Friday, 31 January 2014

90.1983(MALAYALAM,2014)

90.1983(MALAYALAM,2014),Dir:-Abrid Shine,*ing:-Nivin Pauly,Anoop Menon,Joy Mathew.


" Don't stop chasing your dreams,because dreams do come true"-Sachin Tendulkar

" ക്രിക്കറ്റും സച്ചിനും ശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്ന 1983"
ഒരു കായികവിനോദം എന്ന നിലയില്‍ നിന്നും ഓരോ ഭാരതീയനും ക്രിക്കറ്റ് ഒരു വികാരമാണ്.ഏതൊരു മതത്തെക്കാളും ആരാധ്യമാണ് .ക്രിക്കറ്റിലെ ദൈവം എന്ന് വരെ സച്ചിന്‍ എന്ന മഹാപ്രതിഭയെ നമ്മള്‍ വാഴ്ത്തി.ഒരു പക്ഷെ നമ്മുടെ നാട്ടില്‍ ജനിക്കുന്ന ഓരോ കുട്ടിയുടെ രക്തത്തിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു വികാരമാണ് സായിപ്പുമാര്‍ കണ്ടു പിടിച്ച ഈ കളി.പണ്ടെവിടെയോ വായിച്ചത് പോലെ ഭാരതീയര്‍ക്ക് ദേശിയതാ ബോധം ഉണ്ടാകുന്നതും ഒരേ ശബ്ദത്തില്‍ ഒരു മനമായി പ്രാര്‍ത്ഥിക്കുന്നതും ഈ കളി കാണുമ്പോള്‍ ആണെന്ന്.സത്യമാണ് അത്.ലോകത്തിലെ സ്വാധീനമുള്ള കായിക ശക്തിയായി ബി സി സി ഐ വളര്‍ന്നതില്‍ ഓരോ ഇന്ത്യക്കാരനും പങ്കുണ്ട്.അത് പോലെ ആണ് സച്ചിനും.തലമുറകളായി വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവര്‍ക്കും അറിയുന്ന ഒരേ ഒരു പേരായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ .സച്ചിന്‍ ഔട്ട്‌ ആയാല്‍ ടി വി നിര്‍ത്തി പോയിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ക്രിക്കറ്റ് വളരെയധികം മാറിയിരിക്കുന്നു.എങ്കിലും ഒരു തലമുറയുടെ താരം തന്നെ ആയിരുന്നു സച്ചിന്‍.സച്ചിന്‍ എന്ന വികാരവും ക്രിക്കറ്റ് എന്ന കളിയും കൂട്ടി കെട്ടി അബ്രിദ് ഷൈന്‍ എന്ന പുതുമുഖ സംവിധായകന്‍ അവതരിപ്പിച്ച 1983 യെ കുറിച്ച് ഒന്നേ പറയാന്‍ ഉള്ളു.ഒരു തലമുറയുടെ ഓര്‍മ്മകള്‍ അല്‍പ്പ നേരത്തേക്ക് മടക്കി തരാന്‍ കഴിഞ്ഞ കലാകാരന്‍.

   ഒരു സിനിമയേക്കാള്‍ ഉപരി 1983 ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലൂടെ ഉള്ള ഒരു യാത്ര ആണ്.നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ലോക കപ്പില്‍ മൂന്നാം തവണയും അടുപ്പിച്ച് ജേതാക്കള്‍ ആകാന്‍ കച്ച മുറുക്കി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് എന്ന അതികായരെ കറുത്ത കുതിരകളായ കപില്‍ ദേവിന്‍റെ ചെകുത്താന്മാര്‍ തുരത്തിയോടിച്ചു ക്രിക്കറ്റ് കളിയുടെ മെക്കയായ ലോര്‍ഡ്സില്‍ വിജയപതാക പറപ്പിച്ച 1983 മുതല്‍ ഇന്ന് വരെയുള്ള കാലഘട്ടം ആണ് ഈ സിനിമ സഞ്ചരിക്കുന്നത്.പത്തു വയസ്സുള്ള രമേശന്‍ എന്ന നാട്ടിന്‍പുറത്ത് ഉള്ള കുട്ടിയിലും സുഹൃത്തുക്കളിലും ടി വിയില്‍ കണ്ട ആ വിജയം ഒരു ആവേശമായി മാറി.അവരുടെ ശ്വാസവും മതവും എല്ലാം ക്രിക്കറ്റ് ആയി മാറി.അത്രയേറെ അവരെ ആ കളി ആകര്‍ഷിച്ചിരുന്നു.മടല്‍ ബാറ്റുകളും ടെന്നീസ്,റബ്ബര്‍ പന്തുകളിലൂടെയും അവരും ചിലപ്പോഴൊക്കെ ക്രിക്കറ്റ് ഇതിഹാസങ്ങളായി പറമ്പിലെയും തൊടിയിലെയും മൈതാനങ്ങളിലെയും പിച്ചുകളില്‍ പാറി നടന്നു.ഇന്ന് ട്യുഷന് വിടുന്നത് പോലെ ക്രിക്കറ്റ് കോചിങ്ങിനു കുട്ടികളെ അയക്കുന്ന ഒരു കാലം അല്ലായിരുന്നു അന്ന്.പണമുള്ളവര്‍ മാത്രം നാടിനു വേണ്ടി കളിക്കും എന്നൊരു വിശ്വാസം രക്ഷിതാക്കള്‍ക്ക് ഉണ്ടായിരുന്നു.അതിനാല്‍ തന്നെ സ്വന്തം വീട്ടിലെ സച്ചിനെയും കപില്‍ ദേവിനെയും ഒക്കെ അവര്‍ വീട്ടില്‍ തന്നെ കുഴിച്ചു മൂടാന്‍ കൂട്ട് നിന്നു ,സ്വന്തം മക്കളുടെ ഭാവി ഓര്‍ത്തു.രമേശന്റെയും ജീവിതം വ്യത്യാസം ഇല്ലായിരുന്നു.ഒരു എന്‍ജിനിയര്‍ ആകണം തന്‍റെ മകന്‍ എന്ന് ആഗ്രഹിക്കുന്ന സാധാരണക്കാരായ മാതാപിതാക്കള്‍.രമേശന്റെ ജീവിതം ആണ് ഈ സിനിമ.രമേശന്‍ വളര്‍ന്നു..സ്കൂള്‍ കാലത്തെ പ്രണയം,പരീക്ഷകളിലെ തോല്‍വി,വിവാഹം പിന്നെ ക്രിക്കറ്റ്.രമേശന്‍ സച്ചിന്‍റെ പ്രായം ആയപ്പോഴും ക്രിക്കറ്റില്‍ നിന്നും റിട്ടയര്‍ ചെയ്തില്ല.പകരം തന്‍റെ ജീവന് തുല്യം സ്നേഹിക്കുന്ന ആ ബാറ്റിനെയും ഒഴുകുന്ന രണ്സിനെയും സിക്സരുകളെയും സ്നേഹിച്ചു.രമേശന് തന്‍റെ ജീവിതത്തില്‍ ഉള്ള ഏറ്റവും വലിയ ആഗ്രഹം നടപ്പാക്കാന്‍ ഒരു അവസരം ലഭിക്കുന്നു.രമേശന്റെ ജീവിതത്തിനു അര്‍ഥം ഉണ്ടാകുന്നതു അവിടെയാണ്.ആ കഥയാണ് 1983 പറയുന്നത്.


     സിനിമയില്‍ ഓരോ ലോക കപ്പും അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ആദ്യ ലോക കപ്പു കിട്ടിയിട്ട് രണ്ടു വര്‍ഷത്തിനു ശേഷം ജനിച്ച എനിക്കൊക്കെ ആ ദൂരദര്‍ശന്‍ ലോഗോ,രാമായണം സീരിയല്‍ 1992 ലെ ലോക കപ്പൊക്കെ ചെറുപത്തില്‍ ഞാനൊക്കെ എന്തായിരുന്നു എന്നുള്ളതിന്റെ ഒരു ഓര്‍മ കുറിപ്പായി മാറി.2003 ലോക കപ്പൊക്കെ കാണുമ്പോള്‍ അന്നുണ്ടായ അതേ വികാരം തിരയില്‍ അതേ സ്പിരിറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.ഈ സിനിമ തീര്‍ച്ചയായും ക്രിക്കറ്റ് എന്ന മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ്.ക്രിക്കറ്റിനെ കുറിച്ച് സുശീലയോട് സച്ചിന്‍ ആരാണെന്നു ചോദിച്ചപ്പോള്‍ പറയുന്ന ഉത്തരം പറയുന്നവര്‍ ഈ ചിത്രം കാണാതെ ഇരിക്കുന്നതാണ് നല്ലത് .ഒരു സിനിമ എന്ന നിലയില്‍ നിന്നും ഈ ഒരു വികാരത്തെ ഇത്ര മാത്രം തീവ്രതയോടെ അവതരിപ്പിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി.സിനിമയുടെ തുടക്കത്തില്‍ സച്ചിന്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ഉള്ള പ്രസംഗം അവതരിപ്പിച്ചത്നി മുതല്‍ ഇന്റെര്‍വല്‍ വന്നപ്പോഴും എന്തിനു സിനിമയുടെ അവസാനം എഴുതി കാണിച്ചത് വരെ ക്രിക്കറ്റ് ആയിരുന്നു . നിവിന്‍ പോളി എന്തായാലും തട്ടതിന്‍ മറയത്തില്‍ നിന്നും ഇറങ്ങി വരാന്‍ ശ്രമിച്ചിട്ടുണ്ട്.സ്വാഭാവിക അഭിനയം നടത്താന്‍ പരിശ്രമിക്കുന്ന അനൂപ്‌ മേനോനും മോശം ആക്കിയില്ല.ജോയ് മാത്യുവിന്റെ അച്ഛന്‍ വേഷവും നന്നായിരുന്നു.തീര്‍ച്ചയായും ഇപ്പോള്‍ മുപ്പതോ അതില്‍ കൂടുതലോ പ്രായം ഉള്ളവര്‍ക്ക് ചെറുപ്പതിലേക്ക് ഒരു തിരിച്ചു പോക്കായിരിക്കും 1983.ഈ വര്‍ഷത്തിലെ ആദ്യ മാസം നല്ല ചിത്രങ്ങള്‍ ഒന്നും കണ്ടില്ലല്ലോ എന്ന നിരാശയില്‍ ഇരിക്കുമ്പോള്‍ മാസാവസാനം നല്ല ഒരു സിനിമയും ഈ വര്‍ഷത്തെ ആദ്യ ഹിറ്റ്‌ ആകാന്‍ ഉള്ള സാധ്യതയുമായി 1983 വന്നു.തിയറ്ററിലെ കുടുംബ പ്രേക്ഷകര്‍ അതിനു അടിവരയിടുന്നു.സെക്കണ്ട് ഷോ ബാല്‍ക്കണി ഫുള്‍ ആയിരുന്നു.


