Saturday 18 April 2015

351.DIAL M FOR MURDER(ENGLISH,1954)

351.DIAL M FOR MURDER(ENGLISH,1954),|Thriller|Crime|,Dir:-Alfred Hitchcock,*ing:-Ray Milland, Grace Kelly, Robert Cummings.

 പ്രത്യക്ഷത്തില്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ നടത്തുന്ന കുറ്റ കൃത്യങ്ങള്‍ പ്രമേയം ആയുള്ള സിനിമകള്‍ ധാരാളം നമ്മുടെ മുന്നില്‍ അവതരിപ്പിച്ച സംവിധായകന്‍ ആണ് ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക്.Rope,Strangers On A Train തുടങ്ങിയ സിനിമകള്‍ എല്ലാം ഈ ഒരു പ്രമേയത്തില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഒരു കുറ്റ കൃത്യവും തെളിവുകള്‍ ഇല്ലാതെ ചെയ്യാന്‍ കഴിയും എന്നുള്ള വിശ്വാസങ്ങളിലേക്ക് എന്നാല്‍ ഹിച്ച്കോക്ക് തടസ്സം നില്‍ക്കുകയും ചെയ്യുന്നുണ്ട്.മേല്‍പ്പറഞ്ഞ രണ്ടു സിനിമകളിലും പെര്‍ഫെക്റ്റ് ക്രൈമിന്റെ  നിലനില്‍പ്പിനെ ചോദ്യം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിട്ടും ഉണ്ട്.ഓരോ കുറ്റ കൃത്യങ്ങളിലും കണ്ണ് ശരിയായി തുറന്നു വച്ചാല്‍ ദൃഷ്ടി എത്തുന്നത്‌ കുറ്റവാളിയുടെ ആത്മവിശ്വാസത്തില്‍ ആകും എന്ന് തോന്നുന്നു.തെളിയിക്കപ്പെടാത്ത കുറ്റങ്ങള്‍ കുറ്റ കൃത്യം അല്ല എന്ന വിശ്വാസത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തികള്‍  നിസാരനായ മനുഷ്യന്‍ നടത്തുമ്പോള്‍ അതില്‍  എല്ലാ പഴുതും അടച്ച്‌ ചെയ്യാന്‍ കഴിയും എന്ന് വിശ്വസിക്കാന്‍ പോലും കഴിയില്ല.

  ഇനി സിനിമയിലേക്ക്.ടോണി വെണ്ടീസ് ടെന്നീസ് കളിയില്‍ കമ്പം ഉള്ള ആളായിരുന്നു.ടെന്നീസിന് വേണ്ടി ജീവിച്ച അയാളുടെ ജീവിതത്തില്‍ ഭാര്യയായ മാര്‍ഗറ്റിനു നല്‍കാന്‍ കഴിയാത്ത സ്നേഹം മറ്റൊരാള്‍ നല്‍കുന്നു എന്നയാള്‍ മനസ്സിലാക്കുന്നു.അയാള്‍ ടെന്നീസിനോട് വിട പറഞ്ഞ് സ്പോര്‍ട്സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനിയില്‍ ജോലിക്ക് കയറുന്നു.തന്‍റെ ജീവിതം തിരിച്ചു പിടിച്ചു എന്ന് വിശ്വസിക്കുന്ന മാര്‍ഗറ്റിനു എന്നാല്‍ ഭര്‍ത്താവിന് തന്‍റെ രഹസ്യ ബന്ധത്തെ കുറിച്ച് അറിയില്ല എന്ന് വിശ്വസിക്കുന്നു.എഴുത്തുകാരന്‍ ആയ അവരുടെ കാമുകന്‍ മാര്‍ക്ക് അവളെ കാണാന്‍ ആയി എത്തുന്നു.ഒരു സുഹൃത്ത്‌ എന്ന് പറഞ്ഞു മാര്‍ഗറ്റ് പരിചയപ്പെടുത്തുന്ന മാര്‍ക്കിനെയും കൂട്ടി അടുത്ത ദിവസം ഒരു പാര്‍ട്ടിക്ക് പോകാന്‍ ടോണി തീരുമാനിക്കുന്നു.എന്നാല്‍ ആ ദിവസം നടക്കാന്‍ പോകുന്ന സംഭവങ്ങള്‍ അയാള്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടായിരുന്നു.അയാള്‍ അന്നത്തെ ദിവസം തനിക്കു വേണ്ടി ജോലി ചെയ്യാന്‍ തിരഞ്ഞെടുത്തത് സ്വാന്‍ എന്ന അയാളുടെ പഴയ കോളേജ് സീനിയറിനെ ആയിരുന്നു.ജീവിതത്തില്‍ പണത്തിന്റെ ആവശ്യം ഏറെ ഉണ്ടായിരുന്ന സ്വാന്‍ ,ടോണിയുടെ പഴുതുകള്‍ ഇല്ലാത്ത കൊലപാതക മാര്‍ഗത്തെ വിശ്വസിക്കുന്നു.എന്നാല്‍ അടുത്ത ദിവസം രാത്രി നടന്ന സംഭവങ്ങള്‍ അവിശ്വസനീയം ആയിരുന്നു.അവിടെ ആണ് ഈ ചിത്രത്തിന്‍റെ വലിയ ട്വിസ്റ്റ് ഒളിഞ്ഞിരിക്കുന്നത്.

