Tuesday 1 November 2022

1581. Appan (Malayalam, 2022)

 1581. Appan (Malayalam, 2022)

        Streaming on SonyLiv.



 ഇട്ടിച്ചൻ; ഇത്രയേറെ വെറുപ്പ്‌ തോന്നിയ ഒരു കഥാപാത്രം ഈ അടുത്ത് മലയാളം സിനിമയിൽ ഉണ്ടായിട്ടില്ല അല്ലെങ്കിൽ ഞാൻ കണ്ടിട്ടില്ല .ആരോടും അനുകമ്പ ഇല്ലാത്ത, സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുകയും സ്വയം കുടുംബ ബന്ധങ്ങൾക്ക് ഒരു വിലയും കൊടുക്കാത്ത ദുഷ്ടൻ എന്ന് പറയാവുന്ന ഒരു കഥാപാത്രം. അതിന്റെ നേരെ വിപരീത സ്വഭാവം ഉള്ള ഞ്ഞൂഞ്ഞു എന്ന മകൻ. മലയോര പ്രദേശം ആണ്‌ കഥയുടെ പശ്ചാത്തലം . സിനിമയുടെ മൊത്തത്തിൽ ഉള്ള ആമ്പിയൻസ് ജോജി എന്ന സിനിമയുടെ പോലെയും. ഒരു പക്ഷെ അതിലും മനസാക്ഷി ഇല്ലാത്ത കഥാപാത്രവും. അതാണ്‌ അപ്പൻ എന്ന സിനിമ.



സ്‌ക്രീനിൽ അഭിനേതാക്കൾ ജീവിക്കുക ആണെന്ന് പറയാറില്ലേ? അതിനോട് അക്ഷരം പ്രതി യോജിക്കുന്ന സിനിനയും കഥാപാത്രങ്ങളായി മാറിയ അഭിനേതാക്കളും ആണ്‌ അപ്പൻ എന്ന സിനിമയിൽ ഉള്ളത്.പോളി വിത്സൻ, അനന്യ, രാധിക തുടങ്ങി സ്ത്രീ കഥാപത്രങ്ങൾ നന്നായി തന്നെ അവരുടെ റോളുകൾ ചെയ്തിട്ടുണ്ട്.സണ്ണി വെയ്നിന്റെയും ആലൻസിയരുടെയും ഏറ്റവും മികച്ച പ്രകടനം ആണ്‌ ഈ സിനിമയിൽ ഉള്ളത്. അവസാനം പ്രേക്ഷകന്റെ അനുകമ്പ ഞ്ഞൂഞ്ഞു നേടുന്നുമുണ്ട്.


ഭയങ്കര നെഗറ്റീവ് വൈബ് ആണ്‌ സിനിമ ഉണ്ടാക്കുന്നത്. ഇട്ടിയുടെ കഥാപാത്രം അത്ര raw ആണ്‌. അയാൾ തളർന്നു കിടക്കുക ആണെങ്കിലും അയാളുടെ സ്വഭാവവും വർത്തമാനവും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അയാളുടെ വീട്ടുകാരെ പോലെ നമുക്കും അയാൾ ഒന്ന് മരിച്ചാൽ മതിയെന്ന് തോന്നിക്കും. അത്രയും ക്രൂരൻ. പ്രത്യേകിച്ചും ക്ലൈമാക്സിൽ അയാളുടെ പേടിസ്വപ്നമായ കുരിയായോട് പറയുന്നത്, സിനിമ ആയി പോയി ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് തോന്നി പോകും.


 ഒരു സിനിമ എന്ന നിലയിൽ എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്ന് അറിയില്ല. നാട്ടുരാജവിലെ അച്ഛൻ കഥാപാത്രം എത്ര മാത്രം വെറുപ്പിച്ചോ അതിനും മുകളിൽ പറയാം ഇതിലെ ഇട്ടിയെ. വ്യത്യസ്തമായ, പ്രതീക്ഷിക്കാത്ത രീതിയിൽ ഇത്തരം ഒരു തീം അവതരിപ്പിച്ചത് കൊണ്ട് തന്നെ ചിത്രം ഇഷ്ടമായി എനിക്ക്.


 റെജിനയിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (RIFFA) വന്നപ്പോൾ ഇന്ത്യൻ വിഭാഗത്തിൽ പ്രീമിയറിങ്ങിനു ഈ ചിത്രം ആയിരുന്നു വച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ അത് നടന്നില്ല. നടക്കാത്തത് നന്നായി എന്ന് സിനിമ കണ്ടപ്പോൾ തോന്നി. നമ്മുടെ ആസ്വാദന ശേഷി അനുസരിച്ചു ഇരിക്കും ഈ സിനിമ ഇഷ്ടപ്പെടുക എന്നത്. എല്ലാ തരം സിനിമകളും കാണുന്ന ആളാണെങ്കിൽ മാത്രം കാണുക.


സിനിമ കണ്ടെങ്കിൽ എന്താണ് അഭിപ്രായം?

No comments:

Post a Comment