1595. The Execution (Russian, 2021)
Thriller, Mystery.
ഈ അടുത്ത് ഞാൻ കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷണ കഥയുള്ള സിനിമ ആണ് The Execution . ആധുനിക റഷ്യ ഉണ്ടാകുന്നതിന് മുന്നേ ഉള്ള കാലഘട്ടം. അതിൽ പത്തു വർഷമായി നടക്കുന്ന കൊലപാതകങ്ങൾ . ചിലരുടെ വ്യക്തി താൽപ്പര്യങ്ങൾക്ക് വേണ്ടി പ്രതികളെ സൃഷ്ടിക്കുന്നു. എന്നാലും പിന്നീട് നടക്കുന്ന കൊലപാതകങ്ങൾ പ്രതികളായി കരുതിയിരുന്നവർ അല്ല നടത്തിയത് എന്ന തോന്നലും ഉണ്ടാക്കുന്നു. സീരിയൽ കില്ലർ എന്ന രീതിയിൽ വിളിക്കാവുന്ന ആരും തങ്ങളുടെ രാജ്യത്ത് ഇല്ല എന്നു വിശ്വസിച്ചിരുന്ന , അത് അമേരിക്കൻ വിശ്വാസം മാത്രം ആണെന്ന് കരുതിയിരുന്ന ഒരു ഭരണകൂടം ആണ് റഷ്യയിൽ ഉണ്ടായിരുന്നതും.
എന്നാൽ ഇത് സീരിയൽ കില്ലർ ആയ ഒരാൾ ആണ് നടത്തിയത് എന്നു വിശ്വസിക്കുന്ന ഒരാൾ ഉണ്ടായിരുന്നു. ഇസ ദവിഡോവ് എന്ന പോലീസ് ഉദ്യോഗസ്ഥൻ . അയാൾ കേസ് അന്വേഷണം ഏറ്റെടുക്കുന്നതോട് കൂടി പോലീസ് കുറ്റാവാളിയുടെ അടുക്കലേക്കു എത്തി തുടങ്ങുകയാണ് . എന്നാൽ ചില സംഭവങ്ങൾ കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഈഗോ, സ്വന്തം നില നിൽപ്പിനും സ്ഥാനങ്ങൾക്കുമായി ചെയ്യുന്ന വഴിവിട്ട പ്രവർത്തികൾ , അങ്ങനെ പലതും.എൺപതുകളുടെ തുടക്കത്തിൽ നിന്നും തൊണ്ണൂറ്റി ഒന്നിലേക്കു വരുമ്പോൾ ഇസയുടെ അന്വേഷണം പോലും ശരിയായ ദിശയിൽ അല്ലായിരുന്നു എന്നു മനസ്സിലാകുന്നു. കാരണം കേസ് അത്ര സങ്കീർണം ആയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്ന പലരും ഇപ്പോഴും കേസിന് പുറകിൽ ഉണ്ട്.
ഈ അന്വേഷണം നടക്കുന്നതിന്റെ ഇടയ്ക്കാണ്, ധാരാളം സ്ത്രീകളെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതിൽ ഒന്ന് അവരുടെ ഊഹം പോലെ ഒരു കൊലപാതകി അല്ല എന്നു മനസ്സിലാകുന്നത്. സിനിമയുടെ മുഖ്യമായ ട്വിസ്റ്റും അവിടെയാണ്. തികച്ചും സങ്കീർണമായ ഒരു കേസ് ആണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു ദശാബ്ദത്തിന് ഇടയിൽ ഉള്ള രണ്ടു കാലഘട്ടം ആണ് സിനിമയിൽ സമാന്തരമായി കാണിക്കുന്നത്. സിനിമയിൽ കേസ് അന്വേഷണത്തിന് ഒപ്പം കഥാപാത്രങ്ങളുടെ ജീവിതം കൂടി കടന്നു വരുന്നുണ്ട്. അത് സിനിമയുടെ മുന്നോട്ട് ഉള്ള പൊക്കിനെ സംബന്ധിച്ച് അത്യാവശ്യവും ആണ്. അത് കൊണ്ട് വളരെ വേഗത്തിൽ ക്യാറ്റ് ആൻഡ് മൌസ് കളിയുമായി പോകുന്ന കൊലയാളിയും പോലീസ് ഉദ്യോഗസ്ഥനും അല്ല ഈ ചിത്രത്തിൽ. പകരം സമയം എടുത്തു കഥാപാത്രങ്ങൾ പ്രേക്ഷകന്റെ അടുക്കലേക്കു എത്തുന്ന രീതിയിൽ ആണ് ചിത്രം ഉള്ളത്. അതിനായി കഥയുടെ ഓരോ വഴിയും എപ്പിസോഡ് പോലെ ആണ് അവതരിപ്പിച്ചിരിക്കുന്നതും. കഥാപാത്രങ്ങളുടെ പരിണാമം ഇതിലൂടെ കാണാൻ സാധിക്കും.
എനിക്കു നന്നായി ഇഷ്ടപ്പെട്ടൂ സിനിമ. ഒരു റേറ്റിംഗ് കൊടുക്കുക ആണെങ്കിൽ 4/5 കൊടുക്കും ചിത്രത്തിന്. സിനിമ കണ്ടവരുടെ അഭിപ്രായം പങ്ക് വയ്ക്കാമോ?
സിനിമയുടെ ലിങ്ക് വേണ്ടവർക്കു t.me/mhviews1 ൽ ലഭിക്കും.
No comments:
Post a Comment