Monday, 21 November 2022

1597. Padma (Malayalam, 2022)

 1597. Padma (Malayalam, 2022)

         Streaming on Amazon Prime (എന്ന് പറയപ്പെടുന്നു )



   പഴയ ബാലചന്ദ്ര മേനോൻ സിനിമകളെക്കാളും ഇഷ്ടമാണ് ഇപ്പോഴത്തെ  അനൂപ് മേനോൻ സിനിമകൾ. ആദ്യം പറഞ്ഞത് ടി വി സീരിയൽ കഥ പോലെ ഉള്ള സിനിമകൾ  ആണെങ്കിൽ ,(എന്റെ അഭിപ്രായം മാത്രമാണ്.പക്ഷേ സിനിമകൾ ഇഷ്ടവും ആയിരുന്നു )  അനൂപ് മേനോന്റെ പടം: ആഹ് ഹാ, എന്താ ഫിലോസഫി? ഓരോ ഡയലോഗ് കേൾക്കുമ്പോഴും, അദ്ദേഹത്തിന്റെ ജീവിത വീക്ഷണങ്ങളെ കുറിച്ച്  കൂടുതൽ അറിയുമ്പോഴും ആണ്‌ നമ്മൾ ജീവിതത്തിൽ എത്ര ചെറിയ ആളുകൾ ആണെന്നു മനസ്സിലാവുക.

  

 ജീവിതത്തിലെ എലീറ്റ് വിഷ് ലിസ്റ്റിൽ എന്തൊക്കെ ഇനി ആഡ് ചെയ്യണം എന്ന് ഓരോ അനൂപ് മേനോൻ സിനിമ കഴിയുമ്പോഴും മനസ്സിലാക്കാൻ കഴിയും. അത്രയ്ക്കും റിച്ചും വലിയ സെറ്റപ്പുമാണ് അദ്ദേഹത്തിന്റെ ആശയങ്ങൾ . ഓൺലി ഹൈ ക്ലാസ് ആകാൻ വേണ്ടി അനൂപ് മേനോൻ സമൂഹത്തിന് വേണ്ടി ഇറക്കുന്ന സിനിമകളെ പ്രോൽസാഹിപ്പിക്കുക തന്നെ വേണം. 


 ഹൈ ക്ലാസ് സൊസൈറ്റി ആകുമ്പോൾ അവിഹിതം നിർബന്ധം ആണല്ലോ?അത് അനൂപിന്റെ സിനിമകളിൽ ധാരാളം ഉണ്ട്. അതിനൊക്കെ പശ്ചാത്തലം ആയി കവിത പോലുള്ള കുറച്ചു പാട്ടുകളും. അത് പോലെ തന്നെ ആണ് ബ്രാൻഡഡ് വസ്തുക്കളുടെ  ഉപയോഗം ജീവിതത്തിലും പ്രൊഫഷനിലും എന്ത് നേടി തരും എന്നുള്ള ഉപദേശവും. പല പേരറിയാത്ത വലിയ ബ്രാൻഡുകളും അനൂപ് മേനോൻ സിനിമകളിലൂടെ നമുക്കും മനസ്സിലാകും. 


പദ്മ എന്ന കഥാപാത്രം ഭർത്താവിന്റെ ഒപ്പം പുതിയ കൊട്ടാരം പോലുള്ള വീട്ടിലേക്കു മാറുമ്പോൾ അവിടെ ഉള്ള പല ഫെമിസ്റ്റുകളെയും പഴയ തലയിണ മന്ത്രം സിനിമയിലെ ജിജിയേയും സുലോചന തങ്കപ്പനെയും ഓർമിപ്പിച്ചു . പഴയ സൊസൈറ്റി ലേഡീസിന്റെ പുതിയ വേർഷൻ ആണ് ഫെമിനിസ്റ്റുകൾ എന്നു പറയാതെ പറയുന്നുണ്ട് ചിത്രത്തിൽ . പദ്മ ആണെങ്കിൽ ഇക്കാലത്തെ കാഞ്ചന ആണ്. ആണ് ഡാൻസ് മാഷ് വളയ്ക്കാൻ നോക്കിയിട്ട് വീഴാത്ത കാഞ്ചനയെ പോലെ അല്ല പദ്മ എന്നു മാത്രം. അതാണ് ഇക്കാലത്തെ കാഞ്ചന എന്നു പറഞ്ഞത്.  പക്ഷേ രവി ശങ്കർ സുകുമാരനെക്കാളും ഡെവെലപ്ഡ് ആണ് താനും .ഇടയ്ക്ക് അനൂപേട്ടൻ എന്നത്തേയും പോലെ ചിറയ്ക്കൽ ശ്രീഹരി തുടങ്ങി ലാലേട്ടന്റെ പല തരം ആവാഹനങ്ങളും സ്വന്തം ശരീരത്തിൽ നടത്തുന്നുണ്ട്. പ്രത്യേകിച്ചും ആൾ വെള്ളമടിച്ചാൽ ലാലേട്ടന്റെ ഫിഗർ ചെയ്യാൻ, വിത് വോയിസ് ആൻഡ് ചിരി ശ്രമിക്കും. ഇതിലും അങ്ങനെ തന്നെ. 


