Thursday, 24 September 2015

507.LIFE OF JOSUTTY(MALAYALAM,2015)

507.LIFE OF JOSUTTY(MALAYALAM,2015),Dir:-Jeethu Joseph,*ing:-Dileep,Rachana,Jyothi Krishna,Aqsa Bhatt.

    സസ്പന്‍സ് ഇല്ല ,ട്വിസ്റ്റ്‌ ഇല്ല,ദൃശ്യം , മെമ്മറീസ് എന്നിവയൊന്നും ഇല്ല ജീത്തൂ ജോസഫിന്റെ "ലൈഫ് ഓഫ് ജോസൂട്ടിയില്‍ " പകരം ഉള്ളത് ജോസൂട്ടി എന്ന നാട്ടിന്‍പുറത്തുക്കാരന്റെ സന്തോഷങ്ങളും വിശ്വാസങ്ങളും ദു:ഖങ്ങളും ആണ്.ഇടയ്ക്ക്   ജീത്തൂ ജോസഫിന്‍റെ "ആല്‍ഫ്രെഡ് ഹിച്ച്കോക്ക്" സാനിധ്യവും.   ജോസൂട്ടി പച്ചയായ മനുഷ്യന്‍ ആണ്.അപ്പനെ വളരെയധികം വിശ്വസിക്കുകയും ബഹുമാനിക്കുകയും ,അമ്മയുടെ ഒപ്പം ദൈവ വിശ്വാസം പങ്കിടുന്ന,സുഹൃത്തുക്കളോടൊപ്പം ജീവിതത്തിലെ സന്തോഷങ്ങളും ദു:ഖങ്ങളും പങ്കിടുന്ന ഒരു സാധാരണ കട്ടപ്പനക്കാരന്‍ ഗ്രാമവാസി.ജീവിതത്തിലെ നന്മകളെയും തിന്മകളെയും ജോസൂട്ടി പലപ്പോഴുമായി നേരിട്ട് അറിയുന്നുണ്ട്.സാധാരണക്കാരന്റെ സാധാരണമായ ജീവിതം ആണ് ചുരുക്കത്തില്‍ ജോസൂട്ടിക്ക് ഉള്ളത്.

  കഥയിലേക്ക് പോവുകയാണെങ്കില്‍ കാലാകാലങ്ങളായി ജീവിതത്തില്‍ വലിയ മെച്ചം ഒന്നും ഇല്ലാതെ ജീവിക്കുന്ന നായകന്‍ ചെയ്യുന്നത് മാത്രം ആണ് ജോസൂട്ടിയും ജീവിതത്തിലെ ഒരു നിര്‍ണായക നിമിഷത്തില്‍ ചെയ്യുന്നുള്ളൂ.ആദ്യ പ്രണയം മുതല്‍ തുടങ്ങുന്നു ജോസൂട്ടിയുടെ ജീവിതം.പ്രണയങ്ങള്‍ പല ഘട്ടങ്ങളായി കാലത്തിനനുസരിച്ച് മാറുന്നും  ഉണ്ട്,"പ്രേമത്തിലെ" ജോര്‍ജിനെ പോലെ.എന്നാല്‍ ഇതല്‍പ്പം വ്യത്യസ്തം ആണ്.വിധി ജോസൂട്ടിയെ എത്തിച്ചത് അയാള്‍ ഒരിക്കലും സ്വപ്നം കാണാത്ത നാട്ടിലേക്കും അതിലും അവിശ്വസനീയം ആയ ജീവിതത്തിലേക്കും ആയിരുന്നു.തിരിച്ചറിവുകള്‍ വന്നപ്പോഴേക്കും ജോസൂട്ടിയിലെ നന്മ നിറഞ്ഞ നിഷ്ക്കളങ്കന്‍ ആയ മനുഷ്യന് എന്ത് പറ്റുന്നു?ജോസൂട്ടിയുടെ മനസാക്ഷി ആരാണ് കവര്‍ന്നെടുത്തത്?ചോദ്യങ്ങള്‍ പലതുണ്ടെങ്കിലും ജോസൂട്ടിയുടെ ഉത്തരം ഒന്നായിരുന്നു.അവന്റെ അപ്പനില്‍ നിന്നും പഠിച്ചത്.ജീവിതത്തെ ഒരു പാഠം ആയും ജീവിത പരീക്ഷണങ്ങളെ പരീക്ഷയായും കാണാന്‍ ആണ്.ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉള്ള ഒരാള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എന്ത് മാത്രം മാറും എന്നും ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

