാധാരണ ഒരു സ്പൈ ത്രില്ലർ ആണെന്ന തോന്നൽ ആണ് തുടക്കത്തിൽ  A vizsga എന്ന ഹംഗേറിയൻ ചിത്രം നൽകുക.പക്ഷേ പിന്നീട് മുന്നോട്ട് പോകുന്തോറും രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് തന്നെ ശത്രു ആര് മിത്രം ആരാണ് എന്നറിയാതെ നമ്മൾ എല്ലാവരും എക്കാലത്തും നടത്തുന്ന പരീക്ഷകൾ ഇത്തരത്തിൽ അക്ഷരിതാവസ്ഥ ഉള്ള സമൂഹത്തിൽ എന്ത് മാത്രം നിർണായകം ആണെന്ന് മനസ്സിലാകും. പ്രത്യേകിച്ചും മാർക്കോയെ അവതരിപ്പിച്ച കുൽക്കയുടെ കഥാപാത്രം. പ്രേക്ഷകന് അയാളോട് അനുകമ്പ ആണോ അതോ മണ്ടൻ ആണെന്നുള്ള അഭിപ്രായം ആണോ ഉണ്ടാവുക എന്നത് പ്രേക്ഷകന്റെ മാനസികാവസ്ഥ അനുസരിച്ച് ഇരിക്കും.

താൽപ്പര്യം ഉള്ളവർ കണ്ടു നോക്കുക. പ്രത്യേകിച്ചും  വലിയ സംഭവം അല്ലെങ്കിലും നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന കഥയെ മൊത്തം മാറ്റാൻ കഴിയുന്ന ട്വിസ്റ്റ് മികച്ചതായി തന്നെ തോന്നി.

ഈ ചിത്രത്തിന് എന്റെ റേറ്റിംഗ്: 3.5/5

സിനിമയുടെ ലിങ്ക് വേണ്ടവർ  t.me/mhviews1 ൽ നോക്കുക .

1608. Kumari (Malayalam, 2022)

 1608. Kumari (Malayalam, 2022)

          Streaming on Netflix



കുമാരി മലയാളത്തിന്റെ Tumbaad ആണോ? എന്നെ സംബന്ധിച്ച് Tumbaad ഇൻഡ്യൻ സിനിമകളിൽ തന്നെ മികച്ച ഒരു സിനിമ ആയിട്ടാണ് തോന്നിയത്. എന്നാൽ അതുമായി താരതമ്യം ചെയ്യാതെ നോക്കിയാൽ നല്ലൊരു സിനിമ ആണെന്ന് ആണ് അഭിപ്രായം. പ്രത്യേകിച്ചും പ്രാദേശികമായ മിത്തും മറ്റും ഉൾപ്പെടുത്തി വരുന്ന സിനിമകൾക്ക് നൽകാൻ കഴിയും eerie ആയ ഒരു കഥാപാശ്ചാത്തലം ഉണ്ട്. ഫാന്റസിയുടെ മികച്ച ഉദാഹരണങ്ങൾ ആയി ആ കഥകൾ മാറുമ്പോൾ തന്നെ രസകരമായി മാറാറുണ്ട് അത്തരം സിനിമകൾ. ഇവിടെയും അങ്ങനെ തന്നെയാണ് എന്നാണ് തോന്നിയത്. 


ഷൈൻ  ടോമിന്റെ ഇൻറർവ്യുകളിൽ ഉള്ള ആളല്ല സിനിമകളിൽ അദ്ദേഹത്തിന്റെ അഭിനയം. പലപ്പോഴും തോന്നാറുണ്ട് സിനിമയിൽ ആണ് ഷൈൻ നോർമൽ എന്നും. ഈ സിനിമയിൽ തന്നെ ധ്രുവൻ എന്ന കഥാപാത്രം ഒരു ഘട്ടത്തിൽ ഇൻറർവ്യുകളിൽ കാണുന്ന ഷൈൻ ആയി മാറുന്നുണ്ട് . കഥയെ കുറിച്ച് പറഞ്ഞാൽ, രണ്ടു കാലഘട്ടത്തിൽ ഉള്ള സംഭവങ്ങൾ ഫാന്റസി കലർത്തി മുത്തശ്ശി കഥയുടെ രൂപത്തിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഗ്രാമവും, അവിടത്തെ തറവാടും, അതിൽ അഹങ്കാരിയായ ഒരാൾ ചെയ്യുന്ന ദ്രോഹവും, അതിനോടു അനുബന്ധിച്ച് മിത്തുകളിൽ ഉള്ളത് പോലുള്ള ദൈവ പ്രതിഷ്ഠയുടെ ഇടപ്പെടലുകളും പിന്നീട് അത് തലമുറകൾക്ക് അപ്പുറം ഉണ്ടാക്കുന്ന പ്രതിഫലനവും ആണ് സിനിമയുടെ കഥ. 


ക്ലൈമാക്സ് അടുക്കുമ്പോൾ സിനിമയിലെ ഹൊറർ ഘടകങ്ങൾ ആണ് പ്രേക്ഷകന്റെ മുന്നിൽ എത്തുക. പലപ്പോഴും പഴങ്കഥകളിൽ പറഞ്ഞിട്ടുള്ള കഥാപാത്രങ്ങളുടെ ഒക്കെ ഒരു സിനിമ കാഴ്ച ആണ് കുമാരി എന്നു പറയാം. ആ രീതിയിൽ മാത്രം സിനിമയെ സമീപിച്ചാൽ ഇഷ്ടപ്പെടും. ആഭിചാരത്തിന്റെയും, അന്ധ വശ്വാസങ്ങളുടെയും മറവിൽ തങ്ങളുടെ ഉള്ളിലെ ദാർഷ്ട്യവും അഹന്തയും ഒളിപ്പിച്ച ഒരു തലമുറയും, അതിനോടു പടവെട്ടിയ ജനതയും ഒക്കെ ഉള്ള നാട്ടിൽ അത്തരം ഒരു കണ്ണിലൂടെ നോക്കിയാൽ പോലും സിനിമയുടെ കഥ റിലേറ്റ് ചെയ്യാൻ കഴിയും. കാലങ്ങൾ കഴിഞ്ഞെങ്കിലും ചെറിയ ഓർമ്മപ്പെടുത്തലുകൾ   ചിത്രം നൽകുന്നുണ്ട്. എന്തായാലും എന്റെ അഭിപ്രായത്തിൽ തരക്കേടില്ലാത്ത ഒരു നല്ല സിനിമയാണ് കുമാരി. 


എന്റെ റേറ്റിംഗ്: 3/5 


സിനിമ കണ്ടവരുടെ അഭിപ്രായം പങ്ക് വയ്ക്കുമല്ലോ?

Friday, 9 December 2022

1607. Padavettu (Malayalam, 2022)

 1607. Padavettu (Malayalam, 2022)

           Streaming on Netflix



 കാല് വയ്യാതെ എണ്ണയും തേച്ച് ഇരുന്ന ആൾ എണീറ്റ് കാട്ടു പന്നിയെ ഓടിക്കുന്ന അത്ര റിയലിസ്റ്റിക് പടം ആണ് പടവെട്ട്. പിന്നീട് അയാൾ തലയിൽ കെട്ടും കെട്ടി നാട്ടിലെ വില്ലനായ പ്രമാണിയെ തോൽപ്പിക്കുകയും  ഒക്കെ ചെയ്യുന്നു. തമിഴ്- തെലുങ്ക് സിനിമയിലെ മണ്ണിനായി പോരാടുന്ന നായകന്റെ മലയാളം വേർഷൻ ആണ് പടവെട്ടിലെ രവി. നിവിൻ പോളിയുടെ സേഫ് സോൺ സിനിമകളിലെ പോലെ അലസനായ ഒരു കഥാപാത്രം ആണ് രവിയും. രവിയെ കൂടുതൽ റിലേറ്റ് ചെയ്യാന് പറ്റുന്നത് ജേക്കബിന്റെ സ്വർഗരാജ്യത്തിലെ കഥാപാത്രവും ആയിട്ടാണ്. അതിൽ കടത്തിൽ ആയ അച്ഛനു പണം കൊടുത്തു വില്ലനായ ആളെ പോലെയാണ് ഇതിലെ ഷമ്മി തിലകന്റെ കഥാപാത്രവും. വീട് നന്നാക്കാൻ പണം കൊടുത്തിട്ടു അവസാനം അത് വരെ ഇല്ലാതിരുന്ന അഭിമാനം പുറത്തു വരുന്ന ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുന്ന നായകൻ ആണ് രവി. 


പിന്നെ ഇതിൽ ഷമ്മിയുടെ കുയ്യലീ എന്ന കഥാപാത്രം രാഷ്ട്രീയക്കാരൻ ആയത് കൊണ്ട് വില്ലൻ ആണെന്നുള്ള മനോഭാവം പ്രേക്ഷകന് ഉണ്ടാക്കാൻ ഉള്ളതെല്ലാം സിനിമയിൽ ഉണ്ടാക്കി വച്ചിട്ടും ഉണ്ട്. പക്ഷേ പഞ്ചായത്തിൽ നിന്നു പോലും സഹായം കിട്ടാതെ കരഞ്ഞ അമ്മയുടെ മകന് രോഷം തോന്നുന്നു വീടിന്റെ അറ്റക്കുറ്റ പണികൾ കഴിഞ്ഞപ്പോൾ . വല്ല ജോലിക്കും പോകുന്നതിന് പകരം ആത്മാഭിമാനം ഉണരുന്നു നായകന്. അങ്ങനെ എന്തൊക്കെയോ ആണ് നായകൻ.ആ സമയം ആകുമ്പോൾ എനിക്കു ഉറക്കം വന്നു തുടങ്ങിയിരുന്നു. മറ്റ് സൌത്ത് ഇൻഡ്യൻ ഭാഷകളിൽ ഉള്ളത് പോലെ ഒരു സിനിമ ഇറക്കിയത് ആണ്. എത്ര പേർക്ക് ഇഷ്ടമായി പടവെട്ട് എന്നു അറിയില്ല. എന്നെ സംബന്ധിച്ച് തീരെ ഇഷ്ടം ഇല്ലാത്ത സിനിമകളുടെ ഒപ്പമാണ് പടവെട്ടും. 


