Monday 26 December 2022

1625. Jaya Jaya Jaya Jaya Hey (Malayalam, 2022)

 1625. Jaya Jaya Jaya Jaya Hey (Malayalam, 2022)

          Streaming on Hotstar.



 സിനിമ തിയറ്ററിൽ ഇറങ്ങിയപ്പോൾ രസകരമായ, നല്ല ഒരു സിനിമ ആണെന്നാണ് കേട്ടത്. സിനിമ OTT യിൽ വന്നപ്പോൾ അതേ പ്രതീക്ഷയുള്ള മനസ്സോടെ ആണ്‌ കാണാൻ ഇരുന്നതും. ക്ഷമിക്കണം. എന്റെ അഭിപ്രായം തികച്ചും വ്യത്യസ്തമാണ് ജയ ജയ ജയ ഹേ കണ്ടു കഴിഞ്ഞപ്പോൾ ഉണ്ടായത്. കുറെയേറെ ടോക്സിക് ആയ മനുഷ്യരും, അവയുടെ ടോക്സിക് ആയ ബന്ധങ്ങളും ആണ്‌ ഞാൻ സിനിമയിൽ കണ്ടത്.


   അങ്ങനെ പറയാൻ ഉള്ള കാരണങ്ങൾ പറഞ്ഞ് തുടങ്ങാം. ആദ്യം നായിക ആയ ജയയെ കാണിക്കുന്ന സീൻ മുതൽ പുരുഷന്മാരോടുള്ള അവരുടെ മുൻവിധികളെ കുറിച്ച് പറയുന്നുണ്ട്. സ്വന്തം വീട്ടിൽ നിന്നു തന്നെ അവരുടെ പിന്തിരിപ്പൻ ആയ അച്ഛൻ, ആങ്ങളയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന മാതാപിതാക്കൾ കാരണം അവനോടുള്ള ദേഷ്യം , പിന്നെ ഇതിലെല്ലാം അത്യാവശ്യം വളം വയ്ക്കുന്ന അമ്മ, അവരുടെ കോളേജ് അധ്യാപകനായ കലിപ്പൻ കാമുകൻ. അങ്ങനെ പലതും.

  

ഇനി ജയയുടെ ഭർത്താവായ രാജേഷിന്റെ കാര്യം നോക്കുക ആണെങ്കിൽ. അത് മറ്റൊരു കലിപ്പൻ. സ്വന്തം വീട്ടിലെ, അല്ലെങ്കിൽ വീട്ടിലേക്കു കല്യാണം കഴിച്ചു കൊണ്ട് വന്ന സ്ത്രീയോട് പോലും എങ്ങനെ സംസാരിക്കണം എന്നോ എങ്ങനെ പെരുമാറണോ എന്ന് പോലും ബോധം ഇല്ലാത്ത ഒരാൾ. നാട്ടിലും വീട്ടിലും സ്വയം കലിപ്പൻ ചമയുന്ന ടിയാൻ സ്വന്തം പെങ്ങളെ ഭക്ഷണം കഴിച്ചു വണ്ണം വച്ചെന്നും പറഞ്ഞ് തടിച്ചി എന്ന് വിളിക്കുകയും, ഭാര്യയെ 6 മാസം കൊണ്ട് 21 പ്രാവശ്യം തല്ലിയ ആളുമാണ്. സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരോട് ഉള്ള സമീപനം ആണെങ്കിൽ അത് പോലെ തന്നെ മോശം. ഇവർ മാത്രമല്ല, സ്വാർത്ഥരായ, സോഷ്യൽ സ്കിൽസ് തീരെ ഇല്ലാത്ത കുറെ ആളുകൾ ഒരുമിച്ചു നെഗറ്റീവ് വൈബ് തരുന്നത് പോലെ തോന്നും സിനിമ കാണുമ്പോൾ.


 എനിക്ക് സിനിമയിലെ യൂടൂബിൽ നിന്നും കരാട്ടെ പഠിച്ചതൊന്നും വിഷയം ആയി തോന്നുന്നില്ല. പകരം ആരോടും ഒട്ടും ആത്മാർഥത ഇല്ലാത്ത കുറെ മനുഷ്യരുടെ കഥയായി ആണ്‌ ജയ ജയ ജയ ജയ ഹേ തോന്നിയത്. ഇങ്ങനത്തെ ആളുകൾ ഇല്ല എന്നല്ല. പകരം അങ്ങനെ ഉള്ള ആളുകൾ ധാരാളമുള്ള സമൂഹം തന്നെ ആണ്‌ നമ്മുടേതും എന്നും അറിയാം. പക്ഷെ ഇതു പോലത്തെ കുറെ കഥാപത്രങ്ങൾ മാത്രമുള്ള സിനിമ എന്ന് പറയുമ്പോൾ അസഹനീയം ആയി തോന്നി.


