Thursday, 25 May 2023

1705. Investigation of a Citizen Above Suspicion (Italian, 1970)

 1705. Investigation of a Citizen Above Suspicion (Italian, 1970)


          Psychological Thriller, Murder Investigation.

⭐️⭐️⭐️⭐️/5

  ഹോമിസൈഡ്  വിഭാഗത്തിന്റെ ചീഫ് ആയി ഉള്ള അവസാന ദിവസം ആണ് നമുക്ക് 'ചീഫ് ' എന്നു വിളിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥന് ഒരു തോന്നൽ ഉണ്ടായത്. തന്റെ അധികാരത്തിന്റെ ശക്തി  എത്രത്തോളം ഉണ്ട് എന്നു മനസ്സിലാക്കണമായിരുന്നു ആയാൾക്ക്. സമൂഹത്തിലെ മറ്റ് പൌരന്മാരിൽ നിന്നും ആയാൾക്ക് ഉള്ള സമൂഹത്തിലെ സ്വാധീനം , ശക്തി എന്നിവ കണ്ടെത്തുക ആയിരുന്നു ഉദ്ദേശം. അതിനായി  അയാൾ ചെയ്തത് ഒരു കൊലപാതകം ആയിരുന്നു. തന്റെ രഹസ്യ കാമുകിയുടെ കഴുത്ത് അറുത്ത് അവരെ കൊലപ്പെടുത്തുന്നു. അവരെ കൊലപ്പെടുത്തിയത്തിന് ശേഷം അയാൾ അവളെ കൊന്ന സ്ഥലത്ത്  തന്നിലേക്ക് കുറ്റാന്വേഷകർ വന്നെത്താന് ഉള്ള എല്ലാ തെളിവുകളും മനപ്പൂർവം അവശേഷിപ്പിക്കുന്നു. ഇത്രയും തെളിവുകൾ നൽകിയാൽ തന്നെ ആരെങ്കിലും കുറ്റവാളി ആയി കണ്ടെത്തുമോ എന്നതായിരുന്നു ആയാൾക്ക് അറിയേണ്ടിയിരുന്നത്?

പെർഫക്റ്റ് ക്രൈം ആധാരമാക്കിയുള്ള സിനിമകൾ ധാരാളം നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ അതിന്റെ നേർ  വിപരീതം ആണ് Investigation of a Citizen Above Suspicion. ആരാലും കണ്ടെത്താൻ കഴിയാത്ത രീതിയിൽ കൊലപാതകം നടത്തുന്നതും, എന്നാൽ തന്റെ നേരെ താൻ ചെയ്ത കൊലപാതകത്തിന് നേരെ വിരൽ  ചൂണ്ടും എന്ന പ്രതീക്ഷയിലും ഉള്ള കേന്ദ്ര കഥാപാത്രം ആണ് ഈ ചിത്രത്തിൽ ഉള്ളത്. വളരെയധികം ലെയറുകൾ ഉള്ള ചിത്രം ആണ് Investigation of a Citizen Above Suspicion. ഒരു കുറ്റാന്വേഷണ ചിത്രം എന്ന നിലയിലും സൈക്കോളജിക്കൽ ത്രില്ലർ എന്ന നിലയിലും മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന സിനിമ ഒരു ഘട്ടം കഴിയുമ്പോൾ കേന്ദ്ര കഥാപാത്രമായ ചീഫിന് തന്റെ അധികാര ശക്തി നല്കിയ ഇറ്റലിയിലെ അന്നത്തെ രാഷ്ട്രീയ ഇടനാഴികളിലേക്ക്  ശ്രദ്ധ തിരിയുന്നുണ്ട്.