ഒരു സമയത്ത് യൂത്തിന്റെ ആയ സിനിമകൾ ഇറക്കി നല്ല മാർക്കറ്റ് വാല്യൂ ഉണ്ടാക്കിയ നിവിന് ഇപ്പോൾ കിട്ടുന്ന ഇത്തരം സിനിമകൾ ഒന്നും തീരെ ഇഷ്ടപ്പെട്ടില്ല എന്നു പറയുന്നറ്റ് ആണ് ശരി. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ സിനിമകൾ ഏതാണ് എന്നു തീരുമാനിക്കുന്ന പുതിയ ടീം പുള്ളിയെ നന്നാക്കുക ആണോ നശിപ്പിക്കുക ആണോ എന്നൊരു സംശയം. എന്തായാലും ഇഷ്ടപ്പെട്ട ഒരു നടൻ ഇതിൽ നിന്നെല്ലാം മാറി നല്ല സിനിമകളും ആയി വരട്ടെ എന്നു ആശംസിക്കുന്നു. 


എന്റെ റേറ്റിംഗ്: 2/5 


പടവെട്ട് കണ്ട പലർക്കും സിനിമ ഇഷ്ടമായിട്ടുണ്ടാകും അല്ലെങ്കിൽ ഇഷ്ടമായിട്ടുണ്ടാകില്ല. എന്താണെങ്കിലും അഭിപ്രായം പങ്ക് വയ്ക്കുമല്ലോ ?

Thursday, 8 December 2022

1058.100(Tamil,2019)

​​1058.100(Tamil,2019)



    ഇന്ത്യൻ സിനിനയിലെ താര പ്രവേശത്തിന് പോലീസ്,ഗുണ്ടാ,ഡോൺ വേഷങ്ങൾക്കു അതിന്റെതായ പ്രാധാന്യം ഉണ്ടെന്നുള്ളത് ചരിത്രം ആണ്.പ്രേക്ഷകരിൽ ഒരു നടൻ വലിയ ഒരു സംഭവം ആണെന്ന് തോന്നിപ്പിക്കാൻ തീർച്ചയായും ഇത്തരം വേഷങ്ങൾ സഹായിക്കും എന്നതും സത്യമാണ്.ഇന്ത്യൻ സിനിമയിലെ താരാധിപത്യത്തിൽ ഈ ഘടകങ്ങൾ തീർച്ചയായും കാണാൻ സാധിക്കും.ഇതേ വഴിയിൽ തന്നെ ആണ് അഥർവ ഇത്തരം ഒരു വേഷം ചെയ്തതെന്ന് തോന്നുന്നു.ഒരു പോലീസുകാരന്റെ വേഷം.കൂര്മ ബുദ്ധിയുള്ള,മസിൽ ഉള്ള,പോലീസ് സ്റ്റൈലിൽ മീശ വച്ച,ബുള്ളറ്റ് ഉള്ള പോലീസുകാരൻ.


     ഒരു മിസ്റ്ററി/സസ്പെൻസ് സിനിമയിൽ പക്ഷെ ഇത്തരം കാര്യങ്ങൾ കയറ്റിയപ്പോൾ സംഭവിച്ചത് ഈ അടുത്തു ഇറങ്ങിയ പല തമിഴ് ത്രില്ലർ സിനിമകളും നൽകിയത് പോലുള്ള ഒരു സംതൃപ്തിയുടെ കുറവായിരുന്നു.നായകനെ establish ചെയ്യാൻ ഉപയോഗിച്ച സിനിമയുടെ തുടക്കം ഇത്തരം ഒരു കഥയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കം മാത്രം ആയിരുന്നെങ്കിൽ ഒരു ത്രില്ലിംഗ് factor ഉറപ്പായും വന്നേനെ.പക്ഷെ ക്ളീഷേ എന്നു ഒക്കെ പറയാമെങ്കിലും ഇത്തരത്തിൽ ട്വിസ്റ്റ് ഒക്കെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാൻ പറ്റാത്തത് പോലെ ആയിരുന്നു തുടക്കം.


   


  ഒരു ആവറേജ്,തരക്കേടില്ലാത്ത സിനിമ ആയി അവസാനം 100 നെ വിലയിരുത്താം എന്നു തന്നെ തോന്നുന്നു.അഥർവയുടെ അച്ഛൻ മുരളി ഇത്തരത്തിൽ ഒരു പോലീസ് വേഷം ചെയ്തിട്ടില്ല എന്നു തോന്നുന്നു.അഥർവയും വേഷം മോശമാക്കിയിട്ടില്ല.പക്ഷെ,കഥാപാത്രവും കഥയും place ചെയ്ത സ്ഥലം തെറ്റി പോയി എന്ന് ആണ് അഭിപ്രായം.അതു പോലെ ഹൻസികയെ നായകന്റെ ചേച്ചി ആക്കി കാണിച്ചിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നി.യോഗി ബാബു എന്നത്തേയും പോലെ തമാശ ഒക്കെ നന്നായി ചെയ്തു.


ഒരു സാധാരണ മാസ് പോലീസ് സ്റ്റോറിയിൽ ഇത്തരം കഥകളുടെ മൂഡ് ഉറപ്പായും പോകും.അതാണ് സംഭവിച്ചത്.പക്ഷെ ആദ്യ അര മണിക്കൂറോളം ക്ഷമിക്കാമെങ്കിൽ തരക്കേടില്ലാത്ത ഒരു മിസ്റ്ററി/സസ്പൻസ് ചിത്രം ആണ് "100".പ്രത്യേകിച്ചും പോലീസ് കഥകളിലെ സ്ഥിരം ഫോർമുല വിടെ മാറ്റി പിടിച്ചിട്ടുണ്ട്.911 പോലുള്ള സേവനങ്ങൾ പ്രമേയം ആക്കിയുള്ള കഥകൾ ധാരാളം വിദേശ സിനിമകളിൽ വന്നിട്ടുണ്ട്.അത്തരം ഒരു പശ്ചാത്തലം തമിഴ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു നല്ല വശമാണ്.


  സമ്മിശ്രമായ ഒരു അഭിപ്രായം ആണ് എല്ലാം കൂടി നോക്കുമ്പോൾ ചിത്രത്തെ കുറിച്ചു തോന്നുക.എവിടെയോ എന്തൊക്കെയോ മിസ്സിങ്!! 

1052. Mindhunters (English,2004)

1052.Mindhunters(English,2004)

         Mystery, Slasher



    തങ്ങളുടെ പഠനത്തിന്റെ ഭാഗം ആയുള്ള അവസാന പരീക്ഷയ്ക്ക് വേണ്ടി ആണ് അവർ ആ ദ്വീപിൽ പോകുന്നത് എന്നാണ് കരുതിയിരുന്നത്.എന്നാൽ അവർ 7 പേരെയും കാത്തിരുന്നത് അവരുടെ ചിന്തകൾക്കും അപ്പുറം ഉള്ള കാര്യങ്ങൾ ആയിരുന്നു.അതും തങ്ങളുടെ മേഖലയിൽ ഉള്ള കഴിവിൽ വിശ്വാസം ഉള്ള കൂട്ടർ കൂടി ആകുമ്പോൾ.ഒരു സീരിയൽ കില്ലറെ കണ്ടെത്താൻ ഉള്ള പ്രത്യേക ഒരു ഗെയിം ആണ് അവർക്ക് ഉണ്ടായിരുന്നത്.എന്നാൽ യഥാർത്ഥത്തിൽ....?????


   Mindhunters ,പേര് പോലെ തന്നെ ആണ് മുഖ്യകഥാപാത്രങ്ങളുടെ ജോലിയും.അവർ 7 പേരും ഒരു മനുഷ്യനെ കണ്ടാൽ അയാളുടെ ബോഡി language ഒക്കെ ഉപയോഗിച്ചു അയാളുടെ ചിന്തകളെയും സ്വഭാവത്തെയും എല്ലാം അപഗ്രഥിക്കാൻ ശ്രമിക്കുന്നവർ ആണ്.ക്രിമിനൽ കേസുകളിൽ ഒക്കെ പ്രതികളെ കണ്ടെത്തുന്നതിൽ സഹായകരം ആകുന്ന പ്രൊഫൈലിങ് നടത്തുന്ന ഈ കൂട്ടരേ പ്രൊഫൈലേഴ്‌സ് എന്നാണ് വിളിക്കുന്നത്.


    ദ്വീപിലേക്ക് തിരിക്കുന്നതിനു മുൻപ് ആ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ചിലർ ഒരു സത്യം മനസ്സിലാക്കുന്നു.അതിനു ശേഷം ആരും ഇല്ലാത്ത ദ്വീപിലും അവർ ഒരിക്കലും പ്രതീക്ഷിക്കാത്തത് കാണുന്നു.പരീക്ഷ ആണെന്ന് കരുതിയ സംഭവം അവരുടെ ജീവന്റെ പരീക്ഷ ആയി മാറുന്നു.സീരിയൽ കില്ലർ എന്ന ഘടകം കൂട്ടി ചേർത്ത് അതിനു കുറ്റാന്വേഷണ/മിസ്റ്ററി സ്വഭാവം കൊണ്ടു വന്നിരിക്കുന്നു.


 And Then There Were None,The 10 Little Indians തുടങ്ങിയ സിനിമകളിലെ പോലെ ഒരു അടച്ചിട്ട സ്ഥലത്തെ കൊലയാളിയെ കണ്ടു പിടിക്കൻ ഉള്ള ശ്രമം ആണ് ചിത്രത്തിൽ ഉള്ളത്.ഒരു തരം improvised വേർഷൻ എന്നു വിളിക്കാം.ഈ രീതിയിൽ തന്നെ സിനിമകൾ വേറെ വന്നിട്ടുണ്ടെങ്കിലും തരക്കേടില്ലാത്ത ചിത്രമാണ് "Mindhunters".

Wednesday, 7 December 2022

1606. Kooman (Malayalam, 2022)

 1606. Kooman (Malayalam, 2022)

          Streaming on Amazon Prime.