   ക്രൈം/ത്രില്ലര്‍ സിനിമകള്‍ക്ക്‌ വേണ്ടിയ പ്രേക്ഷകനെ മുള്‍ മുനയില്‍ നിര്‍ത്തുന്ന അവസ്ഥകള്‍ ഈ ചിത്രത്തില്‍ കൊണ്ട് വരാന്‍ ഹിച്ച്കോക്ക് ശ്രമിച്ചിട്ടുണ്ട്.ആല്ഫ്രെഡ്‌ ഹിച്ച്കോക്കിന്റെ ഒരേ ഒരു ത്രിമാന ചിത്രം ആയിരുന്നു Dial M for Murder.അക്കാലത്തെ ലഭ്യമായ സാങ്കേതിക വിദ്യയില്‍ വാര്‍ണര്‍ ബ്രദേര്‍സിന്‍റെ പ്രത്യേക ക്യാമറയില്‍ ആണ് ത്രിമാനസ്വഭാവം ഉണ്ടാക്കിയത്.ഭാര്യയുടെ വിശ്വാസ വഞ്ചനയ്ക്ക് പകരം വീട്ടാന്‍ ടോണി ശ്രമിക്കുമ്പോള്‍ അയാളോടുള്ള അനുകമ്പ പ്രേക്ഷകനില്‍ ഉണ്ടാക്കി എടുക്കാന്‍ ഹിച്ച്കോക്ക് ശ്രമിച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെയാകണം നടക്കാന്‍ പോകുന്ന സംഭവങ്ങള്‍ ഇതാണ് എന്ന് പറഞ്ഞു അവതരിപ്പിക്കപ്പെടുമ്പോള്‍ പോലും ടോണിയെ പോലീസ് പിടിക്കരുത് എന്ന് ചിലര്‍ എങ്കിലും വിചാരിക്കുന്നതും.ഫ്രെഡ്രിക്ക് നോട്ടിന്റെ നാടകം സിനിമയായി മാറുകയായിരുന്നു പിന്നീട്.അമേരിക്കന്‍ ഫിലിം ഇന്‍സ്ടിട്ട്യൂട്ടിന്റെ (AFI) മികച്ച 100 ത്രില്ലറുകളില്‍ ഈ ചിത്രവും സ്ഥാനം പിടിച്ചിട്ടുണ്ട്.പിന്നെ പതിവ് പോലെ ഹിച്ച്കോക്ക് ഈ ചിത്രത്തിലും തല കാണിച്ചിട്ടുണ്ട്.ടോണിയുടെയും സ്വാനിന്റെയും റീ-യൂണിയന്‍ ഫോട്ടോയില്‍ അദ്ധേഹത്തെ കാണാന്‍ സാധിക്കും.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)