Sunday, 20 November 2022

1596. Love Today ( Tamil, 2022)

 1596. Love Today ( Tamil, 2022)



          Committed ആകുന്നതിനു മുന്നേ ഉള്ള സിംഗിൾ പസങ്ക ലൈഫിൽ അർമാദിച്ച നായകൻ. പിന്നീട്, പ്രണയിച്ചു വിവാഹം ചെയ്യാൻ വേണ്ടി ശ്രമിക്കുമ്പോൾ ആണ്‌ കാമുകിയുടെ അച്ഛൻ ഒരു നിബന്ധന വയ്ക്കുന്നത്. വെറും നാല് ദിവസം മാത്രം നീണ്ടു നിൽക്കുന്ന കാര്യം മാത്രമായിരുന്നു അത്. പക്ഷെ വെറും ഒരു ദിവസം കൊണ്ട് തന്നെ അവരുടെ ജീവിതം കുളം തോണ്ടുകയാണ്. അതാണ്‌ Love Today യുടെ കഥ synopsis എന്ന് പറയാം.


 സംവിധായൻ പ്രദീപ്‌ തന്നെയാണ് നായകൻ കഥാപാത്രമായി വന്നിരിക്കുന്നത്. സത്യം പറഞ്ഞാൽ ധനുഷിനെ ആണ്‌ സ്‌ക്രീനിൽ പ്രദീപിനെ കാണുമ്പോൾ ഓർമ വന്നത്. മാനറിസങ്ങൾ മുതൽ ഇടയ്ക്ക് രൂപത്തിൽ പോലും പ്രദീപ്‌ ധനുഷിനെ ഓർമിപ്പിച്ചു. എന്നാലും സ്‌ക്രീനിൽ ആൾ നന്നായിരുന്നു. സ്വന്തം സിനിമയിൽ സ്‌ക്രീനിൽ അഴിഞ്ഞാട്ടം തന്നെ ആയിരുന്നു ആ റോളിൽ പ്രദീപ്‌.


 സിനിമയെക്കുറിച്ച് മൊത്തത്തിൽ പറഞ്ഞാൽ ചുമ്മാ കണ്ടു ചിരിക്കാൻ കുറച്ചൊക്കെ ഉള്ള, പലരുടെയും ബാച്ചിലർ ലൈഫിനെയും ഓർമിപ്പിക്കുന്ന ഒരു ചെറിയ രസകരമായ സിനിമ. അതാണ്‌ Love Today. മൊത്തത്തിൽ fun ride എന്ന അഭിപ്രായം ആണ്‌ എനിക്ക്. പ്രത്യേകിച്ചും സോഷ്യൽ മീഡിയ ഉപയോഗം ഇത്രയും വളർന്ന കാലത്ത് ഓരോ ബന്ധങ്ങളിലും അതെല്ലാം എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് സിംപിൾ ആയി സിനിമയിൽ പറയുന്നുണ്ട്. സിനിമയിൽ മെസേജ് വേണം എന്നുള്ളവർക്ക് അങ്ങനെ ചിന്തിക്കാം. വേണ്ടാത്തവർക്ക് ചുമ്മാ കണ്ടു കൊണ്ടിരിക്കാവുന്ന ഒരു സിനിമ.


റേറ്റിങ് : 3.5/5


 സിനിമ Netflix ൽ ആണ്‌ OTT വരാൻ പോകുന്നത്. IPTV യിൽ നല്ല പ്രിന്റ് കിടന്നതു കൊണ്ട് കണ്ടൂ.