          


 കാലിക പ്രസക്തിയുള്ള ഒരു കുറ്റാന്വേഷണം ആണ് കൂമൻ എന്ന ആസിഫ് അലി- ജിത്തു ജോസഫ് സിനിമ അവതരിപ്പിക്കുന്നതെങ്കിലും ഈ സിനിമയിലെ ആസിഫ് അലിയുടെ ഗിരി എന്ന പോലീസുകാരന്റെ കഥാപാത്ര അവതരണം ആണ് എനിക്കു ഏറെ ഇഷ്ടപ്പെട്ടത്. വിദ്യാഭ്യാസം കുറവുള്ള ജോർജുക്കുട്ടി ദൃശ്യത്തിൽ  പൊലീസുകാരെ മൊത്തത്തിൽ ആശയക്കുഴപ്പത്തിൽ ആക്കിയത് പോലെ തന്നെ ആയിരുന്നു ഗിരിയുടെ സ്വഭാവം കൂമനിൽ . മനസ്സിൽ ഉള്ള പക വച്ച് അയാൾ മറ്റുള്ളവരോട് പക വീട്ടുന്നത്, അതും ഭ്രാന്തമായ ആവേശത്തോടെ ആകുമ്പോൾ ആസിഫിൽ സിനിമയിലെ സ്ഥിരം നായക കഥാപാത്രത്തെ  കാണാൻ സാധിക്കില്ല. പകരം സിനിമയിലെ തന്നെ ഏറ്റവും നെഗറ്റീവ് കഥാപാത്രം ആയി മാറുകയാണ് ഗിരി.  


  അവസാനം വരെയും നില നിർത്തിയ , തന്റെ എല്ലാ പ്രവൃത്തിയിലും ആരോടെങ്കിലും ഒക്കെ ജയിക്കണം എന്നുള്ള മനോഭാവം അവസാനം വരെയും ഉണ്ടായിരുന്നു എന്നതും ഗിരി എന്ന കഥാപാത്ര സൃഷ്ടിയുടെ മികവായി ആണ് കാണാൻ കഴിയുക. സിനിമയുടെ തേർഡ് ആക്ട് ഇതിൽ നിന്നും വിഭിന്നമായി കുറ്റാന്വേഷണം ആയി മാറുമ്പോൾ സിനിമയുടെ ഗ്രാഫ് മൊത്തത്തിൽ അത് വരെ നല്കിയ രസ ചരട് പൊട്ടിക്കുന്നതായി ആണ് തോന്നിയത്.എന്നാലും അതിലേക്ക് എത്തി ചേരുന്നത് ഗിരിയുടെ സ്വഭാവം കൊണ്ടാണ് എന്നത് കൊണ്ട് തന്നെ കണക്റ്റ് ചെയ്യാൻ പറ്റുന്നതും  ആണ്. ക്ലൈമാക്സ് മോശം ആണെന്ന് അല്ല. പകരം നേരത്തെ പറഞ്ഞത് പോലെ കാലിക പ്രസക്തവും ആണ്. പക്ഷേ  ആസിഫ് അലിയുടെ അത്രയും നേരം ഉള്ള സ്വഭാവം കാരണം തന്നെ നല്ലൊരു കഥയായി വേറെ രീതിയിൽ വികസിപ്പിക്കാം എന്നു തോന്നി. അങ്ങനെ ആയിരുന്നെങ്കിൽ കൂമൻ എന്ന പേര് അക്ഷരർഥത്തിൽ സിനിമയ്ക്ക് യോജിക്കുമായിരുന്നു. 


 ആസിഫ് തന്റെ സിനിമകളുടെ സ്ക്രിപ്റ്റുകൾ കണ്ടെത്തുന്നതിൽ കാണിക്കുന്ന ശ്രദ്ധാക്കുറവ് അയാളുടെ കരിയറിനെ നന്നായി ബാധിച്ചിട്ടുണ്ട് എന്നു തന്നെ ഈ അടുത്ത് ഇറങ്ങിയ രണ്ടു സിനിമകളിലൂടെയും മനസ്സിലാക്കാം. നല്ല ടീം ആണെങ്കിൽ അയാൾ നന്നായി തന്നെ സിനിമ ചെയ്യാന് കഴിയുന്ന ഒരു നടൻ ആണ്. പ്രത്യേകിച്ചും അൽപ്പം ഡാർക് ഷെയ്ഡ് ഉള്ളത്.ആസിഫിനെ കുറിച്ച് ഇത്രയും നേരം പറഞ്ഞത് ഇത് അയാളുടെ സിനിമയാണ്, അയാൾ ആയിരുന്നു സിനിമയുടെ നട്ടെല്ല് എന്നത് കൊണ്ടാണ്. ഗിരി എന്ന പോലീസ് ഉദ്യോഗസ്ഥനെ പോലെ ഉള്ളവരെ ജീവിതത്തിൽ കണ്ടിട്ടുണ്ടെങ്കിൽ അത്തരം ഒരു കഥാപാത്രവുമായി കണക്ഷൻ കിട്ടും. എനിക്കു അങ്ങനെ ഒരു അനുഭവം ഉണ്ടായി സിനിമ കണ്ടപ്പോൾ. 


 നേരത്തെ പറഞ്ഞത് പോലെ ക്ലൈമാക്സ് അൽപ്പം സീരിയൽ ലെവൽ ആയെങ്കിലും ജിത്തുവിന്റെ മറ്റ് സിനിമകളിലെ പോലുള്ള ഒരു  ത്രൂ -ഔട്ട് സീരിയൽ അവതരണം കൂമനിൽ കുറവായിരുന്നു. എനിക്കു ജിത്തു ജോസഫ് സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് ഗിരി. സിനിമ മൊത്തത്തിൽ തരക്കേടില്ലാതെ, അത്യാവശ്യം നല്ലത് പോലെ ത്രിൽ അടിപ്പിക്കുന്ന ഒന്നാണ്. ഈ അടുത്ത് ഇറങ്ങിയ സിനിമകളിൽ നല്ലതെന്ന് പറയാവുന്ന ഒരു മലയാളം സിനിമ . 


എന്റെ റേറ്റിംഗ്: 3.5/5 


സിനിമ കണ്ടവരുടെ അഭിപ്രായം പങ്ക് വയ്ക്കുമല്ലോ ?

Tuesday, 6 December 2022

1605. The Sadness (Mandarin, 2012)

 

1605. The Sadness (Mandarin, 2012)
          Horror: Streaming on AMC+ (Shudder)



     നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ ഏകദേശം രണ്ടു വർഷം മരണ ഭയത്തോടെ കഴിഞ്ഞ കോവിഡ് കാലഘട്ടം ഇപ്പോഴും ഓർമ കാണുമല്ലോ?ഇവിടെ കോവിഡിന് പകരം ആൽവിൻ വൈറസ് ആണ് വന്നിരുന്നതെങ്കിലോ?ആൽവിൻ വൈറസ് ഒരു ഫ്ലൂ വൈറസ് ആണ്. എന്നാൽ അത് ബാധിച്ചവരുടെ മൊത്തത്തിൽ ഉള്ള തലച്ചോറിന്റെ പ്രവർത്തനം തന്നെ മാറ്റും . ദു:ഖമാണ് പിന്നെ അവരുടെ മുഖമുദ്ര . അത് അവരെ അപകടകാരികൾ ആക്കി മാറ്റും. ആക്രമണവും മനുഷ്യ ശരീരത്തിനോട് ഉള്ള അർത്തിയും ആകും അവർക്ക് ഉണ്ടാവുക.

  ഇത്തരത്തിൽ ആൽവിൻ വൈറസ് പ്രവർത്തിക്കുമ്പോൾ സർക്കാറും ജനങ്ങളും ഇതിനെ തുടക്കത്തിൽ കാര്യമായി എടുക്കുന്നില്ല. അതിനു ശേഷം നടക്കുന്ന ഭീതിദത്തമായ കാര്യങ്ങൾ ആണ് സിനിമയിൽ പിന്നീട് കാണിക്കുന്നത്.ഇതു തുടങ്ങിയ ദിവസം ദമ്പതികൾ ആയവരിൽ ഒരാൾ അപകടകരമായ അവസ്ഥയിൽ ആണ്‌. അതിൽ മറ്റേ ആൾക്ക് എന്താണ് ചെയ്യാൻ കഴിയുക?

പല സോംബി ചിത്രങ്ങളിലും ഇത്തരത്തിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുന്ന വൈറസുകളെ കുറിച്ച് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും The Sadness എന്ന തായ്‌വാൻ ചിത്രം ക്രൂരമായ മനസ്ഥിതിയിലേക്ക് മനുഷ്യനെ മാറ്റി അവർ മറ്റുള്ളവർക്ക് അപകടകാരി ആയി മാറുന്നത് മികച്ച ഹൊറർ രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഏഷ്യൻ സിനിമകൾ ഹോളിവുഡ് സിനിമകളുടെ മുന്നിൽ പോകുന്നത് നന്നായി കാണാൻ സാധിക്കും ഇത്തരം ചിത്രങ്ങളിൽ.

അതിൽ നല്ലവരും മോശക്കാരായ മനുഷ്യരും ഉണ്ട്. അവരുടെ എല്ലാം മനോവിചാരങ്ങൾ ഒരു വൈറസ് എങ്ങനെ മാറ്റി എല്ലാവരും ഒരേ പോലെ ആകുന്നു എന്നും കാണാം. സിനിമയുടെ അവസാനം ആകുമ്പോഴേക്കും ചില കഥാപാത്രങ്ങളോട് അനുകമ്പ തോന്നുമെങ്കിലും അത് വരെ സിനിമ കണ്ട പ്രേക്ഷകന് അത് എങ്ങനെ ആകും ബാധിക്കുക എന്നതും ചിന്തനീയം ആണ്.

ബോഡി ഹൊറർ സിനിമകളിൽ മികച്ചതെന്ന് പറയാൻ കഴിയുന്ന ചിത്രമാണ് The Sadness . ഹൊറർ സിനിമകളുടെ ആരാധകർ കണ്ടു നോക്കൂ.

ഒരു ചെറിയ റേറ്റിംഗ് ഇടാം 3.5/5

സിനിമ കണ്ടവരുടെ അഭിപ്രായം കൂടി രേഖപ്പെടുത്തുമല്ലോ?

സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

1604. Monster (Malayalam, 2022)

 1604. Monster (Malayalam, 2022)

          Streaming on Hotstar.



  സച്ചിൻ കളിച്ചിരുന്ന സമയം ഫോം ഔട്ട്‌ ആകുമ്പോൾ പോയി അങ്ങേരോട് എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്നു ടി വിയിൽ കളി കാണുന്നവർ ഇരുന്നു പറയുന്ന അവസ്ഥ ഇല്ലേ? അത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല. ഇത്രയും റൺസ്, സെഞ്ചുറി ഒക്കെ അടിച്ച ആളോട് ആണ്‌ ടി വിയിൽ കളി കണ്ടു, കണ്ടത്തിൽ കളിച്ചവർ ബാറ്റിങ് ടെക്നിക്ക് പഠിപ്പിച്ചു കൊടുക്കുന്നത്. പക്ഷെ ക്രിക്കറ്റ് കളിയെക്കുറിച്ച് നല്ല അറിവ് ഉള്ള പ്രൊഫഷനലുകൾ സച്ചിന് സഹായത്തിനു ഉണ്ടായിരുന്നിരിക്കാം അല്ലെ?അത് കൊണ്ടും ആയിരിക്കുമല്ലോ മോശം സമയങ്ങളെ അതി ജീവിച്ചു ക്രിക്കറ്റ് ദൈവം ആയി അദ്ദേഹം മാറിയത്.


 ഇത്രയും പറഞ്ഞ് വന്നത്, നമ്മളിൽ പലരും ജനിക്കുന്നതിനു മുന്നേ അഭിനയിച്ചു തുടങ്ങിയ, ഇത്രയേറെ സിനിമകൾ ചെയ്ത, ഹിറ്റുകൾ നേടിയ ഒരാൾക്ക്‌ ഒരു സിനിമയുടെ  കഥ കേട്ടു ഇഷ്ടപ്പെട്ടതിനു ശേഷം സിനിമയിൽ അഭിനയിക്കുമ്പോൾ ചെയ്യുന്ന ചില സംഭവങ്ങൾ എങ്കിലും ചളി ആണ്‌ എന്നുള്ള അറിവില്ലേ എന്നൊരു സംശയമുണ്ട്.അതോ വേറെ ഡയലോഗ് പറയിപ്പിച്ചിട്ടു ഡബ്ബിങ് സമയം മിമിക്രി ആർട്ടിസ്റ്റുകളെ വച്ച് ഡബ് ചെയ്യുന്നത് ആണോ ആവോ? എന്തായാലും എഡിറ്റിങ് പോലും അറിയാത്ത നമ്മളൊക്കെ ഇതിനെ കുറിച്ച് സംസാരിക്കേണ്ട ആവശ്യം ഇല്ല എന്ന് വച്ചാലും L ബ്രാണ്ടിന്റെ കൂടെ നടക്കുന്നവർക്ക് എങ്കിലും ഇതൊക്കെ തോന്നണ്ടേ? അത് സിനിമ സംവിധാനം ചെയ്യുന്ന സംവിധായകന് ആയാലും?


 Cringe സിനിമകളുടെ നിലവാരം തന്റെ ഓരോ സിനിമയിലും ഈ അടുത്തായി നല്ലത് പോലെ ബാർ കൂട്ടി കൊണ്ട് ലാലേട്ടൻ വരുന്നതായി ഈ  കാണാൻ സാധിക്കുന്നുണ്ട്.ലൂസിഫർ കഴിഞ്ഞതോടെ ഹിഡൻ ഐഡന്റിറ്റി ഇല്ലാതെ ഏട്ടൻ സിനിമകൾ പറ്റാതെ ആയിട്ടുണ്ട്‌ എന്ന് തോന്നുന്നുണ്ട്. പോലീസ് വേഷങ്ങളിൽ അഭിനയിക്കുമ്പോൾ ഉള്ള താടി പ്രശ്നം ആയിരിക്കാം എന്ന് കരുതുന്നു അതിനു പിന്നിൽ . എന്തായാലും മോൺസ്റ്റർ സിനിമയുടെ ആദ്യ പകുതിയിൽ ഏട്ടൻ ആറാടുക ആയിരുന്നു എന്ന് ഫാൻസ്‌ പോലും പറയില്ല. അത്ര വധം ആയിരുന്നു അഭിനയം.


 ജാക്കി - ഡിക്കി ഡബിൾ മീനിങ് തമാശ ഒക്കെ ഇപ്പോഴും ട്രെൻഡ് ആണെന്ന് കരുതി ജീവിക്കുന്നവരുടെ പാരലൽ ലോകം ആണ്‌ സിനിമയിൽ ഉള്ളത്. ഏട്ടന് ആ ഡയലോഗ് ഒക്കെ എഴുതി ഉക്രി കൊടുക്കുമ്പോൾ 'ന്താ ഉക്രി ഇതൊക്കെ? ഇതിലൊക്കെ ഇപ്പോഴും തമാശയുണ്ടോ? എന്നൊക്കെ ഏട്ടൻ ചോദിച്ചിരുന്നേൽ നന്നായേനെ എന്ന് തോന്നുന്നു. അത് ചോദിക്കാത്തത് കൊണ്ട് എഴുപതുകളിലെ വസന്തൻ ചേട്ടൻ എന്നൊക്കെ വിളിക്കാൻ പറ്റുന്ന അമ്മാവന്മാരുടെ സിനിമ എന്ന് ഒറ്റ വാക്കിൽ പറയാം മോൺസ്റ്ററിനെ.


പിന്നീട് സിനിമയുടെ മെയിൻ കഥയിലേക്ക് വന്നപ്പോൾ അതിലെ പ്രധാന ഭാഗം Black Widow (1987) ഇൽ നിന്നും ചുരുണ്ടി എടുത്തത് ആണെങ്കിലും അതിനു കുറച്ചു കൂടി ഡെപ്ത് നൽകി കൊണ്ടുള്ള കഥ കൂടി ഫിറ്റ് ചെയ്തു കഴിഞ്ഞതിനു ശേഷം സിനിമ watchable ആയി മാറി എന്ന് മാത്രം പറയാം. പക്ഷെ ഫാൻസി ഡ്രസ് കോമ്പറ്റിഷൻ നടത്തുന്ന അസ്കിത കയറിയ ഏട്ടൻ അവിടെയും വന്നു എന്തൊക്കെയോ വലിയ സംഭവം ആണെന്ന് പറയുന്നുണ്ട്. ആറാട്ട് സീരീസ് എന്നൊക്കെ വിളിക്കാവുന്ന സിനിമ ആയി മോൺസ്റ്ററും അവിടെ മാറുന്നു.


ഹണി റോസ് ഏട്ടന്റെ ഒപ്പം നിൽക്കുന്ന റോൾ കിട്ടിയതോടെ മലയാളത്തിലെ ഒറിജിനൽ ലേഡി സൂപ്പർ സ്റ്റാർ ആയി മാറാൻ പോകുന്നു എന്നത് മാത്രം പോസിറ്റിവ് ആയി തോന്നി. സിനിമയിൽ കൊള്ളാവുന്നത് ഹണി റോസ് ആയിരുന്നു. ( ഫ്രം ഹണി റോസ് ഫാൻസ്‌ കാനഡ ഘടകം ). ലക്ഷ്മി മാഞ്ചുവിനെ ആദ്യം കണ്ടപ്പോൾ ലെന മെലിഞ്ഞത് ആണോ എന്ന് തോന്നിയായിരുന്നു. പിന്നെ ലെനയെ കൂടി സ്‌ക്രീനിൽ കണ്ടപ്പോൾ ഇതു ഡബിൾ റോൾ ആണോ എന്നും സംശയിച്ചു ആകെ റിലെ പോയി. സിനിമയുടെ തുടക്കം പോയ റിലെ തിരിച്ചു വന്നിട്ടും ഇല്ലായിരുന്നു. ലക്ഷ്മിയുടെ ഫൈറ്റ് ഒക്കെ കൊള്ളാമായിരുന്നു.


സിനിമ ഇഷ്ടമായോ ഇല്ലയോ എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ? ലൂസിഫർ കഴിഞ്ഞുള്ള ഏട്ടന്റെ ആറാടുക ആണ്‌ സിനിമകളിൽ ഒന്നൂടി ആണ് മോൺസ്റ്റർ. വീണ്ടും പറയുന്നു, ഏട്ടനെ ടി വിയിൽ കണ്ടു വിമർശിക്കാൻ നോക്കുന്നത് ഒക്കെ വെള്ളത്തിൽ വര വരച്ചത് പോലെ ആണ്‌. അവർക്കും അവരുടെ കൂടെ നിൽക്കുന്ന ആളുകൾക്കും സിനിമകളെ കുറിച്ച് നല്ല ബോധ്യം ഉണ്ട്. ആ ബോധ്യം നല്ല രീതിയിൽ ഉപയോഗിച്ചാൽ നല്ല സിനിമകൾ ഇനിയും വരും. പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തെ വില കുറച്ചു കാണാതെ ഇരുന്നാൽ തന്നെ വലിയ കാര്യം.


ഒന്നുമില്ലെങ്കിലും, തിയറ്ററിൽ നിന്നു അല്ലെങ്കിലും OTT സബ്സ്ക്രീപ്‌ഷൻ കാശ് കൊടുത്തു എടുത്തു സമയം ചിലവാക്കി ആരെങ്കിലും ഒക്കെ കാണുന്നത് അല്ലെ സിനിമകൾ? 


സിനിമയ്ക്ക് എന്റെ റേറ്റിങ് 1/5.


സിനിമ കണ്ടവരുടെ അഭിപ്രായങ്ങൾ പങ്ക് വയ്ക്കാമോ?



Monday, 5 December 2022

1603. Black Widow (English, 1987)

 1603. Black Widow (English, 1987)

          Mystery, Crime: Streaming on Disney+



അടുത്തടുത്തായി നടക്കുന്ന മൂന്നു മരണങ്ങൾ. മരണപ്പെട്ടത് എല്ലാം അവരവരുടെ മേഖലയിൽ കഴിവ് തെളിയിച്ച ധനികർ. സാധാരണ മരണങ്ങൾ പോലെ അതെല്ലാം തോന്നിയെങ്കിലും, ഈ മരണങ്ങൾ തമ്മിൽ എന്തോ ബന്ധം ഉണ്ടെന്നു അലൈക്സാന്ദ്ര എന്ന ജസ്റ്റിസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥയ്ക്ക് തോന്നി തുടങ്ങി. പക്ഷെ അതിനു വ്യക്തമായ തെളിവുകൾ ഒന്നും ഇല്ലായിരുന്നു. സാധാരണ രീതിയിൽ മരിച്ച മൂന്നു പേർ.പ്രത്യക്ഷത്തിൽ മരണങ്ങൾ തമ്മിൽ ബന്ധം ഒന്നുമില്ല.അങ്ങനെ ഒരു pattern ഈ മരണങ്ങളിൽ കാണുന്നുമില്ല ആദ്യ നോട്ടത്തിൽ. എന്നാലും കാഴ്ചയ്ക്കും അപ്പുറം എന്തെങ്കിലും ഉണ്ടാകുമോ?


