Tuesday, 24 November 2020

1307. Andhaghaaram(Tamil, 2020)

 1307. Andhaghaaram(Tamil, 2020)

         Horror, Mystery

         Streaming on Netflix

         Rating:4.5/5




    മൂന്ന് മണിക്കൂറിന്റെ അടുത്തുള്ള സിനിമ.സാധാരണഗതിയിൽ ഇത്രയും നീളമുള്ള സിനിമ കണ്ടു തീർക്കുന്നത് തന്നെ ശ്രമകരമാണ്.പ്രത്യേകിച്ചും ഇന്നത്തെക്കാലത്ത്, 3 മണിക്കൂർ ഉള്ള content അര മണിക്കൂർ വീതമുള്ള 6 എപ്പിസോഡ് ആയി മിനി സീരീസ് ആക്കിയാൽ പോരെ എന്നു പോലും വിചാരിച്ചിരുന്നു സിനിമ കണ്ടു തുടങ്ങിയപ്പോൾ. 


  ആദ്യ അര മണിക്കൂറോളം സ്‌ക്രീനിൽ ഉള്ള സംഭവങ്ങൾ കാര്യമായി ഒന്നും മനസ്സിലാകാതെ പോയി.അടുത്തത് എന്താണ് സംഭവിക്കുന്നത് എന്നു ചിന്തിച്ചു തുടങ്ങി.അൽപ്പം കഴിഞ്ഞപ്പോൾ  കഥ മനസ്സിലായി തുടങ്ങിയപ്പോൾ ആകാംക്ഷയും കൂടി.അവസാനം മൂന്നു മണിക്കൂറിന്റെ അടുത്തുള്ള സിനിമ ഈ അടുത്തു കണ്ടതിൽ ഏറ്റവും മികച്ച ഒന്നായി മാറി എന്നതാണ് സത്യം.


 ഇത്രയും പറഞ്ഞതു ഇന്ന് Netflix ൽ റിലീസ് ആയ 'അന്ധകാരം' എന്ന ചിത്രത്തെ കുറിച്ചാണ്.മൂന്നു മണിക്കൂറോളം ഉണ്ടെങ്കിലും എഡിറ്റിങ് കൂടുതലായി ആവശ്യം ഉണ്ടെന്നു തോന്നിപ്പിക്കാത്ത, ഒരു സീൻ പോലും അനാവശ്യം ആയി തോന്നിക്കാത്ത സിനിമ ആയി മാറി അന്ധകാരം.


 വി.വിഗ്നരാജൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രശംസ കിട്ടേണ്ടതും ഇദ്ദേഹത്തിനാണ്.തന്റെ ആദ്യ ചിത്രം തന്നെ ഇത്തരത്തിൽ ഒരു ക്ലാസ് ചിത്രം ആക്കിയ എഴുത്തുകാരനിൽ നിന്നും ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.അഭിനേതാക്കളുടെ കാര്യവും അതു പോലെ.പ്രത്യേകിച്ചും അർജുൻ ദാസ്,വിനോദ് കിഷൻ എന്നിവർ.മികച്ച പ്രകടനങ്ങൾ ആയിരുന്നു ഇരുവരും കാഴ്ച്ച വച്ചതു.


 പ്രേക്ഷകനിൽ പലപ്പോഴും ഭീതി ഉണ്ടാക്കുന്ന ഒരു പ്രമേയം അവസാനം ആകുമ്പോൾ ട്വിസ്റ്റുകൾ ഒക്കെ ആയി ഒരു ഹോറർ/മിസ്റ്ററി വിഭാഗത്തിലെ ഇന്ത്യൻ സിനിമകൾക്ക് ഒരു ബെഞ്ചമാർക് സെറ്റ് ചെയ്തു എന്ന് പറഞ്ഞാൽ പോലും അതിശയോക്തി ആകില്ല.


 കഥയെ കുറിച്ചു ഒരു ചെറിയ സൂചന തരാം.കുറെയേറെ മരണങ്ങൾ,കൊലപാതകങ്ങൾ, പ്രതികാരം, ചതി.ഇതൊക്കെ പരസ്പ്പരം എങ്ങനെ ബന്ധിക്കുന്നു എന്നതാണ് സിനിമയുടെ കഥയും.പലപ്പോഴും പ്രേക്ഷകന്റെ മനസ്സിൽ ചോദ്യങ്ങൾ ആയി തുടങ്ങുന്ന സംഭവങ്ങൾ.സൈക്കോളജിക്കൽ ത്രില്ലർ എന്നും വിശേഷിപ്പിക്കാവുന്ന ചിത്രം പലപ്പോഴും സങ്കീർണമായി തോന്നാം.

പലപ്പോഴും അവിശ്വാസനീയത തോന്നിക്കുന്ന സന്ദർഭങ്ങളിൽ പോലും കഥയിലെ കഥാപാത്രങ്ങളെ കുറിച്ചു പ്രേക്ഷകന്റെ മനസ്സിൽ രെജിസ്റ്റർ ചെയ്യാൻ സമയം എടുത്തത്തിന്റെ ഗുണവും കാണാൻ സാധിക്കും.