  


       

Friday, 18 November 2022

1595. The Execution (Russian, 2021)

 

1595. The Execution (Russian, 2021)
           Thriller, Mystery.




ഈ അടുത്ത് ഞാൻ കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷണ കഥയുള്ള സിനിമ  ആണ് The Execution . ആധുനിക റഷ്യ ഉണ്ടാകുന്നതിന് മുന്നേ ഉള്ള കാലഘട്ടം. അതിൽ പത്തു വർഷമായി നടക്കുന്ന കൊലപാതകങ്ങൾ . ചിലരുടെ വ്യക്തി താൽപ്പര്യങ്ങൾക്ക് വേണ്ടി പ്രതികളെ സൃഷ്ടിക്കുന്നു. എന്നാലും പിന്നീട് നടക്കുന്ന കൊലപാതകങ്ങൾ പ്രതികളായി കരുതിയിരുന്നവർ അല്ല നടത്തിയത് എന്ന തോന്നലും ഉണ്ടാക്കുന്നു. സീരിയൽ കില്ലർ എന്ന രീതിയിൽ വിളിക്കാവുന്ന ആരും തങ്ങളുടെ രാജ്യത്ത് ഇല്ല എന്നു വിശ്വസിച്ചിരുന്ന , അത് അമേരിക്കൻ വിശ്വാസം മാത്രം  ആണെന്ന് കരുതിയിരുന്ന ഒരു ഭരണകൂടം ആണ് റഷ്യയിൽ ഉണ്ടായിരുന്നതും.

  എന്നാൽ ഇത് സീരിയൽ കില്ലർ ആയ ഒരാൾ ആണ് നടത്തിയത് എന്നു വിശ്വസിക്കുന്ന ഒരാൾ ഉണ്ടായിരുന്നു. ഇസ ദവിഡോവ് എന്ന പോലീസ് ഉദ്യോഗസ്ഥൻ . അയാൾ  കേസ് അന്വേഷണം  ഏറ്റെടുക്കുന്നതോട് കൂടി പോലീസ് കുറ്റാവാളിയുടെ അടുക്കലേക്കു എത്തി തുടങ്ങുകയാണ് . എന്നാൽ ചില സംഭവങ്ങൾ കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഈഗോ, സ്വന്തം നില നിൽപ്പിനും സ്ഥാനങ്ങൾക്കുമായി ചെയ്യുന്ന വഴിവിട്ട പ്രവർത്തികൾ , അങ്ങനെ പലതും.എൺപതുകളുടെ  തുടക്കത്തിൽ നിന്നും തൊണ്ണൂറ്റി ഒന്നിലേക്കു വരുമ്പോൾ ഇസയുടെ അന്വേഷണം പോലും ശരിയായ ദിശയിൽ അല്ലായിരുന്നു എന്നു മനസ്സിലാകുന്നു. കാരണം കേസ് അത്ര സങ്കീർണം ആയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്ന പലരും  ഇപ്പോഴും കേസിന് പുറകിൽ ഉണ്ട്.

ഈ അന്വേഷണം നടക്കുന്നതിന്റെ ഇടയ്ക്കാണ്, ധാരാളം സ്ത്രീകളെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതിൽ ഒന്ന് അവരുടെ ഊഹം പോലെ ഒരു കൊലപാതകി അല്ല എന്നു മനസ്സിലാകുന്നത്. സിനിമയുടെ മുഖ്യമായ ട്വിസ്റ്റും അവിടെയാണ്. തികച്ചും സങ്കീർണമായ ഒരു കേസ് ആണ് സിനിമയിൽ അവതരിപ്പിക്കുന്നത്.  ഒരു ദശാബ്ദത്തിന് ഇടയിൽ ഉള്ള രണ്ടു കാലഘട്ടം ആണ് സിനിമയിൽ സമാന്തരമായി കാണിക്കുന്നത്. സിനിമയിൽ കേസ് അന്വേഷണത്തിന് ഒപ്പം കഥാപാത്രങ്ങളുടെ ജീവിതം കൂടി കടന്നു വരുന്നുണ്ട്.   അത് സിനിമയുടെ മുന്നോട്ട് ഉള്ള പൊക്കിനെ സംബന്ധിച്ച് അത്യാവശ്യവും ആണ്. അത് കൊണ്ട് വളരെ വേഗത്തിൽ ക്യാറ്റ് ആൻഡ് മൌസ് കളിയുമായി പോകുന്ന കൊലയാളിയും പോലീസ് ഉദ്യോഗസ്ഥനും അല്ല ഈ ചിത്രത്തിൽ. പകരം സമയം എടുത്തു കഥാപാത്രങ്ങൾ പ്രേക്ഷകന്റെ അടുക്കലേക്കു എത്തുന്ന രീതിയിൽ ആണ് ചിത്രം ഉള്ളത്. അതിനായി കഥയുടെ ഓരോ വഴിയും എപ്പിസോഡ് പോലെ ആണ് അവതരിപ്പിച്ചിരിക്കുന്നതും. കഥാപാത്രങ്ങളുടെ പരിണാമം ഇതിലൂടെ കാണാൻ സാധിക്കും.

