Tuesday 6 December 2022

1604. Monster (Malayalam, 2022)

 1604. Monster (Malayalam, 2022)

          Streaming on Hotstar.



  സച്ചിൻ കളിച്ചിരുന്ന സമയം ഫോം ഔട്ട്‌ ആകുമ്പോൾ പോയി അങ്ങേരോട് എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്നു ടി വിയിൽ കളി കാണുന്നവർ ഇരുന്നു പറയുന്ന അവസ്ഥ ഇല്ലേ? അത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല. ഇത്രയും റൺസ്, സെഞ്ചുറി ഒക്കെ അടിച്ച ആളോട് ആണ്‌ ടി വിയിൽ കളി കണ്ടു, കണ്ടത്തിൽ കളിച്ചവർ ബാറ്റിങ് ടെക്നിക്ക് പഠിപ്പിച്ചു കൊടുക്കുന്നത്. പക്ഷെ ക്രിക്കറ്റ് കളിയെക്കുറിച്ച് നല്ല അറിവ് ഉള്ള പ്രൊഫഷനലുകൾ സച്ചിന് സഹായത്തിനു ഉണ്ടായിരുന്നിരിക്കാം അല്ലെ?അത് കൊണ്ടും ആയിരിക്കുമല്ലോ മോശം സമയങ്ങളെ അതി ജീവിച്ചു ക്രിക്കറ്റ് ദൈവം ആയി അദ്ദേഹം മാറിയത്.


 ഇത്രയും പറഞ്ഞ് വന്നത്, നമ്മളിൽ പലരും ജനിക്കുന്നതിനു മുന്നേ അഭിനയിച്ചു തുടങ്ങിയ, ഇത്രയേറെ സിനിമകൾ ചെയ്ത, ഹിറ്റുകൾ നേടിയ ഒരാൾക്ക്‌ ഒരു സിനിമയുടെ  കഥ കേട്ടു ഇഷ്ടപ്പെട്ടതിനു ശേഷം സിനിമയിൽ അഭിനയിക്കുമ്പോൾ ചെയ്യുന്ന ചില സംഭവങ്ങൾ എങ്കിലും ചളി ആണ്‌ എന്നുള്ള അറിവില്ലേ എന്നൊരു സംശയമുണ്ട്.അതോ വേറെ ഡയലോഗ് പറയിപ്പിച്ചിട്ടു ഡബ്ബിങ് സമയം മിമിക്രി ആർട്ടിസ്റ്റുകളെ വച്ച് ഡബ് ചെയ്യുന്നത് ആണോ ആവോ? എന്തായാലും എഡിറ്റിങ് പോലും അറിയാത്ത നമ്മളൊക്കെ ഇതിനെ കുറിച്ച് സംസാരിക്കേണ്ട ആവശ്യം ഇല്ല എന്ന് വച്ചാലും L ബ്രാണ്ടിന്റെ കൂടെ നടക്കുന്നവർക്ക് എങ്കിലും ഇതൊക്കെ തോന്നണ്ടേ? അത് സിനിമ സംവിധാനം ചെയ്യുന്ന സംവിധായകന് ആയാലും?


 Cringe സിനിമകളുടെ നിലവാരം തന്റെ ഓരോ സിനിമയിലും ഈ അടുത്തായി നല്ലത് പോലെ ബാർ കൂട്ടി കൊണ്ട് ലാലേട്ടൻ വരുന്നതായി ഈ  കാണാൻ സാധിക്കുന്നുണ്ട്.ലൂസിഫർ കഴിഞ്ഞതോടെ ഹിഡൻ ഐഡന്റിറ്റി ഇല്ലാതെ ഏട്ടൻ സിനിമകൾ പറ്റാതെ ആയിട്ടുണ്ട്‌ എന്ന് തോന്നുന്നുണ്ട്. പോലീസ് വേഷങ്ങളിൽ അഭിനയിക്കുമ്പോൾ ഉള്ള താടി പ്രശ്നം ആയിരിക്കാം എന്ന് കരുതുന്നു അതിനു പിന്നിൽ . എന്തായാലും മോൺസ്റ്റർ സിനിമയുടെ ആദ്യ പകുതിയിൽ ഏട്ടൻ ആറാടുക ആയിരുന്നു എന്ന് ഫാൻസ്‌ പോലും പറയില്ല. അത്ര വധം ആയിരുന്നു അഭിനയം.


