Thursday 23 April 2015

354.FALLEN(ENGLISH,1998)

354.FALLEN(ENGLISH,1998),|Fantasy|Thriller|,Dir:-Gregory Hoblit,*ing:-Denzel Washington, John Goodman, Donald Sutherland .

   പരമ്പര കൊലയാളി ആയ എഡ്ഗര്‍ റീസിനെ നിയമത്തിന്‍റെ മുന്നിലേക്ക്‌ എത്തിച്ചത് ജോണ്‍ ഹോബ്സ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആണ്.വിചിത്രമായ രീതിയില്‍ ആയിരുന്നു എഡ്ഗര്‍ രീഗ്സ് പെരുമാറിയിരുന്നത്.അയാളുടെ കൊലപാതകങ്ങളിലും അത്തരത്തില്‍ ഉള്ള അടയാളങ്ങള്‍ ഉണ്ടായിരുന്നു.വിഷ വാതകം ശ്വസിപ്പിച്ചു അയാളെ കൊല്ലാന്‍ അമേരിക്കന്‍ നീതി വ്യവസ്ഥ തീരുമാനിക്കുമ്പോള്‍ പോലും അയാള്‍ വിചിത്ര സ്വഭാവങ്ങള്‍ കാണിച്ചിരുന്നു.എഡ്ഗര്‍ രീഗ്സ് മരിക്കുന്നതിനു മുന്‍പ് അയാളെ കുറിച്ച് ഡോക്യുമെന്റ്ററി എടുക്കാന്‍ ഒരു കൂട്ടം ആളുകള്‍ വന്നിരുന്നു.മരണത്തിനു മുന്നേ ഹോബ്സ് അയാളെ കാണാന്‍ പോകുന്നു..

    മനസ്സിലാകാത്ത ഭാഷയില്‍ സംസാരിച്ച റീസ് അത് ഡച്ച്‌ ഭാഷ ആണെന്ന് ഹോബ്സിനോട് പറയുന്നു.അതിനു ശേഷം അയാള്‍ പറഞ്ഞ ഭാഷ അവ്യക്തമായ ഒന്നായിരുന്നു.റീസ് ,ഹോബ്സിനോട് കടങ്കഥകള്‍ ഇഷ്ടം ആണെങ്കില്‍ ഒരെണ്ണം ചോദിക്കട്ടെ എന്ന് പറയുന്നു.എന്നാല്‍ ഹോബ്സ് അതില്‍ താല്‍പ്പര്യം കാണിക്കുന്നില്ല.എങ്കിലും റീസ്,ഹോബ്സിനോട് ആ ചോദ്യം ചോദിക്കുന്നു.പിന്നീട്  ഹോബ്സിനു കൈ കൊടുക്കാന്‍ റീസ് ശ്രമിച്ചുവെങ്കിലും അത് നടക്കുന്നില്ല.റീസിനെ പ്രവൃത്തികളെ നിസാരവല്‍ക്കരിച്ചു പോയ ഹോബ്സ് അയാളുടെ വധ ശിക്ഷ നേരില്‍ കണ്ടതിനു ശേഷം തിരികെ പോകുന്നു.എന്നാല്‍ തിരികെ പോയ ഹോബ്സിനെ കാത്തു അടുത്ത കേസ് ഇരിപ്പുണ്ടായിരുന്നു അടുത്ത ദിവസങ്ങളില്‍.റീസ് നടത്തിയ കൊലപാതകങ്ങള്‍ പോലെ ഒരെണ്ണം കൂടി സംഭവിച്ചിരിക്കുന്നു.അതിലും ഹോബ്സിനെ കുഴപ്പത്തില്‍ ആക്കിയത് മറ്റൊന്നായിരുന്നു.റീസ് മരിക്കുന്നതിനു മുന്‍പ് ചോദിച്ച കടങ്കഥ ശവത്തിന്റെ അടുത്തുള്ള ഭിത്തിയില്‍ എഴുതി വച്ചിരിക്കുന്നു.

  ഒന്നെങ്കില്‍ ഡോക്യുമെന്‍ററി എടുത്ത ആളുകളില്‍ ഒരാള്‍ അല്ലെങ്കില്‍ അത് കണ്ടവരില്‍ ഒരാള്‍ ആയിരിക്കും ഈ കൃത്യം ചെയ്തത്.അല്ലെങ്കില്‍ പോലീസില്‍ നിന്നൊരാള്‍.ഹോബ്സും കൂട്ടരും അന്വേഷണം ആരംഭിക്കുന്നു.പിന്നീടും സമാനമായ മരണങ്ങള്‍ സംഭവിക്കുന്നു.എല്ലാത്തിലും മരിച്ച റീസിന്റെ കയ്യൊപ്പ്.ആരായിരിക്കും ഈ കൃത്യങ്ങളുടെ പിന്നില്‍?ഒരു കോപ്പി ക്യാറ്റ് പരമ്പര കൊലയാളി അണിയറയില്‍ ഉണ്ടോ?ഹോബ്സിന്റെ ചോദ്യങ്ങള്‍ അയാളെ കൊണ്ട് എത്തിച്ചത് വിശ്വാസങ്ങള്‍ക്കും അവിശ്വാസങ്ങള്‍ക്കും ഇടയില്‍ ഉള്ള നേര്‍ത്ത രേഖയില്‍ കൂടിയുള്ള യാത്രയിലേക്ക് ആണ്.ഫാന്റസി ജോനറില്‍ പെടുത്താവുന്ന ചിത്രം ആണെങ്കിലും പരമ്പര കൊലപാതകം പോലെ ഉള്ള പ്രമേയം അവലംബിച്ചത് കൊണ്ട് തന്നെ വളരെയധികം ത്രില്ലിംഗ് ആയി തോന്നി ഈ ചിത്രം.ഹോബ്സിന്റെ കൂട്ടുകാരന്‍ ആയി വന്ന ജോണ്‍ ഗുഡ്മാന്‍ തന്റേതായ ശൈലിയില്‍ മികച്ച രീതിയില്‍ അഭിനയിച്ചിരിക്കുന്നു.ടെന്‍സല്‍ വാഷിംഗ്‌ടണ്‍ അഭിനയിച്ച മികച്ച ചിത്രങ്ങളില്‍ ഒന്നായി തോന്നി Fallen എന്ന ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)