1620. Avatar: The Way of Water (English, 2022)
Action , Sci- Fi
മൂന്നു മണിക്കൂറിൽ കൂടുതൽ ഉള്ള സിനിമ. അതും ഇന്റർവെൽ പോലും ഇല്ലാതെ ഒറ്റ ഇരുപ്പിന് കാണുക. മുതിർന്നവർ മാത്രം അല്ല. കുട്ടികളും. Visual Magic കൊണ്ട് സ്‌ക്രീനിൽ തന്നെ ശ്രദ്ധിക്കണം ഓരോ പ്രേക്ഷകനും എന്ന ഉദ്ദേശത്തോടെ എടുത്ത ചിത്രം. അതാണ് Avatar: The Way of Water. ജയിംസ് കാമറൂൺ എന്തൊരു സംഭവം ആണെന്ന് പറഞ്ഞ നമ്മുടെ ഒക്കെ തലമുറയുടെ അടുത്ത തലമുറകളും ഇതു തന്നെ പറയും എന്ന് ഉറപ്പിച്ചു പറയാവുന്ന ചിത്രം.
സയൻസ് ഫിക്ഷൻ മുതൽ സിനിമ പല ഴോൻറെയിൽ കൂടി സഞ്ചരിക്കുമ്പോഴും ആദ്യ ഭാഗം തന്ന അതേ സംതൃപ്തി രണ്ടാം ഭാഗത്തിലും കിട്ടുക എന്ന് പറഞ്ഞാൽ അധികം ആകില്ല. ഇത്രയും വലിയ ഒരു ഹൈപ്പിനോട് നീതി പുലർത്തുക എന്നൊക്കെ പറഞ്ഞാൽ എന്ത് മാത്രം ബുദ്ധിമുട്ടാകും? അത്രയും വലിയ ബെഞ്ച്മാർക് ആണല്ലോ ആദ്യ ഭാഗം ഉണ്ടാക്കി വച്ചതും?
ജേക്ക് സല്ലിയുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചു. ഇന്ന് അയാൾ തന്റെ ഗോത്രത്തിന്റെ ചീഫ് ആണ്. കുടുംബസ്ഥൻ ആണ്. പിതാവും ആണ്. തനിക്കെതിരെ, താൻ നില കൊണ്ട ആദർശങ്ങൾക്ക് എതിരെ വീണ്ടും ശത്രുക്കൾ അണി നിരക്കുന്നു. തന്റെ കുടുംബത്തെ രക്ഷിക്കേണ്ട ചുമതലയും അയാൾക്കാണ്. അതിനായി തുടങ്ങുന്ന യാത്ര നമ്മളെ കൊണ്ടെത്തിക്കുന്നത് കൊതിയോടെ സ്‌ക്രീനിൽ നോക്കി ഇരിക്കാൻ തക്ക മനോഹരമായ ദൃശ്യ ഭംഗിയിലേക്ക് ആണ്.അതാണ് സിനിമയുടെ കഥയും.
എത്ര മനോഹരമായ ഭാവന ആണ് ഓരോ കാഴ്ചയും? കൊതി തോന്നി പോകും. യഥാർത്ഥത്തിൽ ഭൂമിയിൽ അങ്ങനെ ഒരു സ്ഥലം ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ ഓർത്ത്. നല്ല ശക്തമായ ഒരു കഥ സിനിമയ്ക്കുണ്ട്. വെറുതെ തട്ടി കൂട്ടൽ അല്ലായിരുന്നു. മുന്നോട്ടു വരുന്ന ഭാഗങ്ങളിലേക്ക് കഥാപത്രങ്ങളെ ഡെവലപ്പ് ചെയ്തു തന്നെയാണ് ഈ രണ്ടാം ഭാഗം അവതരിപ്പിച്ചതും. കഥ എന്ന് പറയുമ്പോൾ മിസ്റ്ററി - ഡാർക്ക് ത്രില്ലർ ഒന്നും അല്ല കേട്ടോ. ഇത്തരത്തിൽ ഉള്ള ഒരു സിനിമയ്ക്ക് പറ്റുന്ന കഥ. ആദ്യ ഭാഗം വിയറ്റ്‌നാം കോളനി ആണെന്ന് പറഞ്ഞവരെ ഓർമിപ്പിക്കുന്നുണ്ട് ഈ ഭാഗത്തിലെ കഥ വേറെ എന്തൊക്കെയോ ആണെന്ന് പറഞ്ഞവരെ.എന്റെ എട്ടും, നാലും, രണ്ടും വയസ്സുള്ള കുട്ടികൾ സിനിമ അലമ്പ് ഉണ്ടാക്കാതെ മൊത്തത്തിൽ ഇരുന്നു കണ്ടത് തന്നെ വളരെയധികം സന്തോഷം തന്ന്.എനിക്ക് സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കിരി എന്ന കഥാപാത്രം ആണ്. ധാരാളം സാധ്യതകൾ ഉള്ള സ്വഭാവം ഉള്ള ഒരു കഥാപാത്രം ആണ് അവൾ. മുന്നോട്ടുള്ള സിനിമകളിൽ അവളുടെ സ്വാധീനം നല്ലത് പോലെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
എന്തായാലും predictable ആയിരുന്നെങ്കിലും ചില ചെറിയ മാസ് സീനുകൾ, ഇമോഷൻസ് തുടങ്ങി ഒരു സിനിമ എങ്ങനെ ഒക്കെ മനുഷ്യനെ രസപ്പെടുത്തുമോ അത്തരത്തിൽ നോക്കിയാൽ മികച്ച സിനിമയാണ് Avatar: The Way of Water. എന്റെ റേറ്റിങ് എനിക്ക് ഒരു സിനിമ കണ്ടു കഴിയുമ്പോൾ എന്ത് മാത്രം സംപ്തൃപ്തി നൽകി എന്നതിനെ അനുസരിച്ചു ആണ്.
അത്തരത്തിൽ ഒരു സ്കെയലിൽ നോക്കിയാൽ എന്റെ റേറ്റിങ് 5/5 ആണ്. പല അഭിപ്രായം ഉള്ളവരും ഉണ്ടാകും. എന്റെ സിനിമ കാഴ്ചയെ എങ്ങനെ satisfy ചെയ്തു എന്നതിനാണ് ഈ ഒരു സ്കോർ.
സിനിമ കണ്ടവയുടെ അഭിപ്രായം പങ്ക് വയ്ക്കുമല്ലോ?
No comments:
Post a Comment