 കഥ എന്ന് പറഞ്ഞാൽ വടക്കു നോക്കി യന്ത്രത്തിൽ ഫെമിനിസ്റ്റ് ആയ നായികയും സ്വയം വലിയ ആളാണെന്നു കരുതുന്ന 'കുടുംബത്തിൽ പിറന്ന പുരുഷനും'  കഥാപത്രങ്ങളായി വന്നാൽ എങ്ങനെ ഉണ്ടാകും? അങ്ങനെ ആണ്‌ തോന്നിയത്. ആകെ ഇഷ്ടപ്പെട്ടത് ഒന്ന് രണ്ട് സീൻ ആണ്‌. അതിൽ ഒന്ന് ക്ലൈമാക്സിനു തൊട്ടു മുന്നേ ജയയുടെയും രാജേഷിന്റെയും ജീവിതത്തിൽ ഇരുവരും ചേർന്ന് എടുക്കുന്ന തീരുമാനം ആണ്‌. ക്ളീഷേ കഥാന്ത്യം അല്ലാത്തത് നന്നായി.വേറെ നല്ലതൊന്നും സിനിമയിൽ എടുത്തു പറയാൻ തോന്നുന്നില്ല. ഇത്തരത്തിൽ വെറുപ്പ്‌ മാത്രം ഉള്ള കഥാപത്രങ്ങളും കഥയും ഉള്ള സിനിമകളെ താൽപ്പര്യമില്ലാത്ത ആളാണെങ്കിൽ അവർക്കും വെറുക്കാമല്ലോ? മൊത്തത്തിൽ സിനിമയിലെ കഥാപാത്രങ്ങൾ എല്ലാവരും അടിച്ചു പിരിഞ്ഞു പോകേണ്ടവർ ആയിരുന്നു എന്ന് തോന്നുന്നു.


കേരളത്തിൽ ഓടുന്ന രാഷ്ട്രീയ പശ്ചാത്തലവും അതിനെ ബാലൻസ് ചെയ്യാൻ എന്തെങ്കിലും ഒന്ന് സിനിമയിൽ കാണിച്ചാൽ അത് കേരളത്തിൽ ഹിറ്റ് ആകും എന്ന് നേരത്തെ തന്നെ അറിയാവുന്നത് ആണ്‌. അത് ഇവിടെയും ഉണ്ട്. നല്ലത്. ടാർഗറ്റ് ചെയ്യുന്ന പ്രേക്ഷകന്റെ അഭിരുചി അനുസരിച്ചു വേണമല്ലോ സിനിമകളും. വിജയിക്കുന്ന ഫോർമുല ഉപയോഗിക്കേണ്ടത് തന്നെയാണ്.


എന്തായാലും ഇത്രയും പറഞ്ഞതിൽ നിന്നും എനിക്ക് തീരെ ഇഷ്ടമായില്ല എന്ന് മനസ്സിലായിക്കാണുമല്ലോ? ഇനിയും നെഗറ്റീവ് ധാരാളം പറയണം എന്നുണ്ട്. എഴുതാൻ തുടങ്ങിയാൽ അത് നീണ്ടു പോകും. അത് കൊണ്ട് നിർത്തുന്നു.


 ഒട്ടും ഇഷ്ടം ഇല്ലാത്ത, മലയാളത്തിലെ മെഗാ സീരിയലുകളെ വരെ തോൽപ്പിക്കുന്ന വിഷം നിറഞ്ഞ കഥ ആണ് ജയ ജയ ജയ ജയ യ്ക്ക് ഉള്ളത്. സിനിമ ഇഷ്ടമായവരോട് ഒരു പരിഭവവും ഇല്ല. സംഭവം എന്റെ സ്വന്തം അഭിപ്രായം ആണ്‌.


റേറ്റിങ് ഒന്നും ഇടുന്നില്ല. എനിക്ക് ഇഷ്ടപ്പെട്ടില്ല. സിനിമ റിലീസ് ആക്കി തിയറ്ററിൽ ഓടിച്ച്, OTT യിൽ വരെ എത്തിച്ചു, അവിടെയും ഹിറ്റ് ആക്കി എന്നറിഞ്ഞൂ. സിനിമ ലാഭത്തിൽ ആയി കാണുമല്ലോ? സന്തോഷം.


No comments:

Post a Comment

1818. Lucy (English, 2014)