എനിക്കു നന്നായി ഇഷ്ടപ്പെട്ടൂ സിനിമ. ഒരു റേറ്റിംഗ് കൊടുക്കുക ആണെങ്കിൽ 4/5 കൊടുക്കും ചിത്രത്തിന്. സിനിമ കണ്ടവരുടെ അഭിപ്രായം പങ്ക് വയ്ക്കാമോ?

സിനിമയുടെ ലിങ്ക് വേണ്ടവർക്കു t.me/mhviews1 ൽ ലഭിക്കും.

1594. Sardar (Tamil, 2022)

 1594. Sardar (Tamil, 2022)

         Streaming on Simply South



നാടിനെ ചതിച്ച ഒരു ചാരനിൽ നിന്നും ആണ് കഥ തുടങ്ങുന്നത്. ആ സംഭവം അയാളുടെ കുടുംബത്തെ മൊത്തത്തിൽ തകർത്തൂ.അയാളുടെ മകൻ ഇപ്പോൾ പോലീസിൽ ഇൻസ്പെക്റ്റർ ആണ്. സോഷ്യൽ മീഡിയായിലൂടെ തമിഴ്നാട്ടിലെ പോലീസ് മാമൻ ആയി പ്രശസ്തനും ആണ്. പക്ഷേ സ്വന്തം പിതാവ് വരുത്തി വച്ച നാണക്കേട് ആയാളെയും വിടാതെ പിന്തുടരുന്നു. ഈ സമയം ആണ് One India, One Pension പോലെ One India, One Pipeline പ്രോജകറ്റുമായി റാത്തോർ എന്ന വ്യവസായ കാന്തം വരുന്നത്. ഇതിന് പിന്നിൽ അങ്ങ് കേന്ദ്രത്തിൽ പോലും പിടിയുള്ളവർ ഇടപ്പെടുമ്പോൾ നായകനായ ഇൻസ്പെക്റ്ററും എന്നത്തേയും പോലെ നീതിക്കായി പോരാടേണ്ടി വരുന്നു. അതിനു ശേഷം ഉള്ള കഥയാണ് സിനിമ. ഇതിൽ സർദാർ ആരാണ്?അതൊക്കെ സിനിമ കാണുമ്പോൾ മനസ്സിലാകും. 


  ഒരു സ്പൈ ത്രില്ലർ എന്ന നിലയിൽ കുറച്ചു സീനുകൾ നന്നായിരുന്നു. ഒരു തമിഴ് കൊമേർഷ്യൽ മസാല എന്ന നിലയിലേക്ക് പോയില്ലെങ്കിലും അതിനോടു തൊട്ട് അടുത്ത് നിൽക്കുന്നുണ്ട് സിനിമ. സിനിമയിലെ പാട്ടുകൾ നേരത്തെ കേട്ടിരുന്നില്ലെങ്കിലും സിനിമയിൽ കണ്ടപ്പോൾ ഇഷ്ടപ്പെട്ടൂ. കാർത്തി എന്നത്തേയും പോലെ energetic ആയിരുന്നു സിനിമയിൽ. അതാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആയി തോന്നിയത്. 