   സിനിമയുടെ ഴോൻറെയുടെ പുറത്തേക്കു പോകാതെ വിഷയത്തിൽ മാത്രം ശ്രദ്ധിച്ചു സിനിമ അവതരിപ്പിച്ചതിലെ ശ്രമവും അഭിനന്ദാർഹം ആണ്.തീർച്ചയായും കണ്ടു നോക്കുക.സമയം നഷ്ടം ആകും എന്നു കരുതേണ്ട.നെഗറ്റീവ് ആയി ആദ്യം തന്നെ തോന്നിക്കാവുന്ന ഈ സംഭവം തന്നെ ആണ് സിനിമയുടെ ശക്തിയും ആയി മാറുന്നത്.


  OTT റിലീസ് ഇല്ലായിരുന്നു എങ്കിൽ, ഒരു പക്ഷെ തിയറ്ററിൽ ഇറങ്ങിയിരുന്നെങ്കിൽ സമയ ദൈർഘ്യം കാരണം ഈ സിനിമ പിന്തള്ളപ്പെട്ടേനെ.ഇന്നത്തെ സാഹചര്യത്തിൽ OTT റിലീസുകളിൽ നിന്നും ഇത്തരം നിലവാരമുള്ള സിനിമകൾ ആണ് ഇനിയും പ്രതീക്ഷിക്കുന്നത്.


 ഈ വർഷത്തെ എന്റെ ഇഷ്ട സിനിമകളുടെ ലിസ്റ്റിൽ ഉറപ്പായും 'അന്ധകാരം' ഉണ്ടാകും.

Monday, 23 November 2020

1306. Small Town Murder Songs( English, 2010)

 1306. Small Town Murder Songs( English, 2010)

         Crime, Drama.

         IMDB: 5.9, RT:79%

         Streaming on Kanopy



  കാനഡയിൽ ഉള്ള ചെറിയ ടൗണുകൾ ഉണ്ട്.സ്വതവേ ജനസംഖ്യ കുറഞ്ഞ രാജ്യത്തിൽ ഇത്തരം ടൗണുകളിൽ ഉള്ള ജനസംഖ്യ എത്ര ആണെന്ന് ഊഹിക്കാവുന്നതെ ഉള്ളൂ.താരതമ്യേന കുറ്റകൃത്യങ്ങൾ കുറഞ്ഞ, പരസ്പ്പരം എല്ലാവരും തമ്മിൽ പരിചയം ഉള്ള സ്ഥലങ്ങൾ ആണ് ഇത്.നമ്മുടെ നാട്ടിലെ നാട്ടിൻ പുറങ്ങൾ പോലെ പൊതുവായി ഒരു സ്ക്കൂൾ, കുറച്ചു ആരാധനാലയങ്ങൾ, തുടങ്ങി കടകൾ പോലും പരിചയക്കാരെ കൊണ്ടു നിറഞ്ഞിരിക്കും.അത്തരത്തിൽ ഒരു കനേഡിയൻ ടൗണിൽ ഏകദേശം മൂന്നു വർഷക്കാലം താമസിച്ചിരുന്നു.ജീവിതത്തിൽ വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു അത്

  

 അത്തരത്തിൽ ഉള്ള ഒരു കനേഡിയൻ ടൗണിൽ ഒരു കൊലപാതകം നടക്കുന്നു.വർഷങ്ങൾക്കു ശേഷം ആദ്യമായി ആണ് ഒരു കൊലപാതകം നടക്കുന്നത്‌ എന്നു പറയാം.പോലീസ് ഉദ്യോഗസ്ഥനും നാട്ടുകാരനും ആയ വാൾട്ടറിന്റെ പോലീസ് ജീവിതത്തിൽ തന്നെ ആദ്യ സംഭവം.ഒന്റാറിയോയിലെ ആ ചെറിയ ടൗണിൽ ഉള്ള നദിക്കരയിൽ ഏകദേശം നഗ്നയാക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കണ്ടെടുക്കുമ്പോൾ ആ മുഖത്തിനു ചേർത്തു വയ്ക്കാവുന്ന ഒരു പേരില്ലായിരുന്നു. ആരാണ് എന്താണ് എന്നറിയാത്ത ഒരാൾ.


  കേസ് അന്വേഷണം ആരംഭിച്ചു.ഡേവ് വാഷിംഗ്ടൻ എന്ന കുറ്റാന്വേഷകൻ ആണ് അന്വേഷണം നയിക്കുന്നത്.ആ സ്ത്രീ എങ്ങനെ കൊല്ലപ്പെട്ടൂ എന്നാണ് 75 മിനിറ്റിൽ തീരുന്ന സിനിമ അവതരിപ്പിക്കുന്നത്.