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഫാന്റസി ആയി ഒരു കൊലപാതകം മാറുന്ന രീതിയിൽ അയാളെ ചിന്തിപ്പിച്ചതും ആയാൾക്ക് അധികാരം നൽകിയ ശക്തി ആയിരുന്നു. അതിൽ അയാൾ ഉന്മാദം കൊള്ളുകയും ചെയ്യുന്നുണ്ട്. പിന്നീട് അയാളുടെ മാനസികാവസ്ഥ മാറുകയും  ഒരു അവസരത്തിൽ കൊലയാളി മറ്റൊരാൾ ആയി കണ്ടെത്തി പോലീസ് ഒരാളെ കുറ്റവാളി ആക്കാൻ ശ്രമിക്കുമ്പോൾ ചീഫിന്റെ ഉള്ളിൽ  ഉള്ള  ഈഗോ പുറത്തു വരുന്നതും കാണാം. സിനിമയിൽ ഇത് പോലെ ഉള്ള പല അവസരങ്ങളിലും ചീഫ് തന്നെ കണ്ടെത്താൻ വേണ്ടി പുതു തെളിവുകൾ നൽകുന്നും  ഉണ്ട്. ഇത്തരത്തിൽ ഒരു കഥയ്ക്ക് എന്തായിരിക്കും ക്ലൈമാക്സ് എന്നു ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ Investigation of a Citizen Above Suspicion കാണുക.

നമുക്ക്  പരിചിതമായ ഒരു പ്രമേയം അല്ല ചിത്രത്തിന് ഉള്ളത്. നേരത്തെ പറഞ്ഞത് പോലെ ഉള്ള ലെയറുകൾ ചിത്രത്തിന് മോടി കൂട്ടുന്നുണ്ട് എങ്കിലും അതിനും അപ്പുറം മനുഷ്യന്റെ ഇഗോ എന്ന വികാരത്തിൽ  ആണ് സംവിധായകൻ എലിയോ പെട്രി കൂടുതൽ ശ്രദ്ധ കൊടുത്തത് എന്നത് മനസിലാകും. അത് പോലെ അതായത് കാലത്ത് ഉള്ള രാഷ്ട്രീയ സാഹചര്യങ്ങൾ എങ്ങനെ എല്ലാം സമൂഹത്തിൽ ശക്തരായ ആളുകൾ  ദുരുപയോഗം ചെയ്തു എന്നതും വ്യക്തമാകും.ഏത് കാലഘട്ടത്തിലും പ്രസക്തി ഉള്ള സിനിമയാണ്.

സിനിമയുടെ ലിങ്ക് https://movieholicviews.blogspot.com/?m=1 ൽ ലഭ്യമാണ്.

സിനിമ കണ്ടവർ അഭിപ്രായങ്ങൾ പങ്ക് വയ്ക്കണേ.


1704. The Super Mario Bros. Movie (English, 2023)

 1704. The Super Mario Bros. Movie (English, 2023)

          Animation, Fantasy



⭐️⭐️⭐️⭐️/5

സൂപ്പർ മരിയോ എന്ന വിഡിയോ ഗെയിം ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ  ആണ്‌ ആദ്യമായി കളിക്കുന്നത്. പിന്നീട്  കുത്തി ഇരുന്ന് അത് തീർക്കുകയും ചെയ്തു. ഇതേ പോലെ ആകും ആക്കാലത്തു ഈ ഗെയിം കളിച്ച പലരുടെയും അനുഭവവും.വർഷങ്ങൾക്കു ശേഷം Nintendo Switch ൽ മക്കളോടൊപ്പം സൂപ്പർ മരിയോയിലെ പല ഗെയിമും കളിക്കുന്നതിന് കാരണം ആ നൊസ്റ്റാൾജിയ കൂടി ആണ്‌. Super Mario Bros.  എന്ന 1993 ലെ സിനിമ വലിയ പ്രേക്ഷക അഭിപ്രായം ഒന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലും ഈ നൊസ്റ്റാൾജിയ ഉണ്ടായിരുന്നു, വർഷങ്ങൾക്കു ശേഷം കാണുമ്പോൾ.

എന്നാൽ 2023 ൽ സൂപ്പർ മരിയോ വീണ്ടും വരുമ്പോൾ, പരിചയം ഉള്ള കഥയും കഥാപത്രങ്ങളും ആയിരുന്നെങ്കിലും മികച്ച അനിമേഷനോടെ കാണാൻ കഴിഞ്ഞു. പ്രത്യേകിച്ചും Nintendo Switch ലെ ഗെയിമിന്റെ ഒരു എക്സ്റ്റൻഷൻ പോലെ തോന്നി എന്ന് പറയുന്നത് ആയിരിക്കും ശരി.തികച്ചും രസകരമായി അവതരിപ്പിച്ച സൂപ്പർ മരിയോ ബ്രോസ്.