  ചിലരെങ്കിലും അവിശ്വസനീയം ആയ കഥയാണ് ചിത്രത്തിന് എന്ന് പറഞ്ഞു കേട്ടിരുന്നു.എന്നാല്‍ ജോസൂട്ടിയെ പോലെ പല രാജ്യത്തും ജീവിക്കുന്ന കുറച്ചു ജോസൂട്ടികള്‍ ഉണ്ടെന്നുള്ള കഥകള്‍ പലപ്പോഴും കേട്ടിരുന്നു.അത് കൊണ്ട് തന്നെ ആ ഭാഗങ്ങള്‍ ഒന്നും അവിശ്വസനീയം ആയി തോന്നിയും ഇല്ല.ന്യൂസീലാന്റ് പോലെ ഉള്ള പ്രകൃതി രമണീയം ആയ സ്ഥലത്തിനെ അതിന്‍റെ ഭംഗിയോടെ തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു.ഹരീഷ് പെരടിയുടെ അച്ഛന്‍ കഥാപാത്രം ഇടയ്ക്കൊക്കെ നൊമ്പരം ആയി മാറി.ചിരിപ്പിക്കാന്‍ ആയി വന്ന നോബിയും പാഷാണം ഷാജിയും ഒക്കെ അവര്‍ക്ക് കഴിയുന്ന രീതിയില്‍ തന്നെ ആ കടമ നിര്‍വഹിച്ചിട്ടും ഉണ്ട്.ഗ്രാമീണന്‍ ആയ ജോസൂട്ടിയെ ആദ്യ പകുതിയിലും ലോകത്തിന്‍റെ മറ്റൊരു കോണില്‍ ഉള്ള ജോസൂട്ടി ആയും ദിലീപ് നല്ല പ്രകടനം ആയിരുന്നു.തന്റെ "അയല്‍വക്കത്ത്‌ ഉള്ള പയ്യന്‍" എന്ന പ്രതിച്ഛായ ഈ സിനിമയിലും ദിലീപ് നന്നായി ഉപയോഗിച്ചു.

   ജീവിതം പലപ്പോഴും പലര്‍ക്കും നല്‍കുന്നത് അപ്രതീക്ഷിതം ആയ വഴിത്തിരിവുകള്‍ ആയിരിക്കും.അത് കൊണ്ട് തന്നെ ജോസൂട്ടിയുടെ ജീവിതത്തിലെ ക്ലീഷേകള്‍ മാറ്റി നിര്‍ത്തിയാല്‍ ആ ഒരു സാഹചര്യം നേരിടേണ്ടി വരുന്ന അയാളെ പോലെ ഉള്ള ഒരാള്‍ ചെയ്യുന്നത് മാത്രമേ ജോസൂട്ടിയും ചെയ്തിട്ടുള്ളൂ.ജോസൂട്ടി മാത്രമല്ല.ചിത്രത്തിലെ പല കഥാപാത്രങ്ങളും അങ്ങനെ തന്നെ.ആരുടെ ഭാഗത്ത്‌ ആണ് ശരി/തെറ്റ് എന്ന് പ്രേക്ഷകനെ ചിന്തിപ്പിക്കുകയും ജീവിതത്തിനു ഓരോ ന്യായീകരണങ്ങള്‍ നല്‍കാനും സിനിമയില്‍ ശ്രദ്ധിച്ചിട്ടുണ്ട്.ദിലീപ് എന്ന നടന്‍റെ പ്രധാന കാണികളായ കുടുംബ പ്രേക്ഷകര്‍ തിയറ്ററില്‍ കയറിയാല്‍ ബോക്സോഫീസിലും ചിത്രത്തിന് മികച്ച വിജയം നേടാം.പറഞ്ഞു വരുന്നത് ജീത്തൂ ജോസഫിന്‍റെ ത്രില്ലറുകള്‍ പ്രതീക്ഷിച്ചു വരുന്ന  അല്ലെങ്കില്‍ അവിശ്വസനീയം ആയ കഥ എന്ന് പറയുന്ന ഒരു വിഭാഗത്തിന് ചിത്രം ഇഷ്ടപ്പെടാന്‍  സാധ്യത കുറവാണ്.എന്നാലും സിനിമാറ്റിക് സംഭവങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഈ സംഭവങ്ങള്‍ ഒക്കെ പലപ്പോഴും സംഭവിക്കാന്‍ സാധ്യത ഉള്ളതും ആണ്.

ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന റേറ്റിംഗ് 3.5/5 !!

More movie suggestions @www.movieholicviews.blogspot.com

506.FIVE FINGERS(ENGLISH,2006)

506.FIVE FINGERS(ENGLISH,2006),|Thriller|Mystery|,Dir:-Laurence Malkin,*ing:-Mimi Ferrer, Laurence Fishburne, Touriya Haoud

    തിയറ്ററില്‍ നിന്നും കാര്യമായി ഒന്നും നേടാന്‍ ആകാത്ത ചിത്രം ആയിരുന്നു Five Fingers.പക്ഷേ ആ ഒരു statement വിശ്വസിച്ചു ഈ ചിത്രം കാണാതെ ഇരുന്നാല്‍ നഷ്ടപ്പെടുന്നത് തില്ലര്‍/മിസ്റ്ററി ജോനറില്‍ ഉള്ള ഒരു തരക്കേടില്ലാത്ത ചിത്രം ആണ്.ഒരു പക്ഷെ മാര്‍ക്കറ്റിങ്ങില്‍ പറ്റിയ പ്രശ്നങ്ങള്‍ വല്ലതും ആകും ഈ ചിത്രം തീരെ ശ്രദ്ധിക്കപ്പെടാതെ പോയതിനു കാരണം.കാരണം,ഒരു ചിത്രം നിര്‍മിച്ച ജോനറിനോട് നീതി പുലര്‍ത്തുകയും സിനിമ കാണുമ്പോള്‍ മോശം അല്ല എന്ന അഭിപ്രായം വരുകയും ചെയ്യുന്ന ചിത്രങ്ങളുടെ ഇത്തരത്തില്‍ ഉള്ള തിരോധാനം അത്ഭുതം ഉളവാക്കും.ഈ ചിത്രത്തിന് ഉണ്ടായിരുന്നത് പത്തു നിര്‍മാതാക്കള്‍ ആയിരുന്നു.ഒരു പക്ഷെ ചിത്രത്തിന്‍റെ ഈ ദുരവസ്ഥയ്ക്ക് കാരണവും അതാകാം എന്ന് തോന്നി.