 ജാക്കി - ഡിക്കി ഡബിൾ മീനിങ് തമാശ ഒക്കെ ഇപ്പോഴും ട്രെൻഡ് ആണെന്ന് കരുതി ജീവിക്കുന്നവരുടെ പാരലൽ ലോകം ആണ്‌ സിനിമയിൽ ഉള്ളത്. ഏട്ടന് ആ ഡയലോഗ് ഒക്കെ എഴുതി ഉക്രി കൊടുക്കുമ്പോൾ 'ന്താ ഉക്രി ഇതൊക്കെ? ഇതിലൊക്കെ ഇപ്പോഴും തമാശയുണ്ടോ? എന്നൊക്കെ ഏട്ടൻ ചോദിച്ചിരുന്നേൽ നന്നായേനെ എന്ന് തോന്നുന്നു. അത് ചോദിക്കാത്തത് കൊണ്ട് എഴുപതുകളിലെ വസന്തൻ ചേട്ടൻ എന്നൊക്കെ വിളിക്കാൻ പറ്റുന്ന അമ്മാവന്മാരുടെ സിനിമ എന്ന് ഒറ്റ വാക്കിൽ പറയാം മോൺസ്റ്ററിനെ.


പിന്നീട് സിനിമയുടെ മെയിൻ കഥയിലേക്ക് വന്നപ്പോൾ അതിലെ പ്രധാന ഭാഗം Black Widow (1987) ഇൽ നിന്നും ചുരുണ്ടി എടുത്തത് ആണെങ്കിലും അതിനു കുറച്ചു കൂടി ഡെപ്ത് നൽകി കൊണ്ടുള്ള കഥ കൂടി ഫിറ്റ് ചെയ്തു കഴിഞ്ഞതിനു ശേഷം സിനിമ watchable ആയി മാറി എന്ന് മാത്രം പറയാം. പക്ഷെ ഫാൻസി ഡ്രസ് കോമ്പറ്റിഷൻ നടത്തുന്ന അസ്കിത കയറിയ ഏട്ടൻ അവിടെയും വന്നു എന്തൊക്കെയോ വലിയ സംഭവം ആണെന്ന് പറയുന്നുണ്ട്. ആറാട്ട് സീരീസ് എന്നൊക്കെ വിളിക്കാവുന്ന സിനിമ ആയി മോൺസ്റ്ററും അവിടെ മാറുന്നു.


ഹണി റോസ് ഏട്ടന്റെ ഒപ്പം നിൽക്കുന്ന റോൾ കിട്ടിയതോടെ മലയാളത്തിലെ ഒറിജിനൽ ലേഡി സൂപ്പർ സ്റ്റാർ ആയി മാറാൻ പോകുന്നു എന്നത് മാത്രം പോസിറ്റിവ് ആയി തോന്നി. സിനിമയിൽ കൊള്ളാവുന്നത് ഹണി റോസ് ആയിരുന്നു. ( ഫ്രം ഹണി റോസ് ഫാൻസ്‌ കാനഡ ഘടകം ). ലക്ഷ്മി മാഞ്ചുവിനെ ആദ്യം കണ്ടപ്പോൾ ലെന മെലിഞ്ഞത് ആണോ എന്ന് തോന്നിയായിരുന്നു. പിന്നെ ലെനയെ കൂടി സ്‌ക്രീനിൽ കണ്ടപ്പോൾ ഇതു ഡബിൾ റോൾ ആണോ എന്നും സംശയിച്ചു ആകെ റിലെ പോയി. സിനിമയുടെ തുടക്കം പോയ റിലെ തിരിച്ചു വന്നിട്ടും ഇല്ലായിരുന്നു. ലക്ഷ്മിയുടെ ഫൈറ്റ് ഒക്കെ കൊള്ളാമായിരുന്നു.


സിനിമ ഇഷ്ടമായോ ഇല്ലയോ എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ? ലൂസിഫർ കഴിഞ്ഞുള്ള ഏട്ടന്റെ ആറാടുക ആണ്‌ സിനിമകളിൽ ഒന്നൂടി ആണ് മോൺസ്റ്റർ. വീണ്ടും പറയുന്നു, ഏട്ടനെ ടി വിയിൽ കണ്ടു വിമർശിക്കാൻ നോക്കുന്നത് ഒക്കെ വെള്ളത്തിൽ വര വരച്ചത് പോലെ ആണ്‌. അവർക്കും അവരുടെ കൂടെ നിൽക്കുന്ന ആളുകൾക്കും സിനിമകളെ കുറിച്ച് നല്ല ബോധ്യം ഉണ്ട്. ആ ബോധ്യം നല്ല രീതിയിൽ ഉപയോഗിച്ചാൽ നല്ല സിനിമകൾ ഇനിയും വരും. പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തെ വില കുറച്ചു കാണാതെ ഇരുന്നാൽ തന്നെ വലിയ കാര്യം.


ഒന്നുമില്ലെങ്കിലും, തിയറ്ററിൽ നിന്നു അല്ലെങ്കിലും OTT സബ്സ്ക്രീപ്‌ഷൻ കാശ് കൊടുത്തു എടുത്തു സമയം ചിലവാക്കി ആരെങ്കിലും ഒക്കെ കാണുന്നത് അല്ലെ സിനിമകൾ? 


സിനിമയ്ക്ക് എന്റെ റേറ്റിങ് 1/5.


സിനിമ കണ്ടവരുടെ അഭിപ്രായങ്ങൾ പങ്ക് വയ്ക്കാമോ?



No comments:

Post a Comment

1818. Lucy (English, 2014)