തീരെ ബോർ അടിപ്പിക്കാതെ, സൂപ്പർ മറിയോയുടെ വീഡിയോ ഗെയിം കത്തി നിന്ന സമായത്തിലെ പാട്ടുകളും പശ്ചാത്തലത്തിൽ ഉപയോഗിച്ച് നൊസ്റ്റാൾജിയ എന്ന മനുഷ്യന്റെ ഏറ്റവും വലിയ തിരിച്ചു കിട്ടാത്ത കാഴ്ചകളെ മികച്ച രീതിയിൽ പ്രേക്ഷകനിൽ എത്തിച്ചിട്ടും ഉണ്ട്. അത് പോലെ തന്നെ സിനിമയിൽ വരുന്ന ചില കഥാപാത്രങ്ങളും ഇത്തരം ഒരു നൊസ്റ്റാൾജിയ പ്രേക്ഷകനിൽ എത്തിക്കുന്നുണ്ട്.

ഞാൻ ഈ സിനിമയെക്കുറിച്ച്  എഴുതിയതിൽ ഏറ്റവും കൂടുതൽ ഉള്ളത് നൊസ്റ്റാൾജിയ എന്ന വാക്കാണ്. സത്യം പറഞ്ഞാൽ ഇതിന്റെ അപ്പുറം ഈ സിനിമയെ വിവരിക്കാൻ ഉള്ള വാക്കുകൾ എനിക്കു കിട്ടിയില്ല എന്നതാണ് സത്യം. ഇത് പോലെ സൂപ്പർ മരിയോ എന്ന പ്ലംബറെ കുട്ടിക്കാലത്തെ ഓർമകളിൽ എവിടെയെങ്കിലും കാത്തു സൂക്ഷിക്കാൻ കഴിയുന്ന ആൾ ആണെങ്കിൽ സിനിമ തീർച്ചയായും കാണുക. ഇഷ്ടമാകും.

സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

സിനിമ കണ്ടവർ അഭിപ്രായങ്ങൾ പങ്ക് വയ്ക്കണേ.


Thursday, 18 May 2023

1703. Sisu (Finnish/English, 2023)

 1703. Sisu (Finnish/English, 2023)

          Action


⭐️⭐️⭐️⭐️/5

നമ്മുടെ ജോൺ വിക്കിന് ഒരു അപ്പൂപ്പൻ ഉണ്ടെന്നു കരുതുക. സ്വന്തം നായയും, നഷ്ടപ്പെട്ട ഭാര്യയും, മരിക്കാൻ മനസ്സില്ലാത്ത ഒരു മനസ്സും. അങ്ങനെ ഒരു മനുഷ്യൻ.ഒരു മനുഷ്യൻ എന്നല്ല. ഫാന്റം എന്ന് വിളിക്കാവുന്ന ഒരു ഐറ്റം.ജോൺ വിക്കിന്റെ അടിസ്ഥാന കഥ എന്ന് പറയാവുന്ന രീതിയിൽ ജീവിക്കുന്ന ഒരാൾ.ആറ്റാമി എന്ന് പേരുള്ള, മറ്റുള്ളവരുടെ മുന്നിൽ ഭയം ഉളവാക്കുന്ന ഒരാൾ. മരണം വന്നു വിളിച്ചാൽ പോലും കൂടെ പോകാത്ത ഒരാൾ.ജോൺ വിക്കിന്റെ കഥയും ആയി ഉപമിച്ചതിനു ഒരു കാരണവും ഉണ്ട്.

സിസുവിന്റെ ട്രെയിലർ ആദ്യം കാണുന്നത് തിയറ്ററിൽ ജോൺ വിക്ക് തുടങ്ങുന്നതിനു മുന്നേ ആണ്‌. അന്ന് തന്നെ കാണണം എന്ന് മനസ്സിൽ കരുതിയ ചിത്രം ആണ്‌. സിനിമ സിനിമ തുടങ്ങുന്നതിനു മുന്നേ തന്നെ ഒരു ആക്ഷൻ സിനിമ ആമ്പിയൻസിലേക്ക് പോകാൻ സിസു ട്രെയിലർ ഒരു കാരണവും ആയിരുന്നു.