  ഒരു സാധാരണ കുറ്റാന്വേഷണ സിനിമ പോലെ അല്ലായിരുന്നു Small Town Murder Songs.കഥാപാത്രങ്ങളിലൂടെ, അവരുടെ വൈകാരികമായ വശങ്ങളിലേക്ക് ആണ് ക്യാമറ ചലിപ്പിക്കുന്നത്.ചില സമയങ്ങളിൽ തന്റെ ഉള്ളിലെ മൃഗ സമാനമായ വാസനകളെ പുറത്തെടുക്കാൻ വെമ്പുന്ന വാൾട്ടർ, തന്റെ ബന്ധങ്ങളിൽ ഉണ്ടായ ഉലച്ചിലുകൾ എന്നിവയിൽ എല്ലാം കൂടി ആകെ മൊത്തം കുഴഞ്ഞ അവസ്ഥയിൽ ആണ്.കുറ്റാന്വേഷണത്തിൽ വൈദഗ്ധ്യം ഇല്ലാതിരുന്ന ആയാളും ഒപ്പം ആ ചെറിയ ടൗണിന്റെ കഥയും ആണ് പല അധ്യായങ്ങൾ ആയി പല സംഭവങ്ങളിലും കാനഡയുടെ തനതായ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്.


  ഒരു edge-of- seat- thriller അല്ല ചിത്രം.എന്തിനേറെ പറയുന്നു ഒരു കൊലയാളിയെ കണ്ടെത്താൻ ഉള്ള അന്വേഷണത്തിന് വലിയ പ്രാധാന്യം കൊടുക്കാത്ത ഒരു ചിത്രം.പക്ഷെ നേരത്തെ പറഞ്ഞ ഒരു ആ ചെറിയ ടൗണിന്റെ ആത്മാവിനെ നോക്കി കാണാൻ ആണ് സംവിധായകൻ ശ്രമിച്ചിട്ടുള്ളത്.ഈ ഒരു കാരണം കൊണ്ട് ഡ്രാമ ഴോൻറെയിൽ ഉള്ള ചിത്രമായി പരിഗണിച്ചാൽ പോലും തെറ്റ് പറയാനാകില്ല.അഭിനേതാക്കൾ പലരും കനേഡിയൻ സിനിമ- പരമ്പരകളിലൂടെ പ്രശസ്തരാവർ ആയിരുന്നു


സിനിമയുടെ ഫ്രെയിമുകൾ ഒക്കെ ജീവിതത്തിലെ ഒരു 3 വർഷത്തെ ജീവിതത്തിൽ കണ്ടു മറഞ്ഞ പല സ്ഥലങ്ങളെയും ആളുകളെയും ഓർമിപ്പിച്ചു എന്നത് ആണ് സിനിമ എനിക്ക് നൽകിയ ഏറ്റവും നല്ല ഓർമ.ഒരു കുറ്റാന്വേഷണ ചിത്രമായി മാത്രം ഈ ചിത്രത്തെ കാണാനാകില്ല.ഒരു പക്ഷെ ആ ഭാഗം ആകും ചിത്രത്തിന്റെ ദൗർബല്യവും.

ഒരു must watch ആണെന്ന് ഉള്ള അഭിപ്രായം എന്തായാലും ഇല്ല.സമാനമായ പല സിനിമകളും നേരത്തെ തന്നെ കണ്ടിട്ടുണ്ടാവും പലരും.


ഒരു ഫിലിം ഫെസ്റ്റിവൽ പ്രോഡക്റ്റ് ആണ് ഈ ചിത്രം.അത്തരം വേദികളിൽ പ്രശംസിക്കപ്പെട്ടിട്ടും ഉണ്ട്.


  Kanopy എന്ന സ്‌ട്രീമിംഗ്‌ ആപ്പിൽ ചിത്രം ലഭ്യമാണ്.


  

Sunday, 22 November 2020

1305. Greenland (English, 2020)

 1305. Greenland (English, 2020)

           Thriller

           IMDB: 6.3, RT: 100



 ദുരന്തങ്ങളുടെ ആരംഭ സ്ഥാനം അമേരിക്ക ആണെന്നുള്ള സ്ഥിരം ക്ളീഷേയിൽ നിന്നും മാറാത്ത ഒരു ചിത്രം കൂടി. ജെറാർഡ് ബട്ട്ലർ നായകനാകുന്ന Greenland ന്റെ കഥ അങ്ങനെ ആണ്.ഈ പ്രാവശ്യം അന്തരീക്ഷത്തിൽ വച്ചു തന്നെ നശിക്കും എന്നു കരുതിയ കോമറ്റ് പ്രതീക്ഷകളെ ആസ്ഥാനത്തിൽ ആക്കി കൊണ്ടു പതിച്ചത് ജനവാസ പ്രദേശങ്ങളിൽ.