   ഇനി സിനിമയുടെ കഥയിലേക്ക്.മാര്‍ട്ടിന്‍ ഹോളണ്ട് പൗരന്‍ ആണ്.മോറോക്കയില്‍ നിന്നും ഉള്ള കാമുകിയും ആയി അയാള്‍ ജീവിക്കുന്നു.മാര്‍ട്ടിന്‍ ഒരു ബാങ്കര്‍ ആണ്.അയാളുടെ ഏറ്റവും വലിയ സ്വപ്നം ആണ് ആ Food Programme.മോറോക്കയില്‍ ഉള്ള കഷ്ടപ്പാട് അനുഭവിക്കുന്ന കുട്ടികള്‍ക്കായി അയാള്‍ നടത്തുന്ന ഒരു പരിപാടി.കയ്യില്‍ ഉള്ളത് ഒരു മില്യന്‍ ഡോളര്‍ ആണ്.കാമുകിയോട് വിട പറഞ്ഞ ശേഷം മോറോക്കയില്‍ എത്തിയ മാര്‍ട്ടിന്‍ ഗാവിന്‍ എന്ന ഗൈഡിനെ ആണ് കൂടെ കൂട്ടുന്നത്‌.മാര്‍ട്ടിന്‍ അവിടെ വച്ച് ഒരു ഫോണ്‍ കോള്‍ ചെയ്യുന്നു.പിന്നീട് മാര്‍ട്ടിനും ഗവിനും തീവ്രവാദികളുടെ പിടിയില്‍ ആകുന്നു.അവരുടെ ആക്രമണത്തില്‍ ബോധം പോയ മാര്‍ട്ടിന്‍ പിന്നീട് കണ്ണ് തുറക്കുമ്പോള്‍ അയാളുടെയും ഗവിന്റെയും കൈ കെട്ടി ഇട്ടിരിക്കുകയാണ് ഒരു കസേരയില്‍ ഉറപ്പിച്ചതിനു ശേഷം.ഒപ്പം അവരുടെ കണ്ണും കെട്ടിയിട്ടുണ്ട്.

  ആരാണ് അവരെ തട്ടി കൊണ്ട് പോയവര്‍?അവരുടെ യഥാര്‍ത്ഥ ഉദ്ദേശം എന്ത്?ശരിക്കും കണ്ണിന്റെ മുന്നില്‍ നടക്കുന്ന കാഴ്ചകളെ ചിലപ്പോള്‍ നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല.അതാണ്‌ ഇവിടെയും സംഭവിക്കുന്നത്‌.പ്രത്യേകിച്ചും അവസാന സീനിലെ ട്വിസ്റ്റ്!! ആ ഒരു കാര്യത്തിലേക്ക് അധികം ചിന്തകള്‍ പോകാന്‍ ഉള്ള സാധ്യത കുറവും ആണ്.ആ ഒരു മുറിയില്‍ നടക്കുന്ന സംഭാഷണങ്ങളും ഉദ്ധേശ ലക്ഷ്യങ്ങളും ആണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌..തരക്കേടില്ലാത്ത ഒരു സിനിമയും അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റും ആണ് ഈ മിസ്റ്ററി/ത്രില്ലര്‍ ചിത്രം നല്‍കുന്നത്.

  MOre movie suggestions @www.movieholicviews.blogspot.com

Monday, 21 September 2015

505.ENNU NINTE MOIDEEN(MALAYALAM,2015)

505.ENNU NINTE MOIDEEN(MALAYALAM,2015),Dir:-R. S. Vimal,*ing:-Prithvi Raj,Tovino Thomas,Parvathy Menon.

  അവിശ്വസനീയം ആയിരുന്നു യഥാര്‍ത്ഥത്തില്‍ മൊയ്ദീന്‍-കാഞ്ചന എന്നിവരുടെ പ്രണയം.ഒരു പക്ഷെ ഇങ്ങനെയും ഒരു പ്രണയം ഉണ്ടായിരുന്നോ എന്ന് അവര്‍ക്ക് ശേഷം വന്ന തലമുറ ചോദിച്ചിരിക്കാം,എന്തായാലും ഈ തലമുറയ്ക്ക് ശരിക്കും അത്ഭുതം ആണ് അവരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍.അത് തന്നെ ആകാം അവരുടെ കഥ ഒരു സിനിമ ആയി മാറാനുള്ള കാരണവും.സിനിമയില്‍ നടക്കുന്നത് ജീവിതത്തില്‍ സംഭവിക്കാവുന്നതിലും നാടകീയം ആണ്.എന്നാല്‍ ജീവിതത്തില്‍ തന്നെ ഒരു സിനിമയ്ക്കുള്ള വക ഒരുക്കിയ പരിശുദ്ധമായ പ്രണയം ആയിരുന്നു ആ കോഴിക്കോട്ടുകാരുടെ.ആനുകാലികങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ആഘോഷിക്കപ്പെട്ടിരുന്ന കഥ സിനിമ ആയി മാറിയപ്പോഴും പുതുമുഖ സംവിധായകന്‍ ചെയ്ത ചിത്രം ആണെന്ന് പറയാന്‍ കഴിയാത്ത അത്ര മികവോടെ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.R S വിമല്‍ എന്ന സംവിധായകന് മലയാളത്തില്‍ ഇനിയും ഭാവി ഉണ്ടെന്നു തോന്നി.