 സിനിമ ഇടയ്ക്ക് മറ്റുള്ള വിഷയങ്ങളിലേക്ക് മാറി ബോർ അടിപ്പിച്ചു ഇടയ്ക്ക് കുറച്ച് . പക്ഷേ വിഷയത്തിലേക്ക് വന്നപ്പോൾ  അതും മാറി. വിക്രം സിനിമയുമായി ചെറിയ ഒരു സാമ്യം തോന്നിയത് യാദൃച്ഛകമായി ഉണ്ടായത് ആണെന്ന് കരുതുന്നു. എന്തായാലും മൊത്തത്തിൽ കുഴപ്പമില്ലാത്ത സിനിമയാണ് Sardar. ഭയങ്കര സംഭവം ആക്കാമായിരുന്ന കഥയെ കുറച്ച് കൂടി നന്നായി ട്രീറ്റ് ചെയ്തിരുന്നെങ്കിൽ അതിനുള്ളസാധ്യത ഉണ്ടായിരുന്നു. രണ്ടാം ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു. 


ഒരു 3/5 റേറ്റിംഗ് ആയി കൊടുക്കാം എന്നു കരുതുന്നു. 

സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?

        

1593. Naane Varuvean (Tamil, 2022)

 1593. Naane Varuvean (Tamil, 2022)

          Streaming on Amazon Prime.



 OTT റിലീസ് സമയം തന്നെ കണ്ട സിനിമയാണ്. പക്ഷെ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഇഷ്ടമായോ ഇല്ലയോ എന്ന സംശയത്തിൽ ആയിരുന്നു. അതിനു കാരണം സിനിമയുടെ തുടക്കത്തിൽ ഉള്ള premises നൽകിയ പ്രതീക്ഷ ആയിരുന്നു. Good twin, evil twin രീതിയിൽ അവതരിപ്പിക്കപ്പെടുന്ന ഫ്ലാഷ്ബാക്കും ഇപ്പോഴത്തെ കാലഘട്ടവും ആണ്‌ സിനിമയിൽ ഉള്ളത്. ആളവന്താൻ ഒക്കെ കണ്ടു ഇഷ്ടപ്പെട്ട ആളെന്ന നിലയിൽ എന്തെങ്കിലും ഒക്കെ സെൽവ രാഘവൻ ചിത്രത്തിൽ ഉണ്ടാകും എന്നും പ്രതീക്ഷിച്ചു. പക്ഷെ സിനിമ അപ്രതീക്ഷിതമായ ഒരു ടേൺ ആണ്‌ എടുത്തത്.


 സിനിമ ഹൊററിലേക്ക് രൂപാന്തരം പ്രാപിച്ചു. അവിടെ നിന്നും വേറെ എന്തൊക്കെയോ ആയി മാറി സിനിമ. ഒരു പക്ഷെ നല്ല സാധ്യതകൾ ഉണ്ടായിരുന്ന ഒരു കഥ, അതിൽ ക്ളീഷേ കഥ മാത്രമേ ഉണ്ടായിരുന്നെങ്കിൽ പോലും നല്ല അവതരണത്തിലൂടെ നന്നാക്കാമായിരുന്നു.എന്നാൽ ഇവിടെ അതൊന്നും ഉണ്ടായില്ല. പകരം അവസാന സീനിൽ മാത്രം ചെറിയ ഒരു കൗതുകം കൊണ്ട് വന്നൂ എന്ന് മാത്രം.


തുടക്കം പറഞ്ഞത് പോലെ സിനിമ ഇഷ്ടമായോ ഇല്ലയോ എന്ന സംശയത്തിൽ നിന്നും സിനിമ പോരായിരുന്നു എന്ന അഭിപ്രായം ആണ്‌ ഉള്ളത് എന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ പറ്റുന്ന അവസ്ഥയാണ്.അവസാനം ഒക്കെ വെറും തട്ടിക്കൂട്ടു സെറ്റപ്പ് തന്നെ ആയിരുന്നു. സിനിമയുടെ തുടക്കത്തിൽ തന്ന പ്രതീക്ഷ എല്ലാം നഷ്ടമായിരിക്കുന്നു ഇപ്പോൾ. ഒരു ശരാശരി ചിത്രം എന്ന് വേണമെങ്കിൽ പറയാം നാൻ വരുവേൻ എന്ന ചിത്രത്തെ. ധനുഷിന്റെ സിനിമ ഇഷ്ടപ്പെടുന്ന ആൾ എന്ന നിലയിലും let down ആയിരുന്നു സിനിമ.