ഇനി സിനിമയിലേക്ക്. തന്റെ മുന്നിൽ വന്ന ഓരോ നാസിയെയും കൊന്നൊടുക്കി നടന്ന ഒരാൾ. അയാളുടെ കഥയാണ് സിസു എന്ന സിനിമ പറയുന്നത്. നായകൻ കുറച്ചു ഡയലോഗുകൾ മാത്രം ആണ് പറയുന്നത് എങ്കിലും മറ്റുള്ളവർ അയാളെ കുറിച്ച് പറയുന്നിടത്തു സിനിമയുടെ പഞ്ചും മാസും സൃഷ്ടിക്കപ്പെടുക ആണ്‌. കത്തി എന്നൊക്കെ മറ്റൊരു സിനിമയിൽ ആണെങ്കിൽ പറയാവുന്ന ആക്ഷൻ രംഗങ്ങൾ ഇത്തരത്തിൽ ഉള്ള കഥാപാത്ര വികാസത്തിലൂടെ പ്രേക്ഷകനിൽ വിശ്വാസം ഉണ്ടാക്കുന്നുണ്ട്.

നല്ലത് പോലെ റോ ആയ ആക്ഷൻ രംഗങ്ങൾ, അധികം സംസാരം ഇല്ലാതെ ഒന്നര മണിക്കൂർ ഉള്ള സിനിമയിൽ മാസ് സിനിമയുടെ മികച്ച അവതരണത്തിലൂടെ പോവുകയാണ്. രണ്ടാം ലോക മഹായുദ്ധ സമയം ആണ്‌ സിനിമയിൽ ഉള്ള കഥയുടെ കാലഘട്ടം. എന്നാൽ, അധികം ചരിത്രം ഒന്നും പറയാതെ നാസികളുടെ ക്രൂരത അവതരിപ്പിക്കുന്നതിനോടൊപ്പം അതിലെ ഓരോരുത്തരും കൊല്ലപ്പെടുകയാണ്. ക്ലൈമാക്‌സിലെ രംഗം നേരത്തെ പറഞ്ഞത് പോലെ മറ്റൊരു സിനിമയിൽ ആയിരുന്നെങ്കിൽ ഇരുന്നു കൂവിയേനെ. പക്ഷെ സിനിമ മൊത്തത്തിൽ നോക്കുമ്പോൾ ആ രംഗങ്ങൾ പോലും കുഴപ്പമില്ല എന്ന് തോന്നി പോകും.

നേരത്തെ പറഞ്ഞത് പോലെ നായകൻ ഒരു ഫാന്റം ആണ്‌. ഒരിക്കൽ മരിച്ചതിനു ശേഷം പിന്നെ മരണം ഇല്ലാത്ത ഒരാൾ. അയാളെ കൊല്ലാൻ അത്ര എളുപ്പവും അല്ല. ആക്ഷൻ സിനിമ സ്നേഹികൾക്ക് ഒരു ഫുൾ ട്രീറ്റ് ആയിരിക്കും സിസു. കണ്ടു നോക്കുക.ആദ്യം പറഞ്ഞത് പോലെ ജോൺ വിക്കിന്റെ അപ്പൂപ്പൻ തന്നെ ആയി ആ സീരീസ് സിസുവിലൂടെ പോയിരുന്നെങ്കിൽ കിടിലം ആയേനെ എന്ന് ഇപ്പോഴും തോന്നുന്നു.

സിനിമയുടെ ലിങ്ക് ബ്ലോഗിൽ ഉണ്ട്.

സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

സിനിമ കണ്ടവർ അഭിപ്രായങ്ങൾ പങ്ക് വയ്ക്കണേ.


Monday, 8 May 2023

1701. Kannai Nambathey ( Tamil, 2023)

 1701. Kannai Nambathey ( Tamil, 2023)

         Streaming on Netflix

⭐️⭐️⭐️/5



  മഴയുള്ള പാതിരാത്രി ഒരു സ്ത്രീയെ സഹായിക്കാൻ ശ്രമിക്കുന്നത് ആപത്തോ? അരുണിന് അങ്ങനെ തോന്നിയാലും കുഴപ്പം ഒന്നും പറയാൻ ഇല്ല. കാരണം അത് പോലെ ട്വിസ്റ്റുകൾ ആണ്‌ പിന്നീട് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. അത് ക്ലൈമാക്സ് വരെ തുടരുകയും ചെയ്യുന്നു. സിനിമ കാണുന്ന പ്രേക്ഷകന് ആണെങ്കിൽ സ്‌ക്രീനിൽ നിന്നും ഒന്ന് കണ്ണെടുത്താൽ അടുത്തത് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ സിനിമ റീവൈൻഡ് അടിക്കേണ്ട അവസ്ഥയും. സത്യം പറഞ്ഞാൽ ഒരു സിനിമയിലെ ട്വിസ്റ്റുകൾ കണ്ടു വട്ടായി പോയ വേറെ ഒരു സിനിമ ഉണ്ടെന്നു തോന്നുന്നില്ല. അതാണ്‌ കണ്ണേ നമ്പാതെ എന്ന ഉദയനിധി സ്റ്റാലിൻ സിനിമ.


