1754. 12th Fail (Hindi, 2023)
Streaming on Hostar
⭐⭐⭐⭐½ /5
ജീവിതത്തിൽ തോൽക്കുമ്പോൾ മുന്നോട്ടു പോകാനുള്ള ഊർജം എവിടെ നിന്നാകും ലഭിക്കുക? പലർക്കും പല കാര്യങ്ങളും മുന്നിൽ വരും. വിജയിക്കാനുള്ള പ്രചോദനം Restart എന്നാണെങ്കിലോ? അതായത്,നേരിട്ട തോൽവിയെ കുറിച്ച് ഭയക്കാതെ ശ്രമങ്ങൾ വീണ്ടും ശൂന്യതയിൽ നിന്നും തുടങ്ങുക എന്ന സമീപനം.
അനുരാഗ് പതക്കിന്റെ ശ്രദ്ധേയമായ non- ഫിക്ഷൻ പുസ്തകത്തെ ആസ്പദം ആക്കി അവതരിപ്പിച്ച 12th Fail ഈ വർഷത്തെ ഇന്ത്യൻ ചിത്രങ്ങളിൽ മികച്ചത് എന്ന് നിരൂപകർ വാഴ്ത്തിയ ചിത്രമാണ്. കുപ്രസിദ്ധിയാർജിച്ച ചമ്പലിൽ നിന്നും വരുന്ന മനോജ് കുമാർ ശർമ എന്ന യുവാവിന്റെ കഥയാണ് 12th Fail പറയുന്നത്. പരീക്ഷയിൽ കോപ്പി അടിച്ചിട്ടാണെങ്കിലും ജയിക്കാൻ പറയുന്ന അധ്യാപകർ പഠിപ്പിക്കുന്ന സ്കൂളിൽ നിന്നും ജയം നേടേണ്ടത് അങ്ങനെ അല്ല എന്ന് മനോജ് കുമാർ മനസ്സിലാകുന്നിടത്തു നിന്നും ആണ് അയാളുടെ ജീവിതം യൂ പി എസ് സി പരീക്ഷയിലൂടെ ഐ പി എസ് എന്ന മോഹത്തിലേക്കു എത്തിക്കുന്നത്.
അയാൾ അതിലേക്കു എത്തി ചേരുവാൻ നിമിത്തം ആയവർ ധാരാളം ഉണ്ടായിരുന്നിരിക്കാം. എന്നാൽ സ്വന്തം ജീവിതത്തിലൂടെ ആർജിച്ച ഒരു ശക്തി ഉണ്ടായിരുന്നു അയാൾക്ക്. ചെറിയ ചെറിയ കാര്യങ്ങളിലൂടെ സ്വന്തം നാടിനെ നന്നാക്കണം എന്ന ദൃഢ നിശ്ചയം. ഒരു പക്ഷെ ഐ പി എസ് ആയില്ലെങ്കിലും അത് നടത്താൻ വേറെ വഴികൾ ഉണ്ടെന്നു ചിന്തിച്ച അയാളുടെ മനസ്സിന്റെ ശക്തി മാത്രം മതി അത്തരം ഒരു കഥാപാത്രത്തെ പ്രേക്ഷകന് ഇഷ്ടപ്പെടാൻ.
ഒരു പക്ഷെ താഴെക്കിടയിൽ നിന്നും പൊങ്ങി വരുന്ന കഥാപാത്രങ്ങൾ സിനിമയിൽ ക്ളീഷേ ആയിരിക്കാം. യഥാർത്ഥ സംഭവങ്ങൾ ആസ്പദം ആക്കി വരുന്ന ചിത്രങ്ങളിൽ പലതിലും കാണുന്ന ആത്മാർത്ഥത ഇതിലും ഉണ്ട്. പ്രേക്ഷകനെ വിക്രാന്ത് മാസേ അവതരിപ്പിച്ച മനോജിലേക്ക് കണക്റ്റ് ചെയ്യുന്നത് അയാൾ പഠനത്തോടൊപ്പം ജീവിക്കാൻ നടത്തിയ ശ്രമങ്ങളും ആണ്.
ക്ലാസിക് ഓൾഡ് സർവൈവൽ സ്റ്റോറി എന്ന് വിളിക്കാം അതിനെ. ഒരു പക്ഷെ ഇന്ത്യയിൽ അനേകം കോടി ജനങ്ങൾക്ക് ഇടയിൽ നിന്നും ഇത്തരത്തിൽ രാകി മിനുക്കി എടുത്ത രത്നങ്ങൾ ആകും പലരും . ഒരു പക്ഷെ വിധു വിനോദ് ചോപ്ര ഇവ കഥാപാത്രത്തെ സാധാരണക്കാരിൽ സാധാരണക്കാരൻ ആയി അവതരിപ്പിച്ചപ്പോഴും അയാളുടെ ജീവിതത്തിലെ ഇത്തരം ഒരു ഘട്ടം വിശ്വസനീയം ആയ രീതിയിൽ പകർത്തിയിട്ടുണ്ട് സ്‌ക്രീനിൽ.
ഇടയ്ക്കൊക്കെ കണ്ണ് നനയിച്ച മികച്ച ഒരു മോട്ടിവേഷണൽ ചിത്രം ആണ് 12th Fail. കണ്ടു തീർന്നപ്പോൾ നല്ല സന്തോഷം ആണ് തോന്നിയത്. സിനിമയുടെ തുടക്കം ഭാഗത്തിൽ വിക്രമാദിത്യൻ എന്ന മലയാള സിനിമയിൽ നിവിൻ പോളി ദുൽക്കറിനെ കണ്ടു മുട്ടുന്നത് പോലെ ഒക്കെ തോന്നിയെങ്കിലും ഇതിൽ മനോജിന്റെ ജീവിതം അത്ര എളുപ്പം അല്ലായിരുന്നു. അയാളുടെ പ്രതികാരവും അങ്ങനെ അല്ലായിരുന്നു.
ഒരു പക്ഷെ ഇത്തരത്തിൽ ഉള്ള മനോജുമാർ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണുമായിരിക്കും. അവരുടെ ചിന്തകളിലൂടെ ലോകത്തിൽ പല സ്ഥലങ്ങളും നന്നാകുന്നും ഉണ്ടായിരിക്കാം.
No comments:
Post a Comment