2.5/5 റേറ്റിങ് ഒക്കെ കൊടുക്കാം അല്ലെ? സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?

 

Thursday, 17 November 2022

1592. Mei Hoom Moosa (Malayalam, 2022)

 1592. Mei Hoom Moosa (Malayalam, 2022)

          Streaming on Zee5



ആദ്യം തന്നെ പറയട്ടെ, സിനിമ ഇഷ്ടപ്പെട്ടില്ല. നല്ല ഒരു പ്രമേയം ആയിരുന്നു എന്നത് മാത്രമാണ് സിനിമ കണ്ടപ്പോൾ തോന്നിയ പോസിറ്റീവ് ആയ  കാര്യം.  തമാശകൾ പോലും പലപ്പോഴും ബോർ അടിപ്പിക്കുകയും ചെയ്തു. വെള്ളി മൂങ്ങ ചെയ്ത സംവിധായകനിൽ നിന്നും കുറേക്കൂടി പ്രതീക്ഷിച്ചിരുന്നു. കഥാപാത്രങ്ങൾ ആയി അഭിനയിച്ചവരുടെ പ്രശ്നം ആല്ലാ യിരുന്നു. സുരേഷ് ഗോപിയും സൈജു കുറപ്പും എല്ലാം കിട്ടിയ വേഷം നന്നായി തന്നെ ചെയ്തു.ഹരീഷിന്റെ തള്ള് പോലും അത്ര ഒരു ഗും ഉണ്ടായില്ല . സിനിമ  എന്ന നിലയിൽ ഇഷ്ടപ്പെടണമെങ്കിൽ എല്ലാ വിഭാഗവും നന്നായാൽ അല്ലേ കഴിയൂ. ഇവിടെ കഥയുടെ അവതരണം നല്ലത് പോലെ പാളി എന്നു തോന്നി. കിച്ചാമണി എം ബി ഏ , ഹൈലസ തുടങ്ങിയ സിനിമകളുടെ ഒരു വൈബ് ആയിരുന്നു കിട്ടിയത്. 


ക്ലൈമാക്സ് ആകാറായപ്പോൾ എവിടെ കൊണ്ട് നിർത്തണം എന്നറിയാതെ അവസാനം ഒരു തട്ടിക്കൂട്ടിലേക്ക് പോയത് പോലെ ആണ് തോന്നിയത്. സിനിമ കണ്ടു ഇഷ്ടപ്പെട്ടവരെയും ചിരിച്ചവരെയും ആണ് ഫേസ്ബുക്കിൽ സിനിമ വിശകലനത്തിൽ കൂടുതലും കണ്ടത്. എന്നാലും എന്തോ അത്തരം ഒരു അനുഭവംഎനിക്കു  സിനിമ നൽകിയില്ല എന്നു നിരാശയോടെ പറയുന്നു. എന്തൊക്കെയോ കൂടുതൽ ആയി പ്രതീക്ഷിച്ചത് കൊണ്ടും ആകാം. 


എന്നെ സംബന്ധിച്ച് വെറുതെ ഇരുന്നു കണ്ടു മറക്കാവുന്ന ഒരു സിനിമയാണ് Mei Hoom Moosa. സിനിമ കണ്ടവരുടെ അഭിപ്രായങ്ങൾ പങ്ക് വയ്ക്കാമോ?

Tuesday, 15 November 2022

1591. Monica, O My Darling (Hindi, 2022)

 1591. Monica, O My Darling (Hindi, 2022)

         Streaming on Netflix.