  ഇടയ്ക്ക് ഓരോ കഥാപാത്രവും വരുമ്പോൾ ദൈവമേ! ഇനിയും ട്വിസ്റ്റോ എന്നത് ആയിരുന്നു അവസ്ഥ. തല കുഴയ്ക്കുന്ന രീതിയിൽ ഉള്ള ട്വിസ്റ്റുകൾ ഒന്നും അല്ലെങ്കിലും അതിന്റെ ബാഹുല്യം കാരണം ഇങ്ങനെ തോന്നിയേക്കാം. അന്ന് സ്ത്രീയെ സഹായിച്ച അരുൺ പിന്നെ ചെന്ന് എത്തുന്നത് ചതിയുടെയും കൊലകളുടെയും മറ്റൊരു ലോകത്തിൽ ആയിരുന്നു. അതിൽ പലരും വരുന്നു. ചിലർ മരിക്കുന്നു, ചിലർ ജീവിക്കുന്നു. അങ്ങനെ ആയിരുന്നു പിന്നീട് സിനിമയുടെ കഥ.


 സിനിമയുടെ അവസാനം മറ്റൊരു സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് പോയതായും കാണാം.മു. മാരൻ യൂണിവേഴ്‌സ് എന്ന് വിളിക്കാം. ഇനിയും ബാക്കി സിനിമകൾ ഈ വഴി വന്നാൽ കൊള്ളാം. ഈ സിനിമയെ കുറിച്ച് പലരും പറഞ്ഞ പ്രശ്നം ഇത്രയും ഫോഴ്സ്ഡ് ആയി വന്ന ട്വിസ്റ്റുകളെ കുറിച്ച് ആണ്‌. ചിലപ്പോഴൊക്കെ ട്വിസ്റ്റിനു വേണ്ടി ട്വിസ്റ്റ് ഉണ്ടാക്കുന്നത് പോലെ തോന്നുമായിരുന്നു. എന്നാലും എന്നേ സംബന്ധിച്ച് കുഴപ്പമില്ലാത്ത ഒരു സിനിമ കാഴ്ച ആയിരുന്നു. എന്തായാലും പ്രേക്ഷകൻ എന്ന നിലയിൽ ശ്രദ്ധിച്ചു സിനിമ കാണിക്കാൻ ഉള്ള എന്തോ ഒന്ന് സിനിമയിൽ ഉണ്ടെന്നു തോന്നി.


Must - watch ആണെന്ന് ഒന്നും പറയുന്നില്ല. പക്ഷെ സമയം ഉണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കാൻ ഉള്ളത് ഉണ്ട് കണ്ണേ നമ്പാതെ എന്ന സിനിമയിൽ.

Friday, 28 April 2023

1700. In My Father's Den (English, 2004)

 1700. In My Father's Den (English, 2004)

          Mystery, Drama.


⭐️⭐️⭐️⭐️½ /5

  ഒരു സിനിമ കണ്ടു കഴിയുമ്പോൾ പെട്ടെന്നൊരു ഷോക്ക് അടിച്ചത് പോലെ തോന്നാറുണ്ടോ? അത്തരത്തിൽ ഒരു സിനിമ ആണ്‌ In My Father's Den. ഒരു പക്ഷെ കണ്ടു കൊണ്ടിരുന്ന കഥയിൽ ഇത്തരം ഒരു ട്വിസ്റ്റ് പ്രേക്ഷകന് എന്ത് തരം അനുഭവം ആണ്‌ നൽകുക? സിനിമ എന്ന നിലയിൽ അതിനെ ഇഷ്ടപ്പെടുമോ അതോ സിനിമയുടെ പ്രമേയത്തിനെ കുറിച്ച് ചർച്ച ചെയ്യാൻ തോന്നുമോ? ഇത്തരം ഒരു അനുഭവവും ചോദ്യങ്ങളും ആയിരുന്നു എനിക്ക് ന്യൂസിലാണ്ടിൽ നിന്നും ഉള്ള ഈ ചിത്രം നൽകിയത്.

