Sunday 26 January 2014

86.THE BOYS FROM BRAZIL (ENGLISH,1978)

86.THE BOYS FROM BRAZIL(ENGLISH,1978),,|Thriller|Sci-fi|Crime|,Dir:- Franklin J. Schaffner,*ing:-Gregory PeckLaurence OlivierJames Mason.

    നമുക്കിടയില്‍ ഭീതി പരത്തുന്ന ധാരാളം രഹസ്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന കഥകള്‍ ധാരാളം ഉണ്ട്.ലോകാവസാനം,യതി എന്നിവ  മുതല്‍ പാപത്തിന്‍റെ ശമ്പളമായി നരകത്തില്‍ ലഭിക്കാന്‍ പോകുന്ന ശിക്ഷകള്‍ വരെ അതില്‍ പെടുന്നു .ഇന്റര്‍നെറ്റ്‌ ജനകീയമായതോട് കൂടി ലോകത്തിലെ ഏറ്റവും വലിയ ജീവിച്ചിരുന്ന മനുഷ്യന്‍,ഏറ്റവും വലിയ പാമ്പ് എന്നിവ പോലുള്ള hoax ദിനംപ്രതി കൂടി വരുകയും ചെയ്തു.ചിലര്‍ അതെല്ലാം വിശ്വസിക്കാന്‍ ശ്രമിച്ചു.എന്നാല്‍ ചിലര്‍ അതിന്‍റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ നടത്തുകയും അവയെല്ലാം പൊള്ളത്തരം ആണെന്ന് സ്ഥാപിക്കുകയും ചെയ്തു .അത്തരത്തില്‍ എന്നെങ്കിലും ലോകത്തില്‍ നടക്കാന്‍ സാധ്യതയുള്ള ധാരാളം കാര്യങ്ങള്‍ പലപ്പോഴും ചര്‍ച്ച ആകാറുണ്ട് .ചിലതൊക്കെ എന്നെങ്കിലും നടന്നാല്‍ അത്  ലോകത്തിനുണ്ടാകുന്ന ഭീഷണി എത്ര മാത്രം ആണെന്ന് ഒരിക്കലും കണക്കുകൂട്ടി എടുക്കാന്‍ കഴിയാത്തത്ര ഭീകരവുമാണ് ."ദി ബോയ്സ് ഫ്രം ബ്രസില്‍" എന്ന ഇറ ലെവിന്റെ അതേ പേരുള്ള പുസ്തകത്തിന്‍റെ സിനിമാവിഷ്ക്കാരം ആണ് ഈ ചിത്രം.ഈ ചിത്രം ചര്‍ച്ച ചെയ്യുന്നതും മുന്‍ പറഞ്ഞത് പോലെ എന്നെങ്കിലും നടക്കും എന്ന് പലരും ഭയപ്പെടുന്ന ഒരു സംഭവത്തെ കുറിച്ചുള്ള കഥയാണ് മൂന്നു ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത്‌ .

   " തേര്‍ഡ് റീച് " എന്ന ജര്‍മന്‍ സംഘടനയിലെ അംഗങ്ങള്‍ പരാഗ്വേയില്‍ നടത്താന്‍ പോകുന്ന പ്രധാന ഒത്തു ചേരലിനെ  കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ ബാരി അതില്‍ അപകടം മണക്കുന്നു.ബാരി അവരുടെ രഹസ്യ ഒത്തുകൂടലിന്റെ പുറകെ സഞ്ചരിക്കുന്നു.നാസി കാലഘട്ടത്തിലെ പ്രശസ്തനായ ഡോക്റ്റര്‍ ജോസഫ്‌ മെഗലെയുടെ സാന്നിധ്യം ബാരിയില്‍ ഭീതി നിറയ്ക്കുന്നു.ബാരി ഈ വിവരം പ്രശസ്ത ജൂത വംശജനും നാസി ചിന്താഗതികള്‍ ഉന്മൂലനം ചെയ്യാന്‍ നടക്കുന്ന ലീബര്‍മാനെ അറിയിക്കുന്നു.എന്നാല്‍ ലീബര്‍മാന്‍ ,ബാരിയുടെ സംശയത്തിനു പ്രാധാന്യം നല്‍കുന്നില്ല.എന്നാല്‍ പോലും ബാരി തന്‍റെ ഉദ്യമത്തില്‍ നിന്നും മാറാന്‍ ശ്രമിക്കുന്നില്ല.ബാരി തന്‍റെ രീതിയില്‍ ഉള്ള അന്വേഷണവുമായി മുന്നോട്ടു പോകുന്നു.ബാരി അവരുടെ ഒത്തു ചേരല്‍ നടക്കുന്ന സ്ഥലത്ത് ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഉള്ള ഉപകരണം ഘടിപ്പിക്കുന്നു സാഹസികമായി.ബാരി അവിടെ നടക്കുന്ന സംഭാഷണങ്ങള്‍ കേള്‍ക്കുന്നു.ഒരു വന്‍ കൊലപാതക പരമ്പരയ്ക്ക് ഉള്ള പദ്ധതികള്‍ ആയിരുന്നു അവിടെ ജോസഫ് മെഗലെ അവിടെ അവതരിപ്പിച്ചത്.65 വയസ്സുള്ള സര്‍ക്കാര്‍ ജോലിയില്‍ ഉള്ള 94 ആളുകളെ പല രാജ്യങ്ങളിലായി വധിക്കാന്‍ ഉള്ള ഒരു വന്‍ പദ്ധതി ആയിരുന്നു അവിടെ അവതരിപ്പിക്കപ്പെട്ടത്.എന്നാല്‍ അതിന്‍റെ ലക്‌ഷ്യം അവരുടെ സംഭാഷണങ്ങളില്‍ നിന്നും ബാരിക്കു മനസ്സിലാകുന്നില്ല.ബാരി തനിക്കു ലഭിച്ച സംഭാഷണവുമായി തന്‍റെ ഹോട്ടല്‍ റൂമില്‍ നിന്നും ലീബര്‍മാനെ വിളിക്കുന്നു.എന്നാല്‍ തനിക്കു കിട്ടിയ വിവരങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിനു മുന്‍പ് തന്നെ ബാരി കൊല്ലപ്പെടുന്നു.ഫോണില്‍ കൂടി  ബാരിയുടെ ശബ്ദം അവസാനമായി കേട്ട ലീബര്‍മാന്‍ ആ രഹസ്യം തേടി പുറപ്പെടുന്നു.കാര്യമായി ഒന്നുമില്ല എന്ന് പറഞ്ഞു ലീബര്‍മാന്‍ തള്ളിക്കളഞ്ഞ സംഭവം എന്നാല്‍ ലോകം ഭീതിയോടെ പ്രതീക്ഷിച്ചിരുന്ന ഒരു സംഭവത്തിന്റെ സാക്ഷാത്കാരം നടക്കാന്‍ പോവുകയാണ് എന്ന് ഭീതിയോടെ മനസിലാക്കുന്നു.ലീബര്‍മാന്‍ ബാരിയുടെ സഹായത്തോടെ അറിഞ്ഞ ആ രഹസ്യം എന്താണ്??അന്ന് അവിടെ ഒത്തുകൂടിയവര്‍ നടത്താന്‍ പോകുന്ന കൊലപാതകങ്ങളുടെ ലക്‌ഷ്യം എന്ത്?ഇതാണ് ബാക്കി ഉള്ള സിനിമ അവതരിപ്പിക്കുന്നത്‌.