  അമേരിക്കൻ സർക്കാർ ഉടൻ തന്നെ തിരഞ്ഞെടുക്കപ്പെട്ട കുറച്ചു പേരെ മാത്രം സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടു പോകാനുള്ള നടപടികൾ എടുത്തു.അങ്ങനെ തിരഞ്ഞെടുത്ത കുടുംബം ആയിരുന്നു  ആർക്കിടെക്ക്റ്റ് ആയ ജോണ് ഗാരിട്ടിയുടെ കുടുംബവും.എന്നാൽ വിചാരിച്ച അത്ര എളുപ്പം അല്ലായിരുന്നു അവർക്ക് രക്ഷപ്പെടാൻ ഉള്ള അവസരം.


  പല കാരണങ്ങൾ കൊണ്ടും അവർക്ക് പ്ലാനിൽ നിന്നും മാറേണ്ടി വന്നു.അവർ ആ അവസ്ഥ അതിജീവിക്കുമോ എന്നാണ് ഡിസാസ്റ്റർ ഡ്രാമ വിഭാഗത്തിൽ ഉള്ള ഈ ചിത്രം അവതരിപ്പിക്കുന്നത്.


കഥയെക്കുറിച്ചു പറഞ്ഞാൽ വലിയ പ്രത്യേകതകൾ ഒന്നും ഇല്ലാത്ത പഴകിയ കഥ.സ്ഥിരം disaster സിനിമയുടെ ഫോർമാറ്റ് അതേ പോലെ എടുത്തു വച്ചിരിക്കുന്നു.കഥാപാത്രങ്ങൾ മാത്രം മാറ്റമുണ്ട് എന്നു മാത്രം.പക്ഷെ അതൊന്നും കാര്യമായി എടുക്കാതെ ഒരു സ്ഥിരം disaster-survival സിനിമ ആണ് കാണാൻ ഇരിക്കുന്നത് എന്ന ബോധ്യം ഉണ്ടായാൽ തരക്കേടില്ലാത്ത ഒന്നായി തോന്നും എന്നു മാത്രം.


 സിനിമ വലുതായി മടുപ്പിക്കുന്നില്ല, കണ്ടു പഴകിയ കാഴ്ചകൾ ആണെങ്കിൽ കൂടി.ഇത്തരം സിനിമകൾക്ക് ഇന്നും അമേരിക്കൻ കുടുംബങ്ങൾക്കിടയിൽ മാർക്കറ്റ് ഉണ്ടെന്നു തന്നെ ആണ് ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ കൂടുതലായി കടകളിൽ നിന്ന് ഡിസ്ക് വാങ്ങാൻ വരുന്നവരുടെ അന്വേഷണങ്ങൾ  സൂചിപ്പിക്കുന്നത്.


 ഒരു must watch സിനിമ ഒന്നും അല്ല Greenland. പക്ഷെ കുറച്ചു നേരം വെറുതെ ഒരു സിനിമ ഇരുന്നു കാണണം എന്ന് കരുതിയാൽ കണ്ടു നോക്കാം.

More movie suggestions and links @mhviews telegram channel

1304. Run (English, 2020)

 1304. Run (English, 2020)

          Thriller, Mystery

           Streaming on Hulu

           IMDB: 6.7, RT:94%

   



  Searching എന്ന തന്റെ സിനിമയിലൂടെ വ്യത്യസ്തമായ ഒരു ദൃശ്യാവിഷ്‌ക്കാരം പ്രേക്ഷകർക്ക് സമ്മാനിച്ച Aneesh Chaganty യുടെ പുതിയ സിനിമ ആണ് Run. മെയ് ആദ്യ വാരം റിലീസ് ആകേണ്ടിയിരുന്ന സിനിമയുടെ പോസ്റ്ററിൽ നോക്കിയപ്പോഴും synopsis വായിച്ചപ്പോഴും മറ്റൊരു സിനിമ ആണ് ഓർമ വന്നത്. ഒരു പക്ഷെ ചെറിയ ഒരു സ്പോയിലർ ആകാം എന്നത് കൊണ്ട് ഇതിന്റെ ഏറ്റവും അവസാനം spoiler alert വച്ചിട്ട് അതിനെ കുറിച്ചു പറയാം.


    എന്തായാലും Run സിനിമയെ കുറിച്ചു നോക്കാം.സിനിമയുടെ synopsis വായിച്ചില്ലെങ്കിൽ പോലും സിനിമ തുടങ്ങി ഒരു 12 മിനിറ്റിൽ ,ഒരു പക്ഷെ സാധാരണ സിനിമകളിൽ mystery ഘടകം ആയി മാറേണ്ട കാര്യം പ്രേക്ഷന് മനസ്സിലാകും.വൈകല്യമുള്ള ഒരു മകളെ നോക്കുന്ന 'അമ്മ എന്നത് ആണ് പ്രമേയം.