 അതിന്റെ കൂടെ എടുത്തു പറയേണ്ട ഒരാൾ ആണ്‌ രവിശങ്കരിന്റെ സുഹൃത്ത്‌.രവി ശങ്കറിന്റെ കൂട്ടുകാരൻ ശങ്കർ രാമകൃഷ്ണൻ ആകുമ്പോൾ ഫിലോസഫിയുടെ ആഴം കൂടുന്നത് നമുക്ക് കൂടുതൽ കാണാൻ സാധിക്കും. പഴയ ട്രിവാൻഡ്രം ലോഡ്ജിലെ അബ്ദു ആയി വന്ന ജയസൂര്യ ആണ് ഇതിൽ വോയിസ് ഓവർ പ്രത്യേകിച്ച് ഒരു കാരണ്യവും ഇല്ലാതെ കൊടുത്തിരിക്കുന്നത്. മേനോന്റെ സുഹൃത്തു ആയത് കൊണ്ടാകും. എന്നാൽ അബ്ദുവിനെ ഓർമിപ്പിക്കുന്ന മറ്റൊരു അബ്ദു സിനിമയിൽ ഉണ്ട്. ആ റോൾ ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് 'നട്പൂക്കാക' ജയസൂര്യ  ശബ്ദമായി അഭിനയിച്ചു എന്നു വിശ്വസിക്കുന്നു.   


പദ്മ എന്ന സിനിമയെ കുറിച്ച് പറയാൻ പോയാൽ  കുറെയേറെ പറയാൻ ഉണ്ട്. തുടരെ തുടരെ സിനിമകൾ ചെയ്യുന്ന അനൂപ് മേനോന്റെ കയ്യിൽ നിന്നും ഇനിയും ഇത്തരം സിനിമകൾ പ്രതീക്ഷിക്കുന്നുണ്ട്. ജീവിതത്തിൽ വലിയ സംഭവം അല്ല എന്നു തോന്നുന്നവർക്ക് വലിയ ഒരു സെറ്റപ്പിൽ എങ്ങനെ ജീവിക്കാം എന്നു വിദ്യാഭ്യാസം നല്കുന്ന സിനിമ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. 


റേറ്റിംഗ് ഇടാൻ പറയരുത് . എത്ര ഇട്ടാലും അത് ഒരു കുറവാകും സിനിമയ്ക്ക്. അഞ്ചിൽ പത്തു ഇട്ടാൽ പോലും കുറവ് ആണ് എന്നു മാത്രമേ പറയാൻ സാധിക്കൂ. 


Verbal Diarrhea ആണ് സിനിമയിൽ മൊത്തം എന്നും. സിനിമ ഒന്നും മനസ്സിലായില്ല എന്നും, എന്താണ് ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചത് എന്നു ചോദിക്കുന്നവർ ദയവായി ഈ പോസ്റ്റ് വായിക്കരുത്. അഭിപ്രായം പറയുകയും ചെയ്യരുത് . ഹൈ ക്ലാസ് ആളുകൾ മാത്രം , അതും ഫിലോസഫി എല്ലാം നന്നായി മനസ്സിലാകുന്നവർ മാത്രം അഭിപ്രായം രേഖപ്പെടുത്തുമല്ലോ?

     

No comments:

Post a Comment