    സമ്പന്നരായ രണ്ടു കുടുംബങ്ങള്‍.പരസ്പ്പരം സൗഹൃദത്തില്‍ കഴിഞ്ഞ അ കുടുംബങ്ങളുടെ ഇടയില്‍ ഒരു വില്ലനായാണ് മൊയ്ദീന്‍-കാഞ്ചന പ്രണയം വരുന്നത്,അന്നത്തെ സാമൂഹിക അവസ്ഥ അവരുടെ ബന്ധത്തിന് അദൃശ്യമായ വിലക്ക് കല്‍പ്പിച്ചിരുന്നു.എന്നാല്‍ സുഹൃത്തുക്കള്‍ക്കിടയില്‍ നല്ല പേരുള്ള രണ്ടു പേര്‍,അതും യാഥാസ്ഥിക മാമൂലുകളെ വക വയ്ക്കാത്ത രണ്ടു പേരുടെ പ്രണയം കൂടി ആയപ്പോള്‍ അതില്‍ ധീരതയും സഹന ശക്തിയും ത്യാഗവും എല്ലാം ഇടകലര്‍ന്നു വന്നൂ.ക്ലാസിക് പ്രണയ കഥ ആണ് അവരുടെ,നല്ല രീതിയില്‍ അവതരിപ്പിക്കുക കൂടി ചെയ്തപ്പോള്‍ ചിത്രം "ഇന്‍സ്റ്റന്റ് ക്ലാസിക് ബോക്സ് ഓഫീസ് ഹിറ്റ്‌" ആകുകയും ചെയ്തു.പ്രണയത്തിനെ എങ്ങനെ സമീപിക്കുന്നു എന്നത് ഓരോ ആളുടെയും മനസ്സിന്റെ അവസ്ഥ അനുസരിച്ചിരിക്കും,ഇവിടെ മൊയ്ദീനും കാഞ്ചനയും ചിന്തിച്ചിരുന്നത് ഏകദേശം ഒരു പോലെ ആയിരുന്നു.അവര്‍ക്ക് ഒന്നിക്കാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും അവര്‍ മറ്റു ചിലതിനും കൂടി പ്രാധാന്യം കൊടുത്തു.ആത് കൊണ്ട് തന്നെ അവിടെ പ്രണയം പൈങ്കിളി ആയി മാറിയില്ല.ഇവിടെ പല അവസരങ്ങളിലും വിധി മാത്രം ആണ് അവര്‍ക്ക് വില്ലനായി വന്നത്.

  ചില ഭാഗങ്ങളില്‍ ഒക്കെ പശ്ചാത്തല സംഗീതം പോലും മികവിലേക്ക് ഉയര്‍ന്നു.കേള്‍ക്കാന്‍ ഇമ്പം ഉള്ള ഗാനങ്ങളും നല്ല ക്യാമറ വര്‍ക്കുകളും .അതിനൊപ്പം ടോവിനോയുടെയും നായിക പാര്‍വതിയുടെയും മികച്ച അഭിനയം കൂടി ആയപ്പോള്‍ ചിത്രത്തിന്‍റെ നിലവാരം തന്നെ മാറി.പ്രിത്വി രാജ് മൊയ്ദീനെ നല്ല രീതിയില്‍ തന്നെ സ്ക്രീനില്‍ അവതരിപ്പിച്ചു.എന്നാല്‍ കാഞ്ചനയുടെ കാര്യങ്ങള്‍ കൂടി വിശദമായി കാണിച്ചതോടെ പാര്‍വതിയുടെ അഭിനയം കൂടുതല്‍ ആളുകള്‍ക്കും ഇഷ്ടം ആയി.