   തങ്ങളുടെ ഇഷ്ട താരങ്ങള്‍ക്ക് വേണ്ടി തല്ലുണ്ടാക്കുന്ന ആരാധകര്‍ ഇത്തരം സിനിമകളെയും പ്രോത്സാഹിപ്പിച്ചു കൂടെ?മാസ്സും ഇത്തരം സിനിമകളും ഒരു ബാലന്‍സില്‍ പോകും.മലയാള സിനിമയ്ക്കും അതാണ്‌ നല്ലത് .ഞാന്‍ ഈ സിനിമയ്ക്ക് നല്‍കുന്ന റേറ്റിംഗ് 4/5!!




More review @ www.movieholicviews.blogspot.com

Wednesday, 29 January 2014

89.HER(ENGLISH,2013)

89.HER(ENGLISH,2013),|Sci-fi|Romance|Fantasy|,Dir:-Spike Jonze,*ing:-Joaquin PhoenixAmy AdamsScarlett Johansson,Brian Cox.

 ഓസ്കാര്‍ വേദിയില്‍ മികച്ച ചിത്രമാകാന്‍ സാദ്ധ്യത ഉള്ള "ഹെര്‍ "!!
     ജീവിതത്തില്‍ ഉണ്ടാകുന്ന ഒറ്റപ്പെടലുകള്‍ മനുഷ്യനെ പല രീതിയില്‍ മാറ്റുന്നു .ഏകാന്തതയില്‍ നിന്നും വഴി മാറി സഞ്ചരിക്കാന്‍ ഉള്ള ഒരു ത്വര മനുഷ്യനില്‍ ഉണ്ടാവുക സാധാരണം.ആ യാത്ര ചെന്നെത്തുന്നത് ചില ബന്ധങ്ങളില്‍ ആയിരിക്കും.ചില ബന്ധങ്ങള്‍ നഷ്ടങ്ങളുടെ മേല്‍ ലഭിച്ച ലാഭങ്ങള്‍ ആയി മാറാറുണ്ട്.എന്നാല്‍ ചിലര്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകും.ഒരു മനുഷ്യന് ജീവിതത്തില്‍ നിന്നും എന്ത് ലഭിക്കണം എന്ന് അവന്‍ തന്നെ എടുക്കുന്ന തീരുമാനങ്ങള്‍ ആണ് അവന്റെ ജീവിതത്തിന്‍റെ ഓരോ നിമിഷവും .ഏകാന്തതയില്‍ നിന്നുമുള്ള വഴി മാറി ചെന്നെത്തുന്നത് പലപ്പോഴും മേല്‍പ്പറഞ്ഞ ബന്ധങ്ങളില്‍ ആയിരിക്കും.ഒരു പ്രണയം ചിലപ്പോള്‍ അവരുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കാന്‍ ഉള്ള സാധ്യത കൂടുതലാണ്.ആ പ്രണയം സാധ്യമാക്കാന്‍ ഒരു മനുഷ്യന്‍ തന്നെ എതിര്‍വശത്ത് വേണം എന്ന ആവശ്യമുണ്ടോ?അല്‍പ്പം കുഴയ്ക്കുന്ന ചോദ്യം.എന്നാല്‍ അത്തരത്തില്‍ ഒരു വ്യത്യസ്തമായ പ്രണയ കഥ പറയുകയാണ് "ഹെര്‍"എന്ന ഈ ചിത്രം.

     ഈ കഥ നടക്കുന്നത് സമീപഭാവിയില്‍ എവിടെയോ ആണ് .തിയോഡര്‍   പ്രിയപ്പെട്ടവര്‍ക്കായി കത്തുകള്‍  എഴുതി കൊടുക്കുന്ന  ഒരു ഓണ്‍ ലൈന്‍ സൈറ്റിലെ ജീവനക്കാരനാണ്.അതിമനോഹരമാണ് തിയോഡര്‍ എഴുതുന്ന കത്തുകള്‍.അതിനു ആവശ്യക്കാര്‍ കൂടുതലുമാണ്.എന്നാല്‍ പ്രണയാതുരമായ ഈ കത്തുകള്‍ എഴുതുന്ന തിയോഡര്‍ തന്‍റെ ജീവിതത്തില്‍ ഒറ്റപ്പെടലില്‍ ആണ്.പഴയ സുഹൃത്തായ കാതറിന്‍ എന്ന സ്ത്രീയെ വിവാഹം ചെയ്ത തിയോഡര്‍ എന്നാല്‍ കാലത്തിന്‍റെ ഒഴുക്കില്‍ രണ്ടു പേര്‍ക്കും വന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പിരിയാന്‍ തീരുമാനിച്ചു കഴിയുകയാണ്.എങ്കിലും ഉള്ളിന്‍റെ ഉള്ളില്‍ കതരിനെ പ്രണയിക്കുന്ന തിയോഡര്‍ പിരിയാന്‍ സമ്മതിക്കുന്നില്ല.എങ്കില്‍ പോലും ഒറ്റയ്ക്കുള്ള ജീവിതം തിയോഡര്‍ വെറുക്കുന്നു.അങ്ങനെ ഇരിക്കെ ഒരു ദിവസം ആകസ്മികമായി ലോകത്തില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത സ്വയം ചിന്താ ശേഷി ഉള്ള (Artificial Intelligence) ഒരു Operating System വാങ്ങുന്നു.അതിന്‍റെ പേര് OS1.Operating System ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പ്രവര്‍ത്തനത്തിനായി ഒരു  സ്ത്രീയുടെ ശബ്ദം തിരഞ്ഞെടുക്കുന്ന തിയോഡര്‍ പിന്നെ കടന്നു പോയത് അസാധാരണമായ സംഭവ വികാസങ്ങളിലൂടെ ആയിരുന്നു.ആ OS സ്വയമായി സമാന്ത എന്ന പേര് സ്വീകരിക്കുകയും ചെയ്തു.ആദ്യമൊക്കെ തന്‍റെ ജോലിയില്‍ കൂടുതല്‍ സഹായകരമായ ആ സ്ത്രീ ശബ്ദവുമായി തിയോഡര്‍ മെല്ലെ അടുക്കുന്നു.അവര്‍ അവരുടെ ജീവിത കാഴ്ചപ്പാടുകളിലൂടെ തങ്ങളുടെ ശബ്ദങ്ങള്‍ പങ്കു വയ്ച്ചു.സമാന്ത ദിവസം തോറും സ്വയം ചിന്താശേഷി വളര്‍ന്നു വരുന്ന ഒരു OS ആയിരുന്നു.പതുക്കെ പതുക്കെ തിയോടരുമായുള്ള ബന്ധം സമാന്തയെ ഒരു സ്ത്രീയാക്കി മാറ്റുന്നു.അവര്‍ തമ്മില്‍ വൈകാരികമായ ഒരു അടുപ്പം ഉണ്ടാകുന്നു.വെര്‍ച്ച്വല്‍ ലോകത്തുള്ള ഒരു OS ആണ് താന്‍ എന്ന് ഓര്‍ക്കാതെ സമാന്ത- തിയോഡര്‍ ബന്ധം ബലപ്പെടുന്നു.അവര്‍ തമ്മില്‍ ശബ്ധങ്ങളിലൂടെ ശാരീരിക ബന്ധം പോലും ഉണ്ടാകുന്നു.സമാന്ത അയാളുടെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളില്‍ പോലും പങ്ക് ചേരുന്നു.