  അലക്സാന്ദ്ര ഈ കേസുകളിൽ ഒരു ബന്ധം കണ്ടു പിടിക്കുന്നു. ഈ മരിച്ച മൂന്നു പേരും അവരുടെ വിവാഹം കഴിഞ്ഞു കൃത്യം ഒരു മാസം ആകുമ്പോൾ ആണ്‌ മരണപ്പെടുന്നത്. ഇവരെ വിവാഹം ചെയ്തത് വ്യത്യസ്ത പേരിൽ ഉള്ള സ്ത്രീകളും ആണ്‌. എന്നാലും ഈ ഒരു ചെറിയ സംശയവും ആയി അലക്സന്ദ്ര ഓഫീസ് ജോലിയിൽ നിന്നും ഫീൽഡിലേക്ക് ഇറങ്ങുന്നു. അലക്സന്ദ്രയുടെ സംശയങ്ങൾ യാഥാർഥ്യം ആണോ? അതോ അവളുടെ തോന്നലുകൾ മാത്രമോ? എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നതാണ് സിനിമയുടെ ബാക്കി കഥ.


 ഈ അടുത്ത് ഇറങ്ങിയ ഒരു മലയാള സിനിമ കാണുന്നതിന് മുന്നേ ഈ സിനിമ കണ്ടാൽ നന്നായിരിക്കും എന്ന് ഒരു സുഹൃത്ത്‌ പറഞ്ഞത് കാരണം ആണ്‌ Black Widow കണ്ടത്. മലയാളം പിന്നീട് കാണുകയും ചെയ്തു. പക്ഷെ ഈ സിനിമയിലെ മൂല കഥ എടുത്തു ചെയ്ത മലയാളം സിനിമ തീരെ മോശം ആയപ്പോൾ നല്ലൊരു മിസ്റ്ററി ത്രില്ലർ ആയിരുന്നു Black Widow.തെരേസ രസലിന്റെയും, ഡബ്ര വിങ്ങറുടെയും കിടിലൻ പ്രകടനം ആണ്‌ സിനിമയിൽ. പ്രത്യേകിച്ചും ക്ലൈമാക്സ്‌ ട്വിസ്റ്റ് ഒക്കെ നന്നായിരുന്നു.


സിനിമയുടെ പേരിൽ തന്നെ കഥ ഉണ്ടെങ്കിലും അത് അവതരിപ്പിച്ച രീതി ആണ്‌ എനിക്ക് ഇഷ്ടപ്പെട്ടത്. കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക. ഒരു ചെറിയ റേറ്റിങ്ങും കൊടുക്കുന്നു 3.5/5


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?


സിനിമയുടെ ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.

1602. Kantara ( Kannada, 2022)

 1602. Kantara ( Kannada, 2022)

          Streaming on Amazon Prime.



കാന്താരാ റിലീസ് ആയ സമയത്തു തിയറ്ററിൽ കണ്ടവർ വരാഹാരൂപം സിനിമയ്ക്ക് മൊത്തത്തിൽ നൽകിയ മാസ്മരികമായ അനുഭവത്തിനെ കുറിച്ച് അറിവ് ഉള്ളത് കൊണ്ട് തന്നെ പുതിയ വരാഹാരൂപം ഉള്ള സിനിമ കാണേണ്ട എന്ന് തന്നെ തീരുമാനിച്ചത് ആണ്‌ പ്രൈം വീഡിയോയിൽ വന്നപ്പോൾ. അത് കൊണ്ട് തന്നെ എല്ലാ ദിവസവും പ്രൈം തുറന്നു ക്ലൈമാക്സ്‌ ഭാഗം നോക്കുമായിരുന്നു, ഒറിജിനൽ വന്നോ എന്ന് അറിയാൻ. എന്തായാലും ഇന്ന് നോക്കിയപ്പോൾ ഒറിജിനൽ വരാഹരൂപം തന്നെ കിടക്കുന്നതു കണ്ടു. അത് കൊണ്ട് സിനിമ പ്രൈമിൽ കണ്ടു.


  സിനിമയെക്കുറിച്ച് പറയുക ആണെങ്കിൽ, ഒരു മിത്തിൽ നിന്നും തുടങ്ങി ഫിക്ഷനൽ ആയ ഒരു ഗ്രാമവും, ആ ഗ്രാമത്തിന്റെ രക്ഷകനായ ദൈവ പ്രതിഷ്ഠയും അതിൽ നിന്നും കാലങ്ങൾക്ക് അപ്പുറം നടക്കുന്ന സംഭവങ്ങൾ എല്ലാം ആണ്‌ സിനിമയുടെ കഥ. മണ്ണിനോട് മനുഷ്യനുള്ള ആർത്തിയും, അതേ സമയം കാലുറച്ചു നിൽക്കാൻ മണ്ണ് വേണമെന്നുള്ള മനുഷ്യന്റെ ആവശ്യവും തമ്മിലുള്ള സംഘർഷം ആണ്‌ സിനിമയിൽ ഉള്ളത്. പതിവ് ഇന്ത്യൻ സിനിമകളിൽ കണ്ടു പഴകിയ ഒരു കഥ. അതിലേക്കു വരുന്ന ജീവിതം ചുമ്മാതെ എങ്ങനെയൊക്കെ ആഘോഷിക്കാൻ കഴിയുമോ എന്ന് അന്വേഷിച്ചു നടക്കുന്ന നായകൻ.


 എന്നാൽ കാന്താരാ അതിന്റെ ഉഗ്ര രൂപം എടുക്കുന്നത് അവസാന ഒരു അര മണിക്കൂർ ആണ്‌. ടി വിയിൽ കുഴപ്പമില്ലാത്ത ഒരു സൗണ്ട് സിസ്റ്റത്തിൽ കണ്ട എനിക്ക് പോലും ആ ഭാഗങ്ങൾ നൽകിയ സിനിമ അനുഭവത്തെ കുറിച്ച് ഓർക്കുമ്പോൾ ആണ്‌ സിനിമ തിയറ്ററിൽ കണ്ടവരുടെ അനുഭവത്തെ കുറിച്ചുനോർത്തു പോകുന്നത്. അത്രയ്ക്കും ഇഷ്ടപ്പെട്ടൂ എന്ന് തന്നെ പറയാം. പ്രത്യേകിച്ചും ക്ലൈമാക്‌സിലെ വരാഹാരൂപം ഒരു സാധാരണ കഥ പറഞ്ഞ് പോയ സിനിമയെ  മറ്റൊരു തലത്തിലേക്കു എത്തിച്ചു എന്ന് തന്നെ പറയാം.


 പ്രദേശികമായ മിത്തും, ഫോക്ലോറിന്റെ സാധ്യതകൾ മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നതിനോടൊപ്പം ഒരു സിനിമ കണ്ടു തീരുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ എന്താണോ സിനിമ കഴിയുമ്പോൾ തങ്ങി നിൽക്കുക എന്നത് അറിഞ്ഞു തന്നെ ആണ് റിഷഭ് ഷെട്ടിയും കൂട്ടരും സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ട്രോളുകളിൽ കണ്ട അലർച്ച രംഗങ്ങൾ സിനിമ കാണുമ്പോൾ അത് കഥയുടെ ആത്മാവും ആയി എത്ര മാത്രം യോജിച്ചു നിൽക്കുന്നു എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു.


 എന്ത് മാത്രം മിത്തുകൾ ആണ്‌ നമ്മുടെ ചുറ്റും ഫാന്റസിയുടെ വലിയ സാധ്യതകൾ ഉപയോഗിക്കാൻ പാകത്തിൽ ഉള്ളത് എന്ന് ചിന്തിച്ചു പോയി. ഈ ഒരു സിനിമ ഴോൻറെയിൽ തുമ്പാട് നൽകിയ അനുഭവം മറക്കാൻ സാധ്യതയില്ല എന്ന് വിശ്വസിക്കുന്നു. ആ സിനിമയുമായി കാന്താരയെ താരതമ്യം ചെയ്യുകയും അല്ല. പകരം നല്ല രീതിയിൽ കഥ അവതരിപ്പിക്കാൻ കഴിവ് ഉള്ളവർക്ക് ഓരോ ചെറിയ ഗ്രാമത്തിനും പറയാൻ ഇതു പോലെ കഥകൾ എത്രയോ കാണും.


പ്രദേശികമായ ദൈവ വിശ്വാസവും മിത്തും എല്ലാം കൂടി ചേർന്നു വലിയ ഒരു ലോകം ആണ്‌ കാന്താരാ നമ്മുടെ മുന്നിൽ അവതരിപ്പിച്ചത്. സിനിമയുടെ വലിയ വിജയം, അത്തരം ഒരു സമീപനത്തിന്റെ ഫലവും ആണ്‌. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു സിനിമ. പ്രത്യേകിച്ചും ക്ലൈമാക്സ്‌ തന്ന അനുഭൂതി. അത് അത്ര ഗംഭീരവും ആയിരുന്നു. കാത്തിരുന്നത് വെറുതെ ആയില്ല തന്നെ ഉറപ്പായി സിനിമ കഴിഞ്ഞപ്പോൾ.


ചെറിയ ഒരു റേറ്റിങ് കൊടുക്കുന്നു : 4/5


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?