      ചരിത്ര താളുകളിലെ ഭീതിദായകമായ ഒരു കാലഘട്ടത്തിന്‍റെ പുനരവതരണം അതിന്‍റേതായ ഗൌരവതോട് കൂടി തന്നെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.വിദ്വേഷത്തിന്റെയും ജനനം കൊണ്ടുള്ള മേല്ക്കോയ്മയിലും അധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങള്‍ ലോകത്തില്‍ മൊത്തം പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഒരു കാലഘട്ടത്തിലെ പ്രവര്‍ത്തകര്‍ ഒത്തു കൂടുമ്പോള്‍ ഉള്ള വിഷയം ഒരിക്കലും തമാശ ആയിരിക്കില്ല എന്ന് തീര്‍ച്ചയാണ്.അത് കൊണ്ട് തന്നെ ഓരോ ഭാവത്തിലും നോട്ടത്തിലും ഉള്ള ഗാംഭീര്യം ജോസഫ് മെഗലെ ആയി വരുന്ന ഗ്രിഗറി പെക്ക് എന്ന വിശ്രുത നടന്‍ യഥാര്‍ത്ഥം എന്ന രീതിയില്‍ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.ഗംഭീരം എന്ന് മാത്രമേ അതിനെക്കുറിച്ച് പറയാനുള്ളൂ.മറ്റൊരു വിശ്രുത നടനായ ലോറന്‍സ് ഒലിവര്‍ അവതരിപ്പിച്ച ലീബര്‍മാനും മെഗലയുടെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന അഭിനയം ആണ് കാഴ്ച വച്ചിട്ടുള്ളത്.ശരിക്കും ഇവര്‍ തമ്മില്‍ ഉള്ള മത്സരിച്ചുള്ള അഭിനയം ആണ് ഈ ചിത്രത്തിന്‍റെ പ്രധാന ഭാഗം എന്ന് പറയാവുന്നത് .ക്ലൈമാക്സ് രംഗങ്ങളില്‍ അവര്‍ രണ്ടു പേരുടെയും ആരാണ് മികച്ചതെന്ന് നമ്മോട് ചോദിക്കുന്നത് പോലെ ഉള്ള മത്സരം ആണ് നടന്നത്.

  കുട്ടിക്കാലത്തും പിന്നീട് മുതിര്‍ന്നപ്പോഴും പലപ്പോഴും പലയിടത്തായി വായിച്ചിട്ടുള്ള ഒരു സംഭവം സിനിമയായി കണ്ടപ്പോള്‍ ഉള്ള കൌതുകം ഒരു സുഹൃത്തിന്‍റെ നിര്‍ദേശപ്രകാരം ഈ സിനിമ കണ്ട എന്നെ കൊണ്ടെത്തിച്ചത് എനിക്കിഷ്ടപ്പെട്ട രീതിയില്‍ ഉള്ള ഒരു സിനിമയിലേക്കായിരുന്നു.പലതരം കോണ്‍സ്പിരസി സിദ്ധാന്തങ്ങളില്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന ഒരു നല്ല ത്രില്ലര്‍ ആണ് ഈ ചിത്രം.ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 7.5/10!!

   More reviews @www.movieholicviews.blogspot.com

No comments:

Post a Comment

1823. Persumed Innocent (English, 1990)