     അമി തിയോടരിന്റെ സുഹൃത്താണ്.അമി ഭര്‍ത്താവുമായി തെറ്റി പിരിയുന്നു.എന്നാല്‍ അവര്‍ക്കും ഒരു സുഹൃത്തിനെ  ലഭിക്കുന്നു.പിരിഞ്ഞു പോയ ഭര്‍ത്താവിന്‍റെ സ്ത്രീ ശബ്ദത്തില്‍ ഉള്ള Operating System .ലോകം പതുക്കെ പതുക്കെ ബന്ധങ്ങള്‍ തമ്മില്‍ ഉള്ള ആഴം കുറച്ച് ഒരു കമ്പ്യുട്ടറില്‍ ഒതുങ്ങി കൂടാന്‍ പോയിരുന്ന സമയം.OS ബന്ധം ഉള്ളവരുടെ എണ്ണം വളരെയധികം കൂടുന്നു .എന്നാല്‍ സമയത്തിന്‍റെ പാച്ചിലില്‍ മനുഷ്യനും യന്ത്രവുമായുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്നു.മനുഷ്യന്‍റെ ചിന്തകളില്‍ തങ്ങള്‍ക്കും പങ്കു വേണം എന്ന രീതിയില്‍ അവ മാറുന്നു.മനുഷ്യന്‍ ,മനുഷ്യനില്‍ നിന്നും എപ്പോള്‍ അകലുന്നുവോ അപ്പോള്‍ ഉണ്ടാകുന്ന ജീവിതത്തിലെ വിടവുകള്‍  ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നികത്താന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ക്ക് തീവ്രത കൂടുതല്‍ ആയിരിക്കും.നഷ്ടങ്ങളും. തിയോഡര്‍-സമാന്ത -അമി എന്നിവരുടെ ബന്ധങ്ങളില്‍ ഇത്തരത്തില്‍  ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് ബാക്കി ചിത്രം.

  സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ധാരാളം ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അതെല്ലാം കൂടുതലും ഒരു ആക്ഷന്‍ പശ്ചാത്തലത്തില്‍ ഉള്ളവ ആയിരുന്നു.എന്നാല്‍ ഇവിടെ ബന്ധങ്ങളുടെ രസങ്ങളും രസക്കേടുകളും കാല്‍പനികതയുടെ മേമ്പൊടി ചേര്‍ത്ത് പ്രണയത്തിന്റെ രീതിയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രം സമാന്ത ഒരു സ്സെനില്‍ പോലും മുഖം കാണിക്കുന്നില്ല.പകരം "മതിലുകള്‍" സിനിമയിലെ പോലെ ശബ്ദമായി മാത്രമാണ് അവതരിപ്പിക്കുന്നത്‌.സമാന്തയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സ്കാര്‍ലറ്റ് ജോന്സന്‍ ആണ്.തിയോഡര്‍ ആയി ജോക്വിന്‍ ഫീനിക്സും അമി ആയി അമി ആദംസും വേഷമിടുന്നു.

 കഴിഞ്ഞ വര്‍ഷത്തെ പുരസ്ക്കാര പട്ടികയില്‍ മിക്കതിലും ഇടം പിടിച്ചതായിരുന്നു ഈ ചിത്രം.ഈ വര്‍ഷം അഞ്ച് ഓസ്കാര്‍ നാമ നിര്‍ദേശങ്ങള്‍  ലഭിക്കുകയും ചെയ്തു.ഈ ചിത്രം പറയുന്നത് ഒരു സാധാരണ പ്രണയ കഥ അല്ല.തികച്ചും വ്യത്യസ്തമായ ,കൂടുതല്‍ മാനസികമായ അടുപ്പം തോന്നിക്കുന്ന ഒരു പ്രണയത്തെ കുറിച്ചാണ് .പ്രണയകഥകള്‍ ഇഷ്ടമില്ലാതിരുന്ന എനിക്ക് എന്നാല്‍ ഈ സിനിമയിലൂടെ ലഭിച്ചത് വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു.കഴിഞ്ഞ വര്‍ഷം അവസാനം ഇറങ്ങിയ ചിത്രങ്ങള്‍ കൂടുതല്‍ അത്ഭുതം ആവുകയാണ്.എല്ലാം ഒന്നിനോടൊന്ന് മികച്ചത്.മറ്റൊന്ന് കൂടി ഈ ചിത്രം കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ചത് എന്ന പുരസ്ക്കാരം ലഭിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല അത്രയ്ക്കും മനോഹരമാണ് ഇതിന്‍റെ സംഗീതവും തിരക്കഥയും സംവിധാനവും..നിലയ്ക്കാത്ത ഒരു കവിത പോലെ..ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8/10!!

 More reviews @ www.movieholicviews.blogspot.com


Tuesday, 28 January 2014

88.THE CURE(JAPANESE,1997)

88.THE CURE(JAPANESE,1997),|Psychological Thriller|Crime|,Dir:-Kiyoshi Kurosawa,*ing:-Masato HagiwaraKôji YakushoTsuyoshi Ujiki

   അസാധാരണമായ ഒരു വിഷയം അസാധാരണമായ രീതിയില്‍ അവതരിപ്പിക്കുകയാണ് "ദി ക്യൂര്‍" എന്ന ജാപനീസ് സിനിമ.മനസ്സിന്‍റെ ചിന്തകള്‍ പ്രാവര്‍ത്തികമാക്കുന്ന തലച്ചോറിന്‍റെ പ്രവര്‍ത്തനം തെറ്റ് ,ശരി എന്നിവയില്‍ നിന്നും വേര്‍തിരിച്ചുള്ള കാഴ്ചപ്പാടിലേക്ക് നയിക്കുന്നു.ചിലപ്പോഴൊക്കെ അത് കൈ മോശം വരുന്നവരില്‍ പിന്നീട് ജീവിതാന്ത്യം വരെ മനസ്സാക്ഷിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാതെ വരുകയും അതിന്‍റെ ഫലമായി ദുരനുഭവങ്ങള്‍ വരുകയും ചെയ്യും.ഒരു ജന സമൂഹത്തില്‍ ഇത്തരം ചിന്തകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.ചിന്തകള്‍ പ്രാവര്‍ത്തികമാക്കുന്ന തലച്ചോറ് എന്തെങ്കിലും ഒരു പ്രത്യേക വസ്തുവിനോട് അടിമപ്പെട്ടു പോവുകയും അതൊരു ലഹരിയായി ഒരാളെ നിയന്ത്രിക്കുകയും ചെയ്യുമ്പോള്‍ അവിടെ കുറ്റകൃത്യങ്ങള്‍ സംഭവിക്കും.ലഹരി പദാര്‍ത്ഥങ്ങള്‍ ചിലരില്‍ അത്തരമൊരു സ്വഭാവവിശേഷം ഉണ്ടാക്കുന്നു.അത് പോലെ തന്നെ മോശമായ ജീവിതാനുഭവങ്ങളും വികാരങ്ങളും ഒരാളെ ആ അവസ്ഥയില്‍ എത്തിക്കാന്‍ മാത്രം പര്യാപ്തമാണ്.എന്നാല്‍ ഇതില്‍ നിന്നുമെല്ലാം മാറി ചിന്തകളെ പ്രാപിക്കാന്‍ പറ്റിയ മറ്റൊരു ശക്തിയുണ്ടോ??അത്തരമൊരു ശക്തിയുടെ കഥയാണ് "ദി ക്യൂര്‍" എന്ന ചിത്രത്തിന് പറയാന്‍ ഉള്ളത്.

     ചിത്രം ആരംഭിക്കുന്നത് ഒരു കൊലപാതകത്തോടെ ആണ്.ഒരു സ്ത്രീ കൊല്ലപ്പെടുന്നു.അവരുടെ കഴുത്തില്‍ നിന്നും താഴേക്കു X എന്ന് അടയാളപ്പെടുത്തിയ രീതിയില്‍ ഉള്ള മുറിവില്‍ നിന്നും രക്തംവാര്‍ന്നു മരിക്കുന്നു.എന്നാല്‍ അന്വേഷണ സ്ഥലത്ത് നിന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ തകാബെയ്ക്ക് ഭയത്തോടെ ഒളിച്ചിരുന്ന കൊലപാതകിയെ കിട്ടുന്നു.കൊന്നത് താന്‍ ആണെന്ന് സമ്മതിക്കുന്ന അയാള്‍ എന്നാല്‍ അത് എന്തിനു വേണ്ടി ആണെന്ന് ഉള്ള കാരണം പറയാന്‍ കഴിയാതെ കുഴയുന്നു.എന്നാല്‍ ഇത്തരത്തില്‍ ഉള്ള  കൊലപാതകം പോലീസിന്റെ മുന്നില്‍ ആദ്യത്തേത് അല്ലായിരുന്നു .സമാനമായ രീതിയില്‍ നടന്ന കൊലപാതകങ്ങള്‍ വേറെയും ഉണ്ടായിരുന്നു.എല്ലാ കൊലപാതകങ്ങള്‍ക്കും സമാനതയും.കൊല്ലപ്പെട്ട ആളുടെ കഴുത്തില്‍ X എന്ന് അടയാളപ്പെടുത്തിയിരിക്കും.അത് പോലെ തന്നെ പ്രതിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ താന്‍ എന്തിന് അത് ചെയ്തു എന്നറിയാത്ത നിലയില്‍ കിട്ടുകയും ചെയ്യും.ഈ കേസുകളുടെ അന്വേഷണം തക്കാബെ എന്ന ഉദ്യോഗസ്ഥന്‍ ആണ് നടത്തുന്നത്.ഒരു സൈക്കോളജിക്കല്‍ ആയ സമീപനം ഇതില്‍ ഉണ്ടെന്നു കണ്ടെത്തുന്ന തക്കാബെ മനോശാസ്ത്ര വിദഗ്ദ്ധനായ സുഹൃത്ത്‌ സകുമയുടെ സഹായവും തേടുന്നു.മനോരോഗ  പ്രശ്നങ്ങള്‍ ഉള്ള ഭാര്യയും കൂടി ആയപ്പോള്‍ തക്കാബെയ്ക്ക് ഈ കൊലപാതകങ്ങള്‍  ദുസ്സഹം ആയി തോന്നി തുടങ്ങി .എന്നാല്‍ കൊലപാതകങ്ങള്‍ അവിടെ തീരുന്നില്ല .പിന്നീട് ഒരു അദ്ധ്യാപകന്‍ ,ഒരു പോലീസുകാരന്‍ ഒരു ഡോക്റ്റര്‍ എന്നിവര്‍ സമാനമായ രീതിയില്‍ കൊലപാതകത്തിന് ശേഷം പിടിയിലാകുന്നു.ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഇരകളും.എന്നാല്‍ പോലും കൊലപാതകത്തിന്റെ തൊട്ടു മുന്‍പ് കൊലയാളികള്‍ക്കെല്ലാം ഒരു അതിഥി ഉണ്ടാകും.തന്നെക്കുറിച്ച് ഒന്നും തന്നെ അറിയാത്ത ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്ന ഒരു അതിഥി .ഒരു ചോദ്യത്തിന് ഉത്തരം മറു ചോദ്യം ചോദിക്കുന്ന ആള്‍..ഈ കൊലപാതകങ്ങളെ സാധാരണ പരമ്പര കൊലപാതകങ്ങള്‍ പോലെ കാണുന്നതിന് പകരം അവയ്ക്ക് മറ്റൊരു ലക്‌ഷ്യം കൂടി ഉണ്ടാകും എന്ന് തക്കാബെ മനസ്സിലാക്കുന്നു.തക്കബെയുടെ അന്വേഷണം പ്രതിയെ കണ്ടെത്താന്‍ സാധിച്ചോ??പ്രതിയുടെ ഉദ്ദേശം എന്തായിരുന്നു?ഇതാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌ .

  ആദ്യം പറഞ്ഞത് പോലെ അവിശ്വസനീയമായ രീതിയില്‍ നടത്തുന്ന കൊലപാതകങ്ങളുടെ രീതിയില്‍ പോകുന്ന ഈ സംഭവങ്ങള്‍ പലപ്പോഴും ക്രൂരമായി മാറുന്നു.ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യയെ കൊലപ്പെടുത്തുന്ന അധ്യാപകന്‍.സഹപ്രവര്‍ത്തകനെ കൊല്ലപ്പെടുതുന്ന പോലീസുകാരന്‍.ഒരാളെ കഴുത്തിലൂടെ മുറിച്ച് കൊലപ്പെടുത്തുന്ന ഡോക്റ്റര്‍.ഇവരെല്ലാം ഒരു സമസ്യ ആയി മാറുന്നു. പരമ്പര കൊലയാളികളെ കുറിച്ചുള്ള സിനിമകളില്‍ നിന്നും ഈ ചിത്രം വ്യതാസപ്പെടുന്നത് ഇവിടെ ആണ്.മാനസിക തലത്തില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികളുടെ ഉറവിടം എന്താണ് എന്നുള്ള ചോദ്യങ്ങള്‍ ഈ സിനിമയെ കൂടുതല്‍ സങ്കീര്‍ണം ആക്കുന്നുണ്ട്‌.അത് പോലെ ഈ പ്രവര്‍ത്തികളില്‍ നിന്നും മാറി നില്‍ക്കാന്‍ ഉള്ള ആര്‍ജവം ഒരിക്കല്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് അടിമപ്പെട്ടു പോയാല്‍ എത്ര മാത്രം ക്രൂരമയിരിക്കും എന്നുള്ളതും.

  വ്യത്യസ്തമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് "ദി ക്യൂര്‍".മനസ്സിന്‍റെ നിയന്ത്രണം മറ്റൊന്നില്‍ ആകുമ്പോള്‍ നടക്കുന്ന ക്രൂരതകള്‍ ആണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം.ഈ ചിത്രം അവതരിപ്പിച്ച രീതിയും വളരെയധികം ബ്രില്ല്യന്റ് ആണെന്നെ പറയാന്‍ കഴിയൂ.വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു ഈ ചിത്രം.മനസ്സിന്‍റെ കളികള്‍ അവതരിപ്പിച്ച ഈ ചിത്രത്തിന് എന്‍റെ മാര്‍ക്ക് 7/10!!

  More reviews @ www.movieholicviews.blogspot.com

  

Monday, 27 January 2014

87.HIDE AND SEEK(KOREAN,2013)

87.HIDE AND SEEK(KOREAN,2013),|Thriller|,Dir:-Jung Huh,*ing:- Mi-seon JeonJung-Hee MoonHyeon-ju Son

 കൊറിയന്‍ സിനിമകളില്‍ ത്രില്ലര്‍ സിനിമകള്‍ എന്ന ശാഖയില്‍ വരുന്നവയെല്ലാം ആ വിഭാഗത്തോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട് .പലപ്പോഴും ഒരു കഥയുടെ ആരംഭത്തില്‍ പ്രേക്ഷകന്‍ ഒരു കഥയെക്കുറിച്ച് പ്രതീക്ഷിക്കുന്നതല്ല സിനിമയുടെ അവസാനം സംഭവിക്കുന്നത്‌.ത്രില്ലര്‍ സിനിമകള്‍ കണ്ടിട്ടുള്ളപ്പോള്‍  എല്ലാം തന്നെ ഈ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്.പലപ്പോഴും ഒരു ചിത്രത്തിന്‍റെ തുടക്കത്തിലെ രംഗങ്ങളില്‍ നിന്നും ആ സിനിമയുടെ അവസാന രംഗങ്ങളിലേക്ക് മനസ്സില്‍ ഒരു യാത്ര നടത്തിയാല്‍ പലപ്പോഴും വഴി തെറ്റാന്‍ ഇടയാകാറുണ്ട്.അത് കൊണ്ട് തന്നെ മറ്റു ഭാഷകളില്‍ കണ്ടു വരുന്ന സ്ഥിരം നായക സങ്കല്‍പ്പങ്ങള്‍ക്ക് ഇതില്‍ പ്രസക്തി ഇല്ലാത്തതും.നായക കഥാപാത്രങ്ങള്‍ക്ക് പകരം സിനിമയിലെ ഓരോ കഥാപാത്രത്തിനും ആ കഥയില്‍ ഉള്ള പങ്കിനെ നീതിപൂര്‍വം അവതരിപ്പിച്ച് അവസാന രംഗങ്ങളിലേക്ക് കൊണ്ട് പോവുക എന്നതാണ് പലപ്പോഴും അവരുടെ വിജയ സമവാക്ക്യം.അത്തരത്തില്‍ തുടക്കത്തില്‍ നമുക്ക് പറഞ്ഞു തരുന്ന കഥയില്‍ നിന്നും പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങളിലൂടെ മറൊരു കഥയിലേക്ക് മാറുന്ന ചിത്രമാണ്‌ "ഹൈഡ് ആന്‍ഡ് സീക്ക്".ആദ്യം തന്നെ പറയട്ടെ ഡി നീറോയുടെ 2005 ല്‍ ഇറങ്ങിയ ഇതേ പേരില്‍ ഉള്ള ചിത്രമായി ഇതിനു ബന്ധം ഒന്നുമില്ല.എന്നാല്‍ ചെറിയൊരു ബന്ധം മറ്റൊരു സിനിമയുമായി ഉണ്ട് താനും..ഒരു പരിധി വരെ മാത്രം.

   ചിത്രം ആരംഭിക്കുന്നത് രാത്രി തന്‍റെ താമസസ്ഥലത്തേക്ക് വരുന്ന ഒരു സ്ത്രീ.അവരെ  പിന്തുടര്‍ന്ന് വരുന്ന ഹെല്‍മറ്റ് വച്ച് മുഖം മറച്ച ഒരാള്‍ .ആ സ്ത്രീയുടെ മുന്നില്‍ അയാള്‍ ഒരു ശല്യക്കാരന്‍ ആണ്.മാത്രമല്ല അയാള്‍ അവരുടെ അടുത്ത മുറിയില്‍ ആണ് താമസിക്കുന്നതും .വീട്ടില്‍ കയറിയ അവര്‍ തന്‍റെ വീട്ടില്‍ ഉണ്ടായിരുന്ന വസ്ത്രത്തില്‍ കണ്ട മുടിയിഴകള്‍ കണ്ട് അയാള്‍ തന്‍റെ മുറിയില്‍ പ്രവേശിച്ചിട്ട് ഉണ്ടാകും എന്ന് കരുതി അയാളോട് അതിനെക്കുറിച്ച് ചോദിയ്ക്കാന്‍ പോകുന്നു.എന്നാല്‍ അല്‍പ്പസമയത്തിനു ശേഷം അവരെ കൊല്ലപ്പെട്ടതായി  കാണപ്പെടുന്നു.കൊല്ലുന്നത് ആ ഹെല്‍മറ്റ് ധരിച്ചയാളും ..

