Thursday 1 December 2022

1600. Kochaal (Malayalam, 2022)

 1600. Kochaal (Malayalam, 2022)

           Streaming on Zee5



 പോലീസ് ആകാൻ ആഗ്രഹിച്ചു നടക്കുന്ന നായകൻ . പക്ഷേ പ്രശ്നം എന്താണെന്നു വച്ചാൽ ആയാൾക്ക് പോലീസ്  ആകാൻ ആവശ്യം ഉള്ളത്ര നീളമില്ല. നാട്ടുകാർ പോലും കൊച്ചാൾ  എന്നാണ് അയാളെ  വിളിക്കുന്നത്. നല്ലത് പോലെ ഓടും എന്നൊക്കെ പറയുന്നുണ്ട് എന്നല്ലാതെ പ്രേക്ഷകനും ഇവൻ എങ്ങനെ പോലീസ് ആകും എന്നു ആകും നോക്കി ഇരിക്കുക . എന്തിനേറെ  ഒരു പോലീസ് ഓഫീസര് ആയി സിനിമയിൽ അവതരിപ്പിക്കാൻ നല്ല ഒരു പേര് പോലുമില്ല നായകന്. നായകന്റെ പേര് ശ്രീക്കുട്ടൻ .പോലീസ് ആകാൻ ഉള്ള ഫിസിക്കൽ ടെസ്റ്റിൽ തന്നെ പൊട്ടി വരുന്ന ശ്രീക്കുട്ടന് പിന്നീട് ആകസ്മികമായി, ചില സംഭവങ്ങൾ കാരണം പോലീസ് ആകാൻ ഉള്ള അവസരം കിട്ടുകയാണ്. 


പോലീസ് ആയിട്ടും, സ്വന്തം നാട്ടിൽ തന്നെ അപ്പോയിന്മെന്റ് ഒപ്പിച്ചിട്ടും നാട്ടുകാർക്ക് പഴയ പുച്ഛം അത് പോലെയുണ്ട്. പ്രത്യേകിച്ചും പിങ്കർ ബാബു എന്ന നാട്ടിലെ ഗുണ്ടയുടെ പുച്ഛം ഒക്കെ കണ്ടാൽ ശ്രീക്കുട്ടൻ വെറും കോമഡി പോലീസ് ആണെന്ന് തന്നെ തോന്നും. എനിക്കു മനസ്സിലാകാത്ത ഒരു കാര്യം ശ്രീകുട്ടൻ പോലീസിന്റെ അത്ര നീളം ഇല്ലാത്തവർ പോലും എന്തിനാണോ ആ പാവത്തിനെ കളിയാക്കുന്നത് എന്നതായിരുന്നു. എന്തായാലും ആ സമയം ആണ് ശ്രീക്കുട്ടൻ പോലീസിന്റെ നാട്ടിൽ ഒരു ഇരട്ട കൊലപാതകം നടക്കുന്നത്. ഇതിന് ശേഷം ഉള്ള സംഭവങ്ങൾ ആണ് സിനിമയുടെ കഥ. 


ശ്രീക്കുട്ടൻ പോലീസ് ആയി കൃഷ്ണ ശങ്കർ ആണ് അഭിനയിച്ചിരിക്കുന്നത്. മൊത്തത്തിൽ ആ റോളിന് പറ്റിയ ആൾ അല്ല എന്നു ആരും പറയില്ല. എനിക്കു തോന്നുന്നത് സംവിധായകൻ ആയ ശ്യാമിന്റെയും എഴുത്തുകാരായ മിഥുൻ , പ്രജിത്ത് എന്നിവരുടെ ആദ്യ സിനിമ ആണെന്നാണ്. വലിയ പരീക്ഷണം ഒന്നും ഇല്ലാതെ സിംമ്പിൾ ആയി സിനിമ അവതരിപ്പിച്ചിട്ടുണ്ട്.


'കൊച്ചാൾ' എന്ന സിനിമയുടെ മുഖ മുദ്ര അതിന്റെ വലിയ ഏച്ചുകെട്ടലുകൾ ഇല്ലാത്ത നായക കഥാപാത്രവും കഥ അവതരിപ്പിച്ച രീതിയും ആണ്. യൂറോപ്യൻ സിനിമകളുടെ ഇരുണ്ടു നിറഞ്ഞ പശ്ചാത്തലത്തിൽ ഉള്ള സിനിമകളെ പോലെ ഈ അടുത്ത് വന്ന മലയാളം സിനിമകൾ പോലെ അല്ല കൊച്ചാൾ അവതരിപ്പിച്ചിരിക്കുന്നത്. കുറച്ചു പ്രണയം, കുറച്ചു തമാശകൾ, കഥയായി ഒരു കൊലപാതക അന്വേഷണവും. സാധാരണയായി പോയിരുന്ന ഒരു കഥയുടെ അവസാന അര മണിക്കൂർ ആണ് കുറ്റാന്വേഷണം നല്ല ത്രില്ലിംഗ് ആയി മാറുന്നത്. പലരെയും സംശയിക്കാവുന്ന രീതിയിൽ, സി ബി ഐ സിനിമകളുടെ പോലെ ഉള്ള അവതരണം ആയിരുന്നു. എന്തിനേറെ, പ്രതികൾ എന്നു സംശയിക്കുന്നവരെ എല്ലാം കൊണ്ട് വന്നു യഥാർത്ഥ പ്രതികളെ കാണിക്കുന്ന ശൈലി പോലും തമാശ രൂപേണ ആണെങ്കിൽ പോലും ഇതിലുണ്ട്. വേണമെങ്കിൽ പാവങ്ങളുടെ സി ബി ഡയറിക്കുറിപ്പ് എന്നു തമാശയ്ക്ക് പറയാം ഈ ചിത്രത്തെ കുറിച്ച്. 


സമ്മിശ്രമായ റിവ്യു ആണ് പലയിടത്തും ഈ സിനിമയെ കുറിച്ച് കണ്ടത്. പക്ഷേ തീരെ പ്രതീക്ഷ ഇല്ലാത്തത് കൊണ്ട് തന്നെ എനിക്കു നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. വലിയ സിനിമ ഒന്നുമല്ല. പക്ഷേ കണ്ടാൽ സമയം നഷ്ടം ആയി എന്നു തോന്നിക്കാത്ത പഴയ രീതിയിൽ ഉള്ള സിനിമ അവതരണം ആണ് കൊച്ചാൾ പ്രേക്ഷകന് നല്കുന്നത്. കുറ്റാന്വേഷണം ആണെങ്കിലും അധികം സങ്കീർണമാക്കാതെ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട്. കണ്ടു നോക്കൂ. എനിക്കു ഇഷ്ടമായി. OTT കാഴ്ചയ്ക്ക് പറ്റിയ, കുടുംബമായി കാണാവുന്ന ഒരു കൊച്ചു സിനിമ ആണ് കൊച്ചാൾ


ഒരു ചെറിയ റേറ്റിംഗ് കൊടുക്കാം   3.5/5 


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്? 

No comments:

Post a Comment

1818. Lucy (English, 2014)