Thursday, 24 September 2015

507.LIFE OF JOSUTTY(MALAYALAM,2015)

507.LIFE OF JOSUTTY(MALAYALAM,2015),Dir:-Jeethu Joseph,*ing:-Dileep,Rachana,Jyothi Krishna,Aqsa Bhatt.

    സസ്പന്‍സ് ഇല്ല ,ട്വിസ്റ്റ്‌ ഇല്ല,ദൃശ്യം , മെമ്മറീസ് എന്നിവയൊന്നും ഇല്ല ജീത്തൂ ജോസഫിന്റെ "ലൈഫ് ഓഫ് ജോസൂട്ടിയില്‍ " പകരം ഉള്ളത് ജോസൂട്ടി എന്ന നാട്ടിന്‍പുറത്തുക്കാരന്റെ സന്തോഷങ്ങളും വിശ്വാസങ്ങളും ദു:ഖങ്ങളും ആണ്.ഇടയ്ക്ക്   ജീത്തൂ ജോസഫിന്‍റെ "ആല്‍ഫ്രെഡ് ഹിച്ച്കോക്ക്" സാനിധ്യവും.   ജോസൂട്ടി പച്ചയായ മനുഷ്യന്‍ ആണ്.അപ്പനെ വളരെയധികം വിശ്വസിക്കുകയും ബഹുമാനിക്കുകയും ,അമ്മയുടെ ഒപ്പം ദൈവ വിശ്വാസം പങ്കിടുന്ന,സുഹൃത്തുക്കളോടൊപ്പം ജീവിതത്തിലെ സന്തോഷങ്ങളും ദു:ഖങ്ങളും പങ്കിടുന്ന ഒരു സാധാരണ കട്ടപ്പനക്കാരന്‍ ഗ്രാമവാസി.ജീവിതത്തിലെ നന്മകളെയും തിന്മകളെയും ജോസൂട്ടി പലപ്പോഴുമായി നേരിട്ട് അറിയുന്നുണ്ട്.സാധാരണക്കാരന്റെ സാധാരണമായ ജീവിതം ആണ് ചുരുക്കത്തില്‍ ജോസൂട്ടിക്ക് ഉള്ളത്.

  കഥയിലേക്ക് പോവുകയാണെങ്കില്‍ കാലാകാലങ്ങളായി ജീവിതത്തില്‍ വലിയ മെച്ചം ഒന്നും ഇല്ലാതെ ജീവിക്കുന്ന നായകന്‍ ചെയ്യുന്നത് മാത്രം ആണ് ജോസൂട്ടിയും ജീവിതത്തിലെ ഒരു നിര്‍ണായക നിമിഷത്തില്‍ ചെയ്യുന്നുള്ളൂ.ആദ്യ പ്രണയം മുതല്‍ തുടങ്ങുന്നു ജോസൂട്ടിയുടെ ജീവിതം.പ്രണയങ്ങള്‍ പല ഘട്ടങ്ങളായി കാലത്തിനനുസരിച്ച് മാറുന്നും  ഉണ്ട്,"പ്രേമത്തിലെ" ജോര്‍ജിനെ പോലെ.എന്നാല്‍ ഇതല്‍പ്പം വ്യത്യസ്തം ആണ്.വിധി ജോസൂട്ടിയെ എത്തിച്ചത് അയാള്‍ ഒരിക്കലും സ്വപ്നം കാണാത്ത നാട്ടിലേക്കും അതിലും അവിശ്വസനീയം ആയ ജീവിതത്തിലേക്കും ആയിരുന്നു.തിരിച്ചറിവുകള്‍ വന്നപ്പോഴേക്കും ജോസൂട്ടിയിലെ നന്മ നിറഞ്ഞ നിഷ്ക്കളങ്കന്‍ ആയ മനുഷ്യന് എന്ത് പറ്റുന്നു?ജോസൂട്ടിയുടെ മനസാക്ഷി ആരാണ് കവര്‍ന്നെടുത്തത്?ചോദ്യങ്ങള്‍ പലതുണ്ടെങ്കിലും ജോസൂട്ടിയുടെ ഉത്തരം ഒന്നായിരുന്നു.അവന്റെ അപ്പനില്‍ നിന്നും പഠിച്ചത്.ജീവിതത്തെ ഒരു പാഠം ആയും ജീവിത പരീക്ഷണങ്ങളെ പരീക്ഷയായും കാണാന്‍ ആണ്.ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉള്ള ഒരാള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എന്ത് മാത്രം മാറും എന്നും ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