  മാതൃത്വം എന്നത് വളരെ മനോഹരമായ ഒരു മനുഷ്യ വശം ആണ്.ഒരു വ്യക്തി അമ്മയാകുമ്പോൾ ചുറ്റും ഉള്ള എല്ലാവരിലും ആ സന്തോഷം ഉണ്ടാവുക എന്നത് സ്വാഭാവികം.ഇവിടെ ഡിയാനും അമ്മയാണ്.വളരെ പ്രത്യേകതകൾ ഉള്ള ഒരു അമ്മ;ക്ളോയിയുടെ 'അമ്മ. തന്റെ അസുഖക്കാരി ആയ മകളെ ശുശ്രൂഷിക്കാൻ ജീവിതം ഉഴിഞ്ഞു വച്ച ഒരു അമ്മയുടെ കഥ.


  അവരുടെ ജീവിതത്തിലെ ചില രഹസ്യങ്ങളുടെ ചെപ്പ് ഒരു സമയത്തു തുറക്കും.അതിന്റെ അനന്തര ഫലങ്ങൾ ആണ് സിനിമയുടെ കഥ.


  ആദ്യ മിനിറ്റുകളിൽ തന്നെ നേരത്തെ പറഞ്ഞതു പോലത്തെ ഒരു സാധാരണ സസ്പെൻസ് പൊളിക്കൽ അല്ലായിരുന്നു സിനിമയിലൂടെ ഉദ്ദേശിക്കുന്നത്.കാരണം വെറും സാധാരണ ഒരു സിനിമ ആയി പോകുമായിരുന്നു അതിൽ മാത്രം ശ്രദ്ധിച്ചിരുന്നെങ്കിൽ.പകരം ക്ളൈമാക്‌സ് വരെ നീളുന്ന ഒരു ത്രില്ലർ ആയി മാറി ചിത്രം.ഒപ്പം ഒരു കിടിലൻ ട്വിസ്റ്റും അവസാനം വരുന്നുണ്ട്, പ്രേക്ഷകന് വേണ്ടി എന്നു പറയാവുന്ന ഒന്നു.


  Searching നേക്കാളും മികച്ചത് ആണ് Run എന്ന അഭിപ്രായം ഇല്ല.പക്ഷെ മോശം അല്ല താനും.കണ്ടു നോക്കൂ.മികച്ച അവതരണത്തിലൂടെ പ്രേക്ഷകനെ ത്രിൽ അടിപ്പിക്കാൻ Run നും കഴിയുന്നുണ്ട്.


For more movie suggestions and links, search @mhviews in telegram app.


 Spoiler Alert:  


Mother's Day(1980) എന്ന കൾട്ട് സിനിമയോ അതിന്റെ റീമേക്കോ (2010) കണ്ടവർക്ക് ചിത്രത്തിന്റെ റിലീസ് സമയവും പോസ്റ്ററിലെ വാക്കുകളും synopsis ഉം വച്ചു നോക്കിയാൽ കഥയിൽ ഉള്ള സാമ്യം കാണാൻ സാധിക്കും.ഒരു Inspiration എങ്കിലും ആയിട്ടുണ്ടാകും ഈ ചിത്രം എന്നു കരുതുന്നു.പിന്നെ അധികം അസാധാരണവും അല്ലാത്ത പ്രമേയം ആയതു കൊണ്ട് തന്നെ ഈ നിഗമനം ശരി ആണോ എന്നും ഉറപ്പില്ല.പക്ഷെ പലപ്പൊഴും Mother's Day യെ ഓർമിപ്പിച്ചു Run.


 

Saturday, 21 November 2020

1303. Fatman (English, 2020)

 1303. Fatman (English, 2020)

          Action, Fantasy

          IMDB: 6.1, RT:42%



        ഞാൻ ഇപ്പോൾ താമസിക്കുന്ന രാജ്യത്തു കുട്ടികളോടൊപ്പം ജോലി ചെയ്യേണ്ടി വരുമ്പോൾ അവർ സ്വയം ലോക വിവരം ഉള്ളവർ ഉള്ളവരാണെന്നു കാണിക്കാൻ വേണ്ടി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. "I know Santa Claus is fake" എന്നു.പലപ്പോഴായി ഇത്തരം വിശ്വാസങ്ങളെ അതിന്റെ പൊസിറ്റിവ് ആയ ഒരു വശം മാത്രം കാണാതെ അതിന്റെ എതിർ വശത്തുള്ള പല കാര്യങ്ങളും അവലോകനം ചെയ്തുള്ള അഭിപ്രായങ്ങൾ മുതിർന്നവരിൽ നിന്നും കിട്ടിയതു കൊണ്ടാകാം ഇങ്ങനെ ഉള്ള സംഭാഷണങ്ങൾ കേൾക്കേണ്ടി വരുന്നത്.


  ലോകമെമ്പാടും ക്രിസ്മസ് കാലത്തിനോട് അനുബന്ധിച്ചു വരുന്ന സാന്ത ക്ളോസ് വലിയ ഒരു ബിസിനസ് ഐഡിയയും കൂടി ആണ്.അമേരിക്ക, യൂറോപ് തുടങ്ങിയ രാജ്യങ്ങളിലെ ഏറ്റവും വലിയ market spending നടക്കുന്ന കാലം. Fatman എന്ന ചിത്രത്തിൽ മെൽ ഗിബ്സൻ അവതരിപ്പിക്കുന്ന ക്രിസ് എന്ന സാന്ത കഥാപാത്രം അത്തരത്തിൽ ഉള്ള ഒരു ബിസിനസിന്റെ ഭാഗമാണ്.