 ഡാർക്ക്‌ ഹ്യൂമർ നിറഞ്ഞ, ധാരാളം സസ്പെൻസ്, ട്വിസ്റ്റുകൾ ഉള്ള ചിത്രമാണ് Monica, O My Darling. ഹിന്ദി സിനിമകൾ ഒരു ഭാഗത്തു മാറ്റങ്ങളുമായി നിറഞ്ഞു നിൽക്കുമ്പോൾ അത്തരം സിനിമകളിൽ പലതിലും നായകനായ രാജ്‌കുമാർ റാവു ആണ്‌ ഇതിലെ നായകനായ ജയന്തിനെ അവതരിപ്പിക്കുന്നത്. രാജ്‌കുമാർ റാവു എന്ന പേര് ഒന്ന് കൊണ്ട് മാത്രം ആണ്‌ റിവ്യൂ, synopsis എന്നിവ പോലും നോക്കാതെ സിനിമ കണ്ടു തുടങ്ങിയതും.


 ചെറിയ ചുറ്റുപാടുകളിൽ നിന്നും കോർപ്പറേറ്റ് ലോകത്തിലേക്കു എത്തിയ, സ്വന്തം ആയി രൂപകൽപ്പന ചെയ്ത സാങ്കേതിക വിദ്യയിൽ വിശ്വാസം ഉള്ള ജയന്ത്, പെട്ടെന്ന് തന്നെ അയാൾ ജോലി ചെയ്യുന്ന കമ്പനിയിൽ ഉന്നത സ്ഥാനത്തു എത്തുന്നു. എന്നാൽ ഇതിനു ശേഷം അയാൾ ജോലി ചെയ്യുന്ന കമ്പനിയിൽ കുറെ മരണങ്ങൾ സംഭവിക്കുന്നു. അതിനു പിന്നിൽ ഉള്ള രഹസ്യവും കാരണങ്ങളും ആണ്‌ പിന്നീട് സിനിമ അവതരിപ്പിക്കുന്നത്.


 തുടക്കത്തിൽ കോമഡി ആയി പോയിരുന്ന സിനിമ പെട്ടെന്ന് ഡാർക്ക്‌ മൂഡ് ഉള്ള, എന്നാൽ അതിൽ ബ്ലാക് ഹ്യൂമർ നിറഞ്ഞ ഒരു സിനിമ ആയി മാറുകയാണ്. പല സന്ദർഭങ്ങളും chaos എന്ന് വിളിക്കാവുന്ന രീതിയിൽ മാറുന്നു.കുറെയേറെ കഥാപാത്രങ്ങൾ, ഓരോ സംഭവങ്ങളിലും ഉള്ളവരുടെ ഓരോരുത്തരുടെയും പങ്ക് എന്നിവയെല്ലാം കൂടി ആകുമ്പോൾ പല കഥാപാത്രങ്ങളെയും നമ്മൾ ഈ സിനിമയിൽ പല മരണങ്ങളിലും സംശയിക്കും.


എനിക്ക് നന്നായി സിനിമ ഇഷ്ടപ്പെട്ടൂ. അവസാന സീൻ വരെ തന്ന സസ്പെൻസ് element എന്റെ കാര്യത്തിൽ വർക്ക്‌ ഔട്ട്‌ ചെയ്തു. അത് കൊണ്ടാണ് സിനിമ ഇഷ്ടപ്പെട്ടതും. പ്രശസ്തമായ പാട്ടിന്റെ വരികൾ സിനിമയുടെ പേരായി വന്നപ്പോൾ പല പാട്ടുകൾക്കും പഴയ സിനിമകളുടെ ഛായ ഉണ്ടായിരുന്നു. സിനിമ ഇഷ്ടപ്പെടാതെ ഇരിക്കാൻ ഉള്ള കാരണം ഒന്നും കാണുന്നില്ല. കണ്ടു നോക്കൂ താൽപ്പര്യമുള്ളവർ.