 അമിതമായ വൃത്തിയോടുള്ള അഭിനിവേശവും അണുക്കളെ അമിതമായി ഭയക്കുകയും ചെയ്യുന്ന വെര്‍മിനോഫോബിയ എന്ന അവസ്ഥയ്ക്ക് അടിമയാണ് സുംഗ് സൂ എന്ന ബിസിനസ്സുകാരന്‍.ഭാര്യയോടും രണ്ടു മക്കളോടും ഒപ്പം സമാധാനപരമായി ഒരു ആധുനിക സൌകര്യങ്ങള്‍ എല്ലാം ഉള്ള ഒരു അപ്പാര്‍ട്മെന്റില്‍ ആണ് അയാള്‍  താമസിക്കുന്നത്.ഒരു ദിവസം അയാളുടെ സഹോദരന്‍റെ താമസസ്ഥലത്ത്  നിന്നും അയാള്‍ക്ക്‌ ഒരു ഫോണ്‍  കോള്‍ വരുന്നു.അയാളെ കുറച്ചു ദിവസമായി കാണാന്‍ ഇല്ലന്നും അത് കൊണ്ട് അയാളുടെ സാധനങ്ങള്‍ എടുത്തു കൊണ്ട് പോകണം എന്നും ആവശ്യപ്പെട്ടായിരുന്നു ആ കോള്‍ .സൂംഗ് സൂ അടുത്ത ദിവസം തന്നെ ഭാര്യയും കുട്ടികളുമായി അവിടെ പോകുന്നു.തുറുമുഖം അടുത്തുള്ളത് കൊണ്ട് പലപ്പോഴും അനധികൃത താമസക്കാര്‍ വാടക കൊടുക്കാതെ പോകുന്നത് കൊണ്ടും ആളുകള്‍ അപ്രത്യക്ഷ്യമാകുന്നത് പതിവാണെന്ന് താമസ സ്ഥലത്തെ ആള്‍ പറയുന്നു.സഹോദരന്‍റെ മുറിയിലേക്ക് തന്‍റെ ഭാര്യയും കുട്ടികളെയും കാറില്‍ ഇരുത്തി പോയ സൂംഗ് സൂ ആ മുറി പരിശോധിക്കുന്നു.ആ സമയം അവിടെ ഉണ്ടായിരുന്ന ഒരാള്‍ കുട്ടികളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു.എന്നാല്‍ അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ അവരെ രക്ഷിക്കുന്നു.പിന്നീട് അവരുടെ വീട്ടിലേക്കു പോയ അവര്‍ ആ സ്ത്രീയുടെ പെരുമാറ്റത്തില്‍ നിന്നും സൂംഗ് സൂവിന്റെ സഹോദരന്‍ അവര്‍ക്ക് ഒരു ശല്യം ആയിരുന്നു എന്ന്‍ മനസിലാക്കുന്നു.അവിടെ ഓരോ വീടിന്‍റെ മുന്‍ വശത്തും ആ വീട്ടില്‍ ഉള്ള ആളുകളുടെ അംഗസംഖ്യ സൂചിപ്പിക്കുന്ന അടയാളങ്ങള്‍ സൂംഗ് സൂ കാണുന്നു.പിന്നീട് വീട്ടിലെത്തിയ സൂംഗ് സൂ തങ്ങളുടെ വീട്ടിലും സമാനമായ അടയാളങ്ങള്‍ കാണുന്നു.പിന്നീട് കുട്ടികളെ അപായപ്പെടുത്താന്‍ സൂംഗ് സൂവിന്റെ വാതില്‍പ്പടിയില്‍ ആ ഹെല്‍മറ്റ് ധരിച്ച ആള്‍ വരുന്നു.അയാള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്?സൂംഗ് സൂ തന്‍റെ കാണാതായ സഹോദരനെ സംശയിക്കുന്നു.കാരണം കല്ലതരത്തില്‍ പൊതിഞ്ഞ ഒരു ഭൂതകാലം തന്നെ വേട്ടയടുകയാണോ എന്ന്പി അയാള്‍ സംശയിച്ചു .എന്നാല്‍ പിന്നീട്  നടന്ന സംഭവങ്ങള്‍ അപ്രതീക്ഷിതമായിരുന്നു.ആരാണ് തങ്ങളെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നറിയാതെ കുറേ അപകടകരമായ ശ്രമങ്ങള്‍ അവര്‍ അതിജീവിക്കുന്നു.ആരാണ് അവരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത്.അതും ആദ്യം കാണിച്ച കൊലപാതകവും ആയുള്ള ബന്ധം ?ഇതിനെല്ലാം ഉള്ള ഉത്തരം ബാക്കി സിനിമ പറയും.

   ഹൈഡ് ആന്‍ഡ് സീക്ക് അഥവാ ഒളിക്കുക കണ്ടെത്തുക എന്ന പേരിനോട് തീര്‍ച്ചയായും നീതി പുലര്‍ത്താന്‍ ജുംഗ് ഹൂ എന്ന സംവിധായകന്‍റെ കഥയെഴുതിയുള്ള  ആദ്യ സംരംഭത്തിന് കഴിഞ്ഞിട്ടുണ്ട്.ഈ സിനിമ ഒരു കളിയാണ് .മറഞ്ഞിരിക്കുന്ന ആളെ കണ്ടെത്താന്‍ ഉള്ള ഒരു കളി.എഡിറ്റിംഗ് വിഭാഗം മികവു പുലര്‍ത്തിയെങ്കിലും ചില സ്ഥലങ്ങളില്‍ എഡിറ്റിംഗ് കൂടി പ്പോയോ എന്നൊരു സംശയം തോന്നി.ചില കാര്യങ്ങള്‍ക്ക് വ്യക്തത കുറവായിരുന്നു.പ്രത്യേകിച്ചും ഫ്ലാഷ്ബാക്ക് ഒക്കെ കാണിക്കുന്ന രംഗങ്ങളില്‍.എങ്കില്‍ പോലും ഒരു സാധാരണ സിനിമ എന്ന നിലയില്‍ നിന്നും ഈ ചിത്രം ഗിയര്‍ മാറ്റുന്ന സ്ഥലം മുതല്‍ ചിത്രം ഒരു മികച്ച ത്രില്ലര്‍ ആയി മാറുന്നുണ്ട്.അധികം ബഹളങ്ങള്‍ ഇല്ലാതെ ഇറങ്ങിയ ഈ ചിത്രം കഴിഞ്ഞ വര്‍ഷം  കൊറിയയില്‍ പണം വാരിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു .കുഴപ്പിച്ച ആ രംഗങ്ങള്‍ ഉണ്ടെങ്കില്‍ പോലും മൊത്തത്തില്‍ ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 7/10!! കൊറിയന്‍ ത്രില്ലര്‍  ചിത്രങ്ങളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും കാണാന്‍ ശ്രമിക്കാവുന്ന ഒരു ചിത്രം ...

  More reviews @ www.movieholicviews.blogspot.com 

     















Sunday, 26 January 2014

86.THE BOYS FROM BRAZIL (ENGLISH,1978)

86.THE BOYS FROM BRAZIL(ENGLISH,1978),,|Thriller|Sci-fi|Crime|,Dir:- Franklin J. Schaffner,*ing:-Gregory PeckLaurence OlivierJames Mason.

    നമുക്കിടയില്‍ ഭീതി പരത്തുന്ന ധാരാളം രഹസ്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന കഥകള്‍ ധാരാളം ഉണ്ട്.ലോകാവസാനം,യതി എന്നിവ  മുതല്‍ പാപത്തിന്‍റെ ശമ്പളമായി നരകത്തില്‍ ലഭിക്കാന്‍ പോകുന്ന ശിക്ഷകള്‍ വരെ അതില്‍ പെടുന്നു .ഇന്റര്‍നെറ്റ്‌ ജനകീയമായതോട് കൂടി ലോകത്തിലെ ഏറ്റവും വലിയ ജീവിച്ചിരുന്ന മനുഷ്യന്‍,ഏറ്റവും വലിയ പാമ്പ് എന്നിവ പോലുള്ള hoax ദിനംപ്രതി കൂടി വരുകയും ചെയ്തു.ചിലര്‍ അതെല്ലാം വിശ്വസിക്കാന്‍ ശ്രമിച്ചു.എന്നാല്‍ ചിലര്‍ അതിന്‍റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ നടത്തുകയും അവയെല്ലാം പൊള്ളത്തരം ആണെന്ന് സ്ഥാപിക്കുകയും ചെയ്തു .അത്തരത്തില്‍ എന്നെങ്കിലും ലോകത്തില്‍ നടക്കാന്‍ സാധ്യതയുള്ള ധാരാളം കാര്യങ്ങള്‍ പലപ്പോഴും ചര്‍ച്ച ആകാറുണ്ട് .ചിലതൊക്കെ എന്നെങ്കിലും നടന്നാല്‍ അത്  ലോകത്തിനുണ്ടാകുന്ന ഭീഷണി എത്ര മാത്രം ആണെന്ന് ഒരിക്കലും കണക്കുകൂട്ടി എടുക്കാന്‍ കഴിയാത്തത്ര ഭീകരവുമാണ് ."ദി ബോയ്സ് ഫ്രം ബ്രസില്‍" എന്ന ഇറ ലെവിന്റെ അതേ പേരുള്ള പുസ്തകത്തിന്‍റെ സിനിമാവിഷ്ക്കാരം ആണ് ഈ ചിത്രം.ഈ ചിത്രം ചര്‍ച്ച ചെയ്യുന്നതും മുന്‍ പറഞ്ഞത് പോലെ എന്നെങ്കിലും നടക്കും എന്ന് പലരും ഭയപ്പെടുന്ന ഒരു സംഭവത്തെ കുറിച്ചുള്ള കഥയാണ് മൂന്നു ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത്‌ .