  അമേരിക്കൻ സർക്കാർ അലാസ്ക്കായിൽ (അതേ ഇനി ഏകദേശം 2 മാസങ്ങൾക്ക് ശേഷം സൂര്യൻ ഉദിക്കുന്ന അതേ സ്ഥലം) നടത്തുന്ന വലിയ ഒരു ബിസിനസ് സംരംഭം ആണ് സാന്ത കലോസും അതിനോട് അനുബന്ധിച്ചുള്ള സമ്മാന വിതരണവും എല്ലാം.ഇവിടെ സാന്ത എന്നു പറഞ്ഞാൽ ഭയങ്കര raw and tough ആയ, പഞ്ചിങ് ബാഗുകൾ ഉപയോഗിക്കുന്ന, ഒഴിവു സമയങ്ങളിൽ ബാറിൽ  പോയി രണ്ടു വീശുകയും ഇടയ്ക്കു തോക്ക് ഉപയോഗിക്കാൻ അറിയുകയും ചെയ്യുന്ന ആളാണി.അതിനൊപ്പം പ്രശ്നക്കാരായ കുട്ടികളോട് എങ്ങനെ പെരുമാറണം എന്നും അറിയാം.


  ഈ സമയം ആണ് സന്തയോട് പല കാരണങ്ങൾ കൊണ്ടും വിരോധം ഉണ്ടായ ഒരു പയ്യൻ സാന്തയെ കൊല്ലാൻ തീരുമാനിക്കുന്നത്.അതിനവർ കൊട്ടേഷൻ കൊടുക്കുകയും ചെയ്യുന്നു.അതും സാന്തയോട് ഏറ്റവും വെറുപ്പ് ഉള്ള ഒരു വാടക കൊലയാളിക്ക്.പിന്നീട് എന്തുണ്ടാകും എന്നതാണ് Nelms സഹോദരന്മാരുടെ വ്യത്യസ്തമായ ക്രിസ്മസ് ചിത്രം Fatman പറയുന്നത്.


  വളരെ പരുക്കനായ സാന്തയുടെ അടുക്കൽ നിന്നും നന്മ ഒന്നും അധികം ഈ ചിത്രത്തിൽ ഇല്ല.സാധാരണക്കാരനായ ഒരു കോണ്ട്രാക്റ്ററെ പോലെ ആണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ബ്ളാക് കോമഡി വിഭാഗത്തിൽ പെടുത്താവുന്ന ചിത്രത്തിൽ സാമ്പ്രദായികമായ സാന്ത എന്ന കാഴ്ചപ്പാടിനെ പൊളിച്ചു മാറ്റിയത് കൊണ്ടു തന്നെ കൗതുകം തോന്നി.മാസ് ഡയലോഗ് ഒക്കെ അടിക്കുന്ന സാന്ത.കൊള്ളാം അല്ലെ?


  സിനിമയുടെ കഥയിൽ വലിയ പുതുമ ഒന്നുമില്ല. Straight Forward ആയ ഒരു കഥ മാത്രം.സാന്ത എന്ന കഥാപാത്രത്തെ മാറ്റി മറ്റു ആരെ വേണമെങ്കിലും place ചെയ്യാൻ കഴിയുന്ന കഥ.പക്ഷെ സാന്ത എന്ന കഥാപാത്രം ഒരു luxury ആയി നിൽക്കുന്നും ഉണ്ട്.


  വരുന്ന ക്രിസ്മസ് കാല റിലീസുകളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു ചിത്രമാണ് Fatman. മെൽ ഗിബ്സന്റെ പ്രകടനം ആണ് ഹൈലൈറ്റ്.ആകെ ഡാർക് മൂഡിൽ പോകുന്ന പടം.ഒരു must- watch ചിത്രം ഒന്നും അല്ലെങ്കിലും കഥാപാത്രങ്ങളെ mold ചെയ്തിരിക്കുന്ന ചെയ്തിരിക്കുന്നതിലെ കൗതുകത്തിന് വേണ്ടി കണ്ടു നോക്കാം ഈ സിനിമ.


  More movie suggestion and movie links available @mhviews telegram channel search


Friday, 20 November 2020

1302. Out of Time (English, 2003)

 1302. Out of Time (English, 2003)

          Action, Thriller.