അതേ. മിസ്റ്ററി സിനിമകളിൽ സിനിമാറ്റിക് ആയ ട്വിസ്റ്റുകൾ ധാരാളം സിനിമകൾ ഉണ്ടെങ്കിൽ ഷോക്ക് തന്ന കുറച്ചു സിനിമകൾ ഉണ്ട്. ആ ഒരു ഗണത്തിൽ ആണ്‌ In My Father's Den  ഉം എന്നേ സംബന്ധിച്ച്. സിനിമകൾ ഏതാണ് എന്ന് പറയുന്നില്ല. ഒരു പക്ഷെ അത്തരം ഊഹങ്ങൾ പോലും ഈ സിനിമയുടെ വലിയ സ്പോയിലർ ആയി മാറാം.

പോൾ തിരിച്ചു തന്റെ നാട്ടിലേക്ക് വരുന്നത് അയാളുടെ പിതാവിന്റെ ശവ സംസ്‌കാരത്തിനു ആണ്‌. മാധ്യമ ലോകത്തിൽ പ്രശസ്തൻ ആയ പോൾ, എന്നാൽ താൻ ജനിച്ചു വളർന്ന ചെറിയ ടൗണിൽ അൽപ്പം ഓർമകളും അയവിറക്കി ജീവിക്കുക ആണ്‌. കാരണം, അയാളുടെ ഓർമകളിൽ ബാക്കി ആയ പല കാര്യങ്ങളും അവിടെയുണ്ട്. പല വ്യക്തികൾ ഉണ്ട്. പല സംഭവങ്ങൾ ഉണ്ട്. എന്നാലും എല്ലാത്തിൽ നിന്നും ഒളിച്ചോടി അപരവ്യക്തിത്വം ആയി ജീവിച്ച അയാളുടെ വേരുകളിലേക്ക് എത്തി നോക്കുമ്പോൾ അയാളുടെ അവിടെ ഉണ്ടായിരുന്ന ജീവിതത്തെ കുറിച്ച് ഒരു ഏകദേശ ധാരണ പ്രേക്ഷകനും ലഭിക്കും.

ഇതിന്റെ അപ്പുറം എന്തായിരിക്കും ഈ സിനിമയെ ഇത്തരത്തിൽ വർണിക്കാൻ കാരണം ആയതു എന്നൊരു ചോദ്യം മനസ്സിൽ ഉയരുന്നുണ്ടോ?ഉണ്ടെങ്കിൽ സിനിമ കാണുക. സാധാരണ വേഗതയിൽ ചലിക്കുന്ന സിനിമയാണ്. ഈ കഥ ആവശ്യപ്പെടുന്നതും അതാണ്‌. കഥയിലേക്കും കഥാപാത്രത്തിലേക്കും പ്രേക്ഷകന് എത്താൻ കഴിയുന്ന രീതിയിൽ ആണ്‌ അവതരണം.

ഇനി ധാരാളം സിനിമകൾ കാണുന്ന ഒരാൾ ആണെങ്കിൽ സിനിമ കണ്ടു കഴിയുമ്പോൾ ഇങ്ങനെയും തോന്നാം. "അയ്യേ! ഇതാണോ ഇത്ര കൊട്ടിഘോഷിച്ച ട്വിസ്റ്റ്? ഇത് ഞാൻ 'മറ്റേ' സിനിമകളിൽ കണ്ടത് ആണല്ലോ" എന്ന്. അങ്ങനെ ചിന്തിക്കുന്നവരോട് ക്ഷമ ചോദിക്കുന്നു ഈ സിനിമ സജസ്റ്റ് ചെയ്യുന്നതിൽ.കാരണം, ഈ സിനിമ നിങ്ങൾക്ക് വേണ്ടി ഉള്ളതായിരുന്നില്ല.

എന്തായാലും സിനിമ കാണാത്തവർ ഉണ്ടെങ്കിൽ ലിങ്ക് t.me/mhviews1 ൽ ഇടാം.