  "പ്രേമം" എന്ന ചിത്രവും ആയി ഇതിനെ താരതമ്യം ചെയ്യാന്‍ ഒരിക്കലും കഴിയില്ല.അതിനു ശ്രമിക്കുന്നത് പോലും മണ്ടത്തരം ആണ്.രണ്ടു ചിത്രവും അത് അവതരിപ്പിച്ച രീതികളില്‍ മികവ് പുലര്‍ത്തിയവ ആണ്."പ്രേമം" എന്ന ചിത്രം അവതരിപ്പിച്ചത് സാധാരണ ഒരാളുടെ ജീവിതത്തില്‍ നടക്കാന്‍ സാധ്യതയുള്ള,പല പ്രായത്തില്‍ ഉള്ള പ്രണയം ആയിരുന്നു,ആ പ്രണയത്തിന്റെ തീവ്രത പ്രായവും ആയി ബന്ധിച്ചിരിക്കും.എന്നാല്‍ "എന്ന് നിന്റെ മൊയ്ദീനിലെ" പ്രണയം UNIQUE ആണ്.കാന്ച്ചനയും-മൊയ്ദീനും ആയി അവര്‍ മാത്രമേ കാണൂ.മൊയ്ദീന്റെ രാഷ്ട്രീയം ചിത്രത്തില്‍ അവതരിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കാണിച്ചില്ല എന്ന് തോന്നി.ഒരു പക്ഷെ സിനിമയുടെ ജോണര്‍ എന്താണെന്നുള്ള വ്യക്തമായ ധാരണയുടെ പുറത്തു ആയിരിക്കും ഈ രീതിയില്‍ അവതരിപ്പിച്ചത്.ഈ അടുത്ത കാലത്ത് ഇറങ്ങിയ മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നാണ് "എന്ന് നിന്‍റെ മൊയ്ദീന്‍".അറിയാതെ കണ്ണ് നിറഞ്ഞു പോകുന്ന രംഗങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ സിനിമ കഴിഞ്ഞു ഇറങ്ങുമ്പോള്‍ മനസ്സിന് ഒരു ഭാരവും കാണും.

  നല്ല ഒരു മലയാള ചിത്രംആണ് "എന്ന് നിന്റെ മൊയ്ദീന്‍".ഈ ചിത്രത്തിന് ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് 4/5.

  More movie suggestions @www.movieholicviews.blogspot.com

504.MIRACLE OF GIVING FOOL(KOREAN,2008)

504.MIRACLE OF GIVING FOOL(KOREAN,2008),|Drama|Comedy|,Dir:-Jeong-kwon Kim,*ing:-Tae-hyun Cha, Ji-won Ha, Sulli Choi

    "A Man Who Was Superman","Miracle on Cell No 7" തുടങ്ങിയ കൊറിയന്‍ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ ആകെ ഒരു ഫീല്‍ ആയിരുന്നു.ചില സിനിമകള്‍ അങ്ങനെയാണ്.പ്രേക്ഷകനെ കൂടി വിഷമിപ്പിക്കും.A Man Who Was Superman കണ്ടപ്പോള്‍ ആ കഥാപാത്രത്തോട് കൂടുതല്‍ ഇഷ്ടം തോന്നിയിരുന്നു.പ്രത്യേകിച്ചും ക്ലൈമാക്സ് ഒക്കെ.പെട്ടന്ന് എന്തോ നഷ്ടം വന്നത് പോലെ ഒരു തോന്നല്‍ ഉണ്ടായിരുന്നു.അതെ ഗണത്തില്‍ പെടുന്ന ഒരു കൊച്ചു സുന്ദര ചിത്രം ആണ് "Miracle of Giving Fool".

   സിയൂംഗ് ആണ് ആ ഗ്രാമത്തിലെ വിഡ്ഢിപ്പട്ടത്തിനു അര്‍ഹന്‍.അവനു നേരെ നടക്കാന്‍ പോലും അറിയില്ലായിരുന്നു.എന്ത് കണ്ടാലും  അവന്‍ ചിരിക്കും.അവനു സന്തോഷം വരുമ്പോഴും ദു:ഖം വരുമ്പോഴും ഉള്ള ഒരേ വികാരം അതായിരുന്നു.കുളിക്കാതെ,നല്ല വേഷം ധരിക്കാതെ,ഷൂ പോലും ധരിക്കാന്‍ അറിയാത്ത സിയൂംഗിനു ആകെ അറിയാവുന്നത് മുട്ട,ബ്രെഡ്‌ എന്നിവ ഉപയോഗിച്ച് ടോസ്റ്റ്‌ ഉണ്ടാക്കാന്‍ ആയിരുന്നു.അവന്റെ കൂടെ താമസിക്കുന്നത് അവനെ തീരെ ഇഷ്ടമില്ലാത്ത സഹോദരി ആയിരുന്നു.സഹോദരിയുടെ സ്ക്കൂളിന്റെ അടുത്താണ് സിയൂംഗ് ആ ടോസ്റ്റ്‌ കട നടത്തിയിരുന്നത്.സ്ക്കൂളിലെ പെണ്‍ക്കുട്ടികള്‍ അവിടെ നിന്നും ഭക്ഷണം വാങ്ങിയിരുന്നെങ്കിലും സിയൂംഗിന്റെ സഹോദരി അവനോടൊപ്പം ടോസ്റ്റിനെയും വെറുത്തു.