IMDB: 6.5/10, RT: 64%



 അവിഹിത ബന്ധങ്ങൾ പ്രമേയം ആയി വരുന്ന സിനിമകൾ പലപ്പോഴും erotic thriller വിഭാഗത്തിലേക്ക് മാത്രമായി ഒതുങ്ങി പോകാറുണ്ട്.കുറച്ചു ചിത്രങ്ങൾ അപവാദം ഉണ്ടെന്നു വിസ്മരിക്കുന്നില്ല.ഇത്തരത്തിൽ ഒരു പ്രമേയം ആണെങ്കിലും ഒരു erotic ത്രില്ലർ ആയി മാറാതെ നല്ല ഒരു ത്രില്ലർ ആയി മാറിയ, അത്യാവശ്യം ട്വിസ്റ്റുകൾ ഉള്ള ചിത്രമാണ് Out of Time.


   തന്റെ ഭാര്യയുമായി വേർപിരിയുന്നതിന്റെ വക്കിൽ എത്തിയ പൊലീസ് ചീഫ് വിറ്റ്ലോക് (Denzel Washington) മറ്റൊരു സ്ത്രീയുമായി രഹസ്യ ബന്ധത്തിൽ ആണ്.ഭർത്താവ് ഉള്ള അന്ന (Sanaa Lathan) യുമായി ഉള്ള ബന്ധം രഹസ്യമായി നടക്കുന്നു.ആയിടയ്ക്കാണ് ഒരു കാൻസർ രോഗി ആണ് അന്ന എന്നുള്ള വിവരം അവരുടെ ഡോക്റ്റർ മുഖേനെ അറിയുന്നത്. അന്നയ്ക്കു അവളുടെ ഭർത്താവിന്റെ അടുക്കൽ നിന്നും രക്ഷപ്പെടണം എന്നാണ് ആഗ്രഹം.വിറ്റെക്കർ അതിനായി അവളെ സഹായിക്കുന്നു.എന്നാൽ പിന്നീട് അയാളുടെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം അപ്രതീക്ഷിതമായ കാര്യങ്ങൾ ആയിരുന്നു.


  താൻ അകപ്പെട്ട പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ ആകാത്ത അവസ്ഥയിൽ ആയി അയാൾ.ഒപ്പം അയാളുടെ പ്രശ്നങ്ങളിൽ കുറ്റാന്വേഷക ആയി വേർപിരിയലിന്റെ വക്കിൽ നിൽക്കുന്ന ഭാര്യ അലക്‌സ് (Eva Mendes) വരുന്നു.അയാളുടെ പ്രശ്നങ്ങളിൽ നിന്നും അയാൾ ഒളിച്ചോടുമോ അതോ അതിനെ നേരിടുമോ?ഇതു അയാളുടെ ജീവിതത്തിന്റെയും കരിയറിന്റെയും പ്രശ്നമായി മാറുന്നു.പിന്നീട് എന്തു സംഭവിക്കുന്നു എന്നതാണ് Out of Time ന്റെ കഥ.


  നല്ല വേഗതയിൽ കഥ പറഞ്ഞു പോകുന്ന ഒരു ത്രില്ലർ ആണ് Out of Time.ആദ്യ ഒരു 15 മിനിറ്റിൽ നിന്നും വ്യത്യസ്തമായി കഥയിലേക്ക് പോകുമ്പോൾ ആണ് ചിത്രം ഒരു ത്രില്ലർ ആയി മാറുന്നത്.പിന്നെ കുറെ നേരം ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ്. കണ്ടു നോക്കൂ.


 ചിത്രത്തിന്റെ ലിങ്ക് t.me/mhviews എന്ന ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.


Spoiler Alert!!


  പിന്നാമ്പുറം: കഥയിലേക്ക് പോയതോടെ സിനിമയുടെ കഥ പതിയെ മനസ്സിലായി. ഹിന്ദിയിൽ ഇമ്രാൻ ഹാഷ്മി നായകനായ Zeher ഇതിന്റെ adaptation ആയിരുന്നു. 'വോ ലംഹേ' പാട്ട് എക്കാലത്തെയും പ്രിയപ്പെട്ട പാട്ടയത് കൊണ്ടു തന്നെ 3 പ്രാവശ്യം റിലീസ് സമയത്തു കണ്ടതാണ്.എന്നാൽക്കൂടിയും Denzel ന്റെ സിനിമ നല്ലതു പോലെ ത്രിൽ അടുപ്പിച്ചു.മുഷിപ്പിച്ചില്ല.അതു കൊണ്ടു മൊത്തം ഇരുന്നു കണ്ടൂ.

1301. Counter Investigation (French, 2007)

 1301. Counter Investigation (French, 2007)

          Crime, Thriller.

         IMDB: 6.7 RT: 69%



കുട്ടികളുടെ മേൽ തങ്ങളുടെ വൈകൃതമായ ആസക്തികൾ പ്രയോഗിക്കുന്ന ആളുകളെ മനുഷ്യരായോ മൃഗങ്ങൾ ആയോ കാണുവാൻ സാധിക്കില്ല.പലപ്പോഴും നിയമ സംഹിതകൾ പോലും അപര്യാപ്തം ആണെന്ന് തോന്നും പല സംഭവങ്ങളിലും കുറ്റവാളികൾക്ക് നിയമം അനുസരിച്ചുള്ള ശിക്ഷ ലഭിക്കുമ്പോൾ.ആദ്യ കാഴ്ചയിൽ തന്നെ പ്രതി എന്നു മനസ്സിലാക്കിയ ആളുകൾക്ക് പോലും പലപ്പോഴും പരിഗണനകൾ നിയമം നൽകുന്നു എന്നു അറിയുമ്പോൾ മറ്റു ശിക്ഷ രീതികളെ കുറിച്ചു പലപ്പോഴും ആളുകൾ വാചാലകർ ആകാറുണ്ട്.