Friday, 2 December 2022

1601. Barbarian (English, 2022)

 

1601. Barbarian (English, 2022)
           Horror, Mystery: Streaming on Disney+



Airbnb യിൽ റൂം ബുക് ചെയ്തിട്ടു  ആണ് ടെസ് അവളുടെ അടുത്ത ദിവസമുള്ള ഇൻറർവ്യുവിന് വേണ്ടി എത്തിയത്. എന്നാൽ പാതി രാത്രിയ്ക്ക് എത്തിയ അവൾ അവിടെ കാണുന്നത്, നേരത്തെ തന്നെ മറ്റൊരാൾ മറ്റൊരു ബുക്കിങ് സൈറ്റ് വഴി അന്നേ ദിവസം തന്നെ അവിടെ ബുക്ക് ചെയ്തിരുന്നു എന്നാണ്. അയാൾ അവിടെ ഉണ്ടായിരുന്നു. കീത്ത് എന്നായിരുന്നു അയാളുടെ പേര്. പാതി രാത്രി ആയി, വേറെങ്ങും താമസിക്കാൻ സ്ഥലവും ഇല്ല. ടെസ് ആണ് രാത്രി ആ അപരിചിതനോടൊപ്പം ആ വീട്ടിൽ താമസിക്കാൻ തീരുമാനിച്ചു, അൽപ്പം ഭീതിയോടെ തന്നെ.

  ഇത്രയും കഥ വായിക്കുമ്പോൾ ഏകദേശം ഒരു കഥ ഒക്കെ മനസ്സിൽ വരുന്നില്ലേ?എനിക്കും തോന്നിയിരുന്നു അങ്ങനെ ഒരു കഥ. അപരിചിതൻ ആയ ആളോടൊപ്പം ഒരു സ്ത്രീ ഒരു വീട്ടിൽ. അതും പാതിരാത്രിയിൽ . ആഹ്, സിനിമ ഹൊറർ ആയത് കൊണ്ടൊക്കെ ഊഹിക്കാൻ  കുറെ ഉണ്ടാകും. എന്നാൽ ആ ഊഹം ഒക്കെ കുറച്ചൊന്നു മാറ്റി പിടിച്ചോ. കാരണം Barbarian എന്ന സിനിമയുടെ കഥ അതല്ല. ക്ലാസിക് ഹൊറർ സിനിമകളുടെ രൂപത്തിൽ തന്നെ പുതിയ കാലഘട്ടത്തിൽ ഉള്ള അവതരണം ആണ് Barbarian പ്രേക്ഷകന്റെ മുന്നിൽ എത്തിക്കുന്നത്.

ഹൊറർ എന്നു പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ഭൂതം, പ്രേതം, പിശാച് ഒക്കെ എല്ലാവരുടെയും മനസ്സിൽ നിന്നും ഇപ്പോൾ ഏകദേശം പോയ മട്ടാണ് . അതിനും അപ്പുറം സ്ക്രീനിൽ കാണുന്ന രക്തവും, അതിലൂടെ ഉണ്ടാകുന്ന ഭീതിയും എല്ലാം ആണ് ആധുനിക കാലത്തിലെ ഹൊറർ സിനിമകളിൽ ഭൂരിഭാഗവും എന്നു തന്നെ പറയാം. പരേത സിനിമകൾ ഇല്ല എന്നല്ല. പക്ഷേ പ്രേത സിനിമകൾ കണ്ടു ആളുകൾ പേടിക്കുന്ന കാലം എല്ലാം jump - scare സിനിമകളുടെ അപ്പുറം വലിയ സാധ്യത ഇല്ലാത്തത് ആണെന്ന് തോന്നുന്നു.

അത് കൊണ്ട് തന്നെ ഹൊറർ എന്നു പറഞ്ഞാൽ അതിനു അപ്പുറവും ഉള്ള കൂടുതൽ gore ആയ, creepy ആയ സിനിമകളിലേക്കും ശ്രദ്ധ തിരിക്കാം. അത്തരത്തിൽ ഒന്നാണ് Barbarian . Disney + പോലുള്ള ഒരു പ്ലാറ്റ്ഫോമിൽ പോലും സിനിമ നല്ല ഹിറ്റ് ആയിരുന്നു. സിമ്പിൾ ആയ കഥയിൽ ഹൊറർ കൂടി ചേർത്ത തരക്കേടില്ലാത്ത ഒരു സിനിമ ആണ് Barbarian . എനിക്കു ഇഷ്ടപ്പെട്ടൂ.

ഒരു ചെറിയ റേറ്റിംഗ് കൊടുക്കുക ആണ്: 3/5.

സിനിമയുടെ ലിങ്ക് വേണ്ടവർ t.me/mhviews1 ലേക്ക് പോവുക.

സിനിമ കണ്ടവരുടെ അഭിപ്രായം കൂടി പറയാമോ?

Thursday, 1 December 2022

1599. Vengeance (English, 2022)

 

1599. Vengeance (English, 2022)
           Mystery, Thriller.




     ഒരു ദിവസം ബെന്നിന് ഒരു ഫോൺ കോൾ വരുകയാണ്. അയാളുടെ മുൻ കാമുകി അബിഷാ മരിച്ചു എന്നും, അവളുടെ മരണാന്തര ചടങ്ങിന് ബെൻ വരണമെന്നും ആയിരുന്നു അവളുടെ സഹോദരൻ എന്നു വെളിപ്പെടുത്തിയ ആൾ പറഞ്ഞത് . ഏതാനും ദിവസങ്ങൾ മാത്രം പരിചയം ഉള്ള അവളുടെ മരണാന്തര ചടങ്ങിന് താൻ എന്ത് കൊണ്ട് പോകണം എന്നു ബെൻ ചിന്തിച്ചു എങ്കിലും, പിന്നീട് pod-caster ആയ ബെൻ അതിനു സമ്മതം മൂളി. തന്റെ പോഡ്കാസ്റ്റിന് എന്തെങ്കിലും ഉപയോഗം ഈ യാത്രയിലൂടെ ഉണ്ടാകും എന്നു അയാൾ കണക്ക് കൂട്ടി.

  മരണാന്തര ചടങ്ങുകളുടെ ഇടയിൽ ആണ് അവളുടെ സഹോദരൻ ബെന്നിനോട് യാതൊരു കൊലപാതകം ആണെന്ന് സംശയം ഉണ്ടെന്നും, അതിനു പ്രതികാരം ചെയ്യണം എന്നും പറയുന്നത്. തനിക്ക് ഒന്നോ രണ്ടോ രാത്രിയിലെ പരിചയം മാത്രം ഉള്ള ആൾക്ക്  വേണ്ടി ഇത്രയൊക്കെ ചെയ്യണോ എന്ന സംശയം ബെന്നിന് ഉണ്ടാകുന്നു. എന്നാൽ അവരുടെ ഒപ്പം നിന്നാൽ തന്റെ podcast ന് കിട്ടാവുന്ന റീച്ച് ഓർത്തപ്പോൾ അയാൾ അതിനു തയ്യാറാകുന്നു. അതിനു ശേഷം നടക്കുന്ന സംഭവങ്ങൾ ആണ് സിനിമയുടെ കഥ.

  ആദ്യം തന്നെ പറയട്ടെ, ഈ  കഥ നമ്മുടെ മനസ്സിൽ ഉണ്ടാക്കുന്ന രീതിയിൽ ഉള്ള ഒരു കുറ്റാന്വേഷണ ചിത്രം അല്ല ഈ സിനിമ. പകരം, ഡാർക് - ഹ്യൂമറിലൂടെ അമേരിക്കയിലെ പല വിഭാഗത്തിൽ  ഉള്ള മനുഷ്യരുടെ ജീവിതത്തിലേക്ക്, അവർ നേരിടുന്ന സാഹചര്യങ്ങളിലേക്ക്, പോലീസ് ചില കാര്യങ്ങളെ എങ്ങനെ എല്ലാം കാണുന്നു തുടങ്ങി വളരെ നല്ല ഒരു പൊളിറ്റിക്കൽ - സോഷ്യൽ കമൻറ്ററി  ഈ ചിത്രത്തിൽ കാണാൻ സാധിക്കും.സിനിമ പ്രാദേശികമായി ഹിറ്റ് ആകാൻ കാരണം ഇത്തരം സംഭവങ്ങളിലേക്കുള്ള സിനിമയുടെ ശ്രദ്ധ ആയിരുന്നു. ഒരു കുറ്റാന്വേഷണ ചിത്രം ഇത്തരത്തിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രം തന്നെ സ്വന്തം ജീവിതത്തിൽ ചില തിരിച്ചറിവുകൾ പോലും ഈ സംഭവത്തിലൂടെ നേടുകയാണ്.

ഓഫീസ് സീരീസിൽ ഉണ്ടായിരുന്ന B.J Novak കഥയെഴുതി, നായകനും സംവിധായകനും ആയ ചിത്രമാണ് Vengeance. എനിക്കു സിനിമ നന്നായി ഇഷ്ടപ്പെട്ടൂ. അതിനുള്ള പ്രധാന കാരണം, ഞാൻ  ഈ സിനിമയുടെ തുടക്കം പ്രതീക്ഷിച്ച രീതികളിൽ നിന്നും ചിത്രം യാത്ര ചെയ്ത വഴികൾ ആണ്. കണ്ടു നോക്കൂ. ഇഷ്ടമാകുമായിരിക്കാം.

ഒരു ചെറിയ റേറ്റിംഗ്: 3.5/5

സിനിമയുടെ ലിങ്ക് വേണ്ടവർക്ക്  www.movieholicviews.blogspot.com ൽ ലഭിക്കും.

സിനിമ കണ്ടവർ ഉണ്ടെങ്കിൽ അഭിപ്രായം പങ്ക് വയ്ക്കാമോ ?

1600. Kochaal (Malayalam, 2022)

 1600. Kochaal (Malayalam, 2022)

           Streaming on Zee5



 പോലീസ് ആകാൻ ആഗ്രഹിച്ചു നടക്കുന്ന നായകൻ . പക്ഷേ പ്രശ്നം എന്താണെന്നു വച്ചാൽ ആയാൾക്ക് പോലീസ്  ആകാൻ ആവശ്യം ഉള്ളത്ര നീളമില്ല. നാട്ടുകാർ പോലും കൊച്ചാൾ  എന്നാണ് അയാളെ  വിളിക്കുന്നത്. നല്ലത് പോലെ ഓടും എന്നൊക്കെ പറയുന്നുണ്ട് എന്നല്ലാതെ പ്രേക്ഷകനും ഇവൻ എങ്ങനെ പോലീസ് ആകും എന്നു ആകും നോക്കി ഇരിക്കുക . എന്തിനേറെ  ഒരു പോലീസ് ഓഫീസര് ആയി സിനിമയിൽ അവതരിപ്പിക്കാൻ നല്ല ഒരു പേര് പോലുമില്ല നായകന്. നായകന്റെ പേര് ശ്രീക്കുട്ടൻ .പോലീസ് ആകാൻ ഉള്ള ഫിസിക്കൽ ടെസ്റ്റിൽ തന്നെ പൊട്ടി വരുന്ന ശ്രീക്കുട്ടന് പിന്നീട് ആകസ്മികമായി, ചില സംഭവങ്ങൾ കാരണം പോലീസ് ആകാൻ ഉള്ള അവസരം കിട്ടുകയാണ്. 