   " തേര്‍ഡ് റീച് " എന്ന ജര്‍മന്‍ സംഘടനയിലെ അംഗങ്ങള്‍ പരാഗ്വേയില്‍ നടത്താന്‍ പോകുന്ന പ്രധാന ഒത്തു ചേരലിനെ  കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ ബാരി അതില്‍ അപകടം മണക്കുന്നു.ബാരി അവരുടെ രഹസ്യ ഒത്തുകൂടലിന്റെ പുറകെ സഞ്ചരിക്കുന്നു.നാസി കാലഘട്ടത്തിലെ പ്രശസ്തനായ ഡോക്റ്റര്‍ ജോസഫ്‌ മെഗലെയുടെ സാന്നിധ്യം ബാരിയില്‍ ഭീതി നിറയ്ക്കുന്നു.ബാരി ഈ വിവരം പ്രശസ്ത ജൂത വംശജനും നാസി ചിന്താഗതികള്‍ ഉന്മൂലനം ചെയ്യാന്‍ നടക്കുന്ന ലീബര്‍മാനെ അറിയിക്കുന്നു.എന്നാല്‍ ലീബര്‍മാന്‍ ,ബാരിയുടെ സംശയത്തിനു പ്രാധാന്യം നല്‍കുന്നില്ല.എന്നാല്‍ പോലും ബാരി തന്‍റെ ഉദ്യമത്തില്‍ നിന്നും മാറാന്‍ ശ്രമിക്കുന്നില്ല.ബാരി തന്‍റെ രീതിയില്‍ ഉള്ള അന്വേഷണവുമായി മുന്നോട്ടു പോകുന്നു.ബാരി അവരുടെ ഒത്തു ചേരല്‍ നടക്കുന്ന സ്ഥലത്ത് ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഉള്ള ഉപകരണം ഘടിപ്പിക്കുന്നു സാഹസികമായി.ബാരി അവിടെ നടക്കുന്ന സംഭാഷണങ്ങള്‍ കേള്‍ക്കുന്നു.ഒരു വന്‍ കൊലപാതക പരമ്പരയ്ക്ക് ഉള്ള പദ്ധതികള്‍ ആയിരുന്നു അവിടെ ജോസഫ് മെഗലെ അവിടെ അവതരിപ്പിച്ചത്.65 വയസ്സുള്ള സര്‍ക്കാര്‍ ജോലിയില്‍ ഉള്ള 94 ആളുകളെ പല രാജ്യങ്ങളിലായി വധിക്കാന്‍ ഉള്ള ഒരു വന്‍ പദ്ധതി ആയിരുന്നു അവിടെ അവതരിപ്പിക്കപ്പെട്ടത്.എന്നാല്‍ അതിന്‍റെ ലക്‌ഷ്യം അവരുടെ സംഭാഷണങ്ങളില്‍ നിന്നും ബാരിക്കു മനസ്സിലാകുന്നില്ല.ബാരി തനിക്കു ലഭിച്ച സംഭാഷണവുമായി തന്‍റെ ഹോട്ടല്‍ റൂമില്‍ നിന്നും ലീബര്‍മാനെ വിളിക്കുന്നു.എന്നാല്‍ തനിക്കു കിട്ടിയ വിവരങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിനു മുന്‍പ് തന്നെ ബാരി കൊല്ലപ്പെടുന്നു.ഫോണില്‍ കൂടി  ബാരിയുടെ ശബ്ദം അവസാനമായി കേട്ട ലീബര്‍മാന്‍ ആ രഹസ്യം തേടി പുറപ്പെടുന്നു.കാര്യമായി ഒന്നുമില്ല എന്ന് പറഞ്ഞു ലീബര്‍മാന്‍ തള്ളിക്കളഞ്ഞ സംഭവം എന്നാല്‍ ലോകം ഭീതിയോടെ പ്രതീക്ഷിച്ചിരുന്ന ഒരു സംഭവത്തിന്റെ സാക്ഷാത്കാരം നടക്കാന്‍ പോവുകയാണ് എന്ന് ഭീതിയോടെ മനസിലാക്കുന്നു.ലീബര്‍മാന്‍ ബാരിയുടെ സഹായത്തോടെ അറിഞ്ഞ ആ രഹസ്യം എന്താണ്??അന്ന് അവിടെ ഒത്തുകൂടിയവര്‍ നടത്താന്‍ പോകുന്ന കൊലപാതകങ്ങളുടെ ലക്‌ഷ്യം എന്ത്?ഇതാണ് ബാക്കി ഉള്ള സിനിമ അവതരിപ്പിക്കുന്നത്‌.

      ചരിത്ര താളുകളിലെ ഭീതിദായകമായ ഒരു കാലഘട്ടത്തിന്‍റെ പുനരവതരണം അതിന്‍റേതായ ഗൌരവതോട് കൂടി തന്നെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.വിദ്വേഷത്തിന്റെയും ജനനം കൊണ്ടുള്ള മേല്ക്കോയ്മയിലും അധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങള്‍ ലോകത്തില്‍ മൊത്തം പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഒരു കാലഘട്ടത്തിലെ പ്രവര്‍ത്തകര്‍ ഒത്തു കൂടുമ്പോള്‍ ഉള്ള വിഷയം ഒരിക്കലും തമാശ ആയിരിക്കില്ല എന്ന് തീര്‍ച്ചയാണ്.അത് കൊണ്ട് തന്നെ ഓരോ ഭാവത്തിലും നോട്ടത്തിലും ഉള്ള ഗാംഭീര്യം ജോസഫ് മെഗലെ ആയി വരുന്ന ഗ്രിഗറി പെക്ക് എന്ന വിശ്രുത നടന്‍ യഥാര്‍ത്ഥം എന്ന രീതിയില്‍ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.ഗംഭീരം എന്ന് മാത്രമേ അതിനെക്കുറിച്ച് പറയാനുള്ളൂ.മറ്റൊരു വിശ്രുത നടനായ ലോറന്‍സ് ഒലിവര്‍ അവതരിപ്പിച്ച ലീബര്‍മാനും മെഗലയുടെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന അഭിനയം ആണ് കാഴ്ച വച്ചിട്ടുള്ളത്.ശരിക്കും ഇവര്‍ തമ്മില്‍ ഉള്ള മത്സരിച്ചുള്ള അഭിനയം ആണ് ഈ ചിത്രത്തിന്‍റെ പ്രധാന ഭാഗം എന്ന് പറയാവുന്നത് .ക്ലൈമാക്സ് രംഗങ്ങളില്‍ അവര്‍ രണ്ടു പേരുടെയും ആരാണ് മികച്ചതെന്ന് നമ്മോട് ചോദിക്കുന്നത് പോലെ ഉള്ള മത്സരം ആണ് നടന്നത്.

  കുട്ടിക്കാലത്തും പിന്നീട് മുതിര്‍ന്നപ്പോഴും പലപ്പോഴും പലയിടത്തായി വായിച്ചിട്ടുള്ള ഒരു സംഭവം സിനിമയായി കണ്ടപ്പോള്‍ ഉള്ള കൌതുകം ഒരു സുഹൃത്തിന്‍റെ നിര്‍ദേശപ്രകാരം ഈ സിനിമ കണ്ട എന്നെ കൊണ്ടെത്തിച്ചത് എനിക്കിഷ്ടപ്പെട്ട രീതിയില്‍ ഉള്ള ഒരു സിനിമയിലേക്കായിരുന്നു.പലതരം കോണ്‍സ്പിരസി സിദ്ധാന്തങ്ങളില്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന ഒരു നല്ല ത്രില്ലര്‍ ആണ് ഈ ചിത്രം.ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 7.5/10!!