     പ്രിയപ്പെട്ടവരുടെ കൊലപാതകങ്ങളും അതിനെ ചുറ്റി പറ്റിയുള്ള കഥകൾ ഉള്ള സിനിമകൾ പലതും അവസാനിക്കുന്നത് പ്രതികാരം എന്ന ഒരേ ദിശയിലേക്കു പോയതാണ്.പലപ്പോഴും ഇത്തരം സിനിമകളിലെ പ്രതികാരങ്ങൾ പ്രേക്ഷകന് എത്ര മാത്രം ഉൾക്കൊള്ളാൻ സാധിക്കും എന്നതിനെ അനുസരിച്ചു ഇരിക്കും അത്തരം സിനിമകളുടെ വിജയം.

   Counter Investigation എന്ന ഫ്രഞ്ച് ചിത്രത്തിൽ ഒരു പരിധി വരെ പ്രേക്ഷകന് ഉൾക്കൊള്ളാൻ കഴിയാത്ത വിധത്തിൽ കഥ പോവുക ആണ് ചെയ്യുന്നത്.പിന്നീട് എന്താണ് സംഭവിച്ചതെന്ന് കണ്ടു തന്നെ അറിയുക.

    ഒരു പിതാവിന് ഒരിക്കലും കാണാൻ  അവസരം ഉണ്ടാകാതെ ഇരിക്കട്ടെ എന്നു മാത്രം പ്രാർത്ഥിക്കാവുന്ന അവസ്ഥ ആണ് റിച്ചാർഡ് എന്ന പൊലീസ് ഉദ്യോഗസ്ഥന് ഉണ്ടായിരിക്കുന്നത്. തന്റെ മകളെ ആരോ പിച്ചി ചീന്തി അവളുടെ ജീവൻ എടുത്തിരിക്കുന്നു.പോലീസ് ഉദ്യോഗസ്ഥൻ ആയതു കൊണ്ട് തന്നെ അയാളുടെ സഹ പ്രവർത്തകർ ഏറ്റവും വലിയ പ്രാധാന്യം കൊടുത്തു പ്രതിയെ കസ്റ്റഡിയിൽ ആക്കുന്നു.

   പ്രതി എന്നു കരുതുന്ന ഡാനിയൽ  എക്മാൻ ജയിലിൽ ആകുന്നു.എന്നാൽ പിന്നീട് റിച്ചാർഡിന് അയാൾ താൻ അല്ല ആ ക്രൂര കൃത്യം ചെയ്തതെന്ന് പറഞ്ഞു കത്തുകൾ എഴുതുന്നു.ഈ സമയം ആണ് ഈ കേസിനു സമാനമായ രീതിയിൽ മറ്റു സംഭവങ്ങൾ നടക്കുന്നത്.

   ഇവിടെ ഡാനിയൽ യഥാർത്ഥ പ്രതി ആണോ?റിച്ചാർഡിന് താണ്ട് മകളെ കൊലപ്പെടുത്തിയ ആൾ എന്നു എല്ലാവരും വിശ്വസിക്കുന്ന ആളുടെ നിരപരാധിത്വത്തിൽ വിശ്വസിക്കാൻ കഴിയുമോ?സങ്കീർണമായ ഒരു കഥയാണ് പിന്നീട് ചിത്രത്തിന് ഉണ്ടാകുന്നത്.

     Jean Dujardin ന്റെ റിച്ചാർഡ് എന്ന കഥാപാത്രം സ്‌ക്രീനിൽ ഒരു നൊമ്പരമായി ഉണ്ടായിരുന്നു.പല പ്രധാനപ്പെട്ട വില്ലന്മാരെയും ഓർമിപ്പിക്കുന്ന ഡാനിയൽ ആയി വന്ന Laurent Lucas ഉം മികച്ച പ്രകടനം ആണ് കാഴ്‌ച വച്ചതു.

   റിച്ചാർഡിന് മകളെ ക്രൂരമായി കൊലപ്പെടുത്തിയത് ആരാണ്?കൂടുതൽ അറിയാൻ ചിത്രം കാണുക.


അപ്രതീക്ഷിതമായ ഒരു ക്ളൈമാക്‌സ് ആയിരിക്കും ചിലപ്പോൾ പ്രേക്ഷകന് ലഭിക്കുക.


 സിനിമയുടെ ലിങ്ക് www.movieholicviews.blogspot.ca യിൽ ലഭ്യമാണ്.

1995. Drop ( English, 2025)