  ചിലരെങ്കിലും അവിശ്വസനീയം ആയ കഥയാണ് ചിത്രത്തിന് എന്ന് പറഞ്ഞു കേട്ടിരുന്നു.എന്നാല്‍ ജോസൂട്ടിയെ പോലെ പല രാജ്യത്തും ജീവിക്കുന്ന കുറച്ചു ജോസൂട്ടികള്‍ ഉണ്ടെന്നുള്ള കഥകള്‍ പലപ്പോഴും കേട്ടിരുന്നു.അത് കൊണ്ട് തന്നെ ആ ഭാഗങ്ങള്‍ ഒന്നും അവിശ്വസനീയം ആയി തോന്നിയും ഇല്ല.ന്യൂസീലാന്റ് പോലെ ഉള്ള പ്രകൃതി രമണീയം ആയ സ്ഥലത്തിനെ അതിന്‍റെ ഭംഗിയോടെ തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു.ഹരീഷ് പെരടിയുടെ അച്ഛന്‍ കഥാപാത്രം ഇടയ്ക്കൊക്കെ നൊമ്പരം ആയി മാറി.ചിരിപ്പിക്കാന്‍ ആയി വന്ന നോബിയും പാഷാണം ഷാജിയും ഒക്കെ അവര്‍ക്ക് കഴിയുന്ന രീതിയില്‍ തന്നെ ആ കടമ നിര്‍വഹിച്ചിട്ടും ഉണ്ട്.ഗ്രാമീണന്‍ ആയ ജോസൂട്ടിയെ ആദ്യ പകുതിയിലും ലോകത്തിന്‍റെ മറ്റൊരു കോണില്‍ ഉള്ള ജോസൂട്ടി ആയും ദിലീപ് നല്ല പ്രകടനം ആയിരുന്നു.തന്റെ "അയല്‍വക്കത്ത്‌ ഉള്ള പയ്യന്‍" എന്ന പ്രതിച്ഛായ ഈ സിനിമയിലും ദിലീപ് നന്നായി ഉപയോഗിച്ചു.

   ജീവിതം പലപ്പോഴും പലര്‍ക്കും നല്‍കുന്നത് അപ്രതീക്ഷിതം ആയ വഴിത്തിരിവുകള്‍ ആയിരിക്കും.അത് കൊണ്ട് തന്നെ ജോസൂട്ടിയുടെ ജീവിതത്തിലെ ക്ലീഷേകള്‍ മാറ്റി നിര്‍ത്തിയാല്‍ ആ ഒരു സാഹചര്യം നേരിടേണ്ടി വരുന്ന അയാളെ പോലെ ഉള്ള ഒരാള്‍ ചെയ്യുന്നത് മാത്രമേ ജോസൂട്ടിയും ചെയ്തിട്ടുള്ളൂ.ജോസൂട്ടി മാത്രമല്ല.ചിത്രത്തിലെ പല കഥാപാത്രങ്ങളും അങ്ങനെ തന്നെ.ആരുടെ ഭാഗത്ത്‌ ആണ് ശരി/തെറ്റ് എന്ന് പ്രേക്ഷകനെ ചിന്തിപ്പിക്കുകയും ജീവിതത്തിനു ഓരോ ന്യായീകരണങ്ങള്‍ നല്‍കാനും സിനിമയില്‍ ശ്രദ്ധിച്ചിട്ടുണ്ട്.ദിലീപ് എന്ന നടന്‍റെ പ്രധാന കാണികളായ കുടുംബ പ്രേക്ഷകര്‍ തിയറ്ററില്‍ കയറിയാല്‍ ബോക്സോഫീസിലും ചിത്രത്തിന് മികച്ച വിജയം നേടാം.പറഞ്ഞു വരുന്നത് ജീത്തൂ ജോസഫിന്‍റെ ത്രില്ലറുകള്‍ പ്രതീക്ഷിച്ചു വരുന്ന  അല്ലെങ്കില്‍ അവിശ്വസനീയം ആയ കഥ എന്ന് പറയുന്ന ഒരു വിഭാഗത്തിന് ചിത്രം ഇഷ്ടപ്പെടാന്‍  സാധ്യത കുറവാണ്.എന്നാലും സിനിമാറ്റിക് സംഭവങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഈ സംഭവങ്ങള്‍ ഒക്കെ പലപ്പോഴും സംഭവിക്കാന്‍ സാധ്യത ഉള്ളതും ആണ്.

ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന റേറ്റിംഗ് 3.5/5 !!

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment