Saturday 12 November 2022

1590. Varaal (Malayalam, 2022)

 1590. Varaal (Malayalam, 2022)

          Streaming Sun NXT

          


പാവങ്ങളുടെ സ്റ്റീഫൻ നെടുമ്പള്ളി, വീണ വന്മരം (ഇതിൽ വീണില്ല ), അപ്പുറത്തെ സൈഡിൽ പോയ ഇപ്പുറത്തെ സൈഡിൽ ഉള്ള ആൾ, എന്തിനു ഏറെ പറയുന്നു  പാവങ്ങളുടെ സായിദ് മസൂദ് വരെ ആയി മൊത്തത്തിൽ പാവങ്ങളുടെ 'ലൂസിഫർ' അല്ലെങ്കിൽ പാരാലൽ ലോകത്തിലെ രാഷ്ട്രീയവും പിന്നെ വലിയ ട്വിസ്റ്റ് പോലെ അവതരിപ്പിച്ച എന്തോ കുറെ സംഭവങ്ങളും ഉള്ള സിനിമയാണ് വരാൽ.


  സ്റ്റാർ കാസ്റ്റിങ് കണ്ടാൽ തന്നെ മനസ്സിലാകും വലിയനൊരു കാൻവാസിൽ അവതരിപ്പിച്ച സിനിമ ആണെന്ന്. അതിനു ചേർന്ന രീതിയിൽ തന്നെ അവതരിപ്പിച്ച തള്ളുകളുടെ ഘോഷയാത്ര ഓട്ടോ പിടിച്ചു തുടക്കം മുതൽ വരുന്നുണ്ട്. പ്രാചീന കാലത്തുള്ള മലയാള സിനിമയിലെ നായകനെ കുറിച്ചുള്ള ബിൽഡപ്പൊക്കെ കഴിഞ്ഞ് നായകനെ കാണിക്കുന്നു. അനൂപ് മേനോൻ.അത് പോലെ പല കഥാപാത്രങ്ങളും സ്‌ക്രീനിൽ വന്നു പോകുന്നു. അത്യാവസ്ധ്യം പരിചിതമായ മുഖങ്ങൾ ആണ്‌ ഭൂരിഭാഗവും.


 എലീറ്റ് ക്ലാസിന്റെ വലിയ വലിയ സംഭവങ്ങൾ, സിദ്ധാന്തങ്ങൾ തുടങ്ങി, പെണ്ണ് പിടി വരെയുള്ള വലിയ കാര്യങ്ങൾ അങ്ങ് കാവ്യാത്മക ബുജി ലെവലിൽ പറഞ്ഞ് പോകുന്നുണ്ട്. കിംഗ്ഫിഷിലെ രഞ്ജിത്ത് - അനൂപ് മേനോൻ കൂട്ടുക്കെട്ടു ഇതിൽ കൂടി ഉണ്ടായിരുന്നെങ്കിൽ കിടിലം ആയേനെ എന്ന് തോന്നി . പക്ഷെ വിഷമിക്കണ്ട അത് മാറ്റി തരാൻ ശങ്കർ രാമകൃഷ്ണൻ മുതൽ രഞ്ജി പണിക്കർ വരെ ഉള്ള ബുജി ബെൽറ്റ് ഉണ്ട്. അതാണ്‌ സിനിമയുടെ ഏറ്റവും വലിയ ഐഡന്റിറ്റി.


 സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എം എ ബേബിയുടെ എന്ന് തോന്നിപ്പിക്കുന്ന ആൾ അടിച്ച ഡയലോഗ് ആണ്‌. അതല്ലാതെ ഇപ്പൊ എന്തെങ്കിലും സംഭവിക്കും എന്ന് കരുതി ഇരുന്ന എന്റെ മുന്നിലേക്ക്‌ മാലപ്പടക്കം പോലെ എറിഞ്ഞു വിട്ട ട്വിസ്റ്റുകൾ  കണ്ടു ഇത്രയേ ഉള്ളോ എന്ന ഭാവത്തിൽ ഇരിക്കാൻ ആയിരുന്നു കൂടുതൽ സമയവും യോഗം.


എനിക്ക് തോന്നുന്നത് നല്ല വായനയും ലോക വീക്ഷണവും ഒക്കെയുണ്ടെന്നു നമ്മൾ കരുതുന്ന  അനൂപ് മേനോൻ, രഞ്ജിത്ത്, രഞ്ജി, ശങ്കർ രാമകൃഷ്ണൻ ബെൽറ്റ്, അവർ കോളേജിൽ പഠിച്ചിരുന്ന കാലത്തുള്ള വായന, സിനിമ കാഴ്ച, ലോക വിവരം ഒക്കെയേ ഉളളൂ എന്നാണ്. ഇവരിൽ രഞ്ജിത്തിന്റെയും രഞ്ജി പണിക്കരുടെയും സിനിമകൾ കണ്ടു നമ്മൾ വളർന്നെങ്കിലും ഇപ്പോഴും അവരുടെ ചിന്തകൾ പഴയ കാലത്ത് തന്നെ ആണ്‌. അത് ഈ സിനിമയെ കുറിച്ച് മാത്രമുള്ള അഭിപ്രായം അല്ല.അവരെ പോലെ ആകണം എന്ന് കരുതി സംഭാഷണങ്ങൾ പറയുന്ന അനൂപ് മേനോൻ കൂടി ചേരുമ്പോൾ ഇക്കാലത്തു മലങ്കൾട്ട് ആകാൻ ഉള്ള ധാരാളം സംഭവങ്ങൾ അവരിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.


  എന്തായാലും പത്തു വർഷത്തെ ഇടതു പക്ഷ ഭരണം കഴിഞ്ഞുള്ള ഇലക്ഷൻ ആണ്‌ സിനിമയുടെ കഥ. പിണറായി മുതൽ പലരും പല രൂപത്തിലും ഭാവത്തിലും കഥാപാത്രങ്ങളായി സിനിമയിലുണ്ട്. നേരത്തെ പറഞ്ഞ പഴയ രാഷ്ട്രീയ സിനിമകൾ പോലെ. അതിനു ഇപ്പോഴും നമ്മുടെ ഇടയിൽ സ്കോപ് ഉണ്ട്. പക്ഷെ അത് എങ്ങനെ ആകണം എന്നത് പ്രേക്ഷകന്റെ അഭിരുചിക്ക് അനുസരിച്ചുള്ള മാറ്റങ്ങളിലൂടെ ആകണം എന്ന് മാത്രം. അല്ലാതെ വരാൽ പോലെ തൊണ്ണൂറുകളിൽ നിന്നും ബസ് കിട്ടാത്ത പോലെ ആകരുത്.


 പണ്ടും പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്.പഴയ കണ്ണൻ താമരക്കുളം ഇപ്പോൾ വെറും കണ്ണൻ ആയി വന്നെങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ ഓരോ സിനിമ കഴിയുമ്പോഴും നന്നായി വരുന്നുണ്ട്. നല്ല കഥയും അഭിനേതാക്കളും കിട്ടിയാൽ അദ്ദേഹം വലിയ ഒരു സിനിമ നൽകും എന്നു ഇപ്പോഴും മനസ്സിൽ തോന്നുന്നുണ്ട്.


ഇത്രയും പറഞ്ഞതിൽ പരാമർശിച്ച ആളുകൾ ഒക്കെ ഇതു എഴുതിയ എന്നെക്കാളും എത്രയോ ഉയരങ്ങളിൽ ഉള്ളവരാണ് എന്ന് നല്ല ബോധ്യമുണ്ട്. അവരിൽ പലരുടെയും ഇപ്പോഴത്തെ സിനിമകളെ കുറിച്ച് പറയാൻ ആണ്‌ വരാലിന്റെ ലേബലിൽ വന്നത്. വരാൽ സിനിമ എന്ന നിലയിൽ ഒരു ആവറേജ് അനുഭവം പോലും അല്ലായിരുന്നു എനിക്ക് എന്നതാണ് സത്യം.

No comments:

Post a Comment