   More reviews @www.movieholicviews.blogspot.com

Thursday, 23 January 2014

85.12 YEARS A SLAVE(ENGLISH,2013)

85.12 YEARS A SLAVE(ENGLISH,2013),|History|Drama|Biography|,Dir:-Steve McQueen,*ing:- Chiwetel EjioforMichael K. WilliamsMichael Fassbender,Brad Pitt,Benedict Cumberbatch.
         ചരിത്രത്തിന്‍റെ ഇരുണ്ട ഇടനാഴിയിലൂടെ പന്ത്രണ്ട് വര്‍ഷത്തെ സോളമന്റെ നരക ജീവിതം "
       കറുപ്പും വെളുപ്പും തമ്മിലുള്ള അന്തരം മനുഷ്യനെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പോലും അകറ്റി നിര്‍ത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള തൊലിയുടെ നിറം നോക്കി ഒരാളെ വിലയിരുത്തിയിരുന്ന ആ ചരിത്രം എത്ര മാത്രം ഭീകരം ആയിരിക്കണം?ആ ഭീകരതയുടെ വ്യാപ്തി ഒരു പരിധി വരെ വരച്ചു കാട്ടുന്നു ഈ ചിത്രം .സ്വതന്ത്രനായ മനുഷ്യന്‍ എന്നും അടിമയെന്നും മനുഷ്യരെ തരം തിരിച്ചിരുന്ന 1841 ല്‍ നടന്ന ഒരു സംഭവകഥ ആണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം .സോളമന്‍ നോര്‍തപ് സ്വതന്ത്രനായ മനുഷ്യനായിരുന്നു.ഭാര്യയും കുട്ടികളുമായി ജീവിച്ചിരുന്ന സോളമന്‍ ഒരു നല്ല വയലിന്‍ വായനക്കാരന്‍ കൂടിയായിരുന്നു.കറുത്ത വര്‍ഗക്കാരന്‍ ആയിരുന്നെങ്കിലും വിദ്യാസമ്പന്നനും സമൂഹത്തില്‍ മതിപ്പുമുള്ള ഒരു മനുഷ്യന്‍.വയലിന്‍ വായിക്കുന്നതിനായി നല്ല തുക നല്‍കാമെന്ന് സമ്മതിച്ച രണ്ടു പേരോടൊപ്പം യാത്ര തിരിച്ച സോളമന്‍ അപ്രതീക്ഷിതമായി അടിമ ചന്തയില്‍ വില്‍ക്കപ്പെടുന്നു.സോളമന്‍,താന്‍ സ്വതന്ത്രനായ മനുഷ്യന്‍ ആണെന്ന് പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല.തന്‍റെ ജീവിതം അപ്പാടെ മാറുന്നത് സോളമന്‍ ഭീതിയോടെ നോക്കി കണ്ടു.കച്ചവട ചന്തയില്‍ തനിക്കു ലഭിച്ച പുതിയ പേര് "പ്ലാട്സ്" സോളമനെ മറ്റൊരു മനുഷ്യനാക്കി.ഒരു അടിമ.അടിമത്വത്തിന്റെ വേദന അയാള്‍ ചുറ്റുമുള്ള മറ്റു മനുഷ്യരിലും തന്നില്‍ തന്നെയും  അനുഭവിച്ച് അറിയുന്നുണ്ട്.രക്ഷപ്പെടാന്‍ മാര്‍ഗം ഒന്നും ഇല്ലാതിരുന്ന പ്ലാട്സ് എന്ന അടിമ ,സോളമന്‍ എന്ന മനുഷ്യനെ മറന്ന് ഒരു അടിമയുടെ ജീവിതം ഏറ്റെടുത്തു.
    
     പ്ലാട്സിന്റെ ആദ്യ യജമാനന്‍ വില്ല്യം നല്ലൊരു മനുഷ്യനായിരുന്നു.അയാള്‍ പ്ലാട്സിന്റെ വയനിലുള്ള കഴിവും ജോലിയിലുള്ള ആത്മാര്‍ഥതയും കാരണം പ്ലാറ്സിനു ഒരു വയലിന്‍ സമ്മാനമായി നല്‍കുന്നു.എന്നാല്‍ ടിബിയട്സ് എന്ന പാട്സിന്റെ ജോലികളുടെ ചുമതലയുള്ള വംശീയ വിദ്വേഷത്തിനു പേരു കേട്ടയാള്‍ പ്ലാട്സിനെ ദ്രോഹിക്കാന്‍ തുടങ്ങുന്നു.കൊടിയ പീഡനങ്ങള്‍ പ്ലാറ്സിനു നേരെ നടക്കുന്നു.എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ മൂലം വില്ല്യം പ്ലാട്സിനെ വില്‍ക്കുന്നു.അതോടെ പ്ലാട്സ് കൂടുതല്‍ ദുരിതത്തിലായി.പുതിയ യജമാനന്‍ എഡ്വിന്‍ ക്രൂരനായ വംശീയ അധിക്ഷേപം നടത്തുന്ന ആളായിരുന്നു.അയാളുടെ പരുത്തി തോട്ടത്തില്‍ എല്ല് മുറിയെ പണിയെടുപ്പിക്കുകയും അയാളുടെ പീഡന മുറകള്‍ക്ക്‌ വിധേയമാവുകയും ചെയ്യുന്ന അടിമകള്‍ ആയിരുന്നു അവിടെ കൂടുതലും.കറുത്ത സുന്ദരിയായ അടിമ  പാട്സിയില്‍ ആസക്തനായ എഡ്വിന്‍ അവളെ ക്രൂരമായി പീഡിപ്പിക്കുന്നു.പീഡനങ്ങള്‍ സഹിക്കാതെ വരുമ്പോള്‍ തന്നെ കൊല്ലുവാനായി പപാട്സി ഒരിക്കല്‍ പ്ലാട്സിനോട് ആവശ്യപ്പെടുന്നു പോലും ഉണ്ട്.കൊടിയ ഭീകരതയ്ക്കൊടുവില്‍ പ്ലാട്സ് എന്ന സോളമനും ബാക്കി ഉള്ളവര്‍ക്കും എന്ത് സംഭവിക്കുന്നു എന്നുള്ളതാണ് ബാക്കി ചിത്രം.

    ക്രൂരമായ രംഗങ്ങളും അഭിനയവും എല്ലാം ചേര്‍ന്ന് ഈ ചിത്രത്തിന് നമ്മുടെ മുന്നില്‍ നടക്കുന്ന ജീവനുള്ള ജീവിതങ്ങള്‍ പോലെ ഉള്ള അനുഭവം നല്‍കുന്നുണ്ട്.യഥാര്‍ത്ഥ സംഭവങ്ങള്‍ ആയതിനാലും അതിന്‍റെ മൊത്തത്തില്‍ ഉള്ള സത്ത് പ്രേക്ഷകനില്‍ എത്തിക്കുവാന്‍ ഈ സിനിമയിലൂടെ സാധിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നി.തീരെ മുഷിപ്പിക്കാതെ..എങ്കിലും ക്രൂരരായ വെള്ളക്കാരോട് തോന്നുന്ന പകയും അടിമകളോട് തോന്നുന്ന അനുകമ്പയും എല്ലാം ഈ ചിത്രത്തിന്‍റെ മികവിന് സാക്ഷ്യങ്ങളാണ്.അത് കൊണ്ട് തന്നെ ആണ് ഈ വര്‍ഷം ഓസ്കാര്‍ സാധ്യതപ്പട്ടികയില്‍ ഉള്ള ഏറ്റവും അധികം നാമനിര്‍ദേശങ്ങള്‍ ഈ ചിത്രം നേടിയതും .മികച്ച നടന്‍,മികച്ച ചിത്രം,മികച്ച സഹ നടന്‍,മികച്ച സഹ നടി ,വസ്ത്രാലങ്കാരം,മികച്ച സംവിധായകന്‍ ,മികച്ച തിരക്കഥ,മികച്ച എഡിറ്റിംഗ്,മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവ ചേര്‍ത്ത് ഒമ്പത് നാമനിര്‍ദേശങ്ങള്‍ ലഭിച്ച ഈ ചിത്രം 2013 ലെ മികച്ച ചിത്രം ആണെന്ന് പറഞ്ഞാലും മോശം ആകില്ല.അത്രയ്ക്കും കാമ്പുള്ള ഒരു സിനിമയാണ് ഇത്.

    ലിയോനാര്‍ഡോ ഡി കാപ്രിയോ വീണ്ടും തന്‍റെ കന്നി ഒസ്കാറിനായി  കാത്തിരിക്കേണ്ടി വരും എന്നാണു തോന്നുന്നത് ..മത്സരിക്കുന്നത് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച മാത്യു മഖനേ (Dallas Buyers Club) പിന്നെ സോളമാനായും പാട്സ് ആയും ജീവിച്ച ഷിവറ്റല്‍ എജിയോഫോറിനോടും ആണ്.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8.5/10!!

More reviews @ www.movieholicviews.blogspot.com

    

Wednesday, 15 January 2014

84.THE WOLF OF WALL STREET(ENGLISH,2013)

83.THE WOLF OF WALL STREET(ENGLISH,2013),|Comedy|Crime|Biography|,Dir:-Martin Scorsese,*ing:-Leonardo Di Caprio,Jonah Hill,Margot Robie.

  കച്ചവടത്തിലെ പുതിയ തന്ത്രങ്ങളുമായി "The Wolf Of Wall Street"
  ഗോള്‍ഡന്‍ ഗ്ലോബിലെ മികച്ച അഭിനയത്തിനുള്ള പുരസ്ക്കാരം(കോമഡി/മ്യുസിക്കല്‍) വിഭാഗത്തില്‍  നേടിയ ഡി കാപ്രിയോ അഭിനയിച്ച ഈ ചിത്രം കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമാണെന്ന് പറയാം.അതിനു പ്രധാന കാരണം,എന്നും ഒത്തു ചേരുമ്പോള്‍  മികച്ച  ചിത്രങ്ങള്‍ മാത്രം  പ്രേക്ഷകന് നല്‍കിയ സ്കൊര്സേസേ-ഡി കാപ്രിയോ കൂട്ടുകെട്ടായിരുന്നു.ഇവര്‍ രണ്ടു പേരും ഒന്നിക്കുന്ന അഞ്ചാം ചിത്രം.പതിവായി എല്ലാ വര്‍ഷവും മികച്ച പ്രകടങ്ങളിലൂടെ നിരൂപക പ്രശംസ പിടിച്ചു പറ്റുന്ന ഡി കാപ്രിയോയില്‍ നിന്നും എന്നും അകന്നു നിന്നിട്ടുള്ളത് ഓസ്കാര്‍ പുരസ്കാരം ആണ്.ഇത്തവണയും ശക്തനായ ഒരു കഥാപാത്രവുമായി ഡി കാപ്രിയോ മത്സര രംഗത്തുണ്ട് .മാത്യു മക്കനേയും (Dallas Buyers Club) ഡി കാപ്രിയോയും തമ്മില്‍ ഉള്ള മത്സരം ഇത്തവണ കടുപ്പമേറിയത്‌ ആകാന്‍ ആണ് സാധ്യത കൂടുതല്‍ ."The Wolf Of Wall Street " വ്യത്യസ്തമായ ആശയങ്ങളിലൂടെ സമ്പത്തിന്റെ കൊടുമുടിയില്‍ എത്തിയ ജോര്‍ദാന്‍ ബെല്‍ഫോര്‍ട്ട്‌ എന്ന ആളുടെ ജീവിത കഥയെ ആസ്പദമാക്കി അയാള്‍ തന്നെ എഴുതിയ പുസ്തകത്തിനെ ആസ്പദമാക്കിയെടുത്ത ചിത്രമാണ്.