Thursday, 13 April 2023

1699. Viduthalai Part 1 (Tamil, 2023)

 1699. Viduthalai Part 1 (Tamil, 2023)




⭐️⭐️⭐️⭐️½ /5


       ' വിടുതലൈ ' കണ്ടു തുടങ്ങിയത് മുതൽ മക്കൾ പടൈ എന്ന സായുധരായ തീവ്രവാദികളുടെ പ്രവർത്തനങ്ങളിൽ പോസിറ്റിവ് ആയി ഒന്നും ഇല്ലല്ലോ എന്നാണ് ചിന്തിച്ചത്. അവർ ചെയ്യുന്നത് എന്ന് കാണിക്കുന്ന പല കാര്യങ്ങളും അത്തരത്തിൽ ആയിരുന്നു. ഇതേ സമയം പോലീസ് ആണെങ്കിൽ അവരെ സഹായിക്കുന്നു എന്ന പേരിൽ ഗ്രാമീണരോട് കാണിക്കുന്ന ചെയ്തികളിലും ഇങ്ങനെ തന്നെ ആണ്‌ തോന്നിയത്. രണ്ട് ഭാഗത്തും ശരി ഏതു തെറ്റ് ഏതു എന്നറിയാത്ത കഥാ ഘടന ആണ്‌ സിനിമയ്ക്ക് ഉള്ളത്.


  എന്നാൽ കോൺസ്റ്റബിൾ കുമരേശൻ എന്ന സൂരിയുടെ കഥാപാത്രം മികച്ചു നിന്നു. കഥയിൽ, ആ കഥാപാത്രത്തെ അവതരിപ്പിച്ചത് അത്ര നന്നായിട്ടു ആയിരുന്നു. താൻ ചെയ്യുന്ന ശരികളിൽ ഉറച്ച വിശ്വാസം ഉള്ള മനുഷ്യൻ തന്റെ ശരികൾ തെറ്റാണു എന്ന് തന്റെ തലപ്പത്തു ഉള്ള ഓഫീസർ പറഞ്ഞാൽ പോലും മാറാത്ത പ്രകൃതം. സൂരിയ്ക്കു തന്റെ സിനിമ ജീവിതത്തിൽ ലഭിച്ച മികച്ച കഥാപത്രമായി മാറുകയാണ് കോൺസ്റ്റബിൾ കുമരേശൻ.വിജയ് സേതുപതിയുടെ കഥാപാത്രം യഥാർത്ഥത്തിൽ എന്താണ് എന്ന് ഈ ഭാഗത്തിൽ ഉത്തരം നൽകിയിട്ടില്ല. രണ്ടാം ഭാഗം അതിനായി ഉള്ളതാണെന്ന് കരുതുന്നു. നിലവാരം ഇല്ലാത്ത റോളുകൾ കുറെ ചെയ്ത വിജയ് സേതുപതി പഴയ ഫോമിലേക്ക് പോകുന്നതിന്റെ സൂചനകൾ സിനിമ നൽകുന്നുണ്ട്.


വളരെ raw ആയ കഥാപശ്ചാത്തലം ആണ്‌ 'തുണൈവൻ ' എന്ന ചെറുകഥയിൽ ബി. ജയമോഹൻ അവതരിപ്പിച്ചിട്ടുണ്ടാവുക. അല്ലാതെ ഇത്തരം ഒരു ഡീറ്റൈലിങ് എങ്ങനെ ആകും സിനിമയ്ക്ക് ലഭിക്കുക? മികച്ച എഴുത്ത് ആണ്‌ സിനിമയിൽ ഉള്ളത്. കൊമേഴ്‌സ്യൽ ഘടകങ്ങൾ ഏറെ ഇല്ലാത്ത ഒരു കഥയെ പ്രേക്ഷകന്റെ മുന്നിൽ ഇത്ര നന്നായി അവതരിപ്പിച്ച വെട്രിമാരൻ മാജിക് ആണ്‌ സിനിമയുടെ നട്ടെല്ല്. പ്രതീക്ഷയോടെ കാത്തിരിക്കാൻ ഉള്ള രണ്ടാം ഭാഗത്തിന്റെ ശകലങ്ങൾ സിനിമയുടെ അവസാനം കാണിക്കുമ്പോൾ കുറെ ചോദ്യങ്ങൾക്കു ഉത്തരം ലഭിക്കും എന്ന് തോന്നി. എന്തായാലും പ്രതീക്ഷയോടെ കാത്തിരിക്കാൻ ഒരു രണ്ടാം ഭാഗം ആണ്‌ വിടുതലൈ ആദ്യ ഭാഗത്തിലൂടെ കിട്ടുന്നത്.