പോലീസ് ആയിട്ടും, സ്വന്തം നാട്ടിൽ തന്നെ അപ്പോയിന്മെന്റ് ഒപ്പിച്ചിട്ടും നാട്ടുകാർക്ക് പഴയ പുച്ഛം അത് പോലെയുണ്ട്. പ്രത്യേകിച്ചും പിങ്കർ ബാബു എന്ന നാട്ടിലെ ഗുണ്ടയുടെ പുച്ഛം ഒക്കെ കണ്ടാൽ ശ്രീക്കുട്ടൻ വെറും കോമഡി പോലീസ് ആണെന്ന് തന്നെ തോന്നും. എനിക്കു മനസ്സിലാകാത്ത ഒരു കാര്യം ശ്രീകുട്ടൻ പോലീസിന്റെ അത്ര നീളം ഇല്ലാത്തവർ പോലും എന്തിനാണോ ആ പാവത്തിനെ കളിയാക്കുന്നത് എന്നതായിരുന്നു. എന്തായാലും ആ സമയം ആണ് ശ്രീക്കുട്ടൻ പോലീസിന്റെ നാട്ടിൽ ഒരു ഇരട്ട കൊലപാതകം നടക്കുന്നത്. ഇതിന് ശേഷം ഉള്ള സംഭവങ്ങൾ ആണ് സിനിമയുടെ കഥ. 


ശ്രീക്കുട്ടൻ പോലീസ് ആയി കൃഷ്ണ ശങ്കർ ആണ് അഭിനയിച്ചിരിക്കുന്നത്. മൊത്തത്തിൽ ആ റോളിന് പറ്റിയ ആൾ അല്ല എന്നു ആരും പറയില്ല. എനിക്കു തോന്നുന്നത് സംവിധായകൻ ആയ ശ്യാമിന്റെയും എഴുത്തുകാരായ മിഥുൻ , പ്രജിത്ത് എന്നിവരുടെ ആദ്യ സിനിമ ആണെന്നാണ്. വലിയ പരീക്ഷണം ഒന്നും ഇല്ലാതെ സിംമ്പിൾ ആയി സിനിമ അവതരിപ്പിച്ചിട്ടുണ്ട്.


'കൊച്ചാൾ' എന്ന സിനിമയുടെ മുഖ മുദ്ര അതിന്റെ വലിയ ഏച്ചുകെട്ടലുകൾ ഇല്ലാത്ത നായക കഥാപാത്രവും കഥ അവതരിപ്പിച്ച രീതിയും ആണ്. യൂറോപ്യൻ സിനിമകളുടെ ഇരുണ്ടു നിറഞ്ഞ പശ്ചാത്തലത്തിൽ ഉള്ള സിനിമകളെ പോലെ ഈ അടുത്ത് വന്ന മലയാളം സിനിമകൾ പോലെ അല്ല കൊച്ചാൾ അവതരിപ്പിച്ചിരിക്കുന്നത്. കുറച്ചു പ്രണയം, കുറച്ചു തമാശകൾ, കഥയായി ഒരു കൊലപാതക അന്വേഷണവും. സാധാരണയായി പോയിരുന്ന ഒരു കഥയുടെ അവസാന അര മണിക്കൂർ ആണ് കുറ്റാന്വേഷണം നല്ല ത്രില്ലിംഗ് ആയി മാറുന്നത്. പലരെയും സംശയിക്കാവുന്ന രീതിയിൽ, സി ബി ഐ സിനിമകളുടെ പോലെ ഉള്ള അവതരണം ആയിരുന്നു. എന്തിനേറെ, പ്രതികൾ എന്നു സംശയിക്കുന്നവരെ എല്ലാം കൊണ്ട് വന്നു യഥാർത്ഥ പ്രതികളെ കാണിക്കുന്ന ശൈലി പോലും തമാശ രൂപേണ ആണെങ്കിൽ പോലും ഇതിലുണ്ട്. വേണമെങ്കിൽ പാവങ്ങളുടെ സി ബി ഡയറിക്കുറിപ്പ് എന്നു തമാശയ്ക്ക് പറയാം ഈ ചിത്രത്തെ കുറിച്ച്. 


സമ്മിശ്രമായ റിവ്യു ആണ് പലയിടത്തും ഈ സിനിമയെ കുറിച്ച് കണ്ടത്. പക്ഷേ തീരെ പ്രതീക്ഷ ഇല്ലാത്തത് കൊണ്ട് തന്നെ എനിക്കു നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. വലിയ സിനിമ ഒന്നുമല്ല. പക്ഷേ കണ്ടാൽ സമയം നഷ്ടം ആയി എന്നു തോന്നിക്കാത്ത പഴയ രീതിയിൽ ഉള്ള സിനിമ അവതരണം ആണ് കൊച്ചാൾ പ്രേക്ഷകന് നല്കുന്നത്. കുറ്റാന്വേഷണം ആണെങ്കിലും അധികം സങ്കീർണമാക്കാതെ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട്. കണ്ടു നോക്കൂ. എനിക്കു ഇഷ്ടമായി. OTT കാഴ്ചയ്ക്ക് പറ്റിയ, കുടുംബമായി കാണാവുന്ന ഒരു കൊച്ചു സിനിമ ആണ് കൊച്ചാൾ


ഒരു ചെറിയ റേറ്റിംഗ് കൊടുക്കാം   3.5/5 


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്? 

Monday, 21 November 2022

1598. Smile (English, 2022)

 

1598. Smile (English, 2022)
           Psychological Horror, Mystery: Streaming on Paramount+

            



          
            ഡോ. റോസ് കോട്ടറിന്റെ മുന്നിൽ വച്ചാണ് ഒരു യുവതി ഭീതിപ്പെടുത്തുന്ന ഒരു ചിരിയോടെ സ്വന്തം കഴുത്ത് മുറിക്കുന്നത് .ചിരിച്ചു കൊണ്ട് കഴുത്ത് അറക്കുക എന്നൊക്കെ പറയില്ലേ? അതിലും ഭീകരമായ ഒരു ചിരി.ചിരി എന്ത് കൊണ്ട് ഇവിടെ പരാമർഷിച്ചു എന്നതിന് ഇത്രയും ക്രൂരമായ ചിരികൾ പുറത്തു അധികം എവിടെയും കാണാൻ സാധിക്കില്ല എന്നാണ് ഉത്തരം. ട്രോമ  നിറഞ്ഞ ജീവിതം, മറ്റുള്ളവരിൽ നിന്നും അകന്നു കഴിയുന്നവർ എന്നു വേണ്ട ജീവിക്കാൻ ഉള്ള സമയം സ്വയം കൊടുക്കാതെ ജോലി ചെയ്യുന്നവരെ പോലും ആക്രമിക്കുന്ന, ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുന്നത് പോലെ ഒരു ചിരിയാണ് ഇവിടെ എല്ലാത്തിനും ഉത്തരവാദി. സിനിമയുടെ കഥയും ഇതാണ്. ഈ ചിരി എന്താണ്  എന്നുള്ള ചോദ്യത്തിന് ഉത്തരം ആണ് ഈ ചിത്രം.

ആ ചിരി സൂപ്പർ നാച്ചുറൽ ശക്തികൾ എന്തെങ്കിലും ആണോ?അതോ പല ഘടങ്ങളും ചേര്ന്ന് ഒരു മനുഷ്യൻ സ്വന്തമായി മനസ്സിൽ നിർമിക്കുന്ന ഒരു ഭീകരൻ ആണോ ആ ചിരി?സിനിമയിൽ പല സാധ്യതകൾ പ്രേക്ഷകന് തിരഞ്ഞെടുക്കാൻ കഴിയുന്നുണ്ട്. വെറും ഒരു ഹൊറർ സിനിമ പോലെ, അതും ഇടയ്ക്ക് കുറച്ചു മാത്രം jump scare രംഗങ്ങൾ വച്ച് വിലയിരുത്തേണ്ട ചിത്രമല്ല Smile.പകരം, വളരെ വലിയ ഒരു ക്യാൻവാസിലേക്ക് പകർത്തിയാൽ , അത് സ്വന്തം ജീവിതത്തിലേക്ക് അല്ലെങ്കിൽ പരിചയം ഉള്ള ആരുടെയെങ്കിലും jeevithathilekkഉ എടുക്കുക ആണെങ്കിൽ കൂടുതൽ മനസ്സിലാക്കാൻ സാധിക്കും സിനിമ നൽകുന്ന ഭീകരമായ ഒരു അനുഭവം.

ഈ രീതിയിൽ സിനിമ കാണണം എന്നു നിർബന്ധിക്കുക ഒന്നുമല്ല. പകരം, അങ്ങനെയും കാണാം എന്നു മാത്രം. ഹൊറർ/ സൈക്കോജിക്കൽ ഹൊറർ സിനിമകളുടെ വർഷം ആണ് 2022 എന്നു തന്നെ പറയാം. പ്രത്യേകിച്ചും പലരും മരണത്തെ മുഖാമുഖം കണ്ട കോവിഡ് എന്ന ദുരന്തത്തിന് ശേഷം വന്ന സിനിമകൾ പലതും മനുഷ്യനെ നല്ല രീതിയിൽ haunt ചെയ്യാൻ ഉദ്ദേശിച്ച് തന്നെ ആയിരുന്നു എന്നു പറയേണ്ടി വരും. ആ രണ്ടു വർഷക്കാലത്തെ ജീവിതം കാരണം കൂടി ആകണം ഇപ്പോൾ അല്പ്പം ഹൊറർ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്നായിട്ടുണ്ട് എന്നു തോന്നുന്നു.