Saturday, 12 November 2022

1590. Varaal (Malayalam, 2022)

 1590. Varaal (Malayalam, 2022)

          Streaming Sun NXT

          


പാവങ്ങളുടെ സ്റ്റീഫൻ നെടുമ്പള്ളി, വീണ വന്മരം (ഇതിൽ വീണില്ല ), അപ്പുറത്തെ സൈഡിൽ പോയ ഇപ്പുറത്തെ സൈഡിൽ ഉള്ള ആൾ, എന്തിനു ഏറെ പറയുന്നു  പാവങ്ങളുടെ സായിദ് മസൂദ് വരെ ആയി മൊത്തത്തിൽ പാവങ്ങളുടെ 'ലൂസിഫർ' അല്ലെങ്കിൽ പാരാലൽ ലോകത്തിലെ രാഷ്ട്രീയവും പിന്നെ വലിയ ട്വിസ്റ്റ് പോലെ അവതരിപ്പിച്ച എന്തോ കുറെ സംഭവങ്ങളും ഉള്ള സിനിമയാണ് വരാൽ.


  സ്റ്റാർ കാസ്റ്റിങ് കണ്ടാൽ തന്നെ മനസ്സിലാകും വലിയനൊരു കാൻവാസിൽ അവതരിപ്പിച്ച സിനിമ ആണെന്ന്. അതിനു ചേർന്ന രീതിയിൽ തന്നെ അവതരിപ്പിച്ച തള്ളുകളുടെ ഘോഷയാത്ര ഓട്ടോ പിടിച്ചു തുടക്കം മുതൽ വരുന്നുണ്ട്. പ്രാചീന കാലത്തുള്ള മലയാള സിനിമയിലെ നായകനെ കുറിച്ചുള്ള ബിൽഡപ്പൊക്കെ കഴിഞ്ഞ് നായകനെ കാണിക്കുന്നു. അനൂപ് മേനോൻ.അത് പോലെ പല കഥാപാത്രങ്ങളും സ്‌ക്രീനിൽ വന്നു പോകുന്നു. അത്യാവസ്ധ്യം പരിചിതമായ മുഖങ്ങൾ ആണ്‌ ഭൂരിഭാഗവും.


 എലീറ്റ് ക്ലാസിന്റെ വലിയ വലിയ സംഭവങ്ങൾ, സിദ്ധാന്തങ്ങൾ തുടങ്ങി, പെണ്ണ് പിടി വരെയുള്ള വലിയ കാര്യങ്ങൾ അങ്ങ് കാവ്യാത്മക ബുജി ലെവലിൽ പറഞ്ഞ് പോകുന്നുണ്ട്. കിംഗ്ഫിഷിലെ രഞ്ജിത്ത് - അനൂപ് മേനോൻ കൂട്ടുക്കെട്ടു ഇതിൽ കൂടി ഉണ്ടായിരുന്നെങ്കിൽ കിടിലം ആയേനെ എന്ന് തോന്നി . പക്ഷെ വിഷമിക്കണ്ട അത് മാറ്റി തരാൻ ശങ്കർ രാമകൃഷ്ണൻ മുതൽ രഞ്ജി പണിക്കർ വരെ ഉള്ള ബുജി ബെൽറ്റ് ഉണ്ട്. അതാണ്‌ സിനിമയുടെ ഏറ്റവും വലിയ ഐഡന്റിറ്റി.


 സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എം എ ബേബിയുടെ എന്ന് തോന്നിപ്പിക്കുന്ന ആൾ അടിച്ച ഡയലോഗ് ആണ്‌. അതല്ലാതെ ഇപ്പൊ എന്തെങ്കിലും സംഭവിക്കും എന്ന് കരുതി ഇരുന്ന എന്റെ മുന്നിലേക്ക്‌ മാലപ്പടക്കം പോലെ എറിഞ്ഞു വിട്ട ട്വിസ്റ്റുകൾ  കണ്ടു ഇത്രയേ ഉള്ളോ എന്ന ഭാവത്തിൽ ഇരിക്കാൻ ആയിരുന്നു കൂടുതൽ സമയവും യോഗം.