  ജോര്‍ദാന്‍ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്.ആദ്യമായി ലോകത്തിലെ സമ്പന്നരെ നിര്‍മ്മിക്കുന്ന വാള്‍ സ്ട്രീറ്റില്‍ എത്തിയ ജോര്‍ദാന്‍ ജീവിതത്തില്‍ സമ്പന്നതയിലൂടെ വിജയി ആകുവാന്‍ ഉള്ള വഴികള്‍ തന്‍റെ ബോസ്സ് ആയ മാര്‍ക്ക്‌ ഹന്ന(മാത്യു മഖനെ)യില്‍ നിന്നും പഠിക്കുന്നു.ഭാര്യയും കുട്ടികളും ഉള്ള ജോര്‍ദാന്‍ അയാളുടെ ജീവിത ശൈലി മാറ്റാന്‍ പറയുന്നു.സ്ത്രീകളും ,ലഹരിയും ആയിരിക്കണം ജീവിതത്തിന്‍റെ കാതല്‍ എന്നും എങ്കില്‍ ജീവിത വിജയം നേടാന്‍ എളുപ്പമാണെന്നും ജോര്‍ദാന്‍ മാര്‍ക്കില്‍ നിന്നും മനസ്സിലാകുന്നു.പിന്നീട് സ്റ്റോക്ക് ബ്രോക്കര്‍ ആയി മാറുന്ന ജോര്‍ദാന്‍ എന്നാല്‍ പെട്ടന്നുണ്ടായ ഓഹരി വിപണി തകര്‍ച്ചയില്‍ ജോലി നഷ്ട്ടപ്പെടുന്നു.എന്നാല്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചെറിയ ഓഹരികളില്‍ ലാഭം നേടുന്ന പെന്നി സട്ടോക്ക്സില്‍ തന്‍റെ പുതിയ ജീവിതം ആരംഭിക്കുന്നു .അവിടെ നിന്നും സമ്പാദിക്കാനുള്ള കുറുക്കു വഴികള്‍ ജോര്‍ദാന്‍ അഭ്യസിക്കുന്നു.ജോര്‍ദാന്റെ സംസാരിക്കാനുള്ള മിടുക്കും കാശിനോടുള്ള അഭിനിവേശവും അയാളെ ഇവിടെയും സമ്പന്നന്‍ ആക്കുന്നു.പിന്നീടു തന്‍റെ ഫ്ലാറ്റില്‍ താമസിക്കുന്ന ഡോണി (Jonaഹ Hill)യുമായി ചേര്‍ന്ന് സ്വന്തമായി ഓഹരി വിപണന കമ്പനി ആരംഭിക്കുന്നു.എന്നാല്‍ പതിവ് സാമ്പ്രദായിക രീതികളില്‍ നിന്നും വിഭിന്നമായി ജോര്‍ദാന്‍ തന്‍റെ കൂടെ കൂട്ടിയത് എന്തും വില്‍ക്കാന്‍ ചങ്കൂറ്റം ഉള്ള ,പ്രത്യേകിച്ചും മയക്കുമരുന്ന് വില്പ്പനക്കാരെ ആയിരുന്നു.ജോര്‍ദാന്റെ സംഭാഷണങ്ങള്‍ അത് കേള്‍ക്കുന്നവരെ കൂടി ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.അയാളെ കുറിച്ച് ഫോബ്സ് മാസികയില്‍ വന്ന ലേഖനം അയാള്‍ക്ക്‌ wolf എന്ന പേര് നല്‍കി.കുറുക്കന്റെ ബുദ്ധിയോടെ,തന്‍റെ കൂടെ നില്‍ക്കുന്നവരെയും സമ്പന്നരാക്കുന്ന ജോര്‍ദാന്‍ അത്ഭുതം പെട്ടന്ന് തന്നെ പ്രശസ്തിയുടെയും സമ്പന്നതയുടെയും കൊടുമുടില്‍ അവരെ എത്തി.അഞ്ചു വര്‍ഷത്തില്‍ ഉള്ള അതി ഭീമമായ വളര്‍ച്ച എന്നാല്‍ പല രീതിയില്‍ ഉള്ള സൂത്രപ്പണികളും ഉപയോഗിച്ചായിരുന്നു.ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ നിയുക്തനായ ഡെന്‍ ഹാം എന്നാല്‍ ജോര്‍ദാന്റെ പുറകെ ഉണ്ടായിരുന്നു പലപ്പോഴും.

  ജോര്‍ദാന്‍ വിഭാവനം ചെയ്തിരിക്കുന്ന പുതിയ കച്ചവട തന്ത്രങ്ങളില്‍ എന്നും പെണ്ണിനും ലഹരിക്കും തന്നെയായിരുന്നു പ്രാധാന്യം.സ്ട്രാടന്‍ ഒക്മോന്റ്റ് എന്ന ഓഹരി വിപണന കമ്പനിയുടെ പ്രധാന തന്ത്രം  തങ്ങള്‍ വിളിക്കുന്ന ആളുകളെ തങ്ങളുടെ ലാഭ കണക്കില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു.അവരുടെ ജോലിക്ക് ഉന്മേഷം നല്‍കാന്‍ ജോര്‍ദാന്‍ നല്‍കിയിരുന്നത് പെണ്ണും ലഹരിയും പണവും ആയിരുന്നു.എന്നാല്‍ ജീവിതത്തിലെ ചില തിരിച്ചടികള്‍ ജോര്‍ദാന്റെ ജീവിതം മാറ്റി മറിക്കുന്നു .ജോര്‍ദാന്‍ ആ പ്രശ്നങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടുമോ എന്ന് ബാക്കി ചിത്രം പറയും..

 മൂന്നു മണിക്കൂര്‍ ഉള്ള ഈ ചിത്രം ഒരു സിനിമ എന്നതിലുപരി പ്രത്യേക ഒരു രീതിയില്‍ ആണ് സ്കൊര്സേസേ  അവതരിപ്പിച്ചിരിക്കുന്നത് .സിനിമ മുഴുവന്‍ ജോര്‍ദാന്‍ അവതരിപ്പിക്കുന്ന ഒരു കഥ പോലെയാണ് അവതരണം.ലൈംഗികതയുടെ അതിപ്രസരണവും F വേര്‍ഡ്‌ ഏറ്റവും കൂടുതല്‍  ഉപയോഗിച്ച ചിത്രം എന്ന നിലയിലും ധാരാളം സ്ഥലങ്ങളില്‍ ഈ ചിത്രത്തിന് പ്രദര്‍ശനാനുമതി തടഞ്ഞിരുന്നു.ഡി കാപ്രിയോയുടെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാണ് ഇതിലെ ജോര്‍ദാന്‍.ചിത്രം ഏറെയും തമാശയുടെ അകമ്പടിയോടെ ആണ് സഞ്ചാരം എങ്കിലും ജോര്‍ദാന്റെ ജീവിതത്തില്‍ അയാള്‍ നേടുന്ന തിരിച്ചടികള്‍ ആകുന്ന സമയം അല്‍പ്പം ഗൌരവം ആകുന്നുണ്ട്.എങ്കിലും എല്ലാവര്‍ക്കും പ്രചോദനം നല്‍കി ജോര്‍ദാന്‍ നല്‍കുന്ന പ്രസംഗങ്ങള്‍ എല്ലാം തന്നെ ശരിക്കും കാണികള്‍ക്ക് ഒരു പ്രചോദനം നല്‍കുന്നുണ്ട്.അതാണ്‌ ആ കഥാപാത്രത്തിന്റെ വിജയവും.മാര്‍ഗത്തെക്കാളും ലക്ഷ്യത്തിനു പ്രാധാന്യം നല്‍കുന്ന ജോര്‍ദാന്റെ കഥ അവതരിപ്പിച്ചിരിക്കുന്ന ഈ സ്കൊര്സേസേ ചിത്രം അദ്ദേഹത്തിന്റെ നാല്‍പ്പത്തിയഞ്ചാം വര്‍ഷത്തിലെ സിനിമയാണ്.

 ഇത്തവണ എന്തായാലും വിഭിന്നങ്ങളായ കഥാപാത്രങ്ങള്‍ ഓസ്കാര്‍ പുരസ്ക്കാര വേദിയില്‍ തീപാറുമെന്ന് തീര്‍ച്ച.കഴിഞ്ഞ വര്‍ഷം ഇറങ്ങിയ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് "The Wolf Of Wall Street".ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 8/10!!

More reviews @ www.movieholicviews.blogspot.in

1995. Drop ( English, 2025)