Smile ഇത്തരം സിനിമകളിൽ ഒരു ബെഞ്ചമാർക്ക് കൂടി ആണ്. സാധാരണ ഒരു ഹൊറർ സിനിമ നല്കുന്ന ഫീലിനെക്കാളും ഒരു സൈക്കോളജിക്കൽ ഹൊറർ ആയി കാണുമ്പോൾ അമാനുഷിക ശക്തിയെ കുറിച്ച് പറയുന്ന ഒരു ചിത്രം എന്ന നിലയിൽ ധാരാളം മാറുന്നുണ്ട് Smile .കഥാപാത്രങ്ങളിൽ പലരുടെയും ജീവിതം analysis നടത്തി കൊണ്ട് ഡോ . റോസ്, അവരുടെ മാറിയ മാനസിക നിലയിൽ നിന്നു കൊണ്ട് എന്തെല്ലാം ചെയ്യാൻ ശ്രമിക്കുന്നു എന്നു സിനിമയിൽ കാണാം.

സിനിമ കാണാനോ എന്നു ആരെങ്കിലും ചോദിച്ചാൽ വേണം എന്നോ വേണ്ട എന്നോ പറയാൻ എനിക്കു കഴിയില്ല. കാരണം, സിനിമ നല്കുന്ന അത്രയും ഭയങ്കരമായ ഡിപ്രഷൻ എഫെക്റ്റ് കൂടി കാരണം ആണ്.അത് സിനിമയുടെ മെന്മയായി കൂടി കരുതുന്നു.പ്രത്യേകിച്ചും സിനിമയുടെ അവസാന ഭാഗങ്ങളിൽ അത് നന്നായി കാണാനും സാധിക്കും. മനുഷ്യനെ ഭയപ്പെടുത്തുന്ന ഴോൻറെയിൽ വന്ന ചിത്രം എന്ന നിലയിൽ,  It served its purpose എന്നു പറയേണ്ടി വരും. കഴിയുമെങ്കിൽ കാണുക.

ഒരു ചെറിയ റേറ്റിംഗ് 4/5

സിനിമയുടെ ലിങ്ക് ആവശ്യം ഉള്ളവർ t.me/mhviews1  സന്ദർശിക്കുക .

സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്? മിക്സഡ് ആയിരിക്കും എന്നാണ് ഒരു തോന്നൽ. എന്നാലും പറഞ്ഞോളൂ.

1597. Padma (Malayalam, 2022)

 1597. Padma (Malayalam, 2022)

         Streaming on Amazon Prime (എന്ന് പറയപ്പെടുന്നു )



   പഴയ ബാലചന്ദ്ര മേനോൻ സിനിമകളെക്കാളും ഇഷ്ടമാണ് ഇപ്പോഴത്തെ  അനൂപ് മേനോൻ സിനിമകൾ. ആദ്യം പറഞ്ഞത് ടി വി സീരിയൽ കഥ പോലെ ഉള്ള സിനിമകൾ  ആണെങ്കിൽ ,(എന്റെ അഭിപ്രായം മാത്രമാണ്.പക്ഷേ സിനിമകൾ ഇഷ്ടവും ആയിരുന്നു )  അനൂപ് മേനോന്റെ പടം: ആഹ് ഹാ, എന്താ ഫിലോസഫി? ഓരോ ഡയലോഗ് കേൾക്കുമ്പോഴും, അദ്ദേഹത്തിന്റെ ജീവിത വീക്ഷണങ്ങളെ കുറിച്ച്  കൂടുതൽ അറിയുമ്പോഴും ആണ്‌ നമ്മൾ ജീവിതത്തിൽ എത്ര ചെറിയ ആളുകൾ ആണെന്നു മനസ്സിലാവുക.

  

 ജീവിതത്തിലെ എലീറ്റ് വിഷ് ലിസ്റ്റിൽ എന്തൊക്കെ ഇനി ആഡ് ചെയ്യണം എന്ന് ഓരോ അനൂപ് മേനോൻ സിനിമ കഴിയുമ്പോഴും മനസ്സിലാക്കാൻ കഴിയും. അത്രയ്ക്കും റിച്ചും വലിയ സെറ്റപ്പുമാണ് അദ്ദേഹത്തിന്റെ ആശയങ്ങൾ . ഓൺലി ഹൈ ക്ലാസ് ആകാൻ വേണ്ടി അനൂപ് മേനോൻ സമൂഹത്തിന് വേണ്ടി ഇറക്കുന്ന സിനിമകളെ പ്രോൽസാഹിപ്പിക്കുക തന്നെ വേണം. 


 ഹൈ ക്ലാസ് സൊസൈറ്റി ആകുമ്പോൾ അവിഹിതം നിർബന്ധം ആണല്ലോ?അത് അനൂപിന്റെ സിനിമകളിൽ ധാരാളം ഉണ്ട്. അതിനൊക്കെ പശ്ചാത്തലം ആയി കവിത പോലുള്ള കുറച്ചു പാട്ടുകളും. അത് പോലെ തന്നെ ആണ് ബ്രാൻഡഡ് വസ്തുക്കളുടെ  ഉപയോഗം ജീവിതത്തിലും പ്രൊഫഷനിലും എന്ത് നേടി തരും എന്നുള്ള ഉപദേശവും. പല പേരറിയാത്ത വലിയ ബ്രാൻഡുകളും അനൂപ് മേനോൻ സിനിമകളിലൂടെ നമുക്കും മനസ്സിലാകും. 


പദ്മ എന്ന കഥാപാത്രം ഭർത്താവിന്റെ ഒപ്പം പുതിയ കൊട്ടാരം പോലുള്ള വീട്ടിലേക്കു മാറുമ്പോൾ അവിടെ ഉള്ള പല ഫെമിസ്റ്റുകളെയും പഴയ തലയിണ മന്ത്രം സിനിമയിലെ ജിജിയേയും സുലോചന തങ്കപ്പനെയും ഓർമിപ്പിച്ചു . പഴയ സൊസൈറ്റി ലേഡീസിന്റെ പുതിയ വേർഷൻ ആണ് ഫെമിനിസ്റ്റുകൾ എന്നു പറയാതെ പറയുന്നുണ്ട് ചിത്രത്തിൽ . പദ്മ ആണെങ്കിൽ ഇക്കാലത്തെ കാഞ്ചന ആണ്. ആണ് ഡാൻസ് മാഷ് വളയ്ക്കാൻ നോക്കിയിട്ട് വീഴാത്ത കാഞ്ചനയെ പോലെ അല്ല പദ്മ എന്നു മാത്രം. അതാണ് ഇക്കാലത്തെ കാഞ്ചന എന്നു പറഞ്ഞത്.  പക്ഷേ രവി ശങ്കർ സുകുമാരനെക്കാളും ഡെവെലപ്ഡ് ആണ് താനും .ഇടയ്ക്ക് അനൂപേട്ടൻ എന്നത്തേയും പോലെ ചിറയ്ക്കൽ ശ്രീഹരി തുടങ്ങി ലാലേട്ടന്റെ പല തരം ആവാഹനങ്ങളും സ്വന്തം ശരീരത്തിൽ നടത്തുന്നുണ്ട്. പ്രത്യേകിച്ചും ആൾ വെള്ളമടിച്ചാൽ ലാലേട്ടന്റെ ഫിഗർ ചെയ്യാൻ, വിത് വോയിസ് ആൻഡ് ചിരി ശ്രമിക്കും. ഇതിലും അങ്ങനെ തന്നെ. 


 അതിന്റെ കൂടെ എടുത്തു പറയേണ്ട ഒരാൾ ആണ്‌ രവിശങ്കരിന്റെ സുഹൃത്ത്‌.രവി ശങ്കറിന്റെ കൂട്ടുകാരൻ ശങ്കർ രാമകൃഷ്ണൻ ആകുമ്പോൾ ഫിലോസഫിയുടെ ആഴം കൂടുന്നത് നമുക്ക് കൂടുതൽ കാണാൻ സാധിക്കും. പഴയ ട്രിവാൻഡ്രം ലോഡ്ജിലെ അബ്ദു ആയി വന്ന ജയസൂര്യ ആണ് ഇതിൽ വോയിസ് ഓവർ പ്രത്യേകിച്ച് ഒരു കാരണ്യവും ഇല്ലാതെ കൊടുത്തിരിക്കുന്നത്. മേനോന്റെ സുഹൃത്തു ആയത് കൊണ്ടാകും. എന്നാൽ അബ്ദുവിനെ ഓർമിപ്പിക്കുന്ന മറ്റൊരു അബ്ദു സിനിമയിൽ ഉണ്ട്. ആ റോൾ ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് 'നട്പൂക്കാക' ജയസൂര്യ  ശബ്ദമായി അഭിനയിച്ചു എന്നു വിശ്വസിക്കുന്നു.   


പദ്മ എന്ന സിനിമയെ കുറിച്ച് പറയാൻ പോയാൽ  കുറെയേറെ പറയാൻ ഉണ്ട്. തുടരെ തുടരെ സിനിമകൾ ചെയ്യുന്ന അനൂപ് മേനോന്റെ കയ്യിൽ നിന്നും ഇനിയും ഇത്തരം സിനിമകൾ പ്രതീക്ഷിക്കുന്നുണ്ട്. ജീവിതത്തിൽ വലിയ സംഭവം അല്ല എന്നു തോന്നുന്നവർക്ക് വലിയ ഒരു സെറ്റപ്പിൽ എങ്ങനെ ജീവിക്കാം എന്നു വിദ്യാഭ്യാസം നല്കുന്ന സിനിമ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. 


റേറ്റിംഗ് ഇടാൻ പറയരുത് . എത്ര ഇട്ടാലും അത് ഒരു കുറവാകും സിനിമയ്ക്ക്. അഞ്ചിൽ പത്തു ഇട്ടാൽ പോലും കുറവ് ആണ് എന്നു മാത്രമേ പറയാൻ സാധിക്കൂ. 


Verbal Diarrhea ആണ് സിനിമയിൽ മൊത്തം എന്നും. സിനിമ ഒന്നും മനസ്സിലായില്ല എന്നും, എന്താണ് ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചത് എന്നു ചോദിക്കുന്നവർ ദയവായി ഈ പോസ്റ്റ് വായിക്കരുത്. അഭിപ്രായം പറയുകയും ചെയ്യരുത് . ഹൈ ക്ലാസ് ആളുകൾ മാത്രം , അതും ഫിലോസഫി എല്ലാം നന്നായി മനസ്സിലാകുന്നവർ മാത്രം അഭിപ്രായം രേഖപ്പെടുത്തുമല്ലോ?

     

1890. Door (Japanese, 1988)