  എന്നാല്‍ അവന്‍ എല്ലാ ദിവസവും ആരെയോ പ്രതീക്ഷിച്ചു ഇരുപ്പുണ്ടായിരുന്നു.ഒരു ദിവസം അവന്‍ പ്രതീക്ഷിച്ച ആള്‍ അങ്ങ് അകലെ നിന്നും ആ ഗ്രാമത്തില്‍ എത്തി.ആദ്യം ഭയത്തോടെ ആണെങ്കിലും സിയൂംഗ് ആ അതിഥിയോട് സംസാരിക്കുന്നു.പഴയക്കാല സിയൂംഗിന്റെ ജീവിത കഥയില്‍ പുതുതായി വന്ന ആള്‍ക്ക് സ്ഥാനം ഉണ്ട്.സിയൂംഗിന്റെ സുഹൃത്തായിരുന്നു സാംഗ് സൂ.പുതിയ അതിഥിയും ഇവരുടെ മൂന്നു പേരുടെയും ജീവിതത്തെ ബന്ധിപ്പിക്കുന്ന ഒന്നുണ്ട്.എന്താണ് അത്?സിയൂംഗ് ചിത്രത്തിന്‍റെ അവസാനം ഒരു നനഞ്ഞ ഓര്‍മ ആയി മാറും.മരിച്ചവരുടെ ലോകത്തില്‍ നിന്നും അച്ഛനും അമ്മയും നക്ഷത്രങ്ങളുടെ രൂപത്തില്‍ രാത്രിക്കാലങ്ങളില്‍ അവനെ കാണാന്‍ എത്തും എന്ന് കരുതിയിരുന്ന സിയൂംഗിന്റെ ജീവിതം ആണ് "Miracle of Giving Fool".

   More movie suggestions @www.movieholicviews.blogspot.com

Saturday, 19 September 2015

503.A SCANNER DARKLY(ENGLISH,2006)

503.A SCANNER DARKLY(ENGLISH,2006),|Animation|Sci-Fi|Thriller|,Dir:-Richard Linklater,*ing:-Keanu Reeves, Winona Ryder, Robert Downey Jr. ,Woody Harrelson.

  ഭാവിയില്‍ ഉള്ള അമേരിക്കയില്‍ നടക്കുന്ന ഫിക്ഷണല്‍ സംഭവങ്ങള്‍ ആണ് Philip K. Dick എഴുതിയ നോവലിനെ ആസ്പദം ആക്കി റിച്ചാര്‍ഡ് ലിങ്ക്ലെട്ടര്‍ സംവിധാനം ചെയ്ത A Scanner Darkly എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.ലോകം വളരെയ്ടഹികം പുരോഗമിച്ചെങ്കിലും കുറ്റ കൃത്യങ്ങളുടെ എണ്ണം കൂടുന്നതിനോടൊപ്പം ആളുകള്‍ ലഹരിക്ക്‌ അടിമ ആകുന്ന സംഭവങ്ങളും കൂടുന്നു.ആദ്യം ആ ലഹരി സുഖം മാത്രം നല്‍കുകയും പിന്നീട് തലച്ചോറും കാഴ്ചയും എല്ലാം ലഹരി ഉപയോഗിക്കുന്നവരില്‍ വേറെ രീതികളില്‍ പ്രവൃത്തിച്ചു തുടങ്ങും.

 സബ്സ്റ്റന്‍സ് D എന്ന പേരില്‍ അറിയപ്പെടുന്ന ഗുളികകള്‍ ഉപയോഗിക്കുന്നവരെയും അത് വില്‍ക്കുന്നവരെയും പിടിക്കൂടാന്‍ അമേരിക്കന്‍ നിയമ വിഭാഗം തീരുമാനിക്കുന്നു.ആ ഉദ്യമത്തിനായി അവര്‍ under- cover ആയി പോലീസുകാരെ നിയോഗിക്കുന്നുണ്ട്.ആധുനിക സൗകര്യങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ അവരുടെ വിവരങ്ങള്‍ ആര്‍ക്കും ലഭ്യം ആകില്ല.പ്രത്യേകിച്ചും അവരുടെ മേധാവികളുടെ മുന്നിലും ലോകത്തിനു മുന്നിലും വരുമ്പോള്‍ ഉപയോഗിക്കുന്ന ലോകത്തിലെ ഒരു വിധം മനുഷ്യരുടെ സ്വഭാവ -രൂപങ്ങളെ പ്രതിധാനം ചെയ്യുന്ന സ്യൂട്ട് ഇടുമ്പോള്‍.

  ബോബ് ആര്‍ക്ട്ടര്‍ പോലീസിന്‍റെ കണ്ണിലെ കരടാണ്.സബ്സ്റ്റന്‍സ് D യുടെ മുഖ്യ വിതരണക്കാരന്‍ അല്ലെങ്കില്‍ അവരുമായി ബന്ധം ഉള്ള ആളാണെന്നു പോലീസ് അയാളെ സംശയിക്കുന്നു.അയാളുടെ ഒപ്പം ഉള്ളത് സുഹൃത്തുക്കള്‍ ആയ ബാരിസ്,എര്‍നീ,ഡോണ എന്നിവര്‍ ആണ്.ഇവര്‍ പലരും സബ്സ്റ്റന്‍സ് D യുടെ അടിമകള്‍ ആണ്.പോലീസ് അവരെ കര്‍ശനമായി നിരീക്ഷിക്കുന്നു.ആ സമയം ആണ് അവരില്‍ ഒരാള്‍ ആര്‍ക്ട്ടര്‍ വെറും മയക്കു മരുന്ന് ബിസിനസ് മാത്രമല്ല നടത്തുന്നത് എന്നും അതില്‍ വലിയ വിധംസ്വക പ്രവൃത്തികള്‍ നടത്തുന്ന ആളാണെന്നും പറഞ്ഞു ഒരാള്‍ പോലീസിനെ സമീപിക്കുന്നത്.ആരാണ് അയാള്‍?എന്തായിരുന്നു അയാളുടെ ലക്‌ഷ്യം?ആരാണ് ആര്‍ക്ട്ടര്‍ യഥാര്‍ത്ഥത്തില്‍?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക. Interpolated Rotoscope എന്ന അനിമേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു ത്രില്ലറില്‍ നിന്നും മാറി ഈ ചിത്രം കൂടുതല്‍ സംസാരിക്കുന്നുണ്ട്.ലഹരികളുടെ ഉപയോഗം മനുഷ്യനെ എങ്ങനെ മാറ്റുന്നു എന്ന്-അതിനു അടിമപ്പെട്ടു കഴിഞ്ഞാല്‍.

  More movie suggestions @www.movieholicviews.blogspot.com


502.EVEREST(ENGLISH,2015)

502.EVEREST(ENGLISH,2015),|Adventure|Drama|,Dir:-Baltasar Kormákur,*ing:-Jake Gyllenhaal,Jason Clarke, Ang Phula Sherpa, Thomas M. Wright

   എവറസ്റ്റ്-മനുഷ്യന് ഭൂമിയില്‍ എത്താവുന്ന ദൂരത്തിന്റെ പാരമ്യം ആണ്.ആ ഉയര്‍ച്ചയെ കീഴടക്കാന്‍ മനുഷ്യന്‍ എന്നും ശ്രമിക്കുന്നുണ്ട് അതില്‍ വിജയിക്കാറും ഉണ്ട്.ശബരിമല കയറാന്‍ കഷ്ടപ്പെടുന്ന എന്നെ പോലെ ഉള്ളവര്‍ക്കൊക്കെ ആ ഉയരം ഒക്കെ താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞു ഉപേക്ഷിച്ച മട്ടാണ്.എന്നാല്‍ ചിലരുണ്ട് പര്‍വതാരോഹണം ഹരമായി കാണുന്നവര്‍.എത്ര പര്‍വതങ്ങള്‍ കീഴടക്കിയാലും അവരുടെ എല്ലാം മുന്നില്‍ ഉള്ളത് ഒറ്റ ലക്‌ഷ്യം മാത്രം.Everest !!

  1996 ല്‍ എവറസ്റ്റ്കീ ഴടക്കാന്‍ എത്തിയ ഒരു കൂട്ടം പര്‍വതാരോഹകര്‍ അവരുടെ ലക്ഷ്യത്തോട് അടുക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന് ആധാരം.ഈ പ്രമേയം ആധാരമാക്കി Cliffhanger,Vertical Limit തുടങ്ങി ധാരാളം ചിത്രങ്ങള്‍ വരുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ അതില്‍ പലതും വീര പരിവേഷം ഉള്ള കഥാപാത്രങ്ങള്‍ ആയിരുന്നു.Nanga Parbat പോലെ ഉള്ള ചിത്രങ്ങളെ വിസ്മരിക്കുകയല്ല.എന്നാലും ഈ ചിത്രം വേറെ ഒരു തരത്തില്‍ ഉള്ളതാണ്.3D കാഴ്ചയില്‍ ഉയരങ്ങള്‍ പേടി ഉള്ളവര്‍ക്ക് ചെറു ഭയം ഉണ്ടാക്കുന്ന സീനുകള്‍ ആവശ്യത്തിനു ഉണ്ട്.അത് പോലെ തന്നെ അപകടകരമായ സാഹചര്യത്തില്‍ ഉള്ള യാത്രയും.

  ലോകത്തിന്റെ പല ഭാഗത്തില്‍ നിന്നും വന്നവര്‍.അവുടെ എല്ലാം ആഗ്രഹം ഒന്നാണ്.ഏവര്സ്റ്റ് കൊടുമുടിയുടെ മുകളില്‍ എത്തുക എന്നത്.അപകടകരമായ സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങി തന്നെ ആണ് അവര്‍ യാത്ര തിരിക്കുന്നത്.എന്നാല്‍ ആ യാത്ര അവര്‍ക്കായി കരുതി വച്ചത് എന്തായിരുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.സിനിമയുടെ അവസാനം ജേതാക്കളെ കണ്ടു കയ്യടിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഈ ചിത്രം നിരാശ ആയിരിക്കും നല്‍കുക.ജേക് ഗില്ലെന്ഹാല്‍ ഒക്കെ കഥാപാത്രങ്ങള്‍ ആയി വരുമ്പോള്‍ അങ്ങനെ പ്രതീക്ഷിക്കാന്‍ പ്രേക്ഷകന് ആകുമല്ലോ.