എനിക്ക് തോന്നുന്നത് നല്ല വായനയും ലോക വീക്ഷണവും ഒക്കെയുണ്ടെന്നു നമ്മൾ കരുതുന്ന  അനൂപ് മേനോൻ, രഞ്ജിത്ത്, രഞ്ജി, ശങ്കർ രാമകൃഷ്ണൻ ബെൽറ്റ്, അവർ കോളേജിൽ പഠിച്ചിരുന്ന കാലത്തുള്ള വായന, സിനിമ കാഴ്ച, ലോക വിവരം ഒക്കെയേ ഉളളൂ എന്നാണ്. ഇവരിൽ രഞ്ജിത്തിന്റെയും രഞ്ജി പണിക്കരുടെയും സിനിമകൾ കണ്ടു നമ്മൾ വളർന്നെങ്കിലും ഇപ്പോഴും അവരുടെ ചിന്തകൾ പഴയ കാലത്ത് തന്നെ ആണ്‌. അത് ഈ സിനിമയെ കുറിച്ച് മാത്രമുള്ള അഭിപ്രായം അല്ല.അവരെ പോലെ ആകണം എന്ന് കരുതി സംഭാഷണങ്ങൾ പറയുന്ന അനൂപ് മേനോൻ കൂടി ചേരുമ്പോൾ ഇക്കാലത്തു മലങ്കൾട്ട് ആകാൻ ഉള്ള ധാരാളം സംഭവങ്ങൾ അവരിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.


  എന്തായാലും പത്തു വർഷത്തെ ഇടതു പക്ഷ ഭരണം കഴിഞ്ഞുള്ള ഇലക്ഷൻ ആണ്‌ സിനിമയുടെ കഥ. പിണറായി മുതൽ പലരും പല രൂപത്തിലും ഭാവത്തിലും കഥാപാത്രങ്ങളായി സിനിമയിലുണ്ട്. നേരത്തെ പറഞ്ഞ പഴയ രാഷ്ട്രീയ സിനിമകൾ പോലെ. അതിനു ഇപ്പോഴും നമ്മുടെ ഇടയിൽ സ്കോപ് ഉണ്ട്. പക്ഷെ അത് എങ്ങനെ ആകണം എന്നത് പ്രേക്ഷകന്റെ അഭിരുചിക്ക് അനുസരിച്ചുള്ള മാറ്റങ്ങളിലൂടെ ആകണം എന്ന് മാത്രം. അല്ലാതെ വരാൽ പോലെ തൊണ്ണൂറുകളിൽ നിന്നും ബസ് കിട്ടാത്ത പോലെ ആകരുത്.


 പണ്ടും പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്.പഴയ കണ്ണൻ താമരക്കുളം ഇപ്പോൾ വെറും കണ്ണൻ ആയി വന്നെങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ ഓരോ സിനിമ കഴിയുമ്പോഴും നന്നായി വരുന്നുണ്ട്. നല്ല കഥയും അഭിനേതാക്കളും കിട്ടിയാൽ അദ്ദേഹം വലിയ ഒരു സിനിമ നൽകും എന്നു ഇപ്പോഴും മനസ്സിൽ തോന്നുന്നുണ്ട്.


ഇത്രയും പറഞ്ഞതിൽ പരാമർശിച്ച ആളുകൾ ഒക്കെ ഇതു എഴുതിയ എന്നെക്കാളും എത്രയോ ഉയരങ്ങളിൽ ഉള്ളവരാണ് എന്ന് നല്ല ബോധ്യമുണ്ട്. അവരിൽ പലരുടെയും ഇപ്പോഴത്തെ സിനിമകളെ കുറിച്ച് പറയാൻ ആണ്‌ വരാലിന്റെ ലേബലിൽ വന്നത്. വരാൽ സിനിമ എന്ന നിലയിൽ ഒരു ആവറേജ് അനുഭവം പോലും അല്ലായിരുന്നു എനിക്ക് എന്നതാണ് സത്യം.

1995. Drop ( English, 2025)