മികച്ച ഒരു സിനിമയാണ് വിടുതലൈ.

Tuesday, 11 April 2023

1698.Creed 3 (English, 2023)

 1698.Creed 3 (English, 2023)

          Sports, Drama



⭐️⭐️½ /5

  റോക്കി സീരീസിന്റെയും ക്രീഡിന്റെ ആദ്യ രണ്ട് ഭാഗത്തിന്റെയും ആരാധകൻ എന്ന നിലയിൽ അൽപ്പം നിരാശ സമ്മാനിച്ച ചിത്രമാണ് Creed 3. മോശം ആണെന്ന് അല്ല ഉദ്ദേശിച്ചത്. പക്ഷെ പ്രതീക്ഷ അനുസരിച്ചു ഉയർന്നും ഇല്ല.റോക്കി 3 ന്റെ ചെറിയ സാമ്യങ്ങൾ ക്രീഡ് 3 യിൽ കാണാൻ സാധിക്കും. റിട്ടയർ ചെയ്ത നായകന്മാർ പ്രത്യേക സാഹചര്യത്തിൽ വീണ്ടും റിങ്ങിലേക്ക് വരുന്നു എന്നത്. എന്നാൽ അപ്പോളോ ക്രീഡ് കൂടി വന്ന റോക്കി 3 എന്റെ പ്രിയപ്പെട്ട സിനിമയിൽ ഒന്നാണ് ഈ സിനിമ പരമ്പരയിൽ.

പക്ഷെ എനിക്ക് തോന്നുന്നത് ഒരു പക്ഷെ ക്രീഡ് എന്ന പേരാകും ഇനി ഈ സിനിമ പരമ്പര മുന്നോട്ടു കൊണ്ട് പോവുക എന്നതാണ്. അതിനു സൂചന നൽകി കൊണ്ടുള്ള രംഗങ്ങൾക്ക് സിനിമയിൽ നല്ലത് പോലെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഒരു പക്ഷെ അങ്ങനെ ഒരു മാറ്റത്തിന് പാലം ഇട്ട് കൊടുക്കൽ കൂടി ആകും ക്രീഡ് 3. സിനിമ അങ്ങനെ വന്നാൽ കുറെ കൂടി interesting ആയിരിക്കും. കാരണം ഞാൻ പറയുന്നില്ല. സിനിമ കണ്ടാൽ മനസ്സിലാകും.

മൈക്കിൾ ബി ജോർദാൻ തന്നെ സംവിധാനം ചെയ്ത സിനിമയിൽ, വർഷങ്ങൾക്കു ശേഷം തന്നെ സഹോദരനായി കണ്ടിരുന്ന ഡാമിയൻ തിരികെ വരുന്നതും അതിനെ തുടർന്നു കുറച്ചു സംഭവങ്ങളും ഉണ്ടാകുന്നതാണ് കഥ. ഡാമിയന്റെ ആദ്യ ഫൈറ്റിൽ ശരിക്കും ബീസ്റ്റ് മോഡിൽ ആയിരുന്നു. പക്ഷെ രണ്ടാം പകുതി എന്തോ തിരക്ക് പോലെ പെട്ടെന്നു തീർത്തതായി തോന്നി. ഡാമിയൻ അവിടെ കോമഡി പീസ് ആയതു പോലെ തോന്നി.

എനിക്ക് ആ ഭാഗങ്ങളിൽ മറ്റുള്ള റോക്കി പരമ്പരയിലെ രംഗങ്ങൾ തന്ന ഫീൽ കിട്ടിയതും ഇല്ല . റോക്കിയും ആയി അത്തരം ഒരു ബന്ധം സിനിമയിൽ പ്രേക്ഷകനും ആയി ഉണ്ടാക്കിയിരുന്നു. അത് നഷ്ടം ആയതാണ് ഈ സിനിമയിൽ അത്ര ഇഷ്ടപ്പെടാത്ത കാര്യം.

ഇതിന്റെ ബാക്കി ആകും മുന്നോട്ടുള്ള സീരീസും. അത് കൊണ്ട് കാണാം എന്ന് മാത്രം.


1995. Drop ( English, 2025)