  More movie suggestions @www.movieholicviews.blogspot.com

501.THE TAKING OF PELHAM ONE TWO THREE(ENGLISH,1974)

501.THE TAKING OF PELHAM ONE TWO THREE(ENGLISH,1974),|Crime|Action|Thriller|,Dir:-Joseph Sargent,*ing:-Walter Matthau, Robert Shaw, Martin Balsam

   മോര്‍ട്ടന്‍ ഫ്രീഗുഡ് എഴുതിയ നോവലിനെ അവലംബിച്ച് എടുത്ത ചിത്രം ആണ് The Taking of Pelham 123.ഹൈ  ജാക്ക് ചെയ്ത പ്ലെയിനുകളുടെ കഥകള്‍ സിനിമയായി വരാറുണ്ട്.ഒരു പക്ഷെ ചിന്തിച്ചു നോക്കുമ്പോള്‍ ഏറ്റവും അപകടകരമായ ഹൈ ജാക്ക് എന്നൊക്കെ പ്ലെയിനുകളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് പറയാം.എന്നാല്‍ പെട്ടന്ന് മനസ്സില്‍ തോന്നാത്ത ഒരു തരം ഹൈ ജാക്കിംഗ് ആണ് ഒരു ബസ് അല്ലെങ്കില്‍ ട്രയിന്‍ അതും അല്ലെങ്കില്‍ കാറൊക്കെ തട്ടി കൊണ്ട് പോകുന്നത്.മനുഷ്യര്‍ക്ക്‌ പെട്ടന്ന് അത്തരം ഒരു പ്രവൃത്തി നടത്തുന്ന ആളെ പിടികൂടാന്‍ ഈ സന്ദര്‍ഭങ്ങളില്‍ എല്ലാം സാധിക്കും എന്നത് തന്നെ ആണ് കാരണം.

  ന്യൂ യോര്‍ക്കിലെ ആ സബ് വേയില്‍ എന്നാല്‍ അന്ന് നടന്നത് മുന്‍ വിധികളെ തെറ്റിച്ചു കൊണ്ടുള്ള ഒരു ഹൈ ജാക്കിംഗ് ആയിരുന്നു.ആയുധധാരികളായ ,വേഷം മാറി വന്ന നാല് പേര്‍.ബ്ലൂ ,ഗ്രീന്‍,ഗ്രേ ,ബ്രൌണ്‍ എന്നീ പേരുകള്‍ ആണ് അവര്‍ ആ ഹൈ ജാക്കിങ്ങില്‍ പേരായി ഉപയോഗിച്ചത്.സബ് വേ ട്രെയിന്‍ നിയന്ത്രിക്കുന്നവരും  ജോലിക്കാരും ഒന്നും ഇങ്ങനെ ഒരെണ്ണം  ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു. ഇങ്ങനെ ഒരു  സംഭവത്തെ കുറിച്ച് കേട്ട് കേള്‍വി പോലും ഇല്ലായിരുന്നു അവര്‍ക്കും.ട്രയിനിന്റെ ആദ്യ കാര്‍ മാത്രം തട്ടി എടുത്ത അവര്‍ അത് നിയന്ത്രിക്കുകയും അതിലെ 17 യാത്രക്കാരെ ബന്ദി ആക്കുകയും  ചെയ്തു.ഈ സമയം റെയില്‍വേ പോലീസിലെ ഉദ്യോഗസ്ഥന്‍ ആയ ഗാര്‍ബര്‍ അവരോടു സംസാരിക്കുന്നു.ഒരേ ഒരു  ആവശ്യമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ.

   ഒരു കോടി ഡോളര്‍ അവര്‍ക്ക് നല്‍കുക.എന്നാല്‍ അത് അവരുടെ കയ്യില്‍ എത്തിക്കാന്‍ കുറച്ചു നിബന്ധനകളും ഉണ്ടായിരുന്നു.അത് അക്ഷരം പ്രതി ചെയ്തില്ലെങ്കില്‍ നഷ്ടം ആകാന്‍ പോകുന്നത് അ ട്രെയിനിലെ യാത്രക്കാരുടെ ജീവന്‍ ആണ്.ആ യാത്രക്കാരെ സഹായിക്കാന്‍ ആര്‍ക്കു സാധിക്കും?ന്യൂ യോര്‍ക്ക്‌ മേയര്‍ അവരുടെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കും?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.ഒരു റാംബോ സ്റ്റൈല്‍ അല്ലെങ്കില്‍ അമാനുഷിക പരിവേഷം ഉള്ള നായകന്‍ ആളുകളെ രക്ഷിക്കാന്‍ ആയി വരുന്ന ഇത്തരം തീമുകളില്‍ നിന്നും വ്യത്യസ്തം ആയിരുന്നു ആ കാലത്ത് ഇറങ്ങിയ ഈ survival ചിത്രം.ഇത്തരം സിനിമകളുടെ വിഭാഗത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് ഇത്.പിന്നീട് ടെലിവിഷന്‍ റീമേക്ക് ആയും 2009 ല്‍ ഒരു മുഴുനീള സിനിമയായും ഇത് റീമേക്ക് ചെയ്തിരുന്നു.ക്ലൈമാക്സിലെ ആ സീന്‍ നന്നായിരുന്നു.പ്രവചനാത്മകംആയ ഒരു ചിത്രം ആയിരുന്നെങ്കില്‍ കൂടിയും നേരത്തെ പറഞ്ഞ രീതിയില്‍ ഉള്ള പാത്ര സൃഷ്ടി ഇല്ലാത്തതു ആണ് ഈ ചിത്രത്തിന്‍റെ മേന്മയും.

More movie suggestions @www.movieholicviews.blogspot.com

1995